പഴങ്കഞ്ഞി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒന്നു മുറുക്കാനായ് ചെല്ലം തുറന്നു നോക്കിയ കുഞ്ഞുണ്ണി നായര്‍ നിരാശനായി. ചെല്ലത്തില്‍ ഒരു പുകയില ഞെട്ടിയല്ലാതെ വേറൊന്നുമില്ല. വെറുതെ വെള്ളം തെളിഞ്ഞുവരുന്ന വായില്‍ മുറുക്കാനിട്ട് ചവച്ചു തുപ്പിയാലേ ഒരു സുഖമുള്ളു. കുഞ്ഞുണ്ണി നായര്‍ ചെല്ലം അടച്ചുവെച്ച് തൊട്ടടുത്തുള്ള നെടുമ്പിള്ളി മനയിലേക്കു നടന്നു. അവിടെയാവുമ്പോള്‍ തിരുമേനിയുടെ ചെല്ലത്തില്‍ നിറയെ തളിര്‍വെറ്റിലയുണ്ടാവും, പിന്നെ ചവര്പ്പില്ലാത്ത അടക്കയും. ഒരാളെ സംസാരിക്കാന്‍ കിട്ടിയാല്‍ തിരുമേനി ചെല്ലം തുറന്നു മുന്നിലോട്ട് വെക്കും. പറയുന്നത് മുഴുവന്‍ കേട്ടിരിക്കാനുള്ള സഹിഷ്ണുതയുണ്ടാവണം. അത്രയേ വേണ്ടു. പ്രത്യേകിച്ച് പണിയൊന്നും അന്നില്ലാതിരുന്നതുകൊണ്ട് കുഞ്ഞുണ്ണി നായര്‍ക്കിന്ന് ഇഷ്ടംപോലെ സമയമുണ്ട്.
നായര്‍ മനയുടെ മുറ്റത്തു ചെല്ലുമ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് തിരുമേനി പാള വിശറി കൊണ്ട് വീശികൊണ്ടിരിക്കയായിരുന്നു. പഴയ പ്രതാപ കാലത്ത് എങ്ങനെയായിരുന്നോ അങ്ങിനെതന്നെയാണ് ഇപ്പഴും തിരുമേനിയുടെ വീട്. ഗ്രാമം മുഴുവന്‍ വൈദ്യുതി എന്നൊക്കെ സര്‍ക്കാരു പറഞ്ഞപ്പഴും തിരുമേനി കുലുങ്ങിയില്ല. ഇലക്ട്രിസിറ്റി ബോര്‍ഡും പഞ്ചായത്തു മെമ്പറും വീട്ടില്‍ വന്ന് തിരുമേനിയെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. അപ്പോ തിരുമേനി പറഞ്ഞു,
“ഉഷ്ണിച്ചാല്‍ പാള വിശറി കൊണ്ടു വീശ്വാ. സന്ധ്യക്ക് നിലവിളക്ക് കൊളുത്ത്വാ, ഇരുട്ടിയാല്‍ മേശവിളക്ക് കൊളുത്ത്വാ. അതൊക്കെ ഇത്തിരി നേരത്തേ കാര്യോള്ളൂ. അപ്പളക്കും ഒറക്കം വരും. കെടന്നൊറങ്ങി നേരം വെളുത്താ പിന്നെന്താ ഹയ്....അതോണ്ട് ഇതൊന്നും പറഞ്ഞ് ഇവടെ നിന്ന് നേരം കളയണ്ട, അങ്ങട് നടന്നോളു.“ (ഇന്നു വരെ ചോദിക്കുന്നവര്‍ക്കൊക്കെ വാരി വലിച്ചു കൊടുത്ത തന്റെ കയ്യില്‍ ഒരു ഓട്ടക്കാലിണ പോലും ഇല്ലെന്നു പറയാന്‍ തിരുമേനിക്കു മനസ്സു വന്നില്ല - ദുരഭിമാനമായി വേണമെങ്കില്‍ കരുതിക്കോട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് വീഴാതിരിക്കാന്‍ പതിയെ ചാരുകസേരയില്‍ കൈകളൂന്നി)
ഇലക്ട്രിസിറ്റിക്കാരും, പഞ്ചായത്തു മെമ്പറും വന്ന വഴിയേ പോയി.
