Monday, September 10, 2007

നിഷേധി (2)

ദിവസങ്ങള്‍ കടന്നുപോകുന്തോറും അയാള്‍ ചിരിക്കാന്‍ മറക്കുകയും ഗ്രാമത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. അയാള്‍ അങ്ങനെ ഒറ്റപ്പെടരുതെന്ന്‌ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോഴൊക്കെ ഞനയാളെ ചെന്നു കാണുമായിരുന്നു. ദാ, ഇന്നലെ സന്ധ്യക്കുകൂടി ഞങ്ങള്‍ സംസാരിച്ചു പിരിഞ്ഞതേയുള്ളു. ഒരു പക്ഷെ ഇന്നു സന്ധ്യക്കും ഞങ്ങള്‍ സന്ധിച്ചുവെന്നു വരാം. എന്റെ ഭാഗത്തുനിന്നു പറയുകയാണെങ്കില്‍, എനിക്ക്‌ അയാളെ ഇന്നു കാണണമെന്നേ ഇല്ല. പക്ഷെ അയാള്‍ വരും അയാള്‍ക്കത്‌ ആവശ്യമാണ്‌. ഇന്നലെ ഞാന്‍ ഖണ്ഡിച്ച വാദമുഖങ്ങളെ നേരിടാനുള്ള അമ്പുകളൊന്നും അയാളില്‍ അവശേഷിച്ചിരുന്നില്ലല്ലോ. ഇന്ന്‌ എന്നെ നേരിടാനായ്‌ മാരകമായ അമ്പുകള്‍ തേടിപ്പിടിച്ചായിരിക്കും അയാളെത്തുക.


ഒരുപക്ഷെ ജീവിതത്തിലാദ്യമായിരിക്കും അയാള്‍ മറുപടി പറയാനാവാതെ വിഷമിച്ചു നിന്നത്‌. പുഴയിലേക്കുനോക്കി നാവിറങ്ങിപ്പോയ മട്ടില്‍ അയാള്‍ ഇരുന്നു. പിന്നെ കൊച്ചുകൊച്ചു കല്ലുകള്‍ പെറുക്കി പുഴയിലേക്കെറിഞ്ഞ്‌ രൂക്ഷമായ്‌ എന്നെയൊന്നു നോക്കി തലകുമ്പിട്ടയാള്‍ നടന്നകന്നു. അയാളെ അങ്ങനെ നിരാശനാക്കാനൊന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ, തനിക്കു ജന്‍മം നല്‍കിയവരെപ്പോലും കഠിനമായ്‌ വിമര്‍ശിക്കുമ്പോള്‍ ആര്‍ക്കെങ്കിലും അതിനോടു യോജിക്കാന്‍ കഴിയുമോ? അയാള്‍ക്കതിനു പല ന്യായീകരണങ്ങളുമുണ്ടാകും. പക്ഷെ നമുക്കു ജന്‍മം നല്‍കുക വഴി നമ്മുടെ മാതാപിതാക്കള്‍, അവര്‍ ഏതു തരക്കാരായാലും പൂജ്യരാണ്‌ എന്ന്‌ എന്റെ പക്ഷം. എനിക്കറിയാം ഇപ്പോള്‍ നിങ്ങളും എന്റെ പക്ഷത്താണ്‌. ഇന്ന്‌ അയാളെ നേരിടാന്‍ എനിക്കു തയ്യാറെടുക്കേണ്ടിവരും. ഒരുപക്ഷെ അയാളുടെ വിശദീകരണങ്ങളില്‍ എന്റെ വാദമുഖങ്ങളലിഞ്ഞില്ലാതാകുമോ? ഹേയ്‌, സഹതാപം അയാള്‍ക്കിഷ്ടമല്ല. ഞാനൊട്ടു പ്രകടിപ്പിക്കാറുമില്ല.


