Showing posts with label പുസ്തക പരിചയം. Show all posts
Showing posts with label പുസ്തക പരിചയം. Show all posts
Friday, January 01, 2016
പുസ്തക പ്രകാശനം
വിഭാഗം:/Label
ആശംസ,
പുസ്തക പരിചയം
Friday, September 04, 2015
“വിലാപ്പുറങ്ങള്‍”
എന്റെ ചങ്ങാതി കെ.ആര്.
ജോണ്സന് കണ്ടുമുട്ടിയാല്‍ സംസാരിക്കാനുള്ളത് അടുത്തിടെ കണ്ട നല്ല സിനിമകളെ
കുറിച്ചോ, അതുമല്ലെങ്കില്‍ വായിച്ച പുസ്ത്കങ്ങളെ കുറിച്ചോ മാത്രമാണ്. ഇന്റര്‍നാഷ്ണല്‍
ഫിലിംഫെസ്റ്റിവെലുകളിലെ നിറസാന്നിദ്ധ്യമാണ് ജോണ്സണ്. അതുപോലെ തന്നെ ഒരുവിധം
എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുകയും, നല്ലതെന്ന് സ്വയം
വിലയിരുത്തിയാല്‍ അവ സുഹൃത്തുക്കളെ വായിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുക ജോണ്‍സന്റെമാത്രം
ഒരു പ്രത്യേകതയാണ്. പതിവുപോലെ എറണാകുളത്തുവെച്ച് കണ്ടപ്പോള്‍ ജോണ്സണ് എനിക്ക്
വായിക്കാന്‍ തന്ന പുസ്തകമാണ് ലിസിയുടെ നോവല്‍ “വിലാപ്പുറങ്ങള്‍”.
മാപ്രാണത്തുള്ള എന്റെ
വീട്ടിലിരുന്ന് ഞാന്‍ ‘വിലാപ്പുറങ്ങള്‍’ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സാധാരണ
നോവല്‍ എന്നു മാത്രമേ കരുതിയുള്ളു. പക്ഷെ വായന മുന്നേറുന്തോറും നോവലിലെ ആ
കാലഘട്ടവും, മനുഷ്യരും എനിക്കു ചുറ്റും നിറഞ്ഞുനില്ക്കാന് തുടങ്ങി. ഒരുപക്ഷെ
ഞാനൊരു തൃശൂക്കാരനായതുകൊണ്ടുകൂടിയാവാം പരിചിതമായ സ്ഥലനാമങ്ങളും, മനുഷ്യരും
എന്റേതുകൂടിയായ് തീരുന്നത്.
സ്ത്രീകഥാപാത്രത്തെ
കേന്ദ്രബിന്ദുവാക്കി, അതും ശക്തമായ സാന്നിദ്ധ്യമാക്കി അവര്‍ക്കുചുറ്റും നടമാടുന്ന
കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെ മുഴുവന്‍ നമുക്കു മുന്നില്‍ വരച്ചിടുകയാണ് ലിസി
‘വിലാപ്പുറങ്ങള്‍’ എന്ന നോവലിലൂടെ. വാമൊഴികളുടെ ചൂടും, ചൂരും ഈ നോവലില്‍
നിറഞ്ഞുനില്ക്കുന്നു. കപടസദാചാരവാദികളെ അരിശം കൊള്ളിക്കാന്‍ മാത്രം അണ്-പാര്‍ലിമെന്ററി
വാക്കുകള്‍ നോവലില്‍ ഉടനീളം കാണാം. ഒരുപക്ഷെ അവയെല്ലാം നോവലിന്റെ പശ്ചാത്തലത്തിനും
കഥാപാത്രങ്ങള്‍ക്കും കരുത്തുപകരുന്ന സംഗീതമായാണ് എനിക്കനുഭവപ്പെട്ടത്. നോവലിലെ
കേന്ദ്രകഥാപാത്രമായ മറിയയുടെ വിലാപ്പുറങ്ങളില്‍ തുടങ്ങി ഒടുങ്ങുന്ന കഥ ഒരു
തട്ടകത്തിന്റെ മൊത്തം കഥയായ് പരിണമിക്കുകയാണ്. ആക്ഷേപഹാസ്യം കുറിക്കുകൊള്ളുന്ന
വാക്കുകളില്‍ നോവലിസ്റ്റ് പലയിടത്തും കോറിയിടുന്നുണ്ട്. ഒരുദാഹരണം നോക്കുക.
“സഭ ഒരു വ്യവസ്ഥയാണ്.
അതിന് ഈടും, പാവും നല്‍കുന്നത് അതിന്റെ സ്ഥാപനങ്ങളും, ലാഭവുമാണ്. ഇടക്കെല്ലാം
സ്നേഹം, ത്യാഗം, ഉപവി, ലാളിത്യം എന്നീ വാക്കുകള്‍ പ്രസംഗങ്ങളിലും, ഉദാരത, ദാനശീലം
എന്നീ വാക്കുകളെ സ്തോത്ര കാഴ്ചകളിലും ചൊല്ലി ദൈവത്തിനു സമര്‍പ്പിക്കുന്നു. പകരം
നിങ്ങള്‍ക്കു ലഭിക്കുന്നത് പാപമോചനം, കൂദാശകള്‍, ആത്മീയശാന്തി....... പോരേ.......”
നോവല്‍ ബൈബിള്‍
വചനങ്ങളില്‍ ഒട്ടിനിന്നുകൊണ്ടുതന്നെ അതിനെ പോസ്റ്റുമാര്‍ട്ടം നടത്തുകയും
ചെയ്യുന്നു. പാപവും, പുണ്യവുമൊക്കെ പലപ്പോഴായ് പച്ചയ്ക്ക് വിചാരണ
ചെയ്യുന്നുണ്ടിവിടെ. മുമ്പ് സാറാ ജോസഫിന്റെ ‘ഒരു വിശുദ്ധ റങ്കൂണ്‍ പുണ്യവാളന്’
എന്ന കഥയിലാണ് ഇതുപോലെ ബൈബിള്‍ നിയമങ്ങളെ പൊളിച്ചടുക്കുന്നതായ് കണ്ടിട്ടുള്ളത്. [അതുപിന്നെ
പ്രശസ്ത ചലച്ചിത്രകാരനായ എം.പി.സുകുമാരന്‍ നായര്‍ ‘ശയനം’ എന്ന പേരില്‍
ചലച്ചിത്രമാക്കുകയും എനിക്കതിന്റെ ഭാഗമായ് നില്ക്കാനായതും ഭാഗ്യമായ് കരുതുന്നു.].
ചുരുക്കത്തില്‍ തൃശൂര്‍
പ്രാന്തപ്രദേശത്തേയും, അവിടുത്തെ പച്ചമനുഷ്യരുടേയും കഥകളായ സാറാ ജോസഫിന്റെ
‘ആലാഹയുടെ പെണ്മക്കള്’. ‘മാറ്റാത്തി’ എന്നീ നോവലുകളുടെ ജനുസ്സില്‍ പെടുത്താവുന്ന
ലിസിയുടെ ‘വിലാപ്പുറങ്ങള്‍’ തന്റേതായ ഒരു ശൈലിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന്
നിസ്സംശയം പറയാം. ലിസിക്ക് അനുമോദന പൂച്ചെണ്ടുകള്‍. ജോണ്സന് എന്റെ ഹൃദയം നിറഞ്ഞ
നന്ദി.
“വിലാപ്പുറങ്ങള്‍”
നോവല്ലിസി
മാതൃഭൂമി ബുക്സ്
വില 250 രൂപ
പേജ് 312
Sunday, November 03, 2013
ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath, written by John Steinbeck) - വിവ൪ത്തനം: കെ.പി.സുധീര
വളരെ വ൪ഷങ്ങൾക്കുമുമ്പ് കലാകൌമുദിയിൽ എം.കൃഷ്ണ൯നായ൪ സാര്‍ എഴുതിയിരുന്ന സാഹിത്യവാരഫലത്തിലാണ് ആദ്യമായ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ‘ എന്ന
പുസ്തകത്തെക്കുറിച്ച് പ്രതിപാദിച്ചു കണ്ടത്. ആ പുസ്തകം ഒന്ന് വായിക്കാ൯
കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും
ചെയ്തിരുന്നു. പിന്നീട് ജീവിതയുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ അതെല്ലാം
മനസ്സിന്റെ അടിത്തട്ടിലമ൪ന്ന് പോയി. രണ്ടാഴ്ച മുമ്പാണ്
ഇരിങ്ങാലക്കുട കറന്റ് ബുക്ക്സിൽ പുസ്തകം കണ്ടതും, വാങ്ങിയതും.
ഇന്നലെയാണ് ഈ പുസ്തകം വായിച്ചു തീ൪ത്തത്. പുസ്തകത്തിന്റെ പുറം
ചട്ടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
“1939 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾത്തന്നെ വിവാദം സൃഷ്ടിക്കുകയും മുതലാളിത്ത വ്യവസ്ഥിതിയെ
പിടിച്ചുലയ്ക്കുകയും ചെയ്ത വിശ്വസാഹിത്യ കൃതി. അരനൂറ്റാണ്ടിനിടയിൽ പതിനാലു
കോടിയിലധികം വിറ്റഴിഞ്ഞ, മുപ്പതു ഭാഷകളിലധികം വിവ൪ത്തനം
ചെയ്യപ്പെട്ട ഈ അനശ്വരഗ്രന്ഥം 1962 ലെ നോബേൽ പുരസ്കാരത്തിന൪ഹമായി.
അകം പൊള്ളിക്കുന്ന അനുഭവങ്ങൾ വിദ്യുത് പ്രവാഹങ്ങൾ
സൃഷ്ടിക്കുന്ന, സമസൃഷ്ടിയോടുള്ള കനിവും പതിതാനുകമ്പയും ഉള്ളിൽ
നിറയ്ക്കുന്ന ഈ മഹദ്കൃതി സമ്പൂ൪ണ്ണമായ സഹനത്തിന് വഴങ്ങുന്ന
മനുഷ്യാത്മാവിനുള്ള അത്യുദാരമായ ആദരമ൪പ്പിക്കലാണ്. “
“.വ൪ഗ്ഗവൈരുദ്ധ്യ സമസ്യയെ നേരിറ്റുന്ന ഒരു പറ്റം കുടിയേറ്റക്ക൪ഷകരുടെ
തീവ്രാനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. ഓക്ലഹോമയിൽ നിന്ന്
കാലിഫോ൪ണിയയിലേക്ക് കുടിയിറക്കപ്പെട്ട മൂന്നുലക്ഷം മനുഷ്യാത്മാക്കൾ
അനുഭവിച്ച യാതനയും, അപമാനവും, അപക൪ഷതയും, അരക്ഷിതത്വവും,
അതിദാരിദ്ര്യവുമാണ് വായനക്കാരന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നതും, നീറ്റുന്നതും“.
“തക൪ന്ന സ്വപ്നങ്ങളുടെയും ഭഗ്നമോഹങ്ങളുടെയും മനുഷ്യത്വഹീനമായ നൊമ്പരങ്ങളുടെയും
പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളുടെയും അതുമല്ലെങ്കിൽ ഇവയെല്ലാ
കോ൪ത്തിണക്കപ്പെട്ട
പ്രത്യാശയുടെതായ തങ്കനൂൽ അതാണ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ‘.
സാമ്പത്തികത്തക൪ച്ചയുടെ കാലത്ത് സാമൂഹികമായ ഉണ൪ച്ചയുടെ കലയായി മാത്രമല്ല,
അതിനപ്പുറം വൈകാരികമായ കാ൪ക്കശ്യമുണ൪ത്തുന്ന
ഒരു അശാന്ത നാടകമായിരുന്നു ഈ നോവൽ. അമേരിക്ക൯ ഫിക്ഷനിൽ ഇതിനെ
വെല്ലുന്ന മറ്റ് സമകാലിക സാഹിത്യകൃതിയില്ല”.
വായിച്ചുകഴിഞ്ഞപ്പോൾ ഇത് 1939 ൽ
പ്രസിദ്ധീകരിച്ചതാണെന്ന് ഞാ൯ മറന്നുപോയി. അതിന്റെ
ശൈലീഭേദങ്ങളൊന്നും എന്നെ ഒട്ടും അലട്ടിയില്ല. ഒരു കാര്യം എനിക്കുറപ്പാണ്
മനുഷ്യന്റെ അതിജീവനത്തിനുവേണ്ടിയുള്ള സഹനവും, പോരാട്ടവും ഏതൊരാളുടെ ഹൃദയത്തെയാണോ
മഥിക്കുന്നത്, അങ്ങനെയുള്ള ഒരാൾ അവശേഷിക്കുന്നതുവരെ ഈ നോവൽ
വായിക്കപ്പെടുക തന്നെ ചെയ്യും.
- 0 -
Wednesday, December 02, 2009
ഫ്രാന്‍സിസ് ഇട്ടിക്കോര - പുസ്തക പരിചയം
എന്റെ സുഹൃത്തും, കൊച്ചിയിലെ മെട്രൊ ഫിലിം സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ കെ.ആര്. ജോണ്സണ് ആണ് ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്നു പേരുള്ള പുസ്തകം എനിക്ക് വായിക്കാന്‍ തന്നത്. അദ്ദേഹത്തിന് ഗ്രന്ഥകര്‍ത്താവ് ശ്രീ ടി.ഡി.രാമകൃഷ്ണന് തന്റെ കയ്യൊപ്പ് ചാര്‍ത്തി നല്കിയ കോപ്പിയായിരുന്നു അത്. ആ പുസ്തകത്തിന്റെ പേരു തന്നെയായിരുന്നു ഒരു തൃശൂക്കാരനെന്ന നിലയില്‍, പ്രത്യേകിച്ച് ഇരിങ്ങാലക്കുടക്കാരനെന്ന നിലയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. വായനയുടെ പല ഘട്ടങ്ങളിലും ഇതിലെ കഥാപാത്രങ്ങള്‍ എന്റെ നാട്ടുകാരായി മാറുന്ന കാഴ്ചയും ഞാന്‍ കണ്ടു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്ന പുസ്തകം മുരളി വായിക്കണം എന്ന് ജോണ്സണ് പറഞ്ഞപ്പോള്‍ പൊടുന്നനെ എന്റെ മനസ്സിലേക്കോടിയെത്തിയത് ‘അമൃതംഗമയ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം വിനീതിന്റെ കഥാപാത്രത്തെ റാഗിംങ് നടത്തുമ്പോള്‍ പറയുന്ന ഡയലോഗ് ആണ്. അതിങ്ങനെ “ഇട്ടിവര്‍ഗ്ഗീസ് എന്ന പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവില്ല, അല്ലെങ്കില്‍ ആ പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവാനേ പാടില്ല”. അതുപോലെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പേരില്‍ ഒരു നോവലോ, ഹേയ് അതെങ്ങനെ ശരിയാവും.......!
സാധാരണ ഒരു നോവല്‍ വളരെ വേഗം വായിച്ചു തീര്‍ക്കുന്ന ഒരു ശീലമാണ് എനിക്കുള്ളത്. അങ്ങനെ തീരുമാനിച്ചുതന്നെയാണ് ജോണ്‍സന്റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതും. പക്ഷെ വായിച്ച് തുടങ്ങി ഏതാനും അദ്ധ്യായങ്ങള്‍ പിന്നിട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉടലെടുത്തു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ ഒരു നോവലാണെന്ന് ആരാണ് പറഞ്ഞത്. ഞാന്‍ പുസ്തകത്തിന്റെ ആമുഖത്തിനു മുമ്പിലുള്ള പേജ് വീണ്ടും മറിച്ചുനോക്കി. ഡി.സി. ബുക്സ് ലേബല്‍ ചാര്‍ത്തിയിരിക്കുന്നത് നോവല്‍ എന്നാണ്. ഞാന്‍ വീണ്ടും വായന തുടര്‍ന്നു, അപ്പോള്‍ എനിക്കു തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന ഒരു ഇന്റര്‍നാഷണല്‍ കുരുമുളകു കച്ചവടക്കാരന്റെ ആത്മകഥയാണെന്ന്, വായന കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ മാത്രമല്ല, ഇട്ടിക്കോരയുടെ വംശപരമ്പരയുടേയും, ആ പരമ്പരയിലെ കണ്ണികളെ കണ്ടെത്താന്‍ തുനിയുന്ന ഓരോ കഥാപാത്രങ്ങളുടേയും ആത്മകഥയാണെന്ന്. കഥാപാത്രങ്ങള്‍ സ്വന്തം കഥ പറയുന്ന രീതിയിലാണ് ഗ്രന്ഥകര്‍ത്താവ് ആഖ്യാനം നടത്തിയിരിക്കുന്നത്.
വായനയുടെ മറ്റൊരു ഘട്ടത്തില്‍ ഇതൊരു യാത്രാവിവരണമാണെന്ന് തോന്നി. പിന്നീട് ഇതൊരു ചരിത്രപുസ്തകമായാണ് അനുഭവപ്പെട്ടത്. പുസ്തകത്തിന്റെ പകുതിയോളം വായന പിന്നിട്ടപ്പോള്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ആകാംഷയും, ഭീതിയും, ബീഭത്സതയും ഒക്കെ അനുഭവപ്പെടാന്‍ തുടങ്ങി. ജെയിംസ് ബോണ്ട് സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പൊടുന്നനെ സംഭവിക്കുന്ന സെക്സ് പലപ്പോഴും വായനക്കിടയില്‍ മിന്നിത്തെളിഞ്ഞ് കടന്നുപോയി. അതിനിടയില്‍ ഗണിതശാസ്ത്രത്തിന്റെ മാസ്മരികതിയില്‍ കുടുങ്ങി വിസ്മയിച്ചു നിന്നു. ഒടുവില്‍ പുസ്തകം പൂര്‍ണ്ണമായും വായിച്ച് അടച്ചുവെച്ചപ്പോള്‍ സ്വപ്നത്തില്‍ പലപ്പോഴും നമ്മള് ഒരു കെണിയില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട് ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുമെന്ന് വരുമ്പോള്‍ ഞെട്ടി ഉണരുന്നതുപോലെയുള്ള ഒരനുഭവവും ഉണ്ടായി. അങ്ങനെ നോക്കുമ്പോള്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന ഈ പുസ്തകം ഏത് കാറ്റഗറിയില്‍ പെടുത്തണം, നോവല്‍? ആത്മകഥ? ചരിത്രം? യാത്രാവിവരണം? ക്രൈം ത്രില്ലര്‍? ഹൊറര്‍ ഫിക്ഷന്‍? എന്റെ ഉത്തരം ഈ പുസ്തകം ഇതെല്ലാമാണെന്നാണ്.
