Friday, August 24, 2007

കോമരം പിന്നിട്ട കൌമാരം - 11

ആദ്യത്തെ ജോലിയും അതിന്റെ അന്ത്യവും

ആദ്യമായ് ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിന്റെ ഒരാകാംഷ എനിക്കുണ്ടായിരുന്നതുകൊണ്ട് തിങ്കളാഴ്ച രാ‍ത്രി 9 മണിക്ക് ഭക്ഷണം കഴിച്ചെന്നു വരുത്തി ഞാന്‍ റെഡിയായി. രണ്ടാമത്തെ ചേട്ടന്‍ എന്നെ ഗോവണ്ടി സ്റ്റേഷന്‍ വരെ കൊണ്ടുചെന്നാക്കി. പോകുമ്പോള്‍ കുര്‍ളയില്‍ എറങ്ങേണ്ടതിനെക്കുറിച്ചും ബസ്സ്റ്റോപ് എവിടെയാണെന്നും ബസ് നമ്പര്‍ എന്താണെന്നും എന്താണ് കണ്ടകറ്ററോട് പറയേണ്ടതെന്നുമൊക്കെ കോച്ചിംഗ് തന്നിരുന്നു. പറഞ്ഞതുപോലെ കുര്‍ളയില്‍ ഇറങ്ങി ബസ്സ്റ്റോപ് കണ്ടുപിടിച്ച് സാക്കിനാക്കയിലേക്ക് പോകേണ്ട ബസ് നമ്പര്‍ കണ്ട് കയറി. അപ്പോള്‍ നല്ല തിരക്കായിരുന്നു. ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കാനായ് സീറ്റില്‍ ചാരിനിന്നു. സ്ത്രീകള്‍ പുരുഷന്മാരുടെ ഇടയില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു തോന്നി ഇതെന്തിനാ ഇവര്‍ പുരുഷപീഢനം അനുഭവിക്കാന്‍ ഇടയില്‍ നില്‍ക്കുന്നത്, സ്ത്രീകളുടെ സീറ്റിനടുത്ത് നിന്നാല്‍ പോരേ, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് ഞാന്‍ മനസ്സിനെ സമാധാനിപ്പിച്ചു.


കുറച്ചു ദൂരം പോയപ്പോള്‍ ബസ് ഒരുവിധം കാലിയാവാന്‍ തുടങ്ങിയിരുന്നു. വിന്‍ഡോ സീറ്റിലിരുന്ന ഒരാള്‍ എഴുന്നേറ്റപ്പോള്‍ അതിനടുത്തിരുന്ന ആള്‍ എന്നോട് ഉള്ളിലേക്ക് കടന്നോളാന്‍ ഏക്ഷന്‍ കാണിച്ചു. ഞാന്‍ വിന്‍ഡോ സീറ്റിലിരുന്ന് പുറംകാഴ്ച്ചകള്‍ കണ്ടു. കുറച്ചുദൂരം അങ്ങനെ പോയിക്കാണും ഞാന്‍ എന്റെ കൈ അടുത്ത സീറ്റില്‍ അറിയാതെ വച്ചത് ആരുടേയോ മടിയില്‍ ആയിരുന്നു. പെട്ടെന്ന് അടുത്ത സീറ്റിലെ ആളെ നോക്കി. അപ്പോള്‍ അവിടെ ഇരുന്നിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരിയായിരുന്നു. ഞാന്‍ പൊടുന്നനെ കൈ വലിച്ചു, സോറി പറയാന്‍ പഠിച്ചിരുന്നില്ല എന്നുള്ളതുകൊണ്ട് ഒരു വളിച്ച മുഖം പ്രസന്റ് ചെയ്ത് ഇനിയെന്തൊരു വഴി വേണ്ടൂ എന്നാലോചിച്ചു. ആരെങ്കിലും കണ്ടാല്‍ എന്നെപറ്റി എന്തുവിചാരിക്കും എന്നാലോചിച്ച് ഞാന്‍ മെല്ലെ എഴുന്നേറ്റു. അപ്പോള്‍ ആ കുട്ടി എന്നോടു ചോദിച്ചു, “ഉത്തര്‍നേക്കാ ഹൈ ക്യാ?”, എവടെ, എനിക്കെന്തു കുന്തം മനസ്സിലാ‍വാന്‍, ഞാന്‍ വീണ്ടും ഡാന്‍സിംഗ് ഡോളിനെപ്പോലെ തലയാട്ടി. അപ്പുറത്തു നിന്നിരുന്ന അവളുടെ കൂട്ടുകാരിയെ വിളിച്ച് അവള്‍ അടുത്തിരുത്തി. ഞാന്‍ കുന്തം വിഴുങ്ങി നിന്നു. ആരും ആരേയും ശ്രദ്ധിക്കുന്നില്ല. അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ ഒരാണ്‍ പ്രജ എഴുന്നേല്‍ക്കുന്നു അവിടെ മറ്റൊരു പെണ്‍ പ്രജയിരിക്കുന്നു. തിരിച്ചും സംഭവിക്കുന്നു. ഓ ഹോ, ആനന്ദലബ്ദിക്കിനിയെന്തുവേണം, ഞാന്‍ ചെയ്ത വിഡ്ഢിത്തരം ഓര്‍ത്ത് നില്‍ക്കുമ്പോള്‍ എനിക്കിറങ്ങേണ്ട സാക്കിനാക്കയെത്തി.