സാഹിത്യകലാസമിതി യോഗം വൈകീട്ട്‌ ആറുമണിക്കാണ്‌. എല്ലാവരുടെ ചിരിയും, കരച്ചിലും, കാലുവാരലും കഴിയുമ്പോള്‍ രാത്രി എട്ടുമണിയെങ്കിലുമാവും. അതുകഴിഞ്ഞാല്‍ ഞാനും, അയാളും എന്നത്തേയും പോലെ കുറുമാലി പുഴയുടെ തീരത്തേക്കു നീങ്ങും. പിന്നെ സമയങ്ങള്‍ക്കു കണിശത കുറയും. ഇപ്പോള്‍ സമയം സന്ധ്യയോടടുക്കുകയാണ്‌. സൂര്യന്‍ വിട പറയുന്നതിനുമുമ്പ്‌ ഒന്നുകൂടി തന്റെ രശ്മികള്‍കൊണ്ട്‌ തെങ്ങോലകളെ തഴുകി സന്തോഷിപ്പിച്ചു. സൂര്യന്റെ താത്ക്കാലിക വിരഹം ഇഷ്ടപ്പെടാനാവാതെ ആകാശമുഖം ചെമന്നു തുടുത്തിരിക്കുന്നു. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. നടവഴിയും കടന്ന്‌ പുതുതായി ഉയര്‍ന്ന കോണ്‍ക്രീറ്റ്‌ വീടുകള്‍ക്കപ്പുറം അവശേഷിക്കുന്ന നെല്‍പ്പാടത്തേക്കിറങ്ങി. വീതികുറഞ്ഞ വരമ്പിലൂടെ വഴുക്കാതെ ഞാന്‍ ശ്രദ്ധിച്ചുനടന്നു. നെല്‍ക്കതിരുകളെല്ലാം സൂര്യനു യാത്രയയപ്പു നല്‍കാനെന്ന പോലെ ഭവ്യതയോടെ കുനിഞ്ഞുനിന്നു. ഞാന്‍ സൂര്യനു പുറംതിരിഞ്ഞു നടന്നു. കലാസമിതി മന്ദിരത്തിനുമുന്നില്‍ ആളുകള്‍ അവിടവിടെയായി കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. അകലെ നിന്നു നോക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ 'ഛായ പോലെ തോന്നി. നീണ്ട മുടിയും, താടിയും തോള്‍ സഞ്ചിയും മിക്കവര്‍ക്കുമുണ്ട്‌. കലാസാഹിത്യരംഗം നാളെ ഇതൊരു യൂണിഫോമാക്കി തിരഞ്ഞെടുക്കുമോ എന്നു ഞാന്‍ ഭയന്നു. എന്റെ കണ്ണുകള്‍ അവര്‍ക്കിടയിലൂടെ അയാളെ തേടി. ഇല്ല, അയാള്‍ വന്നീട്ടില്ല.


അയാള്‍ എന്നെ കാണുന്നതിനുമുമ്പ്‌ അയാളെപ്പറ്റി എനിക്കറിയാവുന്നത്‌ നിങ്ങളോടു പറയാം. അല്ലെങ്കില്‍ ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ നിങ്ങളുടെ ചോദ്യങ്ങളുണ്ടാവും. അതൊഴിവാക്കാനായ്‌ ഞാന്‍ പറയട്ടെ. പത്തു പതിനഞ്ചു വര്‍ഷം മുമ്പായിരിക്കണം അവര്‍ ഞങ്ങളുടെ നാട്ടിലേക്കു താമസത്തിനു വന്നത്‌. അതിനുമുമ്പ്‌ ഏതോ പട്ടണത്തിലെ വാടകമുറിയിലായിരുന്നുവത്രെ കഴിഞ്ഞുകൂടിയിരുന്നത്‌. ഒരു തടിച്ചു കുറുകിയ മനുഷ്യന്‍. അയാള്‍ക്ക്‌ ഒരമ്പത്തഞ്ചു വയസ്സുണ്ടാകുമെന്ന്‌ ചായക്കടയില്