Monday, October 08, 2007

കഥാക്യാമ്പ്

നാളെ കഥാക്യാമ്പില്‍ ആദ്യം വായിക്കുന്ന കഥ തന്റേതായിരിക്കും. തന്റെ ഗ്രാമത്തില്‍ നടക്കുന്ന ആദ്യത്തെ സാഹിതീസംരംഭമാണ്. യോഗ്യതയായി പറഞ്ഞിരിക്കുന്നത് ഇതുവരെ കഥയൊന്നും അച്ചടിമഷി പുരളാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാമെന്നാണ്. സമ്മാനദാനത്തിനു വരുന്നത് ഒന്നാം ക്ലാസില്‍ തന്നെ പഠിപ്പിച്ച രാമനാഥന്‍ മാഷാണ്. അദ്ദേഹം അറിയപ്പെടുന്ന ബാലസാഹിത്യകാരനും പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങിയിട്ടുള്ള അദ്ധ്യാപകനുമാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഒരു സമ്മാനം വാങ്ങിക്കുന്നതും അദ്ദേഹം അനുഗ്രഹിക്കുന്നതും ഓര്‍ത്ത് 40കാരനായ കുട്ടിശങ്കരന്‍ ഒരു നിമിഷം കോള്‍മയിര്‍ കൊണ്ടു. തന്റെ കഥ കേട്ട്, ഓഹോ ഇയാള്‍ കഥയും എഴുതുമോ എന്ന് ചിന്തിച്ച് മാഷും, തളിയക്കോണം ഗ്രാമവാസികള്‍ മുഴുവനും അത്ഭുതപരതന്ത്രരായ് നില്‍ക്കുന്ന കാഴ്ച കിനാവ് കണ്ട് കുട്ടിശങ്കരന്‍ കുറേ നേരം നിലത്തങ്ങനെ വെറുതെ കിടന്നു.

പക്ഷെ നാളെയെന്നു പറയാനായി ഇനി അധികസമയമില്ല. കഥക്കാണെങ്കില്‍ വലിയ പുരോഗതിയും വന്നീട്ടില്ലല്ലോ എന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു. ഊണു കഴിഞ്ഞ ഉടനെ മക്കളുടെ പഠനമുറിയില്‍ കയറി വാതിലടച്ചതാണ്. അമ്മയുടെ കഥകള്‍ കേട്ട് കുട്ടികള്‍ ഉറങ്ങിയിട്ട് അധിക നേരമായെന്ന് ഭാര്യയുടെ നേര്‍ത്ത കൂര്‍ക്കം വലിയില്‍ നിന്നും ഊഹിക്കാവുന്നതേ ഉള്ളു.

അധിക നേരം കുനിഞ്ഞിരുന്നാല്‍ കഴുത്തും പുറവും വേദനിക്കുമെന്നതുകൊണ്ട് റൈറ്റിംഗ് പാഡില്‍ നോട്ട് ബുക്ക് തിരുകി ചുമരില്‍ ചാരി വെച്ച്, നിന്നാണ് എഴുതിതുടങ്ങിയത്. പക്ഷെ വാക്കുകള്‍ ഒഴുകിയില്ല. പിന്നെ മനസ്സിലായി, ചുമരില്‍ ചാരി വെച്ചെഴുതിയാല്‍ മനസ്സില്‍ നിന്നു മാത്രമല്ല, പേനയിലൂടെയും ഒന്നും ഒഴുകില്ലെന്ന്. അതുകൊണ്ട് ഇരുന്നും കിടന്നുമായ് കുറെയേറെ എഴുതിക്കൂട്ടി. എഴുതിയതൊക്കെ ഒന്നുകൂടി വായിച്ചപ്പോള്‍ കീറിക്കളയാന്‍ തോന്നി. കുറേ കഴിഞ്ഞപ്പോള്‍ മുറി നിറയെ കീറിയെറിഞ്ഞ കടലാസു തുണ്ടുകള്‍ കണ്ട് അത്ഭുതം തോന്നി . ഹോ, ഇത്രമാത്രം താന്‍ എഴുതുകയും കീറിക്കളയുകയും ചെയ്തോ! “എഴുതിയത് സ്വയം കീറിക്കളഞ്ഞ് വീണ്ടും വീണ്ടും എഴുതണം” എന്നാണു പ്രശസ്തരായ എഴുത്തുകാര്‍ പറഞ്ഞീട്ടുള്ളത് എന്ന് കുട്ടിശങ്കരന്‍ ഓര്‍ത്തു. നമ്മള്‍ കീറിയില്ലെങ്കില്‍ പിന്നെ നമ്മളെഴുതുന്നത് പത്രാധിപര്‍ കീറി ചവറ്റു കുട്ടയിലിടുമത്രെ!

എവിടെയോ ഒരു കോഴി കൂവിയെന്ന് അയാള്‍ക്ക് തോന്നി. പ്രായമായ കോഴി ഉറക്കം കിട്ടാതെ കൂവിയതാവാനേ തരമുള്ളു. അതോ ഇനി നേരം ശരിക്കും പുലരാറായോ. തന്റെ കഥയെ കുറിച്ചും, ക്യാമ്പിനെ കുറിച്ചും കോഴിക്കറിയേണ്ട കാര്യമില്ലല്ലോ. എന്റെ സരസ്വതീ ദേവീ, ഇനിയിപ്പോള്‍ പുതിയ ഒരാശയം എഴുതിയുണ്ടാക്കി വരുമ്പോഴേക്കും കഥാക്യാമ്പും തീരും. ക്യാമ്പില്‍ വന്നവരൊക്കെ മലയാള സാഹിത്യത്തിനു നാളെ മുതല്‍കൂട്ടാവേണ്ട ഈ കുട്ടിശങ്കരനെ കാണാതെ പോകേണ്ടിയും വരും.

അയാള്‍ കീറിയ കടലാസു തുണ്ടുകളൊക്കെ ഓരോന്നായ് വായിച്ച് അതില്‍ നിന്നും കൊള്ളാവുന്ന വാക്യങ്ങള്‍ പകര്‍ത്തി എഴുതാന്‍ തുടങ്ങി. ഇടയ്ക്ക് വെച്ച് കുട്ടിശങ്കരന്‍ ഓര്‍ത്തു. അയ്യോ, ഒരു നല്ല പേരിടണ്ടേ തന്റെ കഥക്ക്. ചെലപ്പോ പേരിട്ടതിനുശേഷം കഥയെഴുതാന്‍ തുടങ്ങിയാല്‍ ഒരൊഴുക്ക് കിട്ടിയെന്നുവരും. ‘കഥയില്ലായ്മ’ എന്നു കൊടുത്താലോ, - ഹേയ് വേണ്ട, അത് തന്നെപ്പറ്റി തന്നെഎഴുതിയതാണെന്ന് പറഞ്ഞ് ആളുകള്‍ ചിരിക്കും. ആളുകള്‍ ചിരിക്കുന്നത് സഹിക്കാം. പക്ഷെ തന്റെ ഭാര്യ ചിരിക്കുമ്പോഴാണ് തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തത്. എന്നാല്‍ അതു മനസ്സിലാക്കി അവള്‍ ചിരിക്കാതിരിക്കോ അതൊട്ടില്ലതാനും. - ഗ്രാമത്തിന്റെ പേരു ചേര്‍ത്തൊരെണ്ണം കൊടുത്താലോ, ‘തളിയക്കോണം കഥകള്‍’ എന്ന്. -‘അവന്റെയൊരു കോണത്തിലെ കഥയെന്ന്‘ പറയാന്‍ അത് ആരെയെങ്കിലും പ്രേരിപ്പിച്ചാലോ, അതും വേണ്ട.. ഓ അല്ലെങ്കില്‍ തന്നെ “പേരിലെന്തിരിക്കുന്നു” എന്നല്ലേ വിവരമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ‘ഇന്നത്തെ കഥ’ എന്നു തന്നെ ആയിക്കോട്ടെ.

പ്രപഞ്ചത്തിന്റെ ചലനങ്ങളൊപ്പിയെടുത്ത് മനസ്സില്‍ കൊണ്ടു നടന്നതും, ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞതും, പഴയ മാ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചതും, കീറിയ കടലാസു തുണ്ടുകളിലെഴുതിയതുമൊക്കെയായ് കുട്ടിശങ്കരന്‍ മഹത്തായ തന്റെ സൃഷ്ടി പൂര്‍ത്തീകരിച്ചു. സൃഷ്ടിയുടെ ആലസ്യത്തിലമര്‍ന്ന് മയങ്ങിപ്പോയ അയാള്‍ എപ്പോഴോ ഗാഢനിദ്രയിലാണ്ടു.

“അമ്മേ ഓടിവായോ, ദേ ഈ അച്ഛന്‍.....”

മകന്റെ കരച്ചില്‍ കേട്ട് കടലാസു കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിശങ്കരന്‍ ഞെട്ടിയെഴുന്നേറ്റ് ചുമരില്‍ ചാരിയിരുന്നു. ഉറക്കം വിട്ടുമാറാത്തതിനാല്‍ പെട്ടെന്ന് എഴുന്നേറ്റു പോകാന്‍ ഒരു മടി തോന്നി. അടുക്കളയില്‍ നിന്നും ഓടിയെത്തിയ അയാളുടെ ഭാര്യ മകനെ ചീത്ത പറഞ്ഞു,

“ഓ, നീ ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ ചെക്കാ. നിന്റച്ഛനൊന്നും പറ്റീട്ടില്ലല്ലോ ദേ പൊട്ടൊരുളി പണയം വെച്ച പോലെ ചുമരില്‍ ചാരി വെച്ചിരിക്കണു”.

