Saturday, August 04, 2007

പത്താമൂഴം (2)

മഹാവിഷ്ണു അനന്തന്റെ അടുത്തുനിന്ന്‌ പതുക്കെ മുന്നോട്ടു നടന്നു. കദളീവനങ്ങളും, താമരപൊയ്കകളുമൊക്കെ കടന്ന്‌ മഹാവിഷ്ണു വന്നു നിന്നത്‌ അവതാരകാല വസതിയുടെ മുമ്പിലാണ്‌. മഹാവിഷ്ണു സൂക്ഷിച്ചുനോക്കി. തന്റെ അവതാരകാല വസതിക്ക്‌ ഇങ്ങനെയൊരു രൂപം മുമ്പൊരിക്കലും താന്‍ കാണുകയുണ്ടായിട്ടില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ വൈകുണ്ഠത്തെക്കുറിച്ച്‌ താനെപ്പോഴാണ്‌ ആലോചിച്ചീട്ടുള്ളത്‌. മറ്റുള്ള സമസ്യകള്‍ക്കു പിന്നാലെ പായുമ്പോള്‍ സ്വന്തം വീടു മറന്നവനാണോ താന്‍? ഇതുവരെയും അനുഭവപ്പെടാത്ത ചില വികാരങ്ങള്‍ തന്നെ ഭരിക്കാന്‍ തുടങ്ങിയോ എന്ന്‌ വിഷ്ണു ശങ്കിച്ചു. 

ഇപ്പോഴിതാ വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നു പന്തലിച്ച്‌ വസതിയാകെ മൂടിക്കളഞ്ഞിരിക്കുന്നു. വള്ളികള്‍ക്കിടയില്‍ വിവിധതരത്തിലുള്ള പൂക്കള്‍ സുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നു. നിറപകിട്ടുള്ള ശലഭങ്ങള്‍ വട്ടമിട്ടു പാറിനടക്കുന്നു. ഒറ്റ നോട്ടത്തില്‍ ഒരു വസതിയുടെ മാതൃക വള്ളിപ്പടര്‍പ്പുകള്‍ കൊണ്ട്‌ തീര്‍ത്തിരിക്കുകയാണെന്നു തോന്നും. ഓരോ യുഗത്തിണ്റ്റേയും അവസാനകാലത്തു മാത്രമാണല്ലോ താനീ വസതിക്കുമുമ്പില്‍ വരാറുള്ളതെന്ന്‌ ഭഗവാനോര്‍ത്തു. അപ്പോള്‍ മാത്രമാണീ വസതി ഉണരുന്നത്‌. കമാനങ്ങളും, തോരണങ്ങളുമെല്ലാം തൂക്കി ദേവന്‍മാര്‍ വസതി അലങ്കരിച്ചിരിക്കും. കടന്നുപോയ യുഗങ്ങളിലെ അവതാര വേഷങ്ങള്‍ തുടച്ചുമിനുക്കി ഓരോ അറകളിലുമായി പ്രദര്‍ശിപ്പിച്ചിരിക്കും. വരാനിരിക്കുന്ന യുഗങ്ങളിലെ അവതാരങ്ങളുടെ അറകള്‍ ഭദ്രമായ്‌ അടച്ച്‌ മുദ്രണം ചെയ്തിരിക്കും. അതിണ്റ്റെ മുന്നില്‍ അനന്തന്റെ ബന്ധുക്കല്‍ കാവലിരിക്കും. പിന്നീട്‌ യുഗാവസാനത്തില്‍ അവതാരവേഷമിരിക്കുന്ന അറയുടെ മേല്‍ ഒരനുഷ്ഠാനംപോലെ താനും ബ്രഹ്മ-മഹേശ്വരന്‍മാരും കൂടി കൈവെക്കുമ്പോള്‍ അറ തുറക്കുകയും താന്‍ മാത്രം അറയിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. പിന്നെ തനിക്കു പുറകില്‍ അറയുടെ വാതിലുകള്‍ അടയുന്നു. വേഷങ്ങളണിയാനും ശത്രുസംഹാരത്തിന്റെ രീതികള്‍ രൂപപ്പെടുത്താനും വേണ്ടി താന്‍ ധ്യാനിക്കുവാന്‍ തുടങ്ങുമ്പോള്‍ വസതിക്കുപുറത്ത്‌ ദേവന്‍മാര്‍ പൂജകളും ആഘോഷങ്ങളും നടത്തുകയായിരിക്കും. 


പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പുകള്‍ കുറച്ചൊക്കെ മഹാവിഷ്ണു അടര്‍ത്തിമാറ്റി. അനന്തന്റെ ബന്ധുക്കളിലാരോ വള്ളിയിലൂടെ ഊര്‍ന്നിറങ്ങി ഭഗവാനെ പ്രണമിച്ച്‌ അറകള്‍ക്കു നേരെ പാഞ്ഞുപോയി. അപ്രതീക്ഷിതമായ തണ്റ്റെ ആഗമനം ഈ പാവങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുന്നുവെന്ന്‌ മഹാവിഷ്ണു അറിഞ്ഞു. വസതിയുടെ അകത്തളത്തിലാണിപ്പോള്‍ മഹാവിഷ്ണു നില്‍ക്കുന്നത്‌. തളത്തിനു ചുറ്റുമായാണ്‌ അറകള്‍ തീര്‍ത്തിരിക്കുന്നത്‌. തളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പത്ത്‌ അറകളും വളഞ്ഞു കിടന്നു. ഓരോ യുഗാവസാനത്തിലും താന്‍ എടുത്തണിഞ്ഞ്‌ അഴിച്ചുവെച്ച വേഷങ്ങളും നോക്കി മഹാവിഷ്ണു മുന്നോട്ടുനടന്നു. പത്താമത്തെ അറയുടെ മുന്നില്‍ നാഗങ്ങള്‍ കൂട്ടം ചേര്‍ന്നു നിന്നിരുന്നു. എടുത്തണിഞ്ഞ വേഷങ്ങളിലൊന്നും ഇതുവരെയും മുഷിവു തോന്നിയിട്ടില്ലെന്ന്‌ മഹാവിഷ്ണു ഓര്‍ത്തു. ഇപ്പോള്‍ മാത്രം എന്തോ ഒരസ്വസ്ഥത. 


ഒരുപക്ഷെ ഇതിനുമുമ്പൊരിക്കലും അനവസരത്തില്‍ വേഷമിടേണ്ടി വന്നീട്ടില്ലാത്തതുകൊണ്ടാവാം ഈ അസ്വസ്ഥത. വേഷമണിഞ്ഞതിനുശേഷം ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും നടന്ന ഓരോ സംഭവങ്ങള്‍ ഇപ്പോഴും മനസ്സിനെ മഥിക്കുന്നുണ്ടെന്നുള്ളത്‌ ഒരു പരമാര്‍ത്ഥം മാത്രം. പക്ഷെ അതെല്ലാം അങ്ങനെ സംഭവിക്കാന്‍ വേണ്ടി പദ്ധതിയൊരുക്കിയതിനാല്‍ ആശ്വസിക്കാന്‍ പറ്റുമായിരുന്നു. എങ്കിലും ഓര്‍മ്മിക്കുമ്പോള്‍ തന്റെ മനസ്സ്‌ അല്‍പ നേരം തളര്‍ന്നുപോകുന്നു. 


(അടുത്ത പോസ്റ്റില്‍ തീരും)

6 comments:

Murali Menon (മുരളി മേനോന്‍) said...

പത്താമൂഴം രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിരിക്കുന്നു. ആദ്യ ഭാഗത്തിന്റെ പ്രോത്സാഹ കമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, സസ്നേഹം മുരളി

അരവിശിവ. said...

മുരളിയേട്ടാ,

പത്താമുദയം രണ്ടാം ഭാഗം വായിച്ചു...നേരം തെറ്റിയുള്ള ഈ അവതാരം കാലഘട്ടത്തിന്റെ ആവശ്യകതയായി തീര്‍ന്നിരിയ്ക്കുന്നു...അധര്‍മ്മം തുടച്ചു നീക്കാന്‍ മഹാവിഷ്ണുവിന് ധാരാളം അധര്‍മ്മികളെ ഇനിയും വധിയ്ക്കേണ്ടതായി വരും..ഇനിയുമൊരു ഭാരത കഥയുടെ കാഹളം കേള്‍ക്കാനാവുന്നുണ്ട്...

ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി...

അരവിശിവ

Visala Manaskan said...

“പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പുകള്‍ കുറച്ചൊക്കെ മഹാവിഷ്ണു അടര്‍ത്തിമാറ്റി. അനന്തണ്റ്റെ ബന്ധുക്കളിലാരോ വള്ളിയിലൂടെ ഊര്‍ന്നിറങ്ങി ഭഗവാനെ പ്രണമിച്ച്‌ അറകള്‍ക്കു നേരെ പാഞ്ഞുപോയി“

ഞാന്‍ 1999 മുതല്‍ പറയാറുള്ള അതേ കാര്യം തന്നെ ഇപ്പോഴും പറയുന്നു. നല്ല ഭാഷ. ഗംഭീരമായിരിക്കുന്നു ഇതും.

അടുത്ത ഭാഗത്തില്‍ എന്ത് സംഭവിച്ചിരിക്കാം എന്ന ആലോചനയുമായി...

ഇത്തിരിവെട്ടം said...

ഇഷ്ടമായി... അടുത്ത ഭാഗം വരട്ടേ...

വേണു venu said...

മുരളി മാഷേ,
ഈ ഭാഗവും രചനാ ശൈലികൊണ്ടു് മനോഹരമാക്കീ വായനക്കാരനെ ആകാംക്ഷയുടെ മുള്‍‍ മുനയില്‍ നിര്‍ത്തിയിരിക്കുന്നു. അടുത്ത ഭാഗം വരെ കാത്തിരിപ്പു് തുടരുന്നു.:)

പൊതുവാള് said...

മുരളിയേട്ടാ,

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു.
നന്നായിരിക്കുന്നു, അടുത്തതിനായി കാത്തിരിക്കുന്നു.