Wednesday, September 10, 2014

ഏകാന്തതയുടെ അപാര തീരം

 സെപ്റ്റംബർ 7, 2014 ഞായർ - തിരുവോണം : രാവിലെ നേരത്തേ കുളിയൊക്കെ നിർവഹിച് കസവു കരയുള്ള ഡബ്ബിൾ മുണ്ടൊക്കെ ഉടുത്ത് സ്വീകരണമുറിയിൽ വന്നിരുന്നപ്പോഴാണ്‍ ഞാൻ തനിച്ചാണല്ലൊ എന്നും, കൂട്ടിനു പഴയ ഓർമ്മകൾ മാത്രമേ ഉള്ളുവെന്നും തിരിച്ചറിഞത്. ഒരു ചായ പോലും കുടിച്ചിട്ടില്ല, തലേ ദിവസത്തെ ചോറും മുട്ടക്കറിയും ബാക്കിയുണ്ട്. നാട്ടിലുള്ളവരെ ഓരോരുത്തരെയായ് വിളിച്ചു ഓണാശംസകൾ നേർന്നു. തണുത്ത ചോറും, നോണ്‍-വെജും കഴിക്കരുതെന്ന് ഭാര്യ പ്രത്യേകം ഓർമ്മിപ്പിച്ചിരിക്കുന്നു. ഗതികെട്ടാൽ ഈയുളളവൻ എന്തും കഴിച്ചുകളയും എന്നവൾ സംശയിച്ചിരിക്കണം.


ടാൻസാനിയയിലെ ഉപാംഗ എന്ന സ്ഥലത്തെ ഒരു ബഹുനില കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലെ ഫ്ലാറ്റിന്റെ ബാൽകണിയിലിരുന്ന് കുറച്ചകലെയായി കാണുന്ന കടലിലേക്കും, നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകളിലേക്കും നോക്കി ചുമ്മാ സമയം ചെലവിട്ടു. രാവിലെ 9 മണി ആയിരിക്കുന്നു. [നാട്ടിൽ 11:30]. തന്റെ കുട്ടിക്കാലത്തെ ആഘോഷത്തിമിർപ്പുകൾ പോലെയൊന്നും ഇല്ലെങ്കിലും എല്ലാവരും ഓണം എന്ന ഒരു ഉത്സവത്തിന്റെ മൂഡിൽ തന്നെയായിരിക്കും. ഒരുപക്ഷെ അടുപ്പിച്ചു വീണു കിട്ടിയ അവധിയുടെ സന്തോഷമാകാം അത്.


സത്യത്തിൽ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുക്ക് പ്രത്യക്ഷപ്പെടുന്ന ഓണത്തിനായിരുന്നു പ്രസക്തി എന്ന് തോന്നുന്നു. പുതിയ വസ്ത്രങ്ങളും, വിശക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും, അതിന്റെ ലഭ്യതയും, ഒന്നിലധികം വിഭവങ്ങളുടെ അകമ്പടിയും ഒക്കെയായി ഒരു സമൃദ്ധിയുടെ ദിവസം. ഇപ്പോഴും നാസാരന്ധ്രങ്ങളിൽ തങ്ങി നില്ക്കുന്ന വടുകപ്പുളിയും, പച്ചമുളകും, ഇഞ്ചി-വേപ്പില എന്നിവ അരിയുമ്പോഴുണ്ടാവുന്ന കൊതിപ്പിക്കുന്ന മണം, പപ്പടം കാച്ച്ചുന്നതിന്റെ നേർത്ത ശബ്ദവും, വാസനയും, ഉപ്പേരി വെളിച്ചെണ്ണയിൽ മൊരിയുന്നതിന്റെ മണവും, ചുടോടെ കരുമുരാ തിന്നുമ്പോഴുള്ള നിർവൃതിയും........... ഇപ്പോളതൊന്നുമില്ല.. എപ്പോൾ വേണമെങ്കിലും ആഘോഷങ്ങളാണ്, അതിനു ഓണം, വിഷു, ക്രിസ്തുമസ് എന്നുള്ള പേരുകളുടെ ആവശ്യമില്ല. എല്ലാം നമ്മുടെ പരിധികൾക്കുള്ളിലാണെന്നു നാം അഹങ്കരിക്കുന്നു. അതുകൊണ്ടു തന്നെ ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നവരുടെ ശതമാനം തുലോം വിരളമായിരിക്കുന്നു.


കഴിഞ്ഞ ഓണത്തിനു ഭാര്യയുടെ അമ്മയുണ്ടായിരുന്നു. അച്ഛൻ ഓണത്തിന് തൊട്ടു മുമ്പായി ആഗസ്റ്റിൽ മരിച്ചു. ഓണം കഴിഞ്ഞ് നവംബറിൽ അമ്മയും.. പലപ്പോഴും അച്ഛനമ്മമാരോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷം എത്രയാണെന്നു തിരിച്ചറിയുന്നത്‌ അവരില്ലാത്ത ഒരോണം കടന്നു വരുമ്പോഴാണ്.


കപ്പലിൽ നിന്നും മുഴങ്ങിയ അലോസരപ്പെടുത്തുന്ന സൈറനിൽ ഞാനെന്റെ ഓർമ്മകളെ കൈവിട്ടു എഴുന്നേറ്റു. സമയം 12 മണിയായിരിക്കുന്നു. ഒറ്റയ്ക്ക് എന്ത് ഓണസദ്ധ്യയൊരുക്കാൻ... എന്നാലും ചോറും, മോരൊഴിച്ചു കൂട്ടാനും വച്ച് 1:30 ആയപ്പോഴേക്കും ഊണു കഴിച്ചു. കുറച്ചു നേരം കിട്ടാവുന്ന മലയാളം ചാനലുകൾ മാറി  മാറി വച്ചു, പിന്നെ ഓഫ് ചെയ്ത് നന്ദൻ എഴുതിയ "കുറിയേടത്തു താത്രി" വായിക്കാനിരുന്നു. രസകരമായ വിവരണങ്ങൾ, പഴയ കാലങ്ങളെ വായനക്കാരന്റെ മുന്നിൽ അടുക്കിവച്ച്ചുകൊന്ട് ഒരു പ്രത്യേക ലോകം ചമച്ചിരിക്കുന്നു നന്ദൻ.  നന്ദന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'ഒളിച്ച വായനകളിൽ മലർക്കെ തുറക്കുന്ന മറഞ്ഞ ലോകങ്ങൾ, ജിജ്ഞാസയുടെ അക്ഷര നൃത്തങ്ങൾ, ശബ്ദമുണ്ടാക്കാതെ  ഉന്തി വിടർത്തുന്ന വാതിലുകൾ'.  സ്മാർത്ത വിചാരണയിൽ കുടുങ്ങിപ്പോയ ഒരാളെ പോലെ ഞാനും സ്ഥലകാല ബോധം നഷ്ടപ്പെട്ടങ്ങനെ...........
                                 - 0 -

4 comments:

സുധി അറയ്ക്കൽ said...

വായിച്ചു.നന്നായിട്ടുണ്ട്‌.കുറേക്കാലമായല്ലോ എഴുതിയിട്ട്‌!!!!

Murali K Menon said...

Thanks Sudhi. aarambha soorathwam athu ente mukha mudrayaanu.

kure naal kazhiyumbol thaalparyam illaathe pokunnu.

المتألقون للصيانة والتشطيب وكشف تسريبات المياه said...

شركة عزل اسطح بعنك
شركة عزل اسطح بسيهات

المتألقون للصيانة والتشطيب وكشف تسريبات المياه said...

شركة عزل اسطح بعنك
شركة عزل اسطح بسيهات