Monday, September 24, 2007

പ്രണയം

ഞാനൊരു കവിയാണ്, അത്യന്താധുനികനാണ്
ഞാന്‍ നിന്നെ അതിയായ് പ്രണയിക്കുന്നു
കവിത മുത്തു ചിതറന്നതുപോലെ ചിരിച്ചു
പിന്നെ കൊഞ്ചി ചോദിച്ചു
എന്താണു പ്രണയം കവേ?


പ്രലോഭനത്തിന്റെ പ്രതിഫലനമാണത്, കവി പറഞ്ഞു
ആരു പ്രലോഭിപ്പിച്ചു? നിന്നെയറിയാത്ത ഞാനോ? കവിത ചോദിച്ചു.
കവി മൌനത്തിലാണ്ടു വാക്കുകള്‍ മുങ്ങിത്തപ്പി
പ്രണയം പ്രാണന്റെ പ്രത്യാശയാണ്, കവി പറഞ്ഞു
അത് നിന്റെ സ്വാര്‍ത്ഥത, അവിടെ കവിതയ്ക്കെന്തു കാര്യം?
പ്രണയം പ്രപഞ്ചത്തിന്റെ പ്രചോദനമാണ്, കവി പറഞ്ഞു
ഏയ് അത്യന്താധുനികാ, നീ എന്തെങ്കിലും ഒന്നു നിശ്ചയിക്കൂ
കവി മൌനത്തിലാണ്ടു വാക്കുകള്‍ മുങ്ങിത്തപ്പി


നിര്‍വൃതിയുടെ നിര്‍വ്വചനമാണു പ്രണയം
നിലക്കാതെ തുളുമ്പുന്ന സ്നേഹമാണു പ്രണയം
നിലാവിന്റെ നേര്‍ത്ത കുളിരാണു പ്രണയം
നിശ്വാസമുതിര്‍ക്കുന്ന നോവാണു പ്രണയം
കവിതേ, നിന്നെ ഞാന്‍ അതിയായി പ്രണയിക്കുന്നു
ഞാനൊരു കവിയാണ്, അത്യന്താധുനികനാണ്


മനസ്സും ശരീരവും പരസ്പരം ഒന്നാകാന്‍ കൊതിക്കുന്ന
വികാരത്തിന്റെ വിളിപ്പേരാണു പ്രണയമെന്നും
അതിനൊരു വാമൊഴിയില്ലെന്നും പറയാന്‍ പഠിക്കാത്ത
നിന്നെ ഞാനെങ്ങനെ പ്രണയിക്കും കവേ
നിന്റെ ഇഷ്ടത്തിനൊത്ത് വാക്കുകള്‍ വളച്ചൊടിക്കുന്നതോ പ്രണയം
പ്രണയം അക്ഷരക്കൂട്ടില്‍ അലങ്കരിക്കുന്ന നീയോ കവി?
ഒന്നെഴുന്നേറ്റു പോടാ‍ ശവീ!

ങാ ഹാ! കവിയെ ശവിയെന്നു വിളിച്ചവള്‍ തൃശൂര്‍ക്കാരിയാണെന്ന് തിരിച്ചറിഞ്ഞ് കവി പേന കീശയിലിട്ട് എഴുന്നേറ്റു പോയി. നാളെ മുതല്‍ കവിതക്കുവേണ്ടി തപസ്സു ചെയ്യേണ്ടതില്ല, കഥയെഴുതിയാലോ?

ps: വിവരമുള്ള കവികള്‍ പ്രണയത്തെക്കുറിച്ച് കവിതയോടും, കവിയോടും, ക്ഷമിക്കണം, ശവിയോടും വിശദീകരിക്കുമല്ലോ? ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്ക് അതൊരു പ്രാഥമിക പാഠമായ് ഉപകരിച്ചെങ്കിലോ? [പ്രണയത്തെക്കുറിച്ചറിയാവുന്ന സാധാരണ ബ്ലോഗര്‍മാര്‍ക്കും ഉപദേശിക്കാം]

Friday, September 21, 2007

ഒരു കര്‍മ്മയോഗിയുടെ കുമ്പസാരം

അന്ന്
ഞാന്‍ യേശുവിനെ സ്നേഹിച്ചിരുന്നു
അതുകൊണ്ടു തന്നെ അയല്‍ക്കാരനേയും
യൂദാസും, പിലാത്തോസും
എന്റെ ബൈബിളില്‍
തെളിയാത്ത രേഖാചിത്രങ്ങള്‍


അന്ന്
ഞാന്‍ രാധേയനെ സ്നേഹിച്ചിരുന്നു
അതുകൊണ്ടു തന്നെ രാധയേയും
പാര്‍ത്ഥനും സാരഥിയും
എന്റെ മഹാഭാരതത്തില്‍
തിളങ്ങാത്ത കഥാപാത്രങ്ങള്‍


അന്ന്
ഞാന്‍ കാറല്‍മാര്‍ക്സിനെ സ്നേഹിച്ചിരുന്നു
അതുകൊണ്ടു തന്നെ കമ്മൂണിസത്തേയും
കമ്മൂണിസ്റ്റും, അവന്റെ മൂലധനവും
എന്റെ ദാസ് കാപിറ്റലില്‍
എഴുതാത്ത ഭൌതികവാദങ്ങള്‍


പിന്നെ
ഞാന്‍ സ്നേഹിച്ചു ലെനിനിനെ
സ്റ്റാന്‍ലിനെ, ചെഗ്വേരയെ
കാട്ടുതീ ഊതി തെളിക്കും
ചുവന്ന സൂക്തങ്ങളെ, സ്വപ്നങ്ങളേ


പിന്നെ
ഞാനെപ്പഴോ കര്‍മ്മയോഗിയായ്
കനവ് കരിഞ്ഞവര്‍ കണ്ണീരു വറ്റിയോര്‍
അന്നമില്ലാത്തവര്‍, വസ്ത്രമില്ലാത്തവര്‍
കാലം തളിര്‍ക്കുവാന്‍ കനിവ് തേടുന്നവര്‍
ആരാന്റെ ചിത്തവും ആരാന്റെ വിത്തവും
ആടി തിമര്‍ത്തു ഞാന്‍ രാസലീല


പിന്നെ
അണികളില്‍ അഗ്നി പടര്‍ത്തി
അടരാടാനലറുമ്പോഴും
അരുതേയെന്നോതിയണഞ്ഞൊരു ജീവനെ
അലിവില്ലാതെ അറുത്തെറിയുമ്പോഴും
കര്‍മ്മം ചെയ്യുകയായിരുന്നു
ഞാന്‍ യോഗിവര്യനായിരുന്നു.


***

ഇന്ന്
പള്ളിമേടയും പാതിരിയുമില്ലാതെ
ഞാന്‍ കുമ്പസാരിക്കട്ടെ
എവിടെയോ എന്നോ മറന്നുവെച്ച
മന:സാക്ഷിയിലെ മാറാല നീക്കി
ഞാന്‍ സത്യമന്വേഷിക്കട്ടെ
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ


[ഇവിടെ കുമ്പസാരിക്കുന്ന കര്‍മ്മയോഗി ദേശ-ജാതി-മത-ഭാഷാ ഭേദമന്യേയുള്ള വിപ്ലവാന്ധതയുടെ പ്രതീകം മാത്രം]

Wednesday, September 19, 2007

ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും


ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. മൂന്നു സൈന്യത്തിലേയും എല്ലാ പടയാളികളും ഒത്തു ചേര്‍ന്ന് വെടി വെച്ചീട്ടും യാതൊരു സംതൃപ്തിയും വരാതെ ഇനിയാരുണ്ടെടാ എന്ന് ചോദിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കേ, തങ്ങളുടെ കപ്പാസിറ്റി ഇല്ലായ്മ ലോക ജനത അറിയുമോ എന്ന ആശങ്കയില്‍ സൈനിക മേധാവികള്‍ ഒത്തുകൂടി ഒരു തീരുമാനമെടുത്തു. ഉടനെ തന്നെ പ്രധാനമന്ത്രിയേയും പ്രസിഡണ്ടിനേയും ചെന്ന് കണ്ട് തങ്ങളുടെ കയ്യിലിരിപ്പ് ഇത്രയേ ഉള്ളുവെന്നും കടുത്ത പ്രയോഗത്തിനു പറ്റിയ വല്ല വെടി വഴിപാടുകള്‍ ഉണ്ടെങ്കില്‍ അരുള്‍ ചെയ്യണമെന്നും ഉള്ള നിവേദനം സമര്‍പ്പിക്കുവാനായ് തീരുമാനിച്ചു. തന്താങ്ങളുടെ സേനകളിലെ പ്രധാന ഉദ്യോഗസ്ഥരേയും കൂട്ടി പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും ഒരുമിച്ച് കാണുന്നു. വെടിക്കോപ്പുകള്‍ കടം വാങ്ങേണ്ട ആവശ്യകതയെക്കുറിച്ചും അതിന്റെ സമയദൈര്‍ഘ്യത്തെക്കുറിച്ചും, യുദ്ധമുറകളെക്കുറിച്ചുമൊക്കെ മൂന്നു സേനാ തലവന്മാരും സംസാരിച്ചു. പ്രസിഡന്റ് ക്ഷീണം മൂലം മയങ്ങി പോയതിനാല്‍ ഇന്ദിരാഗാന്ധി പറഞ്ഞു,


“എന്ത് ചെയ്തായാലും വേണ്ടില്ല നമ്മുടെ രാജ്യം ഈ യുദ്ധത്തില്‍ ജയിച്ചിരിക്കണം, അതു മാത്രമാണു ലക്ഷ്യം.ലക്ഷ്യമാണുന്നം. ഉന്നമില്ലാത്തവനൊന്നും ഇനിമേലില്‍ സൈന്യത്തില്‍ വേണ്ടന്നുമാത്രമല്ല എന്റെ മുന്നില്‍ കാണുകയുമരുത്. മറ്റൊന്നും ഞാനാഗ്രഹിക്കുന്നില്ല. ഇനി നമ്മള്‍ ജയിക്കുന്ന കാര്യത്തില്‍ സേനാ മേധാവികള്‍ക്ക് ആര്‍ക്കെങ്കിലും സംശയം ഉണ്ടോ? “

ആ ചോദ്യത്തിനു മുമ്പില്‍ സേനാ തലവന്മാര്‍ ബധിരരും മൂകരുമായി ഇരുന്നു. അത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു. അവര്‍ പറഞ്ഞു,

നിങ്ങളെക്കുറിച്ച് എനിക്കുണ്ടായിരുന്ന മതിപ്പെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, റെഡ്ഫോര്‍ട്ടിലോ അല്ലെങ്കില്‍ ഏതെങ്കിലും സ്വാകാര്യ സ്ഥലത്തോ വെറുതെ വെടി വെച്ച് കാണിക്കാന്‍ പറഞ്ഞാല്‍ എന്തായിരുന്നു നെഗളിച്ച. കയ്യിലുള്ള ഉണ്ടയെല്ലാം കണ്ടിടത്തെല്ലാം പ്രയോഗിച്ചു തീര്‍ത്തു. ആവശ്യം വന്നപ്പോ വെടി വെക്കാന്‍ പോയിട്ട് ഒന്നുഷാ‍റായ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത എന്റെ സൈന്യം. ഫു,

എന്നീട്ട് മറ്റു സഹപ്രവര്‍ത്തകരെ നോക്കി ചോദിച്ചു,

“നിങ്ങളുടെ തലവന്മാര്‍ പറഞ്ഞ അഭിപ്രായം തന്നെയാണോ നിങ്ങള്‍ക്കുമുള്ളത്?”

വായുസേനയിലെ സഹപ്രവര്‍ത്തകര്‍ വായു വിടാതെ മൌനം പാലിച്ചു, നാവികസേനാംഗങ്ങള്‍ ഒരു പായകപ്പലിലായാലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലും. അപ്പോള്‍ കരസേനയിലെ മേജര്‍ റാങ്കിലുള്ള തൃശൂക്കാരന്‍ ഗോവിന്ദന്‍ നായര്‍ എഴുന്നേറ്റു നിന്നു പറഞ്ഞു,

“ പണ്ടെങ്ങോ വെടി വെച്ച് ശീലിച്ചു എന്ന് കരുതി ഇനിയും ഇഷ്ടം പോലെ വെടി വെച്ച് മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് കേമന്മാരായ വെടി വീരന്മാരുമായ് ഏറ്റുമുട്ടുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് നാട്ടില്‍ നിന്നും കുട്ടപ്പനെ കൊണ്ടു വരാന്‍ പ്രധാനമന്ത്രിയുടെ അനുവാദം വേണം. പറ്റുമെങ്കില്‍ തിരുവമ്പാടിയുടേയും, പാറമേക്കാവിന്റേയും വെടിക്കെട്ടുകാരേയും കൂട്ടാം.” എല്ലാവരും മുഖത്തോടു മുഖം നോക്കി.

ഇന്ദിരാഗാന്ധി ചോദിച്ചു,

“ഹു ഇസ് കുറ്റപ്പന്‍? ഈ യുദ്ധത്തിന്റെ വിജയവും, കുറ്റപ്പനും തമ്മിലെന്തു ബന്ധം? യുദ്ധം ജയിക്കാന്‍ നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ പോരെന്നു പറയുന്ന താങ്കള്‍ ഈ കുറ്റപ്പനെക്കൊണ്ട് എന്തു ചെയ്യാന്‍ പോകുന്നു?” അവന്‍ നിര്‍ത്താതെ വെടി വെച്ച് ജയിക്കുമോ?

എല്ലാം ഒറ്റ ശ്വാസത്തില്‍ ചോദിച്ചതുകൊണ്ട് ഇന്ദിരാഗാന്ധി ശ്വാസമെടുക്കാനായ് കുറച്ച് വിശ്രമിച്ചു. അപ്പോള്‍ തൊട്ടടുത്തിരുന്ന പ്രസിഡന്റ് അസാരം ശക്തിയായ് ശ്വസിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധം തോല്‍ക്കുമെന്നായതുകൊണ്ട് ഗോവിന്ദന്‍ നായര്‍ക്ക് വട്ടായിയെന്ന് സൈനികരെല്ലാം ധരിച്ചു. പക്ഷെ ഗോവിന്ദന്‍ നായര്‍ വിശദീകരിച്ചു,

കുട്ടപ്പന്‍ നാട്ടിലുള്ള ഒരു ചെറുപ്പക്കാരനാണ്. വെടി വെച്ചൊന്നും പരിചയമില്ല. പക്ഷെ അവന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കരിനാക്കുകാരനും കരിങ്കണ്ണനുമാണ്. എന്തിനെ നോക്കി അഭിപ്രായം പറഞ്ഞോ അതേറ്റിരിക്കും, എന്തിനെ അധിക നേരം സൂക്ഷിച്ചു നോക്കിയോ അത് നശിച്ചിരിക്കും. അവനെ കൊണ്ടു വന്ന് അതിര്‍ത്തിയില്‍ നിര്‍ത്തിയാല്‍ മതി റേഞ്ചില്ലാത്ത ദൂരത്ത് നിന്നു വരുന്ന വിമാനങ്ങള്‍ പോലും അവന്‍ നിഷ്പ്രയാസം കരിച്ചു കളഞ്ഞോളും. പിന്നെ പാറമേക്കാവും തിരുവമ്പാടിയും കൂടി അതിര്‍ത്തിയില്‍ ഒരു വെടിക്കെട്ട് നടത്തിയാല്‍ പാക്കിസ്ഥാന്‍ വെടിക്കെട്ട് കണ്ട് മതി മറന്ന് പൊട്ടാത്ത പടക്കങ്ങള്‍ പെറുക്കി സ്ഥലം വിട്ടോളും. ഒന്നുമില്ലെങ്കിലും കുട്ടപ്പനെ കൊണ്ടു വരാന്‍ ഒരു ഹെലികോപ്റ്റര്‍ ഉടനെ തന്ന് എന്നെ യാത്രയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വെടിതീര്‍ന്ന സൈനിക മേധാവികളെല്ലാം ഒന്നും മിണ്ടാനാവാതെ ദയനീയമായ് ഗോവിന്ദന്‍ നായരെ നോക്കി. ഇന്ദിരാഗാന്ധിയുടെ സമനില തെറ്റുമെന്നായപ്പോള്‍ അവര്‍ അലറി.

“എന്തു പണ്ടാറമെങ്കിലും ചെയ്യ്, ഇന്ത്യ തോറ്റു എന്ന് അറിയുന്ന ആ നിമിഷം ഞാന്‍ എല്ലാത്തിനേയും വക വരുത്തും.“

പ്രസിഡന്റ് കസേരയില്‍ ചെരിഞ്ഞു കിടന്നുറങ്ങി. കസേര വീണു പരിക്കേല്‍ക്കാതിരിക്കാന്‍ കരസേനാ മേധാവി നീങ്ങിയിരുന്നു. ഇന്ദിരാഗാന്ധി മീറ്റിംഗ് പിരിച്ചു വിട്ട് എഴുന്നേറ്റു പോയി. സേനാ നായകരെല്ലാം ദു:ഖിതരായി. ഗോവിന്ദന്‍ നായര്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുമായ് തൃശൂര്‍ക്ക് തിരിച്ചു.

കുട്ടാടന്‍ പാടത്ത് ഹെലികോപ്റ്റര്‍ ഇറക്കിയപ്പോള്‍ പന്തുകളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ കളി നിര്‍ത്തി ഹെലികോപ്റ്റര്‍ കാണാനെത്തി. ചാക്കു ചരടിന്റെ ബലത്തില്‍ മുറുക്കി നിര്‍ത്തിയ കാക്കി ട്രൌസറും, ഓട്ട കുത്തിയ ബനിയനും ധരിച്ച കുട്ടപ്പന്‍ പന്ത് കയ്യില്‍ പിടിച്ച് കുട്ടികളെ വിളിച്ചു, “ടാ, കളിക്കാന്‍ വാടാ, ആനത്തുമ്പി പാടത്ത് മരുന്നടിക്കാന്‍ വന്നതാവും”. ഗോവിന്ദന്‍ കുട്ടപ്പനെ കയ്യോടെ പിടി കൂടി കാര്യം പറഞ്ഞു,

ഗോവിന്ദന്‍ നായര്‍: മിസ്റ്റര്‍ കുട്ടപ്പന്‍, നിങ്ങളെ പട്ടാളത്തിലെടുത്തു. നമുക്കുടനെ പോണം.
കുട്ടപ്പന്‍: ഞാനില്ല, എനിക്കു പന്തു കളിക്കണം
ഗോവിന്ദന്‍ നായര്‍: നോക്ക്, നിനക്കുള്ള യൂണിഫോം എല്ലാം കൊണ്ടു വന്നീട്ടുണ്ട്. പാന്റ്, ബനിയന്‍, ഷര്‍ട്ട്, ബെല്‍ട്ട്, തൊപ്പി, ഷൂ എല്ലാം. ഇതൊക്കെ ധരിച്ച് നമുക്കുടനെ ഈ ഹെലികോപ്റ്ററില്‍ പുറപ്പെടണം.
കുട്ടപ്പന്‍: വെറുതെ ഈ പാടത്ത് മരുന്ന് തെളിക്കുന്നത് കാണാനാണെങ്കില്‍ ഞാന്‍ വരാം.
ഗോവിന്ദന്‍ നായര്‍: അതേയ്, കുട്ടപ്പനെ വിളിച്ചോണ്ടു വരാന്‍ പ്രധാനമന്ത്രി നേരിട്ട് പറഞ്ഞീട്ടാ ഞാന്‍ വരുന്നത്
കുട്ടപ്പന്‍: എന്റെ അപ്പന്‍ പറഞ്ഞാ ഞാന്‍ വരില്ല എന്നട്ടല്ലേ പ്രധാനമന്ത്രി


എന്തു പറഞ്ഞീട്ടും അനുസരിക്കാതിരുന്ന കുട്ടപ്പനെ ഒടുക്കം മെരുക്കാനായ് അവന്റെ വീട്ടുകാര്‍ക്ക് പണം കൊടുത്ത് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നു. ഒരു രാജ്യത്തിന്റെ സംരക്ഷണത്തിനായ് തന്റെ മകനെ തേടി വന്ന ഗോവിന്ദന്‍ നായരെ നിരാശനാക്കന്‍ കുട്ടപ്പന്റെ അപ്പന്‍ മാണിക്യന്‍ തയ്യാറാ‍ായില്ല. പറ്റാവുന്ന കാശും വാങ്ങി മാണിക്യന്‍ കുട്ടപ്പനെ നോക്കി കണ്ണുരുട്ടി കാണിച്ചു. ചാക്കുചരടിലൊടക്കിയ കാക്കി ട്രൌസറിനുമേലെ യൂണിഫോം അണിഞ്ഞ് ഒടുവില്‍ കുട്ടപ്പന്‍ ഡെല്‍ഹിക്കു യാത്രയായി. പാറമേക്കാവും, തിരുവമ്പാടിയും തൃശൂര്‍ വിട്ട് ഒരു വെടി പരിപാടിയും ഏറ്റെടുക്കില്ലാന്നു തീര്‍ത്തു പറഞ്ഞു.

പിന്നീട് കുട്ടപ്പനെ ഇന്ത്യാ-പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ മൂന്നു സേനാ മേധാവികളും ചിന്തയിലാണ്ട് നില്‍ക്കുകയായിരുന്നു. ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. കുട്ടപ്പനെ കണ്ട് അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കുട്ടപ്പന്റെ കഴിവില്‍ അവര്‍ക്ക് മതിപ്പുണ്ടാവാനായ് ഒരു ഐറ്റം കാണിച്ചു കൊടുക്കാന്‍ ഗോവിന്ദന്‍ നായര്‍ കുട്ടപ്പനോടാവശ്യപ്പെട്ടു. എല്ലാവരും ഇപ്പോള്‍ കുട്ടപ്പനെ ശ്രദ്ധിക്കുകയാണ്. അകലെ ഉയര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലുകളില്‍ നോക്കി കുട്ടപ്പന്‍ പറഞ്ഞു, “പണ്ടാറടങ്ങാനായിട്ട് പുല്ല് നിക്കണ നില്പ് കണ്ടില്ലേ”, ആ നിമിഷം പുല്ല് കത്തി ചാമ്പലായി. സേനാ മേധാവികളും മറ്റു പട്ടാളക്കാരും കുട്ടപ്പന്റെ കഴിവില്‍ സന്തോഷവാന്മാരായി, അഭിമാന വിജൃംഭിതരായി. ഉടനെ കുട്ടപ്പനേയും കൂട്ടി സ്ട്രാറ്റജിക് പോയന്റില്‍ പോയി പാക്കിസ്ഥാന്റ് വിമാനങ്ങള്‍ വരുന്നത് കാട്ടിക്കൊടുക്കുവാന്‍ എല്ലാവരും ഗോവിന്ദന്‍ നായരെ നിര്‍ബ്ബന്ധിച്ചു. അങ്ങനെ സേനാ മേധാവികളും ഗോവിന്ദന്‍ നായരും കൂടി കുട്ടപ്പനെ അതിര്‍ത്തിയിലെ സ്ട്രാറ്റജിക് പോയന്റിലേക്ക് കൊണ്ടുപോയി.

കുട്ടപ്പന്റെ ചുമലില്‍ പിടിച്ച് ഒരു ഭാഗത്തേക്ക് തിരിച്ചു നിര്‍ത്തി ആകാശത്തേക്ക് കൈ ചൂണ്ടി വായുസേനാ മേധാവി പറഞ്ഞു, “ദേ വരുന്നു പാകിസ്ഥാന്‍ വിമാനം, നീ അതിനെ കരിച്ചു കള”. കുട്ടപ്പനു ഭാഷ പിടി കിട്ടിയില്ല, ഗോവിന്ദന്‍ നായര്‍ തര്‍ജ്ജമ ചെയ്തു. കുട്ടപ്പന്‍ നോക്കിയിട്ട് വിമാനമൊന്നും കണ്ടില്ല, ആ വിവരം ഗോവിന്ദന്‍ നായരോടു പറയുകയും ചെയ്തു. അപ്പോള്‍ നാവിക സേനാ മേധാവി കുട്ടപ്പനെ മറ്റൊരു ആംഗിളില്‍ നിര്‍ത്തി അകലേക്ക് കൈ ചൂണ്ടി പറഞ്ഞു, “ദാ അവിടെ നിന്ന് ഒരു വിമാനം വന്നു കൊണ്ടിരിക്കുന്നു, അതിനെ നോക്കി എന്തെങ്കിലും പറയൂ” അപ്പോഴും കുട്ടപ്പനൊന്നും കണ്ടില്ല. എല്ലാവരും പരിഭ്രാന്തരായി. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ വിമാനങ്ങള്‍ എത്തി ബോംബിടുമല്ലോ എന്ന ചിന്തയില്‍ എങ്ങനെയെങ്കിലും കുട്ടപ്പനെ കൊണ്ട് വിമാനങ്ങള്‍ നശിപ്പിക്കാനായ് കരസേനാ മേധാവി പറഞ്ഞു, “കുറ്റപ്പന്‍ അങ്ങകലേക്ക് സൂക്ഷിച്ച് നോക്കണം, വിമാനമല്ല കാണുക, അവിടവിടെയായി ഒരു ചെറിയ പൊട്ടുപോലെ അത് വിമാനങ്ങളാണ്. അടുത്തെത്തിയിട്ട് പിന്നെ പറഞ്ഞാല്‍ ഒരു ഗുണവുമില്ല, നമ്മളെല്ലാം ചാവും”. ഗോവിന്ദന്‍ നായര്‍ എല്ലാം വിശദമായ് കുട്ടപ്പനു തര്‍ജ്ജമ ചെയ്തു കൊടുത്തു. കുട്ടപ്പന്‍ കാര്യമായ് സൂക്ഷ്മമായ് നോക്കിയപ്പോള്‍ വിമാനങ്ങള്‍ കണ്ടു. ഉടനെ കുട്ടപ്പന്‍ പറഞ്ഞു, “പണ്ടാറടങ്ങാനായിട്ട് നിങ്ങടെയൊക്കെ കണ്ണിന്റെ കാഴ്ച്ചേ, സമ്മതിക്കണം”. പറഞ്ഞു തീര്‍ന്നതും “അയ്യോ” എന്ന് മൂന്നു സേനാനായകരും അലറിക്കരഞ്ഞു. മൂന്നെണ്ണത്തിന്റേയും കണ്ണിന്റെ കാഴ്ച്ച പോയി. അവര്‍ തപ്പി തടഞ്ഞ് നടക്കുന്നതിനിടയില്‍ കുട്ടപ്പന്‍ എല്ലാ വിമാനങ്ങളും നശിപ്പിച്ചു. സേനാ നായകരുടെ കാഴ്ച്ച ശക്തി പോയതിനാല്‍ മേജര്‍ ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ കൊണ്ട് എല്ലാ ജോലികളും ഭംഗിയായ് ചെയ്യിച്ച് ഇന്ത്യയെ വിജയിപ്പിച്ചു.

പോരാന്‍ നേരം സേനാ മേധാവികളെ നോക്കി കുട്ടപ്പന്‍ പറഞ്ഞു, “എന്തൂട്ട ഇവര് കുരുടന്മാരുടെ പോലെ തപ്പി കളിക്കണേ” ഉടനെ മൂന്നു പേര്‍ക്കും കാഴ്ച്ച തിരിച്ചു കിട്ടി. കുട്ടപ്പന്റെ സ്പെഷല്‍ മിഷന്‍ തീര്‍ന്നതോടെ നിറയെ സമ്മാനങ്ങളുമായ് കുട്ടപ്പനെ ഹെലികോപ്റ്ററില്‍ കുട്ടാടന്‍ പാടത്തു കൊണ്ടിറക്കി. യൂണിഫോം ഊരി വലിച്ചെറിഞ്ഞ് ചാക്കു ചരടു കെട്ടിയ കാക്കി ട്രൌസറിട്ട് കുട്ടപ്പന്‍ കുട്ടികളുമായ് പന്തു കളി ആരംഭിച്ചു. ഗോവിന്ദന്‍ നായര്‍ കുട്ടപ്പനെ നോക്കി വിളിച്ചു പറഞ്ഞു, “അപ്പോ കുട്ടപ്പാ ഇനി പിന്നെ കാണാം”. കുട്ടപ്പനു ദേഷ്യം വന്നു, കുട്ടപ്പന്‍ പറഞ്ഞു, “ഇനി ഈ പണ്ടാറം ആന തുമ്പ്യേം കൊണ്ട് ഈ വഴിക്ക് വരണ്ട ട്ടാ”. ഇനി ഹെലികോപ്റ്ററില്‍ കയറിയിട്ട് വല്യ വിശേഷമൊന്നുമില്ലെന്നറിയാവുന്ന ഗോവിന്ദന്‍ നായര്‍ കുട്ടാടന്‍ പാടത്തേക്കിറങ്ങി ഡെല്‍ഹിയിലേക്കുള്ള വരമ്പത്തുകൂടെ വഴുക്കാതെ നടന്നു.....
NB: ഇന്ത്യന്‍ ഭടന്മാര്‍ എല്ലാവരും ധീരോദാത്തരായ കാവല്‍ ഭടന്മാരാണ്. ലോക സൈനിക ബലത്തില്‍ ഭാരതം ഒട്ടും പിറകിലല്ല. ഭാരതത്തിലെ മുഴുവന്‍ ധീരജവാന്മാര്‍ക്കും സല്യൂട്ട് ചെയ്തുകൊണ്ട് മേല്‍ പ്രസ്താവ്വിച്ച കാര്യങ്ങള്‍ വെറും നര്‍മ്മത്തിനുവേണ്ടി എഴുതിയതാണെന്നും രാജ്യസ്നേഹികളായ ആര്‍ക്കെങ്കിലും മനോവേദനയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Monday, September 17, 2007

ഞാന്‍ മലയാളി

എന്റെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
ഞാനോ
ഒരതീവ ബുദ്ധിശാലി
അമേരിക്കന്‍ പരീക്ഷണങ്ങള്‍
ബഹിരാകാശ യാത്രകള്‍
എയ്ഡ്സിന്‍ പ്രതിരോധങ്ങള്‍
ഇതോ!
ഇത്ര ആനക്കാര്യം!
സാക്ഷര കേരളം
ഞാന്‍, എന്റെ ബുദ്ധി
എന്തും ചെയ്യാമെന്ന വിശ്വാസം
ലോകം എന്നിലേക്ക് ചുരുങ്ങുന്ന കാലം
നാളെ
ആരെങ്കിലും വീട്ടില്‍ വന്ന്
എന്നെ വിളിക്കാതിരിക്കില്ല

Saturday, September 15, 2007

നിഷേധി (5) - അവസാനിച്ചു

"നീ പറഞ്ഞുവല്ലോ പൂജ്യരായ മാതാപിതാക്കളെപ്പറ്റി. അതൊക്കെ എന്റേയും സ്വപ്നങ്ങളാണ്‌. ഇന്നലെ ഞാന്‍ മൌനിയായിരുന്നത്‌ വാക്കുകളുടെ ദാരിദ്ര്യം കൊണ്ടല്ല. എന്റെ ദു:ഖങ്ങള്‍ എന്റേതുമാത്രമാകട്ടെയെന്നു കരുതി. പക്ഷെ ഞാനെന്തുകൊണ്ടാണ്‌ അങ്ങനെ എഴുതിയതെന്ന്‌ നീയെങ്കിലും അറിയണം."

അയാളിപ്പോള്‍ ഒരാവേശത്തോടെയാണ്‌ പറയുന്നത്‌. എല്ലാ ദു:ഖങ്ങളും ഇറക്കിവെക്കാന്‍ അയാള്‍ക്കു കിട്ടിയിരിക്കുന്ന ഒരത്താണിയായിരിക്കുന്നു ഞാന്‍. അയാള്‍ തുടര്‍ന്നു.

"അച്ഛനെന്നു ഞാന്‍ വിളിച്ചിരുന്ന മനുഷ്യന്റെ ഔദ്യോഗിക ഉയര്‍ച്ചക്കുള്ള ഒരു ഉപകരണമായിരുന്നു അമ്മ. ആ മനുഷ്യന്റെ സ്ഥാനക്കയറ്റങ്ങള്‍ക്കിടയിലെപ്പോഴോ ആണ്‌ എന്റെ ജന്‍മം. ആരും എന്റെ വരവിനെ പ്രതീക്ഷിച്ചിരുന്നില്ലത്രെ. നശിപ്പിക്കാന്‍ തോന്നിയിട്ടുണ്ടാവില്ല. അത്രക്കു ഭാഗ്യം കെട്ടവനാണു ഞാന്‍. ഇതൊക്കെ ഞാനറിയുന്നത്‌ ആ മനുഷ്യന്റെ കുത്തുവാക്കുകളിലൂടെത്തന്നെയാണ്‌. എനിക്കിപ്പോള്‍ അറിഞ്ഞുകൂടാത്തത്‌ ഒന്നു മാത്രമാണ്‌. ഞാന്‍ വെറുക്കേണ്ടത്‌ ആ മനുഷ്യനെയോ അതോ എന്നെ പ്രസവിച്ചു എന്നതുകൊണ്ടുമാത്രം അമ്മയായ ആ സ്ത്രീയെയോ? ആ വീട്ടില്‍ ഞാനൊറ്റയായിരുന്നു. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍. ആ മനുഷ്യന്റെ മരണശേഷം അമ്മ മറ്റൊരു ജീവിതം തേടിയിരിക്കുന്നു. എന്നെപ്പോലുള്ള ഒരു സഹോദരന്റെ കീഴിലെ സുരക്ഷിതത്വത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം സഹോദരിയും എങ്ങോ താവളങ്ങള്‍ തേടി. ഇവരില്‍ ആരെയാണ്‌ ഞാന്‍ പൂജിക്കേണ്ടത്‌? പറയൂ. ഉപദേശിക്കാന്‍ വളരെ എളുപ്പമാണു സുഹൃത്തേ. പക്ഷെ അനുഭവങ്ങള്‍ തീ പോലെ പൊള്ളുന്നതാവുമ്പോള്‍, ഉപദേശങ്ങളോടെനിക്കു പുച്ഛമാണ്‌. "

ഒരു മഴ പെയ്തുതോര്‍ന്നതുപോലെ അയാള്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അമ്പുകള്‍ എന്നിലേറ്റു കഴിഞ്ഞിരുന്നു. അയാളുടെ മുഖത്തേക്കു നോക്കാന്‍പോലും ഞാന്‍ അശക്തനായിരുന്നു. കനം തൂങ്ങിയ ശിരസ്സുമായ്‌ ഞാന്‍ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു നടന്നു. തിരിഞ്ഞുനോക്കാന്‍ ആഗ്രഹിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. അയാള്‍ ആകാശത്ത്‌ കണ്ണും നട്ട്‌ ആ മണല്‍പ്പുറത്ത്‌ കിടക്കുകയായിരിക്കും എന്ന്‌ ഞാനൂഹിച്ചു. അയാളുടെ മനസ്സിലെരിയുന്ന നെരിപ്പോടിന്റെ ചൂട്‌ എന്റെ സിരകളിലാണ്‌ പതിച്ചത്‌. അയാളുടെ ചിന്താഗതികള്‍ പൂര്‍ണ്ണമായും ശരിയാണെന്നു തോന്നി. അയാളുടെ നിഷേധം അനിവാര്യമായ ഒന്നാണെന്ന്‌ ഞാനറിയുന്നു.

“സുഹൃത്തേ, സമൂഹത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഓരോ വാക്യവും ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ആര്‍ക്കു പൊള്ളുന്നുവെന്നത്‌ ഒരു പ്രശ്നമേയല്ല.“

മനസ്സില്‍ വിങ്ങിനിന്ന വാക്കുകള്‍ ഞാന്‍ ഇരുട്ടിലേക്ക്‌ തുറന്നുവിട്ടു. പിന്നീടവ പുഴയുടെ ഓളങ്ങളിലൂടെ പൊന്തിയും താഴ്ന്നും മുന്നോട്ടു പോയിരിക്കുമെന്നും അയാളത്‌ കേട്ടിരിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. അതുപോലെ തന്നെ ആ പുഴയുടെ ഇരുകരകളിലേക്കും ആ വാക്കുകള്‍ കയറിച്ചെല്ലുമെന്നും അവര്‍ക്കത്‌ ഒരു കുളിര്‍മ്മയായ്‌ മാറുമെന്നും ഞാന്‍ വെറുതെ സ്വപ്നം കണ്ടു നടന്നു. അല്ലെങ്കില്‍ അടുത്ത കലാസമിതി യോഗത്തില്‍ ഞാന്‍ ഉറക്കെ വിളിച്ചുപറയും,

"ഗ്രാമവാസികളേ, നിങ്ങള്‍ക്ക്‌ ഇനിമുതല്‍ ഒന്നില്‍ കൂടുതല്‍ നിഷേധികളെ നേരിടേണ്ടിവരും."

മാസങ്ങള്‍ക്കുശേഷം വീണ്ടും കലാസമിതിയുടെ യോഗം ആരംഭിക്കുകയായിരുന്നു. ഞാന്‍ പതിവുപോലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒരരികു പറ്റിയിരുന്നു. സമിതി സെക്രട്ടറി എഴുന്നേറ്റ്‌ നിന്ന്‌ തന്റെ ശൈലിയില്‍ പറഞ്ഞുതുടങ്ങി. എന്റെ ശ്രദ്ധ പുറത്തേക്കുള്ള വാതിലിലായിരുന്നു. അപ്പോഴതാ അയാളെത്തുന്നു. തലയുയര്‍ത്തിപ്പിടിച്ചാണയാള്‍ നടക്കുന്നത്‌. തലമുടി ഒരു വശത്തേക്ക്‌ ചീകിയൊതുക്കിയിരിക്കുന്നു. വൃത്തിയായി ഷേവ്‌ ചെയ്ത മുഖം കൂടുതല്‍ ആര്‍ദ്രമായി തോന്നി. വാതിലില്‍ ചാരി അല്‍പനേരം അയാള്‍ നിന്നു. ഞാന്‍ കൈ വീശി അയാളുടെ ശ്രദ്ധ ക്ഷണിച്ചു. പക്ഷെ അയാളതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട്‌ മുന്‍നിരയിലെ ബഞ്ചില്‍ ചെന്നിരുന്നു. അഭിപ്രായ പ്രകടനങ്ങളില്‍ പങ്കെടുത്ത്‌ അയാള്‍ സംസാരിച്ചത്‌ എനിക്കു മനസ്സിലാകാത്ത ഏതോ ഭാഷയിലാണെന്നു തോന്നി. അയാള്‍ പറഞ്ഞു,

"സുഹൃത്തുക്കളേ, ഞാന്‍ വിശ്വസിച്ചുപോരുന്ന പ്രത്യയശാസ്ത്രങ്ങള്‍ എനിക്കു നല്‍കിയത്‌ വിശപ്പുമാത്രമാണ്‌. എന്റെ സൃഷ്ടികളിലൂടെ അതിന്റെ ശക്തി ഇരട്ടിക്കുകയും, ഞാന്‍ ദുര്‍ബ്ബലനാവുകയും ചെയ്തു. നിങ്ങള്‍ പറയുന്നതാണ്‌ ശരിയെന്ന്‌ എനിക്കിപ്പോള്‍ ബോദ്ധ്യമായിരിക്കുന്നു. വിശപ്പിന്റെ ശമനത്തിനുശേഷമുള്ള ഒരു നേരമ്പോക്ക്‌ അങ്ങനെയാകണം കലയും സാഹിത്യവും. അപ്പോള്‍ നമുക്ക്‌ എന്തും സഹിക്കാനുള്ള ശക്തിയുണ്ടാവും. സമൂഹത്തിലെ തിന്‍മകള്‍ മറന്ന്‌ നന്‍മകള്‍ ആസ്വദിക്കാന്‍ മാത്രം നമ്മള്‍ പ്രാപ്തരാവും. എനിക്ക്‌ തെറ്റുപറ്റിയിരിക്കുന്നു. ഇനി മുതല്‍ ഞാനത്‌ തിരുത്തി മുന്നോട്ടുപോകുമെന്നറിയിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു."

അയാള്‍ പറഞ്ഞവസാനിപ്പിക്കുകയും, അംഗങ്ങള്‍ കയ്യടിച്ചു തിമര്‍ക്കുകയും ചെയ്തു. എന്റെ മനസ്സിലെ നായകന്റെ മുഖം സ്ഫടികപാത്രം വീണ്‌ തകര്‍ന്നപോലെ ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്ത വിധം തകര്‍ന്ന്‌ തരിപ്പണമായി. കയ്യടികള്‍ നിലക്കുമ്പോള്‍ ഒരിടിനാദം പോലെ ഞാന്‍ ഗര്‍ജ്ജിച്ചു.

"ഞാനതിനെ നിഷേധിക്കുന്നു"

ക്ഷോഭം എന്റെ കണ്ണുകളില്‍ ഇരുട്ട്‌ നിറയ്ക്കുകയും എല്ലവരും എനിക്കുമുന്നില്‍ വെറും ആള്‍‌രൂപങ്ങളായ്‌ മാറുകയും ചെയ്തു. സര്‍വ്വശക്തിയുമെടുത്ത്‌ ഞാനലറി,

"സഹനം നഷ്ടപ്പെട്ട ഒരു സാഹിത്യകാരനാണയാള്‍. നിങ്ങളതിനെ പ്രോത്സാഹിപ്പിക്കരുത്‌".

സമിതിയംഗങ്ങള്‍ നിശ്ചലരായി ഒരു ഭ്രാന്തനെ കാണുന്നപോലെ എന്നെ നോക്കിക്കൊണ്ടിരുന്നു. എന്റെ മനസ്സിലെ വെളിച്ചത്തില്‍ ഞാനയാളെ തിരഞ്ഞുകൊണ്ടിരുന്നു. ഒരു തണലിനുവേണ്ടി കൊതിക്കുന്ന പൊരിവെയിലിലെ സഞ്ചാരിയെ പോലെ അയാളപ്പോള്‍ എന്നെത്തന്നെ നോക്കുന്നതു ഞാന്‍ കണ്ടു. എനിക്കിപ്പോള്‍ അയാളോടു സഹതാപമാണ്‌, അയാള്‍ക്കത്‌ ഇഷ്ടമല്ലെങ്കിലും. പൊടുന്നനെ എല്ലാവരും എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ ആക്രോശിച്ചു.

"നിഷേധി"

ആക്രോശങ്ങളുടെ തിരതല്ലലില്‍പെട്ട്‌ പൊങ്ങുകയും താഴുകയും ചെയ്യുന്ന ഒരു ചിലമ്പിച്ച സ്വരം ഞാന്‍ തിരിച്ചറിഞ്ഞു. അവ്യക്തമായ ആ സ്വരം അയാളുടേതായിരുന്നു. ഒരുപക്ഷെ എനിക്കനുകൂലമായിരിക്കുമോ ആ ശബ്ദം? മറിച്ചാണെങ്കിലോ? വേണ്ട. ഇനിയും പ്രതീക്ഷകളോടെ കാത്തിരിക്കേണ്ടതില്ല. അല്ലെങ്കില്‍ അവശേഷിക്കുന്ന സ്വപ്നങ്ങള്‍ക്കുവേണ്ടിയുള്ള ശവക്കുഴി തോണ്ടേ‌ണ്ടതായ് വരാം. ഞാന്‍ എഴുന്നേറ്റ്‌ നെഞ്ചുവിരിച്ച്‌ വാതിലിനുനേരെ നടന്നു. തല താഴ്ത്തി   അയാള്‍ ഇരുന്നു. ഞാന്‍ പുറത്തുകടന്നു. എനിക്കു പിന്നാലെ ആക്രോശങ്ങള്‍ ആര്‍ത്തലച്ചുവന്നു.

നിഷേധി, നിഷേധി.....

ഒരു ഗ്രാമം മുഴുവനും അതേറ്റു പറയുന്നതുപോലെ തോന്നി. നിലാവിന്റെ വെളിച്ചത്തില്‍ ഞാന്‍ വേഗം നടന്നു. കുറുമാലി പുഴയുടെ തീരത്ത്‌ എത്തുന്നതുവരെ ഏതെങ്കിലും നിഴല്‍ എന്നെ പിന്തുടരുമെന്ന്‌ ഞാന്‍ ആശിച്ചു. പുഴയുടെ തീരത്ത്‌ മറുകരയിലേക്ക്‌ നോക്കി ഞാന്‍ നിന്നു. എനിക്കുപിന്നില്‍ മണലില്‍ അമരുന്ന കാലടിയൊച്ചയും, കുറ്റബോധം പേറിയ മുഖവും, ആര്‍ദ്രമായ മിഴികളും ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അയാള്‍ വന്നില്ല. ഒരു നിഴല്‍ പോലും എന്നെ പിന്തുടര്‍ന്നില്ല. അപ്പോള്‍ അയാളുടെ ഇഷ്ടപ്പെട്ട ചന്ദ്രബിംബം വെള്ളത്തില്‍ തെളിഞ്ഞുകിടക്കുകയായിരുന്നു. ഒരു വലിയ കല്ലെടുത്ത്‌ അതു ഞാനെറിഞ്ഞുടച്ചു. പിന്നെ മണലില്‍ പ്രഭാത സൂര്യന്റെവരവും കാത്ത്‌ മലര്‍ന്നടിച്ചുകിടന്നു.


[അവസാനിച്ചു]

Monday, September 10, 2007

നിഷേധി (4)

ആഗ്രഹങ്ങളില്ലാതിരുന്നീട്ടും ഇന്നലെ ഞങ്ങള്‍ സംസാരിച്ചത്‌ ചില വീട്ടുകാര്യങ്ങളായിരുന്നു. എങ്ങനെയോ സംസാരം അതിലേക്കു വഴുതിപ്പോകുകയായിരുന്നു. അയാള്‍ സ്വന്തം അച്‌ഛനേയും അമ്മയേയും നിന്ദിച്ചുകൊണ്ടാണ് സംസാരിച്ചത്‌. അതെന്നെ വികാരാധീനനാക്കി. കുട്ടിക്കാലത്തെ ചില സംഭവങ്ങളായിരിക്കും അയാളെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന്‌ ഞാന്‍ വിശ്വസിച്ചു. ആര്‍ക്കും ഇത്തരം ബാല്യങ്ങള്‍ ഉണ്ടാകാമെന്നും ഒരു പക്ഷെ താത്ക്കാലിക ചുറ്റുപാടില്‍ ഏതു മാതാപിതാക്കളിലുമുണ്ടാകുന്ന കോപം മാത്രമാണെന്നും ഞാന്‍ വിശദീകരിച്ചു. അയാള്‍ എല്ലാം കേള്‍ക്കുകയും കണ്‍ത്തടങ്ങളെ മൂടിയിരുന്ന തലമുടി ഒരിക്കല്‍ പോലും വകഞ്ഞുമാറ്റാതെ തലകുമ്പിട്ടു നടന്നുപോകുകയുമാണുണ്ടായത്‌. 


അതാ അയാള്‍ വരുന്നു. മുഷിഞ്ഞ ഒറ്റമുണ്ടാണയാള്‍ ഉടുത്തിരുന്നത്‌. അവിടവിടെ തുന്നലുകള്‍ വിട്ടുപോയ ഒരു വെള്ള കുപ്പായവും. താടിരോമങ്ങള്‍ വളര്‍ന്നു നീണ്ടിരുന്നുവെങ്കിലും അത്‌ വെട്ടി ഭംഗിയാക്കിയിരുന്നില്ല. നെഞ്ചുവിരിച്ചു നടക്കാനാണയാള്‍ ആഗ്രഹിച്ചതെങ്കിലും കണ്‍ത്തടങ്ങള്‍ മറച്ചിരുന്ന മുടി അയാളെ തല കുമ്പിട്ടു നടക്കാനേ അനുവദിച്ചുള്ളു. ഞങ്ങളൊരുമിച്ചു കലാസമിതി മന്ദിരത്തിലേക്കു നടക്കുമ്പോള്‍ അയാള്‍ എന്റെ ചുമലില്‍ ബലമായ്‌ പിടിച്ചിരുന്നു. മദ്യത്തിന്റെ ഗന്ധം നേര്യ തോതില്‍ എനിക്കനുഭവപ്പെട്ടതായ്‌ തോന്നി. ഞങ്ങള്‍ സാഹിതീ സദസ്സിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ ഇരുന്നു. നിമിഷങ്ങള്‍ക്കകം യോഗം ആരംഭിച്ചു. അയാളുടെ കഥകളെക്കുറിച്ചായിരുന്നു ചര്‍ച്ച തുടങ്ങിയത്‌.
ങേ, അയാള്‍ കഥകള്‍ എഴുതാറുണ്ടായിരുന്നോ എന്ന്‌ നിങ്ങള്‍ ചോദിച്ചാല്‍, ഉണ്ടായിരുന്നുവെന്ന്‌ ഞാന്‍ അല്‍പം വൈകിയാണെങ്കിലും പറഞ്ഞുകൊള്ളട്ടെ. അയാള്‍ വല്ലപ്പോഴും കഥകളെഴുതുമായിരുന്നു. എഴുതുമ്പോഴെല്ലാം ആ ഗ്രാമത്തിലെ സംസ്കാര സമ്പന്നരെന്നു പറയുന്നവരുടെ രോഷത്തിന്‌ അയാള്‍ പാത്രീഭൂതനായി. നല്ലൊരു ആസ്വാദകനെന്ന നിലയില്‍ ഞാന്‍ പലപ്പോഴും അയാളുടെ കഥകള്‍ക്ക്‌ നിരൂപണങ്ങളെഴുതി. ഒരു കാര്യം തീര്‍ച്ചയായിരുന്നു. അയാളുടെ കഥകള്‍ പുതിയ ചര്‍ച്ചകള്‍ക്കുതകുന്ന വിധത്തില്‍ പ്രാധാന്യമുള്ളവയായിരുന്നു. 


കലാസമിതി സെക്രട്ടറി സംസാരിച്ചുതുടങ്ങിയപ്പോള്‍, സാഹിത്യ തല്‍പരനേക്കാള്‍ ഒരു രാഷ്ട്രീയ നേതാവിന്റെ  മേലങ്കിയേ അദ്ദേഹത്തിനിണങ്ങൂ എന്ന്‌ തോന്നി. അദ്ദേഹം പറഞ്ഞു, 


"കഥകളില്‍ സമൂഹത്തിന്റെ ജീര്‍ണ്ണത ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ സാഹിത്യകാരനാവൂ എന്നുള്ള ബോധം തീര്‍ത്തും നിരാശാജനകമാണ്‌. നിങ്ങളെന്തിന്‌ എന്നെ പ്രസവിച്ചു എന്ന്‌ അമ്മയോട്‌ ചോദിക്കാന്‍ മാത്രം ഒരു മകനോ മകളോ വളരാന്‍ പാടില്ല. അല്ലെങ്കില്‍ ആ ചോദ്യം അവനോ അവള്‍ക്കോ യോഗ്യത നല്‍കുന്നുവെന്ന തോന്നല്‍ ആപത്ക്കരമാണ്‌. ഇക്കഥകള്‍ക്ക്‌ നിരൂപണം നല്‍കാന്‍ ഈ സമിതിയില്‍ നിന്നു തന്നെ ആളുണ്ടായി എന്നത്‌ ഈ ഗ്രാമത്തിന്റെ മറ്റൊരു ദു:ഖമായ്‌ ഞാന്‍ കരുതുന്നു. "
ഒരു നിമിഷം എന്റേയും സെക്രട്ടറിയുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു. പിന്നെ ഞാന്‍ വാതിലിനു പുറത്ത്‌ കനക്കുന്ന ഇരുട്ടിലേക്ക്‌ നോക്കിയിരുന്നു. വീണ്ടും കഥയെപ്പറ്റി പലരും പലതും പറഞ്ഞു. എന്റെ ഊഴം ഞാന്‍ ഉപയോഗിച്ചില്ല. സമിതിയംഗങ്ങളെല്ലാം കയ്യടിച്ചുകൊണ്ടിരുന്നു. മറുപടി പറയാനായ്‌ അയാള്‍ ക്ഷണിക്കപ്പെട്ടു. അനുഭവങ്ങളാണ്‌ കഥാകൃത്തിനെ അത്തരം സൃഷ്ടികളിലേക്ക്‌ നയിച്ചതെന്നും അതിന്റെ പ്രതികരണങ്ങളോര്‍‍ത്ത്‌ താന്‍ വ്യസനിക്കുന്നില്ലെന്നും പറഞ്ഞയാള്‍ നിര്‍ത്തി. സദസ്യര്‍ കയ്യടിക്കാന്‍ മറന്നുപോയി. കയ്യടിയുടെ ഒരൊറ്റപ്പെട്ട ശബ്ദം മാത്രം അവിടെ മുഴങ്ങി. അതെന്റേതായിരുന്നു. എല്ലാവരും ബീഭത്സമായ ഭാവത്തോടെ എന്നെ നോക്കി. ഞാന്‍ വീണ്ടും ഇരുട്ടിലേക്ക്‌ നോക്കി. യോഗം അവസാനിച്ചപ്പോള്‍ ഞാനിറങ്ങി നടന്നു. പിറകേ അയാളും. 


പുഴയുടെ തീരത്ത്‌ ഒരുപാടുനേരം ഞങ്ങള്‍ മൌനവ്രതത്തിലായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആകാശത്ത്‌ തെളിഞ്ഞ ചന്ദ്രനിലും അയാള്‍ പുഴയില്‍ തെളിഞ്ഞ അതിന്റെ പ്രതിബിംബത്തിലും കണ്ണുനട്ടിരുന്നു. അയാള്‍ തേടിപ്പിടിച്ചു വെച്ചിരിക്കുന്ന പുതിയ അമ്പുകളേല്‍ക്കാന്‍ ഞാന്‍ അക്ഷമനായി. ഞാന്‍ പറഞ്ഞു, "നിന്റെ കഥകള്‍ ഇത്തരത്തിലൂടെ മുന്നോട്ടുപോയാല്‍ സമൂഹത്തിന്‌ അത്‌ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യാന്‍ സാദ്ധ്യത, ഒരു പക്ഷെ ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുന്നില്ലെങ്കിലും. എന്നീട്ടും ആ വശങ്ങള്‍ ഞാനിതുവരെ ചൂണ്ടിക്കാണിക്കാതിരുന്നത്‌ ഈ സമൂഹത്തിന്‌ ഒരു ഷോക്‍ട്രീറ്റ്മെന്റ് തത്ക്കാലം ആവശ്യമെന്ന്‌ തോന്നിയതുകൊണ്ടാണ്‌. പക്ഷെ ഷോക്‍ട്രീറ്റ്മെന്റ് സ്ഥിരമായി ആരും ഉപയോഗിക്കാറില്ലല്ലോ. കൂടാതെ ഞാന്‍ ഇന്നലെ നിന്നോട്‌ സൂചിപ്പിച്ചുവല്ലോ, അത്‌ ഞാന്‍ ആവര്‍ത്തിക്കട്ടെ, മാതാപിതാക്കളെ നിന്ദിക്കരുത്‌. " 


"മൈ ഫൂട്ട്‌". 

അയാളുടെ ശബ്ദം ഒരു മേഘഗര്‍ജ്ജനം പോലെ അന്തരീക്ഷത്തില്‍ പ്രതിദ്ധ്വനിച്ചു. ചന്ദ്രബിംബം മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞ്‌ ഇരുട്ടു പരത്തി. അയാളുടെ കണ്ണുകള്‍ പുഴയിലെ മറഞ്ഞുപോയ പ്രതിബിംബത്തില്‍ നിന്നും എന്റെ നേരെ തിരിഞ്ഞു. നെറ്റിയിലേക്കു വീണ തലമുടി വകഞ്ഞുമാറ്റി അയാള്‍ എന്നെ നോക്കി. എന്നെ ദഹിപ്പിക്കാന്‍ മാത്രം അഗ്നി സ്ഫുരിക്കുന്ന കണ്ണുകളായിരുന്നു അയാളുടേത്‌. ഞാന്‍ വീണ്ടും ആകാശത്തേക്കു നോക്കി. മേഘങ്ങള്‍ ചന്ദ്രനെ കുറേശ്ശെയായി പുറത്തേക്കു കൊണ്ടുവരികയായിരുന്നു. അയാല്‍ എന്റെ തോളില്‍ മെല്ലെ കൈകള്‍ വെച്ചുകൊണ്ട്‌ പറയാന്‍ തുടങ്ങി.

(തുടരും)

നിഷേധി (3)

ഞങ്ങളുടെ വീടുകള്‍ അത്ര അടുത്തായിരുന്നില്ല. എന്നാല്‍ വളരെ അകലെയുമല്ലായിരുന്നു. അതുകൊണ്ട്‌ ഞങ്ങെളെന്നും അതിര്‍ത്തിത്തര്‍ക്കങ്ങളില്ലാത്ത നല്ല അയല്‍ക്കാരായി കഴിയുന്നു. കാലത്ത്‌ ഞങ്ങളൊരുമിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്‌. അവന്റെ നീളന്‍ കൈകള്‍ വീശിയുള്ള നടത്തം എനിക്കിഷ്ടമായിരുന്നു. ഞാന്‍ അവനേക്കാള്‍ ഉയരം കൊണ്ടു ചെറുതായിരുന്നു. എന്റെ മുതുകില്‍ പുസ്തകവും ചോറ്റുപാത്രവും നിറച്ച ബാഗ്‌ പര്‍വ്വതാരോഹകരുടെ ഭാണ്ഡക്കെട്ടുപോലെ തൂങ്ങിക്കിടക്കുമായിരുന്നു. അതുകൊണ്ട്‌ എനിക്കവനെപ്പോലെ സ്വതന്ത്രമായി കൈ വീശാനോ ഓടാനോ കഴിയുമായിരുന്നില്ല. അവന്റെ കയ്യില്‍ ഒന്നുരണ്ടു പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു. ചോറ്റുപാത്രം അവനില്ലായിരുന്നു. എല്ലാവരും ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ സ്കൂളിലെ കിണറ്റുവക്കത്തിരുന്ന്‌ കിണറ്റിലേക്ക്‌ കല്ലെടുത്തെറിയുമായിരുന്നു. ഭക്ഷണം കഴിഞ്ഞയുടനെ ഞാനവനുമായ്‌ വര്‍ത്തമാനം തുടങ്ങും. അവനെപ്പോലെ കിണറ്റില്‍ കല്ലെടുത്തെറിയാന്‍ എനിക്കും ഇഷ്ടമായിരുന്നു. പക്ഷെ വീട്ടിലറിഞ്ഞാല്‍ അടിച്ചു തൊലിയുരിയുമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ഞാന്‍ ഒരാരാധനയോടെ മാത്രം വീക്ഷിച്ചു.


"കിണറ്റില്‍ കല്ലെറിയുമ്പോള്‍ നല്ല ശബ്ദമാണല്ലേ?"
ഞാന്‍ ചോദിച്ചു. എനിക്കു ലഭിച്ച മറുപടി വിചിത്രമായിരുന്നു.


"ശബ്ദത്തിനുവേണ്ടിയല്ല ഞാന്‍ കല്ലെറിയുന്നത്‌. കിണറ്റിലെ സൂര്യനെയാണ്‌ ഞാന്‍ കല്ലെറിയുന്നത്‌. കത്തിജ്വലിക്കുന്ന സൂര്യനെ എനിക്കിഷ്ടമല്ല. അതു കാണുമ്പോള്‍ എന്റെ വയറും കത്തിയെരിയും. സൂര്യന്റെ മുഖം ഞാന്‍ എറിഞ്ഞു തകര്‍ക്കുമ്പോള്‍ എനെ വയറിന്റെ എരിച്ചില്‍ അസ്തമിക്കും".


പിന്നീട്‌ ഞാനറിഞ്ഞു അവനിഷ്ടം അസ്തമയമാണെന്ന്‌. സന്ധ്യക്ക്‌ എന്തെങ്കിലും ഭക്ഷിക്കുകയും, പിന്നെ നിലാവില്‍ നിഴലുകളുമായ്‌ സംവദിക്കുകയും, ഇരുട്ടില്‍ അലിഞ്ഞുറങ്ങുകയും ചെയ്യാന്‍ അവന്‍ കൊതിച്ചത്‌ വിശപ്പുകൊണ്ടായിരുന്നെന്ന്‌. എനിക്കവനോട്‌ ദയ തോന്നിയിരുന്നു. ഞാന്‍ അവനെ എന്റെ ഭക്ഷണത്തിന്റെ ഓഹരിക്കായ്‌ ക്ഷണിക്കുമായിരുന്നു. പക്ഷെ അവന്‍ സ്നേഹപൂര്‍വ്വം നിഷേധിക്കുമായിരുന്നു. രണ്ടേ രണ്ടു പുസ്തകങ്ങള്‍ മാത്രമുണ്ടായിരുന്നീട്ടും പഠിക്കാന്‍ അവന്‍ എന്നേക്കാള്‍ മിടുക്കനായിരുന്നു. അന്നൊക്കെ ഞാന്‍ ക്ളാസിലെ രണ്ടാമനാകുന്നതില്‍ അവനോട്‌ അല്‍പം നീരസം തോന്നിയിരുന്നു. പക്ഷെ അതൊന്നും ഞാന്‍ പ്രകടിപ്പിച്ചിരുന്നില്ല. കാരണം എനിക്കനുവദിച്ചുകിട്ടാത്ത പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നവനാണവന്‍. ആ അനുഭവങ്ങള്‍ വിവരിക്കുവാന്‍ അവന്‍ തിരഞ്ഞെടുത്തിട്ടുള്ള ഏക സുഹൃത്ത്‌ ഞാന്‍ മാത്രമാണ്‌. അതുപോലെത്തന്നെ ഏത്‌ ആള്‍ക്കൂട്ടത്തിലും തിരിച്ചറിയുവാന്‍ കഴിയുന്ന എന്റെ ഒരേയൊരു സുഹൃത്ത്‌ അവനാണല്ലോ. ഓണവും, വിഷുവും, ക്രിസ്തുമസ്സും മറ്റുത്സവങ്ങളൊന്നും തന്നെ അവനില്‍ യാതൊരു ഭാവഭേദവുമുണ്ടാക്കിയില്ല. സ്വന്തം വീട്ടുകാര്യങ്ങളൊഴിച്ച്‌ എന്തിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതിലായിരുന്നു അവന്റെ ഉത്സവം. ഓണക്കോടിയെക്കുറിച്ചോ, വിഷുക്കൈനീട്ടത്തെക്കുറിച്ചോ പറയുമ്പോള്‍ അവന്‍ മൌനിയാവും. അന്നൊരിക്കല്‍ വിഷുവിന്‌ ഞാന്‍ ചോദിച്ചു.


"നിനക്കിന്നെത്ര വിഷുക്കൈനീട്ടം കിട്ടി?"


അവന്‍ കൈ നീട്ടിക്കാണിച്ചു. ഉള്ളം കയ്യില്‍ കറുത്തു തടിച്ച ചൂരല്‍ പാടുകള്‍. എന്റെ കണ്ണുനിറഞ്ഞുപോയി. അവന്റെ മുഖം ശാന്തമായിരുന്നു. പിന്നെ അലസമായ്‌ അവന്‍ പറഞ്ഞു,


"ഇത്തരം കൈനീട്ടങ്ങള്‍ക്കായ്‌ എനിക്ക്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതില്ല. ഒരു പക്ഷെ ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റുവാങ്ങുന്നത്‌ ഇത്തരം കൈനീട്ടങ്ങളാണ്‌."


അന്നവന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ വീട്ടുകാര്യങ്ങളിലൂടെ കുതിച്ചുപായുകയായിരുന്നു. അതിനുമുമ്പോ, പിമ്പോ സംസാരിച്ചീട്ടില്ലാത്ത കാര്യങ്ങള്‍ അവന്‍ തുടര്‍ന്നു,


"വെറും ദുശ്ശകുനം പോലെ ഭൂമിയില്‍ പിറന്നുവീണ്‌ വീടിന്റെ ഐശ്വര്യം നഷ്ടപ്പെടുത്തിയെന്നവര്‍ പറയുന്നു. അനുജത്തി അമ്മയെപ്പോലെ സുന്ദരിയാണത്രെ. ഞാന്‍ ജനിച്ചതിനുശേഷമുള്ള ദുരിതങ്ങള്‍ അവളുടെ ജനനത്തോടെ അസ്തമിച്ചുവത്രെ".


അതു പറയുമ്പോഴും ഞാനവനെ ശ്രദ്ധിച്ചു. ഇല്ല, യാതൊരു ഭാവഭേദവുമില്ല. അവന്‍ ഒരു പ്രത്യേക ജീവി തന്നെ എന്നു തോന്നി. അല്ലെങ്കില്‍ ഇത്തരം ദു:ഖങ്ങള്‍ പറയുമ്പോള്‍ ഒരു തേങ്ങല്‍, ഒരിറ്റു കണ്ണുനീര്‍, സാന്ത്വനത്തിനുവേണ്ടിയുള്ള ഒരു നോട്ടം, ഒന്നും തന്നെ അവനില്‍ നിന്നുണ്ടായില്ല. ഒരു പതിനാലുകാരന്റെ മനസ്സിന്റെ ക്ഷതങ്ങളിലെ മുഴുവന്‍ രക്തവും അവിടെ വാര്‍ന്നുവീണിരുന്നു. ഇത്രമാത്രമേ അയാളെപ്പറ്റി മുഖവുരയായി ഞാന്‍ പറയുന്നുള്ളു. ഇനിയുള്ളത്‌ അയാള്‍ പറയുമായിരിക്കും. വീട്ടുകാര്യങ്ങളില്‍ അയാള്‍ക്കു താത്പര്യമില്ലെന്ന്‌ ഞാന്‍ ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട്‌ നിര്‍ബന്ധിക്കാനൊന്നും എനിക്കു കഴിയില്ല. പിന്നെ അയാളിലെ കുതിരയുടെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടാല്‍ ഒരു പക്ഷെ വീണ്ടും എല്ലാം തുറന്നുപറഞ്ഞെന്നിരിക്കും. അന്നത്തെ പതിന്നാലുകാരായ ഞങ്ങളിന്നു യുവാക്കളാണ്‌.


അതിരിക്കട്ടെ, ഞാന്‍ അയാളെപ്പറ്റിത്തന്നെയല്ലേ നിങ്ങളോട്‌ സംസാരിച്ചത്‌? അതോ കൂടുതലും എന്നെപ്പറ്റിയോ? കാരണം എന്തു പറയുമ്പോഴും തെളിഞ്ഞുവരുന്ന സ്വന്തം മാനസികാവസ്ഥ മാറ്റിനിര്‍ത്താനാവില്ലല്ലോ ആര്‍ക്കും. അതുപോലെ അയാളേക്കാള്‍ കൂടുതല്‍ ഞാനാണ്‌ മുന്നിലെങ്കില്‍ അതൊക്കെ അറിയാതെ സംഭവിച്ച സത്യങ്ങളായി കരുതുക. നമുക്ക്‌ വീണ്ടും അയാളെക്കുറിച്ചു പറയാം.



(തുടരും)

നിഷേധി (2)

ദിവസങ്ങള്‍ കടന്നുപോകുന്തോറും അയാള്‍ ചിരിക്കാന്‍ മറക്കുകയും ഗ്രാമത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. അയാള്‍ അങ്ങനെ ഒറ്റപ്പെടരുതെന്ന്‌ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോഴൊക്കെ ഞനയാളെ ചെന്നു കാണുമായിരുന്നു. ദാ, ഇന്നലെ സന്ധ്യക്കുകൂടി ഞങ്ങള്‍ സംസാരിച്ചു പിരിഞ്ഞതേയുള്ളു. ഒരു പക്ഷെ ഇന്നു സന്ധ്യക്കും ഞങ്ങള്‍ സന്ധിച്ചുവെന്നു വരാം. എന്റെ ഭാഗത്തുനിന്നു പറയുകയാണെങ്കില്‍, എനിക്ക്‌ അയാളെ ഇന്നു കാണണമെന്നേ ഇല്ല. പക്ഷെ അയാള്‍ വരും അയാള്‍ക്കത്‌ ആവശ്യമാണ്‌. ഇന്നലെ ഞാന്‍ ഖണ്ഡിച്ച വാദമുഖങ്ങളെ നേരിടാനുള്ള അമ്പുകളൊന്നും അയാളില്‍ അവശേഷിച്ചിരുന്നില്ലല്ലോ. ഇന്ന്‌ എന്നെ നേരിടാനായ്‌ മാരകമായ അമ്പുകള്‍ തേടിപ്പിടിച്ചായിരിക്കും അയാളെത്തുക.


ഒരുപക്ഷെ ജീവിതത്തിലാദ്യമായിരിക്കും അയാള്‍ മറുപടി പറയാനാവാതെ വിഷമിച്ചു നിന്നത്‌. പുഴയിലേക്കുനോക്കി നാവിറങ്ങിപ്പോയ മട്ടില്‍ അയാള്‍ ഇരുന്നു. പിന്നെ കൊച്ചുകൊച്ചു കല്ലുകള്‍ പെറുക്കി പുഴയിലേക്കെറിഞ്ഞ്‌ രൂക്ഷമായ്‌ എന്നെയൊന്നു നോക്കി തലകുമ്പിട്ടയാള്‍ നടന്നകന്നു. അയാളെ അങ്ങനെ നിരാശനാക്കാനൊന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ, തനിക്കു ജന്‍മം നല്‍കിയവരെപ്പോലും കഠിനമായ്‌ വിമര്‍ശിക്കുമ്പോള്‍ ആര്‍ക്കെങ്കിലും അതിനോടു യോജിക്കാന്‍ കഴിയുമോ? അയാള്‍ക്കതിനു പല ന്യായീകരണങ്ങളുമുണ്ടാകും. പക്ഷെ നമുക്കു ജന്‍മം നല്‍കുക വഴി നമ്മുടെ മാതാപിതാക്കള്‍, അവര്‍ ഏതു തരക്കാരായാലും പൂജ്യരാണ്‌ എന്ന്‌ എന്റെ പക്ഷം. എനിക്കറിയാം ഇപ്പോള്‍ നിങ്ങളും എന്റെ പക്ഷത്താണ്‌. ഇന്ന്‌ അയാളെ നേരിടാന്‍ എനിക്കു തയ്യാറെടുക്കേണ്ടിവരും. ഒരുപക്ഷെ അയാളുടെ വിശദീകരണങ്ങളില്‍ എന്റെ വാദമുഖങ്ങളലിഞ്ഞില്ലാതാകുമോ? ഹേയ്‌, സഹതാപം അയാള്‍ക്കിഷ്ടമല്ല. ഞാനൊട്ടു പ്രകടിപ്പിക്കാറുമില്ല.


സാഹിത്യകലാസമിതി യോഗം വൈകീട്ട്‌ ആറുമണിക്കാണ്‌. എല്ലാവരുടെ ചിരിയും, കരച്ചിലും, കാലുവാരലും കഴിയുമ്പോള്‍ രാത്രി എട്ടുമണിയെങ്കിലുമാവും. അതുകഴിഞ്ഞാല്‍ ഞാനും, അയാളും എന്നത്തേയും പോലെ കുറുമാലി പുഴയുടെ തീരത്തേക്കു നീങ്ങും. പിന്നെ സമയങ്ങള്‍ക്കു കണിശത കുറയും. ഇപ്പോള്‍ സമയം സന്ധ്യയോടടുക്കുകയാണ്‌. സൂര്യന്‍ വിട പറയുന്നതിനുമുമ്പ്‌ ഒന്നുകൂടി തന്റെ രശ്മികള്‍കൊണ്ട്‌ തെങ്ങോലകളെ തഴുകി സന്തോഷിപ്പിച്ചു. സൂര്യന്റെ താത്ക്കാലിക വിരഹം ഇഷ്ടപ്പെടാനാവാതെ ആകാശമുഖം ചെമന്നു തുടുത്തിരിക്കുന്നു. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. നടവഴിയും കടന്ന്‌ പുതുതായി ഉയര്‍ന്ന കോണ്‍ക്രീറ്റ്‌ വീടുകള്‍ക്കപ്പുറം അവശേഷിക്കുന്ന നെല്‍പ്പാടത്തേക്കിറങ്ങി. വീതികുറഞ്ഞ വരമ്പിലൂടെ വഴുക്കാതെ ഞാന്‍ ശ്രദ്ധിച്ചുനടന്നു. നെല്‍ക്കതിരുകളെല്ലാം സൂര്യനു യാത്രയയപ്പു നല്‍കാനെന്ന പോലെ ഭവ്യതയോടെ കുനിഞ്ഞുനിന്നു. ഞാന്‍ സൂര്യനു പുറംതിരിഞ്ഞു നടന്നു. കലാസമിതി മന്ദിരത്തിനുമുന്നില്‍ ആളുകള്‍ അവിടവിടെയായി കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. അകലെ നിന്നു നോക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ 'ഛായ പോലെ തോന്നി. നീണ്ട മുടിയും, താടിയും തോള്‍ സഞ്ചിയും മിക്കവര്‍ക്കുമുണ്ട്‌. കലാസാഹിത്യരംഗം നാളെ ഇതൊരു യൂണിഫോമാക്കി തിരഞ്ഞെടുക്കുമോ എന്നു ഞാന്‍ ഭയന്നു. എന്റെ കണ്ണുകള്‍ അവര്‍ക്കിടയിലൂടെ അയാളെ തേടി. ഇല്ല, അയാള്‍ വന്നീട്ടില്ല.


അയാള്‍ എന്നെ കാണുന്നതിനുമുമ്പ്‌ അയാളെപ്പറ്റി എനിക്കറിയാവുന്നത്‌ നിങ്ങളോടു പറയാം. അല്ലെങ്കില്‍ ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ നിങ്ങളുടെ ചോദ്യങ്ങളുണ്ടാവും. അതൊഴിവാക്കാനായ്‌ ഞാന്‍ പറയട്ടെ. പത്തു പതിനഞ്ചു വര്‍ഷം മുമ്പായിരിക്കണം അവര്‍ ഞങ്ങളുടെ നാട്ടിലേക്കു താമസത്തിനു വന്നത്‌. അതിനുമുമ്പ്‌ ഏതോ പട്ടണത്തിലെ വാടകമുറിയിലായിരുന്നുവത്രെ കഴിഞ്ഞുകൂടിയിരുന്നത്‌. ഒരു തടിച്ചു കുറുകിയ മനുഷ്യന്‍. അയാള്‍ക്ക്‌ ഒരമ്പത്തഞ്ചു വയസ്സുണ്ടാകുമെന്ന്‌ ചായക്കടയില്‍ അനൌദ്യോഗിക സ്ഥിരീകരണം നടന്നുകഴിഞ്ഞിരുന്നു. പിന്നെ ഒരു ചെറുപ്പക്കാരി. എന്റെ ചേച്ചിയേക്കാള്‍ രണ്ടുമൂന്നു വയസ്സ്‌ കൂടുതലാകാനേ തരമുള്ളുവെന്ന്‌ അമ്മ പറഞ്ഞതു കേട്ടിരുന്നു. അത്തരം ചര്‍ച്ചകളുടെ ആവശ്യമെന്തെന്ന്‌ അന്നെനിക്കറിയാമായിരുന്നില്ല. പിന്നീടെപ്പോഴോ ഞാനറിഞ്ഞു അമ്പത്തഞ്ചുകാരന്റെ ഭാര്യ ചെറുപ്പമായതുകൊണ്ടാണ്‌ നാടിന്റെ മുറുമുറുപ്പുയരുന്നതെന്ന്‌. കൂടെ രണ്ടു കുട്ടികള്‍, ഒരു കൊച്ചു സുന്ദരി, അവള്‍ ആ ചെറുപ്പക്കാരിയുടെ അതേ ഛായയായിരുന്നു. പിന്നെ മെലിഞ്ഞ അനുസരണയില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തലമുടിയുള്ള ഒരു ചെക്കന്‍. അവള്‍ അവനെ ചെക്കനെന്നു വിളിച്ചു. ചേട്ടനെന്നു കേള്‍ക്കാനായിരുന്നു അവനിഷ്ടം. അവന്‌ അവന്റേതുമാത്രമായ ഒരു പ്രത്യേക ഛായയായിരുന്നു. നിനക്ക്‌ അമ്മയുടേയോ അച്ഛന്റേയോ ഛായയില്ലെന്ന്‌ പറഞ്ഞവരോട്‌ അവന്‍ പറഞ്ഞത്‌, അവന്‌ യേശുക്രിസ്തുവിന്റെ ഛായയാണെന്നാണ്‌. ഒരു പക്ഷെ ആ മറുപടിയില്‍ തുടങ്ങിയതാവാം അവന്റെ നിഷേധാത്മക ഭാവം.



(തുടരും)

നിഷേധി (1)

ഞാനൊഴികെ ഗ്രാമത്തിലുള്ള എല്ലാവരും അയാളെ നിഷേധിയെന്നു വിളിച്ചു. കാരണം അയാള്‍ക്കു ശരിയല്ലെന്നു തോന്നിയതെല്ലാം ആ ഗ്രാമത്തിലെ ശരികളായിരുന്നു. നിഷേധിയോടുള്ള എന്റെ സമീപനത്തില്‍ ഗ്രാമവാസികള്‍ തികച്ചും അസന്തുഷ്ടരായിരുന്നു. എങ്കിലും അയാളെ കാണുന്ന കണ്ണുകളിലൂടെ എന്നെ കാണാതിരിക്കാന്‍ ഗ്രാമവാസികള്‍ ശ്രദ്ധിച്ചിരുന്നു. ഗ്രാമവും ഗ്രാമവാസികളും എന്നൊക്കെ പറയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ തെളിയുന്നത്‌ ഒരുപക്ഷെ തേക്കുപാട്ടു കേട്ടുണരുന്ന നെല്‍വയലുകളും, വെളുപ്പാന്‍കാലത്ത്‌ ക്ഷേത്രത്തില്‍ നിന്നൊഴുകിവരുന്ന കീര്‍ത്തനങ്ങളും അതുമല്ലെങ്കില്‍ ഇടവിട്ടു കരയുന്ന കാക്കകളുടെ ശബ്ദവും, ചന്തയിലേക്കു പോകുന്ന കാളവണ്ടികളുടെ കടകടാ ശബ്ദവും, ചായക്കടയിലേക്കു പോകുന്നവരിലാരുടേയോ ചുമയുമൊക്കെ അടങ്ങുന്ന ഒരു ചിത്രമാവാം.

എന്നാല്‍ ഈ ഗ്രാമം അത്തരമൊരു ഗ്രാമമല്ല. എന്തിനധികം, ഒരിക്കല്‍ ഈ ഗ്രാമവും അത്തരത്തിലുള്ള ഒരു ഗ്രാമമായിരുന്നെന്നു പറയാനാഗ്രഹിക്കുന്ന ആരും തന്നെ അവിടെയുണ്ടെന്നു തോന്നുന്നില്ല. (ആരും തന്നെ എന്ന പ്രയോഗത്തില്‍ എനിക്കു വിഷമമുണ്ട്‌. ഞാനും, അയാളും അതൊക്കെ മനസ്സില്‍ കൊണ്ടുനടക്കുന്ന ചെറുപ്പക്കാരാണ്‌. ഞങ്ങളൊഴിച്ച്‌ ആരും തന്നെ ഇല്ലെന്ന്‌ പറഞ്ഞു തുടങ്ങട്ടെ). നൂറുശതമാനവും സാക്ഷരത നേടിയ ഗ്രാമവാസികള്‍. നെല്‍വയലുകള്‍ നികത്തി മത്സരിച്ചു മണിമന്ദിരങ്ങള്‍ തീര്‍ക്കുന്നവര്‍, അത്തരം സ്ഥലങ്ങള്‍ എന്തു വിലകൊടുത്തും വാങ്ങി സൂക്ഷിക്കുകയും മറിച്ചു വിറ്റു പണം നേടുകയും ചെയ്യുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍. (ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, എന്റെ വയലുകള്‍ ഇപ്പോഴുമുണ്ട്‌. ഗ്രാമത്തിനെ ഗ്രാമമെന്നു വിളിക്കാന്‍ മാത്രമായി ഞാനിതൊക്കെ സൂക്ഷിക്കുകയാണ്‌, വിളവുകള്‍ എന്നെ നിരാശനാക്കുന്നുണ്ടെങ്കിലും). ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രഭാതകീര്‍ത്തനങ്ങള്‍ വേണ്ടെന്നു വെച്ചിരിക്കുന്നു. കാളവണ്ടികള്‍ക്കു പകരം ടെമ്പോ വാനുകളുണ്ട്‌, പമ്പുസെറ്റുകളുടെ ശബ്ദത്തില്‍ തേക്കുപാട്ടുകള്‍ക്ക്‌ പ്രസക്തിയില്ലാതെയായിരിക്കുന്നു. ഗ്രാമപാതകള്‍ ടാറിട്ടിരിക്കുന്നു. 'ഓരോ വീട്ടിലും വൈദ്യുതി' എന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഗ്രാമവാസികള്‍ വെളിച്ചമില്ലെങ്കിലും കനത്ത കറന്റു ബില്ലടച്ച്‌ ഞെളിഞ്ഞു നടക്കുന്നു. നിരവധി കലാ-സാഹിത്യ പ്രതിഭകള്‍ ഉള്ള എന്റെ ഗ്രാമത്തിന്‌ ഒരു പേരിടാന്‍ എനിക്കിഷ്ടമില്ലാത്തതുകൊണ്ടും, പേരിട്ടാല്‍ തന്നെ അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ വിദ്യാസമ്പന്നരും തൊഴിലില്ലായ്മ വേതനത്തിനായ്‌ സമരം ചെയ്യുന്നവരുമായ ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ഗ്രാമമായതുകൊണ്ടും അക്കാര്യം നമുക്ക്‌ സൌകര്യപൂര്‍വ്വം മറക്കാം. നമുക്ക്‌, അയാളെക്കുറിച്ച്‌, നിഷേധിയെക്കുറിച്ച്‌ സംസാരിക്കാം. 

ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു എന്നതുകൊണ്ട്‌ മാത്രമല്ല ഞാന്‍ അയാളുടെ നിഷേധത്തോടു കൂറുപുലര്‍ത്തിയത്‌ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. അയാളുടെ എല്ലാ നിഷേധങ്ങളും എനിക്കു സ്വീകാര്യമായിരുന്നുവെന്ന്‌ തെറ്റിദ്ധരിക്കരുത്‌. അയാളുടെ ചില ശരികള്‍ എനിക്കു തെറ്റുകളായിരുന്നു. അത്തരം അവസരങ്ങളില്‍ ഞാനതു ചൂണ്ടിക്കാണിക്കുകയും, അപ്പോള്‍ അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ കവിളിലേക്ക്‌ ഊര്‍ന്നിറങ്ങുന്നതുപോലെയും എതിരാളിയെ ദഹിപ്പിക്കാന്‍ കഴിയുന്നവിധം അതു തിളങ്ങുകയും വീണ്ടും കണ്‍കുഴിയിലേക്ക്‌ വലിയുകയും ചെയ്യുമായിരുന്നു. എന്നുമുതലാണ്‌ ഗ്രാമവാസികള്‍ അയാളെ നിഷേധിയെന്നു വിളിച്ചു തുടങ്ങിയതെന്നു ചോദിച്ചാല്‍ എനിക്കു കൃത്യമായി അറിയില്ല. പക്ഷെ ഒന്നുമാത്രമറിയാം. അയാള്‍ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമല്ല അയാളെ ആ ഗ്രാമത്തിലെ നിഷേധിയാക്കിയത്‌. അയാളുടെ രൂപവും,ഭാവവും,ചലനങ്ങളുമെല്ലാം നിഷേധി എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുണ്ടെന്നു വിളിച്ചു പറയുന്ന തരത്തിലായിരുന്നു. അയാള്‍ വിരൂപനല്ലെന്ന്‌ ആദ്യമേ പറയട്ടെ. ഒട്ടിയ കവിളും, കുഴിയിലാണ്ടുപോയ കണ്ണുകളും, വീതി കുറഞ്ഞ സുന്ദരമായ നീണ്ട മൂക്കും അയാള്‍ക്കുണ്ടായിരുന്നു. (സുന്ദരമായ എന്ന പ്രയോഗം നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ ഒഴിവാക്കുന്നതില്‍ എനിക്കു വിരോധമില്ല). കൊലുന്നനെയുള്ള തലമുടി നെറ്റി മറച്ച്‌ കണ്‍തടം വരെ നീണ്ടുകിടന്നു. ഗ്രാമവാസികളുടെ അലിഖിത നിയമങ്ങളെ ഖണ്ഡിക്കുമ്പോഴൊക്കെ അയാള്‍ വലതു കൈകൊണ്ട്‌ കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം തലമുടി വകഞ്ഞുമാറ്റുമായിരുന്നു. അപ്പോള്‍ അയാളുടെ കുഴിഞ്ഞ കണ്ണുകളില്‍ രക്തം പൊടിയുന്നതുപോലെ തോന്നിയിരുന്നു. വല്ലപ്പോഴും മാത്രം കടന്നുവരുന്ന അതിഥികളെപ്പോലെ താടിരോമങ്ങള്‍ അവിടവിടെ വരികയും പോകുകയും ചെയ്തു. 

(തുടരും)

Monday, September 03, 2007

തേങ്ങുകയറ്റക്കേസും തുടര്‍ സംഭവവും

പ്രതികരണവേദിയില്‍ പ്രതിപാദിച്ച കേസിങ്ങനെ തിക്കൊടി : വീട്ടുപറമ്പിലെ തേങ്ങ ഇടാത്തതിന് തെങ്ങുകയറ്റത്തോഴിലാളിക്ക് വീട്ടുടമയുടെ വക്കീല്‍ നോട്ടീസ് .തിക്കൊടി ആറാം കണ്ടം കണ്ടം നിലംകുനി എ.പി. ചാത്തുക്കുട്ടിയാണ് അഡ്വ: കെ രാമചന്ദ്രന്‍ മുഖേന തെങ്ങുകയറ്റത്തൊഴിലാളി വരിക്കോളിക്കുനി ശ്രീധരന് നോട്ടീസ് അയച്ചത് .കഴിഞ്ഞ മൂന്നുമാസമായി തേങ്ങ പറിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും തേങ്ങ വിഴുമെന്ന ഭയത്തില്‍ വീട്ടിനു പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പേരക്കുട്ടിയ്ക്ക് പുറത്തിറങ്ങി കളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. നോട്ടീസ് കിട്ടി പത്തു ദിവസത്തിനുള്ളില്‍ തേങ്ങ പറിച്ചു കൊടുക്കുകയോ , താല്പര്യമില്ലെങ്കില്‍ വീട്ടുടമയെ രേഖാമൂലം അറിയിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ വേറെ ആളെ കണ്ടെത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

അതിനുശേഷം സംഭവിച്ചതെന്തെന്നറിയാന്‍ വായനക്കാര്‍ക്ക് താല്പര്യമുണ്ടാവും എന്നതുകൊണ്ട്, മറ്റൊരു പോസ്റ്റ്:

വരിക്കോളിക്കുനി ശ്രീധരന്‍ (എളുപ്പത്തിനുവേണ്ടി വരിക്കോളി ശ്രീധരന്‍ എന്നാക്കാം) ദേഷ്യത്തില്‍ ഏണിയുമായ് തെങ്ങുകയറാന്‍ വരുന്നു. ഒരു തെങ്ങില്‍ കയറി 5 തേങ്ങയിടുന്നു. അഞ്ചും ഏണിയില്‍ വെച്ചുകെട്ടി വന്ന വഴിയെ തിരിച്ചു നടക്കുന്നു. ശ്രീമതി ചാത്തുക്കുട്ടി അതുകണ്ട്, വരിക്കോളിയോട് ചൊദിക്കുന്നു:

ശ്രീമതി: എന്താ ശ്രീധരാ, തേങ്ങയിട്ടീട്ട് ഒന്നും തരാതെ പോണത്?

ശ്രീധരന്‍: എന്ത് തേങ്ങ..നിങ്ങളെന്താ ഈ നാട്ടിലൊന്നും അല്ലേ ജീവിക്കണേ?

ശ്രീമതി: അതെന്താ ശ്രീധരാ അങ്ങനെ പറേണേ?

ശ്രീധരന്‍: അപ്പോ തെങ്ങുകയറ്റ തൊഴിലാളികളുടെ അവകാശത്തെപ്പറ്റിയൊന്നും വക്കീല്‍ സാറ് പറഞ്ഞു മനസ്സിലാക്കീട്ടില്ലേ?

ശ്രീമതി: അതെന്തായാലും ശരി, എനിക്ക് കൂട്ടാനിലരക്കാന്‍ തേങ്ങ വേണം.

ശ്രീധരന്‍: എന്നാ, ഞാന്‍ പറഞ്ഞു തരാം. കേറാന്‍ ഒരു തേങ്ങ, എറങ്ങാന്‍ ഒരു തേങ്ങ, പിന്നെ ഒരെണ്ണം എന്റെ ശരിക്കുള്ള കൂലി, പിന്നെ ഒരെണ്ണം നിങ്ങളെനിക്കു തരും.

ശ്രീമതി: അപ്പഴും ഒരെണ്ണം ബാക്കിയില്ലേ ശ്രീധരാ?

ശ്രീധരന്‍: അത് ഞാന്‍ തരില്യാ. എന്തായാലും കേസു കൊടുത്തിരിക്കല്ലേ, ഈ തേങ്ങേം കൂടി ചേര്‍ത്തോളാന്‍ പറ.

വരിക്കോളി വലതുവശത്തു ഏണി വെച്ച് ഇടതുവശം ചേര്‍ന്ന് പുറത്തേക്കു നടക്കുമ്പോള്‍ പിറുപിറുത്തത് തേങ്ങയുടെ കൂടെ പലതും ചേര്‍ത്ത് കൊഴുപ്പിച്ചായിരുന്നത് എന്നുള്ളതുകൊണ്ട് ഞാന്‍ തന്നെ സെന്‍സര്‍ ചെയ്തിരിക്കുന്നു.

Saturday, September 01, 2007

അയ്യപ്പന്റെ ഉത്സവങ്ങള്‍


കൂടല്‍മാണീക്യം ക്ഷേത്രത്തില്‍ ശീവേലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്നു. എല്ലാവരും മേളത്തിനൊപ്പം തന്നെ കൈ മുകളിലേക്കുയര്‍ത്തി താളം പിടിക്കുന്നു. ചിലര്‍ മൊത്തത്തില്‍ ആടുന്നുണ്ട്. അതില്‍ അയ്യപ്പനുമുണ്ട്. അയ്യപ്പന്‍ താളം പിടിച്ച് ആടുന്നതല്ല. ആടാതെ നില്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥയുള്ളതുകൊണ്ടാണ്. അയ്യപ്പന്‍ മറ്റുള്ളവരെ പോലെ ഉത്സവത്തെ അമ്പലത്തിന്റെ മതില്‍ക്കെട്ടിനകത്ത് തളച്ചിടുന്ന സങ്കുചിത മനസ്ക്കരില്‍ പെട്ടവനല്ലെന്നു ചുരുക്കം.

അമ്പലത്തിനു പുറത്ത് ഉത്സവം ആഘോഷിച്ച് സമയം കിട്ടിയപ്പോള്‍ ഹേയ്, ഇവിടെന്താ ഒരൊച്ചേം ബഹളോം ആള്‍ക്കൂട്ടോം എന്നറിയാന്‍ വന്നപ്പോള്‍ ആ തിരക്കിനിടയില്‍ പെട്ട് നിന്ന് ആടുന്നതാണ്. ഏതായാലും വന്ന് പെട്ടുപോയ്, ആട്ടം നിന്നാല്‍ പിന്നെ ഉത്സവം കാണാന്‍ രസംണ്ടാവില്ല. നെറ്റിപട്ടം കെട്ടിയ ആനകളെ നോക്കി പല്ലു കടിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചു നോക്കി. പക്ഷെ അവ അയ്യപ്പനെ ശ്രദ്ധിക്കാതെ പട്ടയൊടിച്ച് ആസ്വദിച്ച് തിന്നുന്നു. അതുകണ്ടപ്പോള്‍ അയ്യപ്പനും പട്ട ഓര്‍മ്മ വന്നു. കുടിച്ച പട്ട ശിരസ്സിലേക്ക് ഇരമ്പിയാര്‍ത്തു. പാപ്പാനെ നോക്കി കൈ കൊണ്ട് ഒരു ചെറുതടിക്കണോ എന്ന് ആംഗ്യം കാട്ടി. പാപ്പാന്‍ അയ്യപ്പനെ നോക്കിയൊന്നു ചിരിച്ചു, പിന്നെ ആനയുടെ ചെവിത്തോട്ടി കൊണ്ട് ദൂരെയുള്ള പട്ട വലിച്ച് ആനക്കിട്ടുകൊടുത്തു. ഹൂം ഇവനൊക്കെ എന്ത് ഉത്സവാഘോഷാ നടത്തണേ, ശവ്യോള്... രണ്ടെണ്ണടിക്കാണ്ട് ഇവടെ നിന്ന് കയ്യും കാലുമിട്ടടിച്ച് അയ്യേ... ഈ നേരം ആ കവലേല് നിന്നാ ഷെയറു കൂടി രണ്ടെണ്ണം കൂടി അടിച്ച് പിന്നെ ആരെയെങ്കിലും പിടിച്ചടിച്ച് അവരുടെ കയ്യീന്ന് കണക്കിനു വാ‍ങ്ങി വീട്ട്യേ പോയാ കെടന്നൊറാങ്ങാര്‍ന്നു. ഇതിപ്പോ ഈ ശവികള്‍ക്കൊരു ബോധോം ഇല്യ... നിന്ന് താളം പിടിച്ച് വെയര്‍ക്ക്വാ....ഇപ്പ ശര്യാക്കിത്തരാം...ട്ടാ ആനയുടെ ചന്തം നോക്കി നിന്നിരുന്ന ഒരാളെ അയ്യപ്പന്‍ തോണ്ടി..

അയാള്‍: ഊം എന്തേ?

അയ്യപ്പന്‍: ഉത്സവം എപ്പഴാ തീര്വാ?

അയാള്‍: ഇവടത്തെ മേളം കഴിഞ്ഞാ പിന്നെ തീര്‍ന്നു.

അയ്യപ്പന്‍: അതല്ലേ തന്നോട് ഞാന്‍ മലയാളത്തില് ചോദിച്ചത്.. ഇവടത്തെ മേളം എപ്പഴാ തീര്വാന്ന്?

അയ്യപ്പന്റെ ആട്ടവും വര്‍ത്തമാനവും പന്തിയല്ലെന്ന് കണ്ട് അയാള്‍ തിരക്കിനിടയിലേക്ക് വലിഞ്ഞു. അതുകണ്ട് അയ്യപ്പന്‍ ആത്മഗതം: “ഉത്സവം കഴിഞ്ഞാ ഷെയറ് കൂടി രണ്ടെണ്ണം അടിക്കാന്നു വച്ചപ്പോ അവനു യോഗം‌ല്യാ, അപ്പളക്കും പെണങ്ങി...”

മേളം മുറുകി ആളുകളുടെ കൈകളും അതിനൊപ്പം വായുവില്‍ താളം മുറുക്കി. അതിനിടയില്‍ അയ്യപ്പന്‍ ഒരാളെ വീണ്ടും തോണ്ടി. അയാള്‍ താളമിട്ടുകൊണ്ട് തന്നെ അയ്യപ്പനെ നോക്കി തലകൊണ്ട് ചോദ്യഭാവത്തില്‍ ആക്ഷന്‍ കാണിച്ചു. അയ്യപ്പന്‍ അയാളോട് കൈ താഴത്തിട്ട് അടുത്തേക്ക് വരാന്‍ പറഞ്ഞു. എന്തോ അത്യാവശ്യമായിരിക്കുമെന്നറിഞ്ഞ് അയാള്‍ മേളത്തിന്റെ ഈണത്തില്‍ നിന്ന് അയ്യപ്പന്റെ ആട്ടത്തിലേക്ക് ശ്രദ്ധതിരിച്ചു. നല്ല ഉയരമുള്ള അയാള്‍ അയ്യപ്പന്‍ പറയുന്നത് കേള്‍ക്കാന്‍ കുനിഞ്ഞ് കാത് അയ്യപ്പന്റെ വായിലേക്ക് കൊടുത്തു. അയ്യപ്പന്‍ ചോദിച്ചു,

അയ്യപ്പന്‍: എത്ര ആനിണ്ട് ഈ ഉത്സവത്തിന്?മേളത്തിന്റെ തിരക്കും അയ്യപ്പന്റെ കുഴഞ്ഞ ശബ്ദവും കാരണം അയാളതു ശരിക്കും കേട്ടില്ല.

അയാള്‍: എന്താ പറഞ്ഞേ?, ഒന്നു കൂടി ചെവി അയാളോടു ചേര്‍ത്തു, പിന്നെ വാസനത്തൈലം മണത്ത ഉടനെ അയാള്‍ മുഖം എതിര്‍ദിശയിലേക്കു പിടിച്ചു.

അയ്യപ്പന്‍: ഉത്സവത്തിനെത്ര ആനിണ്ട്ന്ന്?

അയാള്‍: കണ്ടൂടെ, പതിനേഴെണ്ണം.

അയ്യപ്പന്‍: ആനെ കണ്ടു... പക്ഷെ ആന കാണിക്കണ കണ്ടാ?
അയാള്‍: എന്ത്?

അയ്യപ്പന്‍: താനൊക്കെ ഇവടെ താളം പിടിച്ച് നിന്നാ പിന്നെ എങ്ങന്യാ കാണ്വാ?

അയ്യപ്പന്‍ അയാളെ തിരക്കിലൂടെ മറ്റൊരു സ്ഥലത്ത് ആനയുടെ മുന്നിലേക്ക് കൊണ്ടു വന്നു നിര്‍ത്തി. എന്നീട്ട് ചോദിച്ചു.അയ്യപ്പന്‍: ഇപ്പ കണ്ടാ?

അയാള്‍ക്കൊന്നും മനസ്സിലായില്ല. അയാള്‍ തിരിച്ചു ചോദിച്ചു. എന്തു കണ്ടോന്ന്?

അയ്യപ്പന്‍: എടാ മൈ......(അയാളുടെ ആരോഗ്യവും നോട്ടവും കണ്ട് പൂര്‍ത്തിയാക്കാതെ) മേന്‍‌നെ... ആ നടുവിലു നിക്കണ ആനെ ശ്രദ്ധിച്ചാ? അവന്‍ ചെവിട്ട് ആട്ടണ കണ്ടാ?

അയാള്‍: ഉവ്വ്. ആന ചെവിയാട്ടുന്നത് ഇയാളാദ്യായിട്ടാ കാണണേ?

അയാളുടെ മറുചോദ്യം അയ്യപ്പിനിഷ്ടായില്ല. അയ്യപ്പന്‍ പറഞ്ഞു.

അയ്യപ്പന്‍: ടാ മോനേ, വേണ്ട എന്റടുത്തുവേണ്ടാ ട്ടാ, കളിച്ചാ കളി പഠിക്കും. അതുകള..അയാള്‍ക്കരിശം വന്നു.

അയാള്‍ ദേഷ്യത്തോടെ ചോദിച്ചു, ‍തനിക്കിപ്പ എന്താ വേണ്ടേ?

അയ്യപ്പന്‍: ഹോ, ചോദ്യം കേട്ടാ തോന്നും എന്തു ചോദിച്ചാലും ഇയാളിനിക്ക് വാങ്ങിത്തരുംന്ന്. മേന്‍‌ന്നേ അതുവേണ്ട, നീ മറ്റേ ആനേ കണ്ടാ?

തലയൂരാന്‍ പറ്റാതെ ദേഷ്യത്തോടെ അയാള്‍: ഏത് ആന?

അയ്യപ്പന്‍: (ഒരറ്റത്ത് നില്‍ക്കുന്ന ആനയെ ചൂണ്ടി) ദേ ദാ ആന...

അയാള്‍: അതിനെന്താ കൊഴപ്പം?അയ്യപ്പന്‍: അത് ചെവി ആട്ട്‌ണില്യ..അതന്നെ. ഇപ്പ മനസ്സിലായാ...

അയാള്‍ ദേഷ്യം ഉള്ളിലൊതുക്കി. ഒരു സീന്‍ ഉണ്ടായാല്‍ അയാള്‍ക്കാ മോശം എന്ന് തിരിച്ചറിഞ്ഞ് മിണ്ടാതിരുന്നു. പെട്ടെന്ന് അയ്യപ്പന്റെ മുന്നില്‍ നിന്ന് മാറാന്‍ അയാളൊരു ശ്രമം നടത്തി. പക്ഷെ അയ്യപ്പന്‍ വിട്ടില്ല. അയാളെ തടഞ്ഞു,

അയ്യപ്പന്‍: ആ ആനെയെന്താ ചെവി ആട്ടാത്തെ? താ‍ന്‍ വെല്യ കോപ്പിലെ നായരല്ലേ, തന്റെ അച്ഛനു പണ്ട് ആനെണ്ടാര്‍ന്നതല്ലേ... അല്ലടോ മേന്‍‌ന്നേ.. ഞാന്‍ കുടിച്ചാലൊന്നും എന്റെ ഓര്‍മ്മക്കൊരു കൊഴപ്പോം‌ല്യ.. നിനക്കതറിയോ? (പിന്നെ പല്ലു കടിച്ചു ശബ്ദമുണ്ടാക്കുന്നു)

ഉത്സവം കൊട്ടിക്കലാശമായതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നറിഞ്ഞ് സമാധാനത്തോടെ അയാള്‍ അയ്യപ്പനെ വിട്ട് തിരിഞ്ഞ് മേളത്തിലേക്ക് ശ്രദ്ധിച്ചു. ഒരാന പട്ട തുമ്പിക്കയ്യുകൊണ്ട് പൊക്കി ദേഹത്ത് രണ്ടു ഭാഗത്തും തട്ടി പിന്നെ വായിലിട്ട് ചവച്ചു. അയ്യപ്പന്റെ പട്ടയുടെ വീര്യവും കൊട്ടിക്കലാശത്തിലേക്ക് വന്നതുകൊണ്ട് അയാളെ പറഞ്ഞയക്കാതെ അയ്യപ്പന്‍ കയ്യില്‍ പിടിച്ചു വലിച്ചു.

അയ്യപ്പന്‍: ടാ ഇബടെ, നീയെവട്യാ നോക്കണേ, ചോദിച്ചേനുത്തരം പറഞ്ഞട്ട് പോയാ മതി. ആ ആനെന്താ ചെവ്യാട്ടാത്തേന്നു പറഞ്ഞട്ട് പോയാ മതിറാ നീ...(കയ്യില്‍ ബലമായ് പിടിക്കുന്നതോടൊപ്പം കാലുറക്കാതെ നിന്നാടുന്നു.)അയാള്‍ തിരിഞ്ഞ് നിന്ന് ചെവിക്കുറ്റി നോക്കി ഒരൊറ്റയടി കൊടുത്തു. അയ്യപ്പന്‍ പമ്പരം കറങ്ങുന്ന പോലെ തിരിഞ്ഞ് തിരക്കിനിടയില്‍ വീണു. മേളം തീര്‍ന്നു. ആളുകള്‍ പിരിഞ്ഞു, അയ്യപ്പന്‍ ആളുകളുടെ കാലുകള്‍ക്കിടയില്‍ കിടന്നു പരുങ്ങി. പിന്നെ ലുങ്കി വാരി വലിച്ചുടുത്ത് എഴുന്നേറ്റ് നിന്ന് ഒരാളോടു ചോദിച്ചു, “ഉത്സവം തീര്‍ന്നാ?...”

NB: അയ്യപ്പന്‍ ദേശ-ഭാഷാ വ്യത്യാസമില്ലാതെ പല രൂപങ്ങളില്‍ ഭാവങ്ങളില്‍ ഉത്സവങ്ങളിലും, പെരുന്നാളിലുമൊക്കെ സംബന്ധിച്ചുകൊണ്ടേയിരിക്കുന്നു. ജനറല്‍ നോളജ്ജില്ലാത്ത ജനങ്ങള്‍ അറിയാനുള്ള അയ്യപ്പന്റെ ജിജ്ഞാസയെ അടിച്ചൊതുക്കുന്നു.