Thursday, March 13, 2014

അമൃതാനന്ദമയിയും എം.പി.നാരായണപിള്ളയും


ഏതാണ്ട് ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിവുപോലെ ഒരു ശനിയാഴ്ച മുംബൈ ബോറിവലിയിലെ ശാന്തി ആശ്രമത്തിനടുത്തുള്ള പ്രസന്നപ്രഭ എന്ന കെട്ടിടത്തിലെ എം.പി. നാരായണപിള്ളയുടെ ഫ്ളാറ്റില്‍ ചെന്നു. ഞങ്ങള്‍ എല്ലാ ആഴ്ചയിലും നടത്താറുള്ള സൂര്യനു കീഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും വാദവും പ്രതിവാദവും തുടങ്ങി. ഇതിനിടയിലായിരുന്നു നാണപ്പേട്ടന്‍റെ സഹധര്‍മ്മിണി [പ്രഭേടത്തി] ഒരു വെടി പൊട്ടിച്ചത്... അത് മറ്റൊന്നുമായിരുന്നില്ല,

"മുരളീ കേള്‍ക്കണോ, ഇന്നൊരു തമാശയുണ്ടായി, [ഞാന്‍ ആകാംഷാഭരിതന്‍ ചെവി കൂര്‍പ്പിച്ചു] നാണപ്പേട്ടന്‍ അമൃതാനന്ദമയിയെ കാണാന്‍ ആള്‍ക്കൂട്ടത്തിനടുത്തായ് നില്ക്കുന്നു." 

അതു പറഞ്ഞ് ഒളിക്കണ്ണിട്ട് നോക്കി പ്രഭേടത്തി ഒരു പുഞ്ചിരി പാസ്സാക്കി അകത്തേക്ക് പോയി. വിശ്വാസം വരാതെ ഞാന്‍ നാണപ്പേട്ടനെ നോക്കി, എന്നിട്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, 'അയ്യേ, ഞാന്‍ നാണപ്പേട്ടനില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല'. പെട്ടെന്നായിരുന്നു നാണപ്പേട്ടന്‍റെ മറുചോദ്യം.

മുരളീ എത്രകാലം ബ്രിട്ടീഷുകാര്‍ ഭാരതം ഭരിച്ചു?
ഞാന്‍ : ബ ബ്ബ ബ്ബ ബ്ബ...അതു പിന്നെ....
നാണപ്പേട്ടന്‍ : അതു പോട്ടെ..... നമുക്കെപ്പോഴെങ്കിലും ഏതെങ്കിലും ബ്രിട്ടിഷുകാരനോട് അതിന്‍റെ ദേഷ്യം തീര്‍ക്കാനായിട്ടുണ്ടോ?
ഞാന്‍ : എനിക്കെന്തായാലും അതിനു പറ്റിയിട്ടില്ല
നാണപ്പേട്ടന്‍ : എനിക്കും പറ്റിയിട്ടില്ല, അപ്പോള്‍ അതിനു കഴിഞ്ഞ ഒരു സ്ത്രീയെ നമ്മള്‍ ബഹുമാനിക്കണ്ടേ?

ഞാന്‍ : മനസ്സിലായില്ല

നാണപ്പേട്ടന്‍ : എന്‍റെ മുരളീ, സായിപ്പന്മാരെ വെള്ളമുണ്ടുടുപ്പിച്ച്, ജുബ്ബ ധരിപ്പിച്ച്, ഉമിക്കരി കൊണ്ട് പല്ലു തേപ്പിച്ച്, ഈര്‍ക്കിലി കൊണ്ട് നാക്ക് വടിപ്പിച്ച്, കഞ്ഞിയും പയറും, പ്ളാവില കൊണ്ട് കോരി കുടിപ്പിച്ച്, തന്‍റെ തൊട്ടു പുറകിലിരുത്തി താന്‍ പാടുന്ന മലയാളം ഭജന കാണാപാഠം പഠിപ്പിച്ച് തപ്പ് കൊട്ടിച്ച് പാടിപ്പിച്ചുകൊണ്ട് ഒരു തരത്തില്‍ ആ രാജ്യത്തോടു തന്നെ പ്രതികാരം ചെയ്യുന്ന അമൃതാനന്ദമയിയെ ഞാന്‍ ബഹുമാനിക്കുന്നെടോ, അതിലെന്താ ത്ര തെറ്റ്!

എന്‍റെ തലയ്ക്കകത്ത് ഞൊടിയിടയില്‍ ഒരു മിന്നല്‍ പിണര്‍ . ഒരു നിമിഷം ഞാന്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട് അങ്ങനെ ഇരുന്നുപോയി.

NB: ഇത് അമൃതാനന്ദമയിയെ വെള്ളപൂശുന്നതിനുള്ള പോസ്റ്റല്ല, മറിച്ച് സാധാരണക്കാര്‍ ചിന്തിക്കുന്നതിനപ്പുറം കേരളം കണ്ട അസാമാന്യ പ്രതിഭാശാലിയായ എം.പി.നാരായണപിള്ള എങ്ങനെ ചിന്തിക്കുന്നുവെന്നും, അതെങ്ങനെ നമ്മുടെ ബോധമണ്ഡലത്തിലേക്ക് ഇറ്റിക്കുന്നുവെന്നുമുള്ള ഒരു  ചൂണ്ടുപലക മാത്രമാണിത്.

4 comments:

Anonymous said...

njaan pinne bayankara buddijeeviyaaNE.

ജഗദീശ്.എസ്സ് said...

ഇത് കമ്പോള സ്ത്രീ വിമോചന വാദം പോലെയുണ്ടെല്ലോ. തുടിയുടുത്തും അഴിച്ചും ഉടുപ്പിച്ചും നടത്തുന്ന വിപ്ലവം.

Murali Menon said...

bayankara alla anOny... bhayankara.
ബുദ്ധിയൊക്കെ അതുള്ളവര്‍ നോക്കട്ടെ.. കുറഞ്ഞപക്ഷം മലയാളം തെറ്റില്ലാതെ എഴുതി പഠിക്കൂ... മംഗ്ളീഷില്‍ എഴുതിയാല്‍ അതെങ്ങനെ മലയാളത്തിലാവും എന്നും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ മംഗ്ളീഷും, മലയാളവും വിട്ട് ഇംഗ്ളീഷില്‍ എഴുതുക

Murali Menon said...

ജഗദീശ് എസ്സ്:
താങ്കളെഴുതിയത് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലെന്ന് തോന്നുന്നു. അതുകൊണ്ട് ഒന്നും മനസ്സിലായില്ല