അവിടെ നിന്ന് റോഡ് ക്രോസ് ചെയ്ത് നേരെ മുന്നോട്ടു നടന്നു, കുറച്ചു ദൂരം നടന്നപ്പോള്‍ തിരക്കൊഴിഞ്ഞ വീഥിയില്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു. വല്ലപ്പോഴും പോകുന്ന വാഹനങ്ങളുടെ ലൈറ്റും, തെരുവിലെ മഞ്ഞ ലൈറ്റും മാത്രം. ഇതെന്താ ബോംബെയില്‍ ഇങ്ങനെ എന്നെനിക്കു തോന്നി. തൊട്ടടുത്ത തെരുവില്‍ നിറയെ ജനങ്ങളുടെ പരക്കം പാച്ചിലുകള്‍, വാഹനങ്ങളുടെ ബഹളങ്ങള്‍. ഇതാ ഈ റോഡിലാവട്ടെ വല്ലപ്പോഴും പാസ് ചെയ്യുന്ന ചില ചരക്കുലോറികള്‍ മാത്രം. കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ റോഡിന്റെ ഇരുവശവും കെട്ടിടങ്ങളില്ലാതെ കുറേ ചതുപ്പു നിലങ്ങള്‍ മാത്രം. ഇനി വഴിതെറ്റിയതാവുമോ? വലിയ ബില്‍ഡിംഗാണെന്നാണല്ലോ പറഞ്ഞത്. ആരെയെങ്കിലും കണ്ടാല്‍ അറിയാവുന്ന മലയാളത്തില്‍ ചോദിക്കാമായിരുന്നു. ഭാഗ്യം ആരുമില്ല, മുന്നോട്ട് നടക്കുമ്പോള്‍ അകലെ വലിയ ഒരു ഫാക്റ്ററിയുടെ രൂപം ദൃഷ്ടിയില്‍ പെട്ടു. പതിനൊന്നുമണിക്കാണ് ഹാജരാവാന്‍ പറഞ്ഞീട്ടുള്ളത്. വാച്ചു നോക്കാതെ തന്നെ എനിക്കറിയാം ഒരു പത്തുമണിയാവാനേ തരമുള്ളുവെന്ന്. (വാച്ചിണ്ടങ്കിലല്ലേ നോക്കുന്നത്).


അങ്ങനെ സമാധാനത്തോടെ മുന്നോട്ടു നടക്കുമ്പോഴതാ, കറുത്ത തുണി കൊണ്ടു മൂടിയ രണ്ടു രൂപങ്ങള്‍ എന്റെ നേരെ നടന്നടുക്കുന്നു. ഈശ്വരാ, ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഒന്നും വരുത്തരുതേ. ആ രൂപങ്ങള്‍ എന്റെ നേര്‍ക്കു തന്നെയാണു വരുന്നത്. റോഡിനു നല്ല വീതിയുണ്ട്. അതുകൊണ്ട് മറുവശത്തേക്ക് ചാടിയോടാം, അതോ പിന്തിരിഞ്ഞോടണോ എന്ന് ശങ്കിച്ചു. മനസ്സു പറഞ്ഞു, പിന്തിരിഞ്ഞെങ്ങോട്ടോടും. ഇതാ ഫാക്റ്ററി അടുത്തു, അങ്ങോട്ടോടു, നിന്റെ ബന്ധുവിന്റെ അടുത്തേക്ക്... ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല, റോഡിന്റെ മറുവശത്തേക്ക് ചാടി ഒറ്റ ഓട്ടം. ഒളിമ്പിക്സില്‍ നൂറുമീറ്ററിനു പറഞ്ഞയച്ചിരുന്നെങ്കില്‍ എന്തെങ്കിലും തടയാമായിരുന്ന വിധമുള്ള ഓട്ടം. കുറേ ദൂരം ഓടി മെല്ലെ തിരിഞ്ഞുനോക്കുമ്പോള്‍ അകലെ ആ രൂപങ്ങളതാ മെല്ലെ മെല്ലെ നടന്നുപോകുന്നു. പിറ്റേ ദിവസം എന്തും പറയാവുന്ന രണ്ടാമത്തെ ചേട്ടനോട് ഭൂതങ്ങളെ കണ്ട കാര്യം പറഞ്ഞപ്പോള്‍ ചേട്ടനു ചിരിയടക്കാനായില്ല. ചേട്ടന്‍ ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു, എടാ, നമ്മുടെ നാട്ടുമ്പുറത്തില്ലെന്നേ ഉള്ളു. അത് പര്‍ദ്ദയണിഞ്ഞ് മുസ്ലീം സ്ത്രീകളായിരുന്നു. ഹോ ഇനിയിപ്പോള്‍ അത്തരം രൂപങ്ങളെ പേടിക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ സമാധാനിച്ചു.


നാഷണല്‍ പ്ലാസ്റ്റിക് കമ്പനിയിലേക്കാണ് ഞാന്‍ ചെന്നു കയറിയത്. നേരെ പോയി സുകുവേട്ടനെ കണ്ടു. എന്നെ പ്ലാന്റിനകത്തേക്കു കൊണ്ടുപോയി. നല്ല തണുപ്പുള്ള പ്ലാന്റ്. ഓട്ടോമാറ്റിക്ക് പ്ലാന്റാണെന്ന് സുകുവേട്ടന്‍ പറഞ്ഞു. ഒരു സൂപ്പര്‍വൈസറെ വിളിച്ച് ഹിന്ദിയില്‍ എന്തോ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് അദ്ദേഹം പോയി. സൂപ്പര്‍വൈസര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു മെഷിന്‍ പ്രവര്‍ത്തിക്കുന്നതിന്റെ മുന്നില്‍ കൊണ്ടിരുത്തി. അത് ഏതാണ്ട് നെല്ലുകുത്തു കമ്പനിയിലെ മെഷിനെപോലെ തോന്നി. മെഷിനിന്റെ തുറന്നിരിക്കുന്ന വായപോലെയുള്ള സാധനത്തിലേക്ക് വെളുത്തതും നിറമുള്ളതുമായ പ്ലാസ്റ്റിക് മുത്തുകള്‍ കോരിയിടുമ്പോള്‍ അടിഭാഗത്ത് ഒരു മോള്‍ഡ് വന്ന് അമരുകയും അതിനിടയിലൂടെ സ്കൂള്‍ കുട്ടികള്‍ കൊണ്ടുപോകുന്ന വാട്ടര്‍ ബാഗ് വാര്‍ന്നു വീഴുകയും ചെയ്യുന്നു. സൂപ്പര്‍ വൈസര്‍ വാര്‍ന്നു വീഴുന്ന ഒരു ബാഗെടുത്ത് അതിന്റെ ബള്‍ജ് ചെയ്തു നില്‍ക്കുന്ന അവശിഷ്ടങ്ങള്‍ ഒരു ചെറിയ കത്തി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കാണിച്ചു തന്നു. പിന്നെ തൊട്ടടുത്തിരിക്കുന്ന പാത്രത്തില്‍ നിന്ന് അതിന്റെ അടപ്പ് എടുത്ത് മുറുക്കി അടക്കുകയും അതിനെ മറ്റൊരു സൈഡിലേക്ക് ഇടുകയും ചെയ്യുക.
ആഹാ നിസ്സാരമായ ആ ജോലിയില്‍ ഞാനേറെ സന്തോഷിച്ചു. വളരെ ഉത്സാഹത്തോടെ മോള്‍ഡില്‍ നിന്നും വന്ന പ്ലാസ്റ്റിക് പാത്രം ഞാനെടുത്തു. ഉടനെ നിലത്തിട്ടു. നല്ല ചൂടുണ്ടായിരുന്നു. അപ്പുറത്തു ജോലി ചെയ്യുന്നവര്‍ കയ്യുറ ധരിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്കു മാത്രം എന്തുകൊണ്ടില്ല, ങാ, ചിലപ്പോള്‍ നാളെ മുതല്‍ കിട്ടുമായിരിക്കും.


അങ്ങനെ എത്ര പാത്രങ്ങള്‍ക്ക് അടപ്പിട്ടുവെന്ന് എനിക്കറിയില്ല, എന്റെ ചിന്തയില്‍ രാത്രി എല്ലാവരും സുഖമായ് ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം ഇതാ പ്ലാസ്റ്റിക് പാത്രത്തിനടപ്പിട്ടുകൊണ്ടിരിക്കുന്നു. എനിക്ക് സങ്കടം സഹിക്കാനായില്ല. എന്റെ കൈ അപ്പോള്‍ നല്ലവണ്ണം വേദനിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ മെല്ലെ ചാരിയിരുന്നു, കാലുകള്‍ നല്ലവണ്ണം നീട്ടി വച്ചു. സുഖകരമായ തണുപ്പില്‍ ഞാന്‍ ആടിനേയും തീറ്റി അമ്പലപ്പറമ്പില്‍ നിന്ന് അവളുടെ വീട്ടിലേക്ക് നോക്കി, അപ്പോള്‍ അവളുടെ അച്ഛന്‍ ഒരു കല്ലെടുത്ത് എറിഞ്ഞത് എന്റെ നെറ്റിയില്‍ തന്നെ വന്നു കൊണ്ടു. എനിക്ക് നല്ലവണ്ണം വേദനിച്ചപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. ഒരു മറാട്ടി അപ്പുറത്തെ സീറ്റില്‍ നിന്നും ഉറങ്ങുന്ന എന്നെ ഉണര്‍ത്താന്‍ പ്ലാസ്റ്റിക് പാത്രം കൊണ്ടെറിഞ്ഞതാണെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. ആത്മാഭിമാനം വ്രണപ്പെടുത്താന്‍ തയ്യാറല്ലാത്തതുകൊണ്ടു തന്നെ ഒന്നും ആലോചിച്ചില്ല. നല്ലൊരു പ്ലാസ്റ്റിക് ഡബ്ബയെടുത്ത് അവന്റെ തിരുനെറ്റി നോക്കി തന്നെ എറിഞ്ഞു. അവന്‍ മുഖം പൊത്തി കിടന്നു. മറ്റുള്ളവര്‍ പിടിച്ചെഴുന്നേല്പിച്ചപ്പോള്‍ നെറ്റിയില്‍ ബോണ്ടയുണ്ടായിരുന്നു. സാമാന്യം വെളുത്ത മുഖം നീല കളറായിരുന്നു. സൂപ്പര്‍വൈസര്‍ വന്ന് എന്തോ പറഞ്ഞു, പിന്നെ സുകുവേട്ടനെ വിളിച്ചുകൊണ്ടു വന്നു. അദ്ദേഹം എന്നെയൊന്ന് ഇരുത്തി നോക്കി. പിന്നെ പീഡിതന്റെ അടുത്തു ചെന്ന് അവനെ സമാധാനിപ്പിച്ചു. തിരിച്ചുപോകുമ്പോള്‍ എന്നൊടു പറഞ്ഞു, നാളെ മുതല്‍ വരണ്ട, ഞാന്‍ ചേട്ടനെ വിളിച്ചു പറഞ്ഞോളാം. ഞാനൊന്നും വിശദീകരിച്ചില്ല. അപ്പോള്‍ സമയം വെളുപ്പിനു 3 മണിയെങ്കിലും ആയിക്കാണും. സീനിയര്‍ ആയിട്ടുള്ളവര്‍ ഉറങ്ങാനായ് ഓരോ ചാക്കിലേക്ക് വലിഞ്ഞിറങ്ങുന്നതു ഞാന്‍ കണ്ടു. നാളെ മുതല്‍ ജോലിയില്ലാത്ത ഞാന്‍ പിന്നെയെന്തിനാണ് ഈ പാവം പാത്രങ്ങളുടെ വായ് മൂടിക്കെട്ടി ശ്വാസം മുട്ടിക്കുന്നത് എന്ന ചിന്തയാല്‍ ഞാനും ഒരു ചാക്കിനുള്ളിലേക്ക് വലിഞ്ഞു കയറി. കാലത്ത് ആരോ വന്ന് എന്റെ ചാക്ക് വലിച്ചപ്പോഴാണ് ഞാനുണര്‍ന്നത്. എന്റെ മെഷിനു മുന്നില്‍ പൊക്കിള്‍കൊടി മുറിക്കാത്ത, വായടക്കാത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നിറഞ്ഞുകിടന്നു. ഞാന്‍ ഒന്നും പറയാതെ മൂടും തട്ടിക്കുടഞ്ഞ് പുറത്തിറങ്ങി.
(തുടരും)

