Monday, October 21, 2013

സ്ത്രീ-പുരുഷ സമത്വം

സ്ത്രീ പുരുഷ സമത്വം വേണംന്നന്ന്യാ ഇന്റെ അഭിപ്രായം ട്ടൊ...അതിപ്പൊ ഇവടെ വേണ്ടത്രെ ഇണ്ടേനും.. സ്ത്രീ പുരുഷ സമത്വംന്നൊക്കെ കേട്ട് ഹാലിളകിയ ചില പിന്തിരിപ്പന്‍ ആണുങ്ങള് ചോയ്‌ച്ചിരുന്നുത്രെ, “എന്തൂട്ട് സമത്വംന്നാ ഈ പറേണേ...ല്ലാ ആണിന്റെ ശരീരോം, പെണ്ണിന്റെ ശരീരോം ഒരേ പോല്യാണോ, ഇന്ദിരാഗാന്ധി പ്രധാനമന്ത്രീം, പ്രതിഭാ പാട്ടീല് പ്രസിഡന്റും ആയിക്കോട്ടേ, ന്നാലും ഇവരൊക്കെ ഒരു തെങ്ങില് കേറി തേങ്ങ ഇട്വോ”.... ഈ ചോദ്യം ചോച്ചോരൊക്കെ ഇപ്പൊ കമാന്നൊരക്ഷരം (അതോ രണ്ടക്ഷരോ) മിണ്ടിണില്യാ... കാരണം ന്താ ന്നോ... തെങ്ങ്‌മ്മെ കേറണ യന്ത്രം വന്നപ്പോ തരുണിമണികളൊക്കെ മണി മണ്യായി തെങ്ങ്‌മ്മെ കേറി തേങ്ങയിട്‌ണൂന്ന്.. അതുകേട്ട് ‘എന്തൂട്ട് തേങ്ങ്യാ” ന്നൊന്നും ചോയ്‌ക്കണ്ട ട്ടോ... പെണ്ണിന് സാധിക്കാത്തതായിട്ടൊന്നൂല്യാന്നങ്ങട് ധരിച്ചോളിന്‍.. വെര്‍തെ കേറി ഞെളിയണ്ട ട്ടോ പുല്ലിംഗങ്ങളേ....! സ്ത്രീലിംഗങ്ങള് ഒരുങ്ങി പൊറപ്പെട്ടാലുണ്ടല്ലോ, പിന്നെ അടുക്കളേ കെടന്ന് ഗ്യാസ് പോക്വേ നിവൃത്തി ഉള്ളൂന്നങ്ങട് കൂട്ടിക്കോളു ട്ടൊ.


ഇങ്ങന്യൊക്കെ ആണെങ്കിലും (ആണ്‍ എങ്കിലും എന്നല്ലാട്ടോ), ഇന്നൊരു കാഴ്ച കണ്ടപ്പോ ഇനിക്ക് ഒരു ചെറിയ സംശയം ഇണ്ടായീന്നുള്ളത് നേരാ... ന്താ ച്ചാ ഒരു വണ്ടി പാഞ്ഞു വര്‌ണൂ... റോഡ് ക്രോസ് ചെയ്യാനൊരു സ്ത്രീ നിക്കണൂ... അവര് റോഡിന്റെ ഒരു ഭാഗത്തയ്ക്ക് മാത്രം നോക്കി വണ്ടി വരിണില്യാന്നൊറപ്പിച്ച് കൂളായിട്ടങ്ങട് നടക്ക്വാ... എതിര്‍ ദിശേന്ന് വന്ന വണ്ടി സഡന്‍ ആയി ബ്രേക്കിട്ടതോണ്ട് ഹാവൂ, ആശ്വാസായി... അപ്പൊ ന്താണ്ടായേന്ന് നിശ്ശംണ്ടോ... ഡ്രൈവറവരെ ഒന്ന് രൂക്ഷമായ് നോക്കി.. ആ സ്ത്രീലിംഗാവട്ടെ ഇവനെന്തൂട്ടാ കാട്ട്യേന്ന മട്ടിലൊരു നോട്ടോം ഒരു നാണോം, ഒരു പോക്കും.


ഞാനവടെ ഇരുന്ന് ഓര്‍ത്തത് സാഹിത്യവാരഫലം എഴുതിയിരുന്ന എം. കൃഷ്ണന്‍ നായര്‍ സാറിനെ ആയിരുന്നു... അദ്ദേഹം എഴുതി.. പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം എന്താ... പുരുഷന്‍ വണ്ടീടെ മുമ്പില് ചാട്യാ, സോറി പറഞ്ഞ് ചമ്മലോടെ നടന്നു നീങ്ങും, സ്ത്രീയാവട്ടെ, ഡ്രൈവറെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് അന്നനടയോടെ നടമാടും. ദാ വരണൂ...നേരം ഒരുപാടായി... അകത്തമ്മ വിളിക്കുന്നു ... ഇനിയും വൈകിയാല്‍ സ്ത്രീലിംഗം കോപിക്കും... ഈ പുല്ലിംഗം വെറുതെയാവും!

4 comments:

Murali Menon said...

ഇതാ മാവേലിയെ പോലെ ഒരാള്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നു എന്നാര്‍ക്കെങ്കിലും തോന്നിയാല്‍...
ബ്ലോഗ് തുരുമ്പ് പിടിക്കാതിരിക്കാന്‍ കുറച്ച് മണ്ണെണ്ണ പുരട്ടാന്‍ വന്നതെന്ന് കരുത്യാ മതി ട്ടൊ...
സസ്നേഹം/മുരളി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

 തുരുമ്പിച്ചില്ലാലൊ അല്ലെ? :)

Murali Menon said...

ഇന്‍ഡ്യാഹെറിറ്റേജ്:
ഉവ്വോ? ഏയ്...ഇല്ല്യാ...ഏയ്..ഇണ്ടാവില്ല്യാ.. ഉണ്ടാവ്വോ? ആവോ!

OAB/ഒഎബി said...

ഇനിയും വൈകിയാല്‍ സ്ത്രീലിംഗം കോപിക്കും... ഈ പുല്ലിംഗം വെറുതെയാവും!

ഇത് തന്നെയാ മാറ്റവും
ഒരു സമത്വവും നടക്കൂലാന്ന്