Monday, June 13, 2016

ഒന്ന് കൊടുങ്ങല്ലൂര് വരെ

ഒരുപാടു തിരക്കുകളില്‍ പെട്ട് വെറുതെ ഇരുന്നിരുന്ന എന്നെയും, സഞ്ജുവിനെയും, ബാലുവിനെയും കൊടുങ്ങല്ലൂര്‍ അധോലോകത്തിലേക്ക് വിളിച്ചുവരുത്തി. അവിടെ അടുക്കളയില്‍ ഒരടുപ്പത്ത് വെടിയിറച്ചി വറുത്തുകൊണ്ടും,  മറ്റൊരടുപ്പത്ത് തിരുത വറുത്തുകൊണ്ടും മണിലാല്‍ ദഹണ്ണക്കാരന്റെ ഭാവഹാവാദികളോടെ നില്‍ക്കുന്നു. ഞാന്‍ ചെന്നതും, ചോറു വാര്‍ത്തുവെയ്ക്കാനുള്ള നിര്‍ദ്ദേശം കിട്ടി.  ചെയറില്ലാതെ ഇരിക്കാന്‍ പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്. കാരണം വാര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ലായിരുന്നു. താത്ക്കാലികമായ് ചില സൂത്രപ്പണികളിലൂടെ ചോറു വാര്‍ത്തു.  തിരുത കറി നേരത്തേ വെച്ചു വെച്ചിരുന്നു. ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മണിലാല്‍ പെട്ടെന്ന് ഊണ് കഴിച്ച് ഞങ്ങളെ തനിച്ചാക്കി അപ്രത്യക്ഷനായി.

പിന്നീട് നടന്ന സംഭവങ്ങള്‍ വിവരിക്കാന്‍ ബാലുവാണ് നല്ലത്. എങ്കിലും  ഞാന്‍ പറയാം.

സഗീര്‍ എന്ന നാമധാരി സഞ്ജുവിന്റെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. കൊടുങ്ങല്ലൂരിലെ ഗ്രാമവീഥിയിലൂടെ നൂറേ നൂറില്‍ പറപ്പിച്ച വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നു. അര്‍ദ്ധബോധാവസ്ഥയിലിരുന്ന സഞ്ജുവിന് വാഹനത്തിന്റെ അവസ്ഥയെ കുറിച്ചായിരുന്നു ആധി. പണ്ടേ ബോധമില്ലാത്ത ഒരാളായതുകൊണ്ട് എന്തൊരു സ്പീഡ് എന്ന് പറഞ്ഞ് ഞാനിരുന്നു. വെടിയിറച്ചി തിന്ന ബാലു വെടി കൊണ്ട പന്നിയെ പോലെ എരിപൊരി സഞ്ചാരം കൊണ്ടു. ഒടുവില്‍ അഴിക്കോട് ബീച്ച് കണ്ട് ഞങ്ങള്‍ തിരിച്ചു. വീട്ടിലെത്തിയപ്പോള്‍ മണിലാലിന്റെ ഫോണ്‍... നീയെവിടെ നിന്‍ നിഴലെവിടെ എന്നു ചോദിച്ച്.....
അടുത്ത ഓണത്തിന് കാണാമെന്ന് പറഞ്ഞ് ‍ ഫോണ്‍ വെക്കുന്നതിനുമുമ്പ് ഞാന്‍ കുഴയാതെ ചോദിച്ചു, നീയെന്തിനു ഞങ്ങളെ വഞ്ചിഞ്ഞു!!!

Friday, January 01, 2016

പുസ്തക പ്രകാശനം

'തീവ്രവാദിയുടെ മകന്‍' എന്ന എന്റെ ചെറുകഥാസമാഹാരം തൃശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ ഡിസംബര്‍ 23 ബുധനാഴ്ച്ച വൈകീട്ട് അഞ്ചു മണിക്ക് പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

Friday, September 04, 2015

“വിലാപ്പുറങ്ങള്‍”


എന്റെ ചങ്ങാതി കെ.ആര്‍. ജോണ്‍സന് കണ്ടുമുട്ടിയാല്‍ സംസാരിക്കാനുള്ളത് അടുത്തിടെ കണ്ട നല്ല സിനിമകളെ കുറിച്ചോ, അതുമല്ലെങ്കില്‍ വായിച്ച പുസ്ത്കങ്ങളെ കുറിച്ചോ മാത്രമാണ്. ഇന്റര്‍നാഷ്ണല്‍ ഫിലിംഫെസ്റ്റിവെലുകളിലെ നിറസാന്നിദ്ധ്യമാണ് ജോണ്‍സണ്‍. അതുപോലെ തന്നെ ഒരുവിധം എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുകയും, നല്ലതെന്ന് സ്വയം വിലയിരുത്തിയാല്‍ അവ സുഹൃത്തുക്കളെ വായിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുക ജോണ്‍സന്റെമാത്രം ഒരു പ്രത്യേകതയാണ്. പതിവുപോലെ എറണാകുളത്തുവെച്ച് കണ്ടപ്പോള്‍ ജോണ്‍സണ്‍ എനിക്ക് വായിക്കാന്‍ തന്ന പുസ്തകമാണ് ലിസിയുടെ നോവല്‍ “വിലാപ്പുറങ്ങള്‍”.
 
മാപ്രാണത്തുള്ള എന്റെ വീട്ടിലിരുന്ന് ഞാന്‍ ‘വിലാപ്പുറങ്ങള്‍’ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സാധാരണ നോവല്‍ എന്നു മാത്രമേ കരുതിയുള്ളു. പക്ഷെ വായന മുന്നേറുന്തോറും നോവലിലെ ആ കാലഘട്ടവും, മനുഷ്യരും എനിക്കു ചുറ്റും നിറഞ്ഞുനില്ക്കാന്‍ തുടങ്ങി. ഒരുപക്ഷെ ഞാനൊരു തൃശൂക്കാരനായതുകൊണ്ടുകൂടിയാവാം പരിചിതമായ സ്ഥലനാമങ്ങളും, മനുഷ്യരും എന്റേതുകൂടിയായ് തീരുന്നത്.

സ്ത്രീകഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കി, അതും ശക്തമായ സാന്നിദ്ധ്യമാക്കി അവര്‍ക്കുചുറ്റും നടമാടുന്ന കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെ മുഴുവന്‍ നമുക്കു മുന്നില്‍ വരച്ചിടുകയാണ് ലിസി ‘വിലാപ്പുറങ്ങള്‍’ എന്ന നോവലിലൂടെ. വാമൊഴികളുടെ ചൂടും, ചൂരും ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. കപടസദാചാരവാദികളെ അരിശം കൊള്ളിക്കാന്‍ മാത്രം അണ്‍-പാര്‍ലിമെന്ററി വാക്കുകള്‍ നോവലില്‍ ഉടനീളം കാണാം. ഒരുപക്ഷെ അവയെല്ലാം നോവലിന്റെ പശ്ചാത്തലത്തിനും കഥാപാത്രങ്ങള്‍ക്കും കരുത്തുപകരുന്ന സംഗീതമായാണ് എനിക്കനുഭവപ്പെട്ടത്. നോവലിലെ കേന്ദ്രകഥാപാത്രമായ മറിയയുടെ വിലാപ്പുറങ്ങളില്‍ തുടങ്ങി ഒടുങ്ങുന്ന കഥ ഒരു തട്ടകത്തിന്റെ മൊത്തം കഥയായ് പരിണമിക്കുകയാണ്. ആക്ഷേപഹാസ്യം കുറിക്കുകൊള്ളുന്ന വാക്കുകളില്‍ നോവലിസ്റ്റ് പലയിടത്തും കോറിയിടുന്നുണ്ട്. ഒരുദാഹരണം നോക്കുക.

“സഭ ഒരു വ്യവസ്ഥയാണ്. അതിന് ഈടും, പാവും നല്കുന്നത് അതിന്റെ സ്ഥാപനങ്ങളും, ലാഭവുമാണ്. ഇടക്കെല്ലാം സ്നേഹം, ത്യാഗം, ഉപവി, ലാളിത്യം എന്നീ വാക്കുകള്‍ പ്രസംഗങ്ങളിലും, ഉദാരത, ദാനശീലം എന്നീ വാക്കുകളെ സ്തോത്ര കാഴ്ചകളിലും ചൊല്ലി ദൈവത്തിനു സമര്‍പ്പിക്കുന്നു. പകരം നിങ്ങള്‍ക്കു ലഭിക്കുന്നത് പാപമോചനം, കൂദാശകള്‍, ആത്മീയശാന്തി....... പോരേ.......”

നോവല്‍ ബൈബിള്‍ വചനങ്ങളില്‍ ഒട്ടിനിന്നുകൊണ്ടുതന്നെ അതിനെ പോസ്റ്റുമാര്‍ട്ടം നടത്തുകയും ചെയ്യുന്നു. പാപവും, പുണ്യവുമൊക്കെ പലപ്പോഴായ് പച്ചയ്ക്ക് വിചാരണ ചെയ്യുന്നുണ്ടിവിടെ. മുമ്പ് സാറാ ജോസഫിന്റെ ‘ഒരു വിശുദ്ധ റങ്കൂണ്‍ പുണ്യവാളന്‍’ എന്ന കഥയിലാണ് ഇതുപോലെ ബൈബിള്‍ നിയമങ്ങളെ പൊളിച്ചടുക്കുന്നതായ് കണ്ടിട്ടുള്ളത്. [അതുപിന്നെ പ്രശസ്ത ചലച്ചിത്രകാരനായ എം.പി.സുകുമാരന്‍ നായര്‍ ‘ശയനം’ എന്ന പേരില്‍ ചലച്ചിത്രമാക്കുകയും എനിക്കതിന്റെ ഭാഗമായ് നില്ക്കാനായതും ഭാഗ്യമായ് കരുതുന്നു.].

ചുരുക്കത്തില്‍ തൃശൂര്‍ പ്രാന്തപ്രദേശത്തേയും, അവിടുത്തെ പച്ചമനുഷ്യരുടേയും കഥകളായ സാറാ ജോസഫിന്റെ ‘ആലാഹയുടെ പെണ്‍മക്കള്‍’. ‘മാറ്റാത്തി’ എന്നീ നോവലുകളുടെ ജനുസ്സില്‍ പെടുത്താവുന്ന ലിസിയുടെ ‘വിലാപ്പുറങ്ങള്‍’ തന്റേതായ ഒരു ശൈലിയില്‍ തലയുയര്‍ത്തി നില്ക്കുന്നുവെന്ന് നിസ്സംശയം പറയാം. ലിസിക്ക് അനുമോദന പൂച്ചെണ്ടുകള്‍. ജോണ്‍സന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

“വിലാപ്പുറങ്ങള്‍”
നോവല്‍
ലിസി
മാതൃഭൂമി ബുക്സ്
വില 250 രൂപ
പേജ് 312

 

 

 

Wednesday, September 10, 2014

ഏകാന്തതയുടെ അപാര തീരം

 സെപ്റ്റംബർ 7, 2014 ഞായർ - തിരുവോണം : രാവിലെ നേരത്തേ കുളിയൊക്കെ നിർവഹിച് കസവു കരയുള്ള ഡബ്ബിൾ മുണ്ടൊക്കെ ഉടുത്ത് സ്വീകരണമുറിയിൽ വന്നിരുന്നപ്പോഴാണ്‍ ഞാൻ തനിച്ചാണല്ലൊ എന്നും, കൂട്ടിനു പഴയ ഓർമ്മകൾ മാത്രമേ ഉള്ളുവെന്നും തിരിച്ചറിഞത്. ഒരു ചായ പോലും കുടിച്ചിട്ടില്ല, തലേ ദിവസത്തെ ചോറും മുട്ടക്കറിയും ബാക്കിയുണ്ട്. നാട്ടിലുള്ളവരെ ഓരോരുത്തരെയായ് വിളിച്ചു ഓണാശംസകൾ നേർന്നു. തണുത്ത ചോറും, നോണ്‍-വെജും കഴിക്കരുതെന്ന് ഭാര്യ പ്രത്യേകം ഓർമ്മിപ്പിച്ചിരിക്കുന്നു. ഗതികെട്ടാൽ ഈയുളളവൻ എന്തും കഴിച്ചുകളയും എന്നവൾ സംശയിച്ചിരിക്കണം.


ടാൻസാനിയയിലെ ഉപാംഗ എന്ന സ്ഥലത്തെ ഒരു ബഹുനില കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലെ ഫ്ലാറ്റിന്റെ ബാൽകണിയിലിരുന്ന് കുറച്ചകലെയായി കാണുന്ന കടലിലേക്കും, നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളിലേക്കും നോക്കി ചുമ്മാ സമയം ചെലവിട്ടു. രാവിലെ 9 മണി ആയിരിക്കുന്നു. [നാട്ടിൽ 11:30]. തന്റെ കുട്ടിക്കാലത്തെ ആഘോഷത്തിമിർപ്പുകൾ പോലെയൊന്നും ഇല്ലെങ്കിലും എല്ലാവരും ഓണം എന്ന ഒരു ഉത്സവത്തിന്റെ മൂഡിൽ തന്നെയായിരിക്കും. ഒരുപക്ഷെ അടുപ്പിച്ചു വീണു കിട്ടിയ അവധിയുടെ സന്തോഷമാകാം അത്.