തിരുമേനി വിശറികൊണ്ട് വീശി ചാരുകസേരയില്‍ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു. ചാരുകസേരക്കടുത്തു തന്നെ മുറുക്കാന്‍ ചെല്ലം ഇരിക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞുണ്ണി നായര്‍ക്ക് സന്തോഷമായി. ഏതാണ്ട് ആറടി പൊക്കവും, കാതില്‍ ചുവന്ന കടുക്കനുമണിഞ്ഞ്, നെഞ്ചിലെ നരച്ച രോമത്തിനു കുറുകെയിട്ടിരിക്കുന്ന പൂണൂലും നെഞ്ചിനൊപ്പം ചേര്‍ത്തുകെട്ടിയിരിക്കുന്ന മുണ്ടും ഒക്കെയായി കുഞ്ഞുണ്ണി നായരുടെ മുന്നില്‍ ആ പഴയ നെടുമ്പിള്ളി മനയിലെ ആഢ്യന്‍ തിരുമേനി നിറഞ്ഞു നിന്നു. ഉമ്മറത്തു നിന്ന് കുഞ്ഞുണ്ണി നായര്‍ മുരടനക്കി. തിരുമേനി വിശറി താഴ്ത്തി അവിടെ കിടന്നുകൊണ്ടുതന്നെ കുഞ്ഞുണ്ണിയെ നോക്കി. തിമിരം ബാധിച്ച കണ്ണുകളിലൂടെ പോലും പഴയ ചങ്ങാതിയെ തിരുമേനി തിരിച്ചറിഞ്ഞു,
“ങാ, കുഞ്ഞുണ്ണ്യല്ലേ, താനിങ്ങട് അടുത്ത് വര്വാ, ഇരിക്ക്വാ.“
കുഞ്ഞുണ്ണിനായര്‍ ഭവ്യതയോടെ അദ്ദേഹം കിടക്കുന്ന ഇറയത്തിനടുത്ത് ചെന്നിരുന്നു.
“ഹയ്, ശ്ശി കാലായി തന്നെ ഇങ്ങട് കണ്ടട്ട്, എവിട്യാരുന്നു?“ തിരുമേനി ചോദിച്ചു.
എന്താണു മറുപടി പറയേണ്ടതെന്ന് കുഞ്ഞുണ്ണി നായര്‍ക്ക് കുറച്ചുനേരം ആലോചിക്കേണ്ടി വന്നു. പഴയതുപോലെ ഇവിടെ വന്നീട്ട് എന്തിനാണ്, ഒന്നും കിട്ടാനില്ലല്ലോ, അതുകൊണ്ട് മറ്റെവിടെയെങ്കിലും പോയി മൂന്നു നേരം കഴിച്ചുകൂട്ടാന്‍ പോകുന്ന തത്രപ്പാടിനിടയില്‍ ഇങ്ങോട്ടു വരാന്‍ ഒത്തില്ല തിരുമേനി എന്നൊക്കെ അദ്ദേഹത്തോട് പറയാന്‍ തനിക്കാവില്ല, അതുകൊണ്ട് കുഞ്ഞുണ്ണി ഭവ്യതയോടെ പറഞ്ഞു,
“പഴയ പോലെ അങ്ങനെ ഓടി നടക്കാന്‍ പറ്റുന്ന പ്രായം അല്ല, എന്നാലും എന്തെങ്കിലുമൊക്കെ പറ്റാവുന്ന പണിയൊക്കെ ചെയ്ത് നേരം ഇശ്ശ്യാവും വീട്ടിലെത്തുമ്പോ അതോണ്ടാ ഇങ്ങടൊന്നും എറങ്ങാന്‍ പറ്റാഞ്ഞേ. ഇന്നെന്തോ ഒരസ്ഖ്യത, എവടേം പോയില്ല എന്നാ പിന്നെ തിരുമേന്യേ ഒന്നു കാണാന്ന്ച്ചു, അത്രേ ഉള്ളു.“
തിരുമേനി ചാരുകസേരയില്‍ നീര്‍ന്നിരുന്നു. പിന്നെ കുനിഞ്ഞ് മുറുക്കാന്‍ ചെല്ലം എടുത്ത് കുഞ്ഞുണ്ണി നായരുടെ മുന്നിലേക്ക് നീട്ടി വെച്ചീട്ട് പറഞ്ഞു,
“താന്‍ ഒന്നങ്ങട് മുറുക്ക്വാ എന്നട്ട് നമുക്കൊന്നും രണ്ടും പറഞ്ഞങ്ങനിരിക്കാം. ന്താ...“
കുഞ്ഞുണ്ണി നായര്‍ ഭവ്യതയോടെ പറഞ്ഞു, ഓ .. എന്നീട്ട് ചെല്ലം തുറന്ന് രണ്ടു വെറ്റിലയെടുത്ത് ചുണ്ണാമ്പു തേക്കാന്‍ തുടങ്ങുമ്പോള്‍ തിരുമേനി വിളിച്ചു,
തിരുമേനി: കുഞ്ഞിണ്ണീ
കുഞ്ഞുണ്ണി വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നത് നിര്‍ത്തി തിരുമേനിയെ നോക്കി: ഓ
തിരുമേനി: ഒരാനേ വാങ്ങിച്ചാലോന്ന് ഒരാലോചന.
കുഞ്ഞുണ്ണി: (ചുണ്ണാമ്പുതേക്കുന്നത് തുടര്‍ന്നുകൊണ്ട്): അതെന്തായാലും നന്നായി.
(കുഞ്ഞുണ്ണി വെറ്റില മടക്കി വായിലേക്ക് വെക്കാന്‍ പോകുമ്പോള്‍)
തിരുമേനി: ആ ഒറ്റപ്പാലത്തെ അര്‍ജ്ജുനനെ വാങ്ങിച്ചാലോ, ന്താ തന്റെ അഭിപ്രായം?
കുഞ്ഞുണ്ണി: (മടക്കിയ വെറ്റില കയ്യില്‍ പിടിച്ച്) കൊള്ളാം നല്ല പേരു കേട്ട ആനയാ. ഈ മനക്കല് വന്നു കേറാന്‍ പറ്റിയ ആന തന്നെ
( മുറുക്കാന്‍ വായിലേക്ക് വെക്കുമ്പോള്‍, പെട്ടെന്ന് തിരുമേനി)
തിരുമേനി: പക്ഷെ അവരതിനെ കൊടുക്ക്വോന്നാ ഒരു സംശയം. ന്താ ശര്യല്ലേ കുഞ്ഞുണ്ണി?
കുഞ്ഞുണ്ണി (വായിലേക്ക് ഇടാന്‍ വെച്ച മുറുക്കാന്‍ വീണ്ടും കയ്യില്‍ വെച്ച്): ങാ അതു ശര്യാ.. കൊടുക്ക്വോന്ന് സംശാ.
തിരുമേനി: അപ്പ പിന്നെ എന്താ ചെയ്യാ? നമ്മടെ കാട്ടുമാടത്തെ കര്‍ണ്ണനായാലോ?
മുറുക്കാന്‍ വായിലിട്ടാല്‍ അതൊന്ന് കടിച്ച് രസായി വരണവരെ സംസാരിക്കാന്‍ കുഞ്ഞുണ്ണിക്കിഷ്ടമില്ലാത്തോണ്ട് കുഞ്ഞുണ്ണി മുറുക്കാന്‍ കയ്യില്‍ തന്നെ പിടിച്ച് തിരുമേനിക്ക് മറുപടി കൊടുത്തു.
കുഞ്ഞുണ്ണി: കാട്ടുമാടത്തെ കര്ണ്ണന് കൊള്ളാം. കണ്ടാ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല. അതോണ്ട് അതങ്ങട് ഒറപ്പിച്ചോളു.
കുഞ്ഞുണ്ണി മുറുക്കാന്‍ ഒന്നുകൂടി നിവര്‍ത്തിനോക്കി ചേരുവകകള്‍ വല്ലതും കുറഞ്ഞു പോയിട്ടുണ്ടോ എന്നു നോക്കി, പിന്നെ മടക്കി, അപ്പോള്‍ തിരുമേനി പറഞ്ഞു,
തിരുമേനി: കുഞ്ഞുണ്ണി, അതിലൊരു കൊഴപ്പംണ്ട്, അവന് കേമന്‍ തന്ന്യാ, പക്ഷെ വാലിനല്പം നീട്ടം കൊറവും, പിന്നെ രോമണങ്കി തീരില്യാന്ന് തന്നെ പറയാം.
കുഞ്ഞിണ്ണി: ങാ അത് നേരാ, വാലത്ര പോരാ
തിരുമേനി: എന്നാ പിന്നെ മഹേന്ദ്ര വര്‍മ്മേടെ നകുലനെ വാങ്ങിക്കാം, അതാവുമ്പോ..കുഞ്ഞുണ്ണി മുറുക്കാനുള്ള ധൃതിയില്‍ വേഗം പറഞ്ഞു,
കുഞ്ഞുണ്ണി: നകുലന് നമ്മടെ ഗുരുവായൂര്‍ കേശവനൊപ്പം നിക്കും. അതോണ്ട് അതു മതി തിരുമേനി. എന്താ അവന്റെ തലയെടുപ്പ്.
(കുഞ്ഞുണ്ണി മുറുക്കാന്‍ വായിലേക്ക് വെക്കും മുമ്പ് തിരുമേനി വിളിച്ചു)
തിരുമേനി: കുഞ്ഞുണ്ണി, അതോണ്ടായില്യ. അവന്റെ കൊമ്പിനൊരു ദ്വാരംണ്ട്ന്ന് ഒരു ശ്രുതിണ്ട്.
കുഞ്ഞുണ്ണി വായിലേക്കു കൊണ്ടു പോയ മുറുക്കാന്‍ കയ്യില്‍ തന്നെ പിടിച്ച് പറഞ്ഞു,
ഞാനും അങ്ങനെ കേക്ക്ണ്ടായി, ഇനിപ്പോ വേറെ ഏതാ ഒരാന?
തിരുമേനി: അല്ലാ, ആനേ വാങ്ങിച്ചാലും കഷ്ടാവും, പണ്ടത്തെപോലെ അതിനെ നോക്കാനും പിടിക്കാനുമൊന്നും ആളില്യാ. നമ്മടെ മനക്കലെ സ്ഥിതീം അത്ര ഗംഭീരൊന്നും അല്ലാന്ന് കുഞ്ഞുണ്ണിക്കും അറിയാലോ.
അതു കേട്ടപ്പോള്‍ കുഞ്ഞുണ്ണിക്ക് ഒരല്പം വെഷമം തോന്നി. തിരുമേനീടെ ദയനീയമായ മുഖഭാവം കൂടി കണ്ടപ്പോള്‍ ആശ്വസിപ്പിക്കുന്ന മട്ടില്‍ കുഞ്ഞുണ്ണി ചോദിച്ചു,
കുഞ്ഞുണ്ണി: എന്നാ പിന്നെ നമുക്ക് വേറെ എന്തെങ്കിലും...
തിരുമേനി: അതാ ഞാനും ആലോചിക്കണേ... നമുക്കൊരു പശൂനെ വാങ്ങ്യാലോ?
കുഞ്ഞുണ്ണി: ആ ആലോചന നന്നായി. ഞാനങ്ങട് പറയണംന്ന് കരുതീതാരുന്നു. അപ്പളക്കും തിരുമേനി പറഞ്ഞു.
തിരുമേനി: താനെന്റെ കൂടെ കൂടീട്ട് ശ്ശി കാലായില്ലേ.. അതങ്ങന്യേ വരൂ.
കുഞ്ഞുണ്ണി: നല്ലൊരു പശൂനെ കിട്ടാനായിട്ട്...
തിരുമേനി: നല്ല സിന്ധി പശ്വായിക്കോട്ടെ
കുഞ്ഞുണ്ണി: അതു പിന്നെ പറയണ്ട കാര്യംണ്ടോ, വാങ്ങിക്കുമ്പോ സിന്ധി പശു തന്നെ വേണം
തിരുമേനി: നല്ല നാടന്‍ പശുക്കള്‍ക്കും ഇപ്പ നല്ലോണം പാലു കിട്ടുംന്നാ കേക്കണേ.
കുഞ്ഞുണ്ണി: പാലിനൊന്നും കൊറവ്ണാവില്യ
തിരുമേനി: എന്നാ പിന്നെ നാടന്‍ പശ്വായാലോ കുഞ്ഞുണ്ണി.
കുഞ്ഞുണ്ണി: അതു മതീന്ന് പറയാന്‍ വര്വാരുന്നു. അതാവുമ്പോ ഇവിടെ അടുത്തെങ്ങാന്‍ കിട്ടും ചെയ്യും. (ഇനിയും കാത്ത് നിന്നാല്‍ മുറുക്കുന്ന കാര്യം നടക്കില്ലെന്നറിഞ്ഞ് കുഞ്ഞുണ്ണി മുറുക്കാന്‍ വായിലിട്ട് ചവക്കാന്‍ തുടങ്ങി)
തിരുമേനി: പക്ഷെ പശൂനെ വാങ്ങീന്ന് വയ്ക്ക്വാ. അതിനെ എവട്യാ സൌകര്യം ഒരുക്ക്വാന്നാ ഇപ്പഴത്തെ ചിന്ത.
കയ്യു കൊണ്ട് ഒരു നിമിഷം എന്ന് ആംഗ്യം കാട്ടി കുഞ്ഞുണ്ണി പുറത്തേക്കിറങ്ങി, അല്പ നേരം അവിടെ നിന്ന് നല്ലവണ്ണം ചവച്ച് ലേശം തുപ്പിക്കളഞ്ഞ് തിരിച്ചു വന്നു.
കുഞ്ഞുണ്ണി: നമ്മടെ കയ്യാലക്കപ്പുറത്ത് ചെറിയൊരു തൊഴുത്ത് പണിഞ്ഞാലോ തിരുമേനി?