“ആഹാ, അച്ഛനൊന്നും പറ്റിയില്ല പക്ഷെ ഞാന്‍ കണക്കു ചെയ്തു പഠിക്കണ നോട്ട്ബുക്കിന്റെ പേജുകളാ മുറിയിലാകെ കീറിയിട്ടിരിക്കണത്. അതമ്മ കണ്ടോ?”

അവനതും പറഞ്ഞ് ചിണുങ്ങാന്‍ തുടങ്ങി. അവള്‍ മകനെ കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോകുമ്പോള്‍ പറഞ്ഞു,

“സാരല്യ, മോന്റച്ഛനല്ലേ കീറിക്കളിച്ചത്. അച്ഛന്‍ ജ്ഞാനപീഠം വാങ്ങാനുള്ള പരിശ്രമത്തിലാണെന്നു മോനെന്താ മനസ്സിലാക്കാത്തേ. പീഠം വാങ്ങി വരുന്ന വഴി അതിന്റെ മോളില് വച്ചെഴുതാന്‍ അച്ഛന്‍ മോനു പുതിയ നോട്ട്ബുക്ക് വാങ്ങിച്ചു കൊണ്ടരുംട്ടോ.” പിന്നെ മകന്റെ തലയില്‍ തലോടി ഉറക്കെ ചിരിച്ചു. പോകുമ്പോള്‍ തിരിഞ്ഞു നോക്കി അവള്‍ എന്തോ ഗോഷ്ടി കാട്ടിയോ, ഏയ് തനിക്കു തോന്നിയതാവാം.

അമ്മയുടെ ചിരി കണ്ട് അവന്‍ ചിണുക്കം നിര്‍ത്തി ചിരിക്കാന്‍ തുടങ്ങിയിരുന്നു.ഓ, കാലത്തെഴുന്നേല്‍ക്കുമ്പോള്‍ വലതു വശം തിരിഞ്ഞ് സരസ്വതീ ദേവിയെ പ്രാര്‍ത്ഥിച്ച് എഴുന്നേല്‍ക്കണമെന്നു കരുതിയതാ, അതാണീ ചെക്കന്‍ വന്ന് നശിപ്പിച്ചത്. പിന്നെ തന്റെ ഭാര്യയാണെന്നു പറഞ്ഞീട്ടൊന്നും കാര്യമില്ല. കേട്ടില്ലേ, ജ്ഞാനപീഠം വാങ്ങാന്‍ പോകുകയാണെന്ന്. അവള്‍ പറ്റാവുന്ന സമയത്തൊക്കെ തന്നിലെ കഥാകൃത്തിനെ ഇട്ട് ചവിട്ടുന്നത് താനറിയില്ലെന്നാ അവളുടെ വിചാരം. അല്ലെങ്കിലും പല സാഹിത്യകാരന്മാരും അവിവാഹിതരായ് കഴിയുന്നതു കൊണ്ടായിരിക്കും അവര്‍ക്ക് നല്ല സൃഷ്ടികള്‍ നടത്താനാവുന്നത് എന്നും ഇങ്ങനെ പോയാല്‍ ഒരു വിവാഹമോചനത്തിലേ ഇത് ചെന്നവസാനിക്കൂ എന്നും അയാള്‍ക്ക് തോന്നാതിരുന്നില്ല. കഥാക്യാമ്പില്‍ നിന്നും സമ്മാനം കൊണ്ടു വന്ന് താനവളുടെ മുഖത്തെറിയും‍. അമ്മയും മക്കളും കണക്കാ. പിന്നേ..., ഈ ആറാംക്ലാസ്സില്‍ പഠിക്കുന്ന ഇവന്‍ കണക്ക് പഠിക്കേണ്ട ആവശ്യം തന്നെയുണ്ടോന്നാ തന്റെ സംശയം. ഇത്ര കാലായിട്ടും തനിക്ക് കണക്കറിയില്ലല്ലോ, എന്നീട്ടെന്താ ജീവിക്കുന്നില്ലേ. പിന്നെയാണവന്റെയൊരു കണക്കു പുസ്തകം. ഇനി ഇവനും കൂടി കണക്കു പഠിച്ചട്ട് വേണം അമ്മയുടെ പോലെ തന്റെയടുത്ത് വന്ന് കണക്കു പറയാന്‍. തന്റെ പട്ടി വാങ്ങിക്കൊണ്ടരും നോട്ട്ബുക്ക്. അയാളങ്ങനെ പിറുപിറുത്ത് സമയം നോക്കിയപ്പോള്‍ മണി 7 ആയിരിക്കുന്നു. 8 മണിക്ക് ക്യാമ്പ് തുടങ്ങും. കഥ വായിച്ചു കഴിഞ്ഞ്, അതിനെക്കുറിച്ച് ചര്‍ച്ച, പിന്നെ കഥ പറയാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കഥകള്‍, പിന്നെ ക്ലാസ്, സമ്മാനദാനം, സമാപനം.

ഒട്ടും സമയം കളയാതെ ധൃതിയിലൊരു തയ്യാറെടുപ്പായിരുന്നു. നല്ല ചൂടുള്ള ഇഡ്ഡലിയും, എരിവുള്ള തേങ്ങാ ചട്ണിയും കഴിക്കാനിരുന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന കഥ അധികം മടക്കാതെ ജുബ്ബയുടെ പോക്കറ്റില്‍ തിരുകി. അത് പുറത്തേക്കു തള്ളി നില്‍ക്കുന്നതുകണ്ട് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോളു ചോദിച്ചു,

“എന്താ അച്ഛാ, കീശേല്?”
വായിലിരുന്ന വലിയ ഇഡ്ഡലി കഷ്ണം പെട്ടെന്നിറക്കിയതുകൊണ്ട് തൊണ്ടയിലൊരു പിടുത്തം പോലെ, കുറച്ച് വെള്ളം കുടിച്ച് അയാള്‍ പറഞ്ഞു,

“ങാ, പിന്നെ അത് മോളെ, അച്ഛന്‍ എഴുതിയ ഒരു കഥയാണ്. അച്ഛനിന്ന് നമ്മുടെപഞ്ചായത്ത് ഹാളില്‍ മൈക്കിലൂടെ എല്ലാവരും കേള്‍ക്കെ ഈ കഥ പറയും”.

അവള്‍ കുണുങ്ങി കുണുങ്ങി ചിരിച്ചു. എന്നീട്ട് അമ്മയോടു ചോദിച്ചു,

“അമ്മേ, നമ്മുടെ അച്ഛന്‍ കഥ പറയോ? അമ്മയല്ലേ രാത്രി ഞങ്ങക്ക് കഥ പറഞ്ഞു തരാറ്. അച്ഛന്‍ എപ്പഴും വഴക്ക് പറയാറല്ലേ ഉള്ളു.”

അയാള്‍ അതുകേട്ടില്ലെന്ന ഭാവത്തില്‍ ഒരു ഇഡ്ഡലി കൂടി എടുത്ത് ചട്ണി ഇല്ലാതെ കഴിച്ചു. ഹോട്ടലില്‍ സപ്ലൈര്‍ ചായ കൊണ്ടു വന്ന് മേശപ്പുറത്ത് ഊക്കോടെ വെക്കുന്നതുപോലെയായിരുന്നു ഭാര്യ തന്റെ മുന്നില്‍ ചായ കൊണ്ടു വെച്ചത്. തിരിച്ച് അടുക്കളയിലേക്ക് നടക്കുമ്പോള്‍ അവള്‍ മോളോടു പറഞ്ഞു,

“മോളേ, ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞീട്ടുണ്ട്, കര്‍മ്മഫലം അനുഭവിച്ചേ മതിയാവൂന്ന്”.

ഇഡ്ഡലിക്ക് പുളിപ്പു കൂടിപ്പോയോ എന്നയാള്‍ക്കപ്പോള്‍ തോന്നാതിരുന്നില്ല. മോള്‍ ഭാര്യയുടെ സാരിതുമ്പില്‍ പിടിച്ച് നടന്ന് വീണ്ടും കൊഞ്ചി ചോദിച്ചു,

“അതെന്താ അമ്മേ ഭഗവാന്‍ അങ്ങനെ പറഞ്ഞത്‍?”

എരിവുള്ള ചട്ണിയില്‍ ഇഡ്ഡലി മുക്കി രണ്ടെണ്ണത്തിന്റേം കണ്ണു നോക്കി ഒരേറു വെച്ചുകൊടുക്കാന്‍ തോന്നി. പിന്നെ സ്വയം നിയന്ത്രിച്ചു. മനസ്സ് കലുഷിതമായാല്‍ അത് കഥാ വായനയെ ബാധിക്കും. അയാള്‍ മറ്റൊരു ഇഡ്ഡലി എടുത്ത് ചട്ണിയില്‍ മുക്കി കടിച്ചു, ചവച്ചിറക്കുന്നതിനുമുന്‍പേ അവള്‍ മോളോട് കര്‍മ്മഫലത്തിനു വിശദീകരണം കൊടുക്കുന്നതുകേട്ടു. ചവച്ചു ശബ്ദമൂണ്ടാക്കാതെ ഭാര്യ പറയുന്നത് ചെവി കൂര്‍പ്പിച്ച് കേട്ടു.

“മോളു പറഞ്ഞില്ലേ, അമ്മ കഥ പറയും അച്ഛന്‍ വഴക്കു പറയുംന്ന്, ഇന്ന് കാലചക്രം തിരിയും, അച്ഛന്‍ കഥ പറയും, പിന്നെ ബാക്കി നാട്ടുകാരു നോക്കിക്കോളും. അമ്മ വേഗം പോയി പുറത്ത് വെറകു കൂട്ടി കുറച്ച് വെള്ളം തിളപ്പിച്ചിടട്ടെ, തിരിച്ചു വരുമ്പോ അച്ഛനു എന്നെക്കൊണ്ടങ്ങനെയെങ്കിലും ഒരുപകാരംണ്ടാവട്ടെ‍”

ചിരിച്ച് ചിരിച്ച് അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് പോകുന്ന പോക്കില്‍ ഇഡ്ഡലി കടിച്ച് ചവക്കാതെ ഇരിക്കുന്ന തന്നെ നോക്കി നിയന്ത്രിക്കാനാവാതെ വായ പൊത്തി പിടിച്ച് അവള്‍ ചിരിച്ചു. ഇഡ്ഡലിക്ക് പുളിപ്പു മാത്രമല്ല നിറയെ ഉപ്പും കൂടിയിരിക്കുന്നതായ് അപ്പോളയാള്‍ക്ക് തോന്നി. ഓ, അവള്‍ക്ക് ഇന്നെന്താ പതിവില്ലാത്ത ഒരു സന്തോഷം, അവളുടെ തനി പകര്‍പ്പു തന്നെ മോളും. അവളും അതുകേട്ട് ഒന്നും മനസ്സിലായില്ലെങ്കില്‍ പോലും ചിരിച്ച് തുള്ളിച്ചാടി അമ്മയുടെ കൂടെ പോകുന്നു. അവളും അമ്മയെ പോലെ തന്നെ നോക്കി വായ് പൊത്തി ചിരിക്കുന്നു. ഒരു കഥാകൃത്തിന്റെ വികാര വിക്ഷുബ്ദമായ മനസ്സു കാണാത്ത, അവന്റെ ലോലമായ ചിന്തകള്‍ മനസ്സിലാക്കാത്ത അമ്മയും മക്കളും. ഇവരുടെ കൂടെ കഴിയുന്ന തനിക്ക് എങ്ങനെ കഥയുണ്ടാവും.. അയാള്‍ തുള്ളിച്ചാടി പോകുന്ന അമ്മയേയും മകളേയും നോക്കി ദേഷ്യം കടിച്ചമര്‍ത്തി കയ്യെത്തിച്ച് ചട്ണി എടുത്ത് ചായയിലൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചു. തൊണ്ടയിലൂടെ എരിവ് പടര്‍ന്നപ്പോള്‍ അയാള്‍ ചുമച്ച് ചുമച്ച് കണ്ണില്‍ കൂടി വെള്ളം ചാടി. അതുകണ്ടുവന്ന മോന്‍ ചിരിച്ച് ഓടിപ്പോയ് ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞു,

“ദേ അച്ഛനവിടെ ആ എരിവുള്ള ചട്ണി ചായയിലൊഴിച്ചു കുടിക്കുന്നു.”

ദാ, ഇപ്പോള്‍ മൂന്നുപേരും കൂടി ഉച്ചത്തില്‍ ചിരിക്കുന്നത് കേള്‍ക്കാം. വേണ്ട ഇനി ഒരു നിമിഷം ഇവിടെ നിന്നാല്‍ കൊലപാതക കഥയായിരിക്കും കഥാക്യാമ്പില്‍ പറയേണ്ടി വരിക. അയാള്‍ മനസ്സില്‍ പറഞ്ഞു ഇനി അവിടെ സമയം കളയുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ കുട്ടിശങ്കരന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി ഓടി. വീട്ടില്‍ നിന്നുള്ള ചിരി കേള്‍ക്കാത്ത സ്ഥലം വരെ ഓടിയതിനുശേഷം അയാള്‍ കിതച്ചുകൊണ്ടു നടന്നു. അരസികന്മാരായ എല്ലാറ്റിനേം ഞാന്‍ ശരിയാക്കിത്തരാം അയാള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഉവ്വെടാ നെനക്ക് കണക്ക് പൊത്തകം കൊണ്ടരണം അല്ലേ, പിന്നെ എടീ കൊച്ചു കാന്താരി, അമ്മയുടെ സാരിത്തുമ്പു പിടിച്ച് അമ്മയോടൊപ്പം എന്നെ കളിയാക്കി നടക്കുന്ന വാലാട്ടീ, നെനക്ക് മുഠായി, അല്ലേ, എല്ലാം കൊണ്ടരാം, എടീ ഭാര്യേ, നീ എന്താ പറഞ്ഞത്, ജ്ഞാനപീഠം കൊണ്ടരാന്‍ പോണൂന്ന് അല്ലേ, ഉം.പഞ്ചാ‍യത്ത് ഹോളീന്ന് രാമനാഥന്‍ മാഷടെ കയ്യീന്ന് സമ്മാനമൊന്നു കിട്ടിക്കോട്ടെ, വന്നട്ട് എല്ലാത്തിനേം ഞാനവിടെ നിര്‍ത്തി പൊരിക്കും.”

കഥാക്യാമ്പില്‍ എത്തുമ്പോള്‍ അവിടെ ഒരു വിധം ആളുകള്‍ ഉണ്ടായിരുന്നു. കഥാകൃത്തുക്കള്‍ക്കും അതിഥികള്‍ക്കും സ്റ്റേജിന്റെ മുമ്പില്‍ തന്നെ ഇരിപ്പടം ഒരുക്കിയിരുന്നു. സ്റ്റേജില്‍ അറിയപ്പെടുന്ന ആധുനികരും അത്യന്താധുനികരുമായ കഥാകൃത്തുക്കള്‍. കുട്ടിശങ്കരന്‍ ചെന്നിരുന്നത് രാമനാഥന്‍ മാഷിന്റെ അടുത്തായിരുന്നു. ഹോ എന്തൊരു ഭാഗ്യം. മാഷ് കട്ടികൂടിയ കണ്ണടക്കുള്ളിലൂടെ കുട്ടിശങ്കരനെ ഒന്നു നോക്കി. പിന്നെ എന്തോ ആലോചിച്ചിരുന്നു. അയാള്‍ക്കു തോന്നി മാഷ്‌ക്ക് തന്നെ മനസ്സിലായിട്ടില്ല. വയസ്സായില്ലേ, ഒന്നില്‍ പഠിപ്പിച്ചതാണ്. പഠിക്കാന്‍ മടിയായിരുന്ന തന്നെ കുറേ തല്ലുകയും ചെയ്തീട്ടുണ്ട്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നതോണ്ട് പിന്നീട് പലപ്പോഴും കണ്ട് പഴയ കാര്യങ്ങള്‍ പറഞ്ഞീട്ടുണ്ട്.ഒന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ മനസ്സിലാവും. കുട്ടിശങ്കരന്‍ സ്വയം പരിചയപ്പെടുത്തി,

“മാഷേ, ഞാന്‍ കുട്ടിശങ്കരന്‍, വില്ലേജാപ്പീസറായിരുന്ന വിശ്വനാഥന്റെ മോനാ. മാഷാ എന്നെ മലയാളം തല്ലി പഠിപ്പിച്ചത്”. ഇന്നിവിടെ ഞാന്‍ കഥ വായിക്കുന്നുണ്ട്. അത് സാഹിത്യനായകന്മാര്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്”
മാഷ് കുട്ടിശങ്കരനെ നോക്കി പുഞ്ചിരിച്ചു. എന്നീട്ട് കുറച്ചുറക്കെ തന്നെ ചോദിച്ചു,

“അ” എന്ന് ഇപ്പോ ശരിക്ക് എഴുതാന്‍ പഠിച്ചോ നീയ്യ് ?.

ആ ചോദ്യം ആരെങ്കിലും കേട്ടോ എന്ന് കുട്ടിശങ്കരന്‍ ഒളിക്കണ്ണിട്ട് ചുറ്റും നോക്കി. ഹേയ് ഇല്ല, ആരും ശ്രദ്ധിച്ചീട്ടില്ല.

“അതൊക്കെ അന്നല്ലേ മാഷേ, ഇന്ന് സാഹിത്യമെന്നു വെച്ചാല്‍ എനിക്ക് ജീവനാ. അതൊരു പ്രൊഫഷനാക്കി മാറ്റാന്‍ പോലും തീരുമാനിക്കാമെന്ന് മനസ്സിലൊരു മോഹം. മാഷോട് എനിക്കതിനു ഒരുപാട് കടപ്പാടുണ്ട്.”
മാഷുടെ നരച്ച പുരികത്തിനടിയില്‍ കുഴിയിലാണ്ട കണ്ണുകളില്‍ ചുവപ്പ് പൊടിഞ്ഞതുപോലെ കുട്ടിശങ്കരനു തോന്നി.മാഷ് കണ്ണുകള്‍ ഇറുക്കിയടച്ചു.കണ്ണടച്ച് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ആശിര്‍വദിക്കുകയുമാവും എന്ന് കുട്ടിശങ്കരന്‍ കരുതി.

അതാ കഥ വായിക്കുവാന്‍ കുട്ടിശങ്കരനെ ക്ഷണിച്ചിരിക്കുന്നു.

കുട്ടിശങ്കരന്‍ ജുബ്ബയുടെ കീശയില്‍ നിന്നും കഥ വലിച്ചെടുത്ത് സ്റ്റേജിലേക്ക് കയറി. കുറേ ചെറുപ്പക്കാര്‍ ഹാളില്‍ നിന്നും വാതില്‍ക്കലേക്ക് നടന്നു. കുട്ടിശങ്കരന്‍ മൈക്കിനു മുന്നില്‍ നിന്നും വെളിയിലേക്കു പോകുന്നവരെ നോക്കി. എല്ലാം തനിക്കു പരിചയമുള്ളവരാണ്. ഇവരെന്താണ് തന്റെ കഥ കേള്‍ക്കാതെ പോകുന്നത്. കഥ മോശമാണെങ്കില്‍ എത്രയും പെട്ടെന്ന് സ്ഥലം വിടാനായിരിക്കും. അതോ കഥ കേള്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാനാണോ, ഏയ്. അങ്ങനെയാവില്ല. കുട്ടിശങ്കരന്‍ കഥ വായിക്കാന്‍ തുടങ്ങി.

“ഠേ, ഠേ, ഠേ, ഒറ്റവെടി.”

രാമനാഥന്‍ മാഷ് കസേരയില്‍ നിന്ന് മറിഞ്ഞുവീണു. ഭാഗ്യത്തിനൊന്നും പറ്റിയില്ല. ഞെട്ടി കണ്ണു തുറന്ന് കുട്ടിശങ്കരനെ ഒന്ന് രൂക്ഷമായ് നോക്കി അടുത്തുള്ള കസേര കൂടി അടുപ്പിച്ച് വെച്ച് കയ്യിനൊരു താങ്ങ് കൊടുത്ത് മാഷ് ചാരിയിരുന്നു വീണ്ടും കണ്ണുകളടച്ചു. മാഷ് അങ്ങനെയാണ് എന്തെങ്കിലും ശ്രദ്ധിക്കുമ്പോള്‍ കണ്ണടച്ചിരിക്കും. കുട്ടിശങ്കരന്‍ വാതില്‍ക്കലേക്ക് നോക്കി അതാ വാതില്‍ക്കല്‍ പോയി നിന്നവര്‍ വീണ്ടും ഹാളിനകത്തേക്ക് വന്ന് കസേരയിലിരിക്കുന്നു . ഇനിയിപ്പോ അവരെ വെടിവെക്കുമോ എന്ന് പേടിച്ചീട്ടായിരിക്കുമോ അവര്‍ തിരിച്ചു വന്നത്, ഏയ് അതാവില്ല, കഥയുടെ ആദ്യത്തെ വരി തന്നെ വായനക്കാരെ (കേള്‍വിക്കാരെ) പിടിച്ചിരുത്താന്‍ തക്ക മികവുറ്റതാവണം എന്ന് ഏതോ വാരഫലക്കാരന്‍ എഴുതിയിരുന്നത് കുട്ടിശങ്കരന്‍ ഓര്‍ത്തു. എന്തായാലും തന്റെ തുടക്കം മോശമായില്ല എന്നയാള്‍ക്ക് തോന്നി. ആ തോന്നല്‍ അയാള്‍ക്ക് ഉണര്‍വ്വ് പകര്‍ന്നു. വായന തുടര്‍ന്നു.

“കാറിലിരുന്ന് കാട്ടിക്കുളം കറുപ്പന്‍ തന്റെ ശത്രുവിനു നേരെ സൈലന്‍സര്‍ ഘടിപ്പിച്ച റിവോള്‍വര്‍ കൊണ്ട് വെടി വെച്ചു. അവന്‍ ഇനി ജീവിച്ചിരിക്കരുത് . അത് തന്റെ ആദ്യത്തെ അന്ത്യാഭിലാഷമാണ്. വെടിശബ്ദത്തിന്റെ ഒച്ച ആ കാടാകെ മാറ്റൊലി കൊണ്ടു , നഗരം വിറകൊണ്ടു, വിജ്രംഭിതമായി, വികാരവതിയായി, വ്രീളാവിവശയായി, നമ്രമുഖിയായ് പിന്നെ നഖം കടിച്ച് കളം വരച്ചു കളിക്കാന്‍ തുടങ്ങി.”

സദസ്സില്‍ നിന്ന് കയ്യടി ഉയര്‍ന്നു. സ്റ്റേജിലിരുന്നവര്‍ പരസ്പരം നോക്കി പകച്ചിരുന്നു. രാമനാഥന്‍ മാഷ് മുന്നിലെ കസേര വലിച്ചടിപ്പിച്ച് അതില്‍ മുന്നോട്ടാഞ്ഞ് തല താഴ്ത്തി കിടന്നു. മാഷ് ഉറങ്ങുകയാണോ എന്ന് വായനക്കിടയിലും കുട്ടിശങ്കരന്‍ ഓട്ടക്കണ്ണിട്ട് നോക്കി. കാലാടുന്നുണ്ട്. അപ്പോള്‍ തന്റെ കഥ ശ്രദ്ധിക്കുക തന്നെയാവും, വായന തുടര്‍ന്നു.

“വെടിയൊച്ച കേട്ട് പക്ഷി മൃഗാദികള്‍ കറപ്പന്റെ തോക്കില്‍ കാഷ്ടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു.”
സദസ്സ് വായ്ത്താരി മുഴക്കി. അതോ കൂകലാണോ, ഏയ് അതൊക്കെ കൂടുതല്‍ ശ്രദ്ധിച്ചാല്‍ കഥയുടെ ഒഴുക്കു പോകും.

“കറപ്പന്‍ ശത്രുവിനെ ഓടിച്ചിട്ട് പിടിക്കാന്‍ കാറിന്റെ ആക്സിലേറ്ററില്‍ കാലമര്‍ത്തി. വണ്ടി ഒരു ഞരക്കത്തോടെ നിന്നു. പിന്നെ ബൈക്കില്‍ നിന്നും പുറത്തിറങ്ങി, ഡോര്‍ വലിച്ചടച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച കോടാലിയുമായ് മുന്നോട്ട് അടിവെച്ച് അടിവെച്ച് ശബ്ദമുണ്ടാക്കാതെ പടാ പടാന്ന് അയാള്‍ ഓടി. എങ്ങും കനത്ത നിശബ്ദത. കുറുക്കന്മാരുടെ ഓരിയിടലും, ചിവീടുകളുടെ ശബ്ദവും അയാള്‍ക്ക് തെല്ല് ഭയമുണ്ടാക്കിയെങ്കിലും ശത്രുവിനെ വകവരുത്താനുള്ള ചിന്തയില്‍ ഭയം പേടിക്കു വഴിമാറി കൊടുത്തു. വികാരം വിവേകത്തിനു വഴിമാറി കൊടുത്തു. കാട്ടുചെടികള്‍ കറപ്പനു വഴിമാറി കൊടുത്തു. താന്‍ ഇട്ടിരിക്കുന്ന ബൂട്ടിന്റെ ശബ്ദം മാത്രം കേള്‍ക്കാം. ടപ്, ടപ്, ടപ്, പാന്റില്‍ ഇയ്യാം പുല്ലുകള്‍ കുത്തിക്കയറിയിരിക്കുന്നു. കറപ്പന്‍ മുണ്ട് മാടിക്കുത്തി മുന്നോട്ട് നടന്നു. രാത്രിയായിട്ടും ലേശം പോലും വെയിലില്ലാ എന്നു മാത്രമല്ല കൂറ്റാകൂരിരുട്ട്. നിലാവ് പരന്നൊഴുകുന്നു. നക്ഷത്രങ്ങള്‍ കറപ്പനെ നോക്കി കണ്ണു ചിമ്മുന്നതുപോലെ.അതൊക്കെ ശ്രദ്ധിക്കാന്‍ കറപ്പനു മോഹമുണ്ടായിരുന്നെങ്കിലും കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് പിന്നാക്കം പോകാനോ മറ്റൊരു മസ്തിഷ്കപ്രക്ഷാളനത്തിനോ, അയാള്‍ തയ്യാറല്ലാത്തതിനാല്‍ കുറേ നേരം ചന്ദ്രനെ നോക്കി നിന്ന് ഒരു മൂളിപ്പാട്ടു പാടി, എവിടെയോ ഉറക്കമില്ലാത്ത ഒരു കഴുത അതേറ്റുപാടി. പിന്നെ മൂത്രമൊഴിച്ച് ആശ്വസിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പുറകില്‍ കാല്പെരുമാറ്റങ്ങള്‍. കറപ്പന്‍ കാര്‍ക്കോടകനായി, ജാഗരൂകനായി, ജഗജില്ലിയായ്, ജടാധാരിയായ് , ജംബുലിംഗമായി, ദത്തശ്രദ്ധനായ്, ദയവില്ലാത്തവനായ് പിക്കാസുമായ് പതുങ്ങി പതുങ്ങി ചെന്ന് മരത്തിനപ്പുറത്തെ നിഴല്‍ നോക്കി ഒറ്റ വെടി. ‘കറപ്പന്റമ്മേ‘യെന്നൊരലര്‍ച്ച കേട്ട കറപ്പന്‍, അവന്‍ തന്റെ അമ്മയ്ക്കു വിളിച്ചതല്ലേ എന്നൊരു നിമിഷം സംശയിച്ചു. പിന്നെ ആ വനാന്തര സുന്ദര നഗരത്തെ വിറപ്പിച്ചു കൊണ്ട് ചിരിച്ചു, ഹ ഹ ഹ..... മാരീചന്‍ രാമനെതിരെ പ്രയോഗിച്ചതാണോ നീ എന്റെ അടുത്ത് എടുക്കുന്നത്. ഇതാ എന്റെ മുന്നില്‍ ഒരു ശവം ചത്തുവീണിരിക്കുന്നു.... അതുകണ്ട് പ്രകൃതി രോമാവൃതയായി.....ഭൂമിദേവി പുഷ്പിണിയായി. കാലചക്രം തിരിഞ്ഞു, ശരപഞ്ജരം, കോളിളക്കം, ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍.... കറപ്പന്‍ കാളവണ്ടിയില്‍ കയറി ചാട്ടവാര്‍ ആകാശത്തു ചുഴറ്റി ബഹിരാകാശത്തേക്ക് കുതിച്ചു പാഞ്ഞു”

സദസ്സാകെ ഇളകി മറിഞ്ഞു. ചിലര്‍ കസേരയില്‍ കയറി നിന്നു, ചിലരതു കയ്യിലെടുത്ത് കാവടിയാടാന്‍ തയ്യാറായി നിന്നു. ചിലര്‍ കസേരയില്‍ നിന്നും മറിഞ്ഞുവീണു. മാഷ് അപ്പോഴും കണ്ണടച്ച് മുന്നിലെ കസേരയിലേക്ക് മുഖം കുനിച്ചിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ വേദിയിലിരുന്നവര്‍ മിനറല്‍ വാട്ടര്‍ മാറി മാറി കുടിച്ച് അസ്ഥപ്രജ്ഞരായ് ഇരുന്നു.

