Saturday, May 03, 2008
വേറിട്ട ചിന്തകള്‍
Monday, January 28, 2008
മൂകദൂതന്‍
ഐ.ടി ഹെഡ് അതുല്‍ കുല്‍ക്കര്‍ണിയാണ് ഒരു ദിവസം കാലത്ത് വീര്‍ ബഹാദൂറിനെ എന്റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. നല്ല വെളുത്ത്, പാകത്തിന് ഉയരമുള്ള, നനുത്ത മീശയുള്ള, ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍ ഭവ്യതയോടെ കൈ കൂപ്പി നിന്നു. അതുല്‍ കുല്‍ക്കര്‍ണി ആദ്യം എന്നെ വീര്‍ ബഹാദൂറിന് ഇങ്ങനെ പരിചയപ്പെടുത്തി.
“മീറ്റ് മിസ്റ്റര്‍ യദുനന്ദന്‍, ഇക്കണോമിക് അഡ്വവൈസര്‍, യു ഹാവ് ടു ഡെവലപ് മെനി പ്രോഗ്രാംസ് ആസ് റിക്വയേര്‍ഡ് ബൈ ഹിം ഫ്രെം ടൈം ടു ടൈം”
പിന്നെ എനിക്കവനെ പരിചയപ്പെടുത്തി,
“സാര്‍, ഔര്‍ ന്യൂ അപ്പോയിന്റ്മെന്റ് മിസ്റ്റര്‍ വീര്‍ ബഹാദൂര്‍ കഡ്ക്ക, പ്രോഗ്രാമര്‍, എസ്പെഷലി അപ്പോയിന്റഡ് ടു ടേക് കെയര്‍ ഓഫ് യുവര്‍ പ്രോജക്റ്റ്സ്”.
തൊഴുതു നിന്ന അവന്റെ നേരെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ കൈ നീട്ടി. സദാ പുഞ്ചിരി തൂകി നില്‍ക്കുന്ന അവന്റെ മുഖം ഒന്നു കൂടി സന്തോഷം കൊണ്ട് വിടര്‍ന്നുവെന്ന് തോന്നി. ഷേക് ഹാന്‍ഡ് നല്കിയപ്പോള്‍ മുതല്‍ തനിക്കൊരു അനുജനെ കിട്ടിയ പ്രതീതിയായിരുന്നു മനസ്സില്‍. അന്ന് മുതല്‍ അവന്‍ എന്നെ യദു ഭായ് എന്നേ വിളിച്ചീട്ടുള്ളു. എനിക്കവന്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ബഹദൂറായിരുന്നു. ഞാനവനെ ബഹദൂറേ എന്ന് നീട്ടിവിളിക്കുന്നത് ഓഫീസില്‍ ചിരിയുണര്‍ത്തിയിരുന്നുവെങ്കിലും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമായിരുന്നു. ബഹാദൂര്‍ ഒരു നേപ്പാളിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ കണ്ടീട്ടുള്ള നേപ്പാളികളുടെ മട്ടും മാതിരിയുമൊന്നും അവനില്‍ ലേശം പോലും ഏശിയിരുന്നില്ല. അഞ്ചുമണി ആകുമ്പോഴേക്കും ഓഫീസ് പടിയിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരിക്കലും ബഹാദൂര്‍ ഉണ്ടായിരുന്നില്ല. എന്റെ സങ്കല്പത്തിനേക്കാള്‍ ഒരു പിടി മുന്നിലായിരുന്നു എല്ലാ പ്രോജക്റ്റിലും അവന്റെ കയ്യൊപ്പുകള്‍. ജോയിന്‍ ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആദ്യമായ് അവന്‍ സ്വന്തം ഗ്രാമത്തിലേക്ക് പോയത്. തന്റെ ഗ്രാമത്തിലേക്ക് വരുന്നോ എന്നവന്‍ പോകുമ്പോള്‍ എന്നോട് അന്വേഷിച്ചിരുന്നു. ഇനിയൊരിക്കലാവട്ടെ എന്ന് പറഞ്ഞൊഴിഞ്ഞു. വര്‍ഷങ്ങള്‍ക്കപ്പുറം പിന്നീടവന്‍ ക്ഷണിച്ചത് രജിസ്ട്രാറുടെ ഓഫീസിലേക്കായിരുന്നു. വിവാഹ രജിസ്ട്രേഷനില്‍ സാക്ഷിയുടെ സ്ഥാനത്ത് എന്റെ ഒരു കയ്യൊപ്പിടാനായിരുന്നു അത്. ‘വീര്‍ ബഹാദൂര്‍ വെഡ്സ് രുക്സാന.’ എവിടെയോ കേട്ടു പരിചയമുള്ള ഈ പേരിന്റെ ഉടമയെ ഞാന്‍ സാകൂതം നോക്കിയപ്പോള്‍ നാണത്താല്‍ സാരി കൊണ്ട് മുഖം മറച്ചവള്‍ നിന്നു. ‘അമ്പടീ, നീയായിരുന്നോ‘ എന്നാണ് പൊടുന്നനെ മനസ്സിലേക്ക് വന്നത്. ബാങ്കിന്റെ ഏതോ ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ ഞാനവളെ പലപ്പോഴും കണ്ടീട്ടുണ്ട്. ഞാന്‍ കാണുന്ന കണ്ണുകളോടെയല്ലല്ലോ ബഹാദൂര്‍ അവളെ കണ്ടത്. അങ്ങനെ ഒരനുജന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍.
അന്ന് പതിവില്ലാതെ ഞാനല്പം കൂടുതല്‍ കുടിച്ചിരുന്നുവെന്ന് തോന്നുന്നു. ഒരു പക്ഷെ എനിക്ക് ബന്ധുവിന്റെ എണ്ണം ഒന്നില്‍ നിന്ന് രണ്ടായ് വര്‍ദ്ധിച്ചതിന്റെ സന്തോഷമായിരിക്കാം. ബഹാദൂറിന്റെ വീട്ടില്‍ ഞാന്‍ ചെല്ലുന്നതും രുക്സാന വെച്ചു വിളമ്പിയ ആഹാരം കഴിക്കുന്നതുമൊക്കെ ആലോചിച്ച് പുതിയ ബന്ധങ്ങളുടെ മറ്റൊരു തരം ലഹരിയില്‍ ഞാന്‍ മയങ്ങി. എനിക്ക് ബന്ധങ്ങള്‍ വിധിച്ചീട്ടില്യാത്തതുകൊണ്ടാവും അവരുടെ മധുവിധുനാളുകള്‍ തീരും മുമ്പേ ഹിന്ദു മുസ്ലീം ലഹളയില്‍ ബഹാദൂറിനേയും, രുക്സാനയേയും മതഭ്രാന്തന്മാര്‍ തിരഞ്ഞുപിടിച്ചു കൊന്നത്. അന്നായിരുന്നു ഞാന്‍ രണ്ടാമതും സ്വയം മറന്ന് മദ്യപിച്ചത്.
കാഠ്മാണ്ഡു വിമാനത്താവളത്തിലിറങ്ങുമ്പോള്‍ നട്ടുച്ചയായിരുന്നു. സൂര്യന്‍ നെറുകയില്‍ കത്തി നിന്നീട്ടും എന്തോ എനിക്ക് നല്ല കുളിര്‍മ്മയാണനുഭവപ്പെട്ടത്. വടക്ക് പര്‍വ്വതസാനുക്കളില്‍ മഞ്ഞുപാളികള്‍ മൂടിക്കിടന്നു. ദേവന്മാരുടെ നാട് ഒരുപക്ഷെ ഇവിടെ നിന്നാവാം ആരംഭിക്കുന്നതെന്ന് എനിക്ക് തോന്നി. ബഹാദൂര്‍ ഒരിക്കല്‍ വിവരിച്ച വഴികള്‍ മനസ്സില്‍ നിന്നും ചികഞ്ഞെടുത്ത് ഞാന്‍ അവന്റെ ഗ്രാമത്തിലേക്കുള്ള യാത്ര തുടര്‍ന്നു. അടച്ചുപൂട്ടിയ വാഗണ്‍ പോലെ തോന്നിയ ഒരു ബസ്സില്‍ വിരാട് നഗറിലേക്ക്. ബസ്സിന്റെ പുറമേ മോശമായ് തോന്നിയെങ്കിലും അകം വിശാലമായതും വൃത്തിയുള്ളതും ആയിരുന്നു. വൈകുന്നേരമായപ്പോഴാണ് വിരാട് നഗറിലെത്തിയത്. ഇനിയങ്ങോട്ടുള്ള യാത്രയെക്കുറിച്ച് ഒരവ്യക്തമായ ചിത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. നേപ്പാളിന്റെ അതിര്‍ത്തിയില്‍ ഹിമാലയസാനുക്കളിലെവിടെയോ ആണവന്റെ ‘ബാവുലിയ’ ഗ്രാമം. അല്ലെങ്കില്‍ നേപ്പാളിനും ചൈനക്കുമിടയിലെവിടെയെങ്കിലും ആയിരിക്കണം. വിരാട് നഗറില്‍ നിന്ന് പിന്നേയും മൈലുകള്‍ താണ്ടി നേപ്പാളിന്റെ അതിര്‍ത്തി പ്രദേശത്ത് ചെന്ന് അവിടെ നിന്ന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും നടന്നാലേ ഗ്രാമത്തിലെത്തുകയുള്ളുവെന്നാണവന്‍ പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. വിരാട് നഗറില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ വന്ന ബസ്സൊഴിച്ച് മറ്റൊരു വാഹനവും അവിടെ കണ്ടില്ല. കുറച്ച് കഴുതകള്‍ ഭാണ്ഡങ്ങള്‍ പേറി അവിടവിടെ മേയുന്നുണ്ടായിരുന്നു. വഴിയോരങ്ങളിലെ ഡാബകളില്‍ നിന്ന് ഹിന്ദി ഗാനങ്ങളും, പഞ്ചാബി ഗാനങ്ങളും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അതിനിടയില്‍ നേപ്പാളികളുടെ കലമ്പലും കലര്‍ന്ന് പാട്ടുകള്‍ പലപ്പോഴും അപശബ്ദങ്ങളായ് പുറത്തേക്കൊഴുകി. ഇനിയെങ്ങോട്ട് എന്ന മട്ടില്‍ വഴിവക്കില്‍ നിന്നിരുന്ന എന്നോട് ആരും ഒന്നും തന്നെ ചോദിച്ചില്ല. ഡാബകളിലേക്ക് എവിടെ നിന്നോ ചിലര്‍ വരുന്നതു കാണാം. അതുപോലെ ചിലര്‍ പുറത്തേക്ക് പോകുന്നതും കാണാം. പിന്നെ അവര്‍ എവിടെ അപ്രത്യക്ഷരാവുന്നുവെന്ന് കുറച്ച് നേരം ഞാന്‍ അത്ഭുതപ്പെട്ടു നോക്കി നിന്നു.
എയര്‍ ബാഗും തൂക്കി പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്ണിളകിയ റോഡിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ പുറകില്‍ ഒരു കുതിരവണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നിന്നു. ഹിന്ദി കലര്‍ന്ന നേപ്പാളിയില്‍ കുതിരവണ്ടിക്കാരന്‍ എനിക്ക് പോകേണ്ട ഇടം തിരക്കി. അതിര്‍ത്തിയിലെത്തിച്ചു തരാന്‍ പറയുന്നതിനായ് ഞാന്‍ കിട്ടാവുന്ന ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. രാത്രിയിലെപ്പോഴോ ആണ് നേപ്പാളിന്റെ അതിര്‍ത്തിയിലെത്തിയത്. മയക്കത്തിലാണ്ടുപോയ എന്നെ കുതിരവണ്ടിക്കാരന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു. ഞാനെഴുന്നേറ്റ് ചുറ്റും നോക്കി. വന്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടാണു ചുറ്റും. കുതിരവണ്ടിക്കാരനെ കാശുകൊടുത്ത് സന്തോഷിപ്പിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. റോഡെന്ന് പറയാവുന്നതിന്റെ അവസാന ഞെരമ്പില്‍ നിന്നും കുതിരയെ അയാള്‍ പുറകോട്ട് നടത്തി. പിന്നെ കുതിരവണ്ടി അകന്നകന്ന് പോകുന്ന ശബ്ദം രാത്രിയുടെ നിശബ്ദതയില്‍ പേടി മാറ്റാന്‍ സഹായിക്കുന്ന സംഗീതമായ് എനിക്ക് തോന്നി. മുന്നോട്ടുള്ളത് മനുഷ്യര്‍ ചവിട്ടി മെതിച്ചിട്ടിരിക്കുന്ന നടവഴികള്‍ മാത്രം.
