ഡാര്‍ എസ് സലാമില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങും വഴി സ്നേഹ സമ്പന്നരായ ദുബായിലെ ബ്ലോഗേഴ്സിന്റെ അതിഥിയാവാനുള്ള ഒരു അസുലഭ ഭാഗ്യം എനിക്ക് കൈവന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ദുബായ് വഴി പോകുമ്പോള്‍ അവിടെ തങ്ങുവാന്‍ പ്രത്യേക ഉദ്ദേശ്യമില്ലായിരുന്നു. പക്ഷെ സ്നേഹ സമ്പന്നരായ വിശാലനും, കുറുമാനും, കൈതമുള്ളുമൊക്കെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അങ്ങനെയാവട്ടെ എന്നു കരുതി.
എത്തിയതിന്റെ പിറ്റേന്ന് ആദ്യം വിളിച്ചത് കൈതമുള്ളിനെ (ശശി ചിറയില്‍) ആയിരുന്നു. അദ്ദേഹത്തിന്റെ ഊണു കഴിഞ്ഞുള്ള പതിവ് ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ടായിരുന്നു ഹോട്ടല്‍ പാം ബീച്ചില്‍ നിന്നുള്ള എന്റെ ഫോണ്‍ വിളി. ദാ, ഉടനെ എത്തി എന്ന് പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശശിയേട്ടന്‍ എന്റെ 201 നമ്പര്‍ മുറിയില്‍ ഹാജരായി. കുറേ സംസാരിച്ചിരുന്ന് പിന്നെ ദുബായിലെ സന്ധ്യാ സമയവും ചമയവും കാണാന്‍ ശശിയേട്ടന്‍ എന്നേയും കൂട്ടി പുറത്തേക്ക്. ബാങ്ക് സ്ട്രീറ്റിനടുത്തുകൂടെ നടന്ന് മ്യൂസിയത്തിനടുത്തുകൂടെ നടക്കുമ്പോള്‍ ശശിയേട്ടന്‍ ചരിത്രത്തിലൂടെ എന്നെ ഒരുപാടു പുറകിലേക്ക് കൊണ്ടുപോയി. ക്രീക്കിലെ ഒഴുകി നടക്കുന്നതും, നങ്കൂരമിട്ടിരിക്കുന്നതുമായ വര്‍ണ്ണങ്ങള്‍ വിതാനിച്ച ബോട്ടുകളെ നോക്കി കുറേ നേരം നിന്നു. വീണ്ടും ഇടതടവില്ലാതെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നടന്നു.
രസകരമായിരുന്നു ആ നിമിഷങ്ങള്‍. പിന്നെ ശശിയേട്ടന്റെ വീട്ടിലേക്ക്. ചേച്ചിയും മകളും ചേട്ടനും കൂടി അടുക്കളയില്‍ പൊരിഞ്ഞ പാചകത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് സ്വീകരണമുറിയിലിരുന്ന് ഭാവനയില്‍ കാണാതെ പാചകകലയുടെ ചില വിദഗ്ധ വശങ്ങള്‍ പഠിച്ചെടുക്കുവാന്‍ ശശിയേട്ടന്റേയും ചേച്ചിയുടേയും ഒപ്പം ഞാനും കൂടി. അല്പ സമയത്തിനുള്ളില്‍ വിശാലനത്തി. പിന്നാലെ അജിത്ത് പോളക്കുളത്ത് തന്റെ സുഹൃത്ത് മാധവനുമായ് എത്തി. കുറച്ച് വൈകിയാണെങ്കിലും കുറുമാനും എത്തി. അങ്ങനെ ഞങ്ങള്‍ കോഴിയുടേയും, മീന്റേയും ശാപങ്ങളേറ്റുവാങ്ങി അതിന്റെ വിഷമം മാറുവാന്‍ കുറച്ച് കഷായവും കുടിച്ചു. രാത്രി രണ്ടുമണിയോടെ ഞങ്ങള്‍ പിരിഞ്ഞു.