തിരുമേനി: എന്നട്ട് വേണം അതിന്റെ ചാണോം മൂത്രോം നാറാന്‍. മാത്രംല്ലാ കൊതൂം കൂടും
കുഞ്ഞുണ്ണി: അത് ശര്യാ. അപ്പ പിന്നെ ഇനിപ്പോ എന്താ ചെയ്യാ
തിരുമേനി: ഒന്നും ചെയ്യാനില്യ - പശൂനെ വാങ്ങണ്ടാന്നു വെയ്ക്ക്വ അത്ര തന്നെ.
കുഞ്ഞുണ്ണി: അതാ അതിന്റെ ശരി. ഞാനതെങ്ങന്യാ തിരുമേന്യോട് പറയണ്ടേന്ന് വിചാരിക്ക്വായിരുന്നു.
തിരുമേനി: തന്റെ മുറുക്കലു കഴിഞ്ഞോ കുഞ്ഞുണ്ണി?
കുഞ്ഞുണ്ണി: ങാ അത് കഴിഞ്ഞു.
തിരുമേനി: ന്നാ കുഞ്ഞുണ്ണി നടന്നോളു.. ഞാനൊന്ന് വിശ്രമിക്കട്ടെ. തിരുമേനി ചാരുകസേരയിലേക്ക് ചെരിഞ്ഞ് പാള വിശറിയെടുത്ത് വീശിക്കൊണ്ട് ആലോചനയിലാണ്ടു.
കുഞ്ഞുണ്ണി മനയുടെ പടിവാതില്‍ കടന്ന് പുറത്തേക്കു നടന്നു. തിരിഞ്ഞുനോക്കാന്‍ മനസ്സു വെമ്പിയെങ്കിലും തിരുമേനിയെ ഇനി നോക്കാന്‍ തനിക്കാവില്ല എന്ന തിരിച്ചറിവില്‍ കുഞ്ഞുണ്ണി സ്വയം മനസ്സിനെ നിയന്ത്രിച്ചു. മുറുക്കാന്‍ മുഴുവാനായും തുപ്പിക്കളഞ്ഞ് കുഞ്ഞുണ്ണി എങ്ങോട്ടെന്നില്ലാതെ നടന്നു.
36 comments:
ജീവിതത്തില്‍ കണ്ടു മറന്ന ചില ഓര്‍മ്മ ചിത്രങ്ങള്‍, നര്‍മ്മത്തിന്റെ ലേബലില്‍ ഞാന്‍ കുറിക്കുമ്പോഴും നൊമ്പരപ്പെടുത്തുന്ന നിഴലുകളായ് എന്റെ മനസ്സില്‍ നില്ക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.
ഈ നര്‍മ്മത്തിന് കുത്തിനോവിക്കുന്ന ഒരു ചൂടുണ്ട് മാഷേ... കഥ ഇഷ്ടായി.
മാഷെ രസികത്വമുള്ള കഥ..!
എന്തിനാണു കുഞ്ഞുണ്ണി മുറുക്കാന്‍ മുഴുവന്‍ തുപ്പിക്കളഞ്ഞത്? വായ് കേടായിട്ടാണൊ,അതൊ രസം പോയിട്ടാണൊ?
നല്ല കഥ...ചിലരിങ്ങനെയിപ്പോഴും കാണാം നമുക്കു ചുറ്റും ..ഞങ്ങളുടെ നാട്ടിലെ ഒരു വീട്ടുകാരെക്കുറിച്ചു അറിയാതെ ഓര്‍ത്തു..ഞങ്ങള്‍ ചെറുപ്പത്തില്‍ ഓടികളിച്ചിരുന്ന ഒരു വീടുമുറ്റം ..അവരന്നും ഇന്നും അതേപോലെ തന്നെ...
മുരളിയേട്ടാ...
പ്രൌഢി നശിച്ച ഇല്ലങ്ങളും പഴയ തറവാടുകളും ഇന്ന് ഈ അവസ്ഥയിലൂടെ കടന്നു പോകുകയല്ലേ എന്നോര്‍ത്തുപോയി.
A Good story sir.
:)
upaasana
havoo.....kuliran narmmam :)
ഇതിനെ നര്‍മ്മം എന്ന ലേബലില്‍ ഇടല്ലേ മാഷേ...
ഇല്ലായ്മകള്‍ മാത്രം നിറഞ്ഞു നില്ക്കുന്നു .വായിച്ചപ്പോള്‍ എവിടെ ഒക്കെയോ വേദന തോന്നി.
ഇത്തിരിവെട്ടം, കുഞ്ഞന്‍, പ്രദീപ്, ശ്രീ, എന്റെ ഉപാസന, ജി.മനു എന്നിവര്‍ക്ക് നന്ദി.
