Thursday, August 23, 2007

കോമരം പിന്നിട്ട കൌമാരം - 10

ബോംബെയിലെ രണ്ടാം ദിവസവും മറാട്ടിയുടെ തല്ലും

കാലത്ത് ഞാന്‍ ചപ്പാത്തിയും ഉരുളങ്കിഴങ്ങ് കറിയും ഉണ്ടാക്കുമ്പോഴേക്കും ചേട്ടന്മാര്‍ വെള്ളം പിടിച്ചുകൊണ്ടു വന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞു. എന്നോട് വേഗം റെഡിയാവാന്‍ പറഞ്ഞു, ഞാന്‍ രണ്ടു കൈകളില്‍ നീല ബക്കറ്റും ചുവന്ന ബക്കറ്റുമായ് പബ്ലിക് വാട്ടര്‍ പൈപ്പിനടുത്തെത്തി. 4 സെറ്റ് പൈപ് ഉണ്ടായിരുന്നു. എല്ലായിടത്തും ലൈനില്‍ ആളുകള്‍ നിന്നിരുന്നു. ഞാന്‍ മാത്രം ലുങ്കിയുടുത്തും മറ്റുള്ളവര്‍ കൊച്ചുകുട്ടികളെപോലെ നാണമില്ലാതെ ട്രൌസര്‍ ഇട്ടുമാണ് നിന്നിരുന്നത്. കുറേ സ്ത്രീകള്‍ ചെപ്പുകുടങ്ങളുമായ് ലൈനില്‍ നിന്നിരുന്നു. അവര്‍ എന്നെ നോക്കി അന്യോന്യം കുശുകുശുത്തു. പിന്നെ ചിരിച്ചു കാണിച്ചു. ഞാനും ചിരിച്ചു. അങ്ങനെ ഞങ്ങള്‍ പരിചയക്കാരാണെന്നു നടിച്ചു.

ഞാന്‍ നിരങ്ങി നിരങ്ങി പൈപ്പിനടുത്തെത്തി ബക്കറ്റ് നീക്കി വെച്ചതും, ഒരാള്‍ വന്ന് ബക്കറ്റെടുത്ത് പുറത്തേക്കിട്ട് അയാളുടെ ബക്കറ്റ് വച്ചു. ഞാന്‍ അയാളെ രൂക്ഷമായ് ഒന്നു നോക്കി. അതിഷ്ടപ്പെടാതെ അയാള്‍ മറ്റേ ബക്കറ്റ് കാലുകൊണ്ട് തട്ടി തെറിപ്പിച്ചു. എന്താന്നറിയില്ല, അനീതി കണ്ടാല്‍ എനിക്ക് പെരുത്തു കയറും, അപ്പോള്‍ എന്റെ ആരോഗ്യമില്ലായ്മയെക്കുറിച്ചോ എതിരാളിയുടെ ശക്തിയെക്കുറിച്ചോ ഒന്നും ചിന്തിക്കില്ല. ഞാനയാളുടെ ബക്കറ്റ് ഒരു ചിവിട്ടു കൊടുത്തു. അത് വെള്ളത്തോടെ പുറത്തേക്ക് തെറിച്ചുവെന്നു മാത്രമല്ല പൊളിയുകയും ചെയ്തു. അയാള്‍ എന്നെ കൂട്ടിയൊരു പിടുത്തവും നടുമ്പൊറത്ത് ഒരിടിയും പാസാക്കി. സ്വതവേ കക്കൂസയില്‍ പോയാല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടേ കുറച്ച് പോകാറുള്ളു. അയാളുടെ ഇടി ഒരു ബാലസുധ കുടിച്ച ഫലം നല്‍കി. എനിക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പബ്ലിക് കക്കൂസിലേക്ക് കയറാന്‍ തോന്നിയെങ്കിലും ഞാന്‍ അയാളുടെ കയ്യിലാണ്. അപ്പോഴാണ് ആ കാഴ്ച്ച എന്നെ അല്‍ഭുതപ്പെടുത്തിയത്. വെള്ളം പിടിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അയാളെ ചെപ്പുകൊടം കൊണ്ട് ഒരിടി പാസ്സാക്കി. അപ്പോള്‍ ഞാന്‍ കൂട്ടത്തില്‍ അയാളുടെ കാലില്‍ ഒരു ചവിട്ടിത്തേക്കലും പാസാക്കി. അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ഇടിയില്‍ തരിച്ച് പുറകോട്ടുമാറി. ഞാന്‍ വെള്ളം പിടിക്കാതെ ബക്കറ്റുമെടുത്ത് തിരിച്ചുപോയി കോണിച്ചോട്ടില്‍ വച്ച് എതിര്‍വശത്തുള്ള പബ്ലിക് ലാറ്ററിനിലേക്ക് പാഞ്ഞു.

കാര്യങ്ങളറിഞ്ഞ് ചേട്ടന്‍ ആശ്വസിപ്പിച്ചു. ഇതൊക്കെ ഇവിടെ പതിവാ, നമ്മള്‍ വേണം കണ്ടറിഞ്ഞ് പെരുമാറാന്‍. വല്യേട്ടന്‍ എന്നേയും കൊണ്ട് ചെമ്പൂര്‍ എന്ന സ്ഥലത്തേക്ക് നടന്നുപോയി. ഗോവണ്ടിയില്‍ നിന്ന് ചെമ്പൂര്‍ക്ക് ഏകദേശം 5, 6 കിലോമീറ്റര്‍ ഉണ്ടാകുമെന്നു തോന്നുന്നു. നടന്ന് നല്ല ശീലമുള്ളതുകൊണ്ട് അതൊരു പ്രശ്നമായിരുന്നില്ല. പക്ഷെ അന്നൊക്കെ നടന്നിരുന്നത് കാലില്‍ ചെരുപ്പിന്റെ തടസ്സങ്ങളില്ലാതെ പച്ച മനുഷ്യനായിട്ടാണ്. പക്ഷെ ഇന്നിതാ പാകമല്ലാത്ത ഒരു ഷൂവിനുള്ളില്‍ കിടന്ന് കാലു പരുങ്ങുന്നു. ഷൂ വലിച്ചെറിഞ്ഞ് പഴയ മനുഷ്യനായ് നടന്നു പോകാന്‍ മനസ്സ് കൊതിച്ചു. പക്ഷെ റോഡിന്റെ രണ്ടു സൈഡിലും മനുഷ്യര്‍ അവരെകൊണ്ടാവുന്ന വിധത്തില്‍ വൃത്തികേടാക്കി വച്ചിരുന്നതുകൊണ്ട് കാലിലൊന്നുമില്ലാതെ നടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല.

ഒപ്പമെത്താന്‍ പലപ്പോഴും ഓടേണ്ട ഗതികേടും കൂടിയായപ്പോള്‍ ഞാന്‍ ചേട്ടനോടു പറഞ്ഞു, കാലിനു നല്ല വേദന. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, അത് തഴമ്പായി കല്ലച്ചു കെടന്നോളും. നീ ഒന്നു വേഗം നടക്ക്, നിന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്തീട്ടുവേണം എനിക്ക് ഓഫീസില്‍ പോകാന്‍. അങ്ങനെ തമിഴന്‍ നടത്തുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ പ്രവേശനം ഉറപ്പു വരുത്തുകയും ചേട്ടന്‍ പോകുകയും ചെയ്തു. ഞാന്‍ വെറുതെ ആദ്യമായ് സ്ക്കൂളില്‍ വന്ന കുട്ടി അമ്മയെ അന്വേഷിക്കുന്നപോലെ പുറത്ത് ചേട്ടനുണ്ടോ എന്ന് എത്തിനോക്കി. എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്, ഒരാള്‍ എന്നെ വിളിച്ച് റെമിംഗ്ടണ്‍ എന്നെഴുതിയ ഒരു റ്റൈപ് റൈറ്ററിന്റെ മുന്നിലിരുത്തി. അയാള്‍ എന്നോട് എന്തോ ഇംഗ്ലീഷില്‍ ചോദിച്ചു, ഞാന്‍ അയാളെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ മന്ദബുദ്ധിയെപോലെ ഇരുന്നു. അയാള്‍ക്ക് ഭ്രാന്തുപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അയാള്‍ തന്നെയാണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാവാം ചോദ്യം അവസാനിപ്പിച്ച് അടിമുടി എന്നെ ഉഴിഞ്ഞുനോക്കി അയാള്‍ മറ്റു ടൈപ്പിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ പോയി.