4 comments:

Murali Menon (മുരളി മേനോന്‍) said...

കൌമാരത്തിലെ ആദ്യജോലിയും അതിന്റെ അന്ത്യവും പോസ്റ്റ് ചെയ്തീട്ടുണ്ട്. ഒരു ജോലി എങ്ങനെ നിലനിര്‍ത്താം എന്ന് ഇതില്‍ നിന്ന് ആരെങ്കിലും പഠിച്ചീട്ടുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അനിയന്‍ പഞ്ചപാവമാണെന്ന് പിന്നേം തെളിയിച്ചല്ലേ?.
എന്നാലും പാതിരാത്രി ഉറക്കത്തീന്ന് എഴുന്നേറ്റിട്ടും ഉന്നം തെറ്റാതെ എറിഞ്ഞ് പിടിപ്പിച്ചാ!!!

അരവിശിവ. said...

ഹോ...അങ്ങനെ ആദ്യ ജോലിയുടെ ടെന്‍ഷനും കഴിഞ്ഞു...ഇത്തരം അനുഭവങ്ങള്‍ ജീവിതത്തിലെന്നും കരുത്തുപകര്‍ന്നിട്ടുണ്ടാവാം..വൈറ്റ് കോളര്‍ ജോലിയിലും ആത്മാഭിമാനം വ്രണപ്പെടുത്തി മുരളിയേട്ടനിരുന്നിട്ടില്ല എന്നാണു കേട്ടിട്ടുള്ളത്...എന്തായാലും പ്രത്യാഘാതങ്ങളും നന്മ തിന്മകളും ഒക്കെ ആലോചിച്ച് ഡിപ്ലോമാറ്റിക്കായൊരു തീരുമാനമെടുക്കുന്നൊരാളായിരുന്നെവെങ്കില്‍ മുരളിയേട്ടന്‍ ആജീവനാന്തം അവിടുത്തെ പണിക്കാരനായി മാറിയേനെ..ജീവിതത്തോടുള്ള ഈ കൂസലില്ലായമയ്ക്ക് അഭിനന്ദനങ്ങള്‍....

kilukkampetty said...

അവ്ന്റെ നെറ്റിയില്‍ ബോണ്ട കണ്ടപ്പോള്‍ സമധനം ആയി അല്ലെ?