Monday, March 03, 2014

ക്ഷമ ശീലമാക്കിയപ്പോള്‍

സന്ധ്യയായാല്‍ ഞാനും, കോയിന്ദനും, രാജുവും വന്നണയുന്ന ഇടം അമ്പലത്തിന്‍റെ മുന്നിലെ ആല്‍ത്തറയാണ്. അവിടെയിരുന്നാല്‍ അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ വരുന്നവരെയൊക്കെ കണ്ട് കുറ്റങ്ങളും, കുറവുകളുമൊക്കെ പറഞ്ഞങ്ങനെ ഇരിക്കാം. ചിലപ്പോള്‍ ആല്‍ത്തറയ്ക്ക് ചേരാത്തവിധം തറയായിപ്പോകുന്ന കമന്റുകളും കോയിന്ദനില്‍ നിന്നുണ്ടാവാറുണ്ട്. ദീപാരാധന കഴിഞ്ഞ് അമ്പലത്തിലെ തരുണീമണികളും, അവസാനത്തെ അമ്പലവാസിയും പോയിക്കഴിഞ്ഞാലും നിലാവിന്‍റെ വെട്ടത്തില്‍ ആല്‍ത്തറയിലമര്‍ന്ന് ഞങ്ങള്‍ ഗുജറാത്തിലും, ഡല്‍ഹിയിലും, കണ്ണൂരിലും, ഒഞ്ചിയത്തുമൊക്കെ കണ്ണോടിക്കും. ഞാനൊരു മിതവാദിയായതുകൊണ്ട് മൃദുവായ് എല്ലാവരേയും കുത്തിനോവിക്കും. രാജുവിന്‍റെ ശരീരത്തിലൂടെ ഒഴുകുന്നത് ഞങ്ങളുടെ അത്ര ചുവപ്പു നിറം കുറഞ്ഞ ചോരയല്ലായിരുന്നു. കടും ചുവപ്പില്‍ തിളയ്ക്കുന്ന ചോരയായിരുന്നു അവന്‍റെ ശരീരത്തിലൂടെ പാഞ്ഞിരുന്നത്. അതുകൊണ്ട് എന്തിനേയും അവന്‍ വിമര്‍ശിക്കുന്നത് ഞങ്ങള്‍ സഹനശക്തിയോടെ കേട്ടിരുന്നതുപോലെ ഞങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അവന്‍ സഹിച്ചിരുന്നില്ല. പ്രത്യേകിച്ച് കേരളത്തെ രക്ഷിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ച പ്രസ്ഥാനത്തിന്‍റെ അപചയത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ അവന്‍ ഒരു കോമരമായ് ആല്‍ത്തറയില്‍ ഉറഞ്ഞുതുള്ളിയിരുന്നു. അപ്പോള്‍ കോയിന്ദന്‍ സൂത്രത്തില്‍ അവന്‍റെ പക്ഷം ചേര്‍ന്ന് എന്നെ ഒറ്റപ്പെടുത്തുമായിരുന്നു. അങ്ങനെ അവന്‍ ശാന്തമാകുമ്പോള്‍ കോയിന്ദന്‍ സത്യം വിളിച്ചുപറഞ്ഞുകൊണ്ട് ഓടുമായിരുന്നു. അതൊരു കൂട്ടച്ചിരിയായ് പരിണമിച്ച് ഞങ്ങള്‍ പിരിയുമായിരുന്നു.


പക്ഷെ കുറച്ചുനാളുകളായി കോയിന്ദന്‍ ആല്‍ത്തറയിലെത്താറില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാറുമില്ല. പിണങ്ങാന്‍ വല്ല കാരണമുണ്ടായോ എന്നൊക്കെ ചിന്തിച്ചു ഞങ്ങള്‍ തലപുകച്ചു. എന്തോ അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകളെ കാണാന്‍ പഴയതുപോലെ സൌന്ദര്യം തോന്നിയില്ല. എല്ലാത്തിനും കാരണം നിന്‍റെ അമിതമായ രാഷ്ട്രീയ ചായ് വാണെന്ന് ഞാന്‍ രാജുവിനെ കുറ്റപ്പെടുത്തി. അപ്പോഴാണ് കോയിന്ദന്‍ ആല്‍ത്തറയിലേക്ക് മെല്ലെ മെല്ലെ നടന്നുവരുന്നത് കണ്ടത്. അടുത്തെത്തിയതും ഞാന്‍ ചോദിച്ചു, എന്തുപറ്റി, ഞാനെത്ര തവണ വിളിച്ചു, നീയില്ലാത്തതുകൊണ്ട് ഒരാളെ പോലും കളിയാക്കാനും ചിരിക്കാനും തോന്നിയില്ല. ഒരു ദിവസം ആരെയെങ്കിലും കളിയാക്കാതെ കിടന്നുറങ്ങുക എന്നുവെച്ചാല്‍ അത് അനുഭവിച്ചവര്‍ക്ക് തന്നെ അതിന്‍റെ വെഷമം അറിയൂ...


അതുകേട്ട് കോയിന്ദന്‍ പറഞ്ഞു, എടോ, ജീവിതം വളരെ ഹ്രസ്വമാണ്. അതിനിടയില്‍ കഴിയുന്നതും ആരെയും വേദനിപ്പിക്കാതെ ജീവിക്കണം. നമ്മള്‍ പരിഹസിക്കുന്നവര്‍ എന്തായാലും നമ്മളേക്കാള്‍ നല്ലവരാണ്. ഞാനൊരുപാട് ആലോചിച്ചു, നമ്മളിവിടെ നേരമ്പോക്കു പറഞ്ഞിരിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ കളിയ്ക്കാനാരുമില്ലാതെ തളര്‍ന്ന് കിടക്കുകയാണ്. നമുക്ക് ആ സമയം വായിക്കാം, എഴുതാം, കുടുംബത്തോടൊപ്പം ചെലവഴിക്കാം. ആരെയും കഴിയുന്നതും പരിഹസിക്കാതിരിക്കാം. അതുപോലെ മറ്റുള്ളവരുടെ പരിഹാസമൊക്കെ നമുക്ക് ക്ഷമിയ്ക്കാന്‍ കഴിയണം. ക്ഷമ ബലമാക്കി ജീവിക്കുക. ജീവിതം മനോഹരമാവും.


രാജുവിന് ചിരിപൊട്ടി... ഞാനും അവനോടൊപ്പം ചേര്‍ന്ന് ഒന്നു ചിരിച്ചുവെന്ന് തോന്നി. കോയിന്ദന്‍ അതുകണ്ട് മന്ദഹസിച്ചു. രാജു കോയിന്ദന്‍ കാണ്‍കെ എന്നെ ഞോണ്ടി. അതു കണ്ട് അവന്‍ വീണ്ടും പുഞ്ചിരിച്ചു. അപ്പോള്‍ രാജു പറഞ്ഞു, കോയിന്ദാ, നീയെന്താ ആള്‍ദൈവമാകാനുള്ള പരിപാടിയാണോ? അതുകേട്ട് ആല്‍ത്തറയില്‍ നിന്ന് ചാടിയെഴുന്നേറ്റവന്‍ അലറി. ആള്‍ദൈവം നിന്‍റെ തന്ത, തന്ത, തന്ത, തന്ത.....

കോയിന്ദന്‍ തിടുക്കത്തില്‍ നടന്നു. രാജു തരിച്ചിരുന്നു, ഞാന്‍ അവനോട് പറഞ്ഞു, 'ക്ഷമ ബലമാക്കി ജീവിക്കുക, ജീവിതം മനോഹരമാവും'

3 comments:

കുറുമാന്‍ said...

ഹ ഹ എന്നാലും സന്ധ്യാനേരത്ത് തന്തക്ക് വിളികേട്ടല്ലോ മുരളിയേട്ടാ :)

പട്ടേപ്പാടം റാംജി said...

ആ വിളി കേട്ടാലെന്താ 'ക്ഷമ ബലമാക്കി ജീവിക്കുക, ജീവിതം മനോഹരമാവും' എന്നെങ്കിലും പറയാന്‍ കഴിഞ്ഞല്ലോ.

Murali K Menon said...

കുറുമാന്‍ , റാംജി: വായനയ്ക്കും, അഭിപ്രായത്തിനും നന്ദി....
[പേജിങ്ങനെ വെറുതെ കിടക്കുന്നത് കണ്ടപ്പോള്‍ എന്തെങ്കിലും എഴുതി നിറയ്ക്കുന്നു, അത്രയേ ഉള്ളു]