Saturday, June 14, 2014

ഏഴാമത്തെ കല്പനയും, മോസസ്സും

ഞാന്‍ നിങ്ങളുടെയെല്ലാം ദൈവം മുന്‍കൂട്ടി മോസ്സസ്സിനെ അറിയിച്ചതിന്‍ പ്രകാരം പറഞ്ഞ സമയത്തു തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന് മേഘങ്ങളില്‍ കയറി ഇടിവെട്ടിന്റെയും, മിന്നലിന്റെയും അകമ്പടിയോടെ സിനായ് മലയിലെത്തി. ഉറക്കെ വിളിച്ചു, മിസ്റ്റര്‍ മോസസ്സ്! കനത്ത നിശബ്ദത മാത്രമായിരുന്നു മറുപടി. എനിക്ക് ദേഷ്യം വന്നു. ഏത് നരകത്തിലാണ് നീ മോസസ്സ് എന്ന് ഞാനൊന്നലറി. ആ അലര്‍ച്ചയില്‍ ഇടിവെട്ടി മഴ പെയ്തു, അതെനിക്കിഷ്ടായി. പിന്നെ ഒരേകദേശം മൂന്നുമണിക്കൂര്‍ ലേറ്റായി മോസ്സസ്സ് ഹാജരായി ഉണര്‍ത്തിച്ചു, സോറി, ഞാനിത്തിരി ലേറ്റായി, ഒരു സ്ഥലത്തെത്തിയപ്പോള്‍ ഇടത്തോട്ട് തിരിയേണ്ടതിനു പകരം വലത്തോട്ട് തിരിഞ്ഞു. ഞാനൊന്ന് ഇരുത്തി മൂളി. അല്ലെങ്കിലും ഇടത്തോട്ട് തിരിയേണ്ടതിനു പകരം വലത്തോട്ട് തിരിയുന്നതാണല്ലോ നിന്റെയൊക്കെ ദുരിതത്തിന് കാരണം എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ പുറത്തേക്ക് ചാടിയത് അലര്‍ച്ചയായിരുന്നു. ഞാന്‍ ദൈവം നിന്നെയൊക്കെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചവന്‍....



അതുകേട്ട് വളരെ കൂളായ് മോസസ്സ് പറഞ്ഞു, 'അതൊക്കെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കേണ്ടതില്ല, എനിക്കറിയാവുന്നതല്ലേ...പിന്നെ ഒരു കാര്യം പറയാനായ് ഇങ്ങനെ അലറേണ്ട കാര്യവുമില്ല, ഞാന്‍ പൊട്ടനൊന്നുമല്ലല്ലോ!
ഞാനൊന്നടങ്ങിയെങ്കിലും അവനെന്നെ ശരിക്കും മനസ്സിലാക്കണമെന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു, ഞാനൊരു ദയാവാനായ ദൈവമായതുകൊണ്ട് നീയൊക്കെ രക്ഷപ്പെട്ടു, അതൊക്കെ പോട്ടെ, നീയെന്റെ കല്പനകളിലൂടെ ഒന്ന് കണ്ണോടിക്കൂ, എന്നിട്ട് നിന്റെ അഭിപ്രായം പറയൂ, മോസ്സസ്സ് വായിച്ചു, 'Thou Shalt Have No Other Gods Before Me' - 


 

മോസ്സസ്സിന് വട്ടിളകിയതുപോലെ തോന്നിയതുകൊണ്ട് ചോദിച്ചു, Shalt, ഇതൊന്തൊരു വാക്ക്... ചോദ്യം ചെയ്താല്‍ ഞാന്‍ നിന്നെ ശരിപ്പെടുത്തും പറഞ്ഞില്ലാന്ന് വേണ്ട... എന്ന് മാത്രം ഞാന്‍ പറഞ്ഞു, അവന്‍ അടങ്ങിയതായ് തോന്നി, പിന്നെ ആറു കല്പനകളും ഒന്നും മിണ്ടാതെ വായിച്ച് ഏഴാമത്തെ വായിച്ചതിനുശേഷം തല കുടഞ്ഞ് പറഞ്ഞു, 'O, God, I am going to have problems with this. ഇതിലെന്തെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്തുകൂടേ?'



എനിക്കവന്റെ സൂക്കേട് മനസ്സിലായി, ഞാന്‍ അസന്നിഗ്ദമായ് പറഞ്ഞു, When I say "Thou Shalt Not Commit Adultery', I mean it BY ALL MEANS!
മോസ്സസ്സ് പതിവിലും വിനയാന്വിതനായ് ചോദിച്ചു, ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ....ഒരു കണക്ക് വേണമെങ്കില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു മൂന്നു പ്രാവശ്യമെങ്കിലും!


NO ഞാനലറി


മോസ്സസ്സ് ധൈര്യമവലംബിച്ചു പറഞ്ഞു, ദൈവമായാല്‍ ഒരു മര്യാദയൊക്കെ വേണ്ടേ, വീണ്ടുവിചാരം വേണ്ടേ, ആദമിനേയും, ഹവ്വയേയും പൂന്തോട്ടത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് എങ്ങനെയെങ്കിലും പെറ്റ് പെരുകി കഴിയാന്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ ആലോചിക്കണമായിരുന്നു.

 

പക്ഷെ ഞാന്‍ ദൈവമാണ്, എന്റെ വാക്കാണ് അവസാന വാക്ക്... ഞാന്‍ വീണ്ടും പറഞ്ഞു, NO ADULTERY!

 

മോസ്സസ് വീണ്ടും കൂളായ് പറഞ്ഞു, ഒരു നിയമമാവുമ്പോള്‍ അതില്‍ ലൂപ് ഹോളെന്തെങ്കിലും കാണാതിരിക്കില്ല.

 

അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, എന്റെ കല്പനകളില്‍ ലൂപ് ഹോളോ, ആരവിടെ? മൂന്നാമതായ് ആരും ഇല്ലാത്തതു കൊണ്ട് ഞാനതിനത്രയ്ക്ക് പ്രാധാന്യം കൊടുത്തില്ല. മോസ്സസ്സ് ബാക്കി കല്പനകളെല്ലാം ഓടിച്ചു നോക്കിയിട്ട് കുഴപ്പമില്ലെന്ന് പറഞ്ഞു, എന്നാലും adultery... എന്ന് പറഞ്ഞ് തല ചൊറിഞ്ഞു, SORRY എന്നു ഞാനും.



പോകാന്‍ നേരം തിരിഞ്ഞു നിന്ന് മോസ്സസ്സ് സ്നേഹത്തോടെ പറഞ്ഞു, ഏഴാമത്തെ കല്പന ഞാനൊന്ന് ലീഗല്‍ കണ്‍സല്‍ട്ടന്റുമായ് കൂടിയാലോചിച്ച് മാത്രമേ നടപ്പിലാക്കൂ...

 

ഞാനെന്തെങ്കിലും പറയുന്നതിനുമുമ്പേ അവന്‍ വണ്ടി വിട്ടു. അടുത്ത മേഘത്തേയും കാത്ത് മുഖം കറുപ്പിച്ച് ഞാനിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതോര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു... നിങ്ങള്‍ക്ക് മഴയായ് നല്ലവണ്ണം കിട്ടുന്നുണ്ടല്ലോ അല്ലേ!
- 0 -

No comments: