ദൈവം വളരെ കൂളായ് പറഞ്ഞു, ‘എടാ, ആദമേ, എടീ ആദാമിന്റെ വാരിയെല്ലേ, അനുസരണശീലമില്ലായ്മ ഞാന്‍ ഒരു പരിധിവരെ സഹിച്ചേനെ.. പക്ഷെ നീ ചെയ്തതെന്താ, ആപ്പിള് തിന്നൂന്ന് മാത്രല്ലാ, അത് പാമ്പ് പറഞ്ഞിട്ടാ തിന്നതെന്നും പറഞ്ഞു. എടാ, കോപ്പേ, നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് ഞാന്‍ സൃഷ്ടിച്ചതാണ് പാമ്പിനെ. അതിന് സംസാരശേഷി ഞാനായിട്ട് നല്കിയിട്ടില്ല. അങ്ങനെയുള്ള പാമ്പ് നിന്നെ ആപ്പിള് തിന്നാന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാൽ ഞാനത് തൊണ്ട തൊടാതെ വിഴുങ്ങണം അല്ലേടാ, നൊ ഫൂളാക്കിംഗ്, ന ഉല്ലു ബനാവി അഥവാ നീയൊന്നും എന്നെ ആക്കരുത് ട്ടാ’!!!!
Saturday, June 28, 2014
‘നൊ ഫൂളാക്കിംഗ്’, ‘ന ഉല്ലു ബനാവി’ അഥവാ ‘ആക്കരുത്’!
ദൈവം വളരെ കൂളായ് പറഞ്ഞു, ‘എടാ, ആദമേ, എടീ ആദാമിന്റെ വാരിയെല്ലേ, അനുസരണശീലമില്ലായ്മ ഞാന്‍ ഒരു പരിധിവരെ സഹിച്ചേനെ.. പക്ഷെ നീ ചെയ്തതെന്താ, ആപ്പിള് തിന്നൂന്ന് മാത്രല്ലാ, അത് പാമ്പ് പറഞ്ഞിട്ടാ തിന്നതെന്നും പറഞ്ഞു. എടാ, കോപ്പേ, നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് ഞാന്‍ സൃഷ്ടിച്ചതാണ് പാമ്പിനെ. അതിന് സംസാരശേഷി ഞാനായിട്ട് നല്കിയിട്ടില്ല. അങ്ങനെയുള്ള പാമ്പ് നിന്നെ ആപ്പിള് തിന്നാന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാൽ ഞാനത് തൊണ്ട തൊടാതെ വിഴുങ്ങണം അല്ലേടാ, നൊ ഫൂളാക്കിംഗ്, ന ഉല്ലു ബനാവി അഥവാ നീയൊന്നും എന്നെ ആക്കരുത് ട്ടാ’!!!!
Monday, March 03, 2014
ക്ഷമ ശീലമാക്കിയപ്പോള്‍
പക്ഷെ കുറച്ചുനാളുകളായി കോയിന്ദന്‍ ആല്‍ത്തറയിലെത്താറില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാറുമില്ല. പിണങ്ങാന്‍ വല്ല കാരണമുണ്ടായോ എന്നൊക്കെ ചിന്തിച്ചു ഞങ്ങള്‍ തലപുകച്ചു. എന്തോ അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകളെ കാണാന്‍ പഴയതുപോലെ സൌന്ദര്യം തോന്നിയില്ല. എല്ലാത്തിനും കാരണം നിന്‍റെ അമിതമായ രാഷ്ട്രീയ ചായ് വാണെന്ന് ഞാന്‍ രാജുവിനെ കുറ്റപ്പെടുത്തി. അപ്പോഴാണ് കോയിന്ദന്‍ ആല്‍ത്തറയിലേക്ക് മെല്ലെ മെല്ലെ നടന്നുവരുന്നത് കണ്ടത്. അടുത്തെത്തിയതും ഞാന്‍ ചോദിച്ചു, എന്തുപറ്റി, ഞാനെത്ര തവണ വിളിച്ചു, നീയില്ലാത്തതുകൊണ്ട് ഒരാളെ പോലും കളിയാക്കാനും ചിരിക്കാനും തോന്നിയില്ല. ഒരു ദിവസം ആരെയെങ്കിലും കളിയാക്കാതെ കിടന്നുറങ്ങുക എന്നുവെച്ചാല്‍ അത് അനുഭവിച്ചവര്‍ക്ക് തന്നെ അതിന്‍റെ വെഷമം അറിയൂ...
അതുകേട്ട് കോയിന്ദന്‍ പറഞ്ഞു, എടോ, ജീവിതം വളരെ ഹ്രസ്വമാണ്. അതിനിടയില്‍ കഴിയുന്നതും ആരെയും വേദനിപ്പിക്കാതെ ജീവിക്കണം. നമ്മള്‍ പരിഹസിക്കുന്നവര്‍ എന്തായാലും നമ്മളേക്കാള്‍ നല്ലവരാണ്. ഞാനൊരുപാട് ആലോചിച്ചു, നമ്മളിവിടെ നേരമ്പോക്കു പറഞ്ഞിരിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ കളിയ്ക്കാനാരുമില്ലാതെ തളര്‍ന്ന് കിടക്കുകയാണ്. നമുക്ക് ആ സമയം വായിക്കാം, എഴുതാം, കുടുംബത്തോടൊപ്പം ചെലവഴിക്കാം. ആരെയും കഴിയുന്നതും പരിഹസിക്കാതിരിക്കാം. അതുപോലെ മറ്റുള്ളവരുടെ പരിഹാസമൊക്കെ നമുക്ക് ക്ഷമിയ്ക്കാന്‍ കഴിയണം. ക്ഷമ ബലമാക്കി ജീവിക്കുക. ജീവിതം മനോഹരമാവും.
രാജുവിന് ചിരിപൊട്ടി... ഞാനും അവനോടൊപ്പം ചേര്‍ന്ന് ഒന്നു ചിരിച്ചുവെന്ന് തോന്നി. കോയിന്ദന്‍ അതുകണ്ട് മന്ദഹസിച്ചു. രാജു കോയിന്ദന്‍ കാണ്‍കെ എന്നെ ഞോണ്ടി. അതു കണ്ട് അവന്‍ വീണ്ടും പുഞ്ചിരിച്ചു. അപ്പോള്‍ രാജു പറഞ്ഞു, കോയിന്ദാ, നീയെന്താ ആള്‍ദൈവമാകാനുള്ള പരിപാടിയാണോ? അതുകേട്ട് ആല്‍ത്തറയില്‍ നിന്ന് ചാടിയെഴുന്നേറ്റവന്‍ അലറി. ആള്‍ദൈവം നിന്‍റെ തന്ത, തന്ത, തന്ത, തന്ത.....
കോയിന്ദന്‍ തിടുക്കത്തില്‍ നടന്നു. രാജു തരിച്ചിരുന്നു, ഞാന്‍ അവനോട് പറഞ്ഞു, 'ക്ഷമ ബലമാക്കി ജീവിക്കുക, ജീവിതം മനോഹരമാവും'
Friday, January 25, 2008
ഓരോരെ പേരോളെ, ഒക്കെ ഒന്നന്നെ!
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ലക്കങ്ങളെല്ലാം തപ്പിയെടുത്ത് കലാമണ്ഡലം ഗോപിയുടെ ‘ഓര്‍മ്മയിലെ പച്ചകള്‍’ എന്ന പരമ്പര വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരോ ഗേറ്റിന്റെ കൊളുത്ത് തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോള്‍ കുമാരേട്ടനാണ്. എഴുന്നേറ്റ് ഓടാനാണ് ആദ്യം തോന്നിയത്. പക്ഷെ ഇനി രക്ഷയില്ല. റോട്ടില്‍ കൂടി പോകുമ്പോള്‍ ഞാനിവിടെ ഇരിക്കുന്നത് കണ്ടീട്ടാവും ഇങ്ങോട്ട് കയറിയത്. പണ്ട് പറമ്പില്‍ കിളക്കാനും, തേങ്ങ പൊതിക്കാനുമൊക്കെ വന്നിരുന്ന ആളാണ്. ഇപ്പോള്‍ പ്രായം 65 ലും 70 ലും ഇടയില്‍ ഏതെങ്കിലും ഒരു സംഖ്യയായിരിക്കണം. പണിയെടുത്തിരുന്ന അന്നും സ്വന്തം ആര്‍ഭാടങ്ങളൊക്കെ കഴിഞ്ഞ് മിച്ചം വല്ലതും ഉണ്ടെങ്കിലേ വീട്ടില്‍ കൊടുത്തിരുന്നുള്ളു. അടുപ്പ് പുകയണമെങ്കില്‍ മറ്റു വല്ലവരും പണിയെടുക്കണം എന്ന നില വന്നപ്പോള്‍ ആണ്‍കുട്ടികള്‍ രണ്ടും പഠിപ്പ് നിര്‍ത്തി പല പണിക്കും പോയി. അതുകൊണ്ട് എല്ലാവരും മൂന്നുനേരം ഭക്ഷണം കഴിച്ച് ജീവിച്ചു. കുമാരേട്ടന്റെ ആഹ്ലാദം പതിവില്‍ കൂടുകയും ചെയ്തു. എന്തെങ്കിലും കൊടുത്താല്‍ പുള്ളി സ്ഥലം വിടുമെങ്കിലും അതൊരു ശീലമാക്കുന്നതിലൊന്നും കുമാരേട്ടന് ഒട്ടും ലജ്ജയില്ല. ലജ്ജിക്കാനും പിണങ്ങാനൊന്നും എന്നെക്കിട്ടില്ല എന്നൊരു മട്ട്.
ഞാനധികം സ്നേഹപ്രകടനത്തിനൊന്നും നില്‍ക്കാതെ വായനയില്‍ മുഴുകിയിരിക്കുന്നതായ് അഭിനയിച്ചു. പക്ഷെ ഗേറ്റിനും വീടിനും തമ്മില്‍ വലിയ അകലമൊന്നും ഇല്ലാത്ത സ്ഥിതിക്ക് കുമാരേട്ടന്‍ എന്റെ മുന്നില്‍ എത്തേണ്ട സമയം അതിക്രമിച്ചിരുന്നു. ഇനിയെങ്ങാന്‍ തിരിച്ചുപോയിരിക്കുമോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഒളിക്കണ്ണിട്ട് മുറ്റത്തേക്ക് നോക്കി. അപ്പോള്‍ കുമാരേട്ടന്‍ എന്റെ ബൈക്കിന്റെ സൈഡ് മിററില്‍ നോക്കി മീശ ഉഴിയുകയും മുഖം തുടയ്ക്കുകയുമൊക്കെ ചെയ്തുകൊണ്ട് പ്രായത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ്. എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. ചിലപ്പോള്‍ വീട്ടില്‍ നിന്നും ശരിക്ക് കണ്ണാടി നോക്കാന്‍ പറ്റാത്തതുകൊണ്ട് ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി ഭംഗി നോക്കി പോയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍, കുമാരേട്ടന്‍ ചോദിച്ചു, “ഡാ മൊരളിയേ, ഈ ബൈക്ക് പുതീതാ?” ഒരു നിസംഗതയോടെ ഞാന്‍ പറഞ്ഞു, “അല്ല, പഴേത് തന്ന്യാ”.
ആ ചോദ്യത്തോടൊപ്പം കുമാരേട്ടന്‍ എന്റെ മുന്നില്‍ വന്നു നിന്നു. സംഭാഷണവും ആരംഭിച്ചു.
കുമാരേട്ടന്‍: ഡാ, മൊരളിയേ, നീയപ്പോ എന്നാ വന്നേ?
ഞാന്‍: ഒരാഴ്ചയായി
കുമാരേട്ടന്‍: ഇതെന്തൂട്ട് കോലാ നിന്റെ. നീ ഒന്നും തിന്നാറും കുടിക്കാറൊന്നും ഇല്ല്യേ?
ഞാന്‍: ഹേയ്, അതല്ല, വയസ്സായി വര്വല്ലേ, അപ്പോ ശരീരം തടിക്കണതൊന്നും അത്ര നല്ലതല്ല.
കുമാരേട്ടന്‍: ഇതാപ്പ നന്നായേ..നെനക്ക് വയസ്സായി, ഞങ്ങളൊക്കെ ചെറുപ്പോം. ഇവടെ മസിലും പിടിച്ച് നടന്നാര്‍ന്ന ഒരു ചെക്കന്റെ കോലം കണ്ടട്ട് കുമാരേട്ടന് നല്ല വെഷമം ഇണ്ട് അതോണ്ട് ചോദിച്ചതാ.
[കുമാരേട്ടന്റെ ഉള്ളിലെ ദ്രാവകം സൂര്യന്റെ ചൂടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുമാരേട്ടന്‍ വികാരം കൊള്ളുവാന്‍ തുടങ്ങിയിരിക്കുന്നു.]
ഞാന്‍: ഹേയ്. അതൊന്നും അല്ല എന്റെ കുമാരേട്ടാ, ഞാന്‍ യോഗ ചെയ്യണോണ്ട് ശരീരം അധികം തടിക്കാതിരിക്കണതാ.
കുമാരേട്ടന്‍: നിന്റെ ഒരു യോഗം അല്ലാണ്ടെന്താ പറയാ.. അതല്ലാ, നീയെവിടിക്ക്യാ പോയാര്‍ന്നേ?
ഞാന്‍: ആഫ്രിക്കേല്
കുമാരേട്ടന്‍: ങാ, ഇമ്മടെ ലോഹീം അവടന്ന്യാ.
[ആറുമാസം മുമ്പ് നാട്ടില്‍ ലോറി ഓടിച്ചു നടന്നിരുന്ന കുമാരേട്ടന്റെ താഴെയുള്ള ചെക്കനാണ് ലോഹിയെന്നു വിളിക്കുന്ന ലോഹിതാക്ഷന്‍. അവന്‍ ആഫ്രിക്കയില്‍ പോയെന്ന് കേട്ടപ്പോള്‍ സ്വാഭാവികമായും അവന്‍ ആഫ്രിക്കയില്‍ എവിടെയാണെന്നറിയാന്‍ എനിക്കാകാംഷയുണ്ടായി ]
ഞാന്‍: ആഫ്രിക്കയില്‍ എവട്യാ?
കുമാരേട്ടന്‍: അവന്‍ ഇമ്മടെ .... ഹെയ്, എന്തൂട്ടണ്
പറയാൻ ശ്രമിക്കുന്നതിനിടക്ക് കയറി ചോദിച്ചു. കെനിയാ?
കുമാരേട്ടന്‍ എന്തോ അനാവശ്യം കേട്ടതു പോലെ തല വെട്ടിച്ചു. ഞാന്‍ വീണ്ടും ചോദിച്ചു.
ഞാന്‍: ടാന്‍സാനിയാ? കുമാരേട്ടന്റെ ചിന്തകള്‍ക്ക് ഞാന്‍ തടസ്സം നിന്നെന്നപോലെ തല കുടഞ്ഞ് എന്നെ ദേഷ്യത്തോടെ നോക്കിയപ്പോള്‍ ഞാന്‍ ഒരെണ്ണം കൂടി ചോദിച്ചവസാനിപ്പിച്ചു. ഉഗാണ്ടാ?
കുമാരേട്ടന്‍ തലകുടഞ്ഞ് പറഞ്ഞു: ഹയ്, കേനും ഉണ്ടേം ഒന്നും അല്ല, ഇമ്മടെ ഹൈദ്രാ....ബ്ദ്.
ഞാന്‍: ഹൈദരാബാദോ?
കുമാരേട്ടന്‍: അതന്നെ, ഹൈദ്രാ..ബ്ദ്. അതും ഇമ്മടെ നീ പറഞ്ഞ ആന്ധ്രേല് തന്ന്യല്ലേ?
ഞാന്‍ ഒന്നും മിണ്ടിയില്ല, ഇനി കുമാരേട്ടനെ ലോകമാപ്പിന്റെ മുന്നില്‍ കുത്തിയിരുത്താനുള്ള ശേഷി എനിക്കില്ല. അതൊക്കെ താങ്ങാനുള്ള ശേഷി കുമാരേട്ടനും. അതുകൊണ്ട് തന്നെ ഞാന്‍ മാതൃഭൂമിയുടെ മറ്റൊരു ലക്കം കയ്യിലെടുത്തു.
എന്റെ ശ്രദ്ധ മാറിപ്പോകുന്നതിനു മുമ്പ് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് കുമാരേട്ടനെ ആരും പഠിപ്പിക്കണ്ട ആവശ്യമില്ലാത്തതോണ്ട് കുമാരേട്ടന്‍ എന്റെ അടുത്തേക്ക് വന്ന് മുഖം കുനിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.
“ദേ, നീ, കുമാരേട്ടന് ഒരു 200 ഉറുപ്പിക താട്ട്, ഇമ്മടെ ലോഹീടെ ഭാര്യേടെ പാപ്പന്‍ കള്ളുഷാപ്പീന്ന് സൈക്കിള്മ്മെ വരുമ്പോ സൈക്കിളടക്കം കൊളത്തില് വീണൂന്ന്. ഇതറിഞ്ഞട്ട് ഇമ്മള് പോയി കണ്ടില്ലെങ്ങ്യേ മോശല്ലേ..”
ഞാന്‍: (ഒരു മോശോം ഇല്യ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും): അതിപ്പോ 200 രൂപാന്നൊക്കെ പറഞ്ഞാ.
കുമാരേട്ടന്‍: മൊരളിയേ, വെറുതെ വേണ്ടാന്ന്, ഇമ്മടെ ലോഹി അടുത്ത മാസം വണ്ടി കൊണ്ട് വരുമ്പോ നീ നേരിട്ടാ വേടിച്ചോ എന്ത്യേ..
എന്തെങ്കിലും പറഞ്ഞ് കാശു വാങ്ങി കള്ളു കുടിക്കാനാണെന്ന് അറിയാവുന്നതുകൊണ്ടും ഒന്നും കൊടുക്കാതെ വിട്ടാല്‍ വീണ്ടും വീണ്ടും വന്ന് ശല്യപ്പെടുത്തുമെന്നുള്ളതുകൊണ്ടും ഞാനകത്തുപോയി ഒരു 50 രൂപ ചുരുട്ടി പിടിച്ചു കൊണ്ടു വന്ന് കുമാരേട്ടന്റെ കയ്യില്‍ വച്ചുകൊടുത്ത് പറഞ്ഞു.
“അതേ, 50 രൂപേ ഉള്ളു. ഇതെനിക്ക് കുമാരേട്ടന്‍ തിരിച്ച് തരണ്ട.”
കുമാരേട്ടന്‍: ഹയ്, ഡാ നീ കുമാരേട്ടനെ വെഷമിപ്പിക്ക്യാ.... എനിക്ക് വെര്‍തെ വേണ്ടാന്ന്...ഞാന്‍ തിരിച്ചു തരും. ഇമ്മടെ ലോഹി..
ഞാന്‍: അത് സാരല്ല്യാ, കുമാരേട്ടന്‍ ചെല്ല്..
കുമാരേട്ടന്‍: അപ്പോ ശരി, ഞാന്‍ പോയിട്ട് പിന്നെ വരാം...
നടക്കുമ്പോള്‍ തിരിഞ്ഞ് നിന്ന് സ്വകാര്യം പറയുന്ന പോലെ പറഞ്ഞു,
കുമാരേട്ടന്‍: നിന്റെ ചേച്ചീടെ കയ്യീന്ന് പറമ്പില് വെള്ളം തിരിക്കാംന്ന് പറഞ്ഞ് ഒരു 100 രൂപ കൂടല് വാങ്ങീട്ട്ണ്ട്. അത് നീ ഒന്ന് കൊടുത്ത് സെറ്റില് ചെയ്തേക്ക് ട്ടാ. കാര്യങ്ങള് കണിശായില്ലെങ്ങ്യേ, ചേച്ചീടെ മോത്തയ്ക്ക് നോക്കാന്‍ എനിക്കൊരു മട്യാ അതോണ്ടാ...പിന്നഡ്ജസ്റ്റ് ചെയ്യാം..
ഇനിയിപ്പോള്‍ അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ നിന്നാല്‍ വല്ല്യ ശല്യാവുന്ന് അറിയുന്നോണ്ട് ‘അങ്ങന്യാവട്ടെ’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കുമാരേട്ടന്‍ ഗേറ്റിന്റെ കൊളുത്ത് അടയ്ക്കുമ്പോള്‍ ഉറക്കെ ചോദിച്ചു.
കുമാരേട്ടന്‍: അപ്പോ ഒരു കാര്യം ചോയ്ക്കാന്‍ വിട്ട്വോയി. നീ അവടെ ഇമ്മടെ ലോഹ്യേ കാണാറ്ണ്ടാ?
ഞാന്‍: ഇല്ല്യ
കുമാരേട്ടന്‍: നെന്റെ സ്ഥലത്ത്ന്ന് കൊറേ പോണോ ലോഹീടെ അബടക്ക്?
ഉം. ഞാനൊന്നു മൂളി.
[കുമാരേട്ടന്‍ ഇപ്പോള്‍ നല്ലവണ്ണം നിന്നിടത്ത് നിന്ന് ആടുന്നുണ്ട്]
കുമാരേട്ടന്‍: ഇമ്മടെ മാപ്രാണത്ത്ന്ന് തൃശൂര്‍ക്ക് പോണ ദൂരംണ്ടാവ്വോ?
എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു. “എന്റെ കുമാരേട്ടാ ലോഹി ആന്ധ്രാപ്രദേശിലല്ലേ, ഞാന്‍ ആഫ്രിക്കേലായിരുന്നു.”
കുമാരേട്ടന്‍: (വേച്ച് വേച്ച് നടന്നുകൊണ്ട്, റോട്ടില്‍ കൂടി പോകുന്നവരോടായി ഞാന്‍ പറഞ്ഞത് മനസ്സിലായെന്ന മട്ടില്‍) ഹയ് അപ്പ അതാണ് കാര്യം. സ്ഥലത്തിന്റെ ഓരോരൊ പേരോളേ, ഒക്കെ ഒന്നന്നെ...
- 0 -
Saturday, January 12, 2008
ഇങ്ങനെയും ചിലര്‍
Wednesday, October 31, 2007
ജനന-മരണ രജിസ്ട്രേഷന്‍
Monday, October 15, 2007
കുന്നംകുളം പള്ളിയില്‍ കളിച്ച നാടകം - രാമായണം
എല്ലാ വര്‍ഷവും ബൈബിളില്‍ നിന്നുള്ള ഏതെങ്കിലും ഭാഗമെടുത്ത് നാടകമൊരുക്കിയിരുന്ന ഇടവകയിലെ ചെറുപ്പക്കാര്‍ അതിനൊരു മാറ്റം വരട്ടെ എന്നു കരുതി രാമായണത്തില്‍ നിന്നൊരു ഭാഗമെടുത്ത് അവതരിപ്പിച്ച കഥയാണിത്..
[1980കളുടെ ആദ്യം ജയറാമും, സൈനുദ്ദീനുമെല്ലാം കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അവതരിപ്പിച്ച നാടകത്തിന്റെ ഒരു പുനരാവിഷ്ക്കരണം. അല്പസ്വല്പം മാറ്റങ്ങളോടെ ഇപ്പോഴത്തെ തലമുറയില്‍ അറിയാത്തവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു]
രംഗം ഒന്ന്അയോദ്ധ്യ രാജകൊട്ടാരം. ദശരഥനായ് അഭിനയിക്കുന്ന പൌലോസേട്ടന്‍ ചിന്താമഗ്നനായ് സിംഹാസനത്തിലിരുന്ന് നാരായണന്‍ നായരുടെ വീട്ടില്‍ നിന്നും കടം വാങ്ങിയ പിച്ചള ലോട്ടയില്‍ പട്ടച്ചാരായമടിക്കുന്നു. വലതു വശത്തായ് കെട്ടിയുണ്ടാക്കിയ കുറ്റിക്കാട്ടില്‍ എന്തോ അനങ്ങുകയും പുക ഉയരുകയും ചെയ്യുന്നതുകണ്ട് പൌലോസ് ദശരഥന്‍ ഭയത്തോടെ ചോദിക്കുന്നു,
ദശരഥന്‍: ആരാണ്ടത്?
കുറ്റിക്കാട്ടില്‍ നിന്നൊരു ശബ്ദം
“ഞാന്‍ണ്”
ദശരഥന്‍: ഞാന്‍ണ് ന്ന് പറഞ്ഞാ ആരണ്ടാ, തെളിച്ച് പറയടാ മൂര്യേ, നെനക്ക് പേരില്ലേ ദശരഥനണ് ചോദിക്കണേ, ആളോളെ പേടിപ്പിക്കാണ്ട് കാര്യം പറട ചെക്കാ
(ശബ്ദം) : ഞാന്‍ണ് അപ്പാ, രാമനണ്. എന്തൂട്ടാ അപ്പന്റെ പ്രശ്നം?
ദശരഥന്‍: ങാ, നീയായിരുന്നാ, എന്തൂട്ടാ ക്ടാവേ നീയാ കുറ്റിക്കാട്ടില് ഏട്ക്കണേ,
രാമന്‍: (കുറ്റിബീഡി ആഞ്ഞുവലിച്ചതിനുശേഷം വലിച്ചെറിഞ്ഞ്) ഒന്നൂല്യപ്പാ, ഞാനിവ്ടെ ബെറ്തെ നിന്ന് ഒന്നു വലിച്ചതാ.
ദശരഥന്‍: ങ് ഹ ഹാ, അപ്പ നീയണ് പലരേം പിടിച്ച് വലിച്ച് പ്രശ്നംണ്ടാക്കണത് അല്ലേ? നാട്ടിലിള്ള പിള്ളേരെ പിടിച്ച് വലിക്കാണ്ട് വീട്ടില് വന്നട്ട് എന്തൂട്ടെങ്കിലും ചെയ്യറ ചെക്കാ. നിനക്കായിട്ട് ഒരു പിശാശ് മോറീനേ പണ്ടാരടങ്ങീട്ട്ണ്ട് ല്ലാ ഇവടെ.
രാമന്‍: ആ വലി അല്ലപ്പാ, ബെറ്തെ നിന്നൊരു ബീഡി വലിച്ചതാ.
ദശരഥന്‍: (പാത്രത്തിലുള്ളത് വലിച്ചു മോന്തി എഴുന്നേറ്റ് ഒന്നുരണ്ടു ചാല്‍ നടന്ന്) ടാ രാമാ, ബേറ്തെ അബടെ നിന്ന് ബീഡി വലിക്കാണ്ട് നെനക്ക് കാട്ടിലിക്ക്യാ പൊക്കൂടേ?
രാമന്‍: ഹയ് എന്തൂട്ടിനാപ്പാ ഞാന്‍ കാട്ടിലിക്ക് പോണേ?
ദശരഥന്‍: ചോദ്യം ചോക്കാണ്ട് പറഞ്ഞതാ കേക്കടാ ശവ്യേ.
ദശരഥന്‍: ടാ, അവടെ നിന്നേ, (രാമന്‍ തിരിഞ്ഞു നില്‍ക്കുന്നു) പിന്നൊരു കാര്യംണ്ട്, പതിന്നാലു വര്‍ഷം കഴിഞ്ഞട്ടിങ്ങട് വന്നാ മതിട്ടാ. അതിനുള്ളിലെങ്ങാന്‍ വന്നാ, ചവിട്ട്യാ എട്ത്ത് പൊറത്തിടും, ഈ ദശരഥനണ് പറയണേ അതാ ഓര്‍മ്മവച്ചോ.
രാമന്‍: അതെന്തൂട്ടാ അപ്പാ 14 കൊല്ലത്തിന്റെ കണക്ക്?
ദശരഥന്‍: ചോദ്യം വേണ്ടറ മൂര്യേ, നീ പറഞ്ഞതാ കേക്കറാ കന്നാലീ
രാമന്‍: ശരി അപ്പാ. (പോകുന്നു)
രാമന്‍ നടന്നകലുന്നത് വിഷമത്തോടെ നോക്കി നില്‍ക്കുന്ന ദശരഥന്‍. പിന്നെ കുപ്പിയിലവശേഷിച്ച ചാരായം വാറ്റി കുടിക്കുന്നു.
പ്രകാശം മങ്ങുന്നു.
[രംഗം രണ്ട്]
അയോദ്ധ്യയിലെ അന്ത:പുരം.
സീത നിന്ന് കൈ നഖം കടിച്ച് കാല്‍ നഖം കൊണ്ട് കളം വരക്കുന്നു.
ലക്ഷ്മണന്‍ പ്രവേശിക്കുന്നു. രണ്ടുപേരേയും കണ്ട് ചോദിക്കുന്നു.
രാമന്‍: [ലക്ഷ്മണനെ നോക്കി, രംഗ ബോധമില്ലാതെ] ഡാ ഡേവീസേ,
രാമന്‍ (വീണ്ടും ഡേവീസിനെ നോക്കി ചോദിക്കുന്നു): എന്തൂട്ടണ്ടാ ഞാന്‍ ഡയലോഗ് പറയണേന്റെടേല് നീ നിന്ന് പിറുപിറുക്കണേ?
ലക്ഷ്മണന്‍ (രാമന്റെ പുറകിലൂടെ പോയ് കാണികള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ വീണ്ടും ചെവിട്ടില്‍ പറയുന്നു):സ്റ്റേജിലു ഞാനിപ്പ ലക്ഷ്മണനാ അല്ലാണ്ടു ഡേവീസല്ല.
രാമന്‍ (അതുകേട്ട് ദേഷ്യത്തില്‍ -സ്റ്റേജില്‍ കേറുന്നതിനു മുമ്പ് പേടി പോകാന്‍ അടിച്ച ക്വാര്‍ട്ടര്‍ തലക്ക് പിടിച്ചു തുടങ്ങിയിരുന്നു)) ഒന്നു പോട ചെക്കാ, നീയാ എന്ന പഠിപ്പിക്കാന്‍ വരണേ, എനിക്കറിഞ്ഞൂടേ, നീയ് ലക്ഷ്മണന്‍, ഞാന്‍ രാമന്‍, അതുകള (എന്നീട്ട് ലക്ഷ്മണനെ ഒന്ന് ഇരുത്തി നോക്കീട്ട്) ങാ, ഡാ ലക് മണാ ഇമ്മടെ അപ്പന്‍ പറഞ്ഞേ ഈ യെന്നോട് കാട്ടിലിക്ക് പൂവ്വാന്‍, പിന്നെ ഇമ്മക്ക് പൂവ്വാണ്ടു പറ്റോ? ദിവള് കൂടെ വലിഞ്ഞാ കേറി വര്വാണ്ടാ, ഈ പിശാശിനെ നീയൊന്നു പറഞ്ഞ് മനസ്സിലാക്കടാ എന്റെ മൂരിക്കുട്ടാ ലക് മണാ..
ലക്ഷ്മണന്‍: (സീതയോട്) ഹയ്, എന്തൂട്ടിനണ് ചേടത്തി കാട്ടിലിക്ക് പോണേ, ഈ രാജകൊട്ടാരംല്യേ, തോഴിമാരില്യേ, ഞാനില്യേ. ഇക്കണ്ട ആളോളൊക്കില്യേ ഇബടെ. പിന്നെന്തൂട്ടിനണ് ചേട്ടത്തി കാട്ടിലിക്ക് പോണേ? അങ്ങേരു കാട്ടിലിക്ക് പൂവ്വേ, ആറ്റിലിക്ക് പൂവ്വേ എന്തെങ്കിലും ആയിക്കോട്ടേന്ന്. ഹെയ് ഇതാപ്പ നല്ല കൂത്ത്.
(തിരിഞ്ഞ് രാമനോട്)
നീ പൊക്കോടാ ചേട്ടാ കാട്ടിലിക്ക്, ചേട്ടത്തിടെ കാര്യം ഞാനേറ്റു....
[രംഗം ഇരുളുന്നു. കര്‍ട്ടന്‍ വീഴുന്നു.]
സീതയുടെ കയ്യില്‍ നിന്നും ലക്ഷ്മണന്‍ പിടി വിടുന്നില്ല. സീത കൈ വിടുവിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തുന്നു. തിരിഞ്ഞു നടക്കാന്‍ പോയ രാമനതു കാണുന്നു. ലക്ഷ്മണന്‍ ഡേവീസ് സീത ലൂസിയോടു ചോദിക്കുന്നു, ഓ, റിഹേഴ്സല്‍ സമയത്ത് ഞാനൊന്നു തൊട്ടടുത്ത് വന്നു നിന്നപ്പ നീയെന്തൂട്ടാണ്ടീ പറഞ്ഞേ തൊട്ടും പിടിച്ചൊന്നും കളിക്കാന്‍ എന്നെ കിട്ടില്യാന്ന് അല്ലേ. നിന്നെ ഇപ്പ ഞാന്‍ വിടാന്‍ കണ്ടട്ടില്യ. നീ ഉന്തൂട്ടാ ചെയ്യാ. ലൂസി ഡേവീസിന്റെ കണ്ണിലൊരു കുത്തു വച്ചു കൊടുക്കുന്നു. ഡേവീസ് കണ്ണു പൊത്തി സ്റ്റേജിലിരിക്കുന്നു. രാമന്‍ ജാക്കോവ് വന്ന് ഡേവീസിനെ തല്ലുന്നു. ഉന്തിന്റെ കൂടെ തള്ളും എന്ന പോലെ ആയപ്പോള്‍ ഡേവീസിനതു സഹിക്കാന്‍ പറ്റിയില്ല, അയാള്‍ ജാക്കോവിനെ ഇടിക്കുന്നു. രണ്ടുപേരും മല്പിടുത്തം തുടരുന്നു.ഇതൊന്നും അറിയാതെ കര്‍ട്ടന്റെ പുറകില്‍ നിന്ന് സംവിധായകന്‍ ഒരു പ്രത്യേക ശബ്ദത്തിലും താളത്തിലും അനൌണ്‍സ് ചെയ്യുന്നു,
രാമനും സീതയും ലക്ഷ്മണനും കൂടി കാട്ടിലേക്ക് യാത്രയാവുന്ന ഹൃദയഭേദകമായ അടുത്ത രംഗത്തോടെ ഞങ്ങളുടെ നാടകം ഇവിടെ പൂര്‍ത്തിയാവുകയാണ്.
കര്‍ട്ടന്‍ ഉയരുന്നു. വെളിച്ചം വീഴുമ്പോള്‍, കീറിയ വസ്ത്രങ്ങളുമായ് ലക്ഷ്മണനും രാമനും വെറും ഡേവീസും ജാക്കോവുമായുള്ള മല്‍പ്പിടുത്തവും സീതയുടെ സാരിത്തുമ്പ് അവരുടെ വേഷവിധാനത്തിലെവിടെയോ ഉടക്കിയതിനാല്‍ അവളും അവരുടെ ഇടയില്‍ ഒരു റഫറിയെപോലെ കളിക്കുകയായിരുന്നു. അതുപിന്നെ ഇടവകയിലെ ആളുകള്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുകയും ഒരു ജനകീയ അടിയായ് രൂപാന്തരം പ്രാപിക്കുകയും, പെരുന്നാളിനൊരു അടിയില്ലാതെ പിരിയേണ്ടി വന്നില്ലല്ലോ എന്ന് സന്തോഷിക്കുകയും ചെയ്തു.അതിനുശേഷം ഒരിക്കലും ബൈബിള്‍ നാടകമല്ലാതെ മറ്റൊന്നും കളിക്കേണ്ടതില്ലെന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായ് എന്നു കേള്‍ക്കുന്നു.
Monday, October 01, 2007
ആനേ വാങ്ങണോ പശൂനെ വാങ്ങണോ?
നായര്‍ മനയുടെ മുറ്റത്തു ചെല്ലുമ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് തിരുമേനി പാള വിശറി കൊണ്ട് വീശികൊണ്ടിരിക്കയായിരുന്നു. പഴയ പ്രതാപ കാലത്ത് എങ്ങനെയായിരുന്നോ അങ്ങിനെതന്നെയാണ് ഇപ്പഴും തിരുമേനിയുടെ വീട്. ഗ്രാമം മുഴുവന്‍ വൈദ്യുതി എന്നൊക്കെ സര്‍ക്കാരു പറഞ്ഞപ്പഴും തിരുമേനി കുലുങ്ങിയില്ല. ഇലക്ട്രിസിറ്റി ബോര്‍ഡും പഞ്ചായത്തു മെമ്പറും വീട്ടില്‍ വന്ന് തിരുമേനിയെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. അപ്പോ തിരുമേനി പറഞ്ഞു,
തിരുമേനി വിശറികൊണ്ട് വീശി ചാരുകസേരയില്‍ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു. ചാരുകസേരക്കടുത്തു തന്നെ മുറുക്കാന്‍ ചെല്ലം ഇരിക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞുണ്ണി നായര്‍ക്ക് സന്തോഷമായി. ഏതാണ്ട് ആറടി പൊക്കവും, കാതില്‍ ചുവന്ന കടുക്കനുമണിഞ്ഞ്, നെഞ്ചിലെ നരച്ച രോമത്തിനു കുറുകെയിട്ടിരിക്കുന്ന പൂണൂലും നെഞ്ചിനൊപ്പം ചേര്‍ത്തുകെട്ടിയിരിക്കുന്ന മുണ്ടും ഒക്കെയായി കുഞ്ഞുണ്ണി നായരുടെ മുന്നില്‍ ആ പഴയ നെടുമ്പിള്ളി മനയിലെ ആഢ്യന്‍ തിരുമേനി നിറഞ്ഞു നിന്നു. ഉമ്മറത്തു നിന്ന് കുഞ്ഞുണ്ണി നായര്‍ മുരടനക്കി. തിരുമേനി വിശറി താഴ്ത്തി അവിടെ കിടന്നുകൊണ്ടുതന്നെ കുഞ്ഞുണ്ണിയെ നോക്കി. തിമിരം ബാധിച്ച കണ്ണുകളിലൂടെ പോലും പഴയ ചങ്ങാതിയെ തിരുമേനി തിരിച്ചറിഞ്ഞു,
“ങാ, കുഞ്ഞുണ്ണ്യല്ലേ, താനിങ്ങട് അടുത്ത് വര്വാ, ഇരിക്ക്വാ.“
തിരുമേനി: കുഞ്ഞിണ്ണീ
Wednesday, September 19, 2007
ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും
ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. മൂന്നു സൈന്യത്തിലേയും എല്ലാ പടയാളികളും ഒത്തു ചേര്‍ന്ന് വെടി വെച്ചീട്ടും യാതൊരു സംതൃപ്തിയും വരാതെ ഇനിയാരുണ്ടെടാ എന്ന് ചോദിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കേ, തങ്ങളുടെ കപ്പാസിറ്റി ഇല്ലായ്മ ലോക ജനത അറിയുമോ എന്ന ആശങ്കയില്‍ സൈനിക മേധാവികള്‍ ഒത്തുകൂടി ഒരു തീരുമാനമെടുത്തു. ഉടനെ തന്നെ പ്രധാനമന്ത്രിയേയും പ്രസിഡണ്ടിനേയും ചെന്ന് കണ്ട് തങ്ങളുടെ കയ്യിലിരിപ്പ് ഇത്രയേ ഉള്ളുവെന്നും കടുത്ത പ്രയോഗത്തിനു പറ്റിയ വല്ല വെടി വഴിപാടുകള്‍ ഉണ്ടെങ്കില്‍ അരുള്‍ ചെയ്യണമെന്നും ഉള്ള നിവേദനം സമര്‍പ്പിക്കുവാനായ് തീരുമാനിച്ചു. തന്താങ്ങളുടെ സേനകളിലെ പ്രധാന ഉദ്യോഗസ്ഥരേയും കൂട്ടി പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും ഒരുമിച്ച് കാണുന്നു. വെടിക്കോപ്പുകള്‍ കടം വാങ്ങേണ്ട ആവശ്യകതയെക്കുറിച്ചും അതിന്റെ സമയദൈര്‍ഘ്യത്തെക്കുറിച്ചും, യുദ്ധമുറകളെക്കുറിച്ചുമൊക്കെ മൂന്നു സേനാ തലവന്മാരും സംസാരിച്ചു. പ്രസിഡന്റ് ക്ഷീണം മൂലം മയങ്ങി പോയതിനാല്‍ ഇന്ദിരാഗാന്ധി പറഞ്ഞു,
“എന്ത് ചെയ്തായാലും വേണ്ടില്ല നമ്മുടെ രാജ്യം ഈ യുദ്ധത്തില്‍ ജയിച്ചിരിക്കണം, അതു മാത്രമാണു ലക്ഷ്യം.ലക്ഷ്യമാണുന്നം. ഉന്നമില്ലാത്തവനൊന്നും ഇനിമേലില്‍ സൈന്യത്തില്‍ വേണ്ടന്നുമാത്രമല്ല എന്റെ മുന്നില്‍ കാണുകയുമരുത്. മറ്റൊന്നും ഞാനാഗ്രഹിക്കുന്നില്ല. ഇനി നമ്മള്‍ ജയിക്കുന്ന കാര്യത്തില്‍ സേനാ മേധാവികള്‍ക്ക് ആര്‍ക്കെങ്കിലും സംശയം ഉണ്ടോ? “
ആ ചോദ്യത്തിനു മുമ്പില്‍ സേനാ തലവന്മാര്‍ ബധിരരും മൂകരുമായി ഇരുന്നു. അത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു. അവര്‍ പറഞ്ഞു,
നിങ്ങളെക്കുറിച്ച് എനിക്കുണ്ടായിരുന്ന മതിപ്പെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, റെഡ്ഫോര്‍ട്ടിലോ അല്ലെങ്കില്‍ ഏതെങ്കിലും സ്വാകാര്യ സ്ഥലത്തോ വെറുതെ വെടി വെച്ച് കാണിക്കാന്‍ പറഞ്ഞാല്‍ എന്തായിരുന്നു നെഗളിച്ച. കയ്യിലുള്ള ഉണ്ടയെല്ലാം കണ്ടിടത്തെല്ലാം പ്രയോഗിച്ചു തീര്‍ത്തു. ആവശ്യം വന്നപ്പോ വെടി വെക്കാന്‍ പോയിട്ട് ഒന്നുഷാറായ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത എന്റെ സൈന്യം. ഫു,
എന്നീട്ട് മറ്റു സഹപ്രവര്‍ത്തകരെ നോക്കി ചോദിച്ചു,
“നിങ്ങളുടെ തലവന്മാര്‍ പറഞ്ഞ അഭിപ്രായം തന്നെയാണോ നിങ്ങള്‍ക്കുമുള്ളത്?”
വായുസേനയിലെ സഹപ്രവര്‍ത്തകര്‍ വായു വിടാതെ മൌനം പാലിച്ചു, നാവികസേനാംഗങ്ങള്‍ ഒരു പായകപ്പലിലായാലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലും. അപ്പോള്‍ കരസേനയിലെ മേജര്‍ റാങ്കിലുള്ള തൃശൂക്കാരന്‍ ഗോവിന്ദന്‍ നായര്‍ എഴുന്നേറ്റു നിന്നു പറഞ്ഞു,
“ പണ്ടെങ്ങോ വെടി വെച്ച് ശീലിച്ചു എന്ന് കരുതി ഇനിയും ഇഷ്ടം പോലെ വെടി വെച്ച് മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് കേമന്മാരായ വെടി വീരന്മാരുമായ് ഏറ്റുമുട്ടുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് നാട്ടില്‍ നിന്നും കുട്ടപ്പനെ കൊണ്ടു വരാന്‍ പ്രധാനമന്ത്രിയുടെ അനുവാദം വേണം. പറ്റുമെങ്കില്‍ തിരുവമ്പാടിയുടേയും, പാറമേക്കാവിന്റേയും വെടിക്കെട്ടുകാരേയും കൂട്ടാം.” എല്ലാവരും മുഖത്തോടു മുഖം നോക്കി.
ഇന്ദിരാഗാന്ധി ചോദിച്ചു,
“ഹു ഇസ് കുറ്റപ്പന്‍? ഈ യുദ്ധത്തിന്റെ വിജയവും, കുറ്റപ്പനും തമ്മിലെന്തു ബന്ധം? യുദ്ധം ജയിക്കാന്‍ നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ പോരെന്നു പറയുന്ന താങ്കള്‍ ഈ കുറ്റപ്പനെക്കൊണ്ട് എന്തു ചെയ്യാന്‍ പോകുന്നു?” അവന്‍ നിര്‍ത്താതെ വെടി വെച്ച് ജയിക്കുമോ?
എല്ലാം ഒറ്റ ശ്വാസത്തില്‍ ചോദിച്ചതുകൊണ്ട് ഇന്ദിരാഗാന്ധി ശ്വാസമെടുക്കാനായ് കുറച്ച് വിശ്രമിച്ചു. അപ്പോള്‍ തൊട്ടടുത്തിരുന്ന പ്രസിഡന്റ് അസാരം ശക്തിയായ് ശ്വസിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധം തോല്‍ക്കുമെന്നായതുകൊണ്ട് ഗോവിന്ദന്‍ നായര്‍ക്ക് വട്ടായിയെന്ന് സൈനികരെല്ലാം ധരിച്ചു. പക്ഷെ ഗോവിന്ദന്‍ നായര്‍ വിശദീകരിച്ചു,
കുട്ടപ്പന്‍ നാട്ടിലുള്ള ഒരു ചെറുപ്പക്കാരനാണ്. വെടി വെച്ചൊന്നും പരിചയമില്ല. പക്ഷെ അവന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കരിനാക്കുകാരനും കരിങ്കണ്ണനുമാണ്. എന്തിനെ നോക്കി അഭിപ്രായം പറഞ്ഞോ അതേറ്റിരിക്കും, എന്തിനെ അധിക നേരം സൂക്ഷിച്ചു നോക്കിയോ അത് നശിച്ചിരിക്കും. അവനെ കൊണ്ടു വന്ന് അതിര്‍ത്തിയില്‍ നിര്‍ത്തിയാല്‍ മതി റേഞ്ചില്ലാത്ത ദൂരത്ത് നിന്നു വരുന്ന വിമാനങ്ങള്‍ പോലും അവന്‍ നിഷ്പ്രയാസം കരിച്ചു കളഞ്ഞോളും. പിന്നെ പാറമേക്കാവും തിരുവമ്പാടിയും കൂടി അതിര്‍ത്തിയില്‍ ഒരു വെടിക്കെട്ട് നടത്തിയാല്‍ പാക്കിസ്ഥാന്‍ വെടിക്കെട്ട് കണ്ട് മതി മറന്ന് പൊട്ടാത്ത പടക്കങ്ങള്‍ പെറുക്കി സ്ഥലം വിട്ടോളും. ഒന്നുമില്ലെങ്കിലും കുട്ടപ്പനെ കൊണ്ടു വരാന്‍ ഒരു ഹെലികോപ്റ്റര്‍ ഉടനെ തന്ന് എന്നെ യാത്രയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
വെടിതീര്‍ന്ന സൈനിക മേധാവികളെല്ലാം ഒന്നും മിണ്ടാനാവാതെ ദയനീയമായ് ഗോവിന്ദന്‍ നായരെ നോക്കി. ഇന്ദിരാഗാന്ധിയുടെ സമനില തെറ്റുമെന്നായപ്പോള്‍ അവര്‍ അലറി.
“എന്തു പണ്ടാറമെങ്കിലും ചെയ്യ്, ഇന്ത്യ തോറ്റു എന്ന് അറിയുന്ന ആ നിമിഷം ഞാന്‍ എല്ലാത്തിനേയും വക വരുത്തും.“
പ്രസിഡന്റ് കസേരയില്‍ ചെരിഞ്ഞു കിടന്നുറങ്ങി. കസേര വീണു പരിക്കേല്‍ക്കാതിരിക്കാന്‍ കരസേനാ മേധാവി നീങ്ങിയിരുന്നു. ഇന്ദിരാഗാന്ധി മീറ്റിംഗ് പിരിച്ചു വിട്ട് എഴുന്നേറ്റു പോയി. സേനാ നായകരെല്ലാം ദു:ഖിതരായി. ഗോവിന്ദന്‍ നായര്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുമായ് തൃശൂര്‍ക്ക് തിരിച്ചു.
കുട്ടാടന്‍ പാടത്ത് ഹെലികോപ്റ്റര്‍ ഇറക്കിയപ്പോള്‍ പന്തുകളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ കളി നിര്‍ത്തി ഹെലികോപ്റ്റര്‍ കാണാനെത്തി. ചാക്കു ചരടിന്റെ ബലത്തില്‍ മുറുക്കി നിര്‍ത്തിയ കാക്കി ട്രൌസറും, ഓട്ട കുത്തിയ ബനിയനും ധരിച്ച കുട്ടപ്പന്‍ പന്ത് കയ്യില്‍ പിടിച്ച് കുട്ടികളെ വിളിച്ചു, “ടാ, കളിക്കാന്‍ വാടാ, ആനത്തുമ്പി പാടത്ത് മരുന്നടിക്കാന്‍ വന്നതാവും”. ഗോവിന്ദന്‍ കുട്ടപ്പനെ കയ്യോടെ പിടി കൂടി കാര്യം പറഞ്ഞു,
ഗോവിന്ദന്‍ നായര്‍: മിസ്റ്റര്‍ കുട്ടപ്പന്‍, നിങ്ങളെ പട്ടാളത്തിലെടുത്തു. നമുക്കുടനെ പോണം.
കുട്ടപ്പന്‍: ഞാനില്ല, എനിക്കു പന്തു കളിക്കണം
ഗോവിന്ദന്‍ നായര്‍: നോക്ക്, നിനക്കുള്ള യൂണിഫോം എല്ലാം കൊണ്ടു വന്നീട്ടുണ്ട്. പാന്റ്, ബനിയന്‍, ഷര്‍ട്ട്, ബെല്‍ട്ട്, തൊപ്പി, ഷൂ എല്ലാം. ഇതൊക്കെ ധരിച്ച് നമുക്കുടനെ ഈ ഹെലികോപ്റ്ററില്‍ പുറപ്പെടണം.
കുട്ടപ്പന്‍: വെറുതെ ഈ പാടത്ത് മരുന്ന് തെളിക്കുന്നത് കാണാനാണെങ്കില്‍ ഞാന്‍ വരാം.