എയര്‍ബാഗില്‍ നിന്നും ഞാന്‍ ടോര്‍ച്ച് തപ്പിയെടുത്തു. അകലെയെവിടെയോ തീയിട്ടു കായുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. അസമയങ്ങളില്‍ കരയുന്ന ചില പക്ഷികളുടെ ശബ്ദവും കേട്ട് ടോര്‍ച്ച് തെളിയിച്ച് ഞാന്‍ മുന്നോട്ടു നടന്നു. തീയിട്ടു കായുന്നവരുടെ സങ്കേതമായിരുന്നു എന്റെ ലക്ഷ്യം. നടപ്പാതകള്‍ ക്രമേണ തെളിയാതെയായി. മുന്നില്‍ ചെറിയ മലകളുടെ ഏറ്റിറക്കങ്ങള്‍ മാത്രം. കുറേ നടന്നപ്പോള്‍ വെളിച്ചം കണ്ടത് അത്രയൊന്നും അടുത്തല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു പക്ഷെ മലയുടെ രണ്ടാമത്തെ മടക്കിലായിരിക്കും ആളുകള്‍ തമ്പടിച്ചിരിക്കുന്നത്. ശക്തമായ തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ വിറയ്കാന്‍ തുടങ്ങി. എയര്‍ ബാഗില്‍ നിന്നും ഒരു സ്വെറ്റര്‍ എടുത്തിട്ടു. നൈക്കിന്റെ ചെവി മൂടുന്ന തൊപ്പിയും കൂടി ധരിച്ചപ്പോള്‍ തണുപ്പില്‍ നിന്നും നല്ല ആശ്വാസം കിട്ടി. ഞാനെത്തുമ്പോഴേക്കും തീ അണയാന്‍ തുടങ്ങിയിരുന്നു. ആകെ അഞ്ചുപേരുണ്ടായിരുന്നു അവിടെ. പിന്നെ കുറേ കഴുതകളും, ചുമടുകളും. തീയ്യിട്ടതിന്റെ അരികെ മൂന്നുപേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേര്‍ എന്തോ ചുരുട്ടിക്കത്തിച്ച് അതിന്റെ പുക വലിച്ചു കയറ്റുന്നുണ്ടായിരുന്നു. എന്നെ കണ്ടീട്ടാവണം ഉറങ്ങിക്കിടക്കുന്നവരെ അവര്‍ വിളിച്ചുണര്‍ത്തിയത്. കേട്ടറിഞ്ഞ ബഹാദൂറിന്റെ ഗ്രാമത്തെ കുറിച്ച് ഞാനവരോട് ഹിന്ദിയില്‍ പറഞ്ഞു. മനസ്സിലായെന്നതുപോലെ അവര്‍ തലകുലുക്കി. പുകവലിച്ചുകൊണ്ടിരുന്ന ഒരാള്‍ ആ ചുരുട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ സ്നേഹത്തോടെ അത് നിരസിച്ചു. തീ നാളം അണയാന്‍ പോകുന്നതു കണ്ടപ്പോള്‍ ഒരാള്‍ പോയി ഒരു ചെറിയ മരക്കൊമ്പു മുറിച്ചുകൊണ്ടു വന്നു തീയില്‍ കാട്ടിയതും അത് ആളിക്കത്താന്‍ തുടങ്ങിയത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒന്ന് പുകയുക പോലും ചെയ്യാതെ ഇത്ര ഭംഗിയായ് കത്തുവാന്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ആ മരത്തിന്റെ പേര്‍ ‘ദുപ്പി’ എന്നാണെന്നവര്‍ പറഞ്ഞു.
നേരം പുലരാന്‍ തുടങ്ങുമ്പോള്‍ അവര്‍ എന്നെ വിളിച്ചെഴുന്നേല്പിച്ചു. വീണ്ടും യാത്ര തുടര്‍ന്നു, കുറേ കയറ്റവും, ഇറക്കവുമൊക്കെ കഴിഞ്ഞപ്പോള്‍ ചെന്നു നിന്നത് ഒരു ചെറിയ നദിക്കരയിലാണ്. മഞ്ഞുപടലങ്ങളിലൂടെ സൂര്യന്റെ നേരിയ പ്രകാശം ചില പ്രത്യേക നിറങ്ങളില്‍ നദിയിലേക്ക് ചിതറി വീഴുന്നു. കൂടെയുള്ള അഞ്ചുപേരും നദിയില്‍ നിന്ന് വെള്ളം കോരിയെടുത്ത് കുടിക്കുകയും, മുഖം കഴുകുകയുമൊക്കെ ചെയ്യുന്നതുകണ്ടപ്പോള്‍ ഞാനും അവരോടൊപ്പം ചേര്‍ന്നു. കഴുതകള്‍ നദിയിലേക്ക് അധികം ഇറങ്ങാതെ മുഖം മാത്രം നീട്ടി വെള്ളം കുടിക്കുന്നുണ്ടായിരുന്നു. നദിക്കരികിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു ചെറിയ തോണി കിടന്നിരുന്നു. അതിലൊരാള്‍ മൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. കൂടെ വന്നവരിലൊരാള്‍ അയാളെ വിളിച്ചുണര്‍ത്തി. യാതൊരു ഈര്‍ഷ്യയും പ്രകടിപ്പിക്കാതെ ആ മനുഷ്യന്‍ എഴുന്നേറ്റ് തോണി എല്ലാവര്‍ക്കും കയറാവുന്ന ഒരു സ്ഥലത്തേക്ക് അടുപ്പിച്ചു. ആദ്യം ഒരാള്‍ തോണിയില്‍ കയറി. മറ്റുള്ളവര്‍ ചുമടെടുത്ത രണ്ടു കഴുതകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ചു. ഇങ്ങനെ ആ ചെറിയ നദിയുടെ കുറുകെ തോണി പലവട്ടം സഞ്ചരിച്ചു. ഒടുവിലെ ഊഴമായിരുന്നു എനിക്ക്. അവരെന്തോ ചില്ലറയെണ്ണി കടത്തുകാരനു നല്‍കി. അയാളതു വാങ്ങി എളിയില്‍ തിരുകിയ ഒരു കൊച്ചു സഞ്ചിയിലിട്ട് പിന്നെ ആകാംഷയോടെ എന്നെ നോക്കി. കൂടെയുള്ളവരെ മുഷിപ്പിക്കാതിരിക്കാന്‍ കുറച്ച് നാണയങ്ങള്‍ മാത്രം ഞാനും അയാള്‍ക്ക് നല്‍കി. വീണ്ടും ഞങ്ങളെല്ലാവരും മല കയറാന്‍ തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അവര്‍ വിശാലമായ ഒരു സ്ഥലത്ത് വിശ്രമിച്ചു. പക്ഷെ എനിക്ക് ഒട്ടും ക്ഷീണം തോന്നിയിരുന്നില്ല. ഭാണ്ഡങ്ങളഴിച്ച് അവര്‍ ചപ്പാത്തിയും ഉരുളക്കിഴങ്ങ് സബ്ജിയും കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ദുപ്പി മരങ്ങളെ തലോടി നിന്നു. പക്ഷെ സല്‍ക്കാരപ്രിയരായിരുന്ന അവര്‍ കൊണ്ടുവന്നതില്‍ ഒരു പങ്ക് എന്നെയും നിര്‍ബ്ബിന്ധിച്ച് കഴിപ്പിച്ചു. വെള്ളം മാത്രം അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതിനു പകരം അവര്‍ കുറച്ച് ഇലകള്‍ പൊട്ടിച്ചുകൊണ്ടു വന്ന് തിന്നു. ഒന്നു രണ്ടെണ്ണം ഞാനും കഴിച്ചു. അതോടെ ദാഹം മാറുകയും ചെയ്തു.
ബഹാദൂര്‍ പറഞ്ഞീട്ടുള്ളത് നദി കഴിഞ്ഞ് മല കയറി വൈകുന്നേരത്തോടെ ഒരു ബുദ്ധക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ്. നടന്നും, വിശ്രമിച്ചും, മലയിടുക്കള്‍ താണ്ടി സന്ധ്യ മയങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്തോത്രങ്ങളും മണിയൊച്ചയുമെല്ലാം അടുത്തടുത്തായ് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ കൂടെയുള്ള അഞ്ചുപേരും നിന്നു. ഒരാള്‍ എന്നോടു പറഞ്ഞു, ഞങ്ങള്‍ മറ്റൊരു വഴിക്കാണ്. താങ്കള്‍ ഇന്നിവിടെ തങ്ങുക. ഭക്ഷണവും താമസവും എല്ലാം ക്ഷേത്രത്തില്‍ സൌജന്യമാണ്. നാളെ മലയിറങ്ങുക. ഉച്ചയാവുമ്പോള്‍ അടിവാരത്ത് കുറേ ഗ്രാമങ്ങള്‍ കാണാം. അവിടെ നിന്ന് ഒരു ചെറിയ മല കയറിയാല്‍ താങ്കള്‍ പറഞ്ഞ ബാവുലിയ ഗ്രാമത്തിലെത്തും. ഹിന്ദിയും, ബോജ്‌പുരിയും, നേപ്പാളിയുമൊക്കെ കലര്‍ത്തിയാണവര്‍ എന്നോട് സംസാരിച്ചത്. ബഹാദൂറിന്റെ വിവരണങ്ങളെ തൊട്ടുണര്‍ത്താന്‍ അവരുടെ ഭാഷക്ക് കഴിയുന്നുണ്ടെന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു. അവര്‍ക്ക് നന്ദി പറഞ്ഞ് ഞാന്‍ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. മുണ്ഡിത ശിരസ്കനായ, കാഷായവും, രുദ്രാക്ഷവുമണിഞ്ഞ ഒരു ബുദ്ധസന്ന്യാസി എന്നെ ക്ഷേത്ര കവാടത്തില്‍ എതിരേറ്റു. പണ്ടെപ്പോഴോ കണ്ട ബ്രൂസിലി സിനിമകളിലെ ഷാവ്‌ലിന്‍ മാതൃകയായിരുന്നു ക്ഷേത്രത്തിന്. അതിന്റെ വിചിത്രമായ ചിത്രത്തൂണുകളും, കൊത്തുപണികളുള്ള വാതിലുകളും, വാതിലുകളില്‍ തൂങ്ങിക്കിടക്കുന്ന കൊച്ചു കൊച്ചു മണികളും ഞാന്‍ കൌതുകത്തോടെ നോക്കി നടന്നു. സന്ന്യാസി എന്നെ ഇടനാഴികകളിലൂടെ നടത്തി പിന്നെ വിശാലമായ അകത്തളത്തിലെത്തിച്ചു. അവിടെ കിടന്നിരുന്ന ഭംഗിയുള്ള ഒരു പീഠത്തിലിരിക്കാന്‍ അപേക്ഷിച്ച് തല കുനിച്ച് വന്ദിച്ച് അദ്ദേഹം വന്ന വഴിയെ തിരിച്ചുപോയി.
കട്ടിയുള്ള തറയില്‍ കമ്പിളിയും വെള്ളയും വിരിച്ചിട്ടിരുന്നു. ശുഭരാത്രി പറഞ്ഞ് അദ്ദേഹം പോയി. കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. നാളെ ഉച്ചയോടെ ഞാന്‍ ബഹാദൂറിന്റെ ഗ്രാമത്തിലെത്തും. അവന്റെ വയസ്സായ അച്ഛനേയും, അമ്മയേയും, കൊച്ചു സഹോദരിയേയും ഞാന്‍ കാണും. അവന്റേതെന്ന് പറയാന്‍ മാത്രം പോലീസുകാര്‍ എന്നെ ഏല്പിച്ച വാച്ചും, മോതിരവും ബാങ്കിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത പണവും എനിക്കവരെ ഏല്പിക്കണം. മകന്റെ അകാലമരണത്തില്‍ എനിക്കാവുന്നതുപോലെ അവരെ ആശ്വസിപ്പിക്കണം. പറ്റുമെങ്കില്‍ അവരോടൊപ്പം കുറച്ചുനാള്‍ ഒരു മകന്റെ സ്നേഹം പകര്‍ന്ന് കൊടുത്ത് അതുപോലെ ഒരച്ഛന്റേയും, അമ്മയുടേയും, സഹോദരിയുടേയും സ്നേഹം നുകര്‍ന്ന് കഴിയുക. അവള്‍ ഓടി വന്ന് എന്നെ ചേട്ടാ എന്ന് വിളിക്കുന്നതും, അവന്റെ അമ്മ എന്നെ സ്നേഹത്തോടെ മോനേ എന്നു വിളിക്കുന്നതും, അവന്റെ അച്ഛന്‍ എന്റെ തോളില്‍ കയ്യിട്ട് തൊടിയിലൂടെ നടന്ന് ജീവിത സായാഹ്നങ്ങളിലേക്ക് നടന്ന് കയറിയതിന്റെ കഥ പറയുന്നതും ഞാന്‍ മനസ്സില്‍ കണ്ടു. മെല്ലെ മെല്ലെ വീര്‍ ബഹാദൂറിന്റെ വര്‍ണ്ണപകിട്ടുള്ള കഥകള്‍ നിറഞ്ഞ ഗ്രാമം അവന്റെ വാക്കുകളിലൂടെ സ്വപ്നത്തില്‍ തെളിഞ്ഞുവന്നു.