സത്യത്തിൽ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുക്ക് പ്രത്യക്ഷപ്പെടുന്ന ഓണത്തിനായിരുന്നു പ്രസക്തി എന്ന് തോന്നുന്നു. പുതിയ വസ്ത്രങ്ങളും, വിശക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും, അതിന്റെ ലഭ്യതയും, ഒന്നിലധികം വിഭവങ്ങളുടെ അകമ്പടിയും ഒക്കെയായി ഒരു സമൃദ്ധിയുടെ ദിവസം. ഇപ്പോഴും നാസാരന്ധ്രങ്ങളിൽ തങ്ങി നില്ക്കുന്ന വടുകപ്പുളിയും, പച്ചമുളകും, ഇഞ്ചി-വേപ്പില എന്നിവ അരിയുമ്പോഴുണ്ടാവുന്ന കൊതിപ്പിക്കുന്ന മണം, പപ്പടം കാച്ച്ചുന്നതിന്റെ നേർത്ത ശബ്ദവും, വാസനയും, ഉപ്പേരി വെളിച്ചെണ്ണയിൽ മൊരിയുന്നതിന്റെ മണവും, ചുടോടെ കരുമുരാ തിന്നുമ്പോഴുള്ള നിർവൃതിയും........... ഇപ്പോളതൊന്നുമില്ല.. എപ്പോൾ വേണമെങ്കിലും ആഘോഷങ്ങളാണ്, അതിനു ഓണം, വിഷു, ക്രിസ്തുമസ് എന്നുള്ള പേരുകളുടെ ആവശ്യമില്ല. എല്ലാം നമ്മുടെ പരിധികൾക്കുള്ളിലാണെന്നു നാം അഹങ്കരിക്കുന്നു. അതുകൊണ്ടു തന്നെ ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നവരുടെ ശതമാനം തുലോം വിരളമായിരിക്കുന്നു.


കഴിഞ്ഞ ഓണത്തിനു ഭാര്യയുടെ അമ്മയുണ്ടായിരുന്നു. അച്ഛൻ ഓണത്തിന് തൊട്ടു മുമ്പായി ആഗസ്റ്റിൽ മരിച്ചു. ഓണം കഴിഞ്ഞ് നവംബറിൽ അമ്മയും.. പലപ്പോഴും അച്ഛനമ്മമാരോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷം എത്രയാണെന്നു തിരിച്ചറിയുന്നത്‌ അവരില്ലാത്ത ഒരോണം കടന്നു വരുമ്പോഴാണ്.


കപ്പലിൽ നിന്നും മുഴങ്ങിയ അലോസരപ്പെടുത്തുന്ന സൈറനിൽ ഞാനെന്റെ ഓർമ്മകളെ കൈവിട്ടു എഴുന്നേറ്റു. സമയം 12 മണിയായിരിക്കുന്നു. ഒറ്റയ്ക്ക് എന്ത് ഓണസദ്ധ്യയൊരുക്കാൻ... എന്നാലും ചോറും, മോരൊഴിച്ചു കൂട്ടാനും വച്ച് 1:30 ആയപ്പോഴേക്കും ഊണു കഴിച്ചു. കുറച്ചു നേരം കിട്ടാവുന്ന മലയാളം ചാനലുകൾ മാറി  മാറി വച്ചു, പിന്നെ ഓഫ് ചെയ്ത് നന്ദൻ എഴുതിയ "കുറിയേടത്തു താത്രി" വായിക്കാനിരുന്നു. രസകരമായ വിവരണങ്ങൾ, പഴയ കാലങ്ങളെ വായനക്കാരന്റെ മുന്നിൽ അടുക്കിവച്ച്ചുകൊന്ട് ഒരു പ്രത്യേക ലോകം ചമച്ചിരിക്കുന്നു നന്ദൻ.  നന്ദന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'ഒളിച്ച വായനകളിൽ മലർക്കെ തുറക്കുന്ന മറഞ്ഞ ലോകങ്ങൾ, ജിജ്ഞാസയുടെ അക്ഷര നൃത്തങ്ങൾ, ശബ്ദമുണ്ടാക്കാതെ  ഉന്തി വിടർത്തുന്ന വാതിലുകൾ'.  സ്മാർത്ത വിചാരണയിൽ കുടുങ്ങിപ്പോയ ഒരാളെ പോലെ ഞാനും സ്ഥലകാല ബോധം നഷ്ടപ്പെട്ടങ്ങനെ...........
                                 - 0 -

Saturday, June 28, 2014

‘നൊ ഫൂളാക്കിംഗ്’, ‘ന ഉല്ലു ബനാവി’ അഥവാ ‘ആക്കരുത്’!ലോക ചരിത്രത്തില്‍ ആദ്യമായ് പടിയടച്ച് പിണ്ഡം വച്ചത് ആരാണ്? നമ്മള്‍ കേട്ട കഥകളില്‍ താത്രിക്കുട്ടിയും, അതുപോലെ ചിലരുമുണ്ട്. അറിയപ്പെടാത്ത എത്രയോ താത്രിക്കുട്ടിമാര്‍. എന്നാല്‍ സത്യത്തി  ഇതിന് തുടക്കമിട്ടത് ദൈവം തന്നെയാണ്. ആദമിനേയും, ഹവ്വയേയും ഏദന്‍ തോട്ടത്തിലാക്കിയപ്പോള്‍ ആപ്പിൾ തിന്നരുതെന്ന് വിലക്കിയിരുന്നു. സത്യത്തിൽ അവ൪ക്കി തിന്നാനായ് ഉണ്ടാക്കിയത് തന്നെയാണെങ്കിലും താൻ സൃഷ്ടിച്ച തന്റെ സന്താനങ്ങൾ തന്റെ വാക്കിനെന്തെങ്കിലും വില കല്പിക്കുമോ എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. മനുഷ്യനല്ലേ, അവൻ അവന്റെ തനി കൊണം കാട്ടി. ആപ്പിള് ശാപ്പിട്ട് ക്ഷീണം മാറ്റി. അതറിഞ്ഞ ദൈവം രണ്ടെണ്ണത്തിനേയും ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കി ഇനി മേലാൽ കണ്ടുപോകരുതെന്ന് ആജ്ഞാപിച്ച് പടിയടച്ചു. അതായിരുന്നു ലോക ചരിത്രത്തിലെ ആദ്യത്തെ പടിയടച്ച് പിണ്ഡം വയ്ക്കൽ.

ഏദം തോട്ടത്തിന് പുറത്തായ ആദവും ഹവ്വയും തങ്ങള്‍ക്ക് പരിചിതമല്ലാത്ത ചുറ്റുപാടിനെ എങ്ങനെ അതിജീവിയ്ക്കും എന്ന ചിന്തയില്‍ ഒരല്പ നേരമങ്ങനെ നിന്നു. അങ്ങനെ ചുമ്മാ ഇറങ്ങിപ്പോകാന്‍ ആദമിന്റെ മനസ്സ് അനുവദിച്ചില്ല. തിരിഞ്ഞു നിന്ന് രണ്ടു വര്‍ത്താനം ദൈവത്തിന്റെ മോത്ത് നോക്കി പറഞ്ഞില്ലെങ്കിൽ പിന്നെ ആണാണെന്നും പറഞ്ഞ് നടന്നിട്ടെന്തുകാര്യം എന്ന് ചിന്തിച്ച് ആദം ദൈവത്തിനോടിങ്ങനെ പറഞ്ഞു,
“തോട്ടത്തിലെ ഒരാപ്പിള് കടിച്ചതിന്റെ പേരും പറഞ്ഞ് ഞങ്ങളെ പുറത്താക്കി. സ്ത്യത്തില്‍ നിങ്ങടെ മനസ്സിൽ വേറെയെന്തോ ചൊരുക്കുണ്ടായിരുന്നില്ലേ എന്നാണെന്റെ സംശയം. ഇതായിരുന്നു നിങ്ങളുടെ മനസ്സിലിരുപ്പെങ്കിൽ ഞാൻ ഇതിനേക്കാൾ എമണ്ടൻ കുറുമ്പുകൾ കാണിക്കുമായിരുന്നു. സത്യത്തിൽ ഒരു കഷ്ണം ആപ്പിള് കഴിച്ചതിന്റെ പേരിൽ വീട്ടീന്ന് പുറത്തായ കഥ ഈ നാട്ടിലെ പാണ൪ പാടി നടക്കുമല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു നാണക്കേട് ഫീല് ചെയ്യുന്നത്, അതുകൊണ്ട് ദൈവമേ, നീ എന്നോടിത് വേണ്ടായിരുന്നു”. ഹവ്വ ആദമിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് അവനെ ചുറ്റിപ്പിടിച്ചു ചുംബിച്ചു.

ദൈവം വളരെ കൂളായ് പറഞ്ഞു, ‘എടാ, ആദമേ, എടീ ആദാമിന്റെ വാരിയെല്ലേ, അനുസരണശീലമില്ലായ്മ ഞാന്‍ ഒരു പരിധിവരെ സഹിച്ചേനെ.. പക്ഷെ നീ ചെയ്തതെന്താ, ആപ്പിള് തിന്നൂന്ന് മാത്രല്ലാ, അത് പാമ്പ് പറഞ്ഞിട്ടാ തിന്നതെന്നും പറഞ്ഞു. എടാ, കോപ്പേ, നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് ഞാന്‍ സൃഷ്ടിച്ചതാണ് പാമ്പിനെ. അതിന് സംസാരശേഷി ഞാനായിട്ട് നല്കിയിട്ടില്ല. അങ്ങനെയുള്ള പാമ്പ് നിന്നെ ആപ്പിള് തിന്നാന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാ
ൽ ഞാനത് തൊണ്ട തൊടാതെ വിഴുങ്ങണം അല്ലേടാ, നൊ ഫൂളാക്കിംഗ്, ന ഉല്ലു ബനാവി അഥവാ നീയൊന്നും എന്നെ ആക്കരുത് ട്ടാ’!!!!  

Saturday, June 14, 2014

ഏഴാമത്തെ കല്പനയും, മോസസ്സും

ഞാന്‍ നിങ്ങളുടെയെല്ലാം ദൈവം മുന്‍കൂട്ടി മോസ്സസ്സിനെ അറിയിച്ചതിന്‍ പ്രകാരം പറഞ്ഞ സമയത്തു തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന് മേഘങ്ങളില്‍ കയറി ഇടിവെട്ടിന്റെയും, മിന്നലിന്റെയും അകമ്പടിയോടെ സിനായ് മലയിലെത്തി. ഉറക്കെ വിളിച്ചു, മിസ്റ്റര്‍ മോസസ്സ്! കനത്ത നിശബ്ദത മാത്രമായിരുന്നു മറുപടി. എനിക്ക് ദേഷ്യം വന്നു. ഏത് നരകത്തിലാണ് നീ മോസസ്സ് എന്ന് ഞാനൊന്നലറി. ആ അലര്‍ച്ചയില്‍ ഇടിവെട്ടി മഴ പെയ്തു, അതെനിക്കിഷ്ടായി. പിന്നെ ഒരേകദേശം മൂന്നുമണിക്കൂര്‍ ലേറ്റായി മോസ്സസ്സ് ഹാജരായി ഉണര്‍ത്തിച്ചു, സോറി, ഞാനിത്തിരി ലേറ്റായി, ഒരു സ്ഥലത്തെത്തിയപ്പോള്‍ ഇടത്തോട്ട് തിരിയേണ്ടതിനു പകരം വലത്തോട്ട് തിരിഞ്ഞു. ഞാനൊന്ന് ഇരുത്തി മൂളി. അല്ലെങ്കിലും ഇടത്തോട്ട് തിരിയേണ്ടതിനു പകരം വലത്തോട്ട് തിരിയുന്നതാണല്ലോ നിന്റെയൊക്കെ ദുരിതത്തിന് കാരണം എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ പുറത്തേക്ക് ചാടിയത് അലര്‍ച്ചയായിരുന്നു. ഞാന്‍ ദൈവം നിന്നെയൊക്കെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചവന്‍....അതുകേട്ട് വളരെ കൂളായ് മോസസ്സ് പറഞ്ഞു, 'അതൊക്കെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കേണ്ടതില്ല, എനിക്കറിയാവുന്നതല്ലേ...പിന്നെ ഒരു കാര്യം പറയാനായ് ഇങ്ങനെ അലറേണ്ട കാര്യവുമില്ല, ഞാന്‍ പൊട്ടനൊന്നുമല്ലല്ലോ!
ഞാനൊന്നടങ്ങിയെങ്കിലും അവനെന്നെ ശരിക്കും മനസ്സിലാക്കണമെന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു, ഞാനൊരു ദയാവാനായ ദൈവമായതുകൊണ്ട് നീയൊക്കെ രക്ഷപ്പെട്ടു, അതൊക്കെ പോട്ടെ, നീയെന്റെ കല്പനകളിലൂടെ ഒന്ന് കണ്ണോടിക്കൂ, എന്നിട്ട് നിന്റെ അഭിപ്രായം പറയൂ, മോസ്സസ്സ് വായിച്ചു, 'Thou Shalt Have No Other Gods Before Me' - 


 

മോസ്സസ്സിന് വട്ടിളകിയതുപോലെ തോന്നിയതുകൊണ്ട് ചോദിച്ചു, Shalt, ഇതൊന്തൊരു വാക്ക്... ചോദ്യം ചെയ്താല്‍ ഞാന്‍ നിന്നെ ശരിപ്പെടുത്തും പറഞ്ഞില്ലാന്ന് വേണ്ട... എന്ന് മാത്രം ഞാന്‍ പറഞ്ഞു, അവന്‍ അടങ്ങിയതായ് തോന്നി, പിന്നെ ആറു കല്പനകളും ഒന്നും മിണ്ടാതെ വായിച്ച് ഏഴാമത്തെ വായിച്ചതിനുശേഷം തല കുടഞ്ഞ് പറഞ്ഞു, 'O, God, I am going to have problems with this. ഇതിലെന്തെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്തുകൂടേ?'എനിക്കവന്റെ സൂക്കേട് മനസ്സിലായി, ഞാന്‍ അസന്നിഗ്ദമായ് പറഞ്ഞു, When I say "Thou Shalt Not Commit Adultery', I mean it BY ALL MEANS!
മോസ്സസ്സ് പതിവിലും വിനയാന്വിതനായ് ചോദിച്ചു, ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ....ഒരു കണക്ക് വേണമെങ്കില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു മൂന്നു പ്രാവശ്യമെങ്കിലും!


NO ഞാനലറി


മോസ്സസ്സ് ധൈര്യമവലംബിച്ചു പറഞ്ഞു, ദൈവമായാല്‍ ഒരു മര്യാദയൊക്കെ വേണ്ടേ, വീണ്ടുവിചാരം വേണ്ടേ, ആദമിനേയും, ഹവ്വയേയും പൂന്തോട്ടത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് എങ്ങനെയെങ്കിലും പെറ്റ് പെരുകി കഴിയാന്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ ആലോചിക്കണമായിരുന്നു.

 

പക്ഷെ ഞാന്‍ ദൈവമാണ്, എന്റെ വാക്കാണ് അവസാന വാക്ക്... ഞാന്‍ വീണ്ടും പറഞ്ഞു, NO ADULTERY!

 

മോസ്സസ് വീണ്ടും കൂളായ് പറഞ്ഞു, ഒരു നിയമമാവുമ്പോള്‍ അതില്‍ ലൂപ് ഹോളെന്തെങ്കിലും കാണാതിരിക്കില്ല.

 

അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, എന്റെ കല്പനകളില്‍ ലൂപ് ഹോളോ, ആരവിടെ? മൂന്നാമതായ് ആരും ഇല്ലാത്തതു കൊണ്ട് ഞാനതിനത്രയ്ക്ക് പ്രാധാന്യം കൊടുത്തില്ല. മോസ്സസ്സ് ബാക്കി കല്പനകളെല്ലാം ഓടിച്ചു നോക്കിയിട്ട് കുഴപ്പമില്ലെന്ന് പറഞ്ഞു, എന്നാലും adultery... എന്ന് പറഞ്ഞ് തല ചൊറിഞ്ഞു, SORRY എന്നു ഞാനും.പോകാന്‍ നേരം തിരിഞ്ഞു നിന്ന് മോസ്സസ്സ് സ്നേഹത്തോടെ പറഞ്ഞു, ഏഴാമത്തെ കല്പന ഞാനൊന്ന് ലീഗല്‍ കണ്‍സല്‍ട്ടന്റുമായ് കൂടിയാലോചിച്ച് മാത്രമേ നടപ്പിലാക്കൂ...

 

ഞാനെന്തെങ്കിലും പറയുന്നതിനുമുമ്പേ അവന്‍ വണ്ടി വിട്ടു. അടുത്ത മേഘത്തേയും കാത്ത് മുഖം കറുപ്പിച്ച് ഞാനിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതോര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു... നിങ്ങള്‍ക്ക് മഴയായ് നല്ലവണ്ണം കിട്ടുന്നുണ്ടല്ലോ അല്ലേ!
- 0 -

Sunday, March 30, 2014

ചിരിയിലും ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ നിഴലുകള്‍

സിനിമാ സംവിധായകന്‍ കെ.ജെ.ബോസ് വഴിയാണ് ലാഫ്റ്റര്‍ യോഗയുടെ മാസ്റ്ററായ സുനില്‍കുമാറിനെ പരിചയപ്പെടുന്നത്. എളമക്കരയിലെ സൂരജ് ഫാഷന്‍സ് എന്ന സ്റ്റിച്ചിം സെന്‍ററിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും സുനില്‍കുമാര്‍ ഉറക്കെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ ചിരി ഞങ്ങളിലേക്ക് പടരാന്‍ ഒട്ടും സമയമെടുത്തില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല.

ഏകദേശം 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ മദന്‍ കടാരിയ ആണ് ആദ്യമായ് ചിരി ഒരു മരുന്നാണെന്നും അത് ഫലപ്രദമായ് ജനങ്ങളിലേക്ക് പകരണമെന്നുമുള്ള ചിന്താഗതിയോടെ ജീവിത തിരക്കുകള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നുപോയ മുംബൈ നിവാസികള്‍ക്കുവേണ്ടി ലാഫ്ടര്‍ യോഗ ആരംഭിക്കുന്നത്. ഏതൊരു സംരംഭവും ആദ്യം വെള്ളക്കാരന്‍ ശരിവെച്ചാലേ ഇന്ത്യക്കാര്‍ക്ക് ബോദ്ധ്യമാവുകയുള്ളു എന്ന തിരിച്ചറിവില്‍ ഡോ:മദന്‍ കടാരിയ അമേരിക്കയില്‍ ലാഫ്ടര്‍ യോഗ ആരംഭിച്ചു. വിദേശികള്‍ കടാരിയേയും, ലാഫ്ടര്‍ യോഗയേയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. സ്വാഭാവികമായും ഇന്ത്യക്കാര്‍ക്കും ലാഫ്ടര്‍ യോഗ സ്വീകാര്യമായി.

