Monday, August 27, 2007

കോമരം പിന്നിട്ട കൌമാരം - 13 (അവസാനിച്ചു)

മറാഠിയുമായ് ഒരലമ്പ് - അധോലോകനായകനെന്നറിയാതെ

നാട്ടില്‍ പോകാന്‍ മനസ്സില്‍ മോഹമുണ്ടാ‍യിരുന്നെങ്കിലും ചേട്ടന്‍ അതിനെക്കുറിച്ചൊന്നും പറയാത്തതുകൊണ്ട് മിണ്ടിയില്ല. ഹിന്ദുസ്ഥാന്‍ ബ്രൌണ്‍ ബോവറി (ഇപ്പോഴത്തെ ഏഷ്യന്‍ ബ്രൌണ്‍ ബോവറി)യിലായിരുന്നു ചേട്ടന്‍ ജോലി ചെയ്തിരുന്നത്. 1978 ന്റെ തുടക്കത്തിലാണെന്ന് തോന്നുന്നു ചേട്ടനു പെട്ടെന്ന് ജിദ്ദയിലേക്ക് പോകാന്‍ ഒരവസരം കിട്ടി. ചേട്ടന്‍ സൌദിയിലേക്ക് ഫ്ളൈറ്റ് കയറിയപ്പോള്‍ ഞാനും രണ്ടാമത്തെ ചേട്ടനും മാത്രമായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെമ്പൂര്‍ മഹാരാഷ്ട്ര ഹൌസിംഗ് ബോര്‍ഡിലേക്ക് താമസം മാറി. ബോംബെയില്‍ വന്നപ്പോള്‍ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന   നാട്ടുകാരനായ സുന്ദരേട്ടന്‍ പിന്നീട് ഒരു ഫ്ലാറ്റ് തരപ്പെട്ടപ്പോള്‍ ഞങ്ങളേയും അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകാന്‍ സന്മനസ്സു കാണിക്കുകയായിരുന്നു. അങ്ങനെ ചാലിലെ ജീവിതത്തില്‍ നിന്നും ഫ്ളാറ്റ് ജീവിതത്തിലേക്കുള്ള ആദ്യ പ്രമോഷനായിരുന്നു അത്.


ഉച്ച തിരിഞ്ഞ സമയത്തായിരുന്നു ഞങ്ങള്‍ വീട്ടു സാമാനങ്ങളുമായ് ചെമ്പൂര്‍ സഹകാര്‍ തിയ്യറ്ററിനടുത്തുള്ള ആറാം നമ്പര്‍ എം.എച്.ബി. കോളനിയിലെത്തിയത്. കുറച്ചുപേര്‍ ചേര്‍ന്ന് സാധനങ്ങളൊക്കെ എടുത്ത് മുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ വണ്ടിയുടെ അടുത്ത് കാവലായി ഞാന്‍ നിന്നു. ഒടുവില്‍ എല്ലാം ഇറക്കി തീര്‍ന്നപ്പോള്‍ ഞാന്‍ റോട്ടില്‍ നിന്ന് ബില്‍ഡിംഗ് കൊമ്പൌണ്ടിലേക്ക് നടന്നു. കുറച്ച് ദൂരെ ചെമ്പന്‍ നിറമാര്‍ന്ന കോലന്‍ തലമുടിയുള്ള മീശയില്ലാത്ത വട്ട മുഖമുള്ള, കഴുത്തില്‍ ഒരു കറുത്ത ചരട് കെട്ടിവെച്ച ഒരുവന്‍ (എന്നേക്കാള്‍ രണ്ടു വയസ്സെങ്കിലും മൂപ്പേ കാണാന്‍ വഴിയുള്ളു, കൃത്യമായ് പറഞ്ഞാല്‍ അന്ന് ഒരു 19 വയസ്സ്) എന്നെ കൈ ഞൊടിച്ച് അവന്റെ അരികിലേക്ക് വിളിച്ചു. അത്തരം വിളികള്‍ മനുഷ്യനുവേണ്ടി സൃഷ്ടിച്ചതല്ലെന്ന തിരിച്ചറിവുള്ള ഞാ‍ന്‍ , 'നീ പോടേയ് ' എന്നൊരു ഏക്ഷന്‍ തിരിച്ചുകൊടുത്തു നടന്നു. പെട്ടെന്നായിരുന്നു പുറകില്‍ നിന്ന് എന്റെ കോളറില്‍ അയാള്‍ കൂട്ടിപ്പിടിച്ചത്. ഞാന്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് ഒരു തട്ടുകൊടുത്തു തള്ളിമാറ്റി. അയാളതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. അപ്രതീക്ഷിതമായ എന്റെ ആക്ഷനില്‍ അയാള്‍ കുറച്ച് പുറകിലേക്കു പോയി. അയാള്‍ എന്നെ ഒന്നു നോക്കി. എന്നീട്ട് ചോദിച്ചു, കോന്‍ ഹൈ രേ തൂ? ഇധര്‍ ക്യാ കര്‍ത്തേ? ഞാന്‍ ഒന്നാം നിലയിലെ മുറി ചൂണ്ടിക്കാട്ടി അവിടെ താമസിക്കാന്‍ വന്ന ആളാണെന്നു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തെ പൈശാചിക ഭാ‍വം ഒരല്പം കുറഞ്ഞു, അയാള്‍ ചിരിച്ചു. “  അച്ചാ അച്ചാ. ക്യാ നാം ഹേ തേരാ?” എന്നു പറഞ്ഞ് എന്റെ തോളില്‍ കൈവച്ചു. ശരിക്കുള്ള പേരു പറയേണ്ടന്ന് മനസു പറഞ്ഞതുകൊണ്ട്, ഞാന്‍ പറഞ്ഞു, “മഹേഷ്”. ങാ “മങ്കേഷ്, തോ...... തു മേരാ പഡോസി ഹൈ,  ജാവ്, ഫിര്‍ മിലേംഗേ“. ഇനിയിപ്പോ അവന്‍ മങ്കി എന്നു വിളിച്ചാലും കേള്‍ക്കാതെ തരമില്ലല്ലോ എന്ന മട്ടില്‍ ഞാന്‍ മിണ്ടാതെ നിന്നു. ഇതെന്താണീശ്വരാ എന്നെ കാണുമ്പോള്‍ ആളുകള്‍ക്ക് കൈ തരിക്കണത് എന്ന് ആ നിമിഷത്തിലും ഈശ്വരനോട് ഒരു ചോദ്യം ചോദിക്കാതിരുന്നില്ല.


അദ്ദേഹം അദൃശ്യമായ് ഇടപെട്ടതുകൊണ്ടോ എന്തോ അയാള്‍ പിടുത്തം വിട്ടു. ഞാന്‍ മുന്നോട്ടു നടന്ന് ഒന്നാം നിലയിലേക്കുള്ള കോണിപ്പടി കയറുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് ഒരു മലയാളി സ്ത്രീ വന്ന് എന്നോടു ചോദിച്ചു, “മോന്‍ എന്തു വിഡ്ഢിത്തരാ ചെയ്തേ?, അവനാരാന്നറിയോ?” ഞാന്‍ കൈമലര്‍ത്തി. “അവനാണ് ഛോട്ടാ രാജന്‍ . ഇനിയെങ്കിലും അവന്റെ അടുത്ത് ഒന്നിനും നിക്കണ്ട ട്ടാ, ഒരു വാക്കു പറഞ്ഞ് രണ്ടാമത്തേന് കൊല്ലാന്‍ മടിക്കാത്ത ജന്തുക്കളാ”. ഞാന്‍ ഭവ്യതയോടെ തലയാട്ടി. പക്ഷെ എനിക്ക് അധോലോകത്തെക്കുറിച്ച് വലിയ പൊതുവിജ്ഞാനമൊന്നും ഇല്ലാത്തതുകൊണ്ട് ഛോട്ടാ രാജന്‍ എന്നു കേട്ടീട്ടും അപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. (പിന്നീട് അതേക്കുറിച്ചാലോചിച്ച് പലപ്പോഴും ഞെട്ടിയിട്ടുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല) അവിടെ കഴിഞ്ഞ ഒരു വര്‍ഷം (1978 - 79) ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ് കഴിഞ്ഞു. എന്റെ പ്രായത്തിലുള്ള അയാളുടെ അനുജന്‍ ദീപക്കുമായ് നല്ല സൌഹൃദമായിരുന്നു. അയാളാണ് വലുതായപ്പൊള്‍ 'വാസ്തവ്' എന്ന ഹിന്ദി ഫിലിം നിര്‍മ്മിച്ചത്. പിന്നീട് എന്റെ ചേട്ടന്‍ ഞങ്ങളുടെ ആദ്യ കൊമ്പുകോര്‍ക്കലിനെക്കുറിച്ചറിഞ്ഞ് ഭയന്നുകൊണ്ടു ചോദിച്ചു, എടാ ആ പ്രശ്നം അപ്പ തന്നെ തീര്‍ന്നൂലോ അല്ലേ. ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് നീ ഇവിടം വിട്ടു പോകുന്നതാ നല്ലത്.


ഞാന്‍ പറഞ്ഞു, ഒരു കൊഴപ്പോം ഇല്യ. വീണ്ടുമൊരുനാള്‍ ഞങ്ങളുടെ മുറിയില്‍ ഒളിവിലിരിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ് ഛോട്ടാരാജന്‍ എന്നെ സമീപിച്ചു. അപ്പോഴേക്കും അയാളുടെ വീരസാഹസിക കഥകള്‍ എല്ലാം ഞാന്‍ കേട്ടിരുന്നതിനാല്‍ അയാളെ കാണുമ്പോഴൊക്കെ വിനയവും സ്നേഹവും ഒക്കെ കൂടി കുഴഞ്ഞ ഒരു പരുവത്തില്‍ ഞാന്‍ അയാളോട് പെരുമാറാന്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ റൂമില്‍ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് അറത്തുമുറിച്ച് പറയാന്‍ ഞാന്‍ ഭയന്നു. മാത്രവുമല്ല പഴയ സംഭവം ഒരു വൈരാഗ്യമായ് എടുത്താലോ എന്നും തോന്നി. എന്നാല്‍ അയാളെ അവിടെ താമസിപ്പിച്ചാല്‍ ഞങ്ങളേയും പോലീസ് പൊക്കും എന്ന് അറിയുന്നതുകൊണ്ട് ഞാന്‍ ഭവ്യതയോടെ പറഞ്ഞു, “ഞാന്‍ തന്നെ ഇവിടെ താമസിക്കുന്നത് മറ്റൊരാളുടെ ദയവിലാണ്. അയാളുടെ സമ്മതമില്ലാതെ എനിക്കൊന്നും പറയാന്‍ പറ്റില്ല. അയാള്‍ നൈറ്റ് ഡ്യൂട്ടിയിലാണ്. നാളെ കാലത്തേ വരികയുള്ളു.” അതുകേട്ട് ഇഷ്ടപ്പെടാതെ, ‘ശരി, പേടിത്തൊണ്ടന്മാര്’ എന്ന് പറഞ്ഞുകൊണ്ടയാള്‍ പോയി. പക്ഷെ അയാളില്‍ നിന്നും അന്നോ പിന്നീടോ ഒരുപദ്രവവും ഞങ്ങള്‍ക്കുണ്ടായില്ല. ഒരുപക്ഷെ അത് അയാളുടെ തലവന്‍ 'ബഡാരാജന്‍ ' എന്ന് അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ രാജന്‍ നായര്‍ കാരണമായിരിക്കണം. പലപ്പോഴും രാജന്‍ നായര്‍ ആ ബില്‍ഡിംഗിനു മുന്നില്‍ സിനിമാസ്റ്റൈലില്‍ അംഗരക്ഷകരുടെ അകമ്പടിയോടെ കാറില്‍ വന്നിറങ്ങുന്നതും പെട്ടെന്ന് തിരിച്ചുപോകുന്നതും ഞാന്‍ കണ്ടീട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കോടതിമുറിയില്‍ വെടിയേറ്റു വീഴാനായിരുന്നു അയാളുടെ യോഗം. തൊട്ടടുത്തുള്ള സഹകാര്‍ തിയ്യറ്ററില്‍ ബ്ളാക്കിനു ടിക്കറ്റ് വില്പനയായിരുന്നു ഛോട്ടാ രാജന്റെ പ്രധാന ജോലി. അന്നൊക്കെ എത്ര ഹൌസ്ഫുള്‍ ആയ സിനിമയാണെങ്കിലും ഞങ്ങള്‍ക്ക് സുഖമായ് ടിക്കറ്റ് കിട്ടുമായിരുന്നു. അതുപോലെ ടാക്സിയിലോ, ഓട്ടോറിക്ഷയിലോ കയറി ആറാം നമ്പര്‍ എം.എച്.ബി കോളനി എന്നു പറഞ്ഞാല്‍ ആരും പറ്റിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.  സഹകാര്‍ തിയ്യറ്ററില്‍ വെച്ച് ഒരു സബ്-ഇന്‍സ്പെക്ടറെ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ കുത്തിമലര്‍ത്തിയാണ് വെറും രാജനായിരുന്ന ആ മറാട്ടി ഛോട്ടാ രാജന്‍ തസ്തികയിലേക്ക് പ്രമോട്ടു ചെയ്യപ്പെട്ടത്. ബഡാരാജന്റെ മരണശേഷം മുംബൈ അധോലോകത്തിന്റെ തലപ്പെത്തെത്തിയ അയാള്‍ വളര്‍ന്ന് വളര്‍ന്ന് ദാവൂദുമായ് കൂട്ടുകൂടി രാജ്യാന്തര അധോലോകത്തിന്റെ ഭാഗമായതും, മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ദാവൂദുമായ് തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം കെട്ടിപ്പടുത്തതുമൊക്കെ എല്ലാവരും മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കിയിരിക്കുമല്ലോ. ബാങ്കോക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഛോട്ടാ ഷക്കീല്‍ എന്ന ദാവൂദിന്റെ വലം കൈ ഛോട്ടാരാജനേയും കൂട്ടരേയും ആക്രമിക്കുകയും ഛോട്ടാരാജന്റെ തുടയില്‍ വെടിയേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ ഏഴാം നിലയില്‍ ഓപ്പറേഷന് വിധേയനായ് കിടന്ന ഛോട്ടാരാജന് ആക്രമണഭീഷണിയുണ്ടെന്നറിഞ്ഞതും അയാള്‍ ആശുപത്രിയിലെ കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജനലിലൂടെ സിനിമാസ്റ്റൈലില്‍ ഏഴുനില താഴെ ഇറങ്ങി രക്ഷപ്പെട്ടുവെന്നും, പിന്നീട് ആസ്ത്രേലിയയില്‍ എത്തിയെന്നുമൊക്കെ പത്ര വാര്‍ത്തകള്‍ കേട്ടു.


എന്തായാലും 1979 പകുതിയായപ്പോഴേക്കും ഞാന്‍ ബോംബെയോടു വിട പറഞ്ഞു.  നാട്ടില്‍ വന്ന് കോളേജില്‍ ചേര്‍ന്ന് നല്ല കുട്ടിയായ് പഠനം തുടര്‍ന്നു. ജീവിതാനുഭവം കയ്പ്പു നിറഞ്ഞതുകൊണ്ടോ എന്തോ ഞാന്‍ മനസ്സിരുത്തി പഠിക്കുകയും, കോളേജിലെ എല്ലാ കലാപരിപാടികളിലുമൊക്കെ ഊര്‍ജ്ജസ്വലമായ് പങ്കെടുക്കുകയുമൊക്കെ ചെയ്തുകൊണ്ട് കോളേജിലെ ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയാവുകയും നല്ല മാര്‍ക്കോടെ പ്രീ-ഡിഗ്രി പാസാകുകയും ചെയ്തു. അക്കാലത്ത് ഞങ്ങള്‍ പുല്ലൂര്‍ നിന്ന് മാപ്രാണത്തേക്ക് സ്ഥലം മാറുകയും, അവിടെ നിന്ന് തൃശൂര്‍ കേരളവര്‍മ്മയില്‍ പോയി തുടര്‍ അഭ്യാസം നടത്തുകയും, പ്രേമിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവില്‍ വീടിന്റെ ചുറ്റുവട്ടത്തുള്ള നല്ല പെണ്‍‌കുട്ടികളില്‍ ഒരാളെ തേടിപ്പിടിച്ച് ശരിയായ പ്രേമം തുടങ്ങുകയും, അനുരാഗമെന്തെന്ന് അവള്‍ എന്നെ മനസ്സിലാക്കിത്തരികയും, അതൊരു ദിവ്യാനുരാഗമായ് പരിണമിക്കുകയും ഒടുവില്‍ എന്റെ കൂടെ ജീവിക്കാന്‍ ആ പാവം കുട്ടിക്ക് ദൈവം ശിക്ഷ വിധിക്കുകയും ചെയ്തു. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........ഹാ!

(കൌമാര സംഭവങ്ങള്‍ അവസാനിച്ചു, ജീവിതം തുടരുന്നു)

Saturday, August 25, 2007

കോമരം പിന്നിട്ട കൌമാരം - 12

ചുവന്ന തെരുവില്‍

തല്ലുകൂടിയതിനും ജോലി കളഞ്ഞതിനും എനിക്ക് ചേട്ടന്റെ കയ്യില്‍ നിന്നും പൊതിരെ കിട്ടുമെന്ന പേടിയുണ്ടായിരുന്നെങ്കിലും ചേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ വീട്ടിലെ പ്രധാന കുക്കായി മാറി. ഒരു ദിവസം സാമ്പാറാ‍ണെങ്കില്‍ മറ്റൊരു ദിവസം സാമ്പാറ് എന്നിങ്ങനെ പോയി എന്റെ പാചകം. ചേട്ടനു ദേഷ്യം വന്ന് എന്നോടു പറഞ്ഞു, നാളെ സാ‍മ്പാറു വേണ്ട. ഞാന്‍ ശരിവച്ചു, വേണ്ട സാമ്പാറു വേണ്ട. ഞാന്‍ വെപ്പു തുടങ്ങി, സാമ്പാറിന്റെ കഷ്ണങ്ങള്‍ എല്ലാം ഇട്ടു, ഇനി സാമ്പാറാവാതെ നോക്കണം. ഒടുവില്‍ സൂത്രം മനസ്സിലായി. കായം ഇടാതിരുന്നാല്‍ മതി. കായം ഇട്ടാല്‍ സാമ്പാര്‍, കായാം ഇട്ടില്ലെങ്കില്‍ ങാ... ഒരു കൂട്ടാന്‍. എന്നെ വച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ ചേട്ടന്‍ പറഞ്ഞു, ഞാന്‍ വന്നീട്ടു മതി കറി വെക്കാന്‍. നീ ചോറു മാത്രം വെച്ചാ മതി. ശരി. ഞാന്‍ സമ്മതിച്ചു. ഒരു ദിവസം കാലത്തു ചോറു വച്ചു കഴിഞ്ഞപ്പോള്‍ മണ്ണെണ്ണ തീര്‍ന്നു. കറി വെക്കാന്‍ പറ്റിയില്ല. ചേട്ടന്‍ പറഞ്ഞു, ഞാന്‍ പോകുമ്പോള്‍ നമ്മുടെ വീട്ടുടമസ്ഥ തമിഴത്തിയോടു പറയാം അവര്‍ വേണ്ടതു ചെയ്തോളും. ശരി. മറുത്തൊരക്ഷരമില്ല. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോള്‍ തമിഴത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്നതും എന്നോടു ചോദിച്ചു, “കൊളമ്പു വേണമാ?”, ഏ, എന്റെ അച്ഛന്‍ കൊളമ്പിലായിരുന്നെന്ന് ഇവര്‍ക്കെങ്ങനെ മനസ്സിലായിയെന്ന് ഞാന്‍ ആലോചിച്ചു. ഓ, ഒരുപക്ഷെ ചേട്ടന്‍ പറഞ്ഞുകാണും. ങാ, ഇനിയിപ്പൊ അതൊന്നും പറഞ്ഞീട്ട് കാര്യം‌ല്യ, തമിഴ് പെട്ടെന്ന് വായില്‍ വരാഞ്ഞതുകൊണ്ട് ഞാന്‍ മലയാളത്തില്‍ പറഞ്ഞു, “അതൊക്കെ പണ്ടായിരുന്നു, ഇപ്പ അച്ഛന്‍ നാട്ടിലാ”, അവര്‍ പിന്നീടെന്തോ പറഞ്ഞത് എനിക്കോര്‍മ്മയില്ല, കുറച്ചു ദൂരം പോയി തിരിച്ചു വന്ന് ഒന്നു കൂടി ചോദിച്ചു, “ഗ്യാസ്‌ലൈറ്റ് വേണമാ”. ഹേയ്, ഞാന്‍ പറഞ്ഞു, ഞങ്ങള് ഗ്യാസ്‌ലൈറ്റൊന്നും ഉപയോഗിക്കാറില്ലെന്നു അവരോടും അതൊക്കെ നാട്ടില് തവളെപിടിക്കാന്‍ നടക്കുന്നോരല്ലേ ഉപയോഗിക്കുന്നതെന്ന് മനസ്സിലും പറഞ്ഞു. എന്തായാലും ഉച്ചക്ക് സവാള അരിഞ്ഞ് മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും കലര്‍ത്തി കഷ്ടി ഒരു പിഞ്ഞാണം ചോറുണ്ട് കിടന്നുറങ്ങി. രാത്രി ചേട്ടന്‍ വന്നപ്പോള്‍ ഒരുപാടു വഴക്കു പറഞ്ഞു, തമിഴത്തി കുട്ടാന്‍ വേണോയെന്നും മണ്ണെണ്ണ വേണോ എന്നും ചോദിച്ചീട്ട് രണ്ടിനും വേണ്ടാന്നു പറഞ്ഞത്, നിന്റെ അച്ഛന്‍ കൊണ്ടു തരുമെന്നു വിചാരിച്ചിട്ടാണോടാ എന്ന് മാത്രം ചോദിച്ച് അന്നത്തെ അധ്യായം പൂര്‍ത്തിയാക്കി. ഈ തമിഴ് പഠിച്ചില്ലെങ്കിലും ചേട്ടന്റെ കയ്യില്‍ നിന്ന് തല്ലുകൊള്ളാനുള്ള സാദ്ധ്യത മനസ്സിലാക്കി ഞാന്‍ തമിഴത്തിയുമായ് അല്പം ലോഹ്യത്തിലാവുകയും യുദ്ധകാലാടിസ്ഥാനത്തില്‍ തമിഴ് പഠിച്ചെടുക്കുകയും ചെയ്തു. തമിഴ് പേശാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ വാളയാര്‍, ഗോവിന്ദാപുരം അതിര്‍ത്തികളില്ലാതാവുകയും, തമിഴത്തി എനിക്കുവേണ്ടി ഡ്രമ്മില്‍ വെള്ളം നിറക്കുകയും, മണ്ണെണ്ണ വാങ്ങിത്തരികയും, അവശ്യ സന്ദര്‍ഭങ്ങളില്‍ കൊളമ്പും സിലോണും എന്റെ ചോറില്‍ ഒഴിച്ച് എന്നെ ഊട്ടുകയും ചെയ്തു.


ഒരു ദിവസം ചേട്ടന്‍ ജോലി കഴിഞ്ഞുവന്നപ്പോള്‍ എന്നോടു പറഞ്ഞു, നാളെ കാലത്ത് നേരത്തേ എഴുന്നേറ്റ് റെഡിയാവണം. ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. ശരി, ഞാന്‍ പറഞ്ഞു. ഞങ്ങള്‍ പിറ്റേന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് സാന്‍ഡസ്റ്റ് റോഡ് (സണ്ടാസ് റോഡ് എന്ന് അവിടത്തെ ആളുകള്‍ പറയും) എന്ന സ്റ്റേഷനില്‍ ഇറങ്ങി. 20 പൈസ കൊടുത്ത് അലങ്കാര്‍ തിയറ്റര്‍ സ്റ്റോപ്പിലിറങ്ങി. വീതിയുള്ള റോഡിലൂടെ കടന്ന് കേത്ത്‌വാഡി 9 എന്നെഴുതി വച്ചിരിക്കുന്ന ഗല്ലിയിലേക്ക് നടന്നു. “റബ്ബര്‍ ടെക്നിക്കോ“ എന്ന സ്ഥാപനത്തിലേക്ക് ചെന്നു കയറി. അവിടെ ഒരു കട്ടിലും കിടക്കയും അതിനു മുന്നില്‍ വലിയ ഒരു മേശയും. സര്‍ക്കാര്‍ ആശുപത്രിയിലെ ഫാന്‍ പോലെയുള്ള ഒരു ഫാന്‍ ശബ്ദത്തോടെ കറങ്ങുന്നുണ്ടായിരുന്നു. വെളുത്തു തടിച്ച ഗുജറാത്തി സേട്ടു കട്ടിലില്‍ ചാരിയിരിക്കുന്നു. ചേട്ടന്‍ എന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടു നിര്‍ത്തി. ‘ഇവനാണവന്‍’ എന്നു പരിചയപ്പെടുത്തി. എന്നെ കണ്ടപ്പോള്‍ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച തോന്നിയ അഭിമാനത്താലാവണം “ഹൌ ഓള്‍ഡ് ആര്‍ യു?” എന്നു ചോദിച്ചത്. പെട്ടെന്ന് “ഹേയ് എനിക്കങ്ങനെയൊന്നുമില്ല” എന്നു പറയാനാണു ഭാവിച്ചതെങ്കിലും, ഉള്ളില്‍ നിന്ന് ദൈവം മലയാളത്തില്‍ ചോദ്യം ട്രാന്‍സ്‌ലേറ്റ് ചെയ്തു തന്നതിന്റെ വെളിച്ചത്തില്‍ ഞാന്‍ പറഞ്ഞു, “എയ്റ്റീന്‍ ഇയേഴ്സ് ഓള്‍ഡ്”. സേട്ടു അയാളുടെ പിളുന്തന്‍ ശരീരം കുലുക്കി കുലുക്കി ചിരിച്ചു, കട്ടിലും അതോടൊപ്പം ചിരിച്ചത് നോക്കി നിന്നപ്പോള്‍ അയാള്‍ പറഞ്ഞു, “കം ഫ്രം ടുമോറോ”, ഞാന്‍ പുറത്തേക്കു നോക്കി. അവിടെ ചേട്ടന്‍ എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഞാനിനി വല്ല പ്ലാസ്റ്റിക് ഡബ്ബയുമെടുത്ത് ഗുജറാത്തി സേട്ടുവിനെ എറിയുമോ എന്ന ഭയമായിരിക്കും ചേട്ടന്. ഞാന്‍ അങ്ങനെ ഒരു ഭീകരനൊന്നുമല്ലെന്ന് ചേട്ടനെ എങ്ങനെ മനസ്സിലാക്കും എന്നാണപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. സേട്ടുവിന്റെ ഡയലോഗ് കേട്ടതുകൊണ്ട് ചേട്ടന്‍ എന്നെ കൈ കാട്ടി വിളിച്ചു. താങ്ക്‍സ് പറയാന്‍ പഠിക്കാത്ത മലയാളി ആയിരുന്നതുകൊണ്ട് ഞാന്‍ തൊഴുതു പുറത്തിറങ്ങി.


റോഡില്‍ നിന്ന് പുറത്തു കടന്ന് ഞങ്ങള്‍ മറ്റൊരു വഴിയിലൂടെയാണു പോയത്. അപ്പോള്‍ ചേട്ടന്‍ മറുവശത്തെ റോഡ് ചൂണ്ടിക്കാണിച്ചു പറഞ്ഞു, “ആ റോഡിലേക്ക് ഒരു കാരണവശാലും പോകരുത്. വളരെ വൃത്തികെട്ടവരും, തട്ടിപ്പുകാരും ഉള്ള സ്ഥലമാണ്”. ശരി, ഞാന്‍ പറഞ്ഞു. പിറ്റേന്നു മുതല്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. ആശുപത്രികളിലേക്കും, ഇന്‍ഡസ്ടികളിലേക്കും റബ്ബര്‍ ഗ്ലൌസ് ഉണ്ടാക്കുന്ന ഫാക്റ്ററിയുടെ ഓഫീസായിരുന്നു അത്. സര്‍ക്കുലര്‍ അടിക്കുക എന്നതായിരുന്നു പ്രധാന ജോലി. ഞാന്‍ കൂടാതെ മറ്റൊരു മലയാളി അക്കൌണ്ട്സ് എല്ലാം നോക്കാനുണ്ടായിരുന്നു. വളരെ സ്പീഡില്‍ ടൈപ് ചെയ്ത് സര്‍ക്കുലര്‍ കുമിഞ്ഞുകൂടുന്നതു കണ്ടപ്പോള്‍ ഞാന്‍ സേട്ടുവിന്റെ സ്വന്തമായി. ആരെങ്കിലും അതിഥികള്‍ വന്നാല്‍ ചായ പറയാനും, വൈകുന്നേരത്തെ ചായ സേട്ടുവിന്റെ വീട്ടില്‍ പോയി കൊണ്ടുവരാനും മറ്റും എന്നെയായിരുന്നു നിയോഗിച്ചിരുന്നത്. സേട്ടുവിന്റെ അത്തരം വേലത്തരങ്ങള്‍ ഞാന്‍ ഒരുദിവസം കൊണ്ടവസാനിപ്പിച്ചു. കടയില്‍ പോയി ചായ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ “ഗീ വാല” എന്നു പറഞ്ഞു പോരണംന്നാണ് സേട്ടുവിന്റെ കല്പന. അവര്‍ക്ക് കണക്കെഴുതിവെക്കാനാണത്രെ. പണ്ട് നെയ്യ് വിറ്റ് നടന്ന് പണക്കാരനായതുകൊണ്ടായിരുന്നുവത്രെ ആ പേരു പതിഞ്ഞത്. പക്ഷെ ഞാന്‍ ഹിന്ദിയില്‍ വിദ്വാന്‍ പാസാവാത്തതുകൊണ്ട് പറഞ്ഞപ്പോള്‍ അല്പം തെറ്റിപ്പോയി. “ഗീ വാല” എന്നതിനു പകരം “ഗായ്‌വാല” എന്നാണു പറഞ്ഞത്. കടയില്‍ എല്ലാവരും വര്‍ഷങ്ങളായ് തമാശകേള്‍ക്കാന്‍ കാത്തിരുന്നതുപോലെ തലതല്ലി ചിരിച്ചു. ഞാന്‍ തിരിച്ച് ഓഫീസില്‍ എത്തുന്നതിനുമുന്‍പ് വാര്‍ത്ത കാട്ടുതീ ആയി സേട്ടുവിന്റെ ചെവി പൊള്ളിച്ചതിനാല്‍ പിറ്റേന്നു മുതല്‍ ഞാന്‍ വെറും ടൈപിസ്റ്റ് മാത്രമായി.


അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ സീനിയര്‍ ആയി എന്ന ബോധ്യം വന്നതുകൊണ്ട് ചേട്ടന്‍ പറഞ്ഞ റോഡിലേക്കൊന്നു പോയാലോ എന്ന് തോന്നി. തോന്നല്‍ എന്നെ ആ റോഡിലൂടെ നടത്തിച്ചു. റോഡിനിരുവശവും ചുണ്ടില്‍ ചായം തേച്ച് മാറിടം മുക്കാലും പുറത്താക്കി തുട കാണത്തക്ക കുട്ടിപ്പാവാടയും ധരിച്ച് പെണ്ണുങ്ങള്‍. ഒരു മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്ന് ഒരാള്‍ മുകളിലേക്ക് നോക്കി കയ്യും കലാശവും കാണിക്കുന്നു. ഞാന്‍ മുകളിലേക്ക് നോക്കി. അവിടെ ജനാലയില്‍ കൂടി ഒരുത്തി മാറിട പ്രദര്‍ശനവും വിരലുകള്‍ കൊണ്ട് എണ്ണം കാട്ടലും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അല്‍ഭുതത്തോടെ എല്ലാം വീക്ഷിച്ചുകൊണ്ട് നടക്കുമ്പോള്‍ ഒരു വാതിലിനരികില്‍ നിന്ന് എന്നെ കൈകൊട്ടി “ചേട്ടാ” എന്നു വിളിച്ചു. ഈശ്വരാ, ഇതാരാപ്പാ എന്റെ ബന്ധു ഇതിനുള്ളിലെന്ന് അല്‍ഭുതപ്പെട്ട് ഞാന്‍ അങ്ങോട്ടു നോക്കിയപ്പോള്‍ ഒരു മധ്യവയസ്ക്ക എന്നെ നോക്കി ചിരിച്ച് അകത്തേക്കു ക്ഷണിക്കുകയാണ്. ഓഹോ അപ്പോ ഇതായിരുന്നു ചേട്ടന്‍ ഈ റോഡ് വിലക്കാനുള്ള കാരണം... ചേട്ടാ വിളികളും, സ്വാഗതവുമൊക്കെ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ പെട്ടെന്ന് നടന്ന് മറ്റൊരു റോഡിലേക്ക് കടന്നു. പിന്നീട് പലപ്പോഴും ഊണിനുശേഷം അരമണിക്കൂറെങ്കിലും ഞങ്ങള്‍ ഏതെങ്കിലും മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്ന് ചുവന്ന തെരുവിന്റെ പച്ചയായ ജീവിതത്തെ നോക്കി കാണുമായിരുന്നു.

(തുടരും)

Friday, August 24, 2007

കോമരം പിന്നിട്ട കൌമാരം - 11

ആദ്യത്തെ ജോലിയും അതിന്റെ അന്ത്യവും

ആദ്യമായ് ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിന്റെ ഒരാകാംഷ എനിക്കുണ്ടായിരുന്നതുകൊണ്ട് തിങ്കളാഴ്ച രാ‍ത്രി 9 മണിക്ക് ഭക്ഷണം കഴിച്ചെന്നു വരുത്തി ഞാന്‍ റെഡിയായി. രണ്ടാമത്തെ ചേട്ടന്‍ എന്നെ ഗോവണ്ടി സ്റ്റേഷന്‍ വരെ കൊണ്ടുചെന്നാക്കി. പോകുമ്പോള്‍ കുര്‍ളയില്‍ എറങ്ങേണ്ടതിനെക്കുറിച്ചും ബസ്സ്റ്റോപ് എവിടെയാണെന്നും ബസ് നമ്പര്‍ എന്താണെന്നും എന്താണ് കണ്ടകറ്ററോട് പറയേണ്ടതെന്നുമൊക്കെ കോച്ചിംഗ് തന്നിരുന്നു. പറഞ്ഞതുപോലെ കുര്‍ളയില്‍ ഇറങ്ങി ബസ്സ്റ്റോപ് കണ്ടുപിടിച്ച് സാക്കിനാക്കയിലേക്ക് പോകേണ്ട ബസ് നമ്പര്‍ കണ്ട് കയറി. അപ്പോള്‍ നല്ല തിരക്കായിരുന്നു. ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കാനായ് സീറ്റില്‍ ചാരിനിന്നു. സ്ത്രീകള്‍ പുരുഷന്മാരുടെ ഇടയില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു തോന്നി ഇതെന്തിനാ ഇവര്‍ പുരുഷപീഢനം അനുഭവിക്കാന്‍ ഇടയില്‍ നില്‍ക്കുന്നത്, സ്ത്രീകളുടെ സീറ്റിനടുത്ത് നിന്നാല്‍ പോരേ, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു.


കുറച്ചു ദൂരം പോയപ്പോള്‍ ബസ് ഒരുവിധം കാലിയാവാന്‍ തുടങ്ങിയിരുന്നു. വിന്‍ഡോ സീറ്റിലിരുന്ന ഒരാള്‍ എഴുന്നേറ്റപ്പോള്‍ അതിനടുത്തിരുന്ന ആള്‍ എന്നോട് ഉള്ളിലേക്ക് കടന്നോളാന്‍ ഏക്ഷന്‍ കാണിച്ചു. ഞാന്‍ വിന്‍ഡോ സീറ്റിലിരുന്ന് പുറംകാഴ്ച്ചകള്‍ കണ്ടു. കുറച്ചുദൂരം അങ്ങനെ പോയിക്കാണും ഞാന്‍ എന്റെ കൈ അടുത്ത സീറ്റില്‍ അറിയാതെ വച്ചത് ആരുടേയോ മടിയില്‍ ആയിരുന്നു. പെട്ടെന്ന് അടുത്ത സീറ്റിലെ ആളെ നോക്കി. അപ്പോള്‍ അവിടെ ഇരുന്നിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരിയായിരുന്നു. ഞാന്‍ പൊടുന്നനെ കൈ വലിച്ചു, സോറി പറയാന്‍ പഠിച്ചിരുന്നില്ല എന്നുള്ളതുകൊണ്ട് ഒരു വളിച്ച മുഖം പ്രസന്റ് ചെയ്ത് ഇനിയെന്തൊരു വഴി വേണ്ടൂ എന്നാലോചിച്ചു. ആരെങ്കിലും കണ്ടാല്‍ എന്നെപറ്റി എന്തുവിചാരിക്കും എന്നാലോചിച്ച് ഞാന്‍ മെല്ലെ എഴുന്നേറ്റു. അപ്പോള്‍ ആ കുട്ടി എന്നോടു ചോദിച്ചു, “ഉത്തര്‍നേക്കാ ഹൈ ക്യാ?”, എവടെ, എനിക്കെന്തു കുന്തം മനസ്സിലാ‍വാന്‍, ഞാന്‍ വീണ്ടും ഡാന്‍സിംഗ് ഡോളിനെപ്പോലെ തലയാട്ടി. അപ്പുറത്തു നിന്നിരുന്ന അവളുടെ കൂട്ടുകാരിയെ വിളിച്ച് അവള്‍ അടുത്തിരുത്തി. ഞാന്‍ കുന്തം വിഴുങ്ങി നിന്നു. ആരും ആരേയും ശ്രദ്ധിക്കുന്നില്ല. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ ഒരാണ്‍ പ്രജ എഴുന്നേല്‍ക്കുന്നു അവിടെ മറ്റൊരു പെണ്‍ പ്രജയിരിക്കുന്നു. തിരിച്ചും സംഭവിക്കുന്നു. ഓ ഹോ, ആനന്ദലബ്ദിക്കിനിയെന്തുവേണം, ഞാന്‍ ചെയ്ത വിഡ്ഢിത്തരം ഓര്‍ത്ത് നില്‍ക്കുമ്പോള്‍ എനിക്കിറങ്ങേണ്ട സാക്കിനാക്കയെത്തി.

അവിടെ നിന്ന് റോഡ് ക്രോസ് ചെയ്ത് നേരെ മുന്നോട്ടു നടന്നു, കുറച്ചു ദൂരം നടന്നപ്പോള്‍ തിരക്കൊഴിഞ്ഞ വീഥിയില്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു. വല്ലപ്പോഴും പോകുന്ന വാഹനങ്ങളുടെ ലൈറ്റും, തെരുവിലെ മഞ്ഞ ലൈറ്റും മാത്രം. ഇതെന്താ ബോംബെയില്‍ ഇങ്ങനെ എന്നെനിക്കു തോന്നി. തൊട്ടടുത്ത തെരുവില്‍ നിറയെ ജനങ്ങളുടെ പരക്കം പാച്ചിലുകള്‍, വാഹനങ്ങളുടെ ബഹളങ്ങള്‍. ഇതാ ഈ റോഡിലാവട്ടെ വല്ലപ്പോഴും പാസ് ചെയ്യുന്ന ചില ചരക്കുലോറികള്‍ മാത്രം. കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ റോഡിന്റെ ഇരുവശവും കെട്ടിടങ്ങളില്ലാതെ കുറേ ചതുപ്പു നിലങ്ങള്‍ മാത്രം. ഇനി വഴിതെറ്റിയതാവുമോ? വലിയ ബില്‍ഡിംഗാണെന്നാണല്ലോ പറഞ്ഞത്. ആരെയെങ്കിലും കണ്ടാല്‍ അറിയാവുന്ന മലയാളത്തില്‍ ചോദിക്കാമായിരുന്നു. ഭാഗ്യം ആരുമില്ല, മുന്നോട്ട് നടക്കുമ്പോള്‍ അകലെ വലിയ ഒരു ഫാക്റ്ററിയുടെ രൂപം ദൃഷ്ടിയില്‍ പെട്ടു. പതിനൊന്നുമണിക്കാണ് ഹാജരാവാന്‍ പറഞ്ഞീട്ടുള്ളത്. വാച്ചു നോക്കാതെ തന്നെ എനിക്കറിയാം ഒരു പത്തുമണിയാവാനേ തരമുള്ളുവെന്ന്. (വാച്ചിണ്ടങ്കിലല്ലേ നോക്കുന്നത്).


അങ്ങനെ സമാധാനത്തോടെ മുന്നോട്ടു നടക്കുമ്പോഴതാ, കറുത്ത തുണി കൊണ്ടു മൂടിയ രണ്ടു രൂപങ്ങള്‍ എന്റെ നേരെ നടന്നടുക്കുന്നു. ഈശ്വരാ, ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഒന്നും വരുത്തരുതേ. ആ രൂപങ്ങള്‍ എന്റെ നേര്‍ക്കു തന്നെയാണു വരുന്നത്. റോഡിനു നല്ല വീതിയുണ്ട്. അതുകൊണ്ട് മറുവശത്തേക്ക് ചാടിയോടാം, അതോ പിന്തിരിഞ്ഞോടണോ എന്ന് ശങ്കിച്ചു. മനസ്സു പറഞ്ഞു, പിന്തിരിഞ്ഞെങ്ങോട്ടോടും. ഇതാ ഫാക്റ്ററി അടുത്തു, അങ്ങോട്ടോടു, നിന്റെ ബന്ധുവിന്റെ അടുത്തേക്ക്... ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല, റോഡിന്റെ മറുവശത്തേക്ക് ചാടി ഒറ്റ ഓട്ടം. ഒളിമ്പിക്സില്‍ നൂറുമീറ്ററിനു പറഞ്ഞയച്ചിരുന്നെങ്കില്‍ എന്തെങ്കിലും തടയാമായിരുന്ന വിധമുള്ള ഓട്ടം. കുറേ ദൂരം ഓടി മെല്ലെ തിരിഞ്ഞുനോക്കുമ്പോള്‍ അകലെ ആ രൂപങ്ങളതാ മെല്ലെ മെല്ലെ നടന്നുപോകുന്നു. പിറ്റേ ദിവസം എന്തും പറയാവുന്ന രണ്ടാമത്തെ ചേട്ടനോട് ഭൂതങ്ങളെ കണ്ട കാര്യം പറഞ്ഞപ്പോള്‍ ചേട്ടനു ചിരിയടക്കാനായില്ല. ചേട്ടന്‍ ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു, എടാ, നമ്മുടെ നാട്ടുമ്പുറത്തില്ലെന്നേ ഉള്ളു. അത് പര്‍ദ്ദയണിഞ്ഞ് മുസ്ലീം സ്ത്രീകളായിരുന്നു. ഹോ ഇനിയിപ്പോള്‍ അത്തരം രൂപങ്ങളെ പേടിക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ സമാധാനിച്ചു.


നാഷണല്‍ പ്ലാസ്റ്റിക് കമ്പനിയിലേക്കാണ് ഞാന്‍ ചെന്നു കയറിയത്. നേരെ പോയി സുകുവേട്ടനെ കണ്ടു. എന്നെ പ്ലാന്റിനകത്തേക്കു കൊണ്ടുപോയി. നല്ല തണുപ്പുള്ള പ്ലാന്റ്. ഓട്ടോമാറ്റിക്ക് പ്ലാന്റാണെന്ന് സുകുവേട്ടന്‍ പറഞ്ഞു. ഒരു സൂപ്പര്‍വൈസറെ വിളിച്ച് ഹിന്ദിയില്‍ എന്തോ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് അദ്ദേഹം പോയി. സൂപ്പര്‍വൈസര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു മെഷിന്‍ പ്രവര്‍ത്തിക്കുന്നതിന്റെ മുന്നില്‍ കൊണ്ടിരുത്തി. അത് ഏതാണ്ട് നെല്ലുകുത്തു കമ്പനിയിലെ മെഷിനെപോലെ തോന്നി. മെഷിനിന്റെ തുറന്നിരിക്കുന്ന വായപോലെയുള്ള സാധനത്തിലേക്ക് വെളുത്തതും നിറമുള്ളതുമായ പ്ലാസ്റ്റിക് മുത്തുകള്‍ കോരിയിടുമ്പോള്‍ അടിഭാഗത്ത് ഒരു മോള്‍ഡ് വന്ന് അമരുകയും അതിനിടയിലൂടെ സ്കൂള്‍ കുട്ടികള്‍ കൊണ്ടുപോകുന്ന വാട്ടര്‍ ബാഗ് വാര്‍ന്നു വീഴുകയും ചെയ്യുന്നു. സൂപ്പര്‍ വൈസര്‍ വാര്‍ന്നു വീഴുന്ന ഒരു ബാഗെടുത്ത് അതിന്റെ ബള്‍ജ് ചെയ്തു നില്‍ക്കുന്ന അവശിഷ്ടങ്ങള്‍ ഒരു ചെറിയ കത്തി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കാണിച്ചു തന്നു. പിന്നെ തൊട്ടടുത്തിരിക്കുന്ന പാത്രത്തില്‍ നിന്ന് അതിന്റെ അടപ്പ് എടുത്ത് മുറുക്കി അടക്കുകയും അതിനെ മറ്റൊരു സൈഡിലേക്ക് ഇടുകയും ചെയ്യുക.
ആഹാ നിസ്സാരമായ ആ ജോലിയില്‍ ഞാനേറെ സന്തോഷിച്ചു. വളരെ ഉത്സാഹത്തോടെ മോള്‍ഡില്‍ നിന്നും വന്ന പ്ലാസ്റ്റിക് പാത്രം ഞാനെടുത്തു. ഉടനെ നിലത്തിട്ടു. നല്ല ചൂടുണ്ടായിരുന്നു. അപ്പുറത്തു ജോലി ചെയ്യുന്നവര്‍ കയ്യുറ ധരിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്കു മാത്രം എന്തുകൊണ്ടില്ല, ങാ, ചിലപ്പോള്‍ നാളെ മുതല്‍ കിട്ടുമായിരിക്കും.


അങ്ങനെ എത്ര പാത്രങ്ങള്‍ക്ക് അടപ്പിട്ടുവെന്ന് എനിക്കറിയില്ല, എന്റെ ചിന്തയില്‍ രാത്രി എല്ലാവരും സുഖമായ് ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം ഇതാ പ്ലാസ്റ്റിക് പാത്രത്തിനടപ്പിട്ടുകൊണ്ടിരിക്കുന്നു. എനിക്ക് സങ്കടം സഹിക്കാനായില്ല. എന്റെ കൈ അപ്പോള്‍ നല്ലവണ്ണം വേദനിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ മെല്ലെ ചാരിയിരുന്നു, കാലുകള്‍ നല്ലവണ്ണം നീട്ടി വച്ചു. സുഖകരമായ തണുപ്പില്‍ ഞാന്‍ ആടിനേയും തീറ്റി അമ്പലപ്പറമ്പില്‍ നിന്ന് അവളുടെ വീട്ടിലേക്ക് നോക്കി, അപ്പോള്‍ അവളുടെ അച്ഛന്‍ ഒരു കല്ലെടുത്ത് എറിഞ്ഞത് എന്റെ നെറ്റിയില്‍ തന്നെ വന്നു കൊണ്ടു. എനിക്ക് നല്ലവണ്ണം വേദനിച്ചപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. ഒരു മറാട്ടി അപ്പുറത്തെ സീറ്റില്‍ നിന്നും ഉറങ്ങുന്ന എന്നെ ഉണര്‍ത്താന്‍ പ്ലാസ്റ്റിക് പാത്രം കൊണ്ടെറിഞ്ഞതാണെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. ആത്മാഭിമാനം വ്രണപ്പെടുത്താന്‍ തയ്യാറല്ലാത്തതുകൊണ്ടു തന്നെ ഒന്നും ആലോചിച്ചില്ല. നല്ലൊരു പ്ലാസ്റ്റിക് ഡബ്ബയെടുത്ത് അവന്റെ തിരുനെറ്റി നോക്കി തന്നെ എറിഞ്ഞു. അവന്‍ മുഖം പൊത്തി കിടന്നു. മറ്റുള്ളവര്‍ പിടിച്ചെഴുന്നേല്പിച്ചപ്പോള്‍ നെറ്റിയില്‍ ബോണ്ടയുണ്ടായിരുന്നു. സാമാന്യം വെളുത്ത മുഖം നീല കളറായിരുന്നു. സൂപ്പര്‍വൈസര്‍ വന്ന് എന്തോ പറഞ്ഞു, പിന്നെ സുകുവേട്ടനെ വിളിച്ചുകൊണ്ടു വന്നു. അദ്ദേഹം എന്നെയൊന്ന് ഇരുത്തി നോക്കി. പിന്നെ പീഡിതന്റെ അടുത്തു ചെന്ന് അവനെ സമാധാനിപ്പിച്ചു. തിരിച്ചുപോകുമ്പോള്‍ എന്നൊടു പറഞ്ഞു, നാളെ മുതല്‍ വരണ്ട, ഞാന്‍ ചേട്ടനെ വിളിച്ചു പറഞ്ഞോളാം. ഞാനൊന്നും വിശദീകരിച്ചില്ല. അപ്പോള്‍ സമയം വെളുപ്പിനു 3 മണിയെങ്കിലും ആയിക്കാണും. സീനിയര്‍ ആയിട്ടുള്ളവര്‍ ഉറങ്ങാനായ് ഓരോ ചാക്കിലേക്ക് വലിഞ്ഞിറങ്ങുന്നതു ഞാന്‍ കണ്ടു. നാളെ മുതല്‍ ജോലിയില്ലാത്ത ഞാന്‍ പിന്നെയെന്തിനാണ് ഈ പാവം പാത്രങ്ങളുടെ വായ് മൂടിക്കെട്ടി ശ്വാസം മുട്ടിക്കുന്നത് എന്ന ചിന്തയാല്‍ ഞാനും ഒരു ചാക്കിനുള്ളിലേക്ക് വലിഞ്ഞു കയറി. കാലത്ത് ആരോ വന്ന് എന്റെ ചാക്ക് വലിച്ചപ്പോഴാണ് ഞാനുണര്‍ന്നത്. എന്റെ മെഷിനു മുന്നില്‍ പൊക്കിള്‍കൊടി മുറിക്കാത്ത, വായടക്കാത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നിറഞ്ഞുകിടന്നു. ഞാന്‍ ഒന്നും പറയാതെ മൂടും തട്ടിക്കുടഞ്ഞ് പുറത്തിറങ്ങി.
(തുടരും)

Thursday, August 23, 2007

കോമരം പിന്നിട്ട കൌമാരം - 10

ബോംബെയിലെ രണ്ടാം ദിവസവും മറാട്ടിയുടെ തല്ലും

കാലത്ത് ഞാന്‍ ചപ്പാത്തിയും ഉരുളങ്കിഴങ്ങ് കറിയും ഉണ്ടാക്കുമ്പോഴേക്കും ചേട്ടന്മാര്‍ വെള്ളം പിടിച്ചുകൊണ്ടു വന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞു. എന്നോട് വേഗം റെഡിയാവാന്‍ പറഞ്ഞു, ഞാന്‍ രണ്ടു കൈകളില്‍ നീല ബക്കറ്റും ചുവന്ന ബക്കറ്റുമായ് പബ്ലിക് വാട്ടര്‍ പൈപ്പിനടുത്തെത്തി. 4 സെറ്റ് പൈപ് ഉണ്ടായിരുന്നു. എല്ലായിടത്തും ലൈനില്‍ ആളുകള്‍ നിന്നിരുന്നു. ഞാന്‍ മാത്രം ലുങ്കിയുടുത്തും മറ്റുള്ളവര്‍ കൊച്ചുകുട്ടികളെപോലെ നാണമില്ലാതെ ട്രൌസര്‍ ഇട്ടുമാണ് നിന്നിരുന്നത്. കുറേ സ്ത്രീകള്‍ ചെപ്പുകുടങ്ങളുമായ് ലൈനില്‍ നിന്നിരുന്നു. അവര്‍ എന്നെ നോക്കി അന്യോന്യം കുശുകുശുത്തു. പിന്നെ ചിരിച്ചു കാണിച്ചു. ഞാനും ചിരിച്ചു. അങ്ങനെ ഞങ്ങള്‍ പരിചയക്കാരാണെന്നു നടിച്ചു.

ഞാന്‍ നിരങ്ങി നിരങ്ങി പൈപ്പിനടുത്തെത്തി ബക്കറ്റ് നീക്കി വെച്ചതും, ഒരാള്‍ വന്ന് ബക്കറ്റെടുത്ത് പുറത്തേക്കിട്ട് അയാളുടെ ബക്കറ്റ് വച്ചു. ഞാന്‍ അയാളെ രൂക്ഷമായ് ഒന്നു നോക്കി. അതിഷ്ടപ്പെടാതെ അയാള്‍ മറ്റേ ബക്കറ്റ് കാലുകൊണ്ട് തട്ടി തെറിപ്പിച്ചു. എന്താന്നറിയില്ല, അനീതി കണ്ടാല്‍ എനിക്ക് പെരുത്തു കയറും, അപ്പോള്‍ എന്റെ ആരോഗ്യമില്ലായ്മയെക്കുറിച്ചോ എതിരാളിയുടെ ശക്തിയെക്കുറിച്ചോ ഒന്നും ചിന്തിക്കില്ല. ഞാനയാളുടെ ബക്കറ്റ് ഒരു ചിവിട്ടു കൊടുത്തു. അത് വെള്ളത്തോടെ പുറത്തേക്ക് തെറിച്ചുവെന്നു മാത്രമല്ല പൊളിയുകയും ചെയ്തു. അയാള്‍ എന്നെ കൂട്ടിയൊരു പിടുത്തവും നടുമ്പൊറത്ത് ഒരിടിയും പാസാക്കി. സ്വതവേ കക്കൂസയില്‍ പോയാല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടേ കുറച്ച് പോകാറുള്ളു. അയാളുടെ ഇടി ഒരു ബാലസുധ കുടിച്ച ഫലം നല്‍കി. എനിക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പബ്ലിക് കക്കൂസിലേക്ക് കയറാന്‍ തോന്നിയെങ്കിലും ഞാന്‍ അയാളുടെ കയ്യിലാണ്. അപ്പോഴാണ് ആ കാഴ്ച്ച എന്നെ അല്‍ഭുതപ്പെടുത്തിയത്. വെള്ളം പിടിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അയാളെ ചെപ്പുകൊടം കൊണ്ട് ഒരിടി പാസ്സാക്കി. അപ്പോള്‍ ഞാന്‍ കൂട്ടത്തില്‍ അയാളുടെ കാലില്‍ ഒരു ചവിട്ടിത്തേക്കലും പാസാക്കി. അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ഇടിയില്‍ തരിച്ച് പുറകോട്ടുമാറി. ഞാന്‍ വെള്ളം പിടിക്കാതെ ബക്കറ്റുമെടുത്ത് തിരിച്ചുപോയി കോണിച്ചോട്ടില്‍ വച്ച് എതിര്‍വശത്തുള്ള പബ്ലിക് ലാറ്ററിനിലേക്ക് പാഞ്ഞു.

കാര്യങ്ങളറിഞ്ഞ് ചേട്ടന്‍ ആശ്വസിപ്പിച്ചു. ഇതൊക്കെ ഇവിടെ പതിവാ, നമ്മള്‍ വേണം കണ്ടറിഞ്ഞ് പെരുമാറാന്‍. വല്യേട്ടന്‍ എന്നേയും കൊണ്ട് ചെമ്പൂര്‍ എന്ന സ്ഥലത്തേക്ക് നടന്നുപോയി. ഗോവണ്ടിയില്‍ നിന്ന് ചെമ്പൂര്‍ക്ക് ഏകദേശം 5, 6 കിലോമീറ്റര്‍ ഉണ്ടാകുമെന്നു തോന്നുന്നു. നടന്ന് നല്ല ശീലമുള്ളതുകൊണ്ട് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷെ അന്നൊക്കെ നടന്നിരുന്നത് കാലില്‍ ചെരുപ്പിന്റെ തടസ്സങ്ങളില്ലാതെ പച്ച മനുഷ്യനായിട്ടാണ്. പക്ഷെ ഇന്നിതാ പാകമല്ലാത്ത ഒരു ഷൂവിനുള്ളില്‍ കിടന്ന് കാലു പരുങ്ങുന്നു. ഷൂ വലിച്ചെറിഞ്ഞ് പഴയ മനുഷ്യനായ് നടന്നു പോകാന്‍ മനസ്സ് കൊതിച്ചു. പക്ഷെ റോഡിന്റെ രണ്ടു സൈഡിലും മനുഷ്യര്‍ അവരെകൊണ്ടാവുന്ന വിധത്തില്‍ വൃത്തികേടാക്കി വച്ചിരുന്നതുകൊണ്ട് കാലിലൊന്നുമില്ലാതെ നടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.

ഒപ്പമെത്താന്‍ പലപ്പോഴും ഓടേണ്ട ഗതികേടും കൂടിയായപ്പോള്‍ ഞാന്‍ ചേട്ടനോടു പറഞ്ഞു, കാലിനു നല്ല വേദന. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, അത് തഴമ്പായി കല്ലച്ചു കെടന്നോളും. നീ ഒന്നു വേഗം നടക്ക്, നിന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്തീട്ടുവേണം എനിക്ക് ഓഫീസില്‍ പോകാന്‍. അങ്ങനെ തമിഴന്‍ നടത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ പ്രവേശനം ഉറപ്പു വരുത്തുകയും ചേട്ടന്‍ പോകുകയും ചെയ്തു. ഞാന്‍ വെറുതെ ആദ്യമായ് സ്ക്കൂളില്‍ വന്ന കുട്ടി അമ്മയെ അന്വേഷിക്കുന്നപോലെ പുറത്ത് ചേട്ടനുണ്ടോ എന്ന് എത്തിനോക്കി. എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, ഒരാള്‍ എന്നെ വിളിച്ച് റെമിംഗ്ടണ്‍ എന്നെഴുതിയ ഒരു റ്റൈപ് റൈറ്ററിന്റെ മുന്നിലിരുത്തി. അയാള്‍ എന്നോട് എന്തോ ഇംഗ്ലീഷില്‍ ചോദിച്ചു, ഞാന്‍ അയാളെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ മന്ദബുദ്ധിയെപോലെ ഇരുന്നു. അയാള്‍ക്ക് ഭ്രാന്തുപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അയാള്‍ തന്നെയാണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാവാം ചോദ്യം അവസാനിപ്പിച്ച് അടിമുടി എന്നെ ഉഴിഞ്ഞുനോക്കി അയാള്‍ മറ്റു ടൈപ്പിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ പോയി.

അങ്ങനെ കഷ്ടി ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം അവസാനിപ്പിച്ച് ഒരു ഞായറാഴ്ച ചേട്ടന്‍ എന്നേയും കൊണ്ട് സാക്കിനാക്ക എന്ന സ്ഥലത്തേക്കു പോയി. അവിടെ ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരാളുടെ റൂമിലേക്കാണു പോയത്. ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതും ഓടിപ്പോകാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാകാം വരൂ, വരൂ എന്നു പറഞ്ഞു സ്വീകരിച്ചു. ചേട്ടന്‍ എന്നെ എങ്ങനെയെങ്കിലും അയാളുടെ കമ്പനിയിലെ ജനറല്‍ മാനേജരാക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചപ്പോള്‍, അദ്ദേഹം എന്നെ തറപ്പിച്ചൊന്നു നോക്കി പിന്നെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറാണല്ലോ അല്ലേ? എനിക്കിപ്പോ നാട്ടില്‍ പോണം എന്നാണു പറയാന്‍ ആഗ്രഹിച്ചതെങ്കിലും, ഞാന്‍ ഡാന്‍സിംഗ് ഡോളിനെപോലെ എന്തും സമ്മതം എന്ന മട്ടില്‍ തലയാട്ടിക്കാണിച്ചു. ഉടനെ അദ്ദേഹം ചേട്ടനെ നോക്കി പറഞ്ഞു, നാളെ തൊട്ട് രാത്രിയിലെ ഷിഫ്റ്റിനു വന്നോട്ടെ. ചേട്ടന്‍ ഫാക്റ്ററിയുടെ അഡ്രസ്സ് എല്ലാം വാങ്ങി കൃത്യമായ് എവിടെ ഏതു ബസ് നമ്പറില്‍ എന്നൊക്കെ കുറിച്ചെടുത്ത് എന്നാ ശരി, നാളെ രാത്രി ഞാനവനെ പറഞ്ഞുവിടാം എന്നു പറഞ്ഞിറങ്ങി. പോകുന്നവഴിക്കൊക്കെ എനിക്ക് കോച്ചിംഗ് ക്ലാസ് നല്‍കിയിരുന്നു. എങ്ങോട്ട് തിരിഞ്ഞു നിന്നാല്‍ ഏതു ബസ് വരും, അതിന്റെ നമ്പര്‍ എത്ര, കൊടുക്കേണ്ട കാശെത്രെ തുടങ്ങിയ എല്ലാ വിവരവും. ഞാന്‍ ശ്രദ്ധയോടെ തന്നെ കേട്ടു, കാരണം നാളെ രാത്രി ഇതു എന്റെ മാത്രം ഗതികേടാണെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്.

(തുടരും)

Wednesday, August 22, 2007

കോമരം പിന്നിട്ട കൌമാരം - 9

ഗോവണ്ടി
പ്ലാറ്റുഫോമില്‍ നിന്നിറങ്ങി റെയില്‍ പാളത്തിനോടു ചേര്‍ന്നുള്ള നിരവധി കുടിലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. പാകമാകാത്ത ഷൂവിനുള്ളില്‍ കിടന്ന് എന്റെ കാല്‍ ഒരു വിധം നന്നായ് തന്നെവേദനിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നടത്തം പതുക്കെയായി. വല്ലാത്ത ചൂട്. ഒരു ഭാഗത്ത് നിറയെ വരണ്ട പാടങ്ങള്‍. റോഡിനരികെ ഒരു വലിയ ബില്‍ഡിംഗിനുമുന്നില്‍ ദേവനാര്‍ എബോട്ടിയര്‍ എന്നെഴുതിവച്ചിരുന്നു. അത് ആടുമാടുകളെ അറക്കുന്ന സ്ഥലമാണെന്ന് ചേട്ടന്‍ പറഞ്ഞുതന്നു. എന്തായാലും ബോംബെയില്‍ വന്നിറങ്ങി ആദ്യമായ് കണ്ടത് അത്ര നന്നായില്ല എന്ന് എന്റെ മനസ്സു പറഞ്ഞു. കുറേ കൂടി നടന്നപ്പോള്‍ നാട്ടിലേക്കുള്ള വണ്ടി ഈ വഴിയെങ്ങാന്‍ വന്നാല്‍ കയറിപോകാമായിരുന്നെന്ന് മനസ്സില്‍ പറഞ്ഞു.


അങ്ങനെ അര മണിക്കൂര്‍ നടന്നപ്പോള്‍ ലോട്ടസ് കോളനി എന്ന സ്ഥലത്തെത്തി. കുറേ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകള്‍. ചിലത് രണ്ടു നിലയിലും ചിലത് ഒറ്റ നിലയിലുമാണ്. ഒരുകൂട്ടം ചാലുകള്‍ക്കടുത്ത് കുറേ കുഴലുകള്‍ പൊന്തിനില്‍ക്കുന്ന ഒരുപോലെയുള്ള വീടുകള്‍ കണ്ട് ഞാന്‍ അതിനെപറ്റി രണ്ടാമത്തെ ചേട്ടനോടു ചോദിച്ചു, അതൊക്കെ പബ്ലിക് കക്കൂസുകളാണെന്ന് ചേട്ടന്‍ പറഞ്ഞു (അതിനിടയിലൂടെയൊക്കെ പിന്നീട് മറാട്ടികളുമായുണ്ടായ കൂട്ട അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയിട്ടുള്ളത് മറ്റൊരവസരത്തിലെഴുതാം), നിരനിരയായ ആ വീടുകളുടെ ഇടയിലൂടെ ഒരു ഓവുചാല്‍. അതിനടുത്തുകൂടെ വേണം ഓരോ വീട്ടിലേക്കും കയറുവാന്‍. ഞങ്ങള്‍ അങ്ങനെയുള്ള ഒരു വീടിന്റെ മുന്നില്‍ വന്നു നിന്നു. അതിനു മുന്നോട്ട് ഒരു വീതിയുള്ള ഇറയം പോലെ ഉണ്ടായിരുന്നു. അവിടെ ഒരു വലിയ വീപ്പ (ഡ്രം) വച്ചിരുന്നു. ആ വീടിന്റെ മുകളിലേക്ക് കയറുവാന്‍ ഒരു കോണി ഉണ്ടായിരുന്നു. അതിന്റെ പലകയില്‍ പലതും ഓട്ടയുള്ളതും ആടുന്നതുമായിരുന്നു. ഞങ്ങള്‍ അവിടെ എത്തിയതും താഴത്തെ വീട്ടില്‍ നിന്ന് ഒരു 45 വയസ്സുള്ള കഷണ്ടിയായ ഒരാള്‍ ലുങ്കിയുടുത്ത് പുറത്തു വന്നു. തമിഴില്‍ എന്തോ ചേട്ടനുമായ് സംസാരിച്ചു, ചേട്ടന്‍ എന്നെ ചൂണ്ടിക്കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അവര്‍ രണ്ടുപേരും മുകളിലേക്ക് കയറിപ്പോയി. അയാള്‍ എന്നെ നോക്കി ചിരിച്ചു പിന്നെ എന്നോടായ് പറഞ്ഞു. ശരി തമ്പി അപ്പറം പാക്കലാം. ചേട്ടനും എനിക്ക് അയാള്‍ ഒരു പേരിട്ട് വിളിക്കുന്നു, തമ്പി. ഇനിയിപ്പോ മേനോന്‍ എന്നുള്ളത് ഇവിടെ തമ്പിയെന്നാണോ അറിയപ്പെടുന്നത്. ങാ ആര്‍ക്കറിയാം എല്ലാം വഴിയേ അറിയാം.

ബാഗും തോളിലിട്ട് കോണി കയറാനായ് ശ്രമിച്ചപ്പോള്‍ അത് കുറേശ്ശെ ആടുന്നതായ് തോന്നി. അടുത്ത സ്റ്റെപ് വച്ചപ്പോള്‍ കോണി നല്ലവണ്ണം ആടാന്‍ തുടങ്ങി. ഞാന്‍ രണ്ടു കൈകൊണ്ടും മുറുക്കി പിടിച്ച് രണ്ടാമത്തെ സ്റ്റെപ്പില്‍ ആടിക്കൊണ്ടു നിന്നു. ചേട്ടന്മാര്‍ ഇത്ര പെട്ടെന്ന് എങ്ങനെ കയറിപ്പോയി എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. നാട്ടിലെ ചമ്പത്തെങ്ങിന്റെ മുകളില്‍ പോലും പെടച്ചുകയറാന്‍ പേടിയില്ലാത്ത ഞാനാണ് മുകളിലേക്ക് കയറാനാവാതെ കോണിയുടെ രണ്ടു സ്റ്റെപ്പില്‍ കിടന്ന് ആടിക്കളിക്കുന്നത്. വല്യേട്ടന്‍ വന്ന് ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, അവടെ നിന്നു ഊഞ്ഞാലാടാണ്ട് വേഗം കേറി വാടാ. ആ ചീത്ത വിളിയുടെ ബലത്തില്‍ സ്റ്റെപ്പുകള്‍ അതിന്റെ ആട്ടം നിര്‍ത്തുകയും ഞാന്‍ പെട്ടെന്ന് മുകളിലെത്തുകയും ചെയ്തു. മുറിയിലേക്ക് കടന്നതും തല ആസ്ബസ്റ്റോസില്‍ തട്ടി വേദനിച്ചു. ഉയരമില്ലാത്ത എന്റെ തല മുട്ടാന്‍ പാകത്തിലാണ് മുകളിലെ അവസ്ഥ എന്നറിഞ്ഞ ഞാന്‍ അപ്പോള്‍ മുതല്‍ വീട്ടില്‍ കയറിയാല്‍ കുനിഞ്ഞു നടക്കാന്‍ ശീലിച്ചു.

നീ താഴെ എന്തു ചെയ്യായിരുന്നു എന്ന് ചേട്ടന്‍ ചോദിച്ചതിനു മറുപടിയായ് ഞാന്‍ പറഞ്ഞു, കോണിയ്ക്ക് നല്ല ആട്ടമുണ്ട്, മാത്രോം‌ല്ല ചവിട്ടുന്നിടത്ത് വലിയ ഓട്ടകളും. അതോണ്ടാ കേറാന്‍ വൈക്യേ.. ചേട്ടന്‍ ചിരിച്ചു, എന്നീട്ട് പറഞ്ഞു, അങ്ങനെയാണെങ്കില്‍ നീ ഒരുപാടു കഷ്ടപ്പെടും. കാരണം നാളെ താഴെയുള്ള പബ്ലിക് പൈപ്പില്‍ നിന്ന് ലൈന്‍ നിന്ന് ഒരു വലിയ ബക്കറ്റി വെള്ളം പിടിച്ച് മേലെ കൊണ്ടുവന്നാലേ ഭക്ഷണം തയ്യാറാക്കാന്‍ പറ്റുള്ളു. ഇന്നലെ വരെ ഞാനായിരുന്നു വെള്ളം പിടിച്ചത്, ഇനിയത് നിന്റെ പണ്യാ. ബോംബെക്ക് വരാ‍ന്‍ തോന്നിയ ആ നിമിഷത്തെ അപ്പോള്‍ ഞാന്‍ ശപിച്ചു. ചോറും, പിന്നെ അതുവരെ കാണാത്ത ചുവന്ന പരിപ്പിന്റെ ഒരു കറിയും ചേട്ടന്‍ ഉണ്ടാക്കി. നാട്ടില്‍ നിന്നും കൊണ്ടു വന്ന അച്ചാറും കൂട്ടി ഊണു കഴിച്ചുവെന്നു വരുത്തി. പ്ലേറ്റ് നിലത്തു വച്ച് എഴുന്നേറ്റപ്പോള്‍, ചേട്ടന്‍ ദേഷ്യത്തില്‍ പറഞ്ഞു, പ്ലേറ്റെടുത്ത് കഴുകി വക്കെടാ, ങാ, ഓരോന്നു കണ്ടറിഞ്ഞ് ചെയ്തില്ലെങ്കില്‍ എന്റെ കയ്യീന്ന് നീ വാങ്ങിക്കും. എനിക്കതു കേട്ടതും ഭയങ്കര സങ്കടായി, എന്റെ കണ്ണ് നിറഞ്ഞ് വിതുമ്പി... ആരും കാണാതെ ഞാന്‍ മുഖം തുടച്ചു. പിന്നീടുള്ള പല ദിവസങ്ങളും എന്റെ കണ്ണുകള്‍ക്ക് നിറഞ്ഞു തുളുമ്പാനേ നേരമുണ്ടായിരുന്നുള്ളു.

(തുടരും)

Tuesday, August 21, 2007

കോമരം പിന്നിട്ട കൌമാരം - 8

ആദ്യത്തെ ട്രെയിന്‍ യാത്ര

എട്ടുമണിക്കു തന്നെ തീവണ്ടി ഇരിങ്ങാലക്കുടയെന്ന പേരിലറിയപ്പെടുന്ന കല്ലേറ്റുങ്കര സ്റ്റേഷനിലെത്തി. വളരെ കുറച്ചുപേര്‍ യാത്രക്കാരായും അതിന്റെ ഇരട്ടി പേര്‍ കൈവീശാനും കരയാനുമായ് പ്ലാറ്റുഫോമില്‍ ഉണ്ടായിരുന്നു. വെറും 2 മിനിട്ടു മാത്രമേ വണ്ടി നിര്‍ത്തുകയുള്ളുവെന്നും പെട്ടെന്ന് കേറണമെന്നും ചേട്ടന്‍ പറഞ്ഞു. ചേട്ടന്‍ തിരക്കിനിടയില്‍ ഉള്ളില്‍ കയറുകയും ശിശുവായ എന്നെ വണ്ടി കാണാന്‍ വന്നവര്‍ പുറകിലേക്ക് തള്ളി മാറ്റുകയും ചെയ്തു. വേഗം കേറടാ എന്ന് ജനാലയിലൂടെ നോക്കി ചേട്ടന്‍ വിളിച്ചു പറഞ്ഞു. അച്ഛന്‍ എന്നെ ഒരു വിധം ഉള്ളിലേക്ക് തള്ളി വിട്ടു. അങ്ങനെ ഞാന്‍ ട്രെയിന്റെ ഉള്‍ഭാഗം ആദ്യമായ് കണ്ടു. ഞാന്‍ മനസ്സില്‍ കരുതിയിരുന്നത് വിശാലമായ ഒരു സെറ്റപ്പായിരുന്നു. ഉം സാരമില്ല, അഡ്ജെസ്റ്റ് ചെയ്യാമെന്ന് മനസ്സില്‍ പറഞ്ഞ് ചേട്ടന്റെ അടുത്തുപോയിരുന്നു. രണ്ടു പേര്‍ക്കും സൈഡ് സീറ്റായിരുന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. ചേട്ടന്‍ ഗ്ലാസ് താഴ്ത്തിയിട്ടു. എന്നോടും ഗ്ലാസ് താഴ്ത്തിയിടാന്‍ ചേട്ടന്‍ ആവശ്യപ്പെട്ടു. രാത്രിയായാലും ഉറക്കം വരുന്നതു വരെ പുറം കാഴ്ച്ച കാണാന്‍ തയ്യാറായി ഇരുന്ന എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ, ഗ്ലാസ് താഴ്ത്താന്‍ ഓര്‍ഡറിട്ടാല്‍ ഞാനിപ്പോ അനുസരിക്കാന്‍ പുവ്വല്ലേ എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് ഗ്ലാസ് താഴ്ത്തിയിട്ടു. ചേട്ടന്‍ മുന്നോട്ടാഞ്ഞ് അതിന്റെ കുറ്റി രണ്ടു സൈഡിലേക്കും അമര്‍ത്തിയിട്ടു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി തൃശൂര്‍ സ്റ്റേഷനില്‍ എത്തി. യാത്രക്കാര്‍ വന്നുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കു മൂത്രമൊഴിക്കണമെന്ന് തോന്നി. ഞാനതു ചേട്ടനോടു പറഞ്ഞപ്പോള്‍ ചേട്ടന്‍ വണ്ടിയുടെ ഒരറ്റത്തേക്ക് കൈ ചൂണ്ടി കാണിച്ചു. ഞാന്‍ അങ്ങോട്ടു നടന്നു. അവിടെ രണ്ടുഭാഗത്തും ഓരോ വാതിലുകള്‍. വാതില്‍ ഒരു ചെറിയ ലോഹദണ്ഡുകൊണ്ട് അടച്ചിട്ടിരിക്കുന്നു. ലോക്ക് എടുത്തുയര്‍ത്തി ഞാന്‍ ടോയ്‌ലെറ്റില്‍ കയറി വാതിലടച്ച് ലോഹദണ്ഡ് തിരിച്ചമര്‍ത്തി വച്ചു. അങ്ങനെ മൂത്രമൊഴിക്കുന്നത് പുരോഗമിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ഒരാള്‍ വാതില്‍ തുറന്ന് വളരെ കൂളായി അകത്തേക്കു പ്രവേശിക്കുകയും എന്നെ കണ്ട് തിരിച്ച് പോകുകയും ചെയ്തു. എന്റെ മൂത്രം എന്നെ ഒഴിച്ച് ആരേയും അന്നുവരെ കണ്ടീട്ടില്ലാത്തതിനാല്‍ അപ്രതീക്ഷിതമായ് ഒരപരിചിതനെ കണ്ട് പെട്ടെന്ന് അകത്തേക്കു വലിഞ്ഞു. അടച്ചിരുന്ന വാതിലാണല്ലോ എന്നീട്ടെങ്ങനെ ഒരാള്‍ അകത്തു കയറിയെന്നാലോചിച്ച് ഞാന്‍ വാതില്‍ക്കലേക്ക് നോക്കി അപ്പോള്‍ അവിടെ മറ്റൊരു കുറ്റി ശ്രദ്ധയില്‍ പെട്ടു. ഉടനെ അത് കുറ്റിയിട്ട് ബാക്കിയുള്ള മൂത്രത്തെ പുറത്തേക്ക് ക്ഷണിച്ചു. പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. ഒരു നീണ്ട ചൂളം വിളിയോടെ ട്രെയിന്‍ മുന്നോട്ടു നീങ്ങി. എന്റെ ഉള്ളൊന്നു പിടഞ്ഞു, ഈശ്വരാ, ഞാന്‍ യാതൊരു പരിചയവുമില്ലാത്ത തൃശുര്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയല്ലോ എന്റെ ബോംബെ സ്വപ്നങ്ങള്‍ കരിഞ്ഞുപോയല്ലോ എന്നൊക്കെയുള്ള ചിന്തയില്‍ മൂത്രമൊഴിക്കല്‍ ഉപേക്ഷിച്ച് വാതില്‍ തുറന്ന് എങ്ങനെയെങ്കിലും ചേട്ടന്റെ അടുത്തെത്താന്‍ ഒറ്റ ഓട്ടമാണ്. ചേട്ടന്റെ അടുത്തെത്തിയപ്പോള്‍ മാത്രമാണ്, ഛെ. ടോയ്‌ലെറ്റ് വണ്ടിയുടെ ഉള്ളില്‍ തന്നെയാണെന്നും ഓടേണ്ട ഒരാവശ്യവുമില്ലെന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടായത്...

ഉറങ്ങാന്‍ എനിക്ക് താഴത്തെ ബര്‍ത്താണു തന്നത്. മുകളില്‍ കിടക്കണമെന്നായിരുന്നു എന്റെ മോഹം. പക്ഷെ കുട്ടിയായ, ട്രെയിന്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത ഞാന്‍ താഴേക്കു വീണെങ്കിലോ എന്നു വിചാരിച്ചാട്ടായിരിക്കം ചേട്ടന്‍ താഴെയുള്ള ബര്‍ത്ത് അനുവദിച്ചത്. കാലത്ത് നേരത്തേ എഴുന്നേറ്റ് പുറത്തേക്ക് നോക്കി കാഴ്ച്ചകള്‍ കാണുമ്പോള്‍ താഴത്തെ ബര്‍ത്ത് കിട്ടിയത് നന്നായി എന്നു തോന്നി. ഉച്ചക്ക് ആര്‍ക്കോണം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പലരും ഇറങ്ങി പുറത്തിരിക്കുന്നതു കണ്ടു. ബോംബെ വണ്ടി വരാന്‍ മൂന്നു നാലു മണിക്കൂര്‍ താമസമുണ്ടെന്നും അതുവരെ പ്ലാറ്റുഫോമില്‍ പോയിരിക്കാമെന്നും ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാനതിശയിച്ചുപോയി. അപ്പോള്‍ പിന്നെ നമ്മള്‍ വന്ന വണ്ടി ഏതാണ്? ഏതു വണ്ടിയാണിനി നമ്മളെ ബോംബെക്കു കൊണ്ടുപോകുക ഈ വക സംശയങ്ങളൊക്കെ മനസ്സിലുയര്‍ന്നെങ്കിലും വെറുതെ ആര്‍ക്കോണം പ്ലാറ്റുഫോമില്‍ വെച്ച് ചേട്ടന്റെ തല്ലുകൊള്ളേണ്ട കാര്യമില്ലെന്നു മനസ്സിലാക്കി സംശയങ്ങള്‍ വിഴുങ്ങി. ഇടയിലെങ്ങാന്‍ നാട്ടിലേക്ക് ഒരു വണ്ടി കിട്ടിയെങ്കില്‍ തിരിച്ചുപോകാമെന്നും മനസ്സിന്റെ അടിത്തട്ടിലിരുന്ന് ആരോ എന്നോടു മന്ത്രിച്ചു. അത് മന:പൂര്‍വ്വം ഞാന്‍ കേട്ടില്ലെന്നു നടിച്ചു. ഇതൊക്കെ സ്വര്‍ഗ്ഗരാജ്യത്ത് എത്തിച്ചേരുന്നതിനു മുമ്പുള്ള പരീക്ഷണങ്ങളായ് കരുതടേയ് എന്ന് ആ അജ്ഞാതനെ ഞാന്‍ ആശ്വസിപ്പിക്കാനും ശ്രമിച്ചു. ഇരുന്നും നടന്നും ബോറടിച്ചുകഴിഞ്ഞിരുന്നു. എപ്പഴോ ഒരു വണ്ടി വന്ന് ഞങ്ങളുടെ ബോഗികളെ അതില്‍ ഘടിപ്പിച്ച് ബോംബെയിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ തമിഴന്മാര്‍ പലരും പ്ലാറ്റുഫോം പരിസരത്ത് അലക്കും കുളിയും വെപ്പും കുടിയുമൊക്കെ നടത്തിയിരുന്നു. ആന്ധ്രയിലൂടെയുള്ള യാത്രയില്‍ ആദ്യമായ് പല രൂപത്തിലുള്ള ഭിക്ഷക്കാരെ കണ്ട് വേദനയും ഭയവും തോന്നി.

ഉച്ചക്ക് 12 മണിയോടെ ഞങ്ങള്‍ ദാദര്‍ സ്റ്റേഷനിലെത്തി. ഞങ്ങളെ കാത്ത് എന്റെ രണ്ടാമത്തെ ചേട്ടന്‍ നിന്നിരുന്നു. ചേട്ടനെ കണ്ടതും ഞാന്‍ കരഞ്ഞു. സന്തോഷം കൊണ്ടാവാം. ചേട്ടന്‍ എന്റെ തോളില്‍ പിടിച്ച് ചിരിച്ചു പിന്നെ ഞാന്‍ കയ്യില്‍ തൂക്കി പിടിച്ച എയര്‍ബാഗ് വാങ്ങി എന്റെ തോളില്‍ തന്നെ തൂക്കിയിട്ടു തന്നു. അവിടെ നിന്ന് സ്റ്റെയര്‍കേസ് കയറിയപ്പോള്‍ താഴെ പ്ലാറ്റുഫോമുകള്‍ നിറഞ്ഞ ഒരു ലോകം കണ്ട് ഞാന്‍ അന്തം വിട്ടു. 1, 2, 3, 4 അങ്ങനെ പ്ലാറ്റുഫോമുകളുടെ നമ്പര്‍ എഴുതിവെച്ച ഒന്നിലേക്ക് ഞങ്ങള്‍ മൂന്നുപേരും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കുര്‍ള എന്ന ഒരു ബോര്‍ഡുമായ് ശബ്ദമില്ലാതെ നിറം മങ്ങിയ കുറെ കമ്പാര്‍ട്ടുമെന്റുകള്‍ പ്ലാറ്റുഫോമില്‍ വന്നു നിന്നു. വീതിയേറിയ വാതിലിലൂടെ കുറേ പേര്‍ പ്ലാറ്റുഫോമിലേക്കും പ്ലാറ്റ്ഫോമില്‍ നിന്ന ഞങ്ങള്‍ അകത്തേക്കും എത്തിച്ചേര്‍ന്നു. ഞാന്‍ കയറാന്‍ ഒരു ശ്രമവും നടത്താതെ ഉള്ളിലെത്തിയത് എന്നെ അല്‍ഭുതപ്പെടുത്തി. ഇതെന്തു വണ്ടിയാണ് ചേട്ടാ എന്നു ഞാന്‍ രണ്ടാമത്തെ ചേട്ടനോടു ചോദിച്ചു. ഇതാണ് ഇലക്ട്രിക് ട്രെയിന്‍. ഒരേസമയം നിരവധി കമ്പാര്‍ട്ടുമെന്റ് കഷ്ണങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്നതുകണ്ട് ഞാന്‍ അന്തം വിട്ടിരുന്നു. കുര്‍ളയില്‍ ഇറങ്ങി മറ്റൊരു പ്ലാറ്റുഫോമില്‍ പോയി വീണ്ടും കാത്തുനിന്നു. മാന്‍‌കുര്‍ദ് എന്ന ബോര്‍ഡുമായ് മറ്റൊരു ഇലക്ട്രിക് ട്രെയിന്‍ വന്നു. ഞങ്ങള്‍ അതില്‍ കയറി പിന്നെ ഗോവണ്ടി എന്ന സ്റ്റേഷനിലിറങ്ങി.

(തുടരും)

Monday, August 20, 2007

കോമരം പിന്നിട്ട കൌമാരം - 7

ബോംബെ യാത്രക്കുള്ള തയ്യാറെടുപ്പ്

ടിക്കറ്റ് ബുക്ക് ചെയ്ത് ചേട്ടന്‍ വന്നതറിഞ്ഞതു മുതല്‍ മനസ്സ് സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. അത് പ്രകടിപ്പിച്ചത് അമ്മ എന്തു പറഞ്ഞാലും അനുസരിക്കുക എന്ന പുതിയ രീതി അവലംബിച്ചുകൊണ്ടാണ്. കുടുംബത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതുണ്ടോ അതിലെല്ലാം പങ്കാളിയായ്. ഇവനെ ബോംബെക്ക് പറഞ്ഞയച്ചാല്‍ ഇവിടത്തെ കാര്യങ്ങളൊക്കെ ആരു നോക്കും എന്നു പറയാവുന്ന ഒരവസ്ഥ വരെയെത്തിയപ്പോള്‍ ഞാന്‍ വീണ്ടും പഴയ പറഞ്ഞാല്‍ കേക്കാത്തവനായ് തീര്‍ന്നു. അപ്പഴാണ് അമ്മ എനിക്ക് അടുത്ത ഭീഷണിയുമായ് രംഗത്തെത്തിയത്. പറഞ്ഞത് അപ്പപ്പോ അനുസരിച്ചാ മാത്രേ നിന്നെ ബോംബെക്ക് വിടുള്ളു. ഇല്ലെങ്കില്‍ ഇപ്പ തന്നെ ഞാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറയാം. എന്തിനേറെ പറയുന്നു ബോംബെ എന്റെ വ്യക്തി സ്വാതന്ത്ര്യത്തിനുമുകളില്‍ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടന്നു.

അതുവരെ ഒരറ്റമുണ്ടും ഷര്‍ട്ടുമിട്ട് ചെരുപ്പിടാതെ നടന്ന എന്നെ ബോംബെയിലേക്ക് കെട്ടിയെടുക്കുമ്പോള്‍ ഒരു വിധം നല്ല രീതിയില്‍ കൂടെ കൊണ്ടുപോകേണ്ടത് ചേട്ടന്റെ കൂടി ആവശ്യമായതുകൊണ്ട് അതിനെക്കുറിച്ച് ചേട്ടനിങ്ങനെ പറഞ്ഞു, പുതിയ പാന്റും ഷര്‍ട്ടുമൊന്നും വാങ്ങാന്‍ എന്റെ കയ്യില്‍ കാശില്ല. അതോണ്ട്, എന്റെ ഒരു പാന്റ് തല്‍ക്കാലം അറ്റകുറ്റപണികള്‍ നടത്തി അവനെടുത്തോട്ടെ, അതുപോലെ എന്റെ പഴയ ഒരു ഷൂ ചായിപ്പില്‍ കെടക്കുന്നുണ്ട്. അതൊന്നു പോളീഷ് ചെയ്താല്‍ അവനിടാം. ഈ അ റ... റ കു റ... റ പണികള്‍ എനിക്കിഷ്ടമില്ലെങ്കിലും പുതുതായ് ഒന്നും പ്രതീക്ഷിക്കാന്‍ വകയില്ലെന്നറിയുന്ന ഞാന്‍ അതുകേട്ട പാടെ ചായിപ്പില്‍ പോയി പരതി. പഴയ കുറേ പാട്ടകളും കുപ്പികളും കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ നിന്ന് ഇനിയെന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്ന ആ പുരാവസ്തുവിനെ ഞാന്‍ പുറത്തെടുത്തു. ഏതോ മഴക്കാലത്ത് ഉപേക്ഷിച്ചിരുന്നതുകൊണ്ടാവണം പൂപ്പല്‍ പിടിച്ച് ഷൂവിന്റെ ബ്രൌണ്‍ കളര്‍ ഏതാണ്ട് പൂര്‍ണ്ണമായും മാഞ്ഞിരുന്നുവെന്നു പറയാം. ലേയ്സിനു മുകളില്‍ വഴുവഴുപ്പോടെ ഒരു വെളുത്ത കളര്‍ ഉണ്ടായിരുന്നത് കഴുകിയപ്പോള്‍ പോയി, അത് ഉണങ്ങാനിട്ടു. ഒരു പഴയ തുണിയെടുത്ത് എണ്ണയില്‍ മുക്കി ഷൂ വൃത്തിയാക്കിയപ്പോള്‍ തരക്കേടില്ലെന്നു തോന്നി. കാല് ഒരുവിധം ഷൂവിനകത്തേക്ക് തിരുകി നിന്നപ്പോള്‍ എന്റെ ഉയരം വര്‍ദ്ധിച്ചതറിഞ്ഞ് അല്‍പ്പം സന്തോഷം തോന്നി. ചായിപ്പില്‍ തന്നെ ഒന്നു രണ്ടു ചാല്‍ നടന്നു. അപ്പോള്‍ കാലിന്റെ ചെറുവിരലിനല്‍പ്പം വേദന തോന്നി. അങ്ങേരവിടെ ഞെരുങ്ങീ ഇരിക്കുന്നതിന്റെ വിഷമം അറിയിച്ചതായിരിക്കാം. പക്ഷെ ഇതൊക്കെ ഷൂ ആദ്യമായ് ഇടുന്ന ഒരാള്‍ക്കുണ്ടാവാം എന്ന പൊതു തത്വത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട്, അടുത്ത ഐറ്റമായ പാന്റ്സിന്റെ സ്ഥിതി അറിയാനായ് അമ്മയുടെ അടുത്തു ചെന്നു. അതവിടെ കഴുകി ഉണക്കാനിട്ടീട്ടുണ്ടെന്ന് അമ്മ പറഞ്ഞതനുസരിച്ച്, ചെന്ന് അഴയില്‍ നോക്കി. അവിടെ മുഴുവന്‍ മുണ്ടും സ്ത്രീ ജനങ്ങളുടെ വസ്ത്രങ്ങളും മാത്രമേ കണ്ടുള്ളു. ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ അതാ, എന്റെ ശരീരത്തിന്റെ ഭാഗമാകാന്‍ പോകുന്ന കറുത്ത പാന്റ് ഒരു വലിയ കൊഴിഞ്ഞിലിന്റെ മുകളില്‍ കാലും വിടര്‍ത്തി വെയിലു കായുന്നു. ആ ഒരു സ്റ്റൈല്‍ എനിക്കിഷ്ടമായി. ഓടി ചെന്ന് കയ്യിലെടുത്തപ്പോള്‍ വാതം പിടിച്ചവരെപോലെ രണ്ടുകാലും വിടര്‍ത്തി തന്നെ ഇരുന്നു. ഇനി മടക്കിയാല്‍ ഒടിഞ്ഞാലോ എന്ന് കരുതി തിരിച്ച് മറുവശം പരിശോധിച്ചു. അതിന്റെ മുടിന് അല്പം നര ബാധിച്ച ലക്ഷണം കണ്ടു. ഉം. സാരല്യ. ബോംബെയില്‍ പോയി ജോലി കിട്ടിയാല്‍ ഇഷ്ടമ്പോലെ പാന്റും ഷര്‍ട്ടും വാങ്ങണം മനസ്സില്‍ പറഞ്ഞു. ഇട്ടു നോക്കിയപ്പോള്‍ ലൂസാണ്. ബെല്‍റ്റ് വേണ്ടി വരും ഉറപ്പിച്ചു നിര്‍ത്താന്‍. ഇനിയിപ്പോ ചേട്ടനു‌പോലും ഇല്ലാത്ത ഈ പുതിയ ഐറ്റം വാങ്ങാന്‍ ചേട്ടനോടെങ്ങനെ പറയും.

അമ്മയുടെ അടുത്ത് ചെന്നു പറഞ്ഞു, പാന്റ് ലൂസാണ്. അപ്പോള്‍ അമ്മ പറഞ്ഞു, ഞാനിവിടെ മൊത്തത്തില്‍ ലൂസായിരിക്കാ. അതിന്റെടേലാ, നിന്റെ ഒരു പാന്റ്. ഇപ്പഴേ പാന്റിട്ട് നടക്കാന്‍ പൂവല്ലല്ലോ, അതിനൊക്കെ ഇനീം സമയംണ്ട്. മാത്രോം‌ല്ല, ഭക്ഷണം കഴിക്കാതെ ഇട്ടോണ്ടായിരിക്കും. ഞാനും അത് ശരിവെച്ചു. പക്ഷെ പിന്നീടാണ് ആലോചിച്ചത്, അപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പാന്റ് ഇടുകയും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഊരി വെക്കുകയോ അല്ലെങ്കില്‍ സ്വമേധയാ ഊരിപ്പോകുകയോ ചെയ്യും. ഞാന്‍ വീണ്ടും അമ്മയുടെ അടുത്തു ചെന്നു പറഞ്ഞു, അതേയ്, അതെങ്ങനെ ശരിയാവും, വണ്ടീല് രാത്രീം പകലും കഴിച്ചു കൂട്ടണ്ടതല്ലെ, ബെല്‍റ്റില്ലാണ്ട് ഈ പാന്റിടാന്‍ പറ്റില്ല. അതിനു മറുപടി അത്ര ആശ്വാസകരമായിരുന്നില്ല, വേണംങ്കിലിട്ടാ മതി.. ബെല്‍റ്റും പറഞ്ഞ് നീ അവന്റെ മുന്നിലൊന്നും ചെന്ന് പെടണ്ട, ഞാന്‍ പറഞ്ഞേക്കാം, അവന് പിരി പിടിച്ചിരിക്കാ.... വല്ല സൂചിയെങ്ങാന്‍ എടുത്തി കുത്തി നോക്ക്.. ഞാനൊന്നും മിണ്ടിയില്ല, തിരിച്ചു പോയി വലിയ സൂചി തിരഞ്ഞ് കൊണ്ടുവന്ന് വയറിനോട് ചേര്‍ത്തു പിടിച്ച് കുത്തി. ഹോ കുഴപ്പമില്ല, പിന്നെ പാന്റിന്റെ ചുറ്റും ചുളുങ്ങിയിരിക്കുന്നതിനാല്‍ ഇന്‍സര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്ന കുഴപ്പം ഉണ്ട്. ഉം സാരമില്ല, എല്ലാം അഡ്ജെസ്റ്റ് ചെയ്യാതെ പറ്റില്ല. അധികം ബലം പിടിച്ചാല്‍ ബോംബെ പോക്ക് നടക്കില്ല.

കാത്തു കാത്ത് ബോംബെക്കുപോകേണ്ട ആ ദിനം വന്നണഞ്ഞു. അക്കാലത്ത് രാത്രി 8 മണിയാവും ജയന്തിജനത (അതായിരുന്നോ അന്ന് ആ തീവണ്ടിയുടെ പേര്? എന്തൊരോ എന്തോ?) കല്ലേറ്റുംങ്കര റെയില്‍‌വേസ്റ്റേഷനില്‍ എത്തുമ്പോള്‍. ഒരു 7 1/4നു ഊണും കഴിഞ്ഞ് ഞാനും ചേട്ടനും ഡ്രസ് ചെയ്തു ഷൂ ധരിക്കുന്നതിനുമുമ്പ് ചേട്ടന്‍ സോക്സ് ഇടുന്ന കണ്ടു, അപ്പോള്‍ ഞാന്‍ ചേട്ടനെ നോക്കി ചേട്ടന്‍ ഒരു ജോഡി എനിക്കും തന്നു. വളരെ സന്തോഷം തോന്നി. പക്ഷെ അത് ധരിച്ചപ്പോള്‍ രണ്ടു കാലിന്റേയും തള്ള വിരല്‍ എന്നെ വിളിച്ചോ എന്ന മട്ടില്‍ പുറത്തേക്ക് തലയിട്ട് എന്നെ നോക്കി. അമ്മ ആരോടോ കടം വാങ്ങിയ ഒരു ചെറിയ എയര്‍ ബാഗില്‍ എന്റെ ഷോര്‍ട്ട് ഹാന്റു പുസ്തകവും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും, എന്റെ പാകമുള്ള രണ്ടുമൂന്നു ഷര്‍ട്ടുകളും, ഒറ്റമുണ്ടും, ലുങ്കിയും ഒക്കെ എടുത്ത് വെച്ച് ബാഗെടുത്ത് തോളത്തിട്ടു നിന്നപ്പോള്‍ ഞാന്‍ സ്വയം ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന തോന്നലായിരുന്നു. ഞങ്ങളെ യാത്രയാക്കുവാന്‍ അച്ഛനും സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അമ്മയുടെ കണ്ണില്‍ ഒരു ചെറിയ നനവ് കണ്ടപോലെ തോന്നി. ചേച്ചിമാരും അനുജത്തിയും ഞങ്ങള്‍ പോയിട്ടുവേണം വല്ലതും വാരി തിന്നു കിടന്നുറങ്ങാനെന്നമട്ടില്‍ നോക്കി നിന്നു. ഞാന്‍ എല്ലാവരോടും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു, ഔപചാരികത പ്രകടിപ്പിക്കാനെന്നമട്ടില്‍ ആരും കരയരുതെന്ന് പറയാനായ് ഞാന്‍ എല്ലാവരേയും നോക്കിയെങ്കിലും ആര്‍ക്കും അത്തരം ഒരു ചിന്ത തന്നെ ഉദിച്ചീട്ടില്ലായിരുന്നു. ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ ചേട്ടന്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ പിന്തിരിഞ്ഞുനോക്കിയതേ ഇല്ല, എനിക്ക് എത്രയും പെട്ടെന്ന് തീവണ്ടിയില്‍ കയറാനുള്ള കൊതിയായിരുന്നു മനസ്സില്‍. മാത്രവുമല്ല എന്റെ വേര്‍പാടില്‍ കരയാത്ത അന്തേവാസികളെ ശ്രദ്ധിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെടാ എന്നും മനസ്സു പറഞ്ഞു.

(തുടരും)

Saturday, August 18, 2007

കോമരം പിന്നിട്ട കൌമാരം - 6

1977
ചേട്ടന്റെ വരവും എന്റെ ബോംബെ മോഹവും

ചേട്ടന്‍ ബോംബെയില്‍ നിന്നും ഒരു പച്ച ട്രങ്കു പെട്ടിയുമായ് വീട്ടില്‍ വന്നു കേറി. പെട്ടിയില്‍ ചേട്ടന്റെ കുറച്ചു തുണികളും പിന്നെ നല്ല മണമുള്ള ഒന്നു രണ്ടു ബിസ്ക്കറ്റ് പാക്കറ്റുകളും ഉണ്ടായിരുന്നു. ബിസ്ക്കറ്റ് എല്ലവര്‍ക്കും കൊടുത്തു കഴിഞ്ഞീട്ടും പാക്കറ്റുകള്‍ കളയാതെ ഞാന്‍ സൂക്ഷിച്ചു വെച്ചു. പിന്നീടുള്ള ദിവസങ്ങള്‍ ഞാന്‍ ബോംബെയിലേക്ക് ട്രെയിനില്‍ പോകുന്നത് സ്വപ്നം കണ്ട് ഉറങ്ങാന്‍ തുടങ്ങി. ചേട്ടനുമായ് നേരിട്ടുള്ള കൂടിക്കാഴ്ച്ചകളും കുശലം പറച്ചിലും ഞാന്‍ കഴിയുതും ഒഴിവാക്കാറാണ് പതിവ്. കാരണം എപ്പോഴാണ് ചേട്ടനു ദേഷ്യം വരിക എന്ന് ചേട്ടനോ, അതുമല്ലെങ്കില്‍ ദേഷ്യം വരുന്ന സമയം ഗണിച്ചു പറയാന്‍ പറ്റുന്ന ഒരു കണിയാനോ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല എന്നതുതന്നെ. ചെറുപ്പത്തിലേ ജീവിതഭാരം ചുമക്കേണ്ടി വരികയും കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ആര്‍ക്കും തൊട്ടതിനും പിടിച്ചതിനും ദേഷ്യം വന്നു കൂടായ്കയില്ലെന്ന് മനസ്സിലാക്കാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എടതിരിഞ്ഞിയില്‍ നിന്ന് പുല്ലൂര്‍ എന്ന സ്ഥലത്തേക്ക് താമസം മാറിയത്. അന്നുമുതല്‍ കിഴക്കേതിലെ രാമന്‍‌നായരും ജാനകിയമ്മയും കുടുംബവും ഞങ്ങള്‍ക്ക് ബന്ധുക്കളെപോലെയായിരുന്നു. അവിടത്തെ പ്രശ്നങ്ങള്‍ ഞങ്ങളും ഞങ്ങളുടെ പ്രശ്നങ്ങള്‍ അവരും ചര്‍ച്ച ചെയ്തു സമാധാനിച്ചിരുന്നു (അല്ലാതെ പരിഹരിക്കാന്‍ രണ്ടുകൂട്ടര്‍ക്കും നീക്കിയിരുപ്പൊന്നും ഉണ്ടായിരുന്നില്ല). രാമന്‍ നായര്‍ ബോംബെയില്‍ ഒരു സേട്ടുവിന്റെ ഡ്രൈവര്‍ ആയിരുന്നുവത്രെ.. പക്ഷെ ചേട്ടന്‍ പറഞ്ഞത്, രാമന്‍‌നായരെ കൊണ്ട് സേട്ടു വണ്ടി ഓടിക്കാതെ പുറകിലിരുത്തി സേട്ടുവാണ് വണ്ടി ഓടിച്ചിരുന്നുവെന്നാണ്. സേട്ടുവിന് അയാളുടെ ജീവനില്‍ കൊതിയുള്ളതിനെ തെറ്റു പറയാനും കഴിയില്ലെന്ന് ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും രാമന്‍ നായര്‍ എനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നു. ബോംബെയെ കുറിച്ചൊക്കെ സമയം കിട്ടുമ്പോള്‍ ഞാന്‍ ചോദിച്ചിരുന്നത് രാമന്‍ നായരോടായിരുന്നു. രാമന്‍ നായര്‍ക്ക് കിളിപോലെയുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു, എന്നോട് അവര്‍ക്ക് വലിയ കാര്യമായിരുന്നു. രാമന്‍ നായരോടു സംശയങ്ങള്‍ തീര്‍ത്താല്‍ പിന്നെ കിളിമാസ് കളിക്കാനും അമ്പസ്താനി കളിക്കാനും ഞാനവരോടൊപ്പം കൂടുമായിരുന്നു. ഒരിക്കല്‍ ഒളിച്ചു കളിക്കുന്നതിനിടയില്‍ ഞാന്‍ നല്ലൊരു ഒളിസങ്കേതം തിരയുമ്പോള്‍ ഇറയത്ത് താഴേക്ക് കാലിട്ട് അരിയില്‍ നെല്ലുനോക്കി കൊണ്ടിരുന്ന കിളിയിലൊരുത്തി അവളുടെ നീളമുള്ള പാവാടക്കിടയില്‍ കയറിയിരുന്നോളാന്‍ ആവശ്യപ്പെടുകയും ഞാനങ്ങനെ കണ്ടുപിടിക്കപ്പെടാതെ കുറേനേരം കഴിഞ്ഞുകൂടുകയും എനിക്ക് കണ്ടുപഠിക്കാന്‍ പലതുമുണ്ടാവുകയും ചെയ്തു. പക്ഷെ ആ ചേച്ചിക്ക് അങ്ങനെ എന്നെ ഒളിപ്പിച്ചിരുത്തിയാല്‍ മാത്രം മതിയല്ലോ, അരി അടുക്കളയില്‍ ഏല്‍പ്പിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വന്നതുകൊണ്ട് എന്റെ പഠനം അതോടെ അവസാനിക്കുകയും ഞാന്‍ കളിയില്‍ ജയിക്കുകയും ചെയ്തു. പക്ഷെ നിര്‍മ്മലമായ എന്റെ മനസ്സ് അന്നുമുതല്‍ക്കാണ് മലീമസമായത് എന്നു പറയാന്‍ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ എനിക്കങ്ങനെ കളിച്ച് നടന്നാല്‍ മതിയോ, ബോംബെയില്‍ പോണ്ടേ, അതുകൊണ്ട് ഞാന്‍ വീണ്ടും രാമന്‍ നായരെ കൂട്ടുപിടിച്ച് ചേട്ടന്റെ അടുത്ത് ശുപാര്‍ശ ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തു.

ഒരുദിവസം കാലത്ത് ഒരു ലോട്ട ചായയുടെ പുറത്ത് അച്ഛനും, രാമന്‍ നായരും, ചേട്ടനും ബോംബെ ജീവിതം ചര്‍ച്ചാ വിഷയമാക്കിയപ്പോള്‍ അകലെ നിന്ന് ഞാന്‍ രാമന്‍ നായര്‍ക്ക് കൈ മുദ്രകള്‍ കാട്ടി സിഗ്നലുകള്‍ കൊടുത്തു. വണ്ടിയുടെ ഡ്രൈവിംഗ് ശരിയായ് അറിയാത്തതുപോലെ, ഇത്തരം സന്ദര്‍ഭങ്ങളിലെങ്ങനെ ഡ്രൈവ് എങ്ങനെ ചെയ്യണമെന്ന് ശുദ്ധനായ രാമന്നായര്‍ക്ക് അറിയാത്തതുകൊണ്ടാവും എന്നെ നോക്കിക്കൊണ്ടു പറഞ്ഞു, നീ ഒന്നു പെടക്കാതിരി, ഞാന്‍ നിന്റെ കാര്യം പറയാനും കൂട്യാ വന്നത്. ഇതു കേട്ടതും കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ ഞാന്‍ ചുരുങ്ങി ചുരുങ്ങി ചായിപ്പിലെത്തി. അവിടെയിരുന്ന് കേട്ടതൊന്നും എനിക്ക് അനുകൂലമായ കാര്യങ്ങളല്ല, രാമന്‍ നായരുടെ വാദഗതികളെ ചേട്ടന്‍ പുഷ്പം പോലെ നുള്ളിയെറിഞ്ഞു. അച്ഛന്‍ എല്ലാം ചേട്ടനു വിട്ടുകൊടുത്തുകൊണ്ട് ന്യൂട്രല്‍ സ്റ്റാന്‍ഡെടുത്തു. ചേട്ടന്‍ പറഞ്ഞു, അവന്‍ ടൈപും ഷോര്‍ട്ട് ഹാന്റും ലോവറും ഹയ്യറും പാസാവട്ടെ, എന്നീട്ടാലോചിക്കാം. അല്ലെങ്കില്‍ തന്നെ 15 വയസ്സായ അവനെവിടുന്നാ ഓഫീസ് ജോലി കിട്ടണേ... അതിനു രാമന്‍ നായര്‍ പറഞ്ഞത്, സേട്ടുമാര്‍ക്കങ്ങനെയൊന്നും ഇല്യാ, ജോലി അറിയാന്ന് കണ്ടാ അവരു പിന്നെ വിടില്യാ.. ലോട്ടയിലെ ചായ തീര്‍ന്നപ്പോള്‍ രാമന്‍ നായര്‍ എഴുന്നേറ്റു പോയി. എന്റെ മോഹങ്ങള്‍ കരിയുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാനിരുന്നു തേങ്ങി.

പക്ഷെ തോല്‍ക്കാന്‍ എനിക്കു മനസ്സുണ്ടായിരുന്നില്ല. ഞാന്‍ ജാനകിഅമ്മയെ കണ്ടു, കിളികളേയും കൂട്ടി വീട്ടില്‍ വന്ന് ചേട്ടന്റെയടുത്ത് എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ഞാനാവശ്യപ്പെട്ടു. അതിനു കിളികളെന്തിന് എന്ന വിഡ്ഢിച്ചോദ്യം ജാനകിയമ്മ ചോദിക്കാതിരുന്നില്ല, ഒരു രസത്തിന് എന്നാണു നാവില്‍ വന്നതെങ്കിലും, ഒരു കൂട്ടിന് എന്ന് പുറത്തേക്കു പറഞ്ഞു, ങാ, ഈ പിള്ളേര്‍ക്കും നാളെ ബോംബെയില്‍ പോണങ്കില്‍ അവന്‍ തന്നെ വിചാരിക്കണം എന്നു പറഞ്ഞ് ആ ദൌത്യം ജാനകിയമ്മ ഏറ്റെടുത്തു. വൈകുന്നേരം കിളികളും ജാനകിയമ്മയുമെത്തി. ചേട്ടന്‍ ഇല്ലായ്മയുടെ വേദന വിത്സ് സിഗരറ്റ് പുകച്ച് ഒരു വല്ലായ്മയാക്കി മാറ്റിക്കൊണ്ടിരുന്ന സമയത്ത് അവര്‍ മൂന്നുപേരും ചേട്ടന്റെ അടുത്തെത്തി. ചേട്ടന്‍ ജാനകിയമ്മയെ തഴഞ്ഞ് കിളികളോട് കുശലപ്രശ്നം നടത്തി... ഒടുവില്‍ എന്റെ അമ്മയും ജാനകിയമ്മയും കൂടി എന്റെ മോഹങ്ങള്‍ പൂവണിയാനുള്ള പ്രയത്നത്തിലേര്‍പ്പെട്ടു. ചേട്ടന്‍ വീണ്ടും പറഞ്ഞു, അവനിപ്പോള്‍ പഠിക്കേണ്ട പ്രായാ, എന്നോടാരെങ്കിലും അങ്ങനെ പറയാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ തിരിച്ച് ബോംബെയിലേക്ക് പോകില്ലായിരുന്നു, ആ നരകത്തില്‍ വന്ന് അവനെങ്കിലും കഷ്ടപ്പെടാതിരിക്കാനാണ് ഞാനിത് പറയുന്നത്. അതുകേട്ട് തൂണിന്റെ മറയില്‍ നിന്നിരുന്ന ഞാന്‍ പൊടുന്നനെ തലകറങ്ങി വീണു. എല്ലാവരും ഓടിക്കൂടി... മുഖത്ത് വെള്ളം തെളിച്ചു, ഞാന്‍ മെല്ലെ കണ്ണുതുറന്നു. എന്തുപറ്റിയടാ മോനേ എന്നു ചോദിച്ച് അമ്മ കരയാന്‍ തുടങ്ങി. അപ്പോള്‍ ജാനകിയമ്മ പറഞ്ഞു, ചെക്കനൊരുപാട് ആശിച്ചതാ, ബോംബെ പോകാന്‍. അത് നടക്കില്ലാന്നറിഞ്ഞപ്പോ, മന:പ്രയാസം കൊണ്ട് തല കറങ്ങിയതാവും... നീ എന്തായാലും അവനെ ഇപ്രാവശ്യം കൊണ്ടുപോ, എന്നട്ട് പറ്റില്ലെങ്കില്‍ രണ്ടുമൂന്നു മാസം കഴിയുമ്പോ തിരിച്ചുവിട്ടോ... കണ്ടില്ലേ തളര്‍ന്നുള്ള അവന്റെ ഒരു കെടപ്പ്. എല്ലാവരും കൂടി നിര്‍ബ്ബന്ധിക്കുകയും എന്റെ കിടപ്പും കൂടി കണ്ടപ്പോള്‍ കുടുംബസ്നേഹമുള്ള ചേട്ടന്‍ ഒടുവില്‍ സമ്മതം മൂളി. സത്യത്തില്‍ എനിക്കെന്തുപറ്റിയെന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഒന്നും മനസ്സിലായില്ല, എന്തോ ദഹനക്കേടുകൊണ്ടോ മറ്റോ ഉണ്ടായ അസ്വസ്ഥതയായിരുന്നു എന്റെ തലചുറ്റലിനു കാരണമെങ്കിലും ഉര്‍വ്വശി ശാപം ഉപകാരം എന്ന മട്ടില്‍ തലകറക്കവും, ജാനകിയമ്മയുടെ ഇടപെടലുകളുമെല്ലാം കാരണം ചേട്ടന്റെ ഒപ്പം എനിക്കും ബോംബെക്ക് ടിക്കറ്റ് ബുക്കു ചെയ്യാന്‍ ചേട്ടന്‍ പിറ്റേ ദിവസം തന്നെ കല്ലേറ്റുംങ്കരയിലേക്ക് പോയി.

(തുടരും)

Thursday, August 16, 2007

കോമരം പിന്നിട്ട കൌമാരം - 5

ബസിന്റെ മലക്കം മറിച്ചലും ഞാന്‍ പിടികിട്ടാ പുള്ളിയായതും

ഈ കഥ ഞാന്‍ ആല്‍ത്തറയില്‍ (മലയാളം ഗസ്റ്റ്ബുക്കില്‍) പണ്ട് (തൊണ്ണൂറുകളുടെ അവസാനത്തില്‍) എഴുതിയിട്ടുള്ളതാണ്. പഴയ ആല്‍ത്തറ സുഹൃത്തുക്കള്‍ ഈ ആവര്‍ത്തനം പൊറുക്കുക. ഇത് കൌമാര സംഭവത്തിന്റെ തുടര്‍ച്ചയായതിനാല്‍ വീണ്ടും കുറിക്കുന്നു.

കാലത്ത് 10 മണി മുതല്‍ പന്ത്രണ്ടുമണി വരെയാണ് ടൈപ് ആന്റ് ഷോര്‍ട്ട്‌ഹാന്റ് ക്ലാസ്. അതു കഴിഞ്ഞാല്‍ ഠാണാവ്, മുല്ലക്കാടുവഴി, പുല്ലൂരിലുള്ള വീട്ടിലേക്ക്. ഠാണാവില്‍ നിന്ന് ശവക്കോട്ട റോഡ് കഴിഞ്ഞാല്‍ മുല്ലക്കാടുവരെ നീണ്ട ഒരു ഇറക്കമാണ്. ഞാന്‍ നടന്ന് നടന്ന് മുല്ലക്കാട് റോഡിലേക്കെത്തി. അവിടെ ഇറക്കത്തായ് ഒരു ബസ് പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നു. കുറച്ച് കുട്ടികള്‍ ബസിനുള്ളിലും പുറത്തുമായ് കളിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ചിടുങ്ങ് പിള്ളേര്‍, ഞാന്‍ നേരെ ബസ്സിനകത്തേക്ക് കയറി കുറച്ചു നേരം ഒരു സീറ്റിലിരുന്നു വിശ്രമിച്ചു. കുട്ടികള്‍ ഓടിക്കളിക്കുന്നു, ചിലര്‍ ഹോണ്‍ അടിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെടുന്നു. അതു കണ്ടപ്പോള്‍ ഹോണ്‍ അടിക്കാനുള്ള സഹജമായ ഒരു മോഹം എന്നിലും തലപൊക്കി. ഞാന്‍ പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്റ് ബുക്ക് സീറ്റില്‍ വെച്ച് കമ്പിയുടെ ഇടയിലൂടെ കടന്ന് ഡ്രൈവറുടെ സീറ്റില്‍ പോയിരുന്നു. ബലൂണ്‍ പോലെ വീര്‍ത്തുനിന്നിരുന്ന ഹോണില്‍ പിടിച്ച് അമര്‍ത്തി. അത് മെല്ലെ അമങ്ങിയതല്ലാതെ ശബ്ദമൊന്നും വന്നില്ല. അപ്പോള്‍ ഞാന്‍ വെറുതെ ഒരിടി പാസാക്കി. അപ്പോള്‍ ചെറിയൊരു ശബ്ദം കേട്ടു. ഒരു സയന്റിസ്റ്റിന്റെ ബുദ്ധി എനിക്കുണ്ടായിരുന്നതിനാല്‍ അതിന്റെ എയര്‍ ശരിയായ രീതിയില്‍ പ്രഷര്‍ കൊടുത്താല്‍ മാത്രമേ ശബ്ദം കേള്‍ക്കുകയുള്ളുവെന്ന് ബോദ്ധ്യമായ്. അങ്ങനെ മൊത്തത്തില്‍ രണ്ടു കയ്യും ഉപയോഗിച്ച് ഒന്നമര്‍ത്തിയപ്പോള്‍ ഹോണ്‍ നല്ലൊരു ശബ്ദം പുറപ്പെടുവിച്ചു.

കുട്ടികള്‍ കളി നിര്‍ത്തി വണ്ടിയുടെ മുമ്പിലും കുറച്ചുപേര്‍ ഉള്ളിലും വന്ന് എന്നെ നോക്കി. ഞാന്‍ ഉടനെ രജനികാന്തിനെപോലെ ഷര്‍ട്ടിന്റെ കോളര്‍ പിന്നിലേക്ക് വലിച്ചിട്ട് ഒരു ചിരപരിചിതനായ ഡ്രൈവറെപോലെ ഗീര്‍ ലിവറില്‍ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആട്ടുകയും, സ്റ്റിയറിംഗില്‍ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും തിരിക്കുകയും ചെയ്തു. ഞെക്കേണ്ടിടത്തൊക്കെ ഞെക്കുകയും, പിടിച്ചു വലിക്കുകയുമൊക്കെ ചെയ്തുകഴിഞ്ഞപ്പോള്‍ എന്റെ മോഹത്തിനു താത്ക്കാലിക ശമനം കിട്ടുകയും പിന്നീടുള്ള ഇരിപ്പ് ബോറടിയായും തോന്നിയപ്പോള്‍ ഞാന്‍ ഷോര്‍ട്ട്‌ഹാന്റ് ബുക്കുമെടുത്ത് ബസ്സില്‍ നിന്നും ഇറങ്ങി നടന്നു. കുട്ടികള്‍ അപ്പോള്‍ ബസ്സിന്റെ പുറകില്‍ നിന്നും ഏലൈസാ, ഏലൈസാ എന്നു പറഞ്ഞ് ബസ് തള്ളി കളിക്കുന്നുണ്ടായിരുന്നു. വെയിലിന്റെ ശക്തിയുള്ളതിനാല്‍ ഞാന്‍ വേലിയുടെ മറ പറ്റി വേഗം നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ വലിയൊരു ശബ്ദം കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ ആ ബസ് ശരവേഗത്തില്‍ എന്റെ പുറകിലൂടെ വരികയാണ്. എന്റെ കയ്യും കാലും വിറച്ചു. ഞാന്‍ ഒതുങ്ങി നിന്നു. ബസ് നിയന്ത്രണം വിട്ട് അടുത്ത വീടിന്റെ പുതുപുത്തന്‍ മതില്‍ തകര്‍ത്ത് മലക്കം മറിഞ്ഞു കിടന്നു. കുട്ടികള്‍ ഉറക്കെ ഒച്ചയുണ്ടാക്കി. അതുവഴി സൈക്കിളില്‍ വന്ന ഒരാള്‍ അതിലെ വലിപ്പം കൂടിയ ഒരു കുട്ടിയെ പിടിച്ച് ചോദ്യം ചെയ്തു. അതു കണ്ടതും ഞാന്‍ വേഗം നടന്നു. അതിനിടയില്‍ ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ പയ്യന്‍ ഞാന്‍ പോകുന്നത് ചൂണ്ടികാട്ടുന്നുണ്ടായിരുന്നു. ഉടനെ ഞാന്‍ കാള്‍ ലൂയീസ് ആയി. റോഡ് സേഫല്ലെന്ന് ദൈവം പറഞ്ഞതുകൊണ്ട് ഞാന്‍ ക്രോസ് കണ്ട്രി കണക്ഷന്‍ ഉണ്ടെന്നു ബോദ്ധ്യമുള്ള വളപ്പുകളിലൂടെ പാഞ്ഞു. സൈക്കിളില്‍ പിന്തുടര്‍ന്നാലും എന്നെ പിടിക്കാന്‍ പറ്റരുതെന്ന് എന്റെ വാശി.

ഒരു കണക്കിനു വീട്ടില്‍ വന്ന് കയ്യും കാലും കഴുകി. ചായിപ്പില്‍ പോയി കിടന്നു. എന്തെടാ സുഖല്യേ എന്ന് അമ്മ ചോദിച്ചു. ഏയ് ഒരു ചെറിയ തലവേദന, ഞാന്‍ പറഞ്ഞു. സന്ധ്യയായപ്പോള്‍ കടയില്‍ പോയി ഒന്നു രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞു, വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ എന്നെ ആരെങ്കിലും പിടിക്കുമോ എന്ന ഭയം കൊണ്ട് സാധനങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് വാങ്ങിയാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. അതിനു മറുപടി അമ്മയുടെ ഒരു നോട്ടമായിരുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ സഞ്ചിയും കാശും വാങ്ങി നേരെ കടയിലേക്കു നടന്നു. ഞാനാണ് വണ്ടി മറിച്ചതെന്ന് ആരും തിരിച്ചറിയരുതേ എന്ന് വഴി നീളെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നടന്നത്. ലാസറേട്ടന്റെ കട ചായക്കട - കം പലചരക്കു കട ആയിരുന്നു. സാധനങ്ങള്‍ എടുക്കുമ്പോള്‍ ചായക്കടയിലിരുന്നൊരാള്‍ പറഞ്ഞു, നമ്മടെ ആ ചിന്നങ്ങത്ത് ബസ്സ് ജോര്‍ജ്ജേട്ടന്റെ മതിലിലിടിച്ച് മറഞ്ഞു. ജോര്‍ജ്ജേട്ടന്‍ നല്ല സ്റ്റൈലന്‍ മതിലു കെട്ടീട്ട് രണ്ടാഴ്ച കഴിഞ്ഞട്ടേ ഉള്ളു. മറ്റൊരാള്‍ അതേറ്റു പിടിച്ചു, പിള്ളേരു വണ്ടി ഉന്തിക്കളിച്ചൂന്നാ പറയണേ; എറക്കത്തൊക്കെ വണ്ടി നിര്‍ത്തുമ്പോ അതിന്റെ അടീല് ശരിക്ക് നല്ല ഊടൊക്കെ വെച്ചട്ട് വേണ്ടെ അവരു പൂവ്വാന്‍, വേറൊരാളുടെ അഭിപ്രായം. ഊടൊക്കെ ഇണ്ടായിരുന്നു, ഏതോരു തലേമെ തല തെറിച്ച ചെക്കന്‍ വണ്ടീടെ ഉള്ളില് കേറി ഗീറൊക്കെ മാറ്റീന്നാ അവിടെ കളിച്ചോണ്ട് നിന്ന പിള്ളേരു പറയണത്... ആദ്യത്തെ ആളു പറഞ്ഞു. സാധനങ്ങള്‍ പൊതിയുന്നതിനിടക്ക് ലാസറേട്ടന്‍ ചോദിച്ചു, ആരെടാ ആ പഹയന്‍... “ഞാനല്ലട്ടാ” എന്നു പറയാന്‍ ഭാവിച്ചത് ഞാന്‍ പൊടുന്നനെ വിഴുങ്ങി. സാധനങ്ങള്‍ വാങ്ങിച്ച് പേടിച്ച് പേടിച്ച് ഞാന്‍ പൊറത്തുകടക്കുമ്പോള്‍ ലാസറേട്ടന്‍ പറഞ്ഞു, അത് ജോര്‍ജ്ജിനോട് ദേഷ്യൊള്ള വല്ലോരും ചെയ്തതായിരിക്കും. പിറ്റേ ദിവസത്തെ പത്രത്തില്‍ ബസ് മറിഞ്ഞു കിടക്കുന്ന ഫോട്ടോയും വാര്‍ത്തയുമുണ്ടായിരുന്നു. ബസ് മറിച്ചിട്ട് കടന്നുപോയ അജ്ഞാതനെക്കുറിച്ചും അതില്‍ പരാമര്‍ശിച്ചിരുന്നു. ഞാന്‍ രണ്ടാഴ്ച മറ്റൊരു റൂട്ടിലൂടെയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിരുന്നത്. അങ്ങനെ ബസ് മറിച്ചയാള്‍ സുകുമാരക്കുറുപ്പിന്റെ മുന്‍‌ഗാമിയോ, പിന്‍‌ഗാമിയോ ആയി, ചുരുക്കി പറഞ്ഞാല്‍ പിടികിട്ടാപുള്ളിയാ‍യി എന്നു സാരം.

(തുടരും)

Wednesday, August 15, 2007

കോമരം പിന്നിട്ട കൌമാരം - 4

ഉപരിപഠനം

എന്നെ വറത്തു തിന്നണോ, കറിവെച്ചു കൂട്ടണോ എന്നൊക്കെ വീട്ടിലെല്ലാവരും കൂടി അപ്പോഴേക്കും ഗഹനമായ ചര്‍ച്ച നടത്തിക്കഴിഞ്ഞിരുന്നതുകൊണ്ട് എനിക്ക് റിസല്‍ട്ടിനെ കുറിച്ച് ഒന്നും തന്നെ വിശദീകരിക്കേണ്ടി വന്നില്ല. പ്രശസ്തമായ നിലയില്‍ പത്താംക്ലാസ് പാസ്സായതിനാല്‍ പല കോളേജില്‍ നിന്നും പല പ്രിന്‍സിപ്പല്‍മാരും വീട്ടില്‍ വന്ന് അച്ഛനെ കണ്ട് അഭിനന്ദിക്കുകയും ആ സദ്പുത്രനെ ഉപരിപഠനത്തിനായ് ഞങ്ങള്‍ ദത്തെടുത്തിരിക്കുന്നുവെന്നും ഇനിയങ്ങോട്ട് നിങ്ങള്‍ക്കഭിമാനിക്കാന്‍ പറ്റുന്ന തരത്തില്‍ ഇതിലും പ്രശസ്തമായ വിജയം അവന്‍ കൈവരിക്കുമെന്നുമൊക്കെ അവര്‍ പറഞ്ഞീട്ടും എന്നെ ശരിക്കറിയാവുന്ന അച്ഛന്‍ അതിലൊന്നും വീണില്ല. ചായിപ്പിലിരുന്ന് പെരുക്കപട്ടികയിലെ ആദ്യ പേജില്‍ കൊടുത്തിരിക്കുന്ന തമിഴ് അക്ഷരമാല നോക്കി കൊണ്ടിരുന്ന ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയാവണം അച്ഛന്‍ അവരോടു പറഞ്ഞു, അവനെ ഇനി പഠിപ്പിക്കണോ, അതോ ചൂണ്ടയിടാന്‍ പറഞ്ഞയക്കണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല, അവന്റെ ചേട്ടന്‍ ബോംബേന്ന് വരുന്നുണ്ട്, തീരുമാനങ്ങളൊക്കെ എന്നട്ടാവാം. അതുകേട്ട് ഇവനൊക്കെ ചൂണ്ടയിട്ടീട്ടും വല്യ വിശേഷമൊന്നുമുണ്ടാവില്ലെന്ന് മനസ്സില്‍ പറഞ്ഞ് പ്രീ-ഡിഗ്രി മുക്കിമൂളി പാസാകുകയും, നാട്ടിലെ ഡിഗ്രിയില്‍ മതിപ്പില്ലാതെ മറ്റു സംസ്ഥാനത്ത് നിന്ന് കടം വാങ്ങുകയും ചെയ്ത പ്രിന്‍സിപ്പല്‍മാര്‍ ഇറങ്ങിപ്പോയി. ഉമ്മറത്ത് ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ എല്ലാവരും പോയിയെന്ന് ഞാന്‍ മനസ്സിലാക്കി.. വീണ്ടും പെരുക്കപട്ടികയിലെ പേജുകള്‍ മറിച്ചു, ഒമ്പതിന്റെ ഗുണനപട്ടിക കണ്ട് ഭയന്ന്, ഞാന്‍ പത്തിന്റെ ഗുണനം കാണാപാഠം പറഞ്ഞ് സന്തോഷിച്ചു.

ചേട്ടന്‍ വരുന്നുവെന്നറിഞ്ഞ ആ വാര്‍ത്ത മനസ്സിനൊരുപാടു സന്തോഷം നല്‍കി. ബോംബെ നഗരത്തെപറ്റി ഊണിലും ഉറക്കത്തിലും ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. നഗരം കാണുന്നതിനേക്കാള്‍ മനസ്സ് കൊതിച്ചത് ബോംബെ വരെയുള്ള ട്രെയിന്‍ യാത്രയായിരുന്നു. കാരണം ട്രെയിന്‍ അകലെ നിന്നു കണ്ടീട്ടുണ്ടന്നല്ലാതെ അതുവരെ അതില്‍ യാത്ര ചെയ്യാന്‍ അവസരം ഉണ്ടായില്ല. വെക്കേഷന്‍ സമയത്ത് തിരുവനന്തപുരത്ത് ജഗതിയിലുള്ള അച്ഛന്റെ മരുമകന്റെ വീട്ടില്‍ കൊണ്ടുപോകാമെന്ന ഒരു വാഗ്ദാനം അച്ഛന്‍ നല്‍കിയിരുന്നെങ്കിലും അച്ഛന്റെ ഔദ്യോഗിക തിരക്കുകള്‍ മൂലം (പുറത്ത് പറയുമ്പോള്‍ അങ്ങനെ പറയുന്നതാണൊരന്തസ്സ്; സത്യം പറഞ്ഞാല്‍ അവിടം വരെ രണ്ടുപേര്‍ക്കു പോകാനുള്ള കാശില്ലാതിരുന്നതിനാല്‍) പോയില്ല. എന്നെ എങ്ങനെയെങ്കിലും തിരുവനന്തപുരത്തു കൊണ്ടുപോകണമെന്ന് വാശിപിടിച്ചു കരഞ്ഞപ്പോള്‍, അച്ഛന്‍ വീടിന്റെ ഉമ്മറത്ത് നെല്ലിമരത്തില്‍ പടര്‍ന്ന മുല്ലവള്ളി ഒടിച്ച് എന്നെ ഒരു പത്തുമിനിട്ട് ആശ്വസിപ്പിച്ചപ്പോള്‍ ഞാന്‍ കാര്യബോധമുള്ളവനായി.

മനസ്സില്‍ ബോംബെ ഒരു ഒഴിയാബാധയായ് കൂടിയപ്പോള്‍ അച്ഛന്റെ കയ്യില്‍ മുല്ലവള്ളി ഇല്ലെന്നു ഉറപ്പു വരുത്തി രണ്ടും കല്പിച്ച് ടൈപ്-റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പിറ്റേന്നു തന്നെ എന്നെ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കടുത്തുള്ള മോഡേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സില്‍ ടൈപ്‌റൈറ്റിംഗ് ആന്റ് ഷോര്‍ട്ട്‌ഹാന്റിനു ചേര്‍ത്തു. ആദ്യമായ് ഒരു ഒറ്റമുണ്ട് ഉടുത്ത് പുറത്തേക്കിറങ്ങിയത് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. അതുകൊണ്ടു തന്നെ വഴിനീളെ മടക്കികുത്തിയും അഴിച്ചിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയതറിഞ്ഞില്ല.

എത്രയും പെട്ടെന്ന് ടൈപ് പഠിച്ചാല്‍ ബോംബെയില്‍ ജോലി കിട്ടും എന്ന ബോധം ഉണ്ടായിരുന്നതുകൊണ്ട്, എ.ബി.സി.ഡി ടൈപ് ചെയ്യുന്നതിനുമുന്‍പേ ഒരു ഇംഗ്ലീഷ് പേപ്പര്‍ എടുത്ത് വെച്ച് ടൈപ് ചെയ്യാന്‍ ശ്രമം നടത്തിയത്, കമല ടീച്ചര്‍ കയ്യോടെ പിടിക്കുകയും എല്ലാവരുടെ മുമ്പില്‍ വച്ച് കളിയാക്കുകയും ചെയ്തു. ആ മാനക്കേട് എന്നെ കൂടുതല്‍ വാശിയുള്ളവനാക്കി അവരെയൊക്കെ കണ്ണു തള്ളിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഹയ്യര്‍ സ്പീഡില്‍ എഡിറ്റോറിയല്‍ ടൈപ് ചെയ്യാന്‍ തുടങ്ങി.

(തുടരും)

Tuesday, August 14, 2007

കോമരം പിന്നിട്ട കൌമാരം - 3

എസ്. എസ്.എല്‍.സി റിസല്‍ട്ടും ആദ്യ പ്രണയവും

പരീക്ഷ കഴിഞ്ഞ് വെക്കേഷന്‍ ചെലവഴിച്ചത് അമ്പലക്കുളത്തില്‍ ഒന്നു രണ്ടു മണിക്കൂര്‍ നീരാടിയും, കൂട്ടുകാര്‍ ചേര്‍ന്ന് ഉണങ്ങിയ വാഴ കയ്യുകളും, കടലാസും, പുല്ലുമൊക്കെ ചേര്‍ത്ത് ഫുട്ബോള്‍ ഉണ്ടാക്കി കളിച്ചും, വിശക്കുമ്പോള്‍ കറിക്കത്തിയും, കീറത്തുണിയുമായ് കശുമാവിന്‍ മുകളില്‍ കയറി നല്ല മൂത്ത പച്ച അണ്ടി പൊട്ടിച്ച് കശുമാവിന്‍ കൊമ്പത്തിരുന്നു തന്നെ കീറി തുണിയില്‍ തുടച്ച് പശ കളഞ്ഞ് തിന്നും, വീട്ടിലുള്ളവര്‍ ഉച്ചമയക്കത്തിലാഴുമ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്ന് വടി കൊണ്ടെറിഞ്ഞു വീഴ്ത്തിയ പച്ചമാങ്ങ ഉപ്പു കൂട്ടി തിന്നുമൊക്കെയാണ്. അമ്പലക്കുളത്തില്‍ ജെന്റ്സ് ഓണ്‍ലി കടവില്‍ നിന്ന് ചാടി അല്പം നീന്തിയാല്‍ അപ്പുറത്തെ ലേഡീസ് ഓണ്‍ലി കടവിലെ ദൃശ്യങ്ങള്‍ കാണാം. നീന്തുമ്പോള്‍ ലേഡീസിനെ നോക്കുന്നത് പഞ്ചായത്തോ അമ്പലക്കമ്മിറ്റിയോ വിലക്കാത്തതിനാല്‍ ഞങ്ങള്‍ സ്നേഹ സമ്പന്നരായ കുട്ടികള്‍ കടവില്‍ നിന്നും മറുകരയിലേക്ക് മലര്‍ന്നു നീന്തുകയും, സ്വാഭാവികമായും തിരിച്ചു കടവിലേക്ക് കമിഴ്ന്നു നീന്തുകയും ചെയ്തു. ഞങ്ങള്‍ കുട്ടികളെ അവര്‍ കാര്യമാക്കാത്തതുകൊണ്ട് അവര്‍ നന്നായ് കയ്യും മെയ്യും മറന്ന് സോപ്പ് പതപ്പിച്ച് കുളിച്ചു. ഞങ്ങളില്‍ പലരും കുളത്തിന്റെ മദ്ധ്യത്തില്‍ സ്ലോ മോഷനില്‍ നീന്തി നിരീക്ഷണം നടത്തിയതിനാല്‍ അമ്പലക്കുളത്തിലെ പച്ച വെള്ളം (പൂപ്പല്‍ നിറഞ്ഞ് പച്ച നിറത്തിലുള്ള വെള്ളം) ധാരാളം കുടിച്ചിരുന്നു. (വിശപ്പും ദാഹവും മാറ്റുവാന്‍ ദൈവം കാണിച്ചു തരുന്ന ഓരോ വഴികള്‍, അല്ലാതെ എന്തു പറയാന്‍).

അന്നാളിലൊക്കെ സ്ഥിരമായ് അമ്പലത്തില്‍ വച്ചു കാണുന്ന ഒരു കുട്ടിയോട് വല്ലാത്ത ഒരിത് തോന്നിയിരുന്നു. അവളുടെ വീട് അമ്പലത്തിനടുത്തു തന്നെയായിരുന്നു. അവള്‍ ഒരിക്കല്‍ എന്നെ നോക്കി ചിരിച്ചതില്‍ പിന്നെ ഞങ്ങള്‍ പരസ്പരം ഗാഢ പ്രണയത്തിലാണെന്ന് സ്വയമൊരു തീരുമാനമെടുത്ത് ഉച്ച നേരങ്ങളില്‍ അവരുടെ വേലിക്കപ്പുറത്ത് കമ്മൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ചു കിടക്കുന്നിടത്ത് ആടിനെ തീറ്റുവാന്‍ പോയിരുന്നു. ആടിനെ ഒരിക്കലും തിരിഞ്ഞു നോക്കാതിരുന്ന ഞാന്‍ അതിനെ തീറ്റാന്‍ കൊണ്ടുപോകുന്നതു കണ്ട് അമ്മ സന്തോഷിച്ചു, മനസ്സില്‍ പറഞ്ഞുകാണും, ചെക്കനു ഇപ്പോഴെങ്കിലും കുടുംബകാര്യങ്ങളില്‍ ഒരു ശ്രദ്ധ വന്നല്ലോ എന്ന്. കാമുകിയുടെ വേലിക്കപ്പുറത്തു നിന്നുള്ള നിരീക്ഷണം ആരെങ്കിലും കണ്ടു വന്നാല്‍ എന്തടാ ഇവിടെ എന്നു ചോദിക്കാതിരിക്കാനുള്ള ഒരു ചെറിയ തട മാത്രമായിരുന്നു ആടെന്നുള്ള വിവരം എനിക്കും ആടിനുമല്ലാതെ മൂന്നാമതൊരു ജന്തുവിനും അറിയില്ലായിരുന്നു. തെക്കേ ഇറയത്ത് അവളുടെ പാവാടയുടെ നിഴലെങ്ങാന്‍ കണ്ടാല്‍ മതിയായിരുന്നു സന്തോഷമാവാന്‍. പക്ഷെ പലപ്പോഴും അവളുടെ അച്ഛന്റെ കത്തി വേഷം കണ്ട് ഞാന്‍ ആടിലേക്ക് ശ്രദ്ധ തിരിക്കുകയും വേലിയില്‍ നിന്ന് എന്തെങ്കിലും തിരഞ്ഞ് പൊട്ടിച്ച് അതിന്റെ വായില്‍ തിരുകുകയും ചെയ്യും. ഇത് ആടിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് അതിന്റെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇനിയിപ്പോള്‍ അവള്‍ വരാത്തത് ഈ ആടിന്റെ പ്രാര്‍ത്ഥനയാവുമോ എന്ന് പോലും എന്റെ നിഷ്ക്കളങ്ക മനസ്സില്‍ തോന്നാതിരുന്നില്ല. ഈ വയസ്സു കാലത്ത് കാര്‍ന്നോര്‍ക്ക് ഒരുച്ച മയക്കം നടത്തരുതോ എന്ന് സ്വാഭാവികമായ ഒരു സംശയം എന്നില്‍ തല പൊക്കാതിരുന്നില്ല. പക്ഷെ അയാള്‍ക്കു പകരം പ്രണയത്തിന്റെ എ.ബി.സി.ഡി അറിയാത്ത ആ പെണ്‍കിടാവായിരുന്നു ആ നട്ടപ്ര ഉച്ചക്കും കൂര്‍ക്കം വലിച്ചുറങ്ങിയിരുന്നത്. അങ്ങനെ പല നാള്‍ പോയി ഉച്ച വെയിലു കൊണ്ടതും ഒടുവില്‍ കടിത്തുമ്പയുടെ ഇടയില്‍ കിടന്ന കാലിന്റെ ചൊറിച്ചില്‍ മേലാകെ പടരാന്‍ തൂടങ്ങിയതും ശരീരമാസകലം ചൊറിഞ്ഞ് ആടിനെ ഉപേക്ഷിച്ച് വീട്ടിലേക്കോടിയതും എല്ലാം ചരിത്ര സംഭവങ്ങള്‍. അതോടെ ഞാന്‍ കാമുകിയേയും ആട് എന്നേയും ഉപേക്ഷിച്ചു.

പിന്നീട് ആടിനെ കണ്ടെടുക്കാന്‍ വീട്ടുകാര്‍ ഒരു സഹായ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി അംഗങ്ങള്‍ അയല്‍‌രാജ്യങ്ങളായ ഇലവങ്കോടുദേശം (അല്ലെങ്കില്‍ തൊറവങ്കാട്), ഊളക്കാട്, മുല്ലക്കാട്, കല്ലന്‍‌കുന്നുവഴി രഹസ്യാന്വേഷണം നടത്തുകയും ഒടുവില്‍ നിരാശരായി പുല്ലൂര്‍ ദേവി തിയ്യറ്ററില്‍ ഉലകം ച്റ്റും വാലിബന്‍ എന്ന എം.ജി.ആര്‍ പടം കണ്ട് രാത്രിയായപ്പോള്‍ ആടില്ലാതെ ആടിയാടി തിരിച്ചെത്തുകയുമുണ്ടായി. പിറ്റേന്ന് വിദൂരദേശങ്ങളായ തൊമ്മാന, വല്ലക്കുന്നു വഴി കല്ലേറ്റുങ്കര വരെ പോയി നോക്കാമെന്ന് ഒരാള്‍ അവ്യക്തമായ് മൊഴിഞ്ഞപ്പോള്‍, എന്നെടാ ഉനക്ക് പൈത്യം പിടിച്ചിരുക്കാ എന്ന് എം.ജി.ആര്‍ പടത്തിന്റെ ഹാങ് ഓവറില്‍ മറ്റൊരാള്‍ ഇടപെട്ടു. പൈസ കൊണ്ടു നടക്കുന്ന കൂട്ടത്തില്‍ പെടാത്ത ആടായതിനാല്‍ ട്രെയിന്‍ കയറി പോകാനുള്ള സാദ്ധ്യത മൂന്നാമനും തള്ളിക്കളഞ്ഞു. ഞാനും അമ്മയും അപ്പോഴും പ്രതീക്ഷയോടെ പടിക്കലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. കമ്മിറ്റി അംഗങ്ങള്‍ ഞങ്ങളെ സമാധാനിപ്പിച്ച് പുറത്തേക്കു പോകാനുള്ള വഴി തിരഞ്ഞു പിടിക്കുമ്പോള്‍ എന്റെ ആട് അതാ ആടാതെ, എന്നെ കാണാതെ അമ്മയോടെന്തു സമാധാനം പറയുമെന്ന് പേടിച്ച് പേടിച്ച് കരഞ്ഞു തളര്‍ന്ന് മുറ്റത്തു വന്നു നില്‍ക്കുന്നു. ഹയ് ദേ നിക്കണ്‍് നിങ്ങടെ ആട് ട്ടാ എന്ന് ആടിനെ തിരിച്ചറിഞ്ഞ അല്പ മദ്യപാനി അല്പം തിരിഞ്ഞു നിന്നു കൊണ്ടു പറഞ്ഞു. അതിന്റെ അടുത്ത് അതികം കൊഴയണ്ട്രാ, അത് പിടിച്ച് കടിച്ചാ കടവയറ്റില് പതിന്നാല് ഇഞ്ചക്ഷനാ ന്ന് കമ്മിറ്റിയിലെ ലീഡര്‍ പറഞ്ഞപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് അയാള്‍ നല്ല സ്പീഡില്‍ വേലി ചാടിക്കടന്ന് അവരോടൊപ്പം കൂടി.

ആദ്യ അദ്ധ്യായത്തില്‍ തന്നെ കാമുകി മരിച്ചു പോയ ഒരു അപൂര്‍ണ്ണ നോവലായി എന്റെ പ്രണയം എന്നു പറയാം.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയതുകൊണ്ട് ഇനി പത്തു ദിവസം നേരം പോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്ന സന്തോഷമുണ്ടായിരുന്നു. പലപ്പോഴും രാത്രി കഥകളി കണ്ട് അവിടെ തന്നെ കിടന്നുറങ്ങും. നല്ല ചൂടുകാലമായതുകൊണ്ട് വീട്ടില്‍ കിടന്നുറങ്ങുന്നതിനേക്കാല്‍ സുഖമായിരുന്നു അമ്പലപ്പറമ്പിലെ ഉറക്കം.ഒരു ദിവസം കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ശീവേലികഴിഞ്ഞ് പുറത്തു കടന്നപ്പോള്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് എന്നെ കാത്ത് ആല്‍ത്തറയില്‍ തളര്‍ന്നിരിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ പത്തു റാങ്കിനുള്ളില്‍ എന്റെ പേരുണ്ടാവില്ലെന്ന് എനിക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പുള്ളതിനാല്‍ പത്രക്കാര്‍ വന്ന് ഇന്റര്‍വ്യു ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും സ്വപ്നം കാണാന്‍ എനിക്കോ വീട്ടുകാര്‍ക്കോ ഭാഗ്യമുണ്ടായിട്ടില്ല. (നാട്ടുകാര്‍ക്ക് വേറെ പണിയുള്ളതുകൊണ്ട് അവര്‍ ഇത്തരം സ്വപ്നങ്ങള്‍ പെര്‍മനെന്റ് ആയി ബ്ലോക്ക് ചെയ്തിരുന്നു) ഡിസ്റ്റിംഗ്ഷനിലും ഫസ്റ്റ് ക്ലാസിലും ഞാന്‍ പണ്ടേ വിശ്വസിക്കാത്ത ഒരു ടൈപ് ആയതുകൊണ്ട് അതിനെക്കുറിച്ചന്വേഷിച്ചില്ല. പക്ഷെ കുറഞ്ഞത് ഒരു സെക്കന്റ് ക്ലാസെങ്കിലും കിട്ടാതിരുന്നത് തറവാടിനു മാനക്കേടായിപ്പോയില്ലേ എന്ന ഒരു ചിന്ത എന്നിലുളവാകാതിരുന്നില്ല, പക്ഷെ അതിനുമാത്രം കഷ്ടപ്പെട്ട് പഠിച്ചില്ലല്ലോ എന്ന ഒരു സമാധാനം കൂട്ടിനുണ്ടായിരുന്നു. അതോടൊപ്പം തന്നെ തോറ്റു എന്ന ദുഷ്പേരു വരുത്തിയെന്ന് ആരും പറയില്ലല്ലോ എന്ന സന്തോഷവും. അങ്ങനെ ആ സന്തോഷത്തില്‍ ചാടിത്തുള്ളി മുന്നോട്ടു നടന്നപ്പോഴാണ് ആനപിണ്ഡം തട്ടിത്തടഞ്ഞ് കമിഴ്ന്നടിച്ച് വീണത്. ആനപിണ്ഡമൊഴിച്ച് അവിടെയുണ്ടായിരുന്ന ബാക്കിയുള്ള എല്ലാ പണ്ടാരങ്ങളും ചിരിച്ചുവെന്നാണ്‍് എന്റെ ഓര്‍മ്മ. കിടന്ന കിടപ്പില്‍ പുറകോട്ടു നോക്കി, ഒന്നും രണ്ടുമല്ല ഒരു കുന്നു ആനപിണ്ഡമാണവിടെ കിടന്നിരുന്നത്. ഇവിടെ ഒറ്റയടിക്ക് ഇത്രയധികം പിണ്ഡമിട്ട ആ ആനക്ക് വയറിളക്കം പിടിക്കട്ടെ എന്ന് അവിടെ കിടന്നുകൊണ്ടു തന്നെ പ്‌രാവി. ഒരു കാരണവര്‍ വന്ന് പിടിച്ചെഴുന്നേല്പിച്ചു. കാല്‍മുട്ടിന്റെ മുകളില്‍ തൊലി അല്പം പിണങ്ങിയതും, വലതു കൈപത്തി ലേശം ഉളുക്കിയതും ഒഴിച്ചാല്‍ വീഴ്ച സമാധാനപൂര്‍ണ്ണമായിരുന്നു.

(തുടരും)

Monday, August 13, 2007

കോമരം പിന്നിട്ട കൌമാരം - 2

എസ്.എസ്.എല്‍.സി പരീക്ഷക്കിടയില്‍

അവസാന നിമിഷം പുസ്തകം വായിക്കാന്‍ പറ്റാഞ്ഞതിന്റെ മാനസിക പിരിമുറുക്കത്തിലാണ് ഹാള്‍ ടിക്കറ്റും കൊണ്ട് ക്ലാസിലേക്ക് കയറിയത്. മനസിലുണ്ടായിരുന്ന പലതും അതിനകം സതുമോഹന്‍ കഴുകി വെടിപ്പാക്കുകയും ചെയ്തു.... ചോദ്യപേപ്പര്‍ കിട്ടിയപ്പോള്‍ പരീക്ഷ ശരിക്കും പരീക്ഷണമായ് തന്നെ തോന്നി. എല്ലാ ഈശ്വരന്മാരേയും കൂട്ടിനുവിളിച്ച് പരീക്ഷയെഴുതാന്‍ തുടങ്ങിയപ്പോള്‍ ഈശ്വരന്മാര്‍ ഓരോ ഉത്തരവും കൃത്യമായ് ഓര്‍മ്മിപ്പിച്ചു തന്നു. ചില ഉത്തരങ്ങള്‍ അവര്‍ക്കു പോലും അറിയാത്തതായതുകൊണ്ടാവാം എനിക്കുപേക്ഷിക്കേണ്ടിവന്നു. പാവം എന്റെ ഈശ്വരന്മാര്‍, അവരെ കൊണ്ടാവുന്നതവരു ചെയ്തുവെന്ന ആശ്വാസത്തിലും ചോദ്യ പേപ്പര്‍ ഇട്ട ആളെ പട്ടി കടിക്കണേ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട് പരീക്ഷ കഴിഞ്ഞ് ഞാന്‍ പുറത്തു കടന്നു. മുറ്റത്തേക്കിറങ്ങുന്നതിനുമുമ്പ് ചുറ്റുവട്ടം നിരീക്ഷിച്ചു, ഇല്ല സതുമോഹനനില്ല, രണ്ടു നേരവും പരീക്ഷയുള്ളതുകൊണ്ട് എല്ലാവരും പെട്ടെന്ന് ഊണുകഴിച്ച് പഠിക്കാനുള്ള തിരക്കിലാണ്. ഉച്ചക്ക് ഊണു കഴിച്ച് നേരം കളയാന്‍ എന്റെ വീട്ടിലാരേയും ദൈവം അനുവദിക്കാതിരുന്നതുകൊണ്ട് പഠിക്കാന്‍ എനിക്ക് കൂടുതല്‍ സമയമുണ്ടായിരുന്നു. ഞാന്‍ മെല്ലെ ആരും കാണാതെ എട്ടാം ക്ലാസിന്റെ പുറകില്‍ വളര്‍ന്നു നില്ക്കുന്ന കൊള്ളിത്തണ്ടുകള്‍ക്കിടയില്‍ (മരച്ചീനി) ഇരുന്ന് ഉച്ചക്കുള്ള പരീക്ഷക്കു വേണ്ടി തയ്യാറെടുപ്പു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ നടന്നു വരുന്നതിന്റെ കാലടി ശബ്ദം ഞാന്‍ കേട്ടു. നല്ല ഉയരമുണ്ടായിരുന്നതുകൊണ്ട് എഴുന്നേറ്റു നിന്നു നോക്കേണ്ടി വന്നു, ഓടാനുള്ള തയ്യാറെടുപ്പോടുകൂടി തന്നെ. പക്ഷെ അതു മണികണ്ഠനായിരുന്നു. അവന്‍ എന്നെ കണ്ടപാടെ ചിരിച്ചു പിന്നെ തോളിലൂടെ കയ്യിട്ടു. അവന്‍ ഊണു കഴിച്ച് കൈ കഴുകിയിട്ടേ ഉണ്ടായിരുന്നുള്ളു. സാമ്പാറിന്റെ നല്ല മണമുണ്ടായിരുന്നു അവന്റെ കയ്യിന്. നീ സതുവിനെ കണ്ടോ, ഞാന്‍ ചോദിച്ചു, ഉം. അവന്‍ മൂളി, പിന്നെ പറഞ്ഞു, അവന്‍ എന്റെ ക്ലാസിലാ പരീക്ഷ എഴുതണേ, അവന്‍ എഴുത്ക്കഴിഞ്ഞ് എഴുന്നേല്‍ക്കണേനു മുന്നേ പുറത്തു കടക്കാന്നു വെച്ചാല്‍, അവനാണ് പരീക്ഷ കഴിഞ്ഞ് ആദ്യം പൊറത്തു വരണത്. അതോണ്ട് ഞാനവനോടു പറഞ്ഞു, അവസാന പരീക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോ, നിന്റെ കാശ് മുഴുവന്‍ തരാന്ന്. ഇല്ലെങ്കില്‍ നമ്മളെ രണ്ടെണ്ണത്തിനേം പാടത്തിട്ട് ശരിപ്പെടുത്തുംന്നാ അവന്റെ ഭീഷണി. അതുകേട്ട് ഞാന്‍ ഒന്നു ഞെട്ടിയെങ്കിലും, ഒരു ഹീറോയെ പോലെ ഞാന്‍ പറഞ്ഞു, എന്നെ അവനു ശരിക്ക് അറിയാണ്ടാ, എന്റെ വീട്ടില് ഒരു പശുക്കുട്ടീടത്രേം പോന്ന പട്ടിണ്ട്. അതിനെ കൊണ്ടുവന്ന് ഞാനവനെ കടിപ്പിക്കും. അപ്പോള്‍ മണി പറഞ്ഞു, അതൊന്നും വേണ്ട, എന്റെ അച്ഛന്‍ പോലീസാ, ഞാന്‍ അച്ഛനോടു പറഞ്ഞോളാം. ഞങ്ങള്‍ക്കല്‍പം ആശ്വാസമായി. എന്റെ വീട്ടില്‍ ചാവാറാ‍യ രണ്ടു പൂച്ചക്കുട്ടികള്‍ മാത്രമേ ഉള്ളുവെന്ന സത്യം അവനും, അവന്റെ അച്ഛന് ഒരു ചായക്കടയായിരുന്നുവെന്ന സത്യം ഞാനും പിന്നീടെപ്പൊഴോ മനസ്സിലാക്കിയിരുന്നു. മന:സമാധാനം കൂടിയതുകൊണ്ട് ഞങ്ങള്‍ തെങ്ങോല കൊണ്ട് പന്തുണ്ടാക്കി ബാറ്റ്മിന്റന്‍ ചാമ്പ്യന്മാരാവാന്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. അതു കണ്ടുവന്ന അപ്പു മാഷ് (ഫിസിക്സ് മാഷ്) എസ്.എല്‍.സി.പരീക്ഷയുടെ സമയത്താണെടാ നിന്റെ ഒരു പന്തുകളി എന്നു പറഞ്ഞ് ആദ്യം കിട്ടിയ എന്റെ തലക്കിട്ട് കിഴുക്കി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ പുസ്തകമെടുത്ത് ഞാനോടി. ഇതെല്ലാം കണ്ടപാടെ മണികണ്ഠന്‍ വായുവില്‍ അപ്രത്യക്ഷനായ്. “ഛോട്ടാ അപ്പു, ബഡാ മീശ“ ഞാന്‍ മനസ്സില്‍ പറഞ്ഞു. അങ്ങനെയാണ് അപ്പു മാഷെ കുട്ടികള്‍ കളിയാക്കുന്നത്. കാരണം താടിരോമങ്ങള്‍ ഒന്നുപോലും കിളിര്‍ക്കാത്ത വെളുത്ത മുഖത്ത് വളരെ വലിയ ഒരു മീശമാത്രം. അതുകൊണ്ടായിരിക്കണം അത്തരം ഒരു പ്രയോഗം കുട്ടികള്‍ നടത്തിയിരുന്നത്. മാഷുടെ കയ്യില്‍ നിന്ന് പിന്നീടൊരിക്കല്‍ കൂടി കിഴുക്കു കൊള്ളാനുള്ള ഭാഗ്യമുണ്ടായത് പരീക്ഷ കഴിഞ്ഞുപോകുമ്പോള്‍ ആകാശത്തില്‍ വലിച്ചു കെട്ടിയ ഒരു കൂട്ടം ടെലിഫോണ്‍ കമ്പികളില്‍ കല്ലെടുത്തെറിഞ്ഞ് അതില്‍ നിന്നും പുറപ്പെടുന്ന സംഗീതം ആസ്വദിക്കുമ്പോഴായിരുന്നു. കിഴുക്കു കിട്ടിയതും തിരിഞ്ഞുനോക്കേണ്ട ആവശ്യമുണ്ടായില്ല, അതിന്റെ ഉറവിടം മാഷുടെ എല്ലുന്തിയ കൈകളില്‍ നിന്ന് അറിയാന്‍ തക്ക പരിചയം ആദ്യ കിഴുക്കു സമ്മാനിച്ചിരുന്നു. ആ വേദനയില്‍ നിര്‍ത്താതെ ഒരു കിലോമീറ്റര്‍ ഓടി. ഓട്ടം നിര്‍ത്തിയപ്പോള്‍ കിതച്ചുകൊണ്ട്മനസില്‍ പ്രാകി. അരസികന്‍, അയത്തൊള്ള ഖൊമിനി. ഏതെങ്കിലും പശു വഴീലിട്ട് കുത്താനോടിക്കണേ ദൈവമേ എന്നു പ്രാര്‍ത്ഥിച്ചു നടന്നു.
ങാ പറഞ്ഞുവന്നത്, മണികണ്ഠനും ഞാനും ഓടിയ കാര്യമാണല്ലോ, ഒരുവിധം ഉച്ച പരീക്ഷയും കഴിഞ്ഞ് പുറത്തുകടന്നപ്പോള്‍, കിഴുക്കു കൊണ്ട ഭാഗം വേദനിക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ അപ്പുമാഷെക്കുറിച്ച് വേണ്ടാത്തതൊക്കെ മനസ്സില്‍ ആലോചിച്ച് പുറത്തേക്കു നടന്നു. അങ്ങനെ നടന്നു നടന്ന് വീട്ടിലേക്കു അഞ്ചുകിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ സതുമോഹനനെ കുറിച്ച് ആലോചിക്കുകപോലുമുണ്ടായില്ല. പക്ഷെ അവസാന പരീക്ഷയുടെ അന്ത്യം കുറിച്ച് പുറത്തു കടക്കുമ്പോള്‍ സതുമോഹനന്റെ കയ്യില്‍ വലിച്ചു പിടിച്ച മണികണ്ഠന്റെ കോളറും, ആ കോളറിന്റെ ഉള്ളില്‍ വലിഞ്ഞ് നില്‍ക്കുന്ന മണികണ്ഠനേയും ഞാന്‍ അകലെ നിന്നു കണ്ടു. എന്നെ പ്രതീക്ഷിച്ചുള്ള നില്‍പ്പാണെന്ന് മനസ്സിലായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളന്വേഷിച്ചു. ആരുടെയെങ്കിലും മറപറ്റി പുറത്തുകടക്കാനായ് ഒരു ശ്രമം നടത്തുമ്പോഴേക്കും സതുമോഹന്‍ വിളിച്ചു, “ടാ, മുരളി, ഞാന്‍ കണ്ടു, ഇങ്ങടു വാടാ,..“ ഓ, അതിനിപ്പെന്താ എന്ന മട്ടില്‍ ഞാന്‍ ഒടിയില്‍ കഴല വന്നവന്‍ നടക്കുന്നതു പോലെ മെല്ലെ മെല്ലെ അവര്‍ക്കു നേരെ നടന്നു. മണികണ്ഠന്റെ മുണ്ടിന്റെ ഒരു തല അഴിഞ്ഞു കിടന്നിരുന്നത് മടക്കി കുത്താന്‍ പോലും സമ്മതിക്കാതെ സതു അവനെ തൂക്കി പിടിച്ചിരുന്നു. എനിക്ക് മുണ്ട് മടക്കി കുത്തിയോ, അഴിച്ചുടുത്തോ ശീലമില്ലാത്തതുകൊണ്ടും അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടും ആ വേവലാതി ഉണ്ടായില്ല. ഞാന്‍ സതുമോഹനന്റെ അടുത്തേക്ക് നടന്നതുകൊണ്ട് അവര്‍ അവിടെ തന്നെ നിന്നു. പക്ഷെ ഞാന്‍ അവരുടെ അടുത്തെത്താറായതും കാള്‍ ലൂയീസുപോലും തോറ്റുപോകുന്ന വേഗത്തില്‍ കിഴക്കോട്ട് ഓടി ബസ്സ്റ്റാന്റു വഴി ഠാണാവ്, പിന്നെ മുല്ലക്കാട് വഴി പുല്ലൂര്‍ ശിവക്ഷേത്രം,, അങ്ങനെ ഓടാന്‍ ദൈവം എന്നോടു പറഞ്ഞു, ഞാന്‍ അനുസരിച്ചു, അതുകൊണ്ട് എന്റെ എല്ലിനോ, പല്ലിനോ സ്ഥാനഭ്രംശം ഒന്നും സംഭവിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മണിയെ കണ്ടപ്പോള്‍ ഞാന്‍ ഓടിയതിനു പിന്നാലെ അവനും കുതറി ഓടിയെന്നും തല്ലൊന്നും കിട്ടിയില്ലെന്നും പറഞ്ഞു. അച്ഛന്‍ പോലീസുകാരനാണെന്നു പറഞ്ഞ ആളല്ലേ, ഞാന്‍ വിശ്വസിച്ചു.
(തുടരും)

Saturday, August 11, 2007

കോമരം പിന്നിട്ട കൌമാരം - 1

1976 എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ദിവസം. ഏതു പരീക്ഷയായിരുന്നു ആദ്യം എന്നിപ്പോള്‍ ഓര്‍മ്മയില്ല. പകല്‍ മാവിന്റെ മുകളില്‍ കയറിയിരുന്നു പഠിച്ചതും, രാ‍ത്രി ചായിപ്പിലിരുന്നു ഉറക്കമൊഴിച്ചു (രാത്രി 10 മണി വരെ) പഠിച്ചതുമൊക്കെയായ് എന്ത് വന്നാലും നേരിടാനുള്ള ഒരു മനസ്സോടെയായിരുന്നു സ്ക്കൂളിലെത്തിയത്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്ക്കൂളിന്റെ അസംബ്ലി മുറ്റത്തെത്തിയതും പുറകില്‍ നിന്നും ആരോ എന്റെ കോളറില്‍ പിടിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ സതുമോഹനനാണ്, സഹപാഠി, പല ക്ലാസ്സുകളിലും കൂടുതല്‍ വര്‍ഷങ്ങള്‍ ഇരുന്നു പഠിച്ച് ഒരു ഹെഡ്മാസ്റ്റര്‍ ആവാനുള്ള യോഗ്യതയുള്ള എന്റെ ക്ലാസ്മേറ്റ്.

ഉയരം വേണ്ടതിലധികവും വിവരം വേണ്ടത്ര ഇല്ലാത്തതും അവന്റെ പേഴ്സണാലിറ്റി. ഞാനാണെങ്കില്‍ ലോകത്തിലെ മഹാന്മാരില്‍ പലരും ഉയരം കുറവാണെന്ന് മനസ്സുകൊണ്ടു സമാധാനിച്ചു കൊണ്ട് വിവരമുണ്ടാകാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവന്‍‍. എന്റെ കോളറിലെ പിടിവിടാതെ കയ്യില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അവന്‍ അവന്റെ പോക്കറ്റില്‍ വച്ചു. എനിക്ക് പെട്ടെന്ന് ഒരു പിടിയും കിട്ടിയില്ല. നീയെന്റെ ഹാള്‍ ടിക്കറ്റ് താ സേതു, ഞാന്‍ ആവശ്യപ്പെട്ടു. നീയെന്റെ കാശെടുക്ക്, അവന്‍. ഏതു കാശ്, ഞാന്‍. അതു ശരി, ഞങ്ങളുടെ ക്ലബ്ബിന്റെ പിരിവിനായ് ഒരു രശീത് ബുക്ക് നിന്നേയും മണികണ്ഠനേയും ഏല്പിച്ചിരുന്നില്ലേ, അതിന്റെ കാശ്. അതൊക്കെ ഞാന്‍ അന്നേ മറന്നിരുന്നു. മാത്രവുമല്ല അതൊക്കെ പിരിച്ചതും ഉപയോഗിച്ചതും മറ്റും മണിയായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ദേവസ്യേട്ടന്റെ ചായക്കടേന്ന് കൊള്ളിസ്റ്റും, ദോശയും വാങ്ങിത്തന്നതായ് എന്റെ ഓര്‍മ്മയിലുണ്ട്. അന്നൊന്നും ഞാന്‍ ഏത് കാശ്, ആരുടെ കാശ് എന്നൊന്നും അന്വേഷിച്ചിട്ടില്ല. തിന്നുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മന:സമാധാനം കളയുന്ന ഒരു ശീലവും എനിക്ക് അന്നും ഇന്നുമില്ല. അത് നീ മണിയോട് ചോദിക്ക്, അവനാ കാശു പിരിച്ചത്..
എന്നെ സ്കൂള്‍ മുറ്റത്ത് പിടിച്ചു നിര്‍ത്തിയിരിക്കുന്നത് കണ്ടീട്ടാവാം അവന്‍ ആരുടേയോ മറപറ്റി ക്ലാസില്‍ കയറിയിട്ടുണ്ടായിരുന്നു. ചോദ്യവും ഉത്തരവുമായ് നേരം കുറേ പോയി. എത്രയും പെട്ടെന്ന് ക്ലാസിലെത്തി അവസാനത്തെ മുന്തിരിച്ചാറും വലിച്ചുകുടിച്ച് പുസ്തകം പുറത്തേക്ക് വലിച്ചെറിയേണ്ട സമയത്ത് ഞാനിതാ സതുമോഹനനുമായ് വാഗ്വാദത്തിലേര്‍പ്പെട്ട് മന:സമാധാനം കളയുന്നു. കുട്ടികളെല്ലാം ക്ലാസില്‍ കയറിക്കഴിഞ്ഞിരുന്നു. എങ്ങും നിശബ്ദത. സതുമോഹനന്റെ പോക്കറ്റിലാണ് എന്റെ ഹാള്‍ ടിക്കറ്റ്. അവന് പരീക്ഷ എഴുതുന്നതിനേക്കാള്‍ ആവശ്യം അവന്റെ കാശാണെന്നു തോന്നുന്ന വിധത്തിലാണ് നില്പ്.

ഞാന്‍ പറഞ്ഞു, സതു, പരീക്ഷ കഴിയട്ടെ, ഞാന്‍ മണിയോട് ചോദിച്ച് എന്താ വേണ്ടതെന്ന്വച്ചാ ചെയ്യാം. അതു വേണ്ട, നീ ഇപ്പ കാശ് തന്നട്ട്, അവന്റെ കയ്യീന്ന് വാങ്ങിച്ചോ, പിന്നെ അവന്‍ പറഞ്ഞത് കുറച്ച് ഉറക്കെ ആയിരുന്നു, അല്ലെങ്കി നീ ഈ പരീക്ഷയല്ല, ഒറ്റ പരീക്ഷേം എഴുതില്ല, അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്റെ സകല കണ്ട്രോളും പോയി. ഒരു പക്ഷെ അവന്‍ എന്നില്‍ നിന്നും അങ്ങനെ ഒന്നും പ്രതീക്ഷിച്ചിരിക്കില്ല. ചിലപ്പോള്‍ നാമറിയാതെ നമുക്കു കിട്ടുന്ന ഒരു തരം കഴിവ്. വിപദിധൈര്യം എന്നൊക്കെ പറയില്ലേ, അല്ലെങ്കില്‍ സതുമോഹനന്‍ എന്നേക്കാള്‍ ഉയരത്തിലും ആരോഗ്യത്തിലും മുന്നില്‍ നില്‍ക്കുന്നവന്‍, എന്റെ മുമ്പില്‍ നിഷ്ക്കരുണം പരാജയം ഏറ്റുവാങ്ങില്ലല്ലോ. ഞാന്‍ പറഞ്ഞു, സതു, പരീക്ഷ തൊടങ്ങാറായി, നിനക്കും പരീക്ഷ എഴുതാന്‍ പോണ്ടതാ, വേഗം എന്റെ ഹാള്‍ ടിക്കറ്റ് തരുന്നതാ നിനക്ക് നല്ലത്, അതുകേട്ട് അവന്‍ പറഞ്ഞു, ഞാന്‍ പരീക്ഷ എഴുതേ, എഴുതാണ്ടിരിക്കേ, അതു നീയറിയണ്ട പക്ഷെ നീയെന്തായാലും എന്റെ കാശു തരാതെ എഴുതില്ല. പിന്നെ ഞാനൊന്നും ആലോച്ചിച്ചില്ല, കയ്യിലിരുന്ന പുസ്തകം നിലത്തിട്ട്, നെഞ്ചത്തടിച്ച് ഒറക്കെ നെലോളിച്ചു. സതുമോഹന്‍ ഞെട്ടിപ്പോയി. അവന്‍ ഹാള്‍ ടിക്കറ്റ് എന്റെ പോക്കറ്റില്‍ തിരുകി ദിക്കറിയാതെ പരിഭമിച്ചോടാന്‍ തുടങ്ങി. ഞാന്‍ കരച്ചിലിനു സഡന്‍ ബ്രേക്കിട്ട് കുനിഞ്ഞ് പുസ്തകമെടുത്ത് പരീക്ഷാ റൂമിലോക്കോടി, കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോളാണ് മനസ്സിലായത്, അപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞിരുന്നുവെന്ന്.
(തുടരും)

Saturday, August 04, 2007

പത്താമൂഴം (അവസാനഭാഗം)

ഒരു നാള്‍ സന്ധ്യാവന്ദനവും കഴിഞ്ഞ്‌ നടക്കാനിറങ്ങിയ താന്‍ നടന്നു നടന്ന്‌ ദേവേന്ദ്രണ്റ്റെ രാജധാനിവരെയെത്തി. രാജധാനിയില്‍ കയറിയാല്‍ അതിരുകവിഞ്ഞ ഉപചാരങ്ങളാല്‍ ദേവേന്ദ്രന്‍ തന്നെ വലയ്ക്കുമെന്നുറപ്പുള്ളതുകൊണ്ട്‌ തിരിച്ചു നടന്നു. അപ്പോഴാണ്‌ രാജധാനിയിലേക്ക്‌ തിരക്കിട്ടുപോകുന്ന ഒരു പരിചിത മുഖം ശ്രദ്ധയില്‍ പെട്ടത്‌. തന്നെ കണ്ടതും പുഞ്ചിരിക്കുകയും, പിന്നീട്‌ ഭക്തിയോടെ പാദങ്ങള്‍ തൊട്ടുനമസ്ക്കരിച്ച്‌ നടന്നകലുകയും ചെയ്തു. അവണ്റ്റെ പുഞ്ചിരി തണ്റ്റെ മനസ്സില്‍ വേദനയുടെ ചെറിയൊരു പോറല്‍ വീഴ്ത്തുകയാണ്‌ ചെയ്തത്‌. അവന്‍ മറ്റാരുമായിരുന്നില്ല, ത്രേതായുഗത്തില്‍ തണ്റ്റെ ഒളിയമ്പേറ്റ്‌ ദേഹവിയോഗം ചെയ്ത ബാലിയായിരുന്നു. അവണ്റ്റെ അവസാന വാക്കുകള്‍ ഇന്നും തന്റെ  മനസ്സില്‍ ഒരു നെരിപ്പോടായ്‌ കിടക്കുന്നുണ്ടോ എന്ന്‌ മഹാവിഷ്ണു സംശയിച്ചു. മാറുപിളര്‍ന്നു കയറിയ ബാണം അമര്‍ത്തിപ്പിടിച്ച്‌ അസഹ്യമായ വേദന മറച്ചുവെച്ചുകൊണ്ടവന്‍ തന്നോട്‌ സംസാരിച്ചത്‌ ഒരശരീരിപോലെ വീണ്ടും കാതില്‍ മുഴങ്ങി. 


"ശ്രീരാമാ, നമ്മള്‍ തമ്മിലെന്തു ശത്രുതയാണുള്ളത്‌? അങ്ങേയ്ക്ക്‌ രാവണനില്‍ നിന്ന്‌ സീതയെ മോചിപ്പിക്കാനായിരുന്നെങ്കില്‍ എണ്റ്റെ ഒരു വാക്കുമാത്രം മതിയായിരുന്നല്ലോ. നിമിഷങ്ങള്‍ക്കുള്ളില്‍ സീതാദേവി അവിടുത്തെ തിരുസന്നിധിയിലുണ്ടാകുമായിരുന്നു". 

ശ്രീനാരായണനും തെറ്റുപറ്റിക്കൂടെന്നുണ്ടോ. അല്ലെങ്കില്‍ തനിക്കെന്തിനു സുഗ്രീവനെ കൂട്ടുപിടിക്കാന്‍ തോന്നി. തണ്റ്റെ ദീര്‍ഘദര്‍ശിത്വം നഷ്ടപ്പെട്ട അവസരമോ അത്‌. ബാലിയെ കണ്ടതിനുശേഷം വളരെ നാള്‍ കഴിഞ്ഞ്‌ ഒരു ദിവസം കദളീവനങ്ങളിലലസമായ്‌ നടക്കുമ്പോഴാണ്‌ ദൂരെ ഒരു യുവകോമളന്‍ തല കുമ്പിട്ടു നടന്നു പോകുന്നതു കണ്ടത്‌. അവണ്റ്റെ മനസ്സ്‌ ഇവിടെയും യാതൊരു മാറ്റവുമില്ലാതെ തിരകളിളകുന്ന കടലായിത്തന്നെയിരിക്കുന്നു. പാവം കര്‍ണ്ണന്‍. ദ്വാപരയുഗത്തില്‍ താനവനോട്‌ അപരാധം ചെയ്തു. തെറ്റിനെ തെറ്റുകൊണ്ടു തിരുത്താന്‍ ഉപദേശിച്ച ആ നിമിഷത്തോട്‌ തനിക്ക്‌ ഒട്ടും പ്രിയം തോന്നുന്നില്ല. അസ്ത്ര-ശസ്ത്രങ്ങളെല്ലാം രഥത്തിലുപേക്ഷിച്ച്‌ മണ്ണിലാഴ്ന്ന ചക്രമുയര്‍ത്താന്‍ നില്‍ക്കുമ്പോഴുള്ള അവണ്റ്റെ നിസ്സഹായാവസ്ഥ ഇപ്പോഴും തണ്റ്റെ മുന്നില്‍ തെളിയുന്നു. ഒരു പക്ഷെ ഇതിണ്റ്റെയൊക്കെ ദണ്ഡനയായിരിക്കാം യുഗാവസാനത്തിനു മുമ്പേ അവതാരപുരുഷനാവാനുള്ള തണ്റ്റെ നിയോഗം. എല്ലാം സംഭവിക്കാനുള്ളതാണെന്നറിഞ്ഞീട്ടും പലപ്പോഴും തണ്റ്റെ മനസ്സും ചഞ്ചലപ്പെട്ടുപോകുന്നു. കലിയുഗത്തിണ്റ്റെ തീഷ്ണമായ സന്ദേശങ്ങളുടെ പരിണതഫലം. മഹാവിഷ്ണു പത്താമത്തെ അറയുടെ വാതിലില്‍ എത്തിനിന്നു. പിന്നീട്‌ പതുക്കെ വാതിലിനുനേരെ കൈ ഉയര്‍ത്തുമ്പോള്‍ നാഗങ്ങള്‍ ഭവ്യതയോടെയും ആകാംഷയോടെയും ഒതുങ്ങി വണങ്ങി നിന്നു. ഞൊടിയിടയില്‍ അനന്തന്‍ പ്രത്യക്ഷപ്പെട്ടു. 