********
വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോഴായിരുന്നു ബഹാദൂര്‍ എന്നെ വീട്ടിലേക്ക് അത്താഴത്തിനു വിളിച്ചത്. രുക്സാന അത്താഴം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നെ ബഹാദൂര്‍ ടെറസ്സിന്റെ മുകളിലേക്ക് കൊണ്ടു പോയി. അവിടെ വിസ്കിയുടെ കുപ്പിയും, ഗ്ലാസും, കപ്പലണ്ടിയുമൊക്കെ അവന്‍ ആരും കാണാതെ എനിക്ക് വേണ്ടി ഒളിപ്പിച്ചു വെച്ചിരുന്നു. ഹേയ്, വേണ്ടിയിരുന്നില്ല, ഞാന്‍ പറഞ്ഞു. പക്ഷെ അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. അനുജന്‍ ചേട്ടനുവേണ്ടി ഗ്ലാസില്‍ വിസ്കി പകര്‍ന്ന് തന്നു. ഞാനത് നുണഞ്ഞുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ വീര്‍ ബഹാദൂര്‍ ഏറെ സന്തോഷത്തോടെ തന്റെ ഗ്രാമത്തെ പറ്റി പറയാന്‍ തുടങ്ങി. ഗ്രാമത്തിലെ പല സംഭവങ്ങളും പലപ്പോഴായി എന്നോട് പറഞ്ഞീട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ അവന്‍ ഒരടുക്കും ചിട്ടയോടും കൂടിയാണ് ഗ്രാമത്തിന്റെ കഥ പറയുന്നത്. അതുകൊണ്ടു തന്നെ കേള്‍ക്കുവാന്‍ എനിക്ക് നല്ല മൂഡുണ്ടായിരുന്നു. ഞാന്‍ എന്നോ വായിച്ചീട്ടുള്ള ഇര്‍വിംഗ് വാലസ്സിന്റെ ഏതോ ഒരു നോവലിലെ ഗ്രാമത്തെ പറ്റിയാണോ അവന്‍ പറയുന്നതെന്നു പോലും ഞാന്‍ സംശയിച്ചു. അവന്‍ ആയിരം നാവോടെ പറയുകയാണ്.
“..........ഓരോ മലയിടുക്കുകളിലും പത്തിരുപത് വീടുകളുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. മഞ്ഞു പുതച്ചു കിടക്കുന്ന സുന്ദരിയായ ബാവുലിയാ ഗ്രാമം. യദുഭായ്, ഞങ്ങളുടെ ഗ്രാമത്തിലെ ആചാരങ്ങളും, ആഘോഷങ്ങളും മനോഹരങ്ങളായിരുന്നു. പരസ്പരം അറിയാത്ത, സംസാരിക്കാത്ത ആരുമുണ്ടായിരുന്നില്ല ആ ഗ്രാമത്തില്‍. ഉരുളന്‍ കിഴങ്ങ് പുഴുങ്ങിയതും, പച്ചിലക്കറികളും, ആട്ടിറച്ചിയുമൊക്കെയാണ് പ്രധാന ഭക്ഷണം. ആര്‍ക്കും പട്ടിണിയൊന്നും ഇല്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ഗവണ്മെന്റ് വക ഒരു സ്കൂള്‍. അതും വെറും രണ്ടാം ക്ലാസ് വരെ മാത്രം. ആടുമേച്ച് നടക്കാനായിരുന്നു ഗ്രാമങ്ങളിലെ കുട്ടികള്‍ക്കിഷ്ടം. മിക്കവാറും ചെറുപ്പക്കാരെ അതിര്‍ത്തി കാവലിനായ് പട്ടാളത്തിലേക്കെടുക്കുന്നു. മറ്റു ചിലര്‍ ഷേര്‍പ്പകളായ് എവറസ്റ്റ് കയറുന്നവര്‍ക്ക് കൂട്ടായ് തീരുന്നു. പട്ടാളത്തില്‍ പോയവരും, എവറസ്റ്റ് കയറിയവരും തിരിച്ചുവരുന്നതും കാത്തിരിക്കുന്നവരുടെ എണ്ണം ഏറെയാണ് ഗ്രാമത്തില്‍. ചിലരൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം വന്നുവെന്നു വരും. എന്റെ ഓര്‍മ്മയില്‍ തിരിച്ചുവരാത്തവര്‍ ഒരുപാടുണ്ട്. പക്ഷെ അവരൊക്കെ വരുമെന്നുള്ള ഉറച്ച വിശ്വാസം ഞങ്ങളുടെ ഗ്രാമീണര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സന്തോഷത്തോടെ, സ്നേഹത്തോടെ, സഹകരണത്തോടെ ജീവിച്ചു. ഞാന്‍ സ്കൂള്‍ മാസ്റ്ററായ സാംബുദേവ് മാസ്റ്ററുടെ നിഴല്‍ പറ്റി നടക്കാനാണ് ഏറെ ഇഷ്ടപ്പെട്ടത്. ആ ഗ്രാമത്തിലേക്ക് വരുന്ന കത്തുകള്‍ വായിക്കാന്‍ എല്ലാവരും ആശ്രയിച്ചത് സാംബുദേവ് മാസ്റ്ററെ ആയിരുന്നു. മാസിലൊരിക്കല്‍ പലവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നതിനായ് വിരാട് നഗറില്‍ പോകുന്നവരാണ് കത്തുകള്‍ കൊണ്ടുപോകുകയും, കൊണ്ടുവരികയും ചെയ്യുന്നത്. സ്കൂളിന്റെ തിണ്ണയിലിരുന്ന് മാസ്റ്റര്‍ കത്തുകള്‍ ഉറക്കെ വായിക്കും.അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് ഓരോ വീട്ടിലേയും കാര്യങ്ങള്‍ ഹൃദ്യസ്ഥമാണ്. വായിച്ച കത്തുകള്‍ ഗ്രാമവാസികളെ ഏല്പിക്കുമ്പോള്‍ അവര്‍ പറയും. അതിന് മാഷ് തന്നെ എല്ലാ കാര്യങ്ങളും കാണിച്ച് ഒരു മറുപടിയും എഴുതണം. അങ്ങനെ മാസ്റ്റര്‍ക്ക് രാവും, പകലും തിരക്കോടു തിരക്കായിരുന്നു. ആടുമേയ്ക്കാതെ, വെയില്‍ കൊള്ളാതെ സ്കൂളിനകത്തിരുന്ന് മാസ്റ്റര്‍ ഗ്രാമവാസികളുടെ സ്നേഹവും, പരിചരണവും കൊണ്ട് തടിച്ചു കൊഴുത്തിരുന്നു. ഏതാണ്ട് മദ്ധ്യവയസ്കനായിരുന്ന സാംബുദേവ് മാസ്റ്റര്‍ ആ ഗ്രാമത്തിലെ യുവതികളുടെ ആരാധനാപാത്രമായിരുന്നു. നല്ല പ്രായത്തില്‍ തന്നെ മാസ്റ്റരുടെ ഭാര്യ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം ചെയ്യാനൊന്നും മാസ്റ്റര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കല്ല്യാണം കഴിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മാസ്റ്റര്‍ക്ക് ചുറ്റും എപ്പോഴും യുവതികളുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു മോളുണ്ടായിരുന്നു. മാസ്റ്റര്‍ യുവതികളെ സഹായിക്കുന്നതുകൊണ്ട് മോളുടെ കാര്യം നോക്കാന്‍ യുവതികള്‍ തമ്മില്‍ മത്സരമായിരുന്നു. ഒരുപക്ഷെ മാസ്റ്ററെ പോലെയാവാനുള്ള എന്റെ ഉള്ളിന്റെ ഉള്ളിലെ മോഹമാവാം കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ അകലെയുള്ള വിരാട് നഗറിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് പഠിപ്പു തുടര്‍ന്നു. അവിടെ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. മാസിലൊരിക്കല്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ എന്റെ മുഴുവന്‍ ജീവിതവും പുറം നാട്ടിലായിരുന്നു. പിന്നീട് ജോലി തേടി മുംബൈ നഗരത്തില്‍ വന്നതും, ഹോട്ടല്‍ ജോലി ചെയ്ത് നൈറ്റ് സ്കൂളില്‍ പഠിച്ചതും, ഗോള്‍ഡ് മെഡലോടെ ഡിഗ്രിയെടുത്തതുമൊക്കെ ദാ ഇന്നലത്തെ പോലെ തോന്നുന്നു. യദുഭായ്‌ക്കറിയാമോ, ഒരു പക്ഷെ മഞ്ഞുമലയില്‍ നിന്നുള്ള ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ഞാനായിരിക്കും ഓരോ തവണയും ഗ്രാമത്തിലെത്തുമ്പോള്‍ യുവതികള്‍ ഒരു വീരപുരുഷനെ സ്വീകരിക്കുന്ന മട്ടിലായിരുന്നു എന്നെ സ്വീകരിച്ചിരുന്നത്. സാംബുദേവ് മാസ്റ്ററെ മറന്ന പെണ്‍കുട്ടികളുടെ ദിവാസ്വപ്നങ്ങളില്‍ ഇപ്പോള്‍ ഞാനൊരു ഗന്ധര്‍വ്വനായ് നിറഞ്ഞു നില്‍ക്കുകയാണോന്നൊരു സംശയം. എന്റെ സന്ദര്‍ശനങ്ങള്‍ ഗ്രാമവാസികള്‍ക്കുത്സവമായി. അവരുടെ നിറവേറാന്‍ ബുദ്ധിമുട്ടുള്ള ആശകളൊക്കെയായിരുന്നു ഞാന്‍ കൊടുക്കുന്ന വിദേശ മദ്യത്തിലും, സുഗന്ധദ്രവ്യങ്ങളിലുമൊക്കെയായി അലിഞ്ഞു ചേര്‍ന്നത്. പഠിപ്പും, ജോലിയുമായ് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന എനിക്ക് സാംബുമാസ്റ്ററുടെ വിറയാര്‍ന്ന കൈപ്പടകളിലൂടെയാണ് ഗ്രാമവിശേഷങ്ങളെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങളോളം ഗ്രാമത്തിലെ വിശേഷങ്ങളൊന്നും അറിയാതിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായ് പെട്ടെന്ന് ഗ്രാമത്തിലെത്തി.