കിലുക്കാംപെട്ടി: നര്‍മ്മം എന്ന ലേബലില്‍ പെടുത്തിയതിനു ഞാന്‍ വേദനിക്കുന്നുവെന്ന് എന്റെ ആദ്യ കമന്റില്‍ പറഞ്ഞീട്ടുണ്ട്. കയ്പു കലര്‍ന്ന ജീവിതത്തെ പൊതിഞ്ഞ നര്‍മ്മത്തിന്റെ ഒരു ചെറിയ ശര്‍ക്കര തുണ്ടായി കുഞ്ഞുണ്ണിയുടേയും തിരുമേനിയുടേയും സംഭാഷണങ്ങളെ കണ്ടാല്‍ എവിടെയൊക്കെയോ ഉള്ള വേദനകളില്‍ നിന്നും രക്ഷപ്പെട്ട്, മനസ്സില്‍ മാത്രം വേദന തങ്ങി നില്ക്കാന് സഹായിക്കും. വായിച്ചതിനും കമന്റിയതിനും നന്ദി.
ക്ഷയിച്ച ഇല്ലങ്ങളും, ഉള്ള കാലത്ത് ആഡ്യന്മാരായിരുന്ന എന്നാല്‍ ഇന്നു ഉടുതുണിക്ക് മറുതുണിയില്ലാത്ത നമ്പൂതിരി കുടുംബങ്ങളും, അവരുടെ ആശ്രിതന്മാരായിരുന്നവരുടെ ജീവിതവും എല്ലാം നല്ല തന്മയിത്വത്തോടെ വരച്ചു കാട്ടിയിരിക്കുന്നു (പക്ഷെ ഇവിടെ ഒരു പ്രശ്നമുണ്ട്, നമ്പൂതിരി ക്ഷയിച്ചാലും, ആശ്രിതന്/കാര്യസ്ഥന് പച്ചപിടിച്ചിട്ടുള്ള ചരിത്രത്തിനു ഈ കഥ ഒരു പോറലായി)
ഏതോ ഒരു സിനിമയില്‍ ഇഢലി തിന്ന്നുന്ന അമ്മാവനെ അതു് തിന്നാതിരിപ്പിക്കുന്ന ജഗതിയുടെ ഒരു രംഗം ഓര്‍മ്മ വന്നു.മുറുക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന കുഞ്ഞുണ്ണി നായര്‍ .
രസിച്ചു വായിച്ചു.പക്ഷേ ഇടിഞ്ഞു പൊളിഞ്ഞ മനയിലെ പശുവിലെത്തുന്ന സഭാഷണങ്ങളും.ഒടുവില്‍...
തിരുമേനി ചാരുകസേരയിലേക്ക് ചെരിഞ്ഞ് പാള വിശറിയെടുത്ത് വീശിക്കൊണ്ട് ആലോചനയിലാണ്ടു എന്നുള്ള പര്യവസാനവും, എന്തോ ഒരു നൊമ്പരം...
പതിവുപോലെ വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും സന്തോഷം കുറുമാന്, വേണൂ.
നന്നായി എഴുതിയിരിക്കുന്നു. അവസാനം മനസ്സില്‍ അവശേഷിച്ചത് നൊമ്പരമാണു.
നഷ്ടസൌഭാഗ്യങ്ങളിലേക്കു വെളിച്ചം വീശുന്ന കഥ.
ഇനിയുമെഴുതൂ.
ഓര്‍മ്മകളിലെ സൌഭാഗ്യത്തെ താലോലിച്ച് കൊണ്ട് ജീവിക്കുന്ന തിരുമേനിയുടെ ചിത്രം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
മേന്നേ, പെട്ടെന്ന് ഓര്‍മ്മ വന്നത് വീട്ടില്‍ അച്ഛന് അടക്കാമരത്തിന്റെ പാള വെള്ളത്തിലിട്ടു കുതിര്‍ത്തി വെട്ടി ശരിയാക്കി വിശറിയുണ്ടാക്കുന്നതാണ്.
കഥ നന്നായി.
മുരളിയേട്ടാ നന്നായി എഴുതിയിരിക്കണൂ...
ന്താ ചെയ്യാ... ആയ കാലത്ത് ശ്ശി പേര്‍ക്ക് വേണ്ടോളം കൊടുക്കുണ്ടായേ... ഇപ്പൊത്തിരി ക്ഷീണാച്ചാലും അത് പുറത്ത് കാണിക്കാന്‍ പറ്റ്വോ... എക്കെ ദൈവ നിശ്ചയം... ഈശ്വരോ രക്ഷതൂ...
:)
( ഇതിനു സമാനമായ ഒരു ഫലിതം പണ്ടെപ്പഴോ കേട്ടതോര്ക്കണൂ...
കല്ല്യാണ വീടാണു ... അവിടെ ഗൃഹനാഥന് കാര്യസ്ഥനോട്
ഗൃഹനാഥന് : രാമാ വൈകീട്ടത്തെ സദ്യയ്ക്ക് രണ്ട് പറ അരിയിടേണ്ടി വര്വോ..?
രാമന് : വേണ്ടി വരും വേണ്ടി വരും
ഗൃഹനാഥന് : അത് കൂടുതലാവോന്നൊരു സംശയണ്ട്...
രാമന് : ഉം...എനിക്കും തോന്നണൂ.... കൂടലാവും...
ഗൃഹനാഥന് : അപ്പെന്താ ചെയ്യാ...?
രാമന് : എന്താ ചെയ്യാ...?
ഗൃഹനാഥന് :ഒരു ഒന്നരപറ്യങ്ങട്ട് ഇട്ടാലോ....?
രാമന് :അത് മതി... അതാ പാകം....
ഗൃഹനാഥന് :അല്ല രാമാ കൊറയോ...?
രാമന് :അതന്ന്യാ എന്റേം സംശയം... കൊറയുന്നാ തോന്നണേ...
ഗൃഹനാഥന് : അപ്പെന്താ ചെയ്യാ...?
രാമന് : എന്താ ചെയ്യാ...?
അങ്ങനെ നീണ്ടു പോകുന്നു....)
അസ്ഥാനത്തായോ എന്റെ കഥ പറച്ചില്...?
:(
ചിരിയിലും വേദനിപ്പിയ്ക്കുന്നു മുരളിയേട്ടാ താങ്കള്‍.
നല്ല പോസ്റ്റ്.
ആവനാഴി, സതീശ്, മുരളി, സഹയാത്രികന്, നിഷ്ക്കളങ്കന്‍ എന്റെ ഹൃദയംഗമമായ നന്ദി.
സഹയാത്രികന്റെ കഥ പറച്ചില് ഒട്ടും അസ്ഥാനത്തായില്ല. അവരുടെ ദു:ഖങ്ങളും നമ്മെ സന്തോഷിപ്പിക്കാനുതകുന്ന തരത്തില്‍ ഫലിതരൂപേണയാണെന്നത് നിഷ്ക്കളങ്ക ജന്മങ്ങളുടെ ഒരു രീതി കൊണ്ടാവാം.
പല ഇല്ലങ്ങളുടെയും ഇന്നത്തെ സ്ഥിതി ഇതൊക്കെയാണെങ്കിലും കുഞ്ഞുണ്ണിമാര്‍ ഇല്ലങ്ങളില്‍ കയറി നിരങ്ങുന്ന ആ പഴയ അവസ്ഥ ഇന്ന് കാണാന്‍ ബുദ്ധിമുട്ടാണ്.
എന്തായാലും കഥ നന്നയേക്ക്ണൂ..
മേന്നെ,
കഥ നന്നായി.
വല്ലവരും അദ്ധ്വാനിച്ചത് തിന്നുകയും അവര്‍ക്കുമേലെ കുതിരകയറുകയും ചെയ്തിരുന്ന നമ്പൂരി ഇല്ലം ക്ഷയിച്ചിട്ടും ആനയെ വാങ്ങിക്കുന്നതും സ്വപ്നം കണ്ട് ചാരുകസേരയില്‍ ചാരിയങ്ങിനെ കിടക്കുന്നു. അടിമത്തത്തില്‍ നിന്നും മോചിതരായ അടിയാളര്‍ തങ്ങളുടെ വിയര്‍പ്പിന്റെ വില കിട്ടാന്‍ തുടങ്ങിയപ്പോള്‍ സുഖിമാന്മാരാകുന്നു. മടിയന്‍ നമ്പൂരി ഓര്‍മ്മകളുടെ മാറാലയില്‍ ആരെയോ പഴിച്ച്... ഇത് ഈ കഥയുടെ തന്നെ മറ്റൊരു വായന.
എഴുത്തുകാരന് ഒളിപ്പിച്ചുവച്ച വായന.
വിശദമായ വായനക്കും അഭിപ്രായത്തിനും കുട്ടന്മേനോനും, കിനാവിനും എന്റെ നന്ദി.
