Monday, August 27, 2007

കോമരം പിന്നിട്ട കൌമാരം - 13 (അവസാനിച്ചു)

മറാഠിയുമായ് ഒരലമ്പ് - അധോലോകനായകനെന്നറിയാതെ

നാട്ടില്‍ പോകാന്‍ മനസ്സില്‍ മോഹമുണ്ടാ‍യിരുന്നെങ്കിലും ചേട്ടന്‍ അതിനെക്കുറിച്ചൊന്നും പറയാത്തതുകൊണ്ട് മിണ്ടിയില്ല. ഹിന്ദുസ്ഥാന്‍ ബ്രൌണ്‍ ബോവറി (ഇപ്പോഴത്തെ ഏഷ്യന്‍ ബ്രൌണ്‍ ബോവറി)യിലായിരുന്നു ചേട്ടന്‍ ജോലി ചെയ്തിരുന്നത്. 1978 ന്റെ തുടക്കത്തിലാണെന്ന് തോന്നുന്നു ചേട്ടനു പെട്ടെന്ന് ജിദ്ദയിലേക്ക് പോകാന്‍ ഒരവസരം കിട്ടി. ചേട്ടന്‍ സൌദിയിലേക്ക് ഫ്ളൈറ്റ് കയറിയപ്പോള്‍ ഞാനും രണ്ടാമത്തെ ചേട്ടനും മാത്രമായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെമ്പൂര്‍ മഹാരാഷ്ട്ര ഹൌസിംഗ് ബോര്‍ഡിലേക്ക് താമസം മാറി. ബോംബെയില്‍ വന്നപ്പോള്‍ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന   നാട്ടുകാരനായ സുന്ദരേട്ടന്‍ പിന്നീട് ഒരു ഫ്ലാറ്റ് തരപ്പെട്ടപ്പോള്‍ ഞങ്ങളേയും അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകാന്‍ സന്മനസ്സു കാണിക്കുകയായിരുന്നു. അങ്ങനെ ചാലിലെ ജീവിതത്തില്‍ നിന്നും ഫ്ളാറ്റ് ജീവിതത്തിലേക്കുള്ള ആദ്യ പ്രമോഷനായിരുന്നു അത്.


ഉച്ച തിരിഞ്ഞ സമയത്തായിരുന്നു ഞങ്ങള്‍ വീട്ടു സാമാനങ്ങളുമായ് ചെമ്പൂര്‍ സഹകാര്‍ തിയ്യറ്ററിനടുത്തുള്ള ആറാം നമ്പര്‍ എം.എച്.ബി. കോളനിയിലെത്തിയത്. കുറച്ചുപേര്‍ ചേര്‍ന്ന് സാധനങ്ങളൊക്കെ എടുത്ത് മുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ വണ്ടിയുടെ അടുത്ത് കാവലായി ഞാന്‍ നിന്നു. ഒടുവില്‍ എല്ലാം ഇറക്കി തീര്‍ന്നപ്പോള്‍ ഞാന്‍ റോട്ടില്‍ നിന്ന് ബില്‍ഡിംഗ് കൊമ്പൌണ്ടിലേക്ക് നടന്നു. കുറച്ച് ദൂരെ ചെമ്പന്‍ നിറമാര്‍ന്ന കോലന്‍ തലമുടിയുള്ള മീശയില്ലാത്ത വട്ട മുഖമുള്ള, കഴുത്തില്‍ ഒരു കറുത്ത ചരട് കെട്ടിവെച്ച ഒരുവന്‍ (എന്നേക്കാള്‍ രണ്ടു വയസ്സെങ്കിലും മൂപ്പേ കാണാന്‍ വഴിയുള്ളു, കൃത്യമായ് പറഞ്ഞാല്‍ അന്ന് ഒരു 19 വയസ്സ്) എന്നെ കൈ ഞൊടിച്ച് അവന്റെ അരികിലേക്ക് വിളിച്ചു. അത്തരം വിളികള്‍ മനുഷ്യനുവേണ്ടി സൃഷ്ടിച്ചതല്ലെന്ന തിരിച്ചറിവുള്ള ഞാ‍ന്‍ , 'നീ പോടേയ് ' എന്നൊരു ഏക്ഷന്‍ തിരിച്ചുകൊടുത്തു നടന്നു. പെട്ടെന്നായിരുന്നു പുറകില്‍ നിന്ന് എന്റെ കോളറില്‍ അയാള്‍ കൂട്ടിപ്പിടിച്ചത്. ഞാന്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് ഒരു തട്ടുകൊടുത്തു തള്ളിമാറ്റി. അയാളതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. അപ്രതീക്ഷിതമായ എന്റെ ആക്ഷനില്‍ അയാള്‍ കുറച്ച് പുറകിലേക്കു പോയി. അയാള്‍ എന്നെ ഒന്നു നോക്കി. എന്നീട്ട് ചോദിച്ചു, കോന്‍ ഹൈ രേ തൂ? ഇധര്‍ ക്യാ കര്‍ത്തേ? ഞാന്‍ ഒന്നാം നിലയിലെ മുറി ചൂണ്ടിക്കാട്ടി അവിടെ താമസിക്കാന്‍ വന്ന ആളാണെന്നു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തെ പൈശാചിക ഭാ‍വം ഒരല്പം കുറഞ്ഞു, അയാള്‍ ചിരിച്ചു. “  അച്ചാ അച്ചാ. ക്യാ നാം ഹേ തേരാ?” എന്നു പറഞ്ഞ് എന്റെ തോളില്‍ കൈവച്ചു. ശരിക്കുള്ള പേരു പറയേണ്ടന്ന് മനസു പറഞ്ഞതുകൊണ്ട്, ഞാന്‍ പറഞ്ഞു, “മഹേഷ്”. ങാ “മങ്കേഷ്, തോ...... തു മേരാ പഡോസി ഹൈ,  ജാവ്, ഫിര്‍ മിലേംഗേ“. ഇനിയിപ്പോ അവന്‍ മങ്കി എന്നു വിളിച്ചാലും കേള്‍ക്കാതെ തരമില്ലല്ലോ എന്ന മട്ടില്‍ ഞാന്‍ മിണ്ടാതെ നിന്നു. ഇതെന്താണീശ്വരാ എന്നെ കാണുമ്പോള്‍ ആളുകള്‍ക്ക് കൈ തരിക്കണത് എന്ന് ആ നിമിഷത്തിലും ഈശ്വരനോട് ഒരു ചോദ്യം ചോദിക്കാതിരുന്നില്ല.


അദ്ദേഹം അദൃശ്യമായ് ഇടപെട്ടതുകൊണ്ടോ എന്തോ അയാള്‍ പിടുത്തം വിട്ടു. ഞാന്‍ മുന്നോട്ടു നടന്ന് ഒന്നാം നിലയിലേക്കുള്ള കോണിപ്പടി കയറുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് ഒരു മലയാളി സ്ത്രീ വന്ന് എന്നോടു ചോദിച്ചു, “മോന്‍ എന്തു വിഡ്ഢിത്തരാ ചെയ്തേ?, അവനാരാന്നറിയോ?” ഞാന്‍ കൈമലര്‍ത്തി. “അവനാണ് ഛോട്ടാ രാജന്‍ . ഇനിയെങ്കിലും അവന്റെ അടുത്ത് ഒന്നിനും നിക്കണ്ട ട്ടാ, ഒരു വാക്കു പറഞ്ഞ് രണ്ടാമത്തേന് കൊല്ലാന്‍ മടിക്കാത്ത ജന്തുക്കളാ”. ഞാന്‍ ഭവ്യതയോടെ തലയാട്ടി. പക്ഷെ എനിക്ക് അധോലോകത്തെക്കുറിച്ച് വലിയ പൊതുവിജ്ഞാനമൊന്നും ഇല്ലാത്തതുകൊണ്ട് ഛോട്ടാ രാജന്‍ എന്നു കേട്ടീട്ടും അപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. (പിന്നീട് അതേക്കുറിച്ചാലോചിച്ച് പലപ്പോഴും ഞെട്ടിയിട്ടുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല) അവിടെ കഴിഞ്ഞ ഒരു വര്‍ഷം (1978 - 79) ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ് കഴിഞ്ഞു. എന്റെ പ്രായത്തിലുള്ള അയാളുടെ അനുജന്‍ ദീപക്കുമായ് നല്ല സൌഹൃദമായിരുന്നു. അയാളാണ് വലുതായപ്പൊള്‍ 'വാസ്തവ്' എന്ന ഹിന്ദി ഫിലിം നിര്‍മ്മിച്ചത്. പിന്നീട് എന്റെ ചേട്ടന്‍ ഞങ്ങളുടെ ആദ്യ കൊമ്പുകോര്‍ക്കലിനെക്കുറിച്ചറിഞ്ഞ് ഭയന്നുകൊണ്ടു ചോദിച്ചു, എടാ ആ പ്രശ്നം അപ്പ തന്നെ തീര്‍ന്നൂലോ അല്ലേ. ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് നീ ഇവിടം വിട്ടു പോകുന്നതാ നല്ലത്.


ഞാന്‍ പറഞ്ഞു, ഒരു കൊഴപ്പോം ഇല്യ. വീണ്ടുമൊരുനാള്‍ ഞങ്ങളുടെ മുറിയില്‍ ഒളിവിലിരിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ് ഛോട്ടാരാജന്‍ എന്നെ സമീപിച്ചു. അപ്പോഴേക്കും അയാളുടെ വീരസാഹസിക കഥകള്‍ എല്ലാം ഞാന്‍ കേട്ടിരുന്നതിനാല്‍ അയാളെ കാണുമ്പോഴൊക്കെ വിനയവും സ്നേഹവും ഒക്കെ കൂടി കുഴഞ്ഞ ഒരു പരുവത്തില്‍ ഞാന്‍ അയാളോട് പെരുമാറാന്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ റൂമില്‍ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് അറത്തുമുറിച്ച് പറയാന്‍ ഞാന്‍ ഭയന്നു. മാത്രവുമല്ല പഴയ സംഭവം ഒരു വൈരാഗ്യമായ് എടുത്താലോ എന്നും തോന്നി. എന്നാല്‍ അയാളെ അവിടെ താമസിപ്പിച്ചാല്‍ ഞങ്ങളേയും പോലീസ് പൊക്കും എന്ന് അറിയുന്നതുകൊണ്ട് ഞാന്‍ ഭവ്യതയോടെ പറഞ്ഞു, “ഞാന്‍ തന്നെ ഇവിടെ താമസിക്കുന്നത് മറ്റൊരാളുടെ ദയവിലാണ്. അയാളുടെ സമ്മതമില്ലാതെ എനിക്കൊന്നും പറയാന്‍ പറ്റില്ല. അയാള്‍ നൈറ്റ് ഡ്യൂട്ടിയിലാണ്. നാളെ കാലത്തേ വരികയുള്ളു.” അതുകേട്ട് ഇഷ്ടപ്പെടാതെ, ‘ശരി, പേടിത്തൊണ്ടന്മാര്’ എന്ന് പറഞ്ഞുകൊണ്ടയാള്‍ പോയി. പക്ഷെ അയാളില്‍ നിന്നും അന്നോ പിന്നീടോ ഒരുപദ്രവവും ഞങ്ങള്‍ക്കുണ്ടായില്ല. ഒരുപക്ഷെ അത് അയാളുടെ തലവന്‍ 'ബഡാരാജന്‍ ' എന്ന് അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ രാജന്‍ നായര്‍ കാരണമായിരിക്കണം. പലപ്പോഴും രാജന്‍ നായര്‍ ആ ബില്‍ഡിംഗിനു മുന്നില്‍ സിനിമാസ്റ്റൈലില്‍ അംഗരക്ഷകരുടെ അകമ്പടിയോടെ കാറില്‍ വന്നിറങ്ങുന്നതും പെട്ടെന്ന് തിരിച്ചുപോകുന്നതും ഞാന്‍ കണ്ടീട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കോടതിമുറിയില്‍ വെടിയേറ്റു വീഴാനായിരുന്നു അയാളുടെ യോഗം. തൊട്ടടുത്തുള്ള സഹകാര്‍ തിയ്യറ്ററില്‍ ബ്ളാക്കിനു ടിക്കറ്റ് വില്പനയായിരുന്നു ഛോട്ടാ രാജന്റെ പ്രധാന ജോലി. അന്നൊക്കെ എത്ര ഹൌസ്ഫുള്‍ ആയ സിനിമയാണെങ്കിലും ഞങ്ങള്‍ക്ക് സുഖമായ് ടിക്കറ്റ് കിട്ടുമായിരുന്നു. അതുപോലെ ടാക്സിയിലോ, ഓട്ടോറിക്ഷയിലോ കയറി ആറാം നമ്പര്‍ എം.എച്.ബി കോളനി എന്നു പറഞ്ഞാല്‍ ആരും പറ്റിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.  സഹകാര്‍ തിയ്യറ്ററില്‍ വെച്ച് ഒരു സബ്-ഇന്‍സ്പെക്ടറെ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ കുത്തിമലര്‍ത്തിയാണ് വെറും രാജനായിരുന്ന ആ മറാട്ടി ഛോട്ടാ രാജന്‍ തസ്തികയിലേക്ക് പ്രമോട്ടു ചെയ്യപ്പെട്ടത്. ബഡാരാജന്റെ മരണശേഷം മുംബൈ അധോലോകത്തിന്റെ തലപ്പെത്തെത്തിയ അയാള്‍ വളര്‍ന്ന് വളര്‍ന്ന് ദാവൂദുമായ് കൂട്ടുകൂടി രാജ്യാന്തര അധോലോകത്തിന്റെ ഭാഗമായതും, മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ദാവൂദുമായ് തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം കെട്ടിപ്പടുത്തതുമൊക്കെ എല്ലാവരും മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കിയിരിക്കുമല്ലോ. ബാങ്കോക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഛോട്ടാ ഷക്കീല്‍ എന്ന ദാവൂദിന്റെ വലം കൈ ഛോട്ടാരാജനേയും കൂട്ടരേയും ആക്രമിക്കുകയും ഛോട്ടാരാജന്റെ തുടയില്‍ വെടിയേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ ഏഴാം നിലയില്‍ ഓപ്പറേഷന് വിധേയനായ് കിടന്ന ഛോട്ടാരാജന് ആക്രമണഭീഷണിയുണ്ടെന്നറിഞ്ഞതും അയാള്‍ ആശുപത്രിയിലെ കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജനലിലൂടെ സിനിമാസ്റ്റൈലില്‍ ഏഴുനില താഴെ ഇറങ്ങി രക്ഷപ്പെട്ടുവെന്നും, പിന്നീട് ആസ്ത്രേലിയയില്‍ എത്തിയെന്നുമൊക്കെ പത്ര വാര്‍ത്തകള്‍ കേട്ടു.


എന്തായാലും 1979 പകുതിയായപ്പോഴേക്കും ഞാന്‍ ബോംബെയോടു വിട പറഞ്ഞു.  നാട്ടില്‍ വന്ന് കോളേജില്‍ ചേര്‍ന്ന് നല്ല കുട്ടിയായ് പഠനം തുടര്‍ന്നു. ജീവിതാനുഭവം കയ്പ്പു നിറഞ്ഞതുകൊണ്ടോ എന്തോ ഞാന്‍ മനസ്സിരുത്തി പഠിക്കുകയും, കോളേജിലെ എല്ലാ കലാപരിപാടികളിലുമൊക്കെ ഊര്‍ജ്ജസ്വലമായ് പങ്കെടുക്കുകയുമൊക്കെ ചെയ്തുകൊണ്ട് കോളേജിലെ ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയാവുകയും നല്ല മാര്‍ക്കോടെ പ്രീ-ഡിഗ്രി പാസാകുകയും ചെയ്തു. അക്കാലത്ത് ഞങ്ങള്‍ പുല്ലൂര്‍ നിന്ന് മാപ്രാണത്തേക്ക് സ്ഥലം മാറുകയും, അവിടെ നിന്ന് തൃശൂര്‍ കേരളവര്‍മ്മയില്‍ പോയി തുടര്‍ അഭ്യാസം നടത്തുകയും, പ്രേമിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവില്‍ വീടിന്റെ ചുറ്റുവട്ടത്തുള്ള നല്ല പെണ്‍‌കുട്ടികളില്‍ ഒരാളെ തേടിപ്പിടിച്ച് ശരിയായ പ്രേമം തുടങ്ങുകയും, അനുരാഗമെന്തെന്ന് അവള്‍ എന്നെ മനസ്സിലാക്കിത്തരികയും, അതൊരു ദിവ്യാനുരാഗമായ് പരിണമിക്കുകയും ഒടുവില്‍ എന്റെ കൂടെ ജീവിക്കാന്‍ ആ പാവം കുട്ടിക്ക് ദൈവം ശിക്ഷ വിധിക്കുകയും ചെയ്തു. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........ഹാ!

(കൌമാര സംഭവങ്ങള്‍ അവസാനിച്ചു, ജീവിതം തുടരുന്നു)

22 comments:

Murali Menon (മുരളി മേനോന്‍) said...

ഛോട്ടാ രാജനുമായ് അറിയാതെ ഏറ്റുമുട്ടി ഞാനിതാ കൌമാര സ്വപ്നങ്ങളേയും, ജീവിതത്തേയും പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. ഇതുവരെ ഈ ബ്ലോഗ് സന്ദര്‍ശിക്കുകയും, വായിക്കുകയും, കമന്റു ചെയ്തവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അടുത്ത പോസ്റ്റു വരെ വിടൈ......

ഏറനാടന്‍ said...

തിരുവോണ ദിനാശംസകള്‍

അരവിശിവ. said...

മേനോന്‍ ചേട്ടാ കൌമാര കഥകള്‍ അയവിറക്കിയതിന് ആദ്യമായി നന്ദി..ആ ബോംബേ അനുഭവം ജീവിതത്തില്‍ പലപ്പോഴും സഹായിച്ചുവെന്നു മനസ്സിലായി...

അടുത്ത പോസ്റ്റ് എന്തായാലും വൈകിക്കരുതേ...

ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍...

സ്നേഹപൂര്‍വ്വം

അരവിന്ദ്..

Visala Manaskan said...

എനിക്ക് അധോലോകത്തെക്കുറിച്ച് വലിയ പൊതുവിജ്ഞാനമൊന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഛോട്ടാ രാജന്‍ എന്നു കേട്ടീട്ടും ഞെട്ടിയില്ല.

പിന്നീട് അതേക്കുറിച്ചാലോചിച്ച് പലപ്പോഴും ഞെട്ടിയിട്ടുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല!!

ഹഹ..

അനുഭവങ്ങള്‍ രസകരം.

തുടരുക.

Physel said...

ഇത് നല്ലകാലത്തെ റ്റി.വി സീരിയല്‍ പോലെ പതിമൂന്നില്‍ തന്നെ തീര്‍ക്കാന്‍ വല്ല നേര്‍ച്ചയുമുണ്ടായിരുന്നോ മാഷേ? അവസാനമായപ്പോഴേക്കും ഓടിച്ചു തീര്‍ത്തപോലെ. നന്നായിരുന്നു....ആര്‍ജജവമുള്ള, ആത്മാര്‍ഥയുള്ള കുറിപ്പുകള്‍! പിന്നിട്ട ജീവിതത്തെ അല്പം നര്‍മ്മരസത്തോടെ, നിര്‍മ്മമതയോടെ ഓര്‍ത്തെടുത്തത് ഹൃദ്യമായി! ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ശാലിനി said...

വലിച്ചു നീട്ടാതെ എഴുതി തീര്‍ത്തു. അവസാനത്തെ പോസ്റ്റ് പെട്ടെന്നു തീര്‍ക്കാന്‍ വേണ്ടി എഴുതിയതുപോലെ.

ആശംസകള്‍

Murali Menon (മുരളി മേനോന്‍) said...

ഫൈസലും ശാലിനിയും പറഞ്ഞത് ശരിയാണ്. എഴുതി തീര്‍ത്തതാണ്. ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലക്കുമോ,,, അപ്പോള്‍ പിന്നീടെപ്പോഴെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടാമല്ലോ? വിരസമായ ഒരു തുടര്‍ക്കഥ ഒഴിവാക്കിയെന്ന് സമാധാനിക്കുകയും ചെയ്യാം.

എല്ലാവര്‍ക്കും എന്റെ നന്ദി

പടിപ്പുര said...

മുരളിയുടെ കൌമാര നാള്‍വഴിക്കുറിപ്പുകള്‍ മുഴുവനും വായിച്ചു.

(അധോലോകബന്ധമുള്ള, എനിക്ക് പരിചയമുള്ള ഒരേഒരു വ്യക്തി ഇപ്പോള്‍ മുരളിയാണ് :)

Murali Menon (മുരളി മേനോന്‍) said...

ചതിക്കല്ലേ പടിപ്പുരേ, അധോലോക ബന്ധമെന്നൊക്കെ പറഞ്ഞാല്‍ എപ്പ അകത്തായീന്ന് ചോദിച്ചാ മതി. അധോലോക അബദ്ധമാണ് ഞാന്‍ ചെയ്തത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളു.
നന്ദി നമസ്കാരം

കുതിരവട്ടന്‍ :: kuthiravattan said...

അവസാനത്തെ അധ്യായമാണ് ആദ്യം വായിച്ചത് :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വല്ലകാര്യോം സാധിക്കാന്‍ ഉന്നതങ്ങളില്‍ പിടിപാട് വേണമെന്ന് പറയാറുള്ളപോലെ ഇനി ബൂലോഗത്തൂന്ന് അധോലോകത്തേക്കുള്ള ടാന്‍സാനിയന്‍ ബ്യൂറോ ആയി വര്‍ത്തിക്കാന്‍ താങ്കളുടെ സഹായം ആവശ്യമായി വന്നേക്കും.

ഓടോ:
തൃശൂര്‍ മീറ്റിനു ടാന്‍സാനിയ രാജന്‍ അയച്ച ഹഫ്താ പിരിവ് നോട്ടീസ് വായിച്ചു. കേട്ടപാടെ കുറുമാന്‍ ബോധം കെട്ടു. മൂന്നാലുപേര്‍ക്ക് അടിയന്തിര വൈദ്യസഹായം വേണ്ടിവന്നു.:)

വേണു venu said...

മുരളിമാഷേ,
കൌമാര കുറിപ്പുകള്‍ എല്ലാം വായിച്ചു. പിന്നിട്ട തിക്തമായ അനുഭവങ്ങളെ ഒരല്പം ചെറു ചിരിയോടെ തിരിഞ്ഞു നിന്നു നോക്കുന്നതു, വരികളിലൂടെ പകര്‍ത്തിയതു് വായനാ സുഖം നല്‍കി.
“എന്റെ ചിന്തയില്‍ രാത്രി എല്ലാവരും സുഖമായ് ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം ഇതാ പ്ലാസ്റ്റിക് പാത്രത്തിനടപ്പിട്ടുകൊണ്ടിരിക്കുന്നു. എനിക്ക് സങ്കടം സഹിക്കാനായില്ല.“
അനുഭവങ്ങളിലെ സമാനതകള്‍‍ ആസ്വാദനത്തിനു് കൂട്ടായി.
ഭാവുകങ്ങള്‍.:)

sandoz said...

മുരളിച്ചേട്ടാ....ദാ പറഞ പോലെ തിരിച്ചെത്തി...
പതിമൂന്ന് ഭാഗവും വായിച്ചു.....
കുടുതല്‍ കൌതകത്തോടെ വായിച്ചത് മുംബയില്‍ എത്തിയതിനു ശേഷമുള്ള കാര്യങളാണ്....
കാരണം മുംബൈ ജീവിതം ഇപ്പഴും ഞാന്‍ കൊണ്ടുനടക്കുന്നു...
കാടാറുമാസം നാടാറുമാസം പോലെ...
നാട്ടിലെ വിശേഷവും രസമായിരുന്നു.....
ഇനിയും മറ്റുവിശേഷങല്‍ക്കായി കാത്തിരിക്കുന്നു....

Murali Menon (മുരളി മേനോന്‍) said...

