മറാഠിയുമായ് ഒരലമ്പ് - അധോലോകനായകനെന്നറിയാതെ
നാട്ടില്‍ പോകാന്‍ മനസ്സില്‍ മോഹമുണ്ടായിരുന്നെങ്കിലും ചേട്ടന് അതിനെക്കുറിച്ചൊന്നും പറയാത്തതുകൊണ്ട് മിണ്ടിയില്ല. ഹിന്ദുസ്ഥാന്‍ ബ്രൌണ്‍ ബോവറി (ഇപ്പോഴത്തെ ഏഷ്യന്‍ ബ്രൌണ്‍ ബോവറി)യിലായിരുന്നു ചേട്ടന് ജോലി ചെയ്തിരുന്നത്. 1978 ന്റെ തുടക്കത്തിലാണെന്ന് തോന്നുന്നു ചേട്ടനു പെട്ടെന്ന് ജിദ്ദയിലേക്ക് പോകാന്‍ ഒരവസരം കിട്ടി. ചേട്ടന് സൌദിയിലേക്ക് ഫ്ളൈറ്റ് കയറിയപ്പോള്‍ ഞാനും രണ്ടാമത്തെ ചേട്ടനും മാത്രമായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെമ്പൂര് മഹാരാഷ്ട്ര ഹൌസിംഗ് ബോര്‍ഡിലേക്ക് താമസം മാറി. ബോംബെയില്‍ വന്നപ്പോള്‍ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന നാട്ടുകാരനായ സുന്ദരേട്ടന് പിന്നീട് ഒരു ഫ്ലാറ്റ് തരപ്പെട്ടപ്പോള്‍ ഞങ്ങളേയും അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകാന്‍ സന്മനസ്സു കാണിക്കുകയായിരുന്നു. അങ്ങനെ ചാലിലെ ജീവിതത്തില്‍ നിന്നും ഫ്ളാറ്റ് ജീവിതത്തിലേക്കുള്ള ആദ്യ പ്രമോഷനായിരുന്നു അത്.
ഉച്ച തിരിഞ്ഞ സമയത്തായിരുന്നു ഞങ്ങള്‍ വീട്ടു സാമാനങ്ങളുമായ് ചെമ്പൂര് സഹകാര്‍ തിയ്യറ്ററിനടുത്തുള്ള ആറാം നമ്പര്‍ എം.എച്.ബി. കോളനിയിലെത്തിയത്. കുറച്ചുപേര്‍ ചേര്‍ന്ന് സാധനങ്ങളൊക്കെ എടുത്ത് മുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ വണ്ടിയുടെ അടുത്ത് കാവലായി ഞാന്‍ നിന്നു. ഒടുവില്‍ എല്ലാം ഇറക്കി തീര്‍ന്നപ്പോള്‍ ഞാന്‍ റോട്ടില് നിന്ന് ബില്‍ഡിംഗ് കൊമ്പൌണ്ടിലേക്ക് നടന്നു. കുറച്ച് ദൂരെ ചെമ്പന്‍ നിറമാര്‍ന്ന കോലന്‍ തലമുടിയുള്ള മീശയില്ലാത്ത വട്ട മുഖമുള്ള, കഴുത്തില്‍ ഒരു കറുത്ത ചരട് കെട്ടിവെച്ച ഒരുവന് (എന്നേക്കാള്‍ രണ്ടു വയസ്സെങ്കിലും മൂപ്പേ കാണാന്‍ വഴിയുള്ളു, കൃത്യമായ് പറഞ്ഞാല്‍ അന്ന് ഒരു 19 വയസ്സ്) എന്നെ കൈ ഞൊടിച്ച് അവന്റെ അരികിലേക്ക് വിളിച്ചു. അത്തരം വിളികള്‍ മനുഷ്യനുവേണ്ടി സൃഷ്ടിച്ചതല്ലെന്ന തിരിച്ചറിവുള്ള ഞാന്‍ , 'നീ പോടേയ് ' എന്നൊരു ഏക്ഷന്‍ തിരിച്ചുകൊടുത്തു നടന്നു. പെട്ടെന്നായിരുന്നു പുറകില്‍ നിന്ന് എന്റെ കോളറില്‍ അയാള്‍ കൂട്ടിപ്പിടിച്ചത്. ഞാന്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് ഒരു തട്ടുകൊടുത്തു തള്ളിമാറ്റി. അയാളതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. അപ്രതീക്ഷിതമായ എന്റെ ആക്ഷനില്‍ അയാള്‍ കുറച്ച് പുറകിലേക്കു പോയി. അയാള്‍ എന്നെ ഒന്നു നോക്കി. എന്നീട്ട് ചോദിച്ചു, കോന്‍ ഹൈ രേ തൂ? ഇധര്‍ ക്യാ കര്‍ത്തേ? ഞാന്‍ ഒന്നാം നിലയിലെ മുറി ചൂണ്ടിക്കാട്ടി അവിടെ താമസിക്കാന്‍ വന്ന ആളാണെന്നു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തെ പൈശാചിക ഭാവം ഒരല്പം കുറഞ്ഞു, അയാള്‍ ചിരിച്ചു. “ അച്ചാ അച്ചാ. ക്യാ നാം ഹേ തേരാ?” എന്നു പറഞ്ഞ് എന്റെ തോളില്‍ കൈവച്ചു. ശരിക്കുള്ള പേരു പറയേണ്ടന്ന് മനസു പറഞ്ഞതുകൊണ്ട്, ഞാന്‍ പറഞ്ഞു, “മഹേഷ്”. ങാ “മങ്കേഷ്, തോ...... തു മേരാ പഡോസി ഹൈ, ജാവ്, ഫിര്‍ മിലേംഗേ“. ഇനിയിപ്പോ അവന് മങ്കി എന്നു വിളിച്ചാലും കേള്‍ക്കാതെ തരമില്ലല്ലോ എന്ന മട്ടില്‍ ഞാന്‍ മിണ്ടാതെ നിന്നു. ഇതെന്താണീശ്വരാ എന്നെ കാണുമ്പോള്‍ ആളുകള്‍ക്ക് കൈ തരിക്കണത് എന്ന് ആ നിമിഷത്തിലും ഈശ്വരനോട് ഒരു ചോദ്യം ചോദിക്കാതിരുന്നില്ല.
അദ്ദേഹം അദൃശ്യമായ് ഇടപെട്ടതുകൊണ്ടോ എന്തോ അയാള്‍ പിടുത്തം വിട്ടു. ഞാന്‍ മുന്നോട്ടു നടന്ന് ഒന്നാം നിലയിലേക്കുള്ള കോണിപ്പടി കയറുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് ഒരു മലയാളി സ്ത്രീ വന്ന് എന്നോടു ചോദിച്ചു, “മോന് എന്തു വിഡ്ഢിത്തരാ ചെയ്തേ?, അവനാരാന്നറിയോ?” ഞാന്‍ കൈമലര്‍ത്തി. “അവനാണ് ഛോട്ടാ രാജന് . ഇനിയെങ്കിലും അവന്റെ അടുത്ത് ഒന്നിനും നിക്കണ്ട ട്ടാ, ഒരു വാക്കു പറഞ്ഞ് രണ്ടാമത്തേന് കൊല്ലാന്‍ മടിക്കാത്ത ജന്തുക്കളാ”. ഞാന്‍ ഭവ്യതയോടെ തലയാട്ടി. പക്ഷെ എനിക്ക് അധോലോകത്തെക്കുറിച്ച് വലിയ പൊതുവിജ്ഞാനമൊന്നും ഇല്ലാത്തതുകൊണ്ട് ഛോട്ടാ രാജന് എന്നു കേട്ടീട്ടും അപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. (പിന്നീട് അതേക്കുറിച്ചാലോചിച്ച് പലപ്പോഴും ഞെട്ടിയിട്ടുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല) അവിടെ കഴിഞ്ഞ ഒരു വര്‍ഷം (1978 - 79) ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ് കഴിഞ്ഞു. എന്റെ പ്രായത്തിലുള്ള അയാളുടെ അനുജന് ദീപക്കുമായ് നല്ല സൌഹൃദമായിരുന്നു. അയാളാണ് വലുതായപ്പൊള്‍ 'വാസ്തവ്' എന്ന ഹിന്ദി ഫിലിം നിര്‍മ്മിച്ചത്. പിന്നീട് എന്റെ ചേട്ടന് ഞങ്ങളുടെ ആദ്യ കൊമ്പുകോര്‍ക്കലിനെക്കുറിച്ചറിഞ്ഞ് ഭയന്നുകൊണ്ടു ചോദിച്ചു, എടാ ആ പ്രശ്നം അപ്പ തന്നെ തീര്‍ന്നൂലോ അല്ലേ. ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് നീ ഇവിടം വിട്ടു പോകുന്നതാ നല്ലത്.