അനന്തന്റെ  പകച്ച മുഖം കണ്ട്‌ മഹാവിഷ്ണു ചോദിച്ചു, "എന്താ ഇപ്പോള്‍ നിന്റെ സ്വസ്ഥതയും നഷ്ടപ്പെട്ടുവോ?"ആ ചോദ്യമൊന്നും അനന്തനെ ബാധിക്കുന്നില്ലെന്നു തോന്നി. ഒരു മറുചോദ്യമാണ്‌ അനന്തനില്‍ നിന്നുയര്‍ന്നത്‌.

"ഭഗവന്‍, ദേവലോകവും, വൈകുണ്ഠവും ഒരുത്സവത്തിമര്‍പ്പോടെ മാത്രം കൊണ്ടാടുന്ന ഈ മഹാമഹത്തില്‍ അങ്ങ്‌ ബ്രഹ്മ-മഹേശ്വരന്‍മാരില്ലാതെ ഒരിക്കല്‍പോലും ഇവിടെ വന്നീട്ടില്ലല്ലോ"

അറയ്ക്കുമീതെ വെയ്ക്കാനൊരുങ്ങിയ കൈ പിന്‍വലിച്ച്‌ മഹാവിഷ്ണു ദൂരെ വള്ളിപ്പടര്‍പ്പുകളിലേക്കുനോക്കി. പിന്നെ സ്വരം താഴ്ത്തി പറഞ്ഞു, 

"ആഗ്രഹിക്കുന്നപോലെ കാര്യങ്ങളെപ്പോഴും നടക്കണമെന്നില്ലല്ലാ" 

കുറേനേരമായി ദുരൂഹതയാണ്‌ ഭഗവാന്റെ ഏതു മറുമൊഴിയിലും നിഴലിക്കുന്നതെന്ന്‌ അനന്തനു തോന്നി. അനന്തന്റെ ആകാംഷയ്ക്കറുതി വരുത്താനെന്നപോലെ മഹാവിഷ്ണു മന്ദസ്മിതം തൂകി.

അനന്തന്റെ എല്ലാ ചിന്തകളും ആ മന്ദസ്മിതത്തില്‍ അസ്തമിച്ച്‌ അവന്‍ ഭഗവാനെ ധ്യാനിച്ച്‌ കണ്ണടച്ചു നിന്നു. മഹാവിഷ്ണു അനന്തനെ തലോടിക്കൊണ്ടു പറഞ്ഞു,

"ദ്വാപരയുഗത്തെക്കുറിച്ച്‌ പ്രതിപാദിച്ചപ്പോള്‍ മഹാഭാരത യുദ്ധത്തെക്കുറിച്ച്‌ ഞാന്‍ നിന്നോട്‌ വിശദമായ്ത്തന്നെ സംസാരിച്ചിട്ടുണ്ടല്ലോ. ധൃതരാഷ്ടര്‍ കാട്ടുതീയില്‍പെട്ടാണ്‌ മരണത്തെ പുല്‍കിയതെന്നും നിനക്കറിയാം. പക്ഷെ അതോടെ ധൃതരാഷ്ട്രന്‍മാരുണ്ടാവില്ലെന്നു നീ കരുതിയെങ്കില്‍ നിനക്ക്‌ തെറ്റുപറ്റിയിരിക്കുന്നു. ധൃതരാഷ്ട്രരും, ദുര്യോധനാദികളും ഭൂമിയിലോരോ സ്ഥലത്തും ജന്‍മമെടുക്കുകയും, കുരുക്ഷേത്രയുദ്ധങ്ങള്‍ക്ക്‌ കളമൊരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു വിദുരരെങ്കിലും ജന്‍മമെടുത്തിരുന്നെങ്കില്‍ തെല്ലാശ്വാസമുണ്ടാകുമായിരുന്നു. പക്ഷെ വിദുരര്‍ ജന്‍മമെടുക്കുന്നില്ലെന്നുമാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത വിധം ശകുനിമാര്‍ പിറവിയെടുക്കുന്നുവെന്നുള്ളതും കലിയുഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം കലിയുഗത്തിന്റെ സന്തതികളാണെന്നു കരുതി സമാധാനിക്കുക വയ്യല്ലോ അനന്താ. കുരുക്ഷേത്രഭൂമിയില്‍ നിന്ന്‌ വളരെയകലെയല്ലാത്ത സ്ഥലത്തു നിന്ന്‌ അല്‍പ്പായുസ്സുകളായ്‌ ഇവിടെ എത്തിയ കുരുന്നുകളെ നീ കണ്ടില്ലേ അനന്താ.... രോഗികളെ ശുശ്രൂഷിക്കാനായ്‌ നിയോഗിച്ചവന്‍ ആ കുരുന്നുകളെ ഭോഗിക്കുകയും, അവയവങ്ങള്‍ മുറിച്ചു വില്‍ക്കുകയും ചെയ്തുവെന്നറിഞ്ഞപ്പോള്‍ നീ എന്നെ നോക്കി കണ്ണീര്‍വാര്‍ത്തതും എന്റെ മുത്തെ പുഞ്ചിരി മറഞ്ഞതും നീ ഇത്രവേഗം മറന്നുവോ അനന്താ.. ഒരിക്കല്‍ ഞാന്‍ പിച്ചവെച്ചു നടന്ന മഥുരാപുരിയിലെ മണല്‍ത്തരികളില്‍ രക്തത്തിന്റെ പശിമയാണിന്ന്‌. കാളിന്ദിയിലും, സരയൂ നദിയിലുമൊക്കെ ധൃതരാഷ്ട്രന്‍മാരുടെ അധികാരമോഹങ്ങള്‍ക്കു ബലിയാടുകളായവരുടെ കബന്ധങ്ങള്‍ ഒഴുകി നടക്കുന്നു‍. ദ്വാപരയുഗത്തിലെ ഗാന്ധാരീവിലാപവും അതിനെ തുടര്‍ന്നുള്ള ശാപവും മറക്കാന്‍ കഴിയുന്നതിനുമുമ്പേ കലിയുഗത്തിലെ ഒന്നിലധികം ഗാന്ധാരിമാരുടെ വിലാപങ്ങളും ശാപവചനങ്ങളും കേള്‍ക്കുന്നു. നൈമിഷികമായ അധികാരത്തിനും, സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി ഭൂമിയിലെമ്പാടുമുള്ള ധൃതരാഷ്ട്രന്‍മാര്‍ പരസ്പരം ബ്രഹ്മാസ്ത്രം തൊടുക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. നിരാലംബരായ കുരുന്നു ജീവിതങ്ങള്‍ നിറമിഴികളോടെ ആശ്രയത്തിനായ്‌ തന്നെ നോക്കുമ്പോള്‍ പത്താമത്തെ അറ തുറക്കാന്‍ വൈകുണ്ഠത്തിലേയും, ദേവലോകത്തേയും ഔപചാരികത തടസ്സമാകുമെന്ന്‌ നമുക്കു തോന്നുന്നില്ല അനന്താ". 


മഹാവിഷ്ണു പറഞ്ഞുതീര്‍ന്നതും അനന്തന്‍ മറ്റു നാഗങ്ങളോട്‌ എന്തോ അടക്കം പറഞ്ഞു. അവ രണ്ടുവരിയായി വന്ദിച്ചു കിടന്നു. അനന്തന്‍ എല്ലാറ്റിനും സാക്ഷിയായി ഭഗവാനെ പിന്ന്‌ ഒതുങ്ങി തലയുയര്‍ത്തി നിന്നു. മഹാവിഷ്ണു അറയ്ക്കുമീതെ കൈവെച്ചു. അറയുടെ പാളികള്‍ ഇരുവശത്തേക്കും അകന്നുപോയി. കല്‍ക്കിയുടെ പോര്‍ച്ചട്ടയും സ്വര്‍ണ്ണ പിടിയുള്ള ഗഡ്ഗവും അറക്കയ്ക്കകത്തിരുന്നു തിളങ്ങി. മഹാവിഷ്ണുവിനുപിന്നില്‍ അറയുടെ പാളികള്‍ സാവധാനം അടഞ്ഞു. ബ്രാഹ്മണപുത്രനായ്‌ അവതരിക്കാനും, യാജ്ഞവത്ക്യ പുരോഹിതനാവാനും, പിന്നീട്‌ കല്‍ക്കിയാവാനും വേണ്ട സമയമില്ല. കല്‍ക്കിയായ്‌ നേരെ പ്രത്യക്ഷപ്പെടുകയും തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുക. ഭഗവാന്‍ ആദ്യം പോര്‍ച്ചട്ടയും പിന്നെ ഗഡ്ഗവും തലോടി. എത്ര ശിരസ്സുകളാണ്‌ ഭൂമിയില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നതെന്ന്‌ മനസ്സില്‍ പറഞ്ഞ്‌ മഹാവിഷ്ണു പോര്‍ച്ചട്ടയണിഞ്ഞ്‌ ഗഡ്ഗം കയ്യിലെടുത്തു. 


ഭാരതത്തില്‍ പുലരി പിറന്നത്‌ പത്രങ്ങള്‍ക്കും, മറ്റു മാധ്യമങ്ങള്‍ക്കും നടുങ്ങുന്ന, ചൂടുള്ള വാര്‍ത്തകള്‍ നല്‍കിക്കൊണ്ടായിരുന്നു. ഒരു വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെയായിരുന്നു, 

"ഇന്ത്യയിലും അതുപോലെ മറ്റനേക രാജ്യങ്ങളിലും ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മന്ത്രിമന്ദിരങ്ങളും, അധോലോക കേന്ദ്രങ്ങളും, കുപ്രസിദ്ധമായ മറ്റു കൊട്ടാരങ്ങളും തകരുകയും അതിന്റെ ചുക്കാന്‍ പിടിച്ചവരും കൂട്ടാളികളും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട മന്ത്രിമാരെല്ലാവരും തന്നെ അഴിമതിക്കാരും, ഭീകരപ്രവര്‍ത്തനത്തിനു കൂട്ടുനിന്നവരും ആയിരുന്നു." വൈകുണ്ഠത്തില്‍ മഹാവിഷ്ണു അനന്തശയനത്തിലമര്‍ന്നു. അനന്തന്‍ ഫണം വെഞ്ചാമരപോലെ വിടര്‍ത്തി വീശി. കാലവര്‍ഷത്തിന്റെ പുളകത്തില്‍ കദംബങ്ങള്‍ വിടര്‍ന്നുനിന്നു. ഗരുഡന്‍ ഒരുവട്ടം മഹാവിഷ്ണുവിനെ പ്രദക്ഷിണം ചെയ്ത്‌ അപ്രത്യക്ഷമായി. മഹാവിഷ്ണു തന്റെ കൌസ്തുഭം നേരെയാക്കി അനന്തനെ നോക്കി. പ്രസന്നവദനനായ ഭഗവാനെ അനന്തന്‍ നമിച്ചു.


(അവസാനിച്ചു)

പത്താമൂഴം (2)

മഹാവിഷ്ണു അനന്തന്റെ അടുത്തുനിന്ന്‌ പതുക്കെ മുന്നോട്ടു നടന്നു. കദളീവനങ്ങളും, താമരപൊയ്കകളുമൊക്കെ കടന്ന്‌ മഹാവിഷ്ണു വന്നു നിന്നത്‌ അവതാരകാല വസതിയുടെ മുമ്പിലാണ്‌. മഹാവിഷ്ണു സൂക്ഷിച്ചുനോക്കി. തന്റെ അവതാരകാല വസതിക്ക്‌ ഇങ്ങനെയൊരു രൂപം മുമ്പൊരിക്കലും താന്‍ കാണുകയുണ്ടായിട്ടില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ വൈകുണ്ഠത്തെക്കുറിച്ച്‌ താനെപ്പോഴാണ്‌ ആലോചിച്ചീട്ടുള്ളത്‌. മറ്റുള്ള സമസ്യകള്‍ക്കു പിന്നാലെ പായുമ്പോള്‍ സ്വന്തം വീടു മറന്നവനാണോ താന്‍? ഇതുവരെയും അനുഭവപ്പെടാത്ത ചില വികാരങ്ങള്‍ തന്നെ ഭരിക്കാന്‍ തുടങ്ങിയോ എന്ന്‌ വിഷ്ണു ശങ്കിച്ചു. 

ഇപ്പോഴിതാ വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നു പന്തലിച്ച്‌ വസതിയാകെ മൂടിക്കളഞ്ഞിരിക്കുന്നു. വള്ളികള്‍ക്കിടയില്‍ വിവിധതരത്തിലുള്ള പൂക്കള്‍ സുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നു. നിറപകിട്ടുള്ള ശലഭങ്ങള്‍ വട്ടമിട്ടു പാറിനടക്കുന്നു. ഒറ്റ നോട്ടത്തില്‍ ഒരു വസതിയുടെ മാതൃക വള്ളിപ്പടര്‍പ്പുകള്‍ കൊണ്ട്‌ തീര്‍ത്തിരിക്കുകയാണെന്നു തോന്നും. ഓരോ യുഗത്തിണ്റ്റേയും അവസാനകാലത്തു മാത്രമാണല്ലോ താനീ വസതിക്കുമുമ്പില്‍ വരാറുള്ളതെന്ന്‌ ഭഗവാനോര്‍ത്തു. അപ്പോള്‍ മാത്രമാണീ വസതി ഉണരുന്നത്‌. കമാനങ്ങളും, തോരണങ്ങളുമെല്ലാം തൂക്കി ദേവന്‍മാര്‍ വസതി അലങ്കരിച്ചിരിക്കും. കടന്നുപോയ യുഗങ്ങളിലെ അവതാര വേഷങ്ങള്‍ തുടച്ചുമിനുക്കി ഓരോ അറകളിലുമായി പ്രദര്‍ശിപ്പിച്ചിരിക്കും. വരാനിരിക്കുന്ന യുഗങ്ങളിലെ അവതാരങ്ങളുടെ അറകള്‍ ഭദ്രമായ്‌ അടച്ച്‌ മുദ്രണം ചെയ്തിരിക്കും. അതിണ്റ്റെ മുന്നില്‍ അനന്തന്റെ ബന്ധുക്കല്‍ കാവലിരിക്കും. പിന്നീട്‌ യുഗാവസാനത്തില്‍ അവതാരവേഷമിരിക്കുന്ന അറയുടെ മേല്‍ ഒരനുഷ്ഠാനംപോലെ താനും ബ്രഹ്മ-മഹേശ്വരന്‍മാരും കൂടി കൈവെക്കുമ്പോള്‍ അറ തുറക്കുകയും താന്‍ മാത്രം അറയിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. പിന്നെ തനിക്കു പുറകില്‍ അറയുടെ വാതിലുകള്‍ അടയുന്നു. വേഷങ്ങളണിയാനും ശത്രുസംഹാരത്തിന്റെ രീതികള്‍ രൂപപ്പെടുത്താനും വേണ്ടി താന്‍ ധ്യാനിക്കുവാന്‍ തുടങ്ങുമ്പോള്‍ വസതിക്കുപുറത്ത്‌ ദേവന്‍മാര്‍ പൂജകളും ആഘോഷങ്ങളും നടത്തുകയായിരിക്കും. 


പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പുകള്‍ കുറച്ചൊക്കെ മഹാവിഷ്ണു അടര്‍ത്തിമാറ്റി. അനന്തന്റെ ബന്ധുക്കളിലാരോ വള്ളിയിലൂടെ ഊര്‍ന്നിറങ്ങി ഭഗവാനെ പ്രണമിച്ച്‌ അറകള്‍ക്കു നേരെ പാഞ്ഞുപോയി. അപ്രതീക്ഷിതമായ തണ്റ്റെ ആഗമനം ഈ പാവങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുന്നുവെന്ന്‌ മഹാവിഷ്ണു അറിഞ്ഞു. വസതിയുടെ അകത്തളത്തിലാണിപ്പോള്‍ മഹാവിഷ്ണു നില്‍ക്കുന്നത്‌. തളത്തിനു ചുറ്റുമായാണ്‌ അറകള്‍ തീര്‍ത്തിരിക്കുന്നത്‌. തളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പത്ത്‌ അറകളും വളഞ്ഞു കിടന്നു. ഓരോ യുഗാവസാനത്തിലും താന്‍ എടുത്തണിഞ്ഞ്‌ അഴിച്ചുവെച്ച വേഷങ്ങളും നോക്കി മഹാവിഷ്ണു മുന്നോട്ടുനടന്നു. പത്താമത്തെ അറയുടെ മുന്നില്‍ നാഗങ്ങള്‍ കൂട്ടം ചേര്‍ന്നു നിന്നിരുന്നു. എടുത്തണിഞ്ഞ വേഷങ്ങളിലൊന്നും ഇതുവരെയും മുഷിവു തോന്നിയിട്ടില്ലെന്ന്‌ മഹാവിഷ്ണു ഓര്‍ത്തു. ഇപ്പോള്‍ മാത്രം എന്തോ ഒരസ്വസ്ഥത. 


ഒരുപക്ഷെ ഇതിനുമുമ്പൊരിക്കലും അനവസരത്തില്‍ വേഷമിടേണ്ടി വന്നീട്ടില്ലാത്തതുകൊണ്ടാവാം ഈ അസ്വസ്ഥത. വേഷമണിഞ്ഞതിനുശേഷം ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും നടന്ന ഓരോ സംഭവങ്ങള്‍ ഇപ്പോഴും മനസ്സിനെ മഥിക്കുന്നുണ്ടെന്നുള്ളത്‌ ഒരു പരമാര്‍ത്ഥം മാത്രം. പക്ഷെ അതെല്ലാം അങ്ങനെ സംഭവിക്കാന്‍ വേണ്ടി പദ്ധതിയൊരുക്കിയതിനാല്‍ ആശ്വസിക്കാന്‍ പറ്റുമായിരുന്നു. എങ്കിലും ഓര്‍മ്മിക്കുമ്പോള്‍ തന്റെ മനസ്സ്‌ അല്‍പ നേരം തളര്‍ന്നുപോകുന്നു. 


(അടുത്ത പോസ്റ്റില്‍ തീരും)

പത്താമൂഴം (1)

മിഴികളെങ്ങോ ഊന്നി മഹാവിഷ്ണു കിടന്നു. അനന്തന്‍ തന്റെ ശരീരം തളര്‍ത്തി വളരെ മൃദുവാക്കി ഭഗവാന്‌ സുഖകരമായ ശയനം ഉറപ്പാക്കുവാന്‍ ശ്രമിച്ചു. എന്നീട്ടും ഭഗവാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇരിക്കുമ്പോഴും, നടക്കുമ്പോഴും, ശയിക്കുമ്പോഴും എന്നു വേണ്ട ഓരോ ചലനങ്ങളിലും തന്റെ സ്വാമിയെ സുസ്മേര വദനനായി മാത്രമേ താന്‍ കണ്ടിട്ടുള്ളുവെന്ന്‌ അനന്തന്‍ ഓര്‍ത്തു. പക്ഷെ ഇന്നെന്തോ ആ കോമള മുഖം കൂടുതല്‍ വിഷാദപൂര്‍ണ്ണമായിരിക്കുന്നു. എന്നത്തേയും പോലെ തന്നെ തൊട്ടു തലോടാനും ത്രിലോക വര്‍ത്തമാനങ്ങള്‍ കേള്‍പ്പിക്കാനും എന്തിനേറെ ഒന്നു പുഞ്ചിരിക്കാന്‍ പോലും ഭഗവാന്‍ മറന്നുപോയിരിക്കുന്നു. ദേവലോകത്ത്‌ പുതിയ സമസ്യകളെന്തെങ്കിലുമുണ്ടാകുമോ? അതുമല്ലെങ്കില്‍ ഈ കലിയുഗത്തില്‍ ഏതെങ്കിലും അസുരന്‍മാര്‍ മൂന്നുലോകവും പിടിച്ചടക്കാനുള്ള വ്യഗ്രതയില്‍ ദേവന്‍മാരുടെ സ്വൈര്യം കെടുത്തുന്നുണ്ടാവുമോ? 


എന്തുണ്ടായാലും പേടിത്തൊണ്ടന്‍മാര്‍ ഉടനെ വൈകുണ്ഠത്തിലെത്താറുണ്ട്‌. അതെല്ലാം നേരത്തേ അറിവുള്ള ഭഗവാന്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ പ്രശ്ന നിവാരണവും കണ്ടുവെച്ചിട്ടുണ്ടാവും. അങ്ങനെയുള്ള ഭഗവാനാണിപ്പോള്‍ ചിന്താമഗ്നനായ്‌, വിഷണ്ണനായ്‌ കാണപ്പെടുന്നത്‌. ഇനിയും കാത്തിരിക്കാന്‍ തനിക്കാവില്ല. അനന്തന്‍ ഭഗവാന്റെ ദൃഷ്ടിയില്‍ പെടും വിധം ഫണം താഴ്ത്തി നിന്നു. പിന്നീട്‌ നിറകണ്ണുകളോടെ ചോദിച്ചു.


"ഭഗവന്‍, ത്രിലോകങ്ങളിലെ പ്രശ്നങ്ങള്‍ക്കു മുഴുവന്‍ മന്ദസ്മിതം പൊഴിച്ചുകൊണ്ടുമാത്രം പരിഹാരം ചെയ്തീട്ടുള്ള അവിടുന്ന്‌ എന്താണിങ്ങനെ അസ്വസ്ഥനാകുന്നതെന്ന്‌ അടിയന്‌ മനസ്സിലാകുന്നില്ലല്ലോ. " 


മഹാവിഷ്ണു അപ്പോള്‍ മാത്രമാണ്‌ അനന്തന്റെ അര്‍ദ്ധനിമീലിതവും, അശ്രുപൂരിതവുമായ നയനങ്ങള്‍ കാണുന്നതുതന്നെ. ഭഗവാന്‍ മെല്ലെ എഴുന്നേറ്റ്‌ അനന്തന്റെ ശിരസ്സില്‍ തലോടിക്കൊണ്ടു പറഞ്ഞു. 


"നിന്റെ ഊഹം ശരിതന്നെ. ഒരുപക്ഷെ ഈ വൈകുണ്ഠത്തിലെ ജീവജാലങ്ങളെല്ലാം നിന്നെപ്പോലെ എന്നെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടാകാം. പൊയ്കയിലെ കമലദളങ്ങള്‍ പോലും പരിഭവിച്ചെന്നപോലെ കൂമ്പി നില്‍ക്കുന്നതും ഞാന്‍ കാണുന്നു" 


"എന്താണങ്ങയെ അസ്വസ്ഥനാക്കുന്നത്‌ പ്രഭോ?" അനന്തന്‍ വീണ്ടും ആകാംഷപൂണ്ടു. 

ഭഗവാന്‍ പറഞ്ഞു,


"ഇതു കലിയുഗമല്ലേ അനന്താ, കാരണങ്ങള്‍ക്കു കുറവൊന്നുമില്ല. അധര്‍മ്മങ്ങള്‍ വൈകുണ്ഠം വരെ നീണ്ടുകഴിഞ്ഞിരിക്കുന്നു. " 

"പക്ഷെ അവതാരകാലമായില്ലല്ലോ സ്വാമി? അതിനിനിയും കാലമേറെ ബാക്കിയില്ലേ?" 


അനന്തന്‍ തന്റെ സന്ദേഹം മറച്ചുവെച്ചില്ല. 


"അതാണു നമ്മുടെ സമസ്യയും അനന്താ. അവതാരകാലത്തിനുവേണ്ടി കാത്തുനിന്നാല്‍ ഒരു അവതാരത്തിന്റെ ആവശ്യം തന്നെ വേണ്ടി വരില്ലെന്നാണ്‌ ഭൂമിയിലെ ചിലര്‍ തങ്ങളുടെ ചെയ്തികളിലൂടെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്‌. നീ വിശ്രമിക്കു, ഞാന്‍ ഒരു തീരുമാനത്തിലെത്തട്ടെ. " 


(തുടരും)