സാംബുമാസ്റ്റര്‍ തളര്‍വാതം പിടിച്ച് കിടപ്പിലായെന്നും അതുകൊണ്ടിനി ഞാന്‍ ഗ്രാമത്തില്‍ നിന്ന് പോകരുതെന്നും ഗ്രാമവാസികള്‍ അപേക്ഷിച്ചു. വസന്തോത്സവത്തിനു തുടക്കമാവാന്‍ വെറും രണ്ടു ദിവസമുള്ളപ്പോഴായിരുന്നു ഞാന്‍ അന്ന് ഗ്രാമത്തിലെത്തിയത്. കുറ്റിക്കാടുകള്‍ വെടുപ്പാക്കി ദേവിമാതായുടെ വിഗ്രഹത്തില്‍ ചെമ്മരിയാടിനെ ബലിയര്‍പ്പിച്ച് ആ ചോരകൊണ്ട് വിഗ്രഹം കഴുകി, ചെമന്ന കാട്ടുപൂക്കളണിയിക്കുന്നതോടെ ആഹ്ലാദത്തിന്റെ ദിവസം ആരംഭിക്കുന്നു. ബലിയര്‍പ്പിച്ച ചെമ്മരിയാടിന്റെ മാംസം അവിടെ തന്നെ പാകം ചെയ്ത് പ്രസാദമായ് എല്ലാവരും ഭക്ഷിച്ചുകൊണ്ട് കലാ പരിപാടികളിലേക്ക് കടക്കുക എന്നതാണ് ഉത്സവം. ഓരോ വര്‍ഷവും ദേവിമാതയ്ക്ക് ബലിയര്‍പ്പിക്കാനുള്ള അവകാശം ഗ്രാമത്തിലെ ഏത് വീട്ടുകാര്‍ക്കാണ് എന്നത് ദേവി സ്വപ്നദര്‍ശനത്തിലൂടെ ഗ്രാമത്തലവന് വെളിപ്പെടുത്തുമത്രെ. അതുകൊണ്ടു തന്നെ ദേവിക്കു ബലിയര്‍പ്പിക്കാനുള്ള അവകാശത്തിനുവേണ്ടി ഓരോ വീട്ടുകാരും ആശയോടെ കാത്തിരിക്കും. മാനിറച്ചിയും, കഞ്ചാവും കാഴ്ച വെക്കുന്നവര്‍ പിന്നീട് ഗ്രാമത്തലവന്റെ സ്വപ്നദര്‍ശനത്തില്‍ ബലിയര്‍പ്പിക്കാന്‍ യോഗ്യരായ് തീരുന്ന വിവരം പിന്നീടെപ്പോഴോ ഞാന്‍ മനസ്സിലാക്കിയിരുന്നു. സാംബുമാസ്റ്റര്‍ കിടപ്പിലായതോടെ പട്ടാളത്തിലും, എവറസ്റ്റിലും പോയ മക്കളുടെ വിശേഷങ്ങളറിയാതെ അമ്മമാരും, ഭാര്യമാരും മനം നൊന്തു ജീവിച്ചു. അതുകൊണ്ടുതന്നെ എനിക്ക് മുംബൈയിലേക്കാള്‍ തിരക്കേറി. കത്തുകള്‍ വായിക്കുകയും, മറുപടി എഴുതുകയുമൊക്കെ എനിക്ക്ഏറ്റെടുക്കേണ്ടി വന്നു. ഭര്‍തൃവിരഹത്തില്‍ പലരും എന്റെ നെഞ്ചിലും, പുറത്തും ചാരി നിന്നു വിതുമ്പി. നിയന്ത്രിക്കാനാവാത്ത വിധം മാംസളതയുടെ സ്പര്‍ശനവും, ചുടുനിശ്വാസങ്ങളുമൊക്കെ ഏറ്റുവാങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന് ഗ്രാമം വിടാന്‍ ഞാന്‍ നിശ്ചയിക്കുകയായിരുന്നു. പാവങ്ങളായ സ്ത്രീകളെ മയക്കിയെടുത്ത് ഒരു കാമദേവനായ് വേണമെങ്കില്‍ എനിക്കു കഴിയാമായിരുന്നീട്ടും ഞാനതിനു തയ്യാറായില്ല.
പിറ്റേന്ന് തിരിച്ചുപോകാനായ് വസ്ത്രങ്ങള്‍ എയര്‍ബാഗിലൊതുക്കുമ്പോള്‍ തൊട്ടടുത്തായ് കുപ്പിവളകള്‍ ചിരിച്ചു. വിരഹാതുരയായ ഏതെങ്കിലും തരുണി ഒരു കത്തെഴുതാന്‍ എന്നോട് പറയാന്‍ വന്നതായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. അതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ വസ്ത്രങ്ങളെല്ലാം അടുക്കി വെക്കുന്നതുവരെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയതേയില്ല. പിന്നെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ പോയിരിക്കും എന്ന് കരുതി. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ യൌവനയുക്തയായ ഒരു സുന്ദരി. കണ്ണാടി കഷ്ണങ്ങള്‍ വെച്ചു തുന്നിയ ചോളിയും തുട മറയ്ക്കുന്ന ജംബറുമിട്ട് ഇടതു കയ്യിലെ കുപ്പി വളകള്‍ കിലുക്കി പാതി മിഴികള്‍ വളകളിലും പാതി എന്നിലുമര്‍പ്പിച്ച് അവള്‍ നിന്നു. ജനലില്‍ കൂടി അകത്തു കടന്ന സൂര്യപ്രകാശം അവളുടെ ചോളിയില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ചിമ്മി. എനിക്ക് വിശ്വസിക്കാനായില്ല. അവള്‍ സാംബുദേവ് മാസ്റ്റരുടെ മകള്‍ ബാബുനി തന്നെയാണോ. കുട്ടിക്കാലത്ത് മാസ്റ്റരോടൊപ്പം നടന്നപ്പോള്‍ മറ്റൊരു കൂട്ടായ് ബാബുനിയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിനടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടു നിന്ന അവളെ കെട്ടിപ്പിടിച്ച് ചുംബിച്ചത് ഞാനെന്തേ ഇത്ര പെട്ടെന്ന് മറന്നു പോയതെന്നാലോചിച്ച് കുറ്റബോധം തോന്നി. ബാബുനി എന്നേയും, വസ്ത്രങ്ങള്‍ നിറച്ച എയര്‍ബാഗിലും മാറി മാറി നോക്കി നിന്നു. ഞാനപ്പോള്‍ രുക്സാനയെകുറിച്ചോര്‍ത്തു. പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോന്നീട്ട് നാളേറെയായി. അവള്‍ക്ക് ഒരു കത്തു പോലും അയച്ചീട്ടില്ല.
“എന്താ വീര്‍ സാഹബ് ആലോചിക്കുന്നത്? ഞാന്‍ വന്നതിഷ്ടമായില്ലേ”
അവള്‍ ഗദ്ഗദത്തോടെയാണത് ചോദിച്ചത്. എനിക്ക് വേദന കലര്‍ന്ന ഒരു ചിരി സമ്മാനിക്കാനേ കഴിഞ്ഞുള്ളു. അച്ഛന്‍ കിടപ്പിലായതിനുശേഷം ആരും അങ്ങോട്ട് വരാറില്ലെന്നും, വീട്ടില്‍ നിന്ന് പോന്നീട്ട് അധിക നേരമായെന്നും അതുകൊണ്ട് തിരിച്ചുപോകുന്നെന്നും പറഞ്ഞ് അവള്‍ നടന്നകന്നു. എന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു. ബാബുനി എനിക്കു വേണ്ടിയാണോ കാത്തിരിക്കുന്നത്. വീട്ടുകാരും ഒരു പക്ഷെ അതു തന്നെ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ എന്റെ വീട്ടില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ കടന്നു വരില്ലായിരുന്നു. പക്ഷെ ഞാന്‍ അവളോട് അങ്ങനെയൊന്നും ഇതുവരെ പറഞ്ഞീട്ടില്ല. അതേ സമയം ഞാന്‍ വാക്കുകൊടുത്തു കഴിഞ്ഞൊരു പെണ്ണ് എനിക്കുവേണ്ടി മുംബൈയില്‍ കാത്തിരിപ്പുണ്ട്. ഈ ഗ്രാമം കാത്തിരിപ്പിന്റെ ഗ്രാമമായതിനാല്‍ ബാബുനിയും കുറച്ചു നാള്‍ എന്നെ കാത്തിരുന്ന് പിന്നെ ക്രമേണ എല്ലാംമറക്കുകയും ഏതെങ്കിലും പട്ടാളക്കാരനൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ആശ്വസിച്ച് ഞാന്‍ ഗ്രാമത്തോട് യാത്രപറഞ്ഞ്, മലയും താഴ്വാരങ്ങളും താണ്ടി മുംബൈ നഗരത്തിലെത്തി. അപ്പോഴാണ് രുക്സാനയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. എന്റെ യദുഭായ് അത് ഭംഗിയായ് നടത്തി തരികയും ചെയ്തു. ശരി, യദുഭായ്ക്ക് കുറേ ദൂരം പോണ്ടതല്ലേ, ഇനി നമുക്ക് ഭക്ഷണം കഴിക്കാം.
