Monday, September 10, 2007

നിഷേധി (3)

ഞങ്ങളുടെ വീടുകള്‍ അത്ര അടുത്തായിരുന്നില്ല. എന്നാല്‍ വളരെ അകലെയുമല്ലായിരുന്നു. അതുകൊണ്ട്‌ ഞങ്ങെളെന്നും അതിര്‍ത്തിത്തര്‍ക്കങ്ങളില്ലാത്ത നല്ല അയല്‍ക്കാരായി കഴിയുന്നു. കാലത്ത്‌ ഞങ്ങളൊരുമിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്‌. അവന്റെ നീളന്‍ കൈകള്‍ വീശിയുള്ള നടത്തം എനിക്കിഷ്ടമായിരുന്നു. ഞാന്‍ അവനേക്കാള്‍ ഉയരം കൊണ്ടു ചെറുതായിരുന്നു. എന്റെ മുതുകില്‍ പുസ്തകവും ചോറ്റുപാത്രവും നിറച്ച ബാഗ്‌ പര്‍വ്വതാരോഹകരുടെ ഭാണ്ഡക്കെട്ടുപോലെ തൂങ്ങിക്കിടക്കുമായിരുന്നു. അതുകൊണ്ട്‌ എനിക്കവനെപ്പോലെ സ്വതന്ത്രമായി കൈ വീശാനോ ഓടാനോ കഴിയുമായിരുന്നില്ല. അവന്റെ കയ്യില്‍ ഒന്നുരണ്ടു പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു. ചോറ്റുപാത്രം അവനില്ലായിരുന്നു. എല്ലാവരും ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ സ്കൂളിലെ കിണറ്റുവക്കത്തിരുന്ന്‌ കിണറ്റിലേക്ക്‌ കല്ലെടുത്തെറിയുമായിരുന്നു. ഭക്ഷണം കഴിഞ്ഞയുടനെ ഞാനവനുമായ്‌ വര്‍ത്തമാനം തുടങ്ങും. അവനെപ്പോലെ കിണറ്റില്‍ കല്ലെടുത്തെറിയാന്‍ എനിക്കും ഇഷ്ടമായിരുന്നു. പക്ഷെ വീട്ടിലറിഞ്ഞാല്‍ അടിച്ചു തൊലിയുരിയുമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ഞാന്‍ ഒരാരാധനയോടെ മാത്രം വീക്ഷിച്ചു.


"കിണറ്റില്‍ കല്ലെറിയുമ്പോള്‍ നല്ല ശബ്ദമാണല്ലേ?"
ഞാന്‍ ചോദിച്ചു. എനിക്കു ലഭിച്ച മറുപടി വിചിത്രമായിരുന്നു.


"ശബ്ദത്തിനുവേണ്ടിയല്ല ഞാന്‍ കല്ലെറിയുന്നത്‌. കിണറ്റിലെ സൂര്യനെയാണ്‌ ഞാന്‍ കല്ലെറിയുന്നത്‌. കത്തിജ്വലിക്കുന്ന സൂര്യനെ എനിക്കിഷ്ടമല്ല. അതു കാണുമ്പോള്‍ എന്റെ വയറും കത്തിയെരിയും. സൂര്യന്റെ മുഖം ഞാന്‍ എറിഞ്ഞു തകര്‍ക്കുമ്പോള്‍ എനെ വയറിന്റെ എരിച്ചില്‍ അസ്തമിക്കും".