ഗോവിന്ദന്‍ നായര്‍: അതേയ്, കുട്ടപ്പനെ വിളിച്ചോണ്ടു വരാന്‍ പ്രധാനമന്ത്രി നേരിട്ട് പറഞ്ഞീട്ടാ ഞാന്‍ വരുന്നത്
കുട്ടപ്പന്‍: എന്റെ അപ്പന്‍ പറഞ്ഞാ ഞാന്‍ വരില്ല എന്നട്ടല്ലേ പ്രധാനമന്ത്രി
എന്തു പറഞ്ഞീട്ടും അനുസരിക്കാതിരുന്ന കുട്ടപ്പനെ ഒടുക്കം മെരുക്കാനായ് അവന്റെ വീട്ടുകാര്‍ക്ക് പണം കൊടുത്ത് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നു. ഒരു രാജ്യത്തിന്റെ സംരക്ഷണത്തിനായ് തന്റെ മകനെ തേടി വന്ന ഗോവിന്ദന്‍ നായരെ നിരാശനാക്കന്‍ കുട്ടപ്പന്റെ അപ്പന്‍ മാണിക്യന്‍ തയ്യാറാായില്ല. പറ്റാവുന്ന കാശും വാങ്ങി മാണിക്യന്‍ കുട്ടപ്പനെ നോക്കി കണ്ണുരുട്ടി കാണിച്ചു. ചാക്കുചരടിലൊടക്കിയ കാക്കി ട്രൌസറിനുമേലെ യൂണിഫോം അണിഞ്ഞ് ഒടുവില്‍ കുട്ടപ്പന്‍ ഡെല്‍ഹിക്കു യാത്രയായി. പാറമേക്കാവും, തിരുവമ്പാടിയും തൃശൂര്‍ വിട്ട് ഒരു വെടി പരിപാടിയും ഏറ്റെടുക്കില്ലാന്നു തീര്‍ത്തു പറഞ്ഞു.
പിന്നീട് കുട്ടപ്പനെ ഇന്ത്യാ-പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ മൂന്നു സേനാ മേധാവികളും ചിന്തയിലാണ്ട് നില്‍ക്കുകയായിരുന്നു. ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. കുട്ടപ്പനെ കണ്ട് അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കുട്ടപ്പന്റെ കഴിവില്‍ അവര്‍ക്ക് മതിപ്പുണ്ടാവാനായ് ഒരു ഐറ്റം കാണിച്ചു കൊടുക്കാന്‍ ഗോവിന്ദന്‍ നായര്‍ കുട്ടപ്പനോടാവശ്യപ്പെട്ടു. എല്ലാവരും ഇപ്പോള്‍ കുട്ടപ്പനെ ശ്രദ്ധിക്കുകയാണ്. അകലെ ഉയര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലുകളില്‍ നോക്കി കുട്ടപ്പന്‍ പറഞ്ഞു, “പണ്ടാറടങ്ങാനായിട്ട് പുല്ല് നിക്കണ നില്പ് കണ്ടില്ലേ”, ആ നിമിഷം പുല്ല് കത്തി ചാമ്പലായി. സേനാ മേധാവികളും മറ്റു പട്ടാളക്കാരും കുട്ടപ്പന്റെ കഴിവില്‍ സന്തോഷവാന്മാരായി, അഭിമാന വിജൃംഭിതരായി. ഉടനെ കുട്ടപ്പനേയും കൂട്ടി സ്ട്രാറ്റജിക് പോയന്റില്‍ പോയി പാക്കിസ്ഥാന്റ് വിമാനങ്ങള്‍ വരുന്നത് കാട്ടിക്കൊടുക്കുവാന്‍ എല്ലാവരും ഗോവിന്ദന്‍ നായരെ നിര്‍ബ്ബന്ധിച്ചു. അങ്ങനെ സേനാ മേധാവികളും ഗോവിന്ദന്‍ നായരും കൂടി കുട്ടപ്പനെ അതിര്‍ത്തിയിലെ സ്ട്രാറ്റജിക് പോയന്റിലേക്ക് കൊണ്ടുപോയി.
കുട്ടപ്പന്റെ ചുമലില്‍ പിടിച്ച് ഒരു ഭാഗത്തേക്ക് തിരിച്ചു നിര്‍ത്തി ആകാശത്തേക്ക് കൈ ചൂണ്ടി വായുസേനാ മേധാവി പറഞ്ഞു, “ദേ വരുന്നു പാകിസ്ഥാന്‍ വിമാനം, നീ അതിനെ കരിച്ചു കള”. കുട്ടപ്പനു ഭാഷ പിടി കിട്ടിയില്ല, ഗോവിന്ദന്‍ നായര്‍ തര്‍ജ്ജമ ചെയ്തു. കുട്ടപ്പന്‍ നോക്കിയിട്ട് വിമാനമൊന്നും കണ്ടില്ല, ആ വിവരം ഗോവിന്ദന്‍ നായരോടു പറയുകയും ചെയ്തു. അപ്പോള്‍ നാവിക സേനാ മേധാവി കുട്ടപ്പനെ മറ്റൊരു ആംഗിളില്‍ നിര്‍ത്തി അകലേക്ക് കൈ ചൂണ്ടി പറഞ്ഞു, “ദാ അവിടെ നിന്ന് ഒരു വിമാനം വന്നു കൊണ്ടിരിക്കുന്നു, അതിനെ നോക്കി എന്തെങ്കിലും പറയൂ” അപ്പോഴും കുട്ടപ്പനൊന്നും കണ്ടില്ല. എല്ലാവരും പരിഭ്രാന്തരായി. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ വിമാനങ്ങള്‍ എത്തി ബോംബിടുമല്ലോ എന്ന ചിന്തയില്‍ എങ്ങനെയെങ്കിലും കുട്ടപ്പനെ കൊണ്ട് വിമാനങ്ങള്‍ നശിപ്പിക്കാനായ് കരസേനാ മേധാവി പറഞ്ഞു, “കുറ്റപ്പന്‍ അങ്ങകലേക്ക് സൂക്ഷിച്ച് നോക്കണം, വിമാനമല്ല കാണുക, അവിടവിടെയായി ഒരു ചെറിയ പൊട്ടുപോലെ അത് വിമാനങ്ങളാണ്. അടുത്തെത്തിയിട്ട് പിന്നെ പറഞ്ഞാല്‍ ഒരു ഗുണവുമില്ല, നമ്മളെല്ലാം ചാവും”. ഗോവിന്ദന്‍ നായര്‍ എല്ലാം വിശദമായ് കുട്ടപ്പനു തര്‍ജ്ജമ ചെയ്തു കൊടുത്തു. കുട്ടപ്പന്‍ കാര്യമായ് സൂക്ഷ്മമായ് നോക്കിയപ്പോള്‍ വിമാനങ്ങള്‍ കണ്ടു. ഉടനെ കുട്ടപ്പന്‍ പറഞ്ഞു, “പണ്ടാറടങ്ങാനായിട്ട് നിങ്ങടെയൊക്കെ കണ്ണിന്റെ കാഴ്ച്ചേ, സമ്മതിക്കണം”. പറഞ്ഞു തീര്‍ന്നതും “അയ്യോ” എന്ന് മൂന്നു സേനാനായകരും അലറിക്കരഞ്ഞു. മൂന്നെണ്ണത്തിന്റേയും കണ്ണിന്റെ കാഴ്ച്ച പോയി. അവര്‍ തപ്പി തടഞ്ഞ് നടക്കുന്നതിനിടയില്‍ കുട്ടപ്പന്‍ എല്ലാ വിമാനങ്ങളും നശിപ്പിച്ചു. സേനാ നായകരുടെ കാഴ്ച്ച ശക്തി പോയതിനാല്‍ മേജര്‍ ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ കൊണ്ട് എല്ലാ ജോലികളും ഭംഗിയായ് ചെയ്യിച്ച് ഇന്ത്യയെ വിജയിപ്പിച്ചു.
പോരാന്‍ നേരം സേനാ മേധാവികളെ നോക്കി കുട്ടപ്പന്‍ പറഞ്ഞു, “എന്തൂട്ട ഇവര് കുരുടന്മാരുടെ പോലെ തപ്പി കളിക്കണേ” ഉടനെ മൂന്നു പേര്‍ക്കും കാഴ്ച്ച തിരിച്ചു കിട്ടി. കുട്ടപ്പന്റെ സ്പെഷല്‍ മിഷന്‍ തീര്‍ന്നതോടെ നിറയെ സമ്മാനങ്ങളുമായ് കുട്ടപ്പനെ ഹെലികോപ്റ്ററില്‍ കുട്ടാടന്‍ പാടത്തു കൊണ്ടിറക്കി. യൂണിഫോം ഊരി വലിച്ചെറിഞ്ഞ് ചാക്കു ചരടു കെട്ടിയ കാക്കി ട്രൌസറിട്ട് കുട്ടപ്പന്‍ കുട്ടികളുമായ് പന്തു കളി ആരംഭിച്ചു. ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ നോക്കി വിളിച്ചു പറഞ്ഞു, “അപ്പോ കുട്ടപ്പാ ഇനി പിന്നെ കാണാം”. കുട്ടപ്പനു ദേഷ്യം വന്നു, കുട്ടപ്പന്‍ പറഞ്ഞു, “ഇനി ഈ പണ്ടാറം ആന തുമ്പ്യേം കൊണ്ട് ഈ വഴിക്ക് വരണ്ട ട്ടാ”. ഇനി ഹെലികോപ്റ്ററില്‍ കയറിയിട്ട് വല്യ വിശേഷമൊന്നുമില്ലെന്നറിയാവുന്ന ഗോവിന്ദന്‍ നായര്‍ കുട്ടാടന്‍ പാടത്തേക്കിറങ്ങി ഡെല്‍ഹിയിലേക്കുള്ള വരമ്പത്തുകൂടെ വഴുക്കാതെ നടന്നു.....
Monday, September 03, 2007
തേങ്ങുകയറ്റക്കേസും തുടര്‍ സംഭവവും
പ്രതികരണവേദിയില്‍ പ്രതിപാദിച്ച കേസിങ്ങനെ തിക്കൊടി : വീട്ടുപറമ്പിലെ തേങ്ങ ഇടാത്തതിന് തെങ്ങുകയറ്റത്തോഴിലാളിക്ക് വീട്ടുടമയുടെ വക്കീല്‍ നോട്ടീസ് .തിക്കൊടി ആറാം കണ്ടം കണ്ടം നിലംകുനി എ.പി. ചാത്തുക്കുട്ടിയാണ് അഡ്വ: കെ രാമചന്ദ്രന്‍ മുഖേന തെങ്ങുകയറ്റത്തൊഴിലാളി വരിക്കോളിക്കുനി ശ്രീധരന് നോട്ടീസ് അയച്ചത് .കഴിഞ്ഞ മൂന്നുമാസമായി തേങ്ങ പറിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും തേങ്ങ വിഴുമെന്ന ഭയത്തില്‍ വീട്ടിനു പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പേരക്കുട്ടിയ്ക്ക് പുറത്തിറങ്ങി കളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. നോട്ടീസ് കിട്ടി പത്തു ദിവസത്തിനുള്ളില്‍ തേങ്ങ പറിച്ചു കൊടുക്കുകയോ , താല്പര്യമില്ലെങ്കില്‍ വീട്ടുടമയെ രേഖാമൂലം അറിയിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ വേറെ ആളെ കണ്ടെത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
അതിനുശേഷം സംഭവിച്ചതെന്തെന്നറിയാന്‍ വായനക്കാര്‍ക്ക് താല്പര്യമുണ്ടാവും എന്നതുകൊണ്ട്, മറ്റൊരു പോസ്റ്റ്:
വരിക്കോളിക്കുനി ശ്രീധരന്‍ (എളുപ്പത്തിനുവേണ്ടി വരിക്കോളി ശ്രീധരന്‍ എന്നാക്കാം) ദേഷ്യത്തില്‍ ഏണിയുമായ് തെങ്ങുകയറാന്‍ വരുന്നു. ഒരു തെങ്ങില്‍ കയറി 5 തേങ്ങയിടുന്നു. അഞ്ചും ഏണിയില്‍ വെച്ചുകെട്ടി വന്ന വഴിയെ തിരിച്ചു നടക്കുന്നു. ശ്രീമതി ചാത്തുക്കുട്ടി അതുകണ്ട്, വരിക്കോളിയോട് ചൊദിക്കുന്നു:
ശ്രീമതി: എന്താ ശ്രീധരാ, തേങ്ങയിട്ടീട്ട് ഒന്നും തരാതെ പോണത്?
ശ്രീധരന്‍: എന്ത് തേങ്ങ..നിങ്ങളെന്താ ഈ നാട്ടിലൊന്നും അല്ലേ ജീവിക്കണേ?
ശ്രീമതി: അതെന്താ ശ്രീധരാ അങ്ങനെ പറേണേ?