************
ക്ഷേത്രത്തില്‍ നിന്നുള്ള മണിനാദവും, പ്രാര്‍ത്ഥനയും കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. സ്വപ്നം കണ്ട് കിടന്നതുകൊണ്ട് ഉറക്കം തീരെ ശരിയായില്ല. നേരത്തേ ഇവിടെ നിന്ന് മലയിറങ്ങിയാലേ ഉച്ചതിരിയുമ്പോഴേക്കും ബഹാദൂറിന്റെ ഗ്രാമത്തിലെത്തുകയുള്ളു. പക്ഷെ ഒന്നിനും ഒരുന്മേഷമില്ലാത്തതുപോലെ. വാതില്‍ക്കല്‍ ഒരു സന്ന്യാസി പ്രത്യക്ഷപ്പെട്ടു. ഓരോ സമയത്തും വേറെ വേറെ സന്ന്യാസിമാര്‍ വരുന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. വന്നവരോടൊക്കെ ഒന്നോ രണ്ടോ വാക്ക് മാത്രമേ സംസാരിച്ചീട്ടുള്ളുവെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. സന്ന്യാസി ശിരസ്സ് കുനിച്ച് വന്ദിച്ച് പറഞ്ഞു, “അങ്ങയെ കാണാന്‍ ഗുരുജിക്ക് താത്പര്യമുണ്ട്. എന്റെ കൂടെ വന്നാലും.” “പക്ഷെ ഞാന്‍ പ്രഭാതകര്‍മ്മങ്ങളൊന്നും ചെയ്തീട്ടില്ല, അതുകഴിഞ്ഞ് വന്നാല്‍ പോരേ?” ഞാന്‍ ചോദിച്ചു.ഗുരുജിക്ക് മറ്റു ചില ചടങ്ങുകളുണ്ടെന്നും ഇവിടെ വരുന്നവരെ കാലത്ത് തന്നെ കാണുക പതിവാണെന്നും അറിയിച്ച അദ്ദേഹം എന്നേയും കൂട്ടി ഗുരുജിയുടെ മന്ദിരത്തിലേക്ക് പോയി. നിലത്ത് കരിമ്പടം വിരിച്ച് അതില്‍ പത്മാസനത്തില്‍ ഇരിക്കുന്ന ഗുരുജിയെ സന്ന്യാസി വണങ്ങിയപ്പോള്‍ ഞാനും അതുപോലെ വണങ്ങി. സന്ന്യാസി തിരിച്ചുപോയി. ഗുരുജി എന്നോട് ഉപവിഷ്ടനാവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.
ഗുരുജി മനോഹരമായ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇന്ന് വിരാട്നഗറിലേക്ക് തിരിച്ച് കാട്ടിലൂടെ ഒറ്റക്ക് പോകുന്നത് ഉചിതമല്ല. ഇനി രണ്ടുനാള്‍ കഴിഞ്ഞാല്‍ ബാവുലിയായില്‍ നിന്നും യാത്രക്കാരുണ്ടാവും. അവരുടെ കൂടെ പോകാം. അതുവരെ ഇവിടെ വിശ്രമിക്കാം.”
ഞാന്‍ എന്റെ ആഗമനോദ്ദേശ്യം ഗുരുജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുറേ നേരം ഒന്നും മിണ്ടാതെ കണ്ണടച്ച് ധ്യാനിച്ചിരുന്നു. പിന്നെ മെല്ലെ കണ്ണു തുറന്നു. വളരെ ശാന്തമായ ആ മുഖത്ത് നോക്കിയപ്പോള്‍ എന്റെ മനസ്സും തിരകളടങ്ങിയ കടലിന്റെ ശാന്തതയായി അനുഭവപ്പെട്ടു. എങ്കിലും ബഹാദൂറിന്റെ മരണത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും ചോദിക്കുമോയെന്നും വീണ്ടും കഥകളോരോന്നായ് പറയുമ്പോള്‍ അതുവരെ പിടിച്ചു നിന്ന എന്റെ നിയന്ത്രണം വിട്ടു പോകുമോ എന്നും ഞാന്‍ ഭയന്നു.
പക്ഷെ ഗുരുജി ചോദിച്ചത് എന്നെക്കുറിച്ചായിരുന്നു, “യദുനന്ദനന്റെ അച്ഛനും, അമ്മയും എവിടെയാണ്?”
പ്രതീക്ഷിച്ച ചോദ്യമല്ലാത്തതിനാല്‍ പൊടുന്നനെ ഉത്തരം പറയാനായില്ല. തെല്ലിട മൌനത്തിനുശേഷം ഞാന്‍ പറഞ്ഞു,
“അച്ഛനും, അമ്മയും ഇല്ല” എന്റെ ശബ്ദത്തിനു വിറയലുള്ളതായ് തോന്നി.
“രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണോ ഉദ്ദേശിച്ചത്?” ഗുരുജി വീണ്ടും ചോദിച്ചു.
“അച്ഛന്‍ മരിച്ചുപോയി. അമ്മയെ ഞാന്‍ മറന്നുപോയി.” വായില്‍ വന്നത് അതുപോലെ പറയുകയായിരുന്നു. മറുപടി കേട്ട് ഗുരുജി