13 ഭാഗങ്ങള്‍ അവസാനിച്ചപ്പോള്‍ 13 കമ്മന്റ്. എത്ര പൊരുത്തമുള്ള സംഖ്യ - അതില്‍ മൂന്നെണ്ണം എന്റെ തന്നെയാണ്. ഇതടക്കം എന്റെ നാലും കമന്റ്സ് ഒഴിച്ച്, ബാക്കിയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. 1. ഏറനാടന്‍, 2.അരവിശിവ 3.വിശാലന്‍ 4.ഫൈസല്‍ 5.ശാലിനി 6.മുരളി മേനോന്‍ (ഓ സോറി. അതു ഞാന്‍ തന്നെ - പറഞ്ഞട്ട് കാര്യം‌ല്യ എവടേം ഞെളിയാനുള്ള ഉള്ളിന്‍റ്റെ ഉള്ളിലെ മോഹം.. സഹിക്കുക തന്നെ അല്ലേ? ) 7. പടിപ്പുര 8.കുതിരവട്ടന്‍ 9. കുട്ടിച്ചാത്തന്‍ 10. വേണു 11. സാന്‍ഡോസ്.

Manu said...

മാഷേ തുടരന്‍ കഥകള്‍ വായിക്കാന്‍ താല്പര്യമ്മില്ലാത്തതുകൊണ്ട് കഥതീരുന്നതുവരെ വായന മാറ്റിവയ്ക്കുകയായിരുന്നു.

അനുഭവങ്ങള്‍ സെലെക്റ്റ് ചെയ്തതിലെ വൈവിധ്യമില്ലായ്മയൊഴിച്ചാല്‍ വളരെ നന്നായി. പല അനുഭവങ്ങള്‍ക്കും ഒരേ പാറ്റേണ്‍ എന്ന് തോന്നി. ഏതാണ്ടൊരേ വൈകാരികതലമുള്ള അനുഭവങ്ങള്‍ മാത്രം തെരഞ്ഞെടുത്തപോലെ. അതാണ് വൈവീധ്യമില്ലായ്മ കൊണ്ട് ഉദ്ദേശിച്ചത്.

അതുതന്നെ ഒരു തരത്തില്‍ വിവരണത്തിന്റെ ശക്തിയായും തോന്നി എന്നതാണ് നേര്. കോണ്‍ഫ്ലിക്റ്റുകളിലൂടെ മാത്രം വികസിക്കുന്നൊരു കഥ. വിരക്തതയിലേക്ക് വഴുതിവീഴുന്ന ആത്മപരിഹാസം. അഭിമാനം ഒരു ഇന്‍സ്റ്റിംക്റ്റിന്റെ തലത്തില്‍ വരുമ്പോള്‍ പോലും അതിനുനേരേ ചുണ്ടിനുകോണില്‍ ഒളിപ്പിച്ച കറുത്തചിരി.

ഒത്തിരിയേറെ സാധ്യതകള്‍ ബാക്കിയുള്ളൊരു ‘കഥ’ ഇതിന്റെ പിന്നിലുണ്ടെന്നൊരു തോന്നല്‍. ഒരുപക്ഷെ കുറെ കുറിപ്പുകള്‍ക്ക് ശേഷം ഒരു കൊളാ‍ഷ് പോലെ അത് മാഷിന്റെ മുന്നില്‍ വന്നു നിന്ന് ചിരിച്ചുകാണിക്കും. :)

സുഖമുള്ള ശൈലിയാണ് മാഷിന്റേത്. തുടര്‍ന്നും എഴുതുമല്ലോ. ഞാന്‍ ഈ പരിസരത്തൊക്കെ കാണും..

Murali Menon (മുരളി മേനോന്‍) said...

മനുവിന്റെ നിരീക്ഷണം പൂര്‍ണ്ണമായും ശരിയാണ്. കാരണം ഇത് ഓര്‍മ്മകളില്‍ നിന്ന് ചിലതൊക്കെ പരതിയെടുത്ത് അതില്‍ പാതിയും വിട്ടുകളഞ്ഞ് എഴുതിയെന്നേ ഉള്ളു. എന്റെ അടുത്ത കഥ പോസ്റ്റ് ചെയ്യുന്ന ഇടവേളയിലെ ഒരു നേരമ്പോക്ക്. കൂടുതല്‍ വിശദമായ് എന്റെ കാര്യങ്ങള്‍ എഴുതിയാല്‍ അത് വായിക്കുന്നവനെ രസിപ്പിക്കുകയല്ല മറിച്ച് വേദനിപ്പിക്കുകയേ ഉള്ളുവെന്ന തിരിച്ചറിവും കൂടിയാണ് അവിടേയും ഇവിടേയുമുള്ള കാര്യങ്ങള്‍ കുറിച്ചതും, പൊടുന്നനെ യുവാവായതും. മനുവിന്റെ ഇതിലും മുമ്പെഴുതിയ കമന്റും ഞാന്‍ ശ്രദ്ധിച്ചിരുന്നു. നന്ദി

രാമചന്ദ്രന്‍ said...

