Saturday, August 04, 2007

പത്താമൂഴം (അവസാനഭാഗം)

ഒരു നാള്‍ സന്ധ്യാവന്ദനവും കഴിഞ്ഞ്‌ നടക്കാനിറങ്ങിയ താന്‍ നടന്നു നടന്ന്‌ ദേവേന്ദ്രണ്റ്റെ രാജധാനിവരെയെത്തി. രാജധാനിയില്‍ കയറിയാല്‍ അതിരുകവിഞ്ഞ ഉപചാരങ്ങളാല്‍ ദേവേന്ദ്രന്‍ തന്നെ വലയ്ക്കുമെന്നുറപ്പുള്ളതുകൊണ്ട്‌ തിരിച്ചു നടന്നു. അപ്പോഴാണ്‌ രാജധാനിയിലേക്ക്‌ തിരക്കിട്ടുപോകുന്ന ഒരു പരിചിത മുഖം ശ്രദ്ധയില്‍ പെട്ടത്‌. തന്നെ കണ്ടതും പുഞ്ചിരിക്കുകയും, പിന്നീട്‌ ഭക്തിയോടെ പാദങ്ങള്‍ തൊട്ടുനമസ്ക്കരിച്ച്‌ നടന്നകലുകയും ചെയ്തു. അവണ്റ്റെ പുഞ്ചിരി തണ്റ്റെ മനസ്സില്‍ വേദനയുടെ ചെറിയൊരു പോറല്‍ വീഴ്ത്തുകയാണ്‌ ചെയ്തത്‌. അവന്‍ മറ്റാരുമായിരുന്നില്ല, ത്രേതായുഗത്തില്‍ തണ്റ്റെ ഒളിയമ്പേറ്റ്‌ ദേഹവിയോഗം ചെയ്ത ബാലിയായിരുന്നു. അവണ്റ്റെ അവസാന വാക്കുകള്‍ ഇന്നും തന്റെ  മനസ്സില്‍ ഒരു നെരിപ്പോടായ്‌ കിടക്കുന്നുണ്ടോ എന്ന്‌ മഹാവിഷ്ണു സംശയിച്ചു. മാറുപിളര്‍ന്നു കയറിയ ബാണം അമര്‍ത്തിപ്പിടിച്ച്‌ അസഹ്യമായ വേദന മറച്ചുവെച്ചുകൊണ്ടവന്‍ തന്നോട്‌ സംസാരിച്ചത്‌ ഒരശരീരിപോലെ വീണ്ടും കാതില്‍ മുഴങ്ങി. 


"ശ്രീരാമാ, നമ്മള്‍ തമ്മിലെന്തു ശത്രുതയാണുള്ളത്‌? അങ്ങേയ്ക്ക്‌ രാവണനില്‍ നിന്ന്‌ സീതയെ മോചിപ്പിക്കാനായിരുന്നെങ്കില്‍ എണ്റ്റെ ഒരു വാക്കുമാത്രം മതിയായിരുന്നല്ലോ. നിമിഷങ്ങള്‍ക്കുള്ളില്‍ സീതാദേവി അവിടുത്തെ തിരുസന്നിധിയിലുണ്ടാകുമായിരുന്നു". 

ശ്രീനാരായണനും തെറ്റുപറ്റിക്കൂടെന്നുണ്ടോ. അല്ലെങ്കില്‍ തനിക്കെന്തിനു സുഗ്രീവനെ കൂട്ടുപിടിക്കാന്‍ തോന്നി. തണ്റ്റെ ദീര്‍ഘദര്‍ശിത്വം നഷ്ടപ്പെട്ട അവസരമോ അത്‌. ബാലിയെ കണ്ടതിനുശേഷം വളരെ നാള്‍ കഴിഞ്ഞ്‌ ഒരു ദിവസം കദളീവനങ്ങളിലലസമായ്‌ നടക്കുമ്പോഴാണ്‌ ദൂരെ ഒരു യുവകോമളന്‍ തല കുമ്പിട്ടു നടന്നു പോകുന്നതു കണ്ടത്‌. അവണ്റ്റെ മനസ്സ്‌ ഇവിടെയും യാതൊരു മാറ്റവുമില്ലാതെ തിരകളിളകുന്ന കടലായിത്തന്നെയിരിക്കുന്നു. പാവം കര്‍ണ്ണന്‍. ദ്വാപരയുഗത്തില്‍ താനവനോട്‌ അപരാധം ചെയ്തു. തെറ്റിനെ തെറ്റുകൊണ്ടു തിരുത്താന്‍ ഉപദേശിച്ച ആ നിമിഷത്തോട്‌ തനിക്ക്‌ ഒട്ടും പ്രിയം തോന്നുന്നില്ല. അസ്ത്ര-ശസ്ത്രങ്ങളെല്ലാം രഥത്തിലുപേക്ഷിച്ച്‌ മണ്ണിലാഴ്ന്ന ചക്രമുയര്‍ത്താന്‍ നില്‍ക്കുമ്പോഴുള്ള അവണ്റ്റെ നിസ്സഹായാവസ്ഥ ഇപ്പോഴും തണ്റ്റെ മുന്നില്‍ തെളിയുന്നു. ഒരു പക്ഷെ ഇതിണ്റ്റെയൊക്കെ ദണ്ഡനയായിരിക്കാം യുഗാവസാനത്തിനു മുമ്പേ അവതാരപുരുഷനാവാനുള്ള തണ്റ്റെ നിയോഗം. എല്ലാം സംഭവിക്കാനുള്ളതാണെന്നറിഞ്ഞീട്ടും പലപ്പോഴും തണ്റ്റെ മനസ്സും ചഞ്ചലപ്പെട്ടുപോകുന്നു. കലിയുഗത്തിണ്റ്റെ തീഷ്ണമായ സന്ദേശങ്ങളുടെ പരിണതഫലം. മഹാവിഷ്ണു പത്താമത്തെ അറയുടെ വാതിലില്‍ എത്തിനിന്നു. പിന്നീട്‌ പതുക്കെ വാതിലിനുനേരെ കൈ ഉയര്‍ത്തുമ്പോള്‍ നാഗങ്ങള്‍ ഭവ്യതയോടെയും ആകാംഷയോടെയും ഒതുങ്ങി വണങ്ങി നിന്നു. ഞൊടിയിടയില്‍ അനന്തന്‍ പ്രത്യക്ഷപ്പെട്ടു. 

അനന്തന്റെ  പകച്ച മുഖം കണ്ട്‌ മഹാവിഷ്ണു ചോദിച്ചു, "എന്താ ഇപ്പോള്‍ നിന്റെ സ്വസ്ഥതയും നഷ്ടപ്പെട്ടുവോ?"ആ ചോദ്യമൊന്നും അനന്തനെ ബാധിക്കുന്നില്ലെന്നു തോന്നി. ഒരു മറുചോദ്യമാണ്‌ അനന്തനില്‍ നിന്നുയര്‍ന്നത്‌.

"ഭഗവന്‍, ദേവലോകവും, വൈകുണ്ഠവും ഒരുത്സവത്തിമര്‍പ്പോടെ മാത്രം കൊണ്ടാടുന്ന ഈ മഹാമഹത്തില്‍ അങ്ങ്‌ ബ്രഹ്മ-മഹേശ്വരന്‍മാരില്ലാതെ ഒരിക്കല്‍പോലും ഇവിടെ വന്നീട്ടില്ലല്ലോ"

അറയ്ക്കുമീതെ വെയ്ക്കാനൊരുങ്ങിയ കൈ പിന്‍വലിച്ച്‌ മഹാവിഷ്ണു ദൂരെ വള്ളിപ്പടര്‍പ്പുകളിലേക്കുനോക്കി. പിന്നെ സ്വരം താഴ്ത്തി പറഞ്ഞു, 

"ആഗ്രഹിക്കുന്നപോലെ കാര്യങ്ങളെപ്പോഴും നടക്കണമെന്നില്ലല്ലാ" 

കുറേനേരമായി ദുരൂഹതയാണ്‌ ഭഗവാന്റെ ഏതു മറുമൊഴിയിലും നിഴലിക്കുന്നതെന്ന്‌ അനന്തനു തോന്നി. അനന്തന്റെ ആകാംഷയ്ക്കറുതി വരുത്താനെന്നപോലെ മഹാവിഷ്ണു മന്ദസ്മിതം തൂകി.

അനന്തന്റെ എല്ലാ ചിന്തകളും ആ മന്ദസ്മിതത്തില്‍ അസ്തമിച്ച്‌ അവന്‍ ഭഗവാനെ ധ്യാനിച്ച്‌ കണ്ണടച്ചു നിന്നു. മഹാവിഷ്ണു അനന്തനെ തലോടിക്കൊണ്ടു പറഞ്ഞു,

"ദ്വാപരയുഗത്തെക്കുറിച്ച്‌ പ്രതിപാദിച്ചപ്പോള്‍ മഹാഭാരത യുദ്ധത്തെക്കുറിച്ച്‌ ഞാന്‍ നിന്നോട്‌ വിശദമായ്ത്തന്നെ സംസാരിച്ചിട്ടുണ്ടല്ലോ. ധൃതരാഷ്ടര്‍ കാട്ടുതീയില്‍പെട്ടാണ്‌ മരണത്തെ പുല്‍കിയതെന്നും നിനക്കറിയാം. പക്ഷെ അതോടെ ധൃതരാഷ്ട്രന്‍മാരുണ്ടാവില്ലെന്നു നീ കരുതിയെങ്കില്‍ നിനക്ക്‌ തെറ്റുപറ്റിയിരിക്കുന്നു. ധൃതരാഷ്ട്രരും, ദുര്യോധനാദികളും ഭൂമിയിലോരോ സ്ഥലത്തും ജന്‍മമെടുക്കുകയും, കുരുക്ഷേത്രയുദ്ധങ്ങള്‍ക്ക്‌ കളമൊരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു വിദുരരെങ്കിലും ജന്‍മമെടുത്തിരുന്നെങ്കില്‍ തെല്ലാശ്വാസമുണ്ടാകുമായിരുന്നു. പക്ഷെ വിദുരര്‍ ജന്‍മമെടുക്കുന്നില്ലെന്നുമാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത വിധം ശകുനിമാര്‍ പിറവിയെടുക്കുന്നുവെന്നുള്ളതും കലിയുഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം കലിയുഗത്തിന്റെ സന്തതികളാണെന്നു കരുതി സമാധാനിക്കുക വയ്യല്ലോ അനന്താ. കുരുക്ഷേത്രഭൂമിയില്‍ നിന്ന്‌ വളരെയകലെയല്ലാത്ത സ്ഥലത്തു നിന്ന്‌ അല്‍പ്പായുസ്സുകളായ്‌ ഇവിടെ എത്തിയ കുരുന്നുകളെ നീ കണ്ടില്ലേ അനന്താ.... രോഗികളെ ശുശ്രൂഷിക്കാനായ്‌ നിയോഗിച്ചവന്‍ ആ കുരുന്നുകളെ ഭോഗിക്കുകയും, അവയവങ്ങള്‍ മുറിച്ചു വില്‍ക്കുകയും ചെയ്തുവെന്നറിഞ്ഞപ്പോള്‍ നീ എന്നെ നോക്കി കണ്ണീര്‍വാര്‍ത്തതും എന്റെ മുത്തെ പുഞ്ചിരി മറഞ്ഞതും നീ ഇത്രവേഗം മറന്നുവോ അനന്താ.. ഒരിക്കല്‍ ഞാന്‍ പിച്ചവെച്ചു നടന്ന മഥുരാപുരിയിലെ മണല്‍ത്തരികളില്‍ രക്തത്തിന്റെ പശിമയാണിന്ന്‌. കാളിന്ദിയിലും, സരയൂ നദിയിലുമൊക്കെ ധൃതരാഷ്ട്രന്‍മാരുടെ അധികാരമോഹങ്ങള്‍ക്കു ബലിയാടുകളായവരുടെ കബന്ധങ്ങള്‍ ഒഴുകി നടക്കുന്നു‍. ദ്വാപരയുഗത്തിലെ ഗാന്ധാരീവിലാപവും അതിനെ തുടര്‍ന്നുള്ള ശാപവും മറക്കാന്‍ കഴിയുന്നതിനുമുമ്പേ കലിയുഗത്തിലെ ഒന്നിലധികം ഗാന്ധാരിമാരുടെ വിലാപങ്ങളും ശാപവചനങ്ങളും കേള്‍ക്കുന്നു. നൈമിഷികമായ അധികാരത്തിനും, സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി ഭൂമിയിലെമ്പാടുമുള്ള ധൃതരാഷ്ട്രന്‍മാര്‍ പരസ്പരം ബ്രഹ്മാസ്ത്രം തൊടുക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു. നിരാലംബരായ കുരുന്നു ജീവിതങ്ങള്‍ നിറമിഴികളോടെ ആശ്രയത്തിനായ്‌ തന്നെ നോക്കുമ്പോള്‍ പത്താമത്തെ അറ തുറക്കാന്‍ വൈകുണ്ഠത്തിലേയും, ദേവലോകത്തേയും ഔപചാരികത തടസ്സമാകുമെന്ന്‌ നമുക്കു തോന്നുന്നില്ല അനന്താ". 