കുട്ടന്മേനോന്: എല്ലാ കുഞ്ഞിണ്ണിമാരും മാറിക്കഴിഞ്ഞു എന്നു നമുക്ക് വിശ്വസിക്കാനാവില്ല
കിനാവ്: കാഴ്ചപ്പട് ശരി തന്നെ. പക്ഷെ അതോടൊപ്പം പഴയ സുഖലോലുപതയുടെ ഭാണ്ഡം പേറാന്‍ വിധിക്കപ്പെട്ട കുറെ ശുദ്ധാത്മാക്കളായവരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്നുള്ളത് എന്റെ അടുത്തറിവുള്ള കാര്യങ്ങളാണ്.
:-( എന്തു പറയാന്‍...കണ്മുന്നിലുള്ളവരുടെ ഇല്ലായ്മകളും വല്ലായ്മകളും എപ്പോഴും കണ്ണു നിറയിയ്ക്കാറുണ്ട്..ഇപ്പോഴും..
പാവം തിരുമേനി.
അരവി, പടിപ്പുര - നന്ദിയുണ്ട് വായിച്ചതിനും കമന്റിയതിനും
കലക്കീണ്ട് എമ്മേമ്മേ...
റ്റച്ചിങ്ങ്! വെരി നൈസ്!!
ചാത്തനേറ്:പാവം കുഞ്ഞുണ്ണി അതങ്ങട് ആസ്വദിക്കാനും പറ്റീലല്ലേ...
വിശാലനും, കുട്ടിച്ചാത്തനും എന്റെ നന്ദി..
എല്ലാവരുടേയും തിരക്കുകള്‍ക്കിടയിലും എന്റെ ചില നേരമ്പോക്കുകളായ വരികളിലൂടെ കടന്നുപോകുകയും അഭിപ്രായങ്ങള്‍ കുറിച്ചിടുകയും ചെയ്തതിനു ഒരുപാടു നന്ദിയുണ്ട്.
Kollaaam, nalla narmam.
മുരളിഭായ്
....കണ്ടു മറന്ന മനകളും,നബൂതിരിയുമെല്ലാം ഞൊടിയിടയില്‍ മനസ്സിലൂടെ കടന്നു പോയി...ഒരു വെറ്റില മുറക്കലിന്റെ പശ്ചാത്തലത്തില്‍ പഴമയുടെ ആ സുവര്‍ണ്ണക്കാലം വയനക്കാരുടെ മനസ്സിലേക്കിറക്കി വെച്ച ഈ ...
ആനേ വാങ്ങണോ..പശൂനെ വാങ്ങണോ....മികവ് പുലര്‍ത്തി.
ഒരായിരം അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
വായിച്ചതിനും അഭിപ്രായപ്പെട്ടതിനും ജോസഫിനും മന്‍സൂര്‍ ഭായ്ക്കും നന്ദി
ഇന്നാണ് ഈ വഴി വന്നതും വായിച്ചതും. വളര വളരെ ഉള്ളില്‍ തട്ടുന്ന അവതരണം. കുഞ്ഞുണ്ണി മുറുക്കാന്‍ തുപ്പിക്കളയുന്ന രംഗം, രണ്ടുപേരുടേയും മാനസിക വ്യാപാരത്തെ വരച്ചുകാട്ടി.
ആശംസകള്‍.
ചന്ദ്രകാന്തം, വൈകിയീട്ടൊന്നുമില്ല. കാരണം സാധാരണയായി എന്റെ രണ്ടു രചനകള്ക്കിടെ തരക്കേടില്ലാത്ത ഗാപ്പുകള്‍ ഉണ്ടാവാറുണ്ട്. പിന്നെ കുറച്ചുകാലമായ് എന്തെങ്കിലും തട്ടിവിടുന്നതുകൊണ്ടാണ് അടുപ്പിച്ചു പോസ്റ്റ് ചെയ്യുന്നത്. വന്നു വായിച്ചതിനും അഭിപ്രായം എഴുതിയനും നന്ദിയും സ്നേഹവും അറിയിക്കുന്നു.
നന്നായിരിക്കുന്നു. ആശംസകള്‍.
നല്ല ടച്ചിംഗ്ണ്ട് ട്ടാ.
ഒന്നും ഇല്ലെങ്കിലും കൊടുക്കുന്ന കൈകള്‍ ഒരു മുറുക്കാനെങ്കിലും കൊടുക്കും.
എനിക്ക് ഓര്‍മ്മ വന്നത് ആനയില്ലാതെ കാരവടി മാത്രം ഓര്‍മ്മയ്ക്കായ് കൊണ്ടുനടന്നിരുന്ന "ആന രാമന് നായരെയാണ്" കാട്ടുകുതിരയില്.
പൊങ്ങുമ്മൂടനും, താരാപഥത്തിനും നന്ദി
Post a Comment