Friday, May 24, 2013

ശ്രേഷ്ഠഭാഷാ പദവി - ഭയങ്കരം!

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി കൈവന്നിരിക്കുന്നു. ഈ നേട്ടത്തില്‍ ഓരോ മലയാളിയും സന്തോഷിക്കുന്നുണ്ടാവും. കാരണം കാലപഴക്കത്തിലും സംസ്ക്കാരത്തിലും മുന്നിട്ട് നിന്നുകൊണ്ട് ഒരു ജനത ഇവിടെ ജീവിയ്ക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പറയിച്ചതിലുള്ള സന്തോഷം. ഇതിനു വേണ്ടി പ്രയത്നിച്ച ഭാഷാ പണ്ഡിതന്മാര്‍ക്കും, സാഹിത്യകാരന്മാര്‍ക്കും, ചരിത്രകാരന്മാര്‍ക്കും, ഭാഷാ പ്രേമികള്‍ക്കും അനുമോദനങ്ങള്‍ നേരുന്നതോടൊപ്പം ഒരു കാര്യം കൂടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.

മലയാള ഭാഷയുടെ ഈ ശ്രേഷ്ഠതയൊക്കെ പത്രമാദ്ധ്യമങ്ങളും, ദൃശ്യമാദ്ധ്യമങ്ങളും കൂടി ഒരേ ഒരു വാക്കില്‍ ഇല്ലാതാക്കും എന്നെനിക്കുറപ്പുണ്ട്. ആ വാക്ക് ‘ഭയങ്കരം’ എന്ന വാക്കാണ്. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് ‘ഭയങ്കര ഇഷ്ടായി’ എന്നോ, ‘ഭയങ്കര സംഭവമായിപ്പോയി’ എന്നോ അവര്‍ വിലയിരുത്താനുള്ള സാദ്ധ്യത ഞാന്‍ കാണുന്നു. ഇന്ന് ഏതൊരു മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്നും വരുന്നത് ‘ഭയങ്കരം’ എന്ന വാക്കാണെന്ന് തോന്നുന്നു. ചിലപ്പോള്‍ അത് അന്വര്‍ത്ഥമാക്കുന്ന സംഭവ വികാസങ്ങളായിരിക്കും കേരളത്തില്‍ നടക്കുന്നത്. പക്ഷെ അതൊന്നുമോര്‍ത്തിട്ടല്ല മലയാളികള്‍ ആ പദം ഉപയോഗിക്കുന്നത്. ‘ഏറ്റവും അധികം‘, ‘ഒരുപാട്‘, ‘കൂടുതല്‍‘ എന്നൊക്കെ അര്‍ത്ഥം വരുത്തുവാനാണ് നാം ഇന്ന് ‘ഭയങ്കരം’ എന്ന വാക്കുപയോഗിക്കുന്നത്.

പാടി പതിഞ്ഞാല്‍ അത് കാലക്രമേണ ശരിയായ ഭാഷാ പ്രയോഗമായി തീരും എന്ന് കേട്ടിട്ടുണ്ട്.  അതുകൊണ്ട് നമ്മുടെ മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ ഏവര്‍ക്കും ഭയങ്കര സന്തോഷം ഉണ്ടാവും എന്ന് വിശ്വസിച്ചുകൊണ്ട് നമസ്ക്കാരം!

സസ്നേഹം
മുരളി കെ മേനോന്‍

No comments: