Friday, September 04, 2015

“വിലാപ്പുറങ്ങള്‍”


എന്റെ ചങ്ങാതി കെ.ആര്‍. ജോണ്‍സന് കണ്ടുമുട്ടിയാല്‍ സംസാരിക്കാനുള്ളത് അടുത്തിടെ കണ്ട നല്ല സിനിമകളെ കുറിച്ചോ, അതുമല്ലെങ്കില്‍ വായിച്ച പുസ്ത്കങ്ങളെ കുറിച്ചോ മാത്രമാണ്. ഇന്റര്‍നാഷ്ണല്‍ ഫിലിംഫെസ്റ്റിവെലുകളിലെ നിറസാന്നിദ്ധ്യമാണ് ജോണ്‍സണ്‍. അതുപോലെ തന്നെ ഒരുവിധം എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കുകയും, നല്ലതെന്ന് സ്വയം വിലയിരുത്തിയാല്‍ അവ സുഹൃത്തുക്കളെ വായിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുക ജോണ്‍സന്റെമാത്രം ഒരു പ്രത്യേകതയാണ്. പതിവുപോലെ എറണാകുളത്തുവെച്ച് കണ്ടപ്പോള്‍ ജോണ്‍സണ്‍ എനിക്ക് വായിക്കാന്‍ തന്ന പുസ്തകമാണ് ലിസിയുടെ നോവല്‍ “വിലാപ്പുറങ്ങള്‍”.
 
മാപ്രാണത്തുള്ള എന്റെ വീട്ടിലിരുന്ന് ഞാന്‍ ‘വിലാപ്പുറങ്ങള്‍’ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സാധാരണ നോവല്‍ എന്നു മാത്രമേ കരുതിയുള്ളു. പക്ഷെ വായന മുന്നേറുന്തോറും നോവലിലെ ആ കാലഘട്ടവും, മനുഷ്യരും എനിക്കു ചുറ്റും നിറഞ്ഞുനില്ക്കാന്‍ തുടങ്ങി. ഒരുപക്ഷെ ഞാനൊരു തൃശൂക്കാരനായതുകൊണ്ടുകൂടിയാവാം പരിചിതമായ സ്ഥലനാമങ്ങളും, മനുഷ്യരും എന്റേതുകൂടിയായ് തീരുന്നത്.

സ്ത്രീകഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കി, അതും ശക്തമായ സാന്നിദ്ധ്യമാക്കി അവര്‍ക്കുചുറ്റും നടമാടുന്ന കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെ മുഴുവന്‍ നമുക്കു മുന്നില്‍ വരച്ചിടുകയാണ് ലിസി ‘വിലാപ്പുറങ്ങള്‍’ എന്ന നോവലിലൂടെ. വാമൊഴികളുടെ ചൂടും, ചൂരും ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. കപടസദാചാരവാദികളെ അരിശം കൊള്ളിക്കാന്‍ മാത്രം അണ്‍-പാര്‍ലിമെന്ററി വാക്കുകള്‍ നോവലില്‍ ഉടനീളം കാണാം. ഒരുപക്ഷെ അവയെല്ലാം നോവലിന്റെ പശ്ചാത്തലത്തിനും കഥാപാത്രങ്ങള്‍ക്കും കരുത്തുപകരുന്ന സംഗീതമായാണ് എനിക്കനുഭവപ്പെട്ടത്. നോവലിലെ കേന്ദ്രകഥാപാത്രമായ മറിയയുടെ വിലാപ്പുറങ്ങളില്‍ തുടങ്ങി ഒടുങ്ങുന്ന കഥ ഒരു തട്ടകത്തിന്റെ മൊത്തം കഥയായ് പരിണമിക്കുകയാണ്. ആക്ഷേപഹാസ്യം കുറിക്കുകൊള്ളുന്ന വാക്കുകളില്‍ നോവലിസ്റ്റ് പലയിടത്തും കോറിയിടുന്നുണ്ട്. ഒരുദാഹരണം നോക്കുക.

“സഭ ഒരു വ്യവസ്ഥയാണ്. അതിന് ഈടും, പാവും നല്കുന്നത് അതിന്റെ സ്ഥാപനങ്ങളും, ലാഭവുമാണ്. ഇടക്കെല്ലാം സ്നേഹം, ത്യാഗം, ഉപവി, ലാളിത്യം എന്നീ വാക്കുകള്‍ പ്രസംഗങ്ങളിലും, ഉദാരത, ദാനശീലം എന്നീ വാക്കുകളെ സ്തോത്ര കാഴ്ചകളിലും ചൊല്ലി ദൈവത്തിനു സമര്‍പ്പിക്കുന്നു. പകരം നിങ്ങള്‍ക്കു ലഭിക്കുന്നത് പാപമോചനം, കൂദാശകള്‍, ആത്മീയശാന്തി....... പോരേ.......”

നോവല്‍ ബൈബിള്‍ വചനങ്ങളില്‍ ഒട്ടിനിന്നുകൊണ്ടുതന്നെ അതിനെ പോസ്റ്റുമാര്‍ട്ടം നടത്തുകയും ചെയ്യുന്നു. പാപവും, പുണ്യവുമൊക്കെ പലപ്പോഴായ് പച്ചയ്ക്ക് വിചാരണ ചെയ്യുന്നുണ്ടിവിടെ. മുമ്പ് സാറാ ജോസഫിന്റെ ‘ഒരു വിശുദ്ധ റങ്കൂണ്‍ പുണ്യവാളന്‍’ എന്ന കഥയിലാണ് ഇതുപോലെ ബൈബിള്‍ നിയമങ്ങളെ പൊളിച്ചടുക്കുന്നതായ് കണ്ടിട്ടുള്ളത്. [അതുപിന്നെ പ്രശസ്ത ചലച്ചിത്രകാരനായ എം.പി.സുകുമാരന്‍ നായര്‍ ‘ശയനം’ എന്ന പേരില്‍ ചലച്ചിത്രമാക്കുകയും എനിക്കതിന്റെ ഭാഗമായ് നില്ക്കാനായതും ഭാഗ്യമായ് കരുതുന്നു.].

ചുരുക്കത്തില്‍ തൃശൂര്‍ പ്രാന്തപ്രദേശത്തേയും, അവിടുത്തെ പച്ചമനുഷ്യരുടേയും കഥകളായ സാറാ ജോസഫിന്റെ ‘ആലാഹയുടെ പെണ്‍മക്കള്‍’. ‘മാറ്റാത്തി’ എന്നീ നോവലുകളുടെ ജനുസ്സില്‍ പെടുത്താവുന്ന ലിസിയുടെ ‘വിലാപ്പുറങ്ങള്‍’ തന്റേതായ ഒരു ശൈലിയില്‍ തലയുയര്‍ത്തി നില്ക്കുന്നുവെന്ന് നിസ്സംശയം പറയാം. ലിസിക്ക് അനുമോദന പൂച്ചെണ്ടുകള്‍. ജോണ്‍സന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

“വിലാപ്പുറങ്ങള്‍”
നോവല്‍
ലിസി
മാതൃഭൂമി ബുക്സ്
വില 250 രൂപ
പേജ് 312

 

 

 

No comments: