Thursday, August 16, 2007

കോമരം പിന്നിട്ട കൌമാരം - 5

ബസിന്റെ മലക്കം മറിച്ചലും ഞാന്‍ പിടികിട്ടാ പുള്ളിയായതും

ഈ കഥ ഞാന്‍ ആല്‍ത്തറയില്‍ (മലയാളം ഗസ്റ്റ്ബുക്കില്‍) പണ്ട് (തൊണ്ണൂറുകളുടെ അവസാനത്തില്‍) എഴുതിയിട്ടുള്ളതാണ്. പഴയ ആല്‍ത്തറ സുഹൃത്തുക്കള്‍ ഈ ആവര്‍ത്തനം പൊറുക്കുക. ഇത് കൌമാര സംഭവത്തിന്റെ തുടര്‍ച്ചയായതിനാല്‍ വീണ്ടും കുറിക്കുന്നു.

കാലത്ത് 10 മണി മുതല്‍ പന്ത്രണ്ടുമണി വരെയാണ് ടൈപ് ആന്റ് ഷോര്‍ട്ട്‌ഹാന്റ് ക്ലാസ്. അതു കഴിഞ്ഞാല്‍ ഠാണാവ്, മുല്ലക്കാടുവഴി, പുല്ലൂരിലുള്ള വീട്ടിലേക്ക്. ഠാണാവില്‍ നിന്ന് ശവക്കോട്ട റോഡ് കഴിഞ്ഞാല്‍ മുല്ലക്കാടുവരെ നീണ്ട ഒരു ഇറക്കമാണ്. ഞാന്‍ നടന്ന് നടന്ന് മുല്ലക്കാട് റോഡിലേക്കെത്തി. അവിടെ ഇറക്കത്തായ് ഒരു ബസ് പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നു. കുറച്ച് കുട്ടികള്‍ ബസിനുള്ളിലും പുറത്തുമായ് കളിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ചിടുങ്ങ് പിള്ളേര്‍, ഞാന്‍ നേരെ ബസ്സിനകത്തേക്ക് കയറി കുറച്ചു നേരം ഒരു സീറ്റിലിരുന്നു വിശ്രമിച്ചു. കുട്ടികള്‍ ഓടിക്കളിക്കുന്നു, ചിലര്‍ ഹോണ്‍ അടിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെടുന്നു. അതു കണ്ടപ്പോള്‍ ഹോണ്‍ അടിക്കാനുള്ള സഹജമായ ഒരു മോഹം എന്നിലും തലപൊക്കി. ഞാന്‍ പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്റ് ബുക്ക് സീറ്റില്‍ വെച്ച് കമ്പിയുടെ ഇടയിലൂടെ കടന്ന് ഡ്രൈവറുടെ സീറ്റില്‍ പോയിരുന്നു. ബലൂണ്‍ പോലെ വീര്‍ത്തുനിന്നിരുന്ന ഹോണില്‍ പിടിച്ച് അമര്‍ത്തി. അത് മെല്ലെ അമങ്ങിയതല്ലാതെ ശബ്ദമൊന്നും വന്നില്ല. അപ്പോള്‍ ഞാന്‍ വെറുതെ ഒരിടി പാസാക്കി. അപ്പോള്‍ ചെറിയൊരു ശബ്ദം കേട്ടു. ഒരു സയന്റിസ്റ്റിന്റെ ബുദ്ധി എനിക്കുണ്ടായിരുന്നതിനാല്‍ അതിന്റെ എയര്‍ ശരിയായ രീതിയില്‍ പ്രഷര്‍ കൊടുത്താല്‍ മാത്രമേ ശബ്ദം കേള്‍ക്കുകയുള്ളുവെന്ന് ബോദ്ധ്യമായ്. അങ്ങനെ മൊത്തത്തില്‍ രണ്ടു കയ്യും ഉപയോഗിച്ച് ഒന്നമര്‍ത്തിയപ്പോള്‍ ഹോണ്‍ നല്ലൊരു ശബ്ദം പുറപ്പെടുവിച്ചു.

കുട്ടികള്‍ കളി നിര്‍ത്തി വണ്ടിയുടെ മുമ്പിലും കുറച്ചുപേര്‍ ഉള്ളിലും വന്ന് എന്നെ നോക്കി. ഞാന്‍ ഉടനെ രജനികാന്തിനെപോലെ ഷര്‍ട്ടിന്റെ കോളര്‍ പിന്നിലേക്ക് വലിച്ചിട്ട് ഒരു ചിരപരിചിതനായ ഡ്രൈവറെപോലെ ഗീര്‍ ലിവറില്‍ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആട്ടുകയും, സ്റ്റിയറിംഗില്‍ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും തിരിക്കുകയും ചെയ്തു. ഞെക്കേണ്ടിടത്തൊക്കെ ഞെക്കുകയും, പിടിച്ചു വലിക്കുകയുമൊക്കെ ചെയ്തുകഴിഞ്ഞപ്പോള്‍ എന്റെ മോഹത്തിനു താത്ക്കാലിക ശമനം കിട്ടുകയും പിന്നീടുള്ള ഇരിപ്പ് ബോറടിയായും തോന്നിയപ്പോള്‍ ഞാന്‍ ഷോര്‍ട്ട്‌ഹാന്റ് ബുക്കുമെടുത്ത് ബസ്സില്‍ നിന്നും ഇറങ്ങി നടന്നു. കുട്ടികള്‍ അപ്പോള്‍ ബസ്സിന്റെ പുറകില്‍ നിന്നും ഏലൈസാ, ഏലൈസാ എന്നു പറഞ്ഞ് ബസ് തള്ളി കളിക്കുന്നുണ്ടായിരുന്നു. വെയിലിന്റെ ശക്തിയുള്ളതിനാല്‍ ഞാന്‍ വേലിയുടെ മറ പറ്റി വേഗം നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ വലിയൊരു ശബ്ദം കേട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ ആ ബസ് ശരവേഗത്തില്‍ എന്റെ പുറകിലൂടെ വരികയാണ്. എന്റെ കയ്യും കാലും വിറച്ചു. ഞാന്‍ ഒതുങ്ങി നിന്നു. ബസ് നിയന്ത്രണം വിട്ട് അടുത്ത വീടിന്റെ പുതുപുത്തന്‍ മതില്‍ തകര്‍ത്ത് മലക്കം മറിഞ്ഞു കിടന്നു. കുട്ടികള്‍ ഉറക്കെ ഒച്ചയുണ്ടാക്കി. അതുവഴി സൈക്കിളില്‍ വന്ന ഒരാള്‍ അതിലെ വലിപ്പം കൂടിയ ഒരു കുട്ടിയെ പിടിച്ച് ചോദ്യം ചെയ്തു. അതു കണ്ടതും ഞാന്‍ വേഗം നടന്നു. അതിനിടയില്‍ ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ പയ്യന്‍ ഞാന്‍ പോകുന്നത് ചൂണ്ടികാട്ടുന്നുണ്ടായിരുന്നു. ഉടനെ ഞാന്‍ കാള്‍ ലൂയീസ് ആയി. റോഡ് സേഫല്ലെന്ന് ദൈവം പറഞ്ഞതുകൊണ്ട് ഞാന്‍ ക്രോസ് കണ്ട്രി കണക്ഷന്‍ ഉണ്ടെന്നു ബോദ്ധ്യമുള്ള വളപ്പുകളിലൂടെ പാഞ്ഞു. സൈക്കിളില്‍ പിന്തുടര്‍ന്നാലും എന്നെ പിടിക്കാന്‍ പറ്റരുതെന്ന് എന്റെ വാശി.

ഒരു കണക്കിനു വീട്ടില്‍ വന്ന് കയ്യും കാലും കഴുകി. ചായിപ്പില്‍ പോയി കിടന്നു. എന്തെടാ സുഖല്യേ എന്ന് അമ്മ ചോദിച്ചു. ഏയ് ഒരു ചെറിയ തലവേദന, ഞാന്‍ പറഞ്ഞു. സന്ധ്യയായപ്പോള്‍ കടയില്‍ പോയി ഒന്നു രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞു, വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ എന്നെ ആരെങ്കിലും പിടിക്കുമോ എന്ന ഭയം കൊണ്ട് സാധനങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് വാങ്ങിയാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. അതിനു മറുപടി അമ്മയുടെ ഒരു നോട്ടമായിരുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ സഞ്ചിയും കാശും വാങ്ങി നേരെ കടയിലേക്കു നടന്നു. ഞാനാണ് വണ്ടി മറിച്ചതെന്ന് ആരും തിരിച്ചറിയരുതേ എന്ന് വഴി നീളെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നടന്നത്. ലാസറേട്ടന്റെ കട ചായക്കട - കം പലചരക്കു കട ആയിരുന്നു. സാധനങ്ങള്‍ എടുക്കുമ്പോള്‍ ചായക്കടയിലിരുന്നൊരാള്‍ പറഞ്ഞു, നമ്മടെ ആ ചിന്നങ്ങത്ത് ബസ്സ് ജോര്‍ജ്ജേട്ടന്റെ മതിലിലിടിച്ച് മറഞ്ഞു. ജോര്‍ജ്ജേട്ടന്‍ നല്ല സ്റ്റൈലന്‍ മതിലു കെട്ടീട്ട് രണ്ടാഴ്ച കഴിഞ്ഞട്ടേ ഉള്ളു. മറ്റൊരാള്‍ അതേറ്റു പിടിച്ചു, പിള്ളേരു വണ്ടി ഉന്തിക്കളിച്ചൂന്നാ പറയണേ; എറക്കത്തൊക്കെ വണ്ടി നിര്‍ത്തുമ്പോ അതിന്റെ അടീല് ശരിക്ക് നല്ല ഊടൊക്കെ വെച്ചട്ട് വേണ്ടെ അവരു പൂവ്വാന്‍, വേറൊരാളുടെ അഭിപ്രായം. ഊടൊക്കെ ഇണ്ടായിരുന്നു, ഏതോരു തലേമെ തല തെറിച്ച ചെക്കന്‍ വണ്ടീടെ ഉള്ളില് കേറി ഗീറൊക്കെ മാറ്റീന്നാ അവിടെ കളിച്ചോണ്ട് നിന്ന പിള്ളേരു പറയണത്... ആദ്യത്തെ ആളു പറഞ്ഞു. സാധനങ്ങള്‍ പൊതിയുന്നതിനിടക്ക് ലാസറേട്ടന്‍ ചോദിച്ചു, ആരെടാ ആ പഹയന്‍... “ഞാനല്ലട്ടാ” എന്നു പറയാന്‍ ഭാവിച്ചത് ഞാന്‍ പൊടുന്നനെ വിഴുങ്ങി. സാധനങ്ങള്‍ വാങ്ങിച്ച് പേടിച്ച് പേടിച്ച് ഞാന്‍ പൊറത്തുകടക്കുമ്പോള്‍ ലാസറേട്ടന്‍ പറഞ്ഞു, അത് ജോര്‍ജ്ജിനോട് ദേഷ്യൊള്ള വല്ലോരും ചെയ്തതായിരിക്കും. പിറ്റേ ദിവസത്തെ പത്രത്തില്‍ ബസ് മറിഞ്ഞു കിടക്കുന്ന ഫോട്ടോയും വാര്‍ത്തയുമുണ്ടായിരുന്നു. ബസ് മറിച്ചിട്ട് കടന്നുപോയ അജ്ഞാതനെക്കുറിച്ചും അതില്‍ പരാമര്‍ശിച്ചിരുന്നു. ഞാന്‍ രണ്ടാഴ്ച മറ്റൊരു റൂട്ടിലൂടെയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിരുന്നത്. അങ്ങനെ ബസ് മറിച്ചയാള്‍ സുകുമാരക്കുറുപ്പിന്റെ മുന്‍‌ഗാമിയോ, പിന്‍‌ഗാമിയോ ആയി, ചുരുക്കി പറഞ്ഞാല്‍ പിടികിട്ടാപുള്ളിയാ‍യി എന്നു സാരം.

(തുടരും)

5 comments:

Murali Menon (മുരളി മേനോന്‍) said...

കൌമാരം - 5, അഞ്ചേ അഞ്ചേ.... എണ്ണം പിടിച്ചോളു, ഇനീം വരണ്ണ്ട്...പിന്നാലെ. വായിക്കൂ, വരിക്കാരാവൂ, സോറി. വായിക്കൂ, വഴക്കു പറയൂ. അല്ല, വായിക്കൂ, വല്ലതും പറയൂ.

സസ്നേഹം മുരളി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: ഇനിയിപ്പോ നാട്ടില്‍ ചെന്നാല് പിടികിട്ടാപ്പുള്ളിയെ കാത്ത് ആള്‍ക്കാര്‍ റെഡിയായിട്ടുണ്ടാവും..

അരവിശിവ. said...

അമ്പടാ...ബസ് മറിച്ചിട്ട് കടന്നുപോയ അജ്ഞാതാ...എന്നാലും ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല കേട്ടോ :-)

അറിയാതെ ചെയ്തു പോകുന്ന തെറ്റുകളും അതു മറ്റാരെങ്കിലും കണ്ടു പിടിയ്ക്കുമോ എന്നുള്ള ആശങ്കയും ഏതൊരു മനുഷ്യനും എളുപ്പം റിലേറ്റു ചെയ്യാന്‍ പറ്റുന്ന ഒന്നാണ്...നന്നായെഴുതി...

വേണു venu said...

ഹാഹാ..കൊള്ളാമല്ലോ. ;)

kilukkampetty said...

ആളു സംഭവം തന്നെ. ബാക്കി കൂടെ ഉടനെ തന്നെ വായിക്കട്ടെ.