Tuesday, August 14, 2007

കോമരം പിന്നിട്ട കൌമാരം - 3

എസ്. എസ്.എല്‍.സി റിസല്‍ട്ടും ആദ്യ പ്രണയവും

പരീക്ഷ കഴിഞ്ഞ് വെക്കേഷന്‍ ചെലവഴിച്ചത് അമ്പലക്കുളത്തില്‍ ഒന്നു രണ്ടു മണിക്കൂര്‍ നീരാടിയും, കൂട്ടുകാര്‍ ചേര്‍ന്ന് ഉണങ്ങിയ വാഴ കയ്യുകളും, കടലാസും, പുല്ലുമൊക്കെ ചേര്‍ത്ത് ഫുട്ബോള്‍ ഉണ്ടാക്കി കളിച്ചും, വിശക്കുമ്പോള്‍ കറിക്കത്തിയും, കീറത്തുണിയുമായ് കശുമാവിന്‍ മുകളില്‍ കയറി നല്ല മൂത്ത പച്ച അണ്ടി പൊട്ടിച്ച് കശുമാവിന്‍ കൊമ്പത്തിരുന്നു തന്നെ കീറി തുണിയില്‍ തുടച്ച് പശ കളഞ്ഞ് തിന്നും, വീട്ടിലുള്ളവര്‍ ഉച്ചമയക്കത്തിലാഴുമ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്ന് വടി കൊണ്ടെറിഞ്ഞു വീഴ്ത്തിയ പച്ചമാങ്ങ ഉപ്പു കൂട്ടി തിന്നുമൊക്കെയാണ്. അമ്പലക്കുളത്തില്‍ ജെന്റ്സ് ഓണ്‍ലി കടവില്‍ നിന്ന് ചാടി അല്പം നീന്തിയാല്‍ അപ്പുറത്തെ ലേഡീസ് ഓണ്‍ലി കടവിലെ ദൃശ്യങ്ങള്‍ കാണാം. നീന്തുമ്പോള്‍ ലേഡീസിനെ നോക്കുന്നത് പഞ്ചായത്തോ അമ്പലക്കമ്മിറ്റിയോ വിലക്കാത്തതിനാല്‍ ഞങ്ങള്‍ സ്നേഹ സമ്പന്നരായ കുട്ടികള്‍ കടവില്‍ നിന്നും മറുകരയിലേക്ക് മലര്‍ന്നു നീന്തുകയും, സ്വാഭാവികമായും തിരിച്ചു കടവിലേക്ക് കമിഴ്ന്നു നീന്തുകയും ചെയ്തു. ഞങ്ങള്‍ കുട്ടികളെ അവര്‍ കാര്യമാക്കാത്തതുകൊണ്ട് അവര്‍ നന്നായ് കയ്യും മെയ്യും മറന്ന് സോപ്പ് പതപ്പിച്ച് കുളിച്ചു. ഞങ്ങളില്‍ പലരും കുളത്തിന്റെ മദ്ധ്യത്തില്‍ സ്ലോ മോഷനില്‍ നീന്തി നിരീക്ഷണം നടത്തിയതിനാല്‍ അമ്പലക്കുളത്തിലെ പച്ച വെള്ളം (പൂപ്പല്‍ നിറഞ്ഞ് പച്ച നിറത്തിലുള്ള വെള്ളം) ധാരാളം കുടിച്ചിരുന്നു. (വിശപ്പും ദാഹവും മാറ്റുവാന്‍ ദൈവം കാണിച്ചു തരുന്ന ഓരോ വഴികള്‍, അല്ലാതെ എന്തു പറയാന്‍).