ശ്രീധരന്‍: അപ്പോ തെങ്ങുകയറ്റ തൊഴിലാളികളുടെ അവകാശത്തെപ്പറ്റിയൊന്നും വക്കീല്‍ സാറ് പറഞ്ഞു മനസ്സിലാക്കീട്ടില്ലേ?
ശ്രീമതി: അതെന്തായാലും ശരി, എനിക്ക് കൂട്ടാനിലരക്കാന്‍ തേങ്ങ വേണം.
ശ്രീധരന്‍: എന്നാ, ഞാന്‍ പറഞ്ഞു തരാം. കേറാന്‍ ഒരു തേങ്ങ, എറങ്ങാന്‍ ഒരു തേങ്ങ, പിന്നെ ഒരെണ്ണം എന്റെ ശരിക്കുള്ള കൂലി, പിന്നെ ഒരെണ്ണം നിങ്ങളെനിക്കു തരും.
ശ്രീമതി: അപ്പഴും ഒരെണ്ണം ബാക്കിയില്ലേ ശ്രീധരാ?
ശ്രീധരന്‍: അത് ഞാന്‍ തരില്യാ. എന്തായാലും കേസു കൊടുത്തിരിക്കല്ലേ, ഈ തേങ്ങേം കൂടി ചേര്‍ത്തോളാന്‍ പറ.
വരിക്കോളി വലതുവശത്തു ഏണി വെച്ച് ഇടതുവശം ചേര്‍ന്ന് പുറത്തേക്കു നടക്കുമ്പോള്‍ പിറുപിറുത്തത് തേങ്ങയുടെ കൂടെ പലതും ചേര്‍ത്ത് കൊഴുപ്പിച്ചായിരുന്നത് എന്നുള്ളതുകൊണ്ട് ഞാന്‍ തന്നെ സെന്‍സര്‍ ചെയ്തിരിക്കുന്നു.
Saturday, September 01, 2007
അയ്യപ്പന്റെ ഉത്സവങ്ങള്‍
കൂടല്‍മാണീക്യം ക്ഷേത്രത്തില്‍ ശീവേലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്നു. എല്ലാവരും മേളത്തിനൊപ്പം തന്നെ കൈ മുകളിലേക്കുയര്‍ത്തി താളം പിടിക്കുന്നു. ചിലര്‍ മൊത്തത്തില്‍ ആടുന്നുണ്ട്. അതില്‍ അയ്യപ്പനുമുണ്ട്. അയ്യപ്പന്‍ താളം പിടിച്ച് ആടുന്നതല്ല. ആടാതെ നില്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥയുള്ളതുകൊണ്ടാണ്. അയ്യപ്പന്‍ മറ്റുള്ളവരെ പോലെ ഉത്സവത്തെ അമ്പലത്തിന്റെ മതില്‍ക്കെട്ടിനകത്ത് തളച്ചിടുന്ന സങ്കുചിത മനസ്ക്കരില്‍ പെട്ടവനല്ലെന്നു ചുരുക്കം.
അമ്പലത്തിനു പുറത്ത് ഉത്സവം ആഘോഷിച്ച് സമയം കിട്ടിയപ്പോള്‍ ഹേയ്, ഇവിടെന്താ ഒരൊച്ചേം ബഹളോം ആള്‍ക്കൂട്ടോം എന്നറിയാന്‍ വന്നപ്പോള്‍ ആ തിരക്കിനിടയില്‍ പെട്ട് നിന്ന് ആടുന്നതാണ്. ഏതായാലും വന്ന് പെട്ടുപോയ്, ആട്ടം നിന്നാല്‍ പിന്നെ ഉത്സവം കാണാന്‍ രസംണ്ടാവില്ല. നെറ്റിപട്ടം കെട്ടിയ ആനകളെ നോക്കി പല്ലു കടിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചു നോക്കി. പക്ഷെ അവ അയ്യപ്പനെ ശ്രദ്ധിക്കാതെ പട്ടയൊടിച്ച് ആസ്വദിച്ച് തിന്നുന്നു. അതുകണ്ടപ്പോള്‍ അയ്യപ്പനും പട്ട ഓര്‍മ്മ വന്നു. കുടിച്ച പട്ട ശിരസ്സിലേക്ക് ഇരമ്പിയാര്‍ത്തു. പാപ്പാനെ നോക്കി കൈ കൊണ്ട് ഒരു ചെറുതടിക്കണോ എന്ന് ആംഗ്യം കാട്ടി. പാപ്പാന്‍ അയ്യപ്പനെ നോക്കിയൊന്നു ചിരിച്ചു, പിന്നെ ആനയുടെ ചെവിത്തോട്ടി കൊണ്ട് ദൂരെയുള്ള പട്ട വലിച്ച് ആനക്കിട്ടുകൊടുത്തു. ഹൂം ഇവനൊക്കെ എന്ത് ഉത്സവാഘോഷാ നടത്തണേ, ശവ്യോള്... രണ്ടെണ്ണടിക്കാണ്ട് ഇവടെ നിന്ന് കയ്യും കാലുമിട്ടടിച്ച് അയ്യേ... ഈ നേരം ആ കവലേല് നിന്നാ ഷെയറു കൂടി രണ്ടെണ്ണം കൂടി അടിച്ച് പിന്നെ ആരെയെങ്കിലും പിടിച്ചടിച്ച് അവരുടെ കയ്യീന്ന് കണക്കിനു വാങ്ങി വീട്ട്യേ പോയാ കെടന്നൊറാങ്ങാര്‍ന്നു. ഇതിപ്പോ ഈ ശവികള്‍ക്കൊരു ബോധോം ഇല്യ... നിന്ന് താളം പിടിച്ച് വെയര്‍ക്ക്വാ....ഇപ്പ ശര്യാക്കിത്തരാം...ട്ടാ ആനയുടെ ചന്തം നോക്കി നിന്നിരുന്ന ഒരാളെ അയ്യപ്പന്‍ തോണ്ടി..
അയാള്‍: ഊം എന്തേ?
അയ്യപ്പന്‍: ഉത്സവം എപ്പഴാ തീര്വാ?
അയാള്‍: ഇവടത്തെ മേളം കഴിഞ്ഞാ പിന്നെ തീര്‍ന്നു.
അയ്യപ്പന്‍: അതല്ലേ തന്നോട് ഞാന്‍ മലയാളത്തില് ചോദിച്ചത്.. ഇവടത്തെ മേളം എപ്പഴാ തീര്വാന്ന്?
അയ്യപ്പന്റെ ആട്ടവും വര്‍ത്തമാനവും പന്തിയല്ലെന്ന് കണ്ട് അയാള്‍ തിരക്കിനിടയിലേക്ക് വലിഞ്ഞു. അതുകണ്ട് അയ്യപ്പന്‍ ആത്മഗതം: “ഉത്സവം കഴിഞ്ഞാ ഷെയറ് കൂടി രണ്ടെണ്ണം അടിക്കാന്നു വച്ചപ്പോ അവനു യോഗംല്യാ, അപ്പളക്കും പെണങ്ങി...”
മേളം മുറുകി ആളുകളുടെ കൈകളും അതിനൊപ്പം വായുവില്‍ താളം മുറുക്കി. അതിനിടയില്‍ അയ്യപ്പന്‍ ഒരാളെ വീണ്ടും തോണ്ടി. അയാള്‍ താളമിട്ടുകൊണ്ട് തന്നെ അയ്യപ്പനെ നോക്കി തലകൊണ്ട് ചോദ്യഭാവത്തില്‍ ആക്ഷന്‍ കാണിച്ചു. അയ്യപ്പന്‍ അയാളോട് കൈ താഴത്തിട്ട് അടുത്തേക്ക് വരാന്‍ പറഞ്ഞു. എന്തോ അത്യാവശ്യമായിരിക്കുമെന്നറിഞ്ഞ് അയാള്‍ മേളത്തിന്റെ ഈണത്തില്‍ നിന്ന് അയ്യപ്പന്റെ ആട്ടത്തിലേക്ക് ശ്രദ്ധതിരിച്ചു. നല്ല ഉയരമുള്ള അയാള്‍ അയ്യപ്പന്‍ പറയുന്നത് കേള്‍ക്കാന്‍ കുനിഞ്ഞ് കാത് അയ്യപ്പന്റെ വായിലേക്ക് കൊടുത്തു. അയ്യപ്പന്‍ ചോദിച്ചു,
അയ്യപ്പന്‍: എത്ര ആനിണ്ട് ഈ ഉത്സവത്തിന്?മേളത്തിന്റെ തിരക്കും അയ്യപ്പന്റെ കുഴഞ്ഞ ശബ്ദവും കാരണം അയാളതു ശരിക്കും കേട്ടില്ല.
അയാള്‍: എന്താ പറഞ്ഞേ?, ഒന്നു കൂടി ചെവി അയാളോടു ചേര്‍ത്തു, പിന്നെ വാസനത്തൈലം മണത്ത ഉടനെ അയാള്‍ മുഖം എതിര്‍ദിശയിലേക്കു പിടിച്ചു.
അയ്യപ്പന്‍: ഉത്സവത്തിനെത്ര ആനിണ്ട്ന്ന്?
അയാള്‍: കണ്ടൂടെ, പതിനേഴെണ്ണം.
അയ്യപ്പന്‍: ആനെ കണ്ടു... പക്ഷെ ആന കാണിക്കണ കണ്ടാ?
അയ്യപ്പന്‍: താനൊക്കെ ഇവടെ താളം പിടിച്ച് നിന്നാ പിന്നെ എങ്ങന്യാ കാണ്വാ?
അയ്യപ്പന്‍ അയാളെ തിരക്കിലൂടെ മറ്റൊരു സ്ഥലത്ത് ആനയുടെ മുന്നിലേക്ക് കൊണ്ടു വന്നു നിര്‍ത്തി. എന്നീട്ട് ചോദിച്ചു.അയ്യപ്പന്‍: ഇപ്പ കണ്ടാ?
അയാള്‍ക്കൊന്നും മനസ്സിലായില്ല. അയാള്‍ തിരിച്ചു ചോദിച്ചു. എന്തു കണ്ടോന്ന്?
അയ്യപ്പന്‍: എടാ മൈ......(അയാളുടെ ആരോഗ്യവും നോട്ടവും കണ്ട് പൂര്‍ത്തിയാക്കാതെ) മേന്‍നെ... ആ നടുവിലു നിക്കണ ആനെ ശ്രദ്ധിച്ചാ? അവന്‍ ചെവിട്ട് ആട്ടണ കണ്ടാ?
അയാള്‍: ഉവ്വ്. ആന ചെവിയാട്ടുന്നത് ഇയാളാദ്യായിട്ടാ കാണണേ?
അയാളുടെ മറുചോദ്യം അയ്യപ്പിനിഷ്ടായില്ല. അയ്യപ്പന്‍ പറഞ്ഞു.
അയ്യപ്പന്‍: ടാ മോനേ, വേണ്ട എന്റടുത്തുവേണ്ടാ ട്ടാ, കളിച്ചാ കളി പഠിക്കും. അതുകള..അയാള്‍ക്കരിശം വന്നു.
അയാള്‍ ദേഷ്യത്തോടെ ചോദിച്ചു, തനിക്കിപ്പ എന്താ വേണ്ടേ?
അയ്യപ്പന്‍: ഹോ, ചോദ്യം കേട്ടാ തോന്നും എന്തു ചോദിച്ചാലും ഇയാളിനിക്ക് വാങ്ങിത്തരുംന്ന്. മേന്‍ന്നേ അതുവേണ്ട, നീ മറ്റേ ആനേ കണ്ടാ?
തലയൂരാന്‍ പറ്റാതെ ദേഷ്യത്തോടെ അയാള്‍: ഏത് ആന?
അയ്യപ്പന്‍: (ഒരറ്റത്ത് നില്‍ക്കുന്ന ആനയെ ചൂണ്ടി) ദേ ദാ ആന...
അയാള്‍: അതിനെന്താ കൊഴപ്പം?അയ്യപ്പന്‍: അത് ചെവി ആട്ട്‌ണില്യ..അതന്നെ. ഇപ്പ മനസ്സിലായാ...
അയാള്‍ ദേഷ്യം ഉള്ളിലൊതുക്കി. ഒരു സീന്‍ ഉണ്ടായാല്‍ അയാള്‍ക്കാ മോശം എന്ന് തിരിച്ചറിഞ്ഞ് മിണ്ടാതിരുന്നു. പെട്ടെന്ന് അയ്യപ്പന്റെ മുന്നില്‍ നിന്ന് മാറാന്‍ അയാളൊരു ശ്രമം നടത്തി. പക്ഷെ അയ്യപ്പന്‍ വിട്ടില്ല. അയാളെ തടഞ്ഞു,
അയ്യപ്പന്‍: ആ ആനെയെന്താ ചെവി ആട്ടാത്തെ? താന്‍ വെല്യ കോപ്പിലെ നായരല്ലേ, തന്റെ അച്ഛനു പണ്ട് ആനെണ്ടാര്‍ന്നതല്ലേ... അല്ലടോ മേന്‍ന്നേ.. ഞാന്‍ കുടിച്ചാലൊന്നും എന്റെ ഓര്‍മ്മക്കൊരു കൊഴപ്പോംല്യ.. നിനക്കതറിയോ? (പിന്നെ പല്ലു കടിച്ചു ശബ്ദമുണ്ടാക്കുന്നു)
ഉത്സവം കൊട്ടിക്കലാശമായതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നറിഞ്ഞ് സമാധാനത്തോടെ അയാള്‍ അയ്യപ്പനെ വിട്ട് തിരിഞ്ഞ് മേളത്തിലേക്ക് ശ്രദ്ധിച്ചു. ഒരാന പട്ട തുമ്പിക്കയ്യുകൊണ്ട് പൊക്കി ദേഹത്ത് രണ്ടു ഭാഗത്തും തട്ടി പിന്നെ വായിലിട്ട് ചവച്ചു. അയ്യപ്പന്റെ പട്ടയുടെ വീര്യവും കൊട്ടിക്കലാശത്തിലേക്ക് വന്നതുകൊണ്ട് അയാളെ പറഞ്ഞയക്കാതെ അയ്യപ്പന്‍ കയ്യില്‍ പിടിച്ചു വലിച്ചു.
അയ്യപ്പന്‍: ടാ ഇബടെ, നീയെവട്യാ നോക്കണേ, ചോദിച്ചേനുത്തരം പറഞ്ഞട്ട് പോയാ മതി. ആ ആനെന്താ ചെവ്യാട്ടാത്തേന്നു പറഞ്ഞട്ട് പോയാ മതിറാ നീ...(കയ്യില്‍ ബലമായ് പിടിക്കുന്നതോടൊപ്പം കാലുറക്കാതെ നിന്നാടുന്നു.)അയാള്‍ തിരിഞ്ഞ് നിന്ന് ചെവിക്കുറ്റി നോക്കി ഒരൊറ്റയടി കൊടുത്തു. അയ്യപ്പന്‍ പമ്പരം കറങ്ങുന്ന പോലെ തിരിഞ്ഞ് തിരക്കിനിടയില്‍ വീണു. മേളം തീര്‍ന്നു. ആളുകള്‍ പിരിഞ്ഞു, അയ്യപ്പന്‍ ആളുകളുടെ കാലുകള്‍ക്കിടയില്‍ കിടന്നു പരുങ്ങി. പിന്നെ ലുങ്കി വാരി വലിച്ചുടുത്ത് എഴുന്നേറ്റ് നിന്ന് ഒരാളോടു ചോദിച്ചു, “ഉത്സവം തീര്‍ന്നാ?...”
NB: അയ്യപ്പന്‍ ദേശ-ഭാഷാ വ്യത്യാസമില്ലാതെ പല രൂപങ്ങളില്‍ ഭാവങ്ങളില്‍ ഉത്സവങ്ങളിലും, പെരുന്നാളിലുമൊക്കെ സംബന്ധിച്ചുകൊണ്ടേയിരിക്കുന്നു. ജനറല്‍ നോളജ്ജില്ലാത്ത ജനങ്ങള്‍ അറിയാനുള്ള അയ്യപ്പന്റെ ജിജ്ഞാസയെ അടിച്ചൊതുക്കുന്നു.
Friday, July 27, 2007
സ്വയം വിരമിക്കല്‍ പദ്ധതിയുടെ നിബന്ധനകള്‍
കണ്ടു മടുത്ത മുഖങ്ങള്‍ അഹോരാത്രം പണിപ്പെട്ട് സ്ഥാപനത്തെ ഒരു വഴിക്കാക്കിയിരിക്കുന്നു എന്നു ബോധ്യം വന്ന പല കമ്പനികളും, നേരം പോകാനായ് മാത്രം ഓഫീസില്‍ വന്ന് പേപ്പര്‍ വായനയും, ടെലിഫോണ്‍ സംഭാഷണങ്ങളും നടത്തി പിന്നെ സമയമുണ്ടെങ്കില്‍ തൊട്ടടുത്തുള്ളവനെ കൂടി പണിയെടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരെ, പകുതി ശമ്പളം വീട്ടില്‍ കൊണ്ടുവന്നു കൊടുത്തീട്ടായാലും സ്ഥാപനത്തിന്റെ ഏഴയലത്ത് വരാതിരിക്കാനായ് വി.ആര്‍.എസ് പദ്ധതി ആരംഭിച്ചീട്ട് കുറേ വര്‍ഷങ്ങളായി. എന്നാല്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടുവെന്ന സ്ഥിതിയിലായ് പല സ്ഥാപനങ്ങളിലേയും വി.ആര്‍.എസ് പദ്ധതികള്‍. കാരണം അല്പ-സ്വല്പം കഴിവുള്ളവര്‍ കിട്ടിയ ആനുകൂല്യങ്ങള്‍ വാങ്ങിച്ച് മുമ്പത്തേക്കാള്‍ നല്ല ശമ്പളത്തില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. ഒടുവില്‍ സ്ഥാപനങ്ങളില്‍ അവശേഷിച്ചവരില്‍ പലരും പത്രപാരായണരും, ടെലിഫോണ്‍ ബിസിനസ്സുകാരും, നിരവധി തവണ ടോയ്‌ലെറ്റില്‍ സമയം ചിലവഴിക്കുന്നവരുമായിരുന്നു. എന്തിനേറെ പറയുന്നു, പല സ്ഥാപനങ്ങള്‍ക്കും സി.ആര്‍.എസ് (കമ്പത്സറി റിട്ടയര്‍മെന്റ്) കൊടുത്ത് ആളുകളെ ഒഴിവാക്കേണ്ട ഒരു അവസ്ഥ സംജാതമായി. അങ്ങനെ കഴിവുള്ളവരെല്ലാം നഷ്ടപ്പെട്ട ഒരു സ്ഥാപനം ഒടുവില്‍ ഒരിക്കല്‍ കൂടി അവശേഷിക്കുന്ന കുളാണ്ടര്‍മാരെ ഒഴിവാക്കുവാന്‍ ഒരു വി.ആര്‍.എസ് പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. മുംബൈ സ്ഥാപനം നോട്ടീസ് ബോര്‍ഡിലിട്ട അതിലെ ചില നിബന്ധനകള്‍ പരിശോധിക്കാം.
- നാല്പതു വയസു പൂര്‍ത്തിയായവരും, പത്തു വര്‍ഷമായ് ഓഫീസ് റെക്കോര്‍ഡില്‍ പേരുള്ളവരും മുന്‍പ് പ്രഖ്യാപിച്ച വി.ആര്‍.എസ്. കണ്ടില്ലെന്നു നടിച്ചവരും
- നാല്പതു വയസ്സായിട്ടില്ലെങ്കിലും, ഒരു നാല്പതു വയസ്സ് ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍
- സ്വന്തം ലീവെല്ലാം തീര്‍ത്ത് ഓണ്‍ ഡ്യൂട്ടിയില്‍ വീട്ടിലിരിക്കുന്നവര്‍
- അച്ഛനോ അമ്മയോ മരിച്ചുവെന്നു കാണിച്ച് രണ്ടില്‍ കൂടുതല്‍ പ്രാവശ്യം പ്രിവിലേജ് ലീവില്‍ പോയിട്ടുള്ളവര്‍
- സ്ഥാപനത്തിന്റെ ചിലവില്‍ വിദേശയാത്ര നടത്തുകയും ഇതുവരേയും തിരിച്ചുവരാതെയും ഇരിക്കുന്നവര്‍
- ഇതുവരേയും സ്ഥാപനത്തിന്റെ ചെയര്‍മാന്റെ പേരറിയാത്തവര്‍
- മേലധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍
- മേലധികാരികളേക്കാള്‍ കൂടുതല്‍ നേരം ഓഫീസില്‍ ചെലവഴിക്കുന്നവര്‍
- എപ്പോഴും ടെലിഫോണ്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍
- മേലധികാരികളേക്കാള്‍ കൂടുതല്‍ മസിലുകള്‍ തങ്ങളിലുണ്ടെന്ന് പ്രദര്‍ശിപ്പിച്ചവര്‍
- ആള്‍ക്കൂട്ടത്തിലോ ഇരുട്ടത്തോ കിട്ടിയാല്‍ കുറഞ്ഞപക്ഷം മേലധികാരികളെ തുപ്പിയെങ്കിലും പ്രതികാരം ചെയ്യുമെന്ന് മനസ്സില്‍ കരുതുന്നവര്‍
- സ്ഥാപനത്തിനു അവധിയാണെന്നു കരുതി പലപ്പോഴും ഓഫീസില്‍ വരാത്തവര്‍
- കഠിനമായ മഴമുലം ലോക്കല്‍ ട്രെയിനുകള്‍ ഇല്ലാതാവുമ്പോള്‍ മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ മാത്രം എങ്ങനെയെങ്കിലും ഹാജരാവുന്നവര്‍
- സ്ഥാപനത്തില്‍ നിന്നും ഇന്ററസ്റ്റ് ഫ്രീ ലോണ്‍ എടുത്ത് മറ്റു സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍
- സ്വന്തം കസേരയിലിരുന്ന് താന്‍ പാര്‍ക്കിലോ ബാര്‍ബര്‍ ഷോപ്പിലോ ആണെന്നു കരുതി വെറുതെ ഇരുന്നു വട്ടം കറങ്ങുന്നവര്‍
- ഓഫീസ് ടോയ്‌ലെറ്റിലെ കമ്മോഡില്‍ കയറി രണ്ടില്‍ കൂടുതല്‍ പ്രാവശ്യം ഉരുണ്ടു വീണവര്‍
- മേലുദ്യോഗസ്ഥന്‍ ജോലി ഏല്‍പ്പിക്കുമ്പോള്‍ ഓ.ക്കെ പറയുകയും തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ചീത്ത വിളിക്കുകയും ചെയ്യുന്നവര്‍
- ലോക്കല്‍ ട്രെയിനില്‍ ജനാലയില്‍ കയറി യാത്ര ചെയ്യുന്നവര്‍
നിങ്ങളുടെ മനസ്സില്‍ ഇനിയും ഉള്‍പ്പെടുത്തേണ്ട നിബന്ധനകള്‍ ഉണ്ടെന്ന് തോന്നിയാല്‍ എഴുതാന്‍ മറക്കരുത് എന്നു മാത്രം അറിയിച്ചുകൊണ്ട്
സസ്നേഹം
Tuesday, July 17, 2007
പോളേട്ടനും പിണ്ടി പെരുന്നാളും
അങ്ങനെ കാത്തുകാത്തിരുന്ന പിണ്ടി പെരുന്നാള്‍ വന്നു. പോളേട്ടന്‍ പതിവുപോലെ കാഷ്വല്‍ ലീവെടുത്ത് റോസിയേയും പിള്ളേരേയും കൂട്ടി പള്ളിയില്‍ പോയി. പള്ളിയിലെ ഒരു നിത്യസന്ദര്‍ശകനല്ലാത്തതുകൊണ്ട് അച്ചന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ പോളേട്ടനു മടിയായിരുന്നു. അതുകൊണ്ട് പിന്നിലെ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ സ്ഥാനമാണ് പോളേട്ടന്‍ തിരഞ്ഞെടുത്തത്. കുര്‍ബ്ബാന തുടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പോളേട്ടന്‍ രണ്ടാള്‍ക്കപ്പുറം നില്‍ക്കുന്ന വര്‍ഗ്ഗീസിനെ കണ്ടത്. കഴിഞ്ഞ മാസത്തെ പറ്റു തരാതെ മുങ്ങി നടക്കുകയായിരുന്നു വര്‍ഗ്ഗീസ്. പോളേട്ടന്‍ വേഗം രണ്ടുപേരുടേയും അപ്പുറത്തേക്ക് വലിഞ്ഞു നീങ്ങി വര്‍ഗ്ഗീസിന്റെ തോളോടു ചേര്‍ന്നു നിന്നു. പോളേട്ടനെ കണ്ട് വര്‍ഗ്ഗീസ് അബദ്ധത്തില്‍ അപ്പി ചവിട്ടിയതുപോലെ അനങ്ങാന്‍ വയ്യാതെ അറച്ചു നിന്നു. പോളേട്ടന്‍ ശബ്ദം താഴ്ത്തി ചോദിച്ചു,
“കഴിഞ്ഞ മാസത്തെ കാശിതുവരെ കിട്ടീട്ടില്യാട്ടാ”
വര്‍ഗ്ഗീസ് (ശബ്ദം താഴ്ത്തി): നല്ല ഓര്‍മ്മിണ്ട്.
