Sunday, March 30, 2014

ചിരിയിലും ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ നിഴലുകള്‍

സിനിമാ സംവിധായകന്‍ കെ.ജെ.ബോസ് വഴിയാണ് ലാഫ്റ്റര്‍ യോഗയുടെ മാസ്റ്ററായ സുനില്‍കുമാറിനെ പരിചയപ്പെടുന്നത്. എളമക്കരയിലെ സൂരജ് ഫാഷന്‍സ് എന്ന സ്റ്റിച്ചിം സെന്‍ററിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും സുനില്‍കുമാര്‍ ഉറക്കെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആ ചിരി ഞങ്ങളിലേക്ക് പടരാന്‍ ഒട്ടും സമയമെടുത്തില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്താതിരുന്നില്ല.

ഏകദേശം 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ മദന്‍ കടാരിയ ആണ് ആദ്യമായ് ചിരി ഒരു മരുന്നാണെന്നും അത് ഫലപ്രദമായ് ജനങ്ങളിലേക്ക് പകരണമെന്നുമുള്ള ചിന്താഗതിയോടെ ജീവിത തിരക്കുകള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നുപോയ മുംബൈ നിവാസികള്‍ക്കുവേണ്ടി ലാഫ്ടര്‍ യോഗ ആരംഭിക്കുന്നത്. ഏതൊരു സംരംഭവും ആദ്യം വെള്ളക്കാരന്‍ ശരിവെച്ചാലേ ഇന്ത്യക്കാര്‍ക്ക് ബോദ്ധ്യമാവുകയുള്ളു എന്ന തിരിച്ചറിവില്‍ ഡോ:മദന്‍ കടാരിയ അമേരിക്കയില്‍ ലാഫ്ടര്‍ യോഗ ആരംഭിച്ചു. വിദേശികള്‍ കടാരിയേയും, ലാഫ്ടര്‍ യോഗയേയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. സ്വാഭാവികമായും ഇന്ത്യക്കാര്‍ക്കും ലാഫ്ടര്‍ യോഗ സ്വീകാര്യമായി.

സുനില്‍കുമാര്‍ മാള സ്വദേശി സെബാസ്റ്റ്യന്‍ വഴി ചിരിയോഗയിലേക്കെത്തുകയും ഡോ:മദന്‍ കടാരിയയുടെ സ്കൂള്‍ ഓഫ് ലാഫ്ടര്‍ യോഗയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ കടാരിയയോടൊപ്പം ചിരിയോഗ നടത്താനും പ്രചരിപ്പിക്കാനും ഭാഗഭാക്കാകുകയുമുണ്ടായി. കേരളത്തില്‍ തൃശൂരും, എറണാകുളത്തും, കോഴിക്കോടും മാത്രമാണ് ചിരിയോഗ ആളുകള്‍ പ്രാക്ടീസ് ചെയ്യുന്നതെന്ന് സുനില്‍കുമാര്‍ പറയുന്നു. ഏതൊരു സംരംഭത്തിലും സ്റ്റാറ്റസ് നോക്കി ഗ്രൂപ്പുണ്ടാക്കാന്‍ മിടുക്കരായ മലയാളികള്‍ ലാഫ്ടര്‍ യോഗ ചെയ്യുന്ന ഗ്രൂപ്പുകളിലും സജീവമായതോടെ ഒരു ഗ്രൂപ്പ് എന്നത് പല ഗ്രൂപ്പായി മാറിപ്പോയെന്ന ദുഃഖവും സുനില്‍ കുമാര്‍ പങ്കുവെയ്ക്കുന്നു. ബിസിനസ്സ് ഗ്രൂപ്പ് മേധാവികളും, വലിയ ഔദ്യോഗി പദവികള്‍ വഹിക്കുന്നവരും, പ്രൊഫഷണല്‍സിനും ചിരിയ്ക്കാന്‍ കൂട്ടുവേണ്ടത് സാധാരണക്കാരല്ല എന്ന തിരിച്ചറിവില്‍ ചിരി മായുന്നത് കണ്ട് അസ്തമിച്ചു നിന്നുപോയ സുനില്‍കുമാര്‍ സ്റ്റാറ്റസ്സിന്‍റെ ഭാരം വഹിയ്ക്കാത്തവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഒരു സാധാരണക്കാരനോടൊപ്പം നിന്ന് ചിരിയ്ക്കണോ എന്ന് ചിന്തിക്കുന്നവര്‍ക്കുള്ളതല്ല ലാഫ്ടര്‍യോഗ. മനസ്സു തുറന്ന് ചിരിക്കാനുള്ളതാണത്, ജീവിതത്തില്‍ സന്തോഷത്തിന്‍റെ താക്കോലാണത്. ചിരിയുടെ കിലുക്കങ്ങളില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ നിഴല്‍ക്കുത്ത് പതിയാതെ മുന്നോട്ടു പോകാന്‍ കേരളജനതയ്ക്കാവും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

നമസ്തേ ചിരി, ഹാര്‍ട്ടി ലാഫ്, ചാമ്പ്യന്‍ ലാഫ്, ടൈം ലാഫ്, ഷൈ ലാഫ് തുടങ്ങി 50 വ്യത്യസ്ത തരം ചിരികളുണ്ടെന്ന് സുനില്‍ കുമാര്‍ പറയുന്നു. ഞങ്ങളുടെ സംസാരത്തിനിടയില്‍ അതില്‍ പെട്ട പല വിധ ചിരികളും ഞങ്ങള്‍ ആസ്വദിച്ചു. ഒരു പക്ഷെ അതില്‍ പെടാതെ പോയ പല വിധ ചിരികള്‍ ഞങ്ങളില്‍ നിന്നും ഉണ്ടായിട്ടുമുണ്ടാകാം. എന്തായാലും ഇന്നലെ അദ്ദേഹത്തോടൊപ്പം ചെലവിട്ട കുറച്ചു സമയം ഞാനൊരു അപ്പൂപ്പന്‍ താടി പോലെ മനസ്സിന്‍റേയും, ശരീരത്തിന്‍റേയും ഭാരമറിയാതെ അനന്തവിഹായസ്സില്‍ ഒഴുകി നടന്ന പ്രതീതിയോടെ കഴിഞ്ഞു എന്ന് ഉറക്കെ ചിരിച്ചുകൊണ്ടു തന്നെ പറയട്ടെ.

ജീവിത പിരിമുറുക്കങ്ങളില്‍ പെട്ട് ചിരിക്കാന്‍ മറന്നുപോയവര്‍ക്ക് ഹൃദയം തുറന്ന് ചിരിയ്ക്കാന്‍ സുനില്‍കുമാറിനെ സമീപിക്കാം. ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തിനടുത്ത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ 8 മണിവരെ മനസ്സു തുറന്ന് ചിരിയ്ക്കാന്‍ നിങ്ങള്‍ക്ക് സുനിലിനോടൊപ്പം ചേരാം. അദ്ദേഹത്തിനെ ബന്ധപ്പെടാന്‍ മാസ്റ്റര്‍ സുനില്‍ കുമാര്‍ എസ്. വി., സൂരജ് ഫാഷന്‍സ്, എളമക്കര, കൊച്ചി 26 ഫോണ്‍ 9846294077 / 938722286