രാപ്രിയമുള്ള കോമരം മാഷെ.. 13 ലക്കങ്ങള്‍ എഴുതിയിട്ട് അതിനു പതിമൂന്ന് കമന്റുകള്‍, താങ്കളുടെതും ചേര്‍ത്ത് മാത്രമേ കിട്ടിയുള്ളു എങ്കില്‍ അത് വായനക്കാരുടെ കുഴപ്പം ആകുമോ? പോസ്റ്റിന്റെ കുഴപ്പമെന്നു പറയുന്നില്ല.
മുരളീ, ഒരു സംശയം ചോദിച്ചോട്ടെ? കമന്റ് അഗ്രഗേറ്ററില്‍ ഉണ്ടായിരുന്നിട്ടും ഇതാണോ ഗതി. പിന്നെ എന്തിനാ അങ്ങനെ അഗ്രഗേറ്ററുകള്‍? അതിനോടൊക്കെ വിടപറയാനുള്ള ടൈം കഴിഞ്ഞു. ആലോചിച്ച് ഒരു തീരുമാനം എടുത്താല്‍ മതി.

താമസിച്ചായാലും ഓണാശംസകള്‍

Murali Menon (മുരളി മേനോന്‍) said...

രാമചന്ദ്രന്‍ പറഞ്ഞതും വരവു വെച്ചിരിക്കുന്നു. സന്തോഷം

ജയകൃഷ്ണന്‍ said...

ഇത്രയൊക്കെ എഴുതാന്‍ എങ്ങിനെ സമയം കിട്ടുന്നു.എന്തായാലും നന്നായിട്ടുന്റ്,വീണ്ടും എഴുതൂ.വായിക്കാന്‍ ഈ ഞാന്‍ ഉണ്ടാകും എന്നും

Murali Menon (മുരളി മേനോന്‍) said...

നന്ദി ജയകൃഷ്ണന്‍ താങ്കളുടെ സാന്നിദ്ധ്യത്തിന്. രാത്രി നമ്മുടേതല്ലേ, അപ്പോള്‍ നമുക്ക് നാളെ ആരംഭിക്കാനിരിക്കുന്ന ജോലിയുടെ വേവലാതികളെ മറക്കാന്‍ ഒരു പോസ്റ്റ് എഴുതിയാല്‍ മതിയല്ലോ.. അത് സ്വന്തം അനുഭവങ്ങളാവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞമുണ്ടാവുന്നുമില്ല. അതാണ് ഒരു തുടരന്‍ വേണ്ടി വന്നത്. അല്ലെങ്കില്‍ ഞാന്‍ ആത്യന്തികമായി ഒരു ചെറുകഥയില്‍ ഒതുങ്ങി നില്‍ക്കുന്നവന്‍ മാത്രം

kilukkampetty said...

പ്രേമിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവില്‍ വീടിന്റെ ചുറ്റുവട്ടത്തുള്ള നല്ല പെണ്‍‌കുട്ടികളില്‍ ഒരാളെ തേടിപ്പിടിച്ച് ശരിയായ പ്രേമം തുടങ്ങുകയും, അനുരാഗമെന്തെന്ന് അവള്‍ എന്നെ മനസ്സിലാക്കിത്തരികയും, അതൊരു ദിവ്യാനുരാഗമായ് പരിണമിക്കുകയും ഒടുവില്‍ എന്റെ കൂടെ ജീവിക്കാന്‍ ആ പാവം കുട്ടിക്ക് ദൈവം ശിക്ഷ വിധിക്കുകയും ചെയ്തു. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........ഹാ!

aa oru pranayam kondu pranayikkunnathu stop aakkiyo?

kilukkampetty said...

കുമാരസംഭവങ്ങള്‍ 13 എണ്ണവും വായിച്ചു. സുഖമുള്ള വായന തന്നതിനു സന്തോഷം.എല്ലാത്തിനും കമ്ന്റ്സ് ഇട്ടിട്ടുണ്ട്.