കഥ നിര്‍ത്തി വിയര്‍ത്തൊഴുകിയ കുട്ടിശങ്കരന്‍ മാഷുടെ അടുത്ത് ചെന്ന് മിണ്ടാതിരുന്നു. മാഷ് തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിക്കുന്നത് അയാള്‍ മനസ്സില്‍ കണ്ടു. വേദിയിലിരുന്ന ആധുനികരും അത്യന്താധുനികരും ഓരോരുത്തരായ് കഥയെ അപഗ്രഥിക്കാന്‍ തുടങ്ങി.

ആധുനികന്‍1: “കഥയുടെ തുടക്കം ഞെട്ടിക്കുന്നതും ആളുകളെ പിടിച്ചിരുത്തുന്നതും ആയിരുന്നു.”

കുട്ടിശങ്കരന്‍ അഭിമാനത്തോടെ മാഷുടെ അടുത്ത് കസേരയില്‍ നെഞ്ച് വിരിച്ച് ഇരുന്നു. മാഷ് ചുമലിലിട്ടിരുന്ന രണ്ടാം‌മുണ്ടെടുത്ത് ചെവിയും തലയും മൂടിക്കെട്ടി തന്റെ ഇരിപ്പിടത്തില്‍ നിന്നും അടുത്ത കസേരയിലേക്ക് ചെരിഞ്ഞു. പിന്നീട് സംസാരിച്ച സാഹിത്യകാരന്‍ കഥയിലെ ഭാഷാ സൌന്ദര്യത്തെ കുറിച്ച് പറഞ്ഞു,

ആധുനികന്‍2: ഒരാള്‍ക്കും പിടി തരാതെ വഴുതി മാറുന്ന സംഭവങ്ങളുടെ സത്തയാണു ശങ്കരന്റെ കഥ, ‘പക്ഷികളോടൊപ്പം മൃഗങ്ങളും പറന്നുയരുന്ന ഒരു ഫാന്റസി തന്നെ കഥാകൃത്ത് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നു.’ ഇത്ര നാളും കഥയെഴുതാതെ, പ്രസിദ്ധീകരിക്കാതെ ഇരുന്നത് ഇങ്ങനെയൊരു സൃഷ്ടിക്കുവേണ്ടിയായിരുന്നുവെങ്കില്‍ അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. അതോടൊപ്പം മലയാള സാഹിത്യത്തിനു ഇത്ര നാളും നല്ല കഥകള്‍ കുട്ടിച്ചങ്കരന്റെ കയ്യില്‍ നിന്നും കിട്ടാതെ പോയതില്‍ വ്യക്തിപരമായ വേദന രേഖപ്പെടുത്തുകയും ചെയ്യുന്നു.

അത്യന്താധുനികന്‍1: ‘കഥയാണെങ്കില്‍ ഇങ്ങനെ വേണം‘ കാരണം, വായനക്കാരനു ഇഷ്ടമുള്ളതു വേണം കഥാകൃത്ത് കൊടുക്കാന്‍, ഇരുട്ടിനെ സ്നേഹിക്കുന്നവനു ഇരുട്ട്, നിലാവ് വേണ്ടവനു നക്ഷത്രങ്ങളും ചന്ദ്രനും, നിശബ്ദത വേണ്ടവനു നിശബ്ദത, അല്ലാത്തവര്‍ക്ക് അതിനെ കീറിമുറിക്കുന്ന ചിവീടുകളും കുറുക്കന്റെ ഓരിയിടലും. പരത്തി പറയാതെ വളരെ ചുരുക്കി ഒരു മഹാസംഭവം വിവരിച്ചിരിക്കുന്നു. കുറച്ചു വരികളില്‍ എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ശ്രീ ശങ്കരന്‍കുട്ടിക്ക് കഴിഞ്ഞു.

അത്യന്താധുനിക നിരൂപകന്‍: കഥയില്‍ സ്പേസ് ടെക്നോളജി പരീക്ഷിച്ച മലയാളത്തിലെ ആദ്യത്തെ കഥയായിരിക്കും ശങ്കരനാരായണന്റെ ‘ഇന്നത്തെ കഥ’. കാളവണ്ടിയില്‍ കാശിക്കു പോകുന്നതു വരെ മാത്രമേ നമ്മുടെ മഹാന്മാരായ സാഹിത്യകാരന്മാര്‍ എഴുതിയിട്ടുള്ളു. ഇതാ നമ്മുടെ ഗോവിന്ദന്‍ കുട്ടി പറയുന്നു, കാളവണ്ടിയില്‍ ചാട്ടവാര്‍ ചുഴറ്റി ബഹിരാകാശത്തേക്ക് കുതിച്ചു പാഞ്ഞു എന്ന്. എത്ര ഉദാത്തമായ പ്രയോഗം. ഇത് ഇന്നത്തെ കഥ മാത്രമല്ല കുട്ടികൃഷ്ണാ, നാളത്തെ കഥയും കൂടിയാണ്. കാളവണ്ടി സ്പേസ് ഷട്ടിലും, ചാട്ടവാര്‍ റിമോട്ട് കണ്ട്രോളുമാണെന്ന് യൂറോപ്യന്‍ എഴുത്തുകാര്‍ ആരും ഇതുവരെ എഴുതിയിട്ടില്ലെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ മിസ്റ്റര്‍ ഗബ്രീസ് മാള്‍ട്ടോസ് ഒക്ടോപസ് പ്ലാറ്റിപ്പസിന്റെ രചനയില്‍ പലയിടത്തും ഇതുപോലെയുള്ള ചില ബിംബങ്ങള്‍ കണ്ടതായ് ഞാന്‍ ഓര്‍ക്കുന്നു. എല്ലാം കൊണ്ടും നാരായണന്‍ കുട്ടി ഒരു അത്യന്താധുനിക കഥാകൃത്താണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു, തളിയക്കോണം ഗ്രാമത്തിന്റെ കഥാകാരന്‍ മാത്രമല്ല, ഈ കൃഷ്ണന്‍‌കുട്ടി നാളത്തെ മലയാള സാഹിത്യത്തിനൊരു വാഗ്ദാനമാണ്.”

അപ്പോള്‍ ഹാള്‍ നിശബ്ദമായിരുന്നു. ഭൂരിപക്ഷം പേരും എഴുന്നേറ്റ് നിന്ന് ഒരു നിമിഷം മൌനം അവലംബിച്ചു. എഴുന്നേല്‍ക്കാത്തവര്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് തോന്നുന്നു. പിന്നീട് മൌനം ഭഞ്ജിക്കാനായ് അവര്‍ പതിന്മടങ്ങ് ഉച്ചത്തില്‍ കൂവി. ചിലര്‍ അതിനു താളക്കൊഴുപ്പേകാന്‍ കയ്യടിച്ചു. അതിനിടയില്‍ കുട്ടിശങ്കരന്‍ വേദിയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു, അതേയ്, എന്റെ പേര് കുട്ടിശങ്കരന്‍, കഥ വായിച്ചത് ഞാനാ കുട്ടിശങ്കരന്‍..... എന്റെ പേര്‍....‍.നിങ്ങള്‍ പറഞ്ഞതല്ല എന്റെ പേര്‍. ഞാന്‍...... കയ്യടിയിലും കൂക്കുവിളിയിലും കുട്ടിശങ്കരന്‍ വിളിച്ചു പറഞ്ഞത് ആരും കേട്ടില്ല. അയാള്‍ മുന്നിലെ കസേരയില്‍ കൈ വെച്ച് കമിഴ്ന്നടിച്ച് കിടക്കുന്ന മാഷെ തൊട്ടുവിളിച്ചു,

“മാഷേ, ഇതു ഞാനാ, കുട്ടിശങ്കരന്‍. കഥ വായിച്ചു കഴിഞ്ഞു. അവരൊക്കെ എന്നെ പുകഴ്ത്തി സംസാരിച്ചുകൊണ്ടിരിക്ക്വാ. മാ‍ഷ് കേക്കണില്ലേ?”