സുനില്‍കുമാര്‍ മാള സ്വദേശി സെബാസ്റ്റ്യന്‍ വഴി ചിരിയോഗയിലേക്കെത്തുകയും ഡോ:മദന്‍ കടാരിയയുടെ സ്കൂള്‍ ഓഫ് ലാഫ്ടര്‍ യോഗയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ കടാരിയയോടൊപ്പം ചിരിയോഗ നടത്താനും പ്രചരിപ്പിക്കാനും ഭാഗഭാക്കാകുകയുമുണ്ടായി. കേരളത്തില്‍ തൃശൂരും, എറണാകുളത്തും, കോഴിക്കോടും മാത്രമാണ് ചിരിയോഗ ആളുകള്‍ പ്രാക്ടീസ് ചെയ്യുന്നതെന്ന് സുനില്‍കുമാര്‍ പറയുന്നു. ഏതൊരു സംരംഭത്തിലും സ്റ്റാറ്റസ് നോക്കി ഗ്രൂപ്പുണ്ടാക്കാന്‍ മിടുക്കരായ മലയാളികള്‍ ലാഫ്ടര്‍ യോഗ ചെയ്യുന്ന ഗ്രൂപ്പുകളിലും സജീവമായതോടെ ഒരു ഗ്രൂപ്പ് എന്നത് പല ഗ്രൂപ്പായി മാറിപ്പോയെന്ന ദുഃഖവും സുനില്‍ കുമാര്‍ പങ്കുവെയ്ക്കുന്നു. ബിസിനസ്സ് ഗ്രൂപ്പ് മേധാവികളും, വലിയ ഔദ്യോഗി പദവികള്‍ വഹിക്കുന്നവരും, പ്രൊഫഷണല്‍സിനും ചിരിയ്ക്കാന്‍ കൂട്ടുവേണ്ടത് സാധാരണക്കാരല്ല എന്ന തിരിച്ചറിവില്‍ ചിരി മായുന്നത് കണ്ട് അസ്തമിച്ചു നിന്നുപോയ സുനില്‍കുമാര്‍ സ്റ്റാറ്റസ്സിന്‍റെ ഭാരം വഹിയ്ക്കാത്തവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഒരു സാധാരണക്കാരനോടൊപ്പം നിന്ന് ചിരിയ്ക്കണോ എന്ന് ചിന്തിക്കുന്നവര്‍ക്കുള്ളതല്ല ലാഫ്ടര്‍യോഗ. മനസ്സു തുറന്ന് ചിരിക്കാനുള്ളതാണത്, ജീവിതത്തില്‍ സന്തോഷത്തിന്‍റെ താക്കോലാണത്. ചിരിയുടെ കിലുക്കങ്ങളില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ നിഴല്‍ക്കുത്ത് പതിയാതെ മുന്നോട്ടു പോകാന്‍ കേരളജനതയ്ക്കാവും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

നമസ്തേ ചിരി, ഹാര്‍ട്ടി ലാഫ്, ചാമ്പ്യന്‍ ലാഫ്, ടൈം ലാഫ്, ഷൈ ലാഫ് തുടങ്ങി 50 വ്യത്യസ്ത തരം ചിരികളുണ്ടെന്ന് സുനില്‍ കുമാര്‍ പറയുന്നു. ഞങ്ങളുടെ സംസാരത്തിനിടയില്‍ അതില്‍ പെട്ട പല വിധ ചിരികളും ഞങ്ങള്‍ ആസ്വദിച്ചു. ഒരു പക്ഷെ അതില്‍ പെടാതെ പോയ പല വിധ ചിരികള്‍ ഞങ്ങളില്‍ നിന്നും ഉണ്ടായിട്ടുമുണ്ടാകാം. എന്തായാലും ഇന്നലെ അദ്ദേഹത്തോടൊപ്പം ചെലവിട്ട കുറച്ചു സമയം ഞാനൊരു അപ്പൂപ്പന്‍ താടി പോലെ മനസ്സിന്‍റേയും, ശരീരത്തിന്‍റേയും ഭാരമറിയാതെ അനന്തവിഹായസ്സില്‍ ഒഴുകി നടന്ന പ്രതീതിയോടെ കഴിഞ്ഞു എന്ന് ഉറക്കെ ചിരിച്ചുകൊണ്ടു തന്നെ പറയട്ടെ.

ജീവിത പിരിമുറുക്കങ്ങളില്‍ പെട്ട് ചിരിക്കാന്‍ മറന്നുപോയവര്‍ക്ക് ഹൃദയം തുറന്ന് ചിരിയ്ക്കാന്‍ സുനില്‍കുമാറിനെ സമീപിക്കാം. ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തിനടുത്ത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ 8 മണിവരെ മനസ്സു തുറന്ന് ചിരിയ്ക്കാന്‍ നിങ്ങള്‍ക്ക് സുനിലിനോടൊപ്പം ചേരാം. അദ്ദേഹത്തിനെ ബന്ധപ്പെടാന്‍ മാസ്റ്റര്‍ സുനില്‍ കുമാര്‍ എസ്. വി., സൂരജ് ഫാഷന്‍സ്, എളമക്കര, കൊച്ചി 26 ഫോണ്‍ 9846294077 / 938722286
Thursday, March 13, 2014

അമൃതാനന്ദമയിയും എം.പി.നാരായണപിള്ളയും


ഏതാണ്ട് ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിവുപോലെ ഒരു ശനിയാഴ്ച മുംബൈ ബോറിവലിയിലെ ശാന്തി ആശ്രമത്തിനടുത്തുള്ള പ്രസന്നപ്രഭ എന്ന കെട്ടിടത്തിലെ എം.പി. നാരായണപിള്ളയുടെ ഫ്ളാറ്റില്‍ ചെന്നു. ഞങ്ങള്‍ എല്ലാ ആഴ്ചയിലും നടത്താറുള്ള സൂര്യനു കീഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും വാദവും പ്രതിവാദവും തുടങ്ങി. ഇതിനിടയിലായിരുന്നു നാണപ്പേട്ടന്‍റെ സഹധര്‍മ്മിണി [പ്രഭേടത്തി] ഒരു വെടി പൊട്ടിച്ചത്... അത് മറ്റൊന്നുമായിരുന്നില്ല,

"മുരളീ കേള്‍ക്കണോ, ഇന്നൊരു തമാശയുണ്ടായി, [ഞാന്‍ ആകാംഷാഭരിതന്‍ ചെവി കൂര്‍പ്പിച്ചു] നാണപ്പേട്ടന്‍ അമൃതാനന്ദമയിയെ കാണാന്‍ ആള്‍ക്കൂട്ടത്തിനടുത്തായ് നില്ക്കുന്നു." 

അതു പറഞ്ഞ് ഒളിക്കണ്ണിട്ട് നോക്കി പ്രഭേടത്തി ഒരു പുഞ്ചിരി പാസ്സാക്കി അകത്തേക്ക് പോയി. വിശ്വാസം വരാതെ ഞാന്‍ നാണപ്പേട്ടനെ നോക്കി, എന്നിട്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, 'അയ്യേ, ഞാന്‍ നാണപ്പേട്ടനില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല'. പെട്ടെന്നായിരുന്നു നാണപ്പേട്ടന്‍റെ മറുചോദ്യം.

മുരളീ എത്രകാലം ബ്രിട്ടീഷുകാര്‍ ഭാരതം ഭരിച്ചു?
ഞാന്‍ : ബ ബ്ബ ബ്ബ ബ്ബ...അതു പിന്നെ....
നാണപ്പേട്ടന്‍ : അതു പോട്ടെ..... നമുക്കെപ്പോഴെങ്കിലും ഏതെങ്കിലും ബ്രിട്ടിഷുകാരനോട് അതിന്‍റെ ദേഷ്യം തീര്‍ക്കാനായിട്ടുണ്ടോ?
ഞാന്‍ : എനിക്കെന്തായാലും അതിനു പറ്റിയിട്ടില്ല
നാണപ്പേട്ടന്‍ : എനിക്കും പറ്റിയിട്ടില്ല, അപ്പോള്‍ അതിനു കഴിഞ്ഞ ഒരു സ്ത്രീയെ നമ്മള്‍ ബഹുമാനിക്കണ്ടേ?

ഞാന്‍ : മനസ്സിലായില്ല

നാണപ്പേട്ടന്‍ : എന്‍റെ മുരളീ, സായിപ്പന്മാരെ വെള്ളമുണ്ടുടുപ്പിച്ച്, ജുബ്ബ ധരിപ്പിച്ച്, ഉമിക്കരി കൊണ്ട് പല്ലു തേപ്പിച്ച്, ഈര്‍ക്കിലി കൊണ്ട് നാക്ക് വടിപ്പിച്ച്, കഞ്ഞിയും പയറും, പ്ളാവില കൊണ്ട് കോരി കുടിപ്പിച്ച്, തന്‍റെ തൊട്ടു പുറകിലിരുത്തി താന്‍ പാടുന്ന മലയാളം ഭജന കാണാപാഠം പഠിപ്പിച്ച് തപ്പ് കൊട്ടിച്ച് പാടിപ്പിച്ചുകൊണ്ട് ഒരു തരത്തില്‍ ആ രാജ്യത്തോടു തന്നെ പ്രതികാരം ചെയ്യുന്ന അമൃതാനന്ദമയിയെ ഞാന്‍ ബഹുമാനിക്കുന്നെടോ, അതിലെന്താ ത്ര തെറ്റ്!

എന്‍റെ തലയ്ക്കകത്ത് ഞൊടിയിടയില്‍ ഒരു മിന്നല്‍ പിണര്‍ . ഒരു നിമിഷം ഞാന്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട് അങ്ങനെ ഇരുന്നുപോയി.

NB: ഇത് അമൃതാനന്ദമയിയെ വെള്ളപൂശുന്നതിനുള്ള പോസ്റ്റല്ല, മറിച്ച് സാധാരണക്കാര്‍ ചിന്തിക്കുന്നതിനപ്പുറം കേരളം കണ്ട അസാമാന്യ പ്രതിഭാശാലിയായ എം.പി.നാരായണപിള്ള എങ്ങനെ ചിന്തിക്കുന്നുവെന്നും, അതെങ്ങനെ നമ്മുടെ ബോധമണ്ഡലത്തിലേക്ക് ഇറ്റിക്കുന്നുവെന്നുമുള്ള ഒരു  ചൂണ്ടുപലക മാത്രമാണിത്.

Monday, March 03, 2014

ക്ഷമ ശീലമാക്കിയപ്പോള്‍

സന്ധ്യയായാല്‍ ഞാനും, കോയിന്ദനും, രാജുവും വന്നണയുന്ന ഇടം അമ്പലത്തിന്‍റെ മുന്നിലെ ആല്‍ത്തറയാണ്. അവിടെയിരുന്നാല്‍ അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ വരുന്നവരെയൊക്കെ കണ്ട് കുറ്റങ്ങളും, കുറവുകളുമൊക്കെ പറഞ്ഞങ്ങനെ ഇരിക്കാം. ചിലപ്പോള്‍ ആല്‍ത്തറയ്ക്ക് ചേരാത്തവിധം തറയായിപ്പോകുന്ന കമന്റുകളും കോയിന്ദനില്‍ നിന്നുണ്ടാവാറുണ്ട്. ദീപാരാധന കഴിഞ്ഞ് അമ്പലത്തിലെ തരുണീമണികളും, അവസാനത്തെ അമ്പലവാസിയും പോയിക്കഴിഞ്ഞാലും നിലാവിന്‍റെ വെട്ടത്തില്‍ ആല്‍ത്തറയിലമര്‍ന്ന് ഞങ്ങള്‍ ഗുജറാത്തിലും, ഡല്‍ഹിയിലും, കണ്ണൂരിലും, ഒഞ്ചിയത്തുമൊക്കെ കണ്ണോടിക്കും. ഞാനൊരു മിതവാദിയായതുകൊണ്ട് മൃദുവായ് എല്ലാവരേയും കുത്തിനോവിക്കും. രാജുവിന്‍റെ ശരീരത്തിലൂടെ ഒഴുകുന്നത് ഞങ്ങളുടെ അത്ര ചുവപ്പു നിറം കുറഞ്ഞ ചോരയല്ലായിരുന്നു. കടും ചുവപ്പില്‍ തിളയ്ക്കുന്ന ചോരയായിരുന്നു അവന്‍റെ ശരീരത്തിലൂടെ പാഞ്ഞിരുന്നത്. അതുകൊണ്ട് എന്തിനേയും അവന്‍ വിമര്‍ശിക്കുന്നത് ഞങ്ങള്‍ സഹനശക്തിയോടെ കേട്ടിരുന്നതുപോലെ ഞങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അവന്‍ സഹിച്ചിരുന്നില്ല. പ്രത്യേകിച്ച് കേരളത്തെ രക്ഷിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ച പ്രസ്ഥാനത്തിന്‍റെ അപചയത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ അവന്‍ ഒരു കോമരമായ് ആല്‍ത്തറയില്‍ ഉറഞ്ഞുതുള്ളിയിരുന്നു. അപ്പോള്‍ കോയിന്ദന്‍ സൂത്രത്തില്‍ അവന്‍റെ പക്ഷം ചേര്‍ന്ന് എന്നെ ഒറ്റപ്പെടുത്തുമായിരുന്നു. അങ്ങനെ അവന്‍ ശാന്തമാകുമ്പോള്‍ കോയിന്ദന്‍ സത്യം വിളിച്ചുപറഞ്ഞുകൊണ്ട് ഓടുമായിരുന്നു. അതൊരു കൂട്ടച്ചിരിയായ് പരിണമിച്ച് ഞങ്ങള്‍ പിരിയുമായിരുന്നു.