ഞാന്‍ പറഞ്ഞു, ഒരു കൊഴപ്പോം ഇല്യ. വീണ്ടുമൊരുനാള്‍ ഞങ്ങളുടെ മുറിയില്‍ ഒളിവിലിരിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ് ഛോട്ടാരാജന് എന്നെ സമീപിച്ചു. അപ്പോഴേക്കും അയാളുടെ വീരസാഹസിക കഥകള്‍ എല്ലാം ഞാന്‍ കേട്ടിരുന്നതിനാല്‍ അയാളെ കാണുമ്പോഴൊക്കെ വിനയവും സ്നേഹവും ഒക്കെ കൂടി കുഴഞ്ഞ ഒരു പരുവത്തില്‍ ഞാന്‍ അയാളോട് പെരുമാറാന്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ റൂമില്‍ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് അറത്തുമുറിച്ച് പറയാന്‍ ഞാന്‍ ഭയന്നു. മാത്രവുമല്ല പഴയ സംഭവം ഒരു വൈരാഗ്യമായ് എടുത്താലോ എന്നും തോന്നി. എന്നാല്‍ അയാളെ അവിടെ താമസിപ്പിച്ചാല്‍ ഞങ്ങളേയും പോലീസ് പൊക്കും എന്ന് അറിയുന്നതുകൊണ്ട് ഞാന്‍ ഭവ്യതയോടെ പറഞ്ഞു, “ഞാന്‍ തന്നെ ഇവിടെ താമസിക്കുന്നത് മറ്റൊരാളുടെ ദയവിലാണ്. അയാളുടെ സമ്മതമില്ലാതെ എനിക്കൊന്നും പറയാന്‍ പറ്റില്ല. അയാള്‍ നൈറ്റ് ഡ്യൂട്ടിയിലാണ്. നാളെ കാലത്തേ വരികയുള്ളു.” അതുകേട്ട് ഇഷ്ടപ്പെടാതെ, ‘ശരി, പേടിത്തൊണ്ടന്മാര്’ എന്ന് പറഞ്ഞുകൊണ്ടയാള്‍ പോയി. പക്ഷെ അയാളില്‍ നിന്നും അന്നോ പിന്നീടോ ഒരുപദ്രവവും ഞങ്ങള്‍ക്കുണ്ടായില്ല. ഒരുപക്ഷെ അത് അയാളുടെ തലവന്‍ 'ബഡാരാജന്‍ ' എന്ന് അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരന് രാജന് നായര്‍ കാരണമായിരിക്കണം. പലപ്പോഴും രാജന് നായര്‍ ആ ബില്‍ഡിംഗിനു മുന്നില്‍ സിനിമാസ്റ്റൈലില്‍ അംഗരക്ഷകരുടെ അകമ്പടിയോടെ കാറില്‍ വന്നിറങ്ങുന്നതും പെട്ടെന്ന് തിരിച്ചുപോകുന്നതും ഞാന്‍ കണ്ടീട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കോടതിമുറിയില്‍ വെടിയേറ്റു വീഴാനായിരുന്നു അയാളുടെ യോഗം. തൊട്ടടുത്തുള്ള സഹകാര്‍ തിയ്യറ്ററില്‍ ബ്ളാക്കിനു ടിക്കറ്റ് വില്പനയായിരുന്നു ഛോട്ടാ രാജന്റെ പ്രധാന ജോലി. അന്നൊക്കെ എത്ര ഹൌസ്ഫുള് ആയ സിനിമയാണെങ്കിലും ഞങ്ങള്‍ക്ക് സുഖമായ് ടിക്കറ്റ് കിട്ടുമായിരുന്നു. അതുപോലെ ടാക്സിയിലോ, ഓട്ടോറിക്ഷയിലോ കയറി ആറാം നമ്പര്‍ എം.എച്.