മാഷുടെ കയ്യില്‍ നിന്നും സമ്മാനം വാങ്ങും മുമ്പ് തന്റെ ശിഷ്യനെ കുറിച്ച് മാഷ് നേരിട്ട് പറയുന്ന വാക്കുകള്‍ കേള്‍ക്കാ‍ന്‍ കുട്ടിശങ്കരന്‍ കൊതിച്ചു. മാഷ് കണ്ണടച്ചുകൊണ്ടു തന്നെ മെല്ലെ എഴുന്നേറ്റിരുന്നു. പിന്നെ കുട്ടിശങ്കരന്റെ ചെവിയിലേക്ക് കൈ നീട്ടി. കുട്ടിശങ്കരന്‍ അറിയാതെ തന്നെ ചെവി മാഷുടെ കയ്യിലേക്ക് അടുപ്പിച്ചു കൊടുത്തു. മാഷുടെ പതിവു ശൈലി മാറിയിട്ടില്ലെന്ന് കുട്ടിശങ്കരന്‍ തെല്ല് ഭയത്തോടെ ഓര്‍ത്തു. ഹേയ്. പണ്ടത്തെ പോലെ ചെവി പിടിച്ച് തിരുമ്മുകയൊന്നുമില്ല എന്ന് തന്നെ കുട്ടിശങ്കരന്‍ വിശ്വസിച്ചു. പക്ഷെ മാഷ് ചെവിയില്‍ തിരുമ്മാതെ അയാളുടെ ചെവി മാഷുടെ വായിലേക്ക് വലിച്ചടുപ്പിച്ചു. അപ്പോഴും മാഷ് കണ്ണ് തുറന്നിരുന്നില്ല. വായുടെ അടുത്ത് ചെവി കിട്ടിയപ്പോള്‍ മാഷ് കുട്ടിശങ്കരന്റെ ചെവിയില്‍ പറഞ്ഞു,

“ എടാ, കഴുവേറി, എന്റെ കണ്ണെങ്ങാന്‍ തുറന്നാല്‍ നീ ദഹിച്ച് ഭസ്മമായി പോകും. എന്നീട്ടും ദഹിച്ചില്ലെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് തല്ലിയൊടിക്കും. അതിനു മുമ്പ് എഴുന്നേറ്റ് ഓടിക്കോ.. ഇനി നീ എന്റെ മുമ്പില്‍ അറിയാതെ പോലും വന്നുപോകരുത്. ശപിച്ചു കളയും ഞാന്‍. മേലാല്‍ മലയാളം അക്ഷരമാല മണലിലോ, സ്ലേറ്റിലോ, ബ്ലോഗിലോ എഴുതി പഠിക്കുകയല്ലാതെ ഒരു വാക്കുപോലും കൂട്ടി നീ കടലാസിലെവിടെയെങ്കിലും എഴുതിക്കണ്ടാല്‍ ഞാന്‍ വയസ്സായി എന്ന് നീ കരുതണ്ട, അന്ന് എന്റെ കൈ കൊണ്ടാവും നിന്റെ അന്ത്യം.”

ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍, മാഷ് പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പ്രകൃതമാണ് എന്നറിയുന്ന കുട്ടിശങ്കരന്‍, മാഷ് തന്റെ ചെവിയില്‍ നിന്ന് കൈ ഏടുത്തതും, അദ്ദേഹം കണ്ണു തുറന്ന് അനിഷ്ടസംഭവങ്ങളെ ക്ഷണിച്ചുവരുത്താതിരിക്കാന്‍ കിട്ടാവുന്ന വേഗത്തില്‍ എഴുന്നേറ്റ് ഓടിയത് ആ ബഹളത്തിനിടയില്‍ ആരും ശ്രദ്ധിച്ചില്ല.

വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കുട്ടിശങ്കരന്റെ കയ്യില്‍ രണ്ടുമൂന്നു നോട്ടുബുക്കുകളും, ചോക്ലേറ്റുകളും, വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുമുണ്ടായിരുന്നു. കുട്ടികള്‍ വന്ന് നോട്ടുബുക്കുകളും, ചോക്ലേറ്റുകളും വാങ്ങി. ഭാര്യ വന്ന് പലവ്യഞ്ജനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ പതിവില്ലാതെ സ്നേഹപൂര്‍ണ്ണമായ് അയാളെ നോക്കി ചിരിച്ചതും മന:പൂര്‍വ്വം അയാളുടെ വിരലില്‍ അമര്‍ത്തിയതും ശ്രദ്ധിക്കാതിരുന്നില്ല. തിന്നതിനേക്കാള്‍ കൂടുതല്‍ ചോക്ലേറ്റ് മുഖത്ത് തേച്ചു വെച്ച് കുഞ്ഞുമോള്‍ വന്ന് അയാളുടെ കൈകളില്‍ തൂങ്ങി ചോദിച്ചു,

“അച്ഛാ, അച്ഛന്റെ കഥ കഴിഞ്ഞോ?” അവളുടെ മുന്നില്‍ കുനിഞ്ഞു നിന്ന് ചോക്ലേറ്റ് ഒട്ടിപ്പിടിച്ച നിഷ്ക്കളങ്കമായ കവിളത്ത് ഉമ്മ വെച്ച് അയാള്‍ പറഞ്ഞു,

“ഉം. അച്ഛന്റെ കഥ കഴിഞ്ഞുമോളേ, ഇനി നമുക്ക് ഒരുമിച്ചിരുന്ന് അമ്മയുടെ കഥ കേള്‍ക്കാം”.

അപ്പോള്‍ കുഞ്ഞുമോള്‍ രണ്ടു കൈകളും ചുറ്റി അയാളുടെ കഴുത്തില്‍ ഞാന്നു കിടന്നു. പിന്നെ കൈകള്‍ വിടുവിച്ച് തുള്ളിച്ചാടി ചിരിച്ചു, അതു കണ്ട് അയാളും മകനും ചിരിച്ചു. പക്ഷെ, എന്തോ, തന്റെ ഭാര്യ മാത്രം സാരിത്തലപ്പുകൊണ്ട് കണ്ണു തുടക്കുന്നത് അയാള്‍ കണ്ടു. അയാള്‍ അവളെ ആദ്യമായ് ഗാഢമായ് ആലിംഗനം ചെയ്തു. അവളുടെ കണ്ണുനീര്‍ ആവിയായ് മേഘപടലങ്ങളില്‍ കലര്‍ന്ന് നല്ലൊരു മഴപെയ്തു.

43 comments:

Murali K Menon said...

“ഠേ, ഠേ, ഠേ, ഒറ്റവെടി.” രാമനാഥന്‍ മാഷ് കസേരയില്‍ നിന്ന് മറിഞ്ഞുവീണു. ഭാഗ്യത്തിനൊന്നും പറ്റിയില്ല. ഞെട്ടി കണ്ണു തുറന്ന് കുട്ടിശങ്കരനെ ഒന്ന് രൂക്ഷമായ് നോക്കി അടുത്തുള്ള കസേര കൂടി അടുപ്പിച്ച് വെച്ച് കയ്യിനൊരു താങ്ങ് കൊടുത്ത് മാഷ് ചാരിയിരുന്നു വീണ്ടും കണ്ണുകളടച്ചു.

“വെടിയൊച്ച കേട്ട് പക്ഷി മൃഗാദികള്‍ കറപ്പന്റെ തോക്കില്‍ കാഷ്ടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു.”

ആധുനികന്‍1: “കഥയുടെ തുടക്കം ഞെട്ടിക്കുന്നതും ആളുകളെ പിടിച്ചിരുത്തുന്നതും ആയിരുന്നു.”

ps: കഥയുടെ ദൈര്‍ഘ്യം ബ്ലോഗിനു യോജിച്ചതല്ലെന്നറിയാം. പക്ഷെ അത്രക്കു വേണ്ടി വന്നു. ക്ഷമയോടെ വായിക്കുമല്ലോ! സസ്നേഹം

ശ്രീ said...

മുരളിയേട്ടാ...

കഥാക്യാമ്പിലെ ഇന്നത്തെ കഥയ്ക്ക് ഒരു മുഴുത്ത തേങ്ങ ഇരിക്കട്ടെ.
“ഠേ!”
സംഭവം രസിച്ചുവായിച്ചു.കഥാവസാനം ഗംഭീരമായി.


ഓ.ടോ.

“എഴുതിയത് സ്വയം കീറിക്കളഞ്ഞ് വീണ്ടും വീണ്ടും എഴുതണം” എന്നാണു പ്രശസ്തരായ എഴുത്തുകാര്‍ പറഞ്ഞീട്ടുള്ളത് എന്ന് കുട്ടിശങ്കരന്‍ ഓര്‍ത്തു. നമ്മള്‍ കീറിയില്ലെങ്കില്‍ പിന്നെ നമ്മളെഴുതുന്നത് പത്രാധിപര്‍ കീറി ചവറ്റു കുട്ടയിലിടുമത്രെ!”
വെറുതേയല്ല നമ്മളെഴുതുന്നതൊന്നും വെളിച്ചം കാണാത്തത്,അല്ലേ? ഹിഹി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഈ കഥ നേരെ ബ്ലോഗിലെഴുതി നോക്കായിരുന്നില്ലെ കുട്ടിശ്ശങ്കരനു? ചുരുങ്ങിയപക്ഷം നാലുപേരെങ്കിലും നന്നായിട്ടുണ്ടെന്ന് പറഞ്ഞേനെ.
പിന്നെ അനോണിയായാല്‍ മാഷിനെ പേടിക്കേം വേണ്ട.

ഇടയ്ക്കൊക്കെ ചിരിപ്പിച്ചു. പറഞ്ഞപോലെ നീളം ത്തിരി കൂടുതലാ..

Sethunath UN said...

മുര‌ളിയേട്ടാ,
എനിയ്ക്കിത‌ങ്ങ് റൊമ്പ രസിച്ചു. നീ‌ള‌ം കൂടിയതായി തോന്നിയതുമില്ല. ഒന്നാന്ത‌ര‌ം. ചിരിയ്ക്കാനും ചിന്തിയ്ക്കാനും ധാരാ‌ള‌ം വ‌കയുണ്ട്.

മുഷിയില്ല. മേനോന്‍ ഒട്ടും മുഷിയില്ല.

അപ്പു ആദ്യാക്ഷരി said...

“മേലാല്‍ മലയാളം അക്ഷരമാല മണലിലോ, സ്ലേറ്റിലോ, ബ്ലോഗിലോ എഴുതി പഠിക്കുകയല്ലാതെ ഒരു വാക്കുപോലും കൂട്ടി നീ കടലാസിലെവിടെയെങ്കിലും എഴുതിക്കണ്ടാല്‍ ഞാന്‍ വയസ്സായി എന്ന് നീ കരുതണ്ട, അന്ന് എന്റെ കൈ കൊണ്ടാവും നിന്റെ അന്ത്യം.”

ബ്ലോഗെഴുത്തിനെ ഇത്ര മോശമാക്കിയോ മാഷേ :-) ആ‍ കുട്ടിശങ്കരനെ ഇങ്ങോട്ട് പറഞ്ഞുവിട്ടിട്ട് !

വാളൂരാന്‍ said...

മേന്‍‌നേ പഴയകാല രചനകളുടെ ഉഗ്രത്വത്തിലേക്കു തിരിച്ചു വീണ്ടും...
ഗംഭീരമായിരിക്കുന്നു സംശയമില്ല...

വേണു venu said...

“ എടാ, കഴുവേറി, എന്റെ കണ്ണെങ്ങാന്‍ തുറന്നാല്‍ നീ ദഹിച്ച് ഭസ്മമായി പോകും. എന്നീട്ടും ദഹിച്ചില്ലെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് തല്ലിയൊടിക്കും.
മുരളിമാഷേ,
ഹാഹാ...അഛന്‍റെ കഥ അപ്പൊഴേ കഴിഞ്ഞു.
നല്ല ആക്ഷേപ ഹാസ്യം.:)

Murali K Menon said...

പതിവുപോലെ ശ്രീ ഉടച്ച തേങ്ങാക്കൊത്ത് തിന്നു സന്തോഷം, നന്ദി.
കുട്ടിച്ചാത്തന്‍, നിഷ്ക്കളങ്കന്‍, അപ്പു, മുരളി വാളൂര്‍, വേണു എന്നിവരുടെ വായനക്കും അഭിപ്രായത്തിനും നന്ദി.

അപ്പു: അങ്ങനെ കുട്ടിശങ്കരന്‍ തുമ്മിയാല്‍ തെറിക്കുന്നതൊന്നുമല്ല നമ്മുടെ ബ്ലോഗുകള്‍. സമാധാനമായിരിക്കൂ

Aravishiva said...

ഹ ഹ..

“ എടാ, കഴുവേറി, എന്റെ കണ്ണെങ്ങാന്‍ തുറന്നാല്‍ നീ ദഹിച്ച് ഭസ്മമായി പോകും. എന്നീട്ടും ദഹിച്ചില്ലെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് തല്ലിയൊടിക്കും. അതിനു മുമ്പ് എഴുന്നേറ്റ് ഓടിക്കോ.. ഇനി നീ എന്റെ മുമ്പില്‍ അറിയാതെ പോലും വന്നുപോകരുത്. ശപിച്ചു കളയും ഞാന്‍. മേലാല്‍ മലയാളം അക്ഷരമാല മണലിലോ, സ്ലേറ്റിലോ, ബ്ലോഗിലോ എഴുതി പഠിക്കുകയല്ലാതെ ഒരു വാക്കുപോലും കൂട്ടി നീ കടലാസിലെവിടെയെങ്കിലും എഴുതിക്കണ്ടാല്‍ ഞാന്‍ വയസ്സായി എന്ന് നീ കരുതണ്ട, അന്ന് എന്റെ കൈ കൊണ്ടാവും നിന്റെ അന്ത്യം.”

മാഷേ സത്യം പറഞ്ഞാല്‍ ഉള്ളു തുറന്ന് വളരെ ആസ്വദിച്ച് ഒരു പോസ്റ്റ് വായിച്ചു ചിരിയ്ക്കുന്നത് വളരെനാളുകള്‍ക്കു ശേഷമാണ്.കഥയെപ്പറ്റി ആധുനികനും മറ്റും അഭിപ്രായം പറയുന്നയിടം വായിച്ച് ഓര്‍ത്തോര്‍ത്ത് ചിരിച്ചു....ഇത്ര മനോഹരമാകുമെന്ന് സത്യം പറഞ്ഞാല്‍ പ്രതീക്ഷിച്ചില്ല...

പോരട്ടേയ്....

Anonymous said...

അപ്പോള്‍ അങ്ങനെയാണ് കഥകള്‍ ഉണ്ടാകുന്നത്.. ഹ ഹ ഹ..

Duryodhanan said...

:)))))))))))))))))))))))

കലികാലം, എന്റീശ്വരാ.. ആല്ലാതെന്തു പറയാന്‍ :-)

ഏറനാടന്‍ said...

നല്ല രസണ്ട്.. ഇങ്ങളെകുറിച്ച് മനസ്സിലാക്കിയപ്പോള്‍ പടം കണ്ടപ്പോള്‍ നമ്മള്‍ എവിടേയോ ഏതോ ലൊക്കേഷനില്‍ വെച്ച് കണ്ടുമുട്ടിയപോലെ ഒരു ഒരു.. ഏയ് തോന്നിയതാവാം അല്ലേ? :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആരെയാ മാഷേ ഉദ്ദേശിച്ചത്?എഴുത്തു മതിയാക്കിയാലോ എന്നാ ഇപ്പോള്‍ ആലോചിക്കുന്നെ. ചിരിപ്പിച്ചു മഷേ.ശരിക്കും ചിരിച്ചൂട്ടോ.

Typist | എഴുത്തുകാരി said...

ഇന്നാ, ഞാന്‍ ആദ്യമായി ഇവിടെ എത്തിയതു്.(ഇതിനുമുന്‍പേ വരേണ്ടതായിരുന്നു എന്നു തോന്നി)
കഥ ഗംഭീരമായിരിക്കുന്നു. ആദ്യമൊക്കെ ഒരുപാടു ചിരിച്ചു. അവസാനം കണ്ണുകള്‍ നനയുകയും ചെയ്തു.

asdfasdf asfdasdf said...

മുരളിയേട്ടാ, നന്നായിട്ടുണ്ട് കഥ. ഗംഭീരം.

Murali K Menon said...

നന്ദി
അരവി, മനു
ദുര്യോധനന്‍: കലികാലത്തെ കുറിച്ച് ഞാന്‍ പത്താമൂഴം എന്ന കഥ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ...നന്ദി
ഏറനാടന്‍: അധികം ലൊക്കേഷനില്‍ പോകാന്‍ യോഗം ഉണ്ടായിട്ടില്ല. വെള്ളിനേഴി മന (ഒളപ്പമണ്ണ മന)യായിരുന്നു ലൊക്കേഷന്‍... പിന്നെയുള്ളതെ ചോറ്റാ‍നിക്കര, എറണാകുളം..ഇനിയും കാണാം എവിടെയെങ്കിലും വെച്ച്. നന്ദി
കിലുക്കാം‌പെട്ടി: കഥാകൃത്ത് സ്വയം പാര പണിയുന്നതാണ്. മറ്റാരേയും ഉദ്ദേശിച്ചിട്ടില്ല. നിങ്ങളുടെ ബ്ലോഗ് ഞാനിഷ്ടപ്പെടുന്ന ബ്ലോഗുകളില്‍ ഒന്നാണ്. എഴുത്ത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആസ്പദമാക്കി മാത്രമാണെങ്കില്‍ എഴുതാതിരിക്കുന്നതും ബുദ്ധിയാണ്.
എഴുത്തുകാരിക്കും, കുട്ടന്മേനോനും നന്ദി അറിയിക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മാഷെ, ചിരിയും ചിന്തയും ഒരുപോലുണ്ടെ.
നന്നായി ആസ്വദിച്ചു.. :)
ബ്ലോഗുകളില്‍ പലതും മികച്ച സ്യഷ്ടികളുടെ ഈറ്റില്ലം തന്നെയാണ്, എന്നാ‍ലും രാമനാഥന്‍ മാഷ് പറയുന്നപോലെ കഥയും കവിതയും എഴുതി പഠിക്കാന്‍ ബ്ലോഗുകള്‍ വളരെയധികം സഹായിക്കുന്നുണ്ട്.

സജീവ് കടവനാട് said...

എന്നിട്ട് അയാള്‍ കഥയെഴുത്ത് നിറുത്തിയോ?

മന്‍സുര്‍ said...

മുരളി ഭായ്‌...

നല്ല എഴുത്ത്‌ എന്നതിനെക്കാല്‍
നല്ല ഇമ്പമുള്ള വായന സുഖം ലഭിച്ചു എന്ന്‌ പറയട്ടെ..ഇന്നത്തെ കഥ....മനോഹരം

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

ഒരു കഥയോടുകൂടി കഥ കഴിഞ്ഞ മനുഷ്യന്റെ കഥ. നന്നായിട്ടുണ്ട്.

Murali K Menon said...

കിനാവ്, മന്‍സൂര്‍, വാല്മീകി നന്ദി...

കിനാവ്: ഇനി തത്ക്കാലം കഥ കേള്‍ക്കാനാണു കുട്ടിശങ്കരന്റെ വിധി.. പിന്നെ നിലാവും, കൂരിരുട്ടും, ചിവീടിന്റെ ശബ്ദവുമൊക്കെ വീണ്ടും പ്രേരണ ചെലുത്തിയാല്‍ കുട്ടികളുടെ പുസ്തകം നശിപ്പീച്ചെന്നും വരും. ഒന്നും പ്രവചിക്കാന്‍ പറ്റില്ല

Visala Manaskan said...

super duper kathhaa....

aa konathile kathha prayogam... buhahahahahaha.....

sathyam paranjo... ithile naayakan, enikku parichayamulla oru pulli aano???