പക്ഷെ കുറച്ചുനാളുകളായി കോയിന്ദന്‍ ആല്‍ത്തറയിലെത്താറില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാറുമില്ല. പിണങ്ങാന്‍ വല്ല കാരണമുണ്ടായോ എന്നൊക്കെ ചിന്തിച്ചു ഞങ്ങള്‍ തലപുകച്ചു. എന്തോ അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകളെ കാണാന്‍ പഴയതുപോലെ സൌന്ദര്യം തോന്നിയില്ല. എല്ലാത്തിനും കാരണം നിന്‍റെ അമിതമായ രാഷ്ട്രീയ ചായ് വാണെന്ന് ഞാന്‍ രാജുവിനെ കുറ്റപ്പെടുത്തി. അപ്പോഴാണ് കോയിന്ദന്‍ ആല്‍ത്തറയിലേക്ക് മെല്ലെ മെല്ലെ നടന്നുവരുന്നത് കണ്ടത്. അടുത്തെത്തിയതും ഞാന്‍ ചോദിച്ചു, എന്തുപറ്റി, ഞാനെത്ര തവണ വിളിച്ചു, നീയില്ലാത്തതുകൊണ്ട് ഒരാളെ പോലും കളിയാക്കാനും ചിരിക്കാനും തോന്നിയില്ല. ഒരു ദിവസം ആരെയെങ്കിലും കളിയാക്കാതെ കിടന്നുറങ്ങുക എന്നുവെച്ചാല്‍ അത് അനുഭവിച്ചവര്‍ക്ക് തന്നെ അതിന്‍റെ വെഷമം അറിയൂ...


അതുകേട്ട് കോയിന്ദന്‍ പറഞ്ഞു, എടോ, ജീവിതം വളരെ ഹ്രസ്വമാണ്. അതിനിടയില്‍ കഴിയുന്നതും ആരെയും വേദനിപ്പിക്കാതെ ജീവിക്കണം. നമ്മള്‍ പരിഹസിക്കുന്നവര്‍ എന്തായാലും നമ്മളേക്കാള്‍ നല്ലവരാണ്. ഞാനൊരുപാട് ആലോചിച്ചു, നമ്മളിവിടെ നേരമ്പോക്കു പറഞ്ഞിരിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ കളിയ്ക്കാനാരുമില്ലാതെ തളര്‍ന്ന് കിടക്കുകയാണ്. നമുക്ക് ആ സമയം വായിക്കാം, എഴുതാം, കുടുംബത്തോടൊപ്പം ചെലവഴിക്കാം. ആരെയും കഴിയുന്നതും പരിഹസിക്കാതിരിക്കാം. അതുപോലെ മറ്റുള്ളവരുടെ പരിഹാസമൊക്കെ നമുക്ക് ക്ഷമിയ്ക്കാന്‍ കഴിയണം. ക്ഷമ ബലമാക്കി ജീവിക്കുക. ജീവിതം മനോഹരമാവും.


രാജുവിന് ചിരിപൊട്ടി... ഞാനും അവനോടൊപ്പം ചേര്‍ന്ന് ഒന്നു ചിരിച്ചുവെന്ന് തോന്നി. കോയിന്ദന്‍ അതുകണ്ട് മന്ദഹസിച്ചു. രാജു കോയിന്ദന്‍ കാണ്‍കെ എന്നെ ഞോണ്ടി. അതു കണ്ട് അവന്‍ വീണ്ടും പുഞ്ചിരിച്ചു. അപ്പോള്‍ രാജു പറഞ്ഞു, കോയിന്ദാ, നീയെന്താ ആള്‍ദൈവമാകാനുള്ള പരിപാടിയാണോ? അതുകേട്ട് ആല്‍ത്തറയില്‍ നിന്ന് ചാടിയെഴുന്നേറ്റവന്‍ അലറി. ആള്‍ദൈവം നിന്‍റെ തന്ത, തന്ത, തന്ത, തന്ത.....

കോയിന്ദന്‍ തിടുക്കത്തില്‍ നടന്നു. രാജു തരിച്ചിരുന്നു, ഞാന്‍ അവനോട് പറഞ്ഞു, 'ക്ഷമ ബലമാക്കി ജീവിക്കുക, ജീവിതം മനോഹരമാവും'

Wednesday, January 08, 2014

ലൊക്കേഷനില്‍ നിന്ന്

നാളെ പരീക്ഷയൊന്നുമില്ല, പക്ഷെ ഷൂട്ടിംഗുണ്ട്. ഇടതുഭാഗത്ത് സിനിമാട്ടോഗ്രാഫര്‍ കെ.ജി. ജയന്‍ വലതുഭാഗത്ത് സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍


കവി അന്‍‌വര്‍ അലിയുമൊത്ത്

ജഗദീഷുമൊത്ത്

സിനിമാട്ടോഗ്രാഫര്‍ കെ.ജി. ജയനുമൊത്ത്

സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ക്കൊപ്പം
ശ്രീ എം.പി. സുകുമാരന്‍ നായരുടെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ [ നീണ്ടൂര്‍ - ഏറ്റുമാനൂര്‍ ] ഇടവേളകളില്‍ എടുത്ത ചില ഫോട്ടോകള്‍