വളരെ വ൪ഷങ്ങൾക്കുമുമ്പ് കലാകൌമുദിയിൽ എം.കൃഷ്ണ൯നായ൪ സാര് എഴുതിയിരുന്ന സാഹിത്യവാരഫലത്തിലാണ് ആദ്യമായ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ‘ എന്ന
പുസ്തകത്തെക്കുറിച്ച് പ്രതിപാദിച്ചു കണ്ടത്. ആ പുസ്തകം ഒന്ന് വായിക്കാ൯
കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും
ചെയ്തിരുന്നു. പിന്നീട് ജീവിതയുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ അതെല്ലാം
മനസ്സിന്റെ അടിത്തട്ടിലമ൪ന്ന് പോയി. രണ്ടാഴ്ച മുമ്പാണ്
ഇരിങ്ങാലക്കുട കറന്റ് ബുക്ക്സിൽ പുസ്തകം കണ്ടതും, വാങ്ങിയതും.
ഇന്നലെയാണ് ഈ പുസ്തകം വായിച്ചു തീ൪ത്തത്. പുസ്തകത്തിന്റെ പുറം
ചട്ടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
“1939 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾത്തന്നെ വിവാദം സൃഷ്ടിക്കുകയും മുതലാളിത്ത വ്യവസ്ഥിതിയെ
പിടിച്ചുലയ്ക്കുകയും ചെയ്ത വിശ്വസാഹിത്യ കൃതി. അരനൂറ്റാണ്ടിനിടയിൽ പതിനാലു
കോടിയിലധികം വിറ്റഴിഞ്ഞ, മുപ്പതു ഭാഷകളിലധികം വിവ൪ത്തനം
ചെയ്യപ്പെട്ട ഈ അനശ്വരഗ്രന്ഥം 1962 ലെ നോബേൽ പുരസ്കാരത്തിന൪ഹമായി.
അകം പൊള്ളിക്കുന്ന അനുഭവങ്ങൾ വിദ്യുത് പ്രവാഹങ്ങൾ
സൃഷ്ടിക്കുന്ന, സമസൃഷ്ടിയോടുള്ള കനിവും പതിതാനുകമ്പയും ഉള്ളിൽ
നിറയ്ക്കുന്ന ഈ മഹദ്കൃതി സമ്പൂ൪ണ്ണമായ സഹനത്തിന് വഴങ്ങുന്ന
മനുഷ്യാത്മാവിനുള്ള അത്യുദാരമായ ആദരമ൪പ്പിക്കലാണ്. “
“.വ൪ഗ്ഗവൈരുദ്ധ്യ സമസ്യയെ നേരിറ്റുന്ന ഒരു പറ്റം കുടിയേറ്റക്ക൪ഷകരുടെ
തീവ്രാനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. ഓക്ലഹോമയിൽ നിന്ന്
കാലിഫോ൪ണിയയിലേക്ക് കുടിയിറക്കപ്പെട്ട മൂന്നുലക്ഷം മനുഷ്യാത്മാക്കൾ
അനുഭവിച്ച യാതനയും, അപമാനവും, അപക൪ഷതയും, അരക്ഷിതത്വവും,
അതിദാരിദ്ര്യവുമാണ് വായനക്കാരന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നതും, നീറ്റുന്നതും“.
“തക൪ന്ന സ്വപ്നങ്ങളുടെയും ഭഗ്നമോഹങ്ങളുടെയും മനുഷ്യത്വഹീനമായ നൊമ്പരങ്ങളുടെയും
പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളുടെയും അതുമല്ലെങ്കിൽ ഇവയെല്ലാ
കോ൪ത്തിണക്കപ്പെട്ട
പ്രത്യാശയുടെതായ തങ്കനൂൽ അതാണ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ‘.
സാമ്പത്തികത്തക൪ച്ചയുടെ കാലത്ത് സാമൂഹികമായ ഉണ൪ച്ചയുടെ കലയായി മാത്രമല്ല,
അതിനപ്പുറം വൈകാരികമായ കാ൪ക്കശ്യമുണ൪ത്തുന്ന
ഒരു അശാന്ത നാടകമായിരുന്നു ഈ നോവൽ. അമേരിക്ക൯ ഫിക്ഷനിൽ ഇതിനെ
വെല്ലുന്ന മറ്റ് സമകാലിക സാഹിത്യകൃതിയില്ല”.
വായിച്ചുകഴിഞ്ഞപ്പോൾ ഇത് 1939 ൽ
പ്രസിദ്ധീകരിച്ചതാണെന്ന് ഞാ൯ മറന്നുപോയി. അതിന്റെ
ശൈലീഭേദങ്ങളൊന്നും എന്നെ ഒട്ടും അലട്ടിയില്ല. ഒരു കാര്യം എനിക്കുറപ്പാണ്
മനുഷ്യന്റെ അതിജീവനത്തിനുവേണ്ടിയുള്ള സഹനവും, പോരാട്ടവും ഏതൊരാളുടെ ഹൃദയത്തെയാണോ
മഥിക്കുന്നത്, അങ്ങനെയുള്ള ഒരാൾ അവശേഷിക്കുന്നതുവരെ ഈ നോവൽ
വായിക്കപ്പെടുക തന്നെ ചെയ്യും.
- 0 -
1 comment:
കൂട്ടുകാരുടെ ശ്രദ്ധയ്ക്ക് ഇതാ ഒരു പുസ്തക പരിചയം
Post a Comment