അന്നാളിലൊക്കെ സ്ഥിരമായ് അമ്പലത്തില്‍ വച്ചു കാണുന്ന ഒരു കുട്ടിയോട് വല്ലാത്ത ഒരിത് തോന്നിയിരുന്നു. അവളുടെ വീട് അമ്പലത്തിനടുത്തു തന്നെയായിരുന്നു. അവള്‍ ഒരിക്കല്‍ എന്നെ നോക്കി ചിരിച്ചതില്‍ പിന്നെ ഞങ്ങള്‍ പരസ്പരം ഗാഢ പ്രണയത്തിലാണെന്ന് സ്വയമൊരു തീരുമാനമെടുത്ത് ഉച്ച നേരങ്ങളില്‍ അവരുടെ വേലിക്കപ്പുറത്ത് കമ്മൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ചു കിടക്കുന്നിടത്ത് ആടിനെ തീറ്റുവാന്‍ പോയിരുന്നു. ആടിനെ ഒരിക്കലും തിരിഞ്ഞു നോക്കാതിരുന്ന ഞാന്‍ അതിനെ തീറ്റാന്‍ കൊണ്ടുപോകുന്നതു കണ്ട് അമ്മ സന്തോഷിച്ചു, മനസ്സില്‍ പറഞ്ഞുകാണും, ചെക്കനു ഇപ്പോഴെങ്കിലും കുടുംബകാര്യങ്ങളില്‍ ഒരു ശ്രദ്ധ വന്നല്ലോ എന്ന്. കാമുകിയുടെ വേലിക്കപ്പുറത്തു നിന്നുള്ള നിരീക്ഷണം ആരെങ്കിലും കണ്ടു വന്നാല്‍ എന്തടാ ഇവിടെ എന്നു ചോദിക്കാതിരിക്കാനുള്ള ഒരു ചെറിയ തട മാത്രമായിരുന്നു ആടെന്നുള്ള വിവരം എനിക്കും ആടിനുമല്ലാതെ മൂന്നാമതൊരു ജന്തുവിനും അറിയില്ലായിരുന്നു. തെക്കേ ഇറയത്ത് അവളുടെ പാവാടയുടെ നിഴലെങ്ങാന്‍ കണ്ടാല്‍ മതിയായിരുന്നു സന്തോഷമാവാന്‍. പക്ഷെ പലപ്പോഴും അവളുടെ അച്ഛന്റെ കത്തി വേഷം കണ്ട് ഞാന്‍ ആടിലേക്ക് ശ്രദ്ധ തിരിക്കുകയും വേലിയില്‍ നിന്ന് എന്തെങ്കിലും തിരഞ്ഞ് പൊട്ടിച്ച് അതിന്റെ വായില്‍ തിരുകുകയും ചെയ്യും. ഇത് ആടിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് അതിന്റെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇനിയിപ്പോള്‍ അവള്‍ വരാത്തത് ഈ ആടിന്റെ പ്രാര്‍ത്ഥനയാവുമോ എന്ന് പോലും എന്റെ നിഷ്ക്കളങ്ക മനസ്സില്‍ തോന്നാതിരുന്നില്ല. ഈ വയസ്സു കാലത്ത് കാര്‍ന്നോര്‍ക്ക് ഒരുച്ച മയക്കം നടത്തരുതോ എന്ന് സ്വാഭാവികമായ ഒരു സംശയം എന്നില്‍ തല പൊക്കാതിരുന്നില്ല. പക്ഷെ അയാള്‍ക്കു പകരം പ്രണയത്തിന്റെ എ.ബി.സി.ഡി അറിയാത്ത ആ പെണ്‍കിടാവായിരുന്നു ആ നട്ടപ്ര ഉച്ചക്കും കൂര്‍ക്കം വലിച്ചുറങ്ങിയിരുന്നത്. അങ്ങനെ പല നാള്‍ പോയി ഉച്ച വെയിലു കൊണ്ടതും ഒടുവില്‍ കടിത്തുമ്പയുടെ ഇടയില്‍ കിടന്ന കാലിന്റെ ചൊറിച്ചില്‍ മേലാകെ പടരാന്‍ തൂടങ്ങിയതും ശരീരമാസകലം ചൊറിഞ്ഞ് ആടിനെ ഉപേക്ഷിച്ച് വീട്ടിലേക്കോടിയതും എല്ലാം ചരിത്ര സംഭവങ്ങള്‍. അതോടെ ഞാന്‍ കാമുകിയേയും ആട് എന്നേയും ഉപേക്ഷിച്ചു.

പിന്നീട് ആടിനെ കണ്ടെടുക്കാന്‍ വീട്ടുകാര്‍ ഒരു സഹായ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി അംഗങ്ങള്‍ അയല്‍‌രാജ്യങ്ങളായ ഇലവങ്കോടുദേശം (അല്ലെങ്കില്‍ തൊറവങ്കാട്), ഊളക്കാട്, മുല്ലക്കാട്, കല്ലന്‍‌കുന്നുവഴി രഹസ്യാന്വേഷണം നടത്തുകയും ഒടുവില്‍ നിരാശരായി പുല്ലൂര്‍ ദേവി തിയ്യറ്ററില്‍ ഉലകം ച്റ്റും വാലിബന്‍ എന്ന എം.ജി.ആര്‍ പടം കണ്ട് രാത്രിയായപ്പോള്‍ ആടില്ലാതെ ആടിയാടി തിരിച്ചെത്തുകയുമുണ്ടായി. പിറ്റേന്ന് വിദൂരദേശങ്ങളായ തൊമ്മാന, വല്ലക്കുന്നു വഴി കല്ലേറ്റുങ്കര വരെ പോയി നോക്കാമെന്ന് ഒരാള്‍ അവ്യക്തമായ് മൊഴിഞ്ഞപ്പോള്‍, എന്നെടാ ഉനക്ക് പൈത്യം പിടിച്ചിരുക്കാ എന്ന് എം.ജി.ആര്‍ പടത്തിന്റെ ഹാങ് ഓവറില്‍ മറ്റൊരാള്‍ ഇടപെട്ടു. പൈസ കൊണ്ടു നടക്കുന്ന കൂട്ടത്തില്‍ പെടാത്ത ആടായതിനാല്‍ ട്രെയിന്‍ കയറി പോകാനുള്ള സാദ്ധ്യത മൂന്നാമനും തള്ളിക്കളഞ്ഞു. ഞാനും അമ്മയും അപ്പോഴും പ്രതീക്ഷയോടെ പടിക്കലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. കമ്മിറ്റി അംഗങ്ങള്‍ ഞങ്ങളെ സമാധാനിപ്പിച്ച് പുറത്തേക്കു പോകാനുള്ള വഴി തിരഞ്ഞു പിടിക്കുമ്പോള്‍ എന്റെ ആട് അതാ ആടാതെ, എന്നെ കാണാതെ അമ്മയോടെന്തു സമാധാനം പറയുമെന്ന് പേടിച്ച് പേടിച്ച് കരഞ്ഞു തളര്‍ന്ന് മുറ്റത്തു വന്നു നില്‍ക്കുന്നു. ഹയ് ദേ നിക്കണ്‍് നിങ്ങടെ ആട് ട്ടാ എന്ന് ആടിനെ തിരിച്ചറിഞ്ഞ അല്പ മദ്യപാനി അല്പം തിരിഞ്ഞു നിന്നു കൊണ്ടു പറഞ്ഞു. അതിന്റെ അടുത്ത് അതികം കൊഴയണ്ട്രാ, അത് പിടിച്ച് കടിച്ചാ കടവയറ്റില് പതിന്നാല് ഇഞ്ചക്ഷനാ ന്ന് കമ്മിറ്റിയിലെ ലീഡര്‍ പറഞ്ഞപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് അയാള്‍ നല്ല സ്പീഡില്‍ വേലി ചാടിക്കടന്ന് അവരോടൊപ്പം കൂടി.

ആദ്യ അദ്ധ്യായത്തില്‍ തന്നെ കാമുകി മരിച്ചു പോയ ഒരു അപൂര്‍ണ്ണ നോവലായി എന്റെ പ്രണയം എന്നു പറയാം.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയതുകൊണ്ട് ഇനി പത്തു ദിവസം നേരം പോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്ന സന്തോഷമുണ്ടായിരുന്നു. പലപ്പോഴും രാത്രി കഥകളി കണ്ട് അവിടെ തന്നെ കിടന്നുറങ്ങും. നല്ല ചൂടുകാലമായതുകൊണ്ട് വീട്ടില്‍ കിടന്നുറങ്ങുന്നതിനേക്കാല്‍ സുഖമായിരുന്നു അമ്പലപ്പറമ്പിലെ ഉറക്കം.ഒരു ദിവസം കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ശീവേലികഴിഞ്ഞ് പുറത്തു കടന്നപ്പോള്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് എന്നെ കാത്ത് ആല്‍ത്തറയില്‍ തളര്‍ന്നിരിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ പത്തു റാങ്കിനുള്ളില്‍ എന്റെ പേരുണ്ടാവില്ലെന്ന് എനിക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പുള്ളതിനാല്‍ പത്രക്കാര്‍ വന്ന് ഇന്റര്‍വ്യു ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും സ്വപ്നം കാണാന്‍ എനിക്കോ വീട്ടുകാര്‍ക്കോ ഭാഗ്യമുണ്ടായിട്ടില്ല. (നാട്ടുകാര്‍ക്ക് വേറെ പണിയുള്ളതുകൊണ്ട് അവര്‍ ഇത്തരം സ്വപ്നങ്ങള്‍ പെര്‍മനെന്റ് ആയി ബ്ലോക്ക് ചെയ്തിരുന്നു) ഡിസ്റ്റിംഗ്ഷനിലും ഫസ്റ്റ് ക്ലാസിലും ഞാന്‍ പണ്ടേ വിശ്വസിക്കാത്ത ഒരു ടൈപ് ആയതുകൊണ്ട് അതിനെക്കുറിച്ചന്വേഷിച്ചില്ല. പക്ഷെ കുറഞ്ഞത് ഒരു സെക്കന്റ് ക്ലാസെങ്കിലും കിട്ടാതിരുന്നത് തറവാടിനു മാനക്കേടായിപ്പോയില്ലേ എന്ന ഒരു ചിന്ത എന്നിലുളവാകാതിരുന്നില്ല, പക്ഷെ അതിനുമാത്രം കഷ്ടപ്പെട്ട് പഠിച്ചില്ലല്ലോ എന്ന ഒരു സമാധാനം കൂട്ടിനുണ്ടായിരുന്നു. അതോടൊപ്പം തന്നെ തോറ്റു എന്ന ദുഷ്പേരു വരുത്തിയെന്ന് ആരും പറയില്ലല്ലോ എന്ന സന്തോഷവും. അങ്ങനെ ആ സന്തോഷത്തില്‍ ചാടിത്തുള്ളി മുന്നോട്ടു നടന്നപ്പോഴാണ് ആനപിണ്ഡം തട്ടിത്തടഞ്ഞ് കമിഴ്ന്നടിച്ച് വീണത്. ആനപിണ്ഡമൊഴിച്ച് അവിടെയുണ്ടായിരുന്ന ബാക്കിയുള്ള എല്ലാ പണ്ടാരങ്ങളും ചിരിച്ചുവെന്നാണ്‍് എന്റെ ഓര്‍മ്മ. കിടന്ന കിടപ്പില്‍ പുറകോട്ടു നോക്കി, ഒന്നും രണ്ടുമല്ല ഒരു കുന്നു ആനപിണ്ഡമാണവിടെ കിടന്നിരുന്നത്. ഇവിടെ ഒറ്റയടിക്ക് ഇത്രയധികം പിണ്ഡമിട്ട ആ ആനക്ക് വയറിളക്കം പിടിക്കട്ടെ എന്ന് അവിടെ കിടന്നുകൊണ്ടു തന്നെ പ്‌രാവി. ഒരു കാരണവര്‍ വന്ന് പിടിച്ചെഴുന്നേല്പിച്ചു. കാല്‍മുട്ടിന്റെ മുകളില്‍ തൊലി അല്പം പിണങ്ങിയതും, വലതു കൈപത്തി ലേശം ഉളുക്കിയതും ഒഴിച്ചാല്‍ വീഴ്ച സമാധാനപൂര്‍ണ്ണമായിരുന്നു.