പക്ഷെ കുറുമാന്റെ സ്നേഹം അവിടെ അവസാനിച്ചിരുന്നില്ല. എന്നേയും കയറ്റിയ അദ്ദേഹത്തിന്റെ വാഹനം ദുബായിലെ തെരുവീഥിയിലൂടെ ചീറി പാഞ്ഞു. എന്റെ ഉള്ളിലെ കിളിയും അതോടൊപ്പം പാഞ്ഞുകൊണ്ടിരുന്നു. ഈ പോക്ക് പോയാല്‍ കുറുമാന്‍ തല മൊട്ടയടിച്ച് ഇന്ത്യയിലേക്കും, ടാന്‍സാനിയായില്‍ നിന്ന് വന്ന ഞാന്‍ ഒരു 30 ചാട്ടവാറടിയെങ്കിലും വാങ്ങി കൊച്ചിയിലേക്കും എത്തിപ്പെടുമോ എന്ന് സന്ദേഹിച്ച് കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
എനിക്കിപ്പോ പോണം ഹോട്ടലിലേക്ക്. “ഹേയ്, അതെന്താ മുരളിയേട്ടാ, എന്റെ ഡ്രൈവിംഗ് കണ്ട് പേടിച്ചോ, അതേയ്, ഞാനൊരുപാട് റാലിയില്‍ പങ്കെടുത്തീട്ടുള്ളതാ, ഒന്നും പേടിക്കണ്ട ട്ടാ”, കുറുമാന്‍ ധൈര്യം പകരുകയാണ്.
ഞാന്‍ പറഞ്ഞ്, “ഹേയ്, എന്തു പേടി, നേരം ഇത്രയായില്ലേ, ഇനി ഹോട്ടലില്‍ പോകാം” - അപ്പോഴും ഞാന്‍ ചെറുതായ് വിറച്ചിരുന്നുവോ എന്ന് സംശയം.
പേടികൊണ്ടാവില്ല, ഡിസംബറല്ലേ, ദുബായല്ലേ, ചെറിയൊരു കുളിര്. അങ്ങനെ അള്ളാഹു പ്രാര്‍ത്ഥന ചെവികൊണ്ടു. എന്നെ പാം ബീച്ചില്‍ ഇറക്കി. അവിടെ പാര്‍ക്കിംഗ് കിട്ടാത്തതിനാല്‍ ഒന്നുരണ്ടു പേരോട് കുറുമാന് ഇത്തിരി ദേഷ്യം വന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞ് പിരിഞ്ഞു. കുഞ്ഞുമോള്‍ക്ക് പനിയായിരുന്നതിനാല്‍ പിറ്റേന്ന് കാണുവാന്‍ സാദ്ധ്യതയില്ലെന്നും പോകുന്നതിനു മുമ്പ് പറഞ്ഞു.
പിറ്റേന്ന് കാലത്ത് 9:30 ന് പാം ബീച്ച് ഹോട്ടലില്‍ ഫ്രീയായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്ന എന്നോട് ദോശയവിടെ ഉപേക്ഷിച്ച് പെട്ടെന്ന് വരാനായിരുന്നു വിശാലന്റെ നിര്‍ദ്ദേശം. പുറത്ത് ചെന്നപ്പോള്‍ വിശാലനും അദ്ദേഹത്തിന്റെ അളിയനും വാഹനവുമായ് കാത്തു നിന്നിരുന്നു. നേരെ പോയത് വുഡ് ലാന്റ് ഹോട്ടലിലേക്ക്. അവിടെ നിന്ന് മസാലദോശയും ചായയും കഴിച്ച് പിന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക്. വിശാലനും എനിക്ക് തൊട്ടുപിന്നാലേ നാട്ടില്‍ വരുന്നതിനാല്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും അത്യാവിശ്യമില്ലാത്ത കുറേ സാധനങ്ങള്‍ വാങ്ങി (എല്ലാവരേയും സന്തോഷിപ്പിക്കുക എന്ന ചടങ്ങിലേക്ക്). വളരെ വിശാലമായ ഒരു ഷോപ്പിംഗ് കോമ്പ്ലെക്സിലൂടെ ആദ്യമായ് നടന്നു. 1:30 ആയപ്പോള്‍ ശശിയേട്ടന്‍ ഫോണ്‍ ചെയ്തു. എവിടെയാണെന്നന്വേഷിച്ചു. ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നതിനാലും, ആ ഭക്ഷണത്തിന്റെ രുചി അറിയുന്നതുകൊണ്ടും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ശശിയേട്ടന്റെ വീട്ടിലെത്താന്‍ മനസ്സ് വെമ്പന്‍ കൊണ്ടു. എന്നെ ഹോട്ടലില്‍ ഇറക്കി അപ്പോള്‍ പിന്നെ വൈകീട്ട് കാണാം എന്ന് പറഞ്ഞ് വിശാലനും, അളിയനും യാത്ര പറഞ്ഞു. ഞാന്‍ സാധനങ്ങള്‍ ഹോട്ടലില്‍ വെച്ച് ശശിയേട്ടന്റെ വീട്ടില്‍ പോയി. ഒരു വോഡ്ക കഴിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.
അതിനിടെ കിലുക്കാംപെട്ടിയുടെ ഫോണ്‍ വന്നു. അവരുടെ ചുറുചുറുക്കുള്ള ജീവിതചര്യകള്‍ അറിഞ്ഞ് ഞാന്‍ അത്ഭുതം കൊണ്ടു. നേരില്‍ കാണാന്‍ പറ്റാത്തതിന്റെ ഖേദം അറിയിച്ചു. എങ്കിലും വാക്കുകളിലൂടെ തന്നെ മറ്റുള്ളവര്‍ക്കും ഉന്മേഷം പകരാന്‍ കഴിയുന്ന പ്രതിഭയുള്ള ആ ബ്ലോഗര്‍ക്ക് എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പിന്നീട് പോകുന്നതിനു തൊട്ടുമുമ്പും വിളിച്ച് യാത്രാ മംഗളങ്ങള്‍ നേരാന്‍ അവര്‍ മറന്നില്ല.
അതുപോലെ ഫോണിലൂടെ സ്നേഹം ചൊരിയാന്‍ ചന്ദ്രകാന്തവും ഉണ്ടായിരുന്നു. രണ്ടുപ്രാവശ്യം അവരും വിളിച്ചു. പനിയായിരുന്നതിനാല്‍ അവര്‍ക്കും എത്താനായില്ല. അവര്‍ക്കും എന്റെ നന്ദി.
ഡിസംബര്‍ 7 നു വൈകീട്ട് ആദ്യം റൂമിലെത്തിയത് വഴിപോക്കന്‍[vazhipokan] (C P Dinesh) ആണ്. പിന്നെ അപ്പുവും (ഷിബു), സഹയാത്രികനും (സുനില്‍) വന്നു. കുറച്ച് നേരം സംസാരിച്ചിരുന്ന് ഞങ്ങളെല്ലാവരും കൈതമുള്ളിന്റെ വീട്ടില്‍ പോയി. അവിടെ നിന്ന് ചായ കുടിച്ചു. വൈകീട്ട് ഞാനും, അപ്പുവും, സഹയാത്രികനും, വഴിപോക്കനും കൂടി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും വാങ്ങാനായ് ജംബോ ഇലക്ട്രോണിക്സില്‍ പോയി. വഴിപോക്കന്റെ സ്വാധീനത്തില്‍ ചില്ലറ ഡിസ്ക്കൌണ്ടില്‍ സാധനങ്ങള്‍ വാങ്ങി. അതിനിടെ ശശിയേട്ടനും കുടുംബവും അത്യാവശ്യമായി ഷാര്‍ജ്ജയില്‍ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളെ വന്ന് കണ്ടു യാത്ര പറഞ്ഞു.
അപ്പുവും, സഹയാത്രികനും ഷാര്‍ജ്ജയിലേക്ക് തിരിച്ചുപോയി. ഞാനും വഴിപോക്കനും ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാത്രി വഴിപോക്കന്റെ വക അത്താഴവിരുന്നും കഴിഞ്ഞ് എന്നെ എയര്‍പ്പോര്‍ട്ടിലേക്ക് യാത്രയാക്കും വരെ അദ്ദേഹം എന്നോടൊപ്പം ചെലവഴിച്ചു.
എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി 3 ദിവസങ്ങള്‍ ചെലവഴിച്ച ദുബായ് എന്റെ ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട് എന്നെ സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അവരുടെ ദേഷ്യം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല്‍ വീണും ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ മനസ്സ് കൊണ്ടു വെമ്പല്‍ കൊള്ളുന്നു എന്നറിയിച്ചുകൊണ്ട്
നിര്‍ത്തട്ടെ.
സസ്നേഹം
മുരളി