ബി കോളനി എന്നു പറഞ്ഞാല്‍ ആരും പറ്റിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. സഹകാര്‍ തിയ്യറ്ററില്‍ വെച്ച് ഒരു സബ്-ഇന്‍സ്പെക്ടറെ തന്റെ പതിനെട്ടാമത്തെ വയസ്സില്‍ കുത്തിമലര്‍ത്തിയാണ് വെറും രാജനായിരുന്ന ആ മറാട്ടി ഛോട്ടാ രാജന് തസ്തികയിലേക്ക് പ്രമോട്ടു ചെയ്യപ്പെട്ടത്. ബഡാരാജന്റെ മരണശേഷം മുംബൈ അധോലോകത്തിന്റെ തലപ്പെത്തെത്തിയ അയാള്‍ വളര്‍ന്ന് വളര്‍ന്ന് ദാവൂദുമായ് കൂട്ടുകൂടി രാജ്യാന്തര അധോലോകത്തിന്റെ ഭാഗമായതും, മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ദാവൂദുമായ് തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം കെട്ടിപ്പടുത്തതുമൊക്കെ എല്ലാവരും മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കിയിരിക്കുമല്ലോ. ബാങ്കോക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഛോട്ടാ ഷക്കീല്‍ എന്ന ദാവൂദിന്റെ വലം കൈ ഛോട്ടാരാജനേയും കൂട്ടരേയും ആക്രമിക്കുകയും ഛോട്ടാരാജന്റെ തുടയില്‍ വെടിയേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ ഏഴാം നിലയില്‍ ഓപ്പറേഷന് വിധേയനായ് കിടന്ന ഛോട്ടാരാജന് ആക്രമണഭീഷണിയുണ്ടെന്നറിഞ്ഞതും അയാള്‍ ആശുപത്രിയിലെ കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജനലിലൂടെ സിനിമാസ്റ്റൈലില്‍ ഏഴുനില താഴെ ഇറങ്ങി രക്ഷപ്പെട്ടുവെന്നും, പിന്നീട് ആസ്ത്രേലിയയില്‍ എത്തിയെന്നുമൊക്കെ പത്ര വാര്‍ത്തകള്‍ കേട്ടു.
എന്തായാലും 1979 പകുതിയായപ്പോഴേക്കും ഞാന്‍ ബോംബെയോടു വിട പറഞ്ഞു. നാട്ടില്‍ വന്ന് കോളേജില്‍ ചേര്‍ന്ന് നല്ല കുട്ടിയായ് പഠനം തുടര്‍ന്നു. ജീവിതാനുഭവം കയ്പ്പു നിറഞ്ഞതുകൊണ്ടോ എന്തോ ഞാന്‍ മനസ്സിരുത്തി പഠിക്കുകയും, കോളേജിലെ എല്ലാ കലാപരിപാടികളിലുമൊക്കെ ഊര്‍ജ്ജസ്വലമായ് പങ്കെടുക്കുകയുമൊക്കെ ചെയ്തുകൊണ്ട് കോളേജിലെ ടീച്ചേഴ്സിന്റെ കണ്ണിലുണ്ണിയാവുകയും നല്ല മാര്‍ക്കോടെ പ്രീ-ഡിഗ്രി പാസാകുകയും ചെയ്തു. അക്കാലത്ത് ഞങ്ങള്‍ പുല്ലൂര്‍ നിന്ന് മാപ്രാണത്തേക്ക് സ്ഥലം മാറുകയും, അവിടെ നിന്ന് തൃശൂര്‍ കേരളവര്‍മ്മയില്‍ പോയി തുടര്‍ അഭ്യാസം നടത്തുകയും, പ്രേമിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവില്‍ വീടിന്റെ ചുറ്റുവട്ടത്തുള്ള നല്ല പെണ്‍കുട്ടികളില്‍ ഒരാളെ തേടിപ്പിടിച്ച് ശരിയായ പ്രേമം തുടങ്ങുകയും, അനുരാഗമെന്തെന്ന് അവള് എന്നെ മനസ്സിലാക്കിത്തരികയും, അതൊരു ദിവ്യാനുരാഗമായ് പരിണമിക്കുകയും ഒടുവില്‍ എന്റെ കൂടെ ജീവിക്കാന്‍ ആ പാവം കുട്ടിക്ക് ദൈവം ശിക്ഷ വിധിക്കുകയും ചെയ്തു. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം........ഹാ!
(കൌമാര സംഭവങ്ങള്‍ അവസാനിച്ചു, ജീവിതം തുടരുന്നു)