മഹാവിഷ്ണു പറഞ്ഞുതീര്‍ന്നതും അനന്തന്‍ മറ്റു നാഗങ്ങളോട്‌ എന്തോ അടക്കം പറഞ്ഞു. അവ രണ്ടുവരിയായി വന്ദിച്ചു കിടന്നു. അനന്തന്‍ എല്ലാറ്റിനും സാക്ഷിയായി ഭഗവാനെ പിന്ന്‌ ഒതുങ്ങി തലയുയര്‍ത്തി നിന്നു. മഹാവിഷ്ണു അറയ്ക്കുമീതെ കൈവെച്ചു. അറയുടെ പാളികള്‍ ഇരുവശത്തേക്കും അകന്നുപോയി. കല്‍ക്കിയുടെ പോര്‍ച്ചട്ടയും സ്വര്‍ണ്ണ പിടിയുള്ള ഗഡ്ഗവും അറക്കയ്ക്കകത്തിരുന്നു തിളങ്ങി. മഹാവിഷ്ണുവിനുപിന്നില്‍ അറയുടെ പാളികള്‍ സാവധാനം അടഞ്ഞു. ബ്രാഹ്മണപുത്രനായ്‌ അവതരിക്കാനും, യാജ്ഞവത്ക്യ പുരോഹിതനാവാനും, പിന്നീട്‌ കല്‍ക്കിയാവാനും വേണ്ട സമയമില്ല. കല്‍ക്കിയായ്‌ നേരെ പ്രത്യക്ഷപ്പെടുകയും തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുക. ഭഗവാന്‍ ആദ്യം പോര്‍ച്ചട്ടയും പിന്നെ ഗഡ്ഗവും തലോടി. എത്ര ശിരസ്സുകളാണ്‌ ഭൂമിയില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നതെന്ന്‌ മനസ്സില്‍ പറഞ്ഞ്‌ മഹാവിഷ്ണു പോര്‍ച്ചട്ടയണിഞ്ഞ്‌ ഗഡ്ഗം കയ്യിലെടുത്തു. 


ഭാരതത്തില്‍ പുലരി പിറന്നത്‌ പത്രങ്ങള്‍ക്കും, മറ്റു മാധ്യമങ്ങള്‍ക്കും നടുങ്ങുന്ന, ചൂടുള്ള വാര്‍ത്തകള്‍ നല്‍കിക്കൊണ്ടായിരുന്നു. ഒരു വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെയായിരുന്നു, 

"ഇന്ത്യയിലും അതുപോലെ മറ്റനേക രാജ്യങ്ങളിലും ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മന്ത്രിമന്ദിരങ്ങളും, അധോലോക കേന്ദ്രങ്ങളും, കുപ്രസിദ്ധമായ മറ്റു കൊട്ടാരങ്ങളും തകരുകയും അതിന്റെ ചുക്കാന്‍ പിടിച്ചവരും കൂട്ടാളികളും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട മന്ത്രിമാരെല്ലാവരും തന്നെ അഴിമതിക്കാരും, ഭീകരപ്രവര്‍ത്തനത്തിനു കൂട്ടുനിന്നവരും ആയിരുന്നു." വൈകുണ്ഠത്തില്‍ മഹാവിഷ്ണു അനന്തശയനത്തിലമര്‍ന്നു. അനന്തന്‍ ഫണം വെഞ്ചാമരപോലെ വിടര്‍ത്തി വീശി. കാലവര്‍ഷത്തിന്റെ പുളകത്തില്‍ കദംബങ്ങള്‍ വിടര്‍ന്നുനിന്നു. ഗരുഡന്‍ ഒരുവട്ടം മഹാവിഷ്ണുവിനെ പ്രദക്ഷിണം ചെയ്ത്‌ അപ്രത്യക്ഷമായി. മഹാവിഷ്ണു തന്റെ കൌസ്തുഭം നേരെയാക്കി അനന്തനെ നോക്കി. പ്രസന്നവദനനായ ഭഗവാനെ അനന്തന്‍ നമിച്ചു.


(അവസാനിച്ചു)

5 comments:

Murali K Menon said...

പത്താമൂഴം അവസാന ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത പോസ്റ്റിംഗ് വരെ വിട, വിട മൂന്നു വട... എനിക്കറിയാം നിങ്ങളെന്താ പറയാന്‍ പോകുന്നതെന്ന്, “ഇനി മേലാല്‍, ഇതുപോലെയുള്ള....... ഉം..ഉം?”

സസ്നേഹം മുരളി

Unknown said...

പ്രിയപ്പെട്ട കഥാകാരാ,

പ്രണാമം.

അനിവാര്യമായ തിന്മയുടെ ഉച്ഛാടനം ലക്ഷ്യമാക്കി മഹാവിഷ്ണു കല്‍ക്കിയുടെ പോര്‍ച്ചട്ടയും ഖഡ്ഗവുമായി അവതരിക്കുന്ന ഒരു ദിനം സ്വപ്നം കാണാന്‍ താങ്കള്‍ക്കും കഴിഞ്ഞല്ലോ..

“ഭാരതത്തില്‍ പുലരി പിറന്നത്‌ പത്രങ്ങള്‍ക്കും, മറ്റു മാധ്യമങ്ങള്‍ക്കും നടുങ്ങുന്ന, ചൂടുള്ള വാര്‍ത്തകള്‍ നല്‍കിക്കൊണ്ടായിരുന്നു. ഒരു വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെയായിരുന്നു, "ഇന്ത്യയിലും അതുപോലെ മറ്റനേക രാജ്യങ്ങളിലും ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മന്ത്രിമന്ദിരങ്ങളും, അധോലോക കേന്ദ്രങ്ങളും, കുപ്രസിദ്ധമായ മറ്റു കൊട്ടാരങ്ങളും തകരുകയും അതിണ്റ്റെ ചുക്കാന്‍ പിടിച്ചവരും കൂട്ടാളികളും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട മന്ത്രിമാരെല്ലാവരും തന്നെ അഴിമതിക്കാരും, ഭീകരപ്രവര്‍ത്തനത്തിനു കൂട്ടുനിന്നവരും ആയിരുന്നു. "

ഇക്കൂട്ടത്തില്‍ ചില പത്രങ്ങളും ചാനലുകളും കൂടി ചാമ്പലാകുമോ?:)

എന്തായാലും നന്നായിരിക്കുന്നു.
നല്ല പ്രമേയം ,വ്യത്യസ്തമായ ആഖ്യാനശൈലി.
അഭിനന്ദനങ്ങള്‍.......

വേണു venu said...

ഇടിമിന്നലിനും സുനാമിയ്ക്കുമായി ഒരു ഖല്‍ക്കിയുടെ വര‍വിനായി കാത്തിരിക്കുന്നു അവര്‍. അനന്തന്മാര്‍, കോടാനുകോടി നമസ്ക്കാരങ്ങളുമായി ഇരുട്ടില്‍‍ നോക്കി ദീര്‍ഘ നിശ്വാസങ്ങളുമായി കാലം കഴിക്കുന്നു. അവനെ കാത്തിരിക്കുന്നു.
മുരളി മാഷേ ഇഷ്ടപ്പെട്ടു.:)

asdfasdf asfdasdf said...

മൂന്നുഭാഗങ്ങളും വായിച്ചു. ഗംഭീരം.
ഇത്രയും മനോഹരമായ ആഖ്യാനശൈലി താങ്കളുടെ മറ്റുകഥകളില്‍ ദര്‍ശിച്ചിട്ടില്ലായിരുന്നു.
തിന്മയെ ഉന്മൂലനം ചെയ്യുന്നതോടൊപ്പം നന്മയ്ക്ക് വിജയവും ഭവിക്കുമാറാകട്ടെ.ആശംസകള്‍

Aravishiva said...

മുരളിയേട്ടാ,

അവതാര കഥ മനോഹരമായി...

ആഖ്യാനം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു...കഥയിലുടനീളം നിലനിര്‍ത്തിയ മൂഡ് കഥയുടെ മാറ്റുകൂട്ടി...

ഒരു കല്‍ക്കി അവതാരം കൊണ്ട് ഭൂമിയിലെ അധര്‍മ്മത്തിന് ഒരു പരിധി വരെയെങ്കിലും കുറവുണ്ടാവുമെങ്കില്‍ മഹാവിഷ്ണു ആ നേരം തെറ്റിയ കര്‍മ്മം ഇപ്പോള്‍ നിര്‍വ്വഹിച്ചെങ്കിലെന്ന് വല്ലാതെ ആശിച്ചു പോകുന്നു...

അരവിശിവ