പോളേട്ടന്‍: (ശബ്ദം കുറച്ച് കൂട്ടി): ഓര്‍മ്മില്യാണ്ടിരിക്കാന്‍ മാത്രം പ്രായൊന്നും ആയിട്ടില്ലല്ലോ നെനക്ക്. നീ കളിക്കാണ്ട് കാശെപ്പഴാ തര്വാന്നു പറ
വര്‍ഗ്ഗീസ്: (ശബ്ദം ഒന്നു കൂടി താഴ്ത്തി): പതുക്കെ പറ പോളേട്ടാ, ആള്‍ക്കാരു കേക്കും. ഞാനെങ്ങടും ഓടിപ്പോണൊന്നുംല്യ.
പോളേട്ടന്‍: (പള്ളിയ്ക്കുള്ളിലാണെന്നതു മറന്ന്) നീ ഓട്വേ, ചാട്വേ എന്തുവേണംങ്കിലും ചെയ്തോ, പിണ്ടി പെരുന്നാളായിട്ട് ചെലവൊള്ളതാ, നീ കാശെടുത്തേന്‍.
ആളുകള്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നു. വര്‍ഗ്ഗീസ് ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നു കാണിക്കുവാന്‍ എല്ലാവരേയും നോക്കി ചിരിക്കുന്നു. അതു കണ്ട് പോളേട്ടനു ദേഷ്യം വന്ന്
പോളേട്ടന്‍: നീ ഉന്തൂട്ടാണ്ടാ പൊട്ടന്‍ ഡാഷ് കണ്ട പോലെ ചിരിക്കണേ, ഇതു നല്ല കൂത്ത്, കാശെടുക്കാന്‍ പറയുമ്പോ നിന്ന് ചിരിക്ക്വേ
ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ മാത്രമല്ല, വികാരിയച്ചന്റെ ശ്രദ്ധയും അങ്ങോട്ടു തിരിഞ്ഞതു കണ്ട് പോളേട്ടന്‍ അല്പം ശാന്തനാവുന്നു. വികാരിയച്ചന്‍ തന്റെ പ്രസംഗം ഒന്നു നിര്‍ത്തി, പിന്നില്‍ നില്‍ക്കുന്നവര്‍ കേള്‍ക്കാനായ് പറഞ്ഞു, “ഞാനിവിടെ ഒരു കാര്യായിട്ടുള്ള കാര്യം പറയുമ്പോ, പുറകില്‍ നിന്ന് നാട്ടുവര്‍ത്താനം പറയുന്നത് അത്ര ശരിയല്ല. അതുപോലെ കുട്ടികളോടിക്കളിക്കാതെ ഒരു ഭാഗത്തിരിക്കണം”.
പോളേട്ടന്‍ വര്‍ഗ്ഗീസിന്റെ കയ്യില്‍ തോണ്ടി. വര്‍ഗ്ഗീസ് പറഞ്ഞു, “എറച്ചി കടേല് കാണാം”
പോളേട്ടന്‍: കണ്ടാ പോരാ, കാശു കൊണ്ടരണം
വര്‍ഗ്ഗീസ്: ങാ ശരി, മിണ്ടാണ്ടിരിക്ക്
കുര്‍ബ്ബാന കഴിഞ്ഞ് അച്ചന്‍ വിളിപ്പിക്കണേനു മുന്നേ റോസ്യേം പിള്ളേരേം കൂട്ടി പോളേട്ടന്‍ വീട്ടിലേക്കു പോന്നു. അതിനെടക്ക് വര്‍ഗ്ഗീസ് മുങ്ങിയിരുന്നു. ഉച്ചക്ക് പതിവുപോലെ റോസീം പോളേട്ടനും വീശി ഉഷാറായി. സന്ധ്യക്ക് പ്രദക്ഷിണം കാണാന്‍ എല്ലാവരും യാത്രയാവുമ്പോഴാണ് റോസിയുടെ ഒരേ ഒരു കുഞാങ്ങളയും പോളേട്ടന്റെ ഒരേ ഒരു അളിയനുമായ പട്ടാളത്തിലുള്ള ഫ്രാന്‍സിസ് കേറി വന്നത്. ജന്മനാല്‍ തന്നെ പേരിനു ലോപസന്ധിയും, ആഗമനസന്ധിയും ഒരേ സമയം പിടി പെട്ടതിനാല്‍ അയാള്‍ എല്ലാവര്‍ക്കും പ്രാഞ്ചിയായി മാറിയിരുന്നു. ഏകദേശം പത്തിരുപത്തൊമ്പതു വയസ്സുള്ള പ്രാഞ്ചി ശരീരപ്രകൃതിയില്‍ പോളേട്ടനു കടകവിരുദ്ധമായിരുന്നു. ഒത്ത ഉയരവും തടിയും കട്ടിയുള്ള മീശയും. വന്ന പാടെ പ്രാഞ്ചി വെടിപൊട്ടിക്കുന്ന തരത്തില്‍ പറഞ്ഞു, “ഹയ്, ഇതെന്തൂട്ടിനണ് എല്ലാരും കൂടി ത്ര നേര്‍ത്തേ അങ്ങട് പോണത്, പ്രദക്ഷണം തൊടങ്ങാന്‍ നേരെത്ര്യാ കെടക്കണേ”.
പോളേട്ടന്‍: നീ വന്നട്ട് പീട്യേല് കേറി നിന്റെ തിരുമോന്ത ഒന്നു കാട്ട്യതല്ലാതെ പിന്നെ നിന്നെ ഇങ്ങട് കണ്ടില്യല്ല.
റോസി: അവന്‍ ഇവടെ ഒന്നു രണ്ടു പ്രാശം വന്നട്ട്ണ്ടായിരുന്നു. അതിനു പാതിരക്ക് വരണ നിങ്ങളെങ്ങന്യാ അവനേ കാണണേ..
പ്രാഞ്ചി: അങ്ങന്യങ്ങട് പറഞ്ഞു കൊട്ക്ക് റോസ്യേച്ച്യേ.. അതേയ് പിണ്ടിപെരുന്നാളായിട്ട് നമുക്കൊന്നുഷാറാവണ്ടേ, റോസ്യേച്ചിം പിള്ളേരും പൊക്കോട്ടെ, നമുക്കങ്ങടെത്ത്യാ പോരേ.
പോളേട്ടന്‍ (റോസിയെ നോക്കി): അതു പിന്നെ
റോസി: രണ്ടാളും പോണതൊക്കെ കൊള്ളാം - പ്രദക്ഷിണം തൊടങ്ങുമ്പഴക്കും ആള്‍ക്കാരെക്കൊണ്ടു പറേപ്പിക്കാതെ അങ്ങടെത്തണം.
പ്രാഞ്ചി: അതു പിന്നെ പറയണോ, ഞാനില്ലേ കൂടേ
റോസി: അതോണ്ടാ എന്റെ പേടി
പ്രാഞ്ചി: നീ ഒന്നു പോടി റോസ്യേച്ച്യേ...
റോസിയും കുട്ട്യോളും ചിരിച്ചു വീടു പൂട്ടി പുറത്തേക്ക് നടന്നു. പോളേട്ടനും പ്രാഞ്ചിയും കൂടെ കവല വരെ നടന്നു. പിന്നെ പോളേട്ടനും പ്രാഞ്ചിയും കൂടി ഷാപ്പിലേക്കു നടന്നു. നടക്കുമ്പോള്‍ പ്രാഞ്ചി പറഞ്ഞു, “ഞാന്‍ മിലിട്ടറി ക്വോട്ടയില്‍ ഒരു കുപ്പി പോളേട്ടനു കരുതീരുന്നതാ, അതാ ലോനപ്പന്‍ കാലത്തു തന്നെ നല്ല വെല തന്ന് വാങ്ങീട്ടുപോയി. അപ്പ തൊട്ട് ഒരു കുറ്റബോധം. എന്നാ പിന്നെ അതു തീര്‍ത്തട്ട് തന്നെ കാര്യംന്ന് കരുതി. അതോണ്ടാ ഇപ്പ തന്നെ കൂടാന്നു കരുതീത്. പോളേട്ടന്‍ ഒന്നും മിണ്ടിയില്ല, മനസ്സില്‍ റോസ്യേം പിള്ളേരെം തന്നെ വിടേണ്ടി വന്നല്ലോ എന്ന വിചാരമായിരുന്നു.
രണ്ടുപേരും കുടി തുടങ്ങി. പ്രാഞ്ചി പട്ടാളക്കഥകളുടെ കെട്ടഴിച്ചു, ഓരോ വെടി പൊട്ടിക്കുന്നതിനിടയിലും പോളേട്ടന്‍ പിണ്ടിപെരുന്നാളിന്റെ പ്രദക്ഷിണം തൊടങ്ങുമ്പോഴേക്കും പള്ളിയിലെത്തേണ്ടതിന്റെ ആവശ്യം അറിയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടുപേരും നല്ലവണ്ണം പൂസായി. ഒരു കുപ്പി കള്ള് ബാക്കിയായി. പ്രാഞ്ചി കുപ്പിയെടുത്ത് പോളേട്ടന്റെ മുമ്പിലേക്ക് നീക്കി വച്ച് നിര്‍ബ്ബന്ധിച്ചു.
പ്രാഞ്ചി: ഇതങ്ങട് എട്ത്ത് അടിച്ചേന്‍
പോളേട്ടന്‍: എനിക്ക് പിണ്ടി പെരുന്നാള് കാണണ്ടതാ, ഇപ്പന്നെ നല്ലോണായി
പ്രാഞ്ചി: എന്റെ ഒരു സന്തോഷത്തിനല്ലേ, പോളേട്ടന്‍ അടിച്ചേന്‍, )(വലതു കൈകൊണ്ട് മീശ തലോടി വീണ്ടും പ്രാഞ്ചി പറഞ്ഞു), അടിക്ക് പോളേട്ടാ
പോളേട്ടന്‍: അതേ റോസിക്കതൊന്നും ഇഷ്ടാവില്യ, ബാ മ്മക്ക് പുവ്വാ
പ്രാഞ്ചി: റോസി എന്റെ പെങ്ങളാ, എനിക്കവളെ അളിയനു മുമ്പേ അറിയാം അതോണ്ട് റോസീടെ പേരു പറഞ്ഞൊഴിയണ്ടാ, പോളേട്ടനതങ്ങട് എടുത്തു പൂശ്യേന്‍.
പോളേട്ടന്‍: അതും കൂടി കുടിച്ചാ ഞാനിവടെ വീഴും. അപ്പ പിന്നെ പിണ്ടി പെരുന്നാളെങ്ങന്യാ കാണ്വാ
പ്രാഞ്ചി: (പോളേട്ടനെ മുഖം തന്റെ മുഖത്തേക്ക് പിടിച്ച്) പോളേട്ടാ, ഇങ്ങട് നോക്ക്യേന്‍, ഈ തോളു കണ്ടാ, വെടികൊണ്ട് വീണു കെടക്കണ പട്ടാളക്കാരെ ഇഷ്ടം പോലെ ഈ തോളിലിട്ട് കൊണ്ടോയിട്ടൊള്ളതാ, ഇന്നട്ടല്ലെ പാറ്റ കനംല്യാത്ത പോളേട്ടന്‍. ഞാനീ തോളിലിട്ത്ത് പോളേട്ടനെ പിണ്ടിപെരുന്നാള് കാണിക്കും. പോളേട്ടന്‍ അതെട്ത്ത് അടിച്ചേന്‍.
പോളേട്ടന്‍ ഒറ്റ വലിക്ക് കുപ്പി കാലിയാക്കുന്നു ബെഞ്ചിനും ഡെസ്ക്കിനുമെടക്ക് കമിഴ്ന്ന് വീഴുന്നു.
പ്രാഞ്ചി അത് നോക്കി അല്പനേരം ഇരുന്നു മീശ ഉഴിയുന്നു. പിന്നെ മുണ്ട് മടക്കി കുത്തി ബെഞ്ച് പിടിച്ചകത്തി എഴുന്നേല്ക്കുന്നു. അകത്തേക്കു നോക്കി വിളിക്കുന്നു.
പ്രാഞ്ചി: ടാ വേണു, പേളേട്ടന്‍ ഇവടെ വീണു കെടക്ക് ണ്ണ്ട്ട്ടാ, നീ ഷാപ്പ് പൂട്ടുമ്പോ എട്ത്ത് പൊറത്ത് വച്ചേക്ക്, ഞാന്‍ പിണ്ടിപെരുന്നാള് കണ്ട് വരുമ്പോ കൊണ്ടക്കോളാം.
പ്രാഞ്ചി മീശയുഴിഞ്ഞ് പുറത്തേക്കിറങ്ങി...