(തുടരും)

8 comments:

Murali Menon (മുരളി മേനോന്‍) said...

കോമരം പിന്നിട്ട കൌമാരം 3 ഭാഗത്തിലേക്ക് കടന്നിരിക്കുന്ന വിവരം എല്ലാവരേയും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. ഇതുവരെ വായിച്ചവര്‍ ഇതും ഇനി വരാന്‍ പോകുന്നതുമൊക്കെ വായിച്ച് എന്നെ തല്ലിക്കൊല്ലരുതെന്നുള്ള അപേക്ഷയോടെ,
സസ്നേഹം, നിങ്ങളുടെ സ്വന്തം കോമരം

Anonymous said...

മുരളിചേട്ടാ

കൌമാര കാലം കലക്കുന്നുണ്ട്.....

അടുത്ത ഭാഗം കാത്ത്.........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തീറ്റാന്‍ കൊണ്ടുപോയ ആളെ വഴിയില്‍ കൊണ്ട് കളഞ്ഞ കുറ്റബോധത്തോടെ തലയും താഴ്ത്തി പടിപ്പുരയില്‍ വന്ന് നിന്ന ആ ആടിനെ ഓര്‍ത്ത് ചിരിപൊട്ടി.

ആനപ്പിണ്ഡത്തില്‍ തടഞ്ഞ് വീഴുമോ!!!

തത്തറ said...

kalakki :)

അരവിശിവ. said...

ഹ ഹ...

മാഷേ നര്‍മ്മവും ലാളിത്യവും ഇഴചേര്‍ന്ന ശൈലി വളരെ മനോഹരമായി....

വളരെ നൊസ്റ്റാള്‍ജിയ അനുഭവിപ്പിയ്ക്കുന്ന പോസ്റ്റ്...

കൌമാര കഥകള്‍ തുടരട്ടെ...

വേണു venu said...

അനുഭവങ്ങള്‍ക്കു് സാദൃശ്യങ്ങള്‍ തോന്നുമ്പോള്‍‍ വായന കൂടുതല്‍‍ രസാവഹമാകുന്നു. തുടരൂ.:)

KuttanMenon said...

:)

kilukkampetty said...

"അതുനടുത്ത് അധികം കുഴയണ്ടാ , അതു പിടിച്ചു കടിച്ചാല്‍ കടവയറ്റില്‍ 14 ഇഞ് ക് ഷന്‍ ആണ്.' കുറെ ചിരിച്ചു എന്റെ മഷേ.......