അങ്ങനെ കഷ്ടി ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം അവസാനിപ്പിച്ച് ഒരു ഞായറാഴ്ച ചേട്ടന്‍ എന്നേയും കൊണ്ട് സാക്കിനാക്ക എന്ന സ്ഥലത്തേക്കു പോയി. അവിടെ ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരാളുടെ റൂമിലേക്കാണു പോയത്. ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതും ഓടിപ്പോകാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാകാം വരൂ, വരൂ എന്നു പറഞ്ഞു സ്വീകരിച്ചു. ചേട്ടന്‍ എന്നെ എങ്ങനെയെങ്കിലും അയാളുടെ കമ്പനിയിലെ ജനറല്‍ മാനേജരാക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചപ്പോള്‍, അദ്ദേഹം എന്നെ തറപ്പിച്ചൊന്നു നോക്കി പിന്നെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറാണല്ലോ അല്ലേ? എനിക്കിപ്പോ നാട്ടില്‍ പോണം എന്നാണു പറയാന്‍ ആഗ്രഹിച്ചതെങ്കിലും, ഞാന്‍ ഡാന്‍സിംഗ് ഡോളിനെപോലെ എന്തും സമ്മതം എന്ന മട്ടില്‍ തലയാട്ടിക്കാണിച്ചു. ഉടനെ അദ്ദേഹം ചേട്ടനെ നോക്കി പറഞ്ഞു, നാളെ തൊട്ട് രാത്രിയിലെ ഷിഫ്റ്റിനു വന്നോട്ടെ. ചേട്ടന്‍ ഫാക്റ്ററിയുടെ അഡ്രസ്സ് എല്ലാം വാങ്ങി കൃത്യമായ് എവിടെ ഏതു ബസ് നമ്പറില്‍ എന്നൊക്കെ കുറിച്ചെടുത്ത് എന്നാ ശരി, നാളെ രാത്രി ഞാനവനെ പറഞ്ഞുവിടാം എന്നു പറഞ്ഞിറങ്ങി. പോകുന്നവഴിക്കൊക്കെ എനിക്ക് കോച്ചിംഗ് ക്ലാസ് നല്‍കിയിരുന്നു. എങ്ങോട്ട് തിരിഞ്ഞു നിന്നാല്‍ ഏതു ബസ് വരും, അതിന്റെ നമ്പര്‍ എത്ര, കൊടുക്കേണ്ട കാശെത്രെ തുടങ്ങിയ എല്ലാ വിവരവും. ഞാന്‍ ശ്രദ്ധയോടെ തന്നെ കേട്ടു, കാരണം നാളെ രാത്രി ഇതു എന്റെ മാത്രം ഗതികേടാണെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്.

(തുടരും)

5 comments:

Murali Menon (മുരളി മേനോന്‍) said...

കോമരം പിന്നിട്ട കൌമാരം - 10 പുറത്തിറക്കി. എനിക്ക് മറാട്ടിയുടെ കയ്യില്‍ നിന്ന് ഒരു പൊത്തു (തല്ല്)കിട്ടിയ കാര്യം അതില്‍ പറഞ്ഞീട്ടുണ്ട്. പക്ഷെ എനിക്കതിന്റെ യാതൊരു അഹംഭാവവും ഇല്ലെന്ന് പറയാന്‍ ഞാനാഗ്രഹിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉടുത്തിരുന്നത് ലുങ്കിയാന്ന് എഴുതിയപ്പോള്‍ ഒരു സ്ഫടികം തോമ സ്റ്റൈല്‍ മലയാളി തല്ലെങ്കിലും പ്രതീക്ഷിച്ചു. വല്ലോടത്തൂന്നും തല്ലും വാങ്ങി വന്നോളും..:)

അരവിശിവ. said...

മറാഠിയോടിടയാന്‍ തോന്നിയ ധൈര്യം സമ്മതിയ്ക്കണം...അതു ധൈര്യമല്ല മറിച്ച് മറാഠി ഒന്നും ചെയ്യില്ല എന്ന വിശ്വാസമായിരുന്നില്ലേ എന്ന് ഞാന്‍ ബലമായി വിശ്വസിയ്ക്കുന്നു.... :-)

കൌമാരം അങ്ങനെ യൌവ്വനത്തിലേക്ക് കാല്‍ തെറ്റി വീഴട്ടെ....

sandoz said...

ഞാന്‍ ആദ്യമായിട്ടാ ഇവിടെ...
തുടക്കം മുതല്‍ വായിക്കട്ടെ....
പത്തു ഭാഗവും തീര്‍ത്തിട്ട്‌ തിരിച്ച്‌ വരാം...

usha said...

dancing doll ne pole... pettannu muzhuvanum vayikkanam ennu thonnal ulavakkunna avatharana saili kollam .......