ഇതിനു മുമ്പ് മലയാളത്തില്‍ നോവലിന്റെ ഇതിവൃത്തം കൊണ്ട് എന്നെ അതിശയിപ്പിച്ചീട്ടുള്ളത് ശ്രീ ആനന്ദ് ആണ്. (ഉദാഹരണത്തിന് മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങിനെ, ഗോവര്‍ദ്ധനന്റെ യാത്രകള്‍) മറ്റൊരാള്‍ (വിശ്വസാഹിത്യത്തില്‍) പൌലോ കൊയ്ലോ (ദ ആല്‍ക്കെമിസ്റ്റ്). ഇതിനര്‍ത്ഥം മലയാളത്തിലും, വിശ്വസാഹിത്യത്തിലും ഇതിവൃത്തത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നവര്‍ വേറെയില്ല എന്നല്ല, മറിച്ച് പെട്ടെന്ന് എന്റെ മനസ്സിലേക്കോടിയെത്തിയ രണ്ടുപേര്‍ ഇവരാണെന്നുമാത്രം. ആ ലിസ്റ്റിലേക്കിതാ ടി.ഡി. രാമകൃഷ്ണനും. ഇതിന്റെ പഠനം എഴുതിയിരിക്കുന്നത് പ്രശസ്തനായ ആഷാ മേനോനാണ്. മിക്ക പുസ്തകങ്ങളുടേയും ആരംഭത്തില്‍ തന്നെ കൊടുക്കുന്ന പഠനം വായിച്ചു കഴിയുമ്പോള്‍ തോന്നാറുള്ളത് പണ്ട് അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്നത് തടയാന്‍ മുലഞെട്ടില്‍ ചെന്നിനായകം അരച്ചുപുരട്ടുന്നത് പോലെയാണ്. അതുകൊണ്ട് പഠനം എന്ന ചെന്നിനായകം നുണഞ്ഞ് നുണഞ്ഞ് വായില്‍ തന്നെ വെച്ച് ഒരു തുള്ളിപോലും ഇറക്കാതെ തുപ്പിക്കളഞ്ഞ്, പിന്നീട് നോവലാകുന്ന മുലപ്പാലിന്റെ മധുരം നുണയാറാണ് പതിവ്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ച് ആഷാമേനോന് എന്ന മഹാമേരുവിന്റെ ഭാഷാ പ്രയോഗത്തെ ഭയന്ന് ഞാന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ച് തീര്‍ന്നതിനുശേഷമാണ് പഠനം വായിച്ചത്... ഇതുവരെയുള്ള എന്റെ അനുഭവങ്ങള്‍ക്ക് കടകവിരുദ്ധമായി, ആഷാ മേനോന്റെ പഠനം പാലില്‍ പഞ്ചസാരയെന്നോണം അലിഞ്ഞ് ഗ്രന്ഥത്തിന്റെ മേന്മ കൂട്ടിയിരിക്കുന്നു.
പുസ്തകത്തിലെ ചില വാക്യങ്ങളെങ്കിലും ഇവിടെ പകര്‍ത്തിയെഴുതാന്‍ കൊതി തോന്നുന്നുണ്ടെങ്കിലും, ഈ പുസ്തക പരിചയം എഴുതാന്‍ ഞാന്‍ ഗ്രന്ഥകര്‍ത്താവിന്റേയോ, പ്രസാധകന്റേയോ അനുമതി വാങ്ങാത്തതിനാല്‍ കോപ്പിറൈറ്റ് നിയമ കുരുക്കുകളിലേക്ക് ചെന്ന് വീഴാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആ സാഹസത്തിനു മുതിരുന്നില്ല. വായനാശീലരായ എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു വ്യത്യസ്തമായ പുസ്തകം ഉണ്ടെന്ന് അറിയിക്കാന്‍ എന്റേതായ ഒരു ശ്രമം മാത്രമാണീ പുസ്തക പരിചയത്തിനു പുറകില്‍. ഗ്രന്ഥകര്‍ത്താവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
പുസ്തകത്തിന്റെ വിശദവിവരങ്ങള്‍:
Title: ഫ്രാന്‍സിസ് ഇട്ടിക്കോര
Author: ടി.ഡി. രാമകൃഷ്ണന്
Publisher: ഡി.സി.ബുക്സ്
Year: ആഗസ്റ്റ് 2009
പേജ് 308
വില: 150 രൂപ

Subscribe to:
Posts (Atom)