പിന്നീട്‌ ഞാനറിഞ്ഞു അവനിഷ്ടം അസ്തമയമാണെന്ന്‌. സന്ധ്യക്ക്‌ എന്തെങ്കിലും ഭക്ഷിക്കുകയും, പിന്നെ നിലാവില്‍ നിഴലുകളുമായ്‌ സംവദിക്കുകയും, ഇരുട്ടില്‍ അലിഞ്ഞുറങ്ങുകയും ചെയ്യാന്‍ അവന്‍ കൊതിച്ചത്‌ വിശപ്പുകൊണ്ടായിരുന്നെന്ന്‌. എനിക്കവനോട്‌ ദയ തോന്നിയിരുന്നു. ഞാന്‍ അവനെ എന്റെ ഭക്ഷണത്തിന്റെ ഓഹരിക്കായ്‌ ക്ഷണിക്കുമായിരുന്നു. പക്ഷെ അവന്‍ സ്നേഹപൂര്‍വ്വം നിഷേധിക്കുമായിരുന്നു. രണ്ടേ രണ്ടു പുസ്തകങ്ങള്‍ മാത്രമുണ്ടായിരുന്നീട്ടും പഠിക്കാന്‍ അവന്‍ എന്നേക്കാള്‍ മിടുക്കനായിരുന്നു. അന്നൊക്കെ ഞാന്‍ ക്ളാസിലെ രണ്ടാമനാകുന്നതില്‍ അവനോട്‌ അല്‍പം നീരസം തോന്നിയിരുന്നു. പക്ഷെ അതൊന്നും ഞാന്‍ പ്രകടിപ്പിച്ചിരുന്നില്ല. കാരണം എനിക്കനുവദിച്ചുകിട്ടാത്ത പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നവനാണവന്‍. ആ അനുഭവങ്ങള്‍ വിവരിക്കുവാന്‍ അവന്‍ തിരഞ്ഞെടുത്തിട്ടുള്ള ഏക സുഹൃത്ത്‌ ഞാന്‍ മാത്രമാണ്‌. അതുപോലെത്തന്നെ ഏത്‌ ആള്‍ക്കൂട്ടത്തിലും തിരിച്ചറിയുവാന്‍ കഴിയുന്ന എന്റെ ഒരേയൊരു സുഹൃത്ത്‌ അവനാണല്ലോ. ഓണവും, വിഷുവും, ക്രിസ്തുമസ്സും മറ്റുത്സവങ്ങളൊന്നും തന്നെ അവനില്‍ യാതൊരു ഭാവഭേദവുമുണ്ടാക്കിയില്ല. സ്വന്തം വീട്ടുകാര്യങ്ങളൊഴിച്ച്‌ എന്തിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതിലായിരുന്നു അവന്റെ ഉത്സവം. ഓണക്കോടിയെക്കുറിച്ചോ, വിഷുക്കൈനീട്ടത്തെക്കുറിച്ചോ പറയുമ്പോള്‍ അവന്‍ മൌനിയാവും. അന്നൊരിക്കല്‍ വിഷുവിന്‌ ഞാന്‍ ചോദിച്ചു.


"നിനക്കിന്നെത്ര വിഷുക്കൈനീട്ടം കിട്ടി?"


അവന്‍ കൈ നീട്ടിക്കാണിച്ചു. ഉള്ളം കയ്യില്‍ കറുത്തു തടിച്ച ചൂരല്‍ പാടുകള്‍. എന്റെ കണ്ണുനിറഞ്ഞുപോയി. അവന്റെ മുഖം ശാന്തമായിരുന്നു. പിന്നെ അലസമായ്‌ അവന്‍ പറഞ്ഞു,


"ഇത്തരം കൈനീട്ടങ്ങള്‍ക്കായ്‌ എനിക്ക്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതില്ല. ഒരു പക്ഷെ ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റുവാങ്ങുന്നത്‌ ഇത്തരം കൈനീട്ടങ്ങളാണ്‌."


അന്നവന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ വീട്ടുകാര്യങ്ങളിലൂടെ കുതിച്ചുപായുകയായിരുന്നു. അതിനുമുമ്പോ, പിമ്പോ സംസാരിച്ചീട്ടില്ലാത്ത കാര്യങ്ങള്‍ അവന്‍ തുടര്‍ന്നു,


"വെറും ദുശ്ശകുനം പോലെ ഭൂമിയില്‍ പിറന്നുവീണ്‌ വീടിന്റെ ഐശ്വര്യം നഷ്ടപ്പെടുത്തിയെന്നവര്‍ പറയുന്നു. അനുജത്തി അമ്മയെപ്പോലെ സുന്ദരിയാണത്രെ. ഞാന്‍ ജനിച്ചതിനുശേഷമുള്ള ദുരിതങ്ങള്‍ അവളുടെ ജനനത്തോടെ അസ്തമിച്ചുവത്രെ".


അതു പറയുമ്പോഴും ഞാനവനെ ശ്രദ്ധിച്ചു. ഇല്ല, യാതൊരു ഭാവഭേദവുമില്ല. അവന്‍ ഒരു പ്രത്യേക ജീവി തന്നെ എന്നു തോന്നി. അല്ലെങ്കില്‍ ഇത്തരം ദു:ഖങ്ങള്‍ പറയുമ്പോള്‍ ഒരു തേങ്ങല്‍, ഒരിറ്റു കണ്ണുനീര്‍, സാന്ത്വനത്തിനുവേണ്ടിയുള്ള ഒരു നോട്ടം, ഒന്നും തന്നെ അവനില്‍ നിന്നുണ്ടായില്ല. ഒരു പതിനാലുകാരന്റെ മനസ്സിന്റെ ക്ഷതങ്ങളിലെ മുഴുവന്‍ രക്തവും അവിടെ വാര്‍ന്നുവീണിരുന്നു. ഇത്രമാത്രമേ അയാളെപ്പറ്റി മുഖവുരയായി ഞാന്‍ പറയുന്നുള്ളു. ഇനിയുള്ളത്‌ അയാള്‍ പറയുമായിരിക്കും. വീട്ടുകാര്യങ്ങളില്‍ അയാള്‍ക്കു താത്പര്യമില്ലെന്ന്‌ ഞാന്‍ ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട്‌ നിര്‍ബന്ധിക്കാനൊന്നും എനിക്കു കഴിയില്ല. പിന്നെ അയാളിലെ കുതിരയുടെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടാല്‍ ഒരു പക്ഷെ വീണ്ടും എല്ലാം തുറന്നുപറഞ്ഞെന്നിരിക്കും. അന്നത്തെ പതിന്നാലുകാരായ ഞങ്ങളിന്നു യുവാക്കളാണ്‌.


അതിരിക്കട്ടെ, ഞാന്‍ അയാളെപ്പറ്റിത്തന്നെയല്ലേ നിങ്ങളോട്‌ സംസാരിച്ചത്‌? അതോ കൂടുതലും എന്നെപ്പറ്റിയോ? കാരണം എന്തു പറയുമ്പോഴും തെളിഞ്ഞുവരുന്ന സ്വന്തം മാനസികാവസ്ഥ മാറ്റിനിര്‍ത്താനാവില്ലല്ലോ ആര്‍ക്കും. അതുപോലെ അയാളേക്കാള്‍ കൂടുതല്‍ ഞാനാണ്‌ മുന്നിലെങ്കില്‍ അതൊക്കെ അറിയാതെ സംഭവിച്ച സത്യങ്ങളായി കരുതുക. നമുക്ക്‌ വീണ്ടും അയാളെക്കുറിച്ചു പറയാം.(തുടരും)

8 comments:

Murali Menon (മുരളി മേനോന്‍) said...

നിഷേധി മൂന്നാം വട്ടവും കറങ്ങി നടക്കുന്നു. വേണ്ട പോലെ കൈകാര്യം ചെയ്യുമല്ലോ?

അരവിശിവ. said...

ജനിച്ചു വളരുന്ന സാഹചര്യങ്ങളാണ് വ്യത്യസ്തങ്ങളായ മനുഷ്യരെ സൃഷ്ടിയ്ക്കുന്നത്...രണ്ടു കഥാപാത്രങ്ങളുടേയും ജീവിത സാഹചര്യങ്ങളിലുള്ള അന്തരം മനോഹരമായി പറഞ്ഞിരുന്നു...

നിഷേധിയായ് വളരാന്‍ അയാള്‍ക്ക് വേണ്ടത്ര വെള്ളവും വളവും ആ ജീവിത സാഹഹര്യങ്ങള്‍ കൊടുത്തുവെന്നു ചുരുക്കം..

തുടരട്ടേയ്....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു സംശയോണ്ട് ഈ സീരീസ് കഴിയുമ്പോഴേക്ക് നിഷേധി എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റേണ്ടി വരുമോ?

ചന്ദ്രകാന്തം said...

നിഷേധി മുന്നോട്ട്‌ നടക്കട്ടേ........

Murali Menon (മുരളി മേനോന്‍) said...

നന്ദി അരവി, ചാത്തന്‍, ചന്ദ്രകാന്തം.. ചാത്തന്റെ സംശയം അഞ്ചാം ഭാഗത്തില്‍ തീരുമെന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ അപ്പ നോക്കാം ട്ടാ..

അമൃത വാര്യര്‍ said...

ഇതില്‍ പറയാന്‍ തക്കതായി ഒന്നുമില്ലെന്നാവും..... അല്ലേ........

മന്‍സുര്‍ said...

പ്രിയ മുരളി

കാലം മുന്നോട്ട്‌ പായുബോഴും ആ പാചിലില്‍ എല്ലം വിട്ട് കളഞു പുതുമ തേടിയലയുന്നവരാണ്‌ മനുഷ്യര്‍
ഇവിടെ തെളിയുന്ന അക്ഷരങ്ങളില്‍ ഞാന്‍ കണ്ടതോക്കെയും ഒരു നിഷേധിയുടെ നീതി....നിഷേധത്തിന്‍റെ നീറുറവ....
ഇവിടെ ആ ഒരാള്‍ നീയാണോ...?? അതോ ഞാനോ..??
അയളുടെ സംസാരം ഞാന്‍ കേള്‍ക്കൂന്നു...ഞാന്‍ പറയുന്നത്‌ അയാള്‍ കേള്‍കുന്നുമില്ല...അപ്പോ ഇവിടെ അയാള്‍ ഞാന്‍ എന്ന വായനക്കാരനോ....??
വായനയിലൂടെ ഞാന്‍ എന്‍റെ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഞാന്‍ അനുഭവികുന്നുവെന്നത്‌ സത്യം മാത്രം .....ഇനിയും തുടരുക അയളുടെ സംസാരം
അയാള്‍ മതിയാകുബോല്‍ ഞാന്‍ തുടങ്ങാം

നന്‍മകള്‍ നേരുന്നു

Murali Menon (മുരളി മേനോന്‍) said...

അമൃതക്ക് നന്ദി.. മന്‍സൂറിന്റെ കഥാപാത്രങ്ങളിലൂടെ കടന്നുപോയുള്ള കമന്റിനും നന്ദി.