Murali K Menon said...

എന്റെ വിശാലാ, അതൊക്കെ സത്യം പറഞ്ഞു ശീലള്ളോരോട് ചോദിച്ചാ പേരേ...എനിക്കൊന്നും അറിയാന്‍ പാടില്ലാട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.

സഹയാത്രികന്‍ said...

മുരളിയേട്ടാ... അസ്സലായി...

“അ” എന്ന് ഇപ്പോ ശരിക്ക് എഴുതാന്‍ പഠിച്ചോ നീയ്യ് ?. ഹ ഹ ഹ... കലക്കി...

അവസാനം മനോഹരമായീട്ടോ... രസായിട്ട് വായിച്ചു.

:)

sandoz said...

ഹ.ഹ.ഹ..
ഇത്‌ സ്വയം താങ്ങീതോ അതോ...
എനിക്കൊരു സംശയം..ഞാന്‍ കിണ്ണം കട്ടിട്ടുണ്ടോയെന്ന്....

കര്‍ത്താവേ....വല്ല രാമനാഥന്‍ മാഷും എനിക്കെതിരെ കൊട്ടേഷന്‍ കൊടുത്തിട്ടുണ്ടോ ആവോ...

മുരളിച്ചേട്ടാ...കുറേ ചിരിപ്പിച്ചു...

Murali K Menon said...

സഹയാത്രികന്‍, സാന്‍ഡോസ് നന്ദി.
സാന്‍ഡോസ്: ഞാന്‍ സ്വയം താങ്ങിയതാ, എനിക്ക് എന്നെക്കുറിച്ചല്ലേ ശരിക്കറിയുള്ളു. ഹ ഹ മറ്റുള്ളവരെക്കുറിച്ച് അറിയാമെന്നുള്ളത് വെറും നാട്യം മാത്രം.

അജയ്‌ ശ്രീശാന്ത്‌.. said...

മനസ്സു തുറന്ന്‌ ചിരിക്കാന്‍ അവസരമൊരുക്കിയ മേനോന്‌ നന്ദി.....
ഭാവുകങ്ങള്‍

ഹരിശ്രീ said...

മുരളി ഭായ്,

ഇവിടെ വന്നത് അല്പം വൈകിയാണ്.
നന്നായിരിക്കുന്നു.ആശംസകള്‍...

ആവനാഴി said...

മുരളി മാഷെ,

സാഹിത്യസംഗീതരസോവിഹീന:
സാക്ഷാല്‍പ്പശു പുഛവിഷാണഹീന:

എന്നൊരു ചൊല്ലുണ്ട്. അങ്ങിനെ സാഹിത്യം വരാത്തവന്‍ ഞെക്കിപ്പിഴിഞ്ഞു അതു വരുത്താന്‍ ശ്രമിക്കുന്നതിനെ കഥാകൃത്ത് സരസമായി വര്‍ണ്ണിച്ചിരിക്കുന്നു.

മി.മേനന്‍, ഐ ലവ്ഡ് യുവര്‍ വര്‍ക്. ഇനിയും പുതിയ കൃതികള്‍ അങ്ങയുടേതായി ഈ ബൂലോകപ്പരപ്പില്‍ ഉളവാകട്ടെ എന്നു ആശംസിച്ചുകൊണ്ട്,
സസ്നേഹം
ആവനാഴി.

കുറുമാന്‍ said...

ഹ ഹ ഹ ഇത് കലക്കി മുരളിയേട്ടാ.

അച്ഛാ, അച്ഛന്റെ കഥ കഴിഞ്ഞോ?” അവളുടെ മുന്നില്‍ കുനിഞ്ഞു നിന്ന് ചോക്ലേറ്റ് ഒട്ടിപ്പിടിച്ച നിഷ്ക്കളങ്കമായ കവിളത്ത് ഉമ്മ വെച്ച് അയാള്‍ പറഞ്ഞു,


“ഉം. അച്ഛന്റെ കഥ കഴിഞ്ഞുമോളേ, ഇനി നമുക്ക് ഒരുമിച്ചിരുന്ന് അമ്മയുടെ കഥ കേള്‍ക്കാം” - ഈ വരികള്‍ വളരെ മനോഹരമ.

പി ഡി എഫ് എടുത്തിട്ട് രാമനാഥന്‍ മാഷ്ക്ക് അയക്കട്ടെ? :)

കൊച്ചുത്രേസ്യ said...

ഹ ഹ ഹ..

കഥയെക്കാള്‍ ഭീകരം നിരൂപണങ്ങളായിരുന്നു. എന്നാലും മാഷ്‌ അങ്ങനെ ഭീഷണിപ്പെടുത്താന്‍ പാടില്ലായിരുന്നു. മലയാളസാഹിത്യവേദിയില്‍ പന്തം പോലെ കത്തി നില്‍ക്കാന്‍ കഴിവുള്ള ഒരു പ്രതിഭയല്ലേ മാഷ്‌ മുളയിലേ നുള്ളിക്കളഞ്ഞത്‌..

Murali K Menon said...

അമൃത, ഹരിശ്രീ, ആവനാഴി, കുറുമാന്‍, കൊച്ചു ത്രേസ്യ: വായിച്ചതിനും അഭിപ്രായം എഴുതിയതിനും വളരെ നന്ദിയുണ്ട്.

കുറുമാന്‍: രാമനാഥന്‍ മാഷ് ഇന്റര്‍നെറ്റ് ലോകവുമായ് എത്രമാത്രം ബന്ധമുണ്ടെന്ന് അറിയില്ല. ഉണ്ടെങ്കില്‍ അയച്ചുകൊടുത്താല്‍ അദ്ദേഹത്തിനു സന്തോഷമാകുമായിരുന്നു.കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനു പോകുമ്പോള്‍ കാണും കുറച്ചു നേരം കഥകളി സ്റ്റേജിന്റെ അടുത്തു നിന്നു സംസാരിക്കും അത്രമാത്രം.

Kaithamullu said...

വരാന്‍ കുറെ വൈകിയോ ഞാന്‍?

രാമനാഥന്‍ മാഷെ പലപ്പോഴും വഴിയില്‍ വച്ച് (മാമ്പുഴ കുമാരന്‍ സാറിനെ കാണാന്‍ പോകുമ്പോള്‍) കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പുതിയ വഴിയിലൂടെ യാത്രയും സുഗമം, മുരളി മാഷേ!

Murali K Menon said...

എപ്പോള്‍ വന്നാലും സന്തോഷം കൈതമുള്‍...എന്തായാലും ഒട്ടും വൈകിയിട്ടൊന്നുമില്ല. രാമനാഥന്‍ മാഷ് ഇപ്പോഴും അതുപോലെ തന്നെ (തലമുടി നരച്ചതൊഴിച്ചാല്‍). മാമ്പുഴ കുമാരന്‍ സാര്‍ ഇപ്പോളില്ലല്ലോ അല്ലേ?

JEOMOAN KURIAN said...

വളരെ നന്നായി. സ്കൂളില്‍ പഠിക്കുമ്പോള്‍ കുട്ടിശങ്കരനേപ്പോലെ ഒരു എഴുത്തുകാരനെ എനിക്കും പരിചയമുണ്ടായിരുന്നു. കവലയില്‍ നാരങ്ങാവെള്ളം വിറ്റിരുന്ന ഇദ്ദേഹം ആദ്യമായി എഴുതിയ നോവല്‍ ( തുടക്കം നോവലായിരുന്നു) എന്നെ തടഞ്ഞു നിറുത്തി വായിച്ചു കേള്‍പ്പിക്കും പിന്നെ ഒരു ഉപ്പുവെള്ളം തന്നു അഭിപ്രായം ചോദിക്കും. “ പാറമഠയിലെ കൊള്ള” -ഇതായിരുന്നു നോവലിന്റെ പേര്‌ -:)

Murali K Menon said...

ഹാ ജെ.കെ. “പാറമടയിലെ കൊള്ള” ആ തലക്കെട്ട് എനിക്ക് ക്ഷ പിടിച്ചു. അതിനെക്കുറിച്ചെഴുതൂ സംഭവം കലക്കും.

പെട്ടെന്ന് എനിക്കോര്‍മ്മ വന്നത് സൂര്യദാഹം എന്ന മോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗ് ആണ്. “ഡാ ചെക്കാ, കക്കൂസ കുത്തിപ്പൊളിച്ച് ജയിലില്‍ പോകാന്‍ എനിക്ക് താത്പ്പര്യമില്ല” എന്ന്. പാറമടയില്‍ എന്തു കൊള്ളയടിക്കാനാണു അല്ലേ.... എന്തായാലും സഹിച്ച് കേട്ടതല്ലേ, ഒടുവില്‍ വെള്ളവും കുടിപ്പിച്ചൂ... എഴുതു മാഷേ..

Anonymous said...

Very nice.. really enjoyed reading it.

സന്തോഷ്‌ said...

ഹഹഹ ...രസകരമായിട്ടുണ്ട്..ആസ്വദിച്ചു വായിച്ചു..

Unknown said...

മാഷന്മാര്‍ ഇനി ഉണ്ടാകുമോ...?

Unknown said...

നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് തല്ലിയൊടിക്കും.

Murali K Menon said...

അനോണി, സന്തോഷ്, അനില്‍കുമാര്‍ :
ഇവിടെ വന്നതിനും, വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ സന്തോഷം

Manoj Vellanad said...

ഹ..ഹ.. കഥ വായിച്ചു രസിച്ചൂട്ടോ..

Murali K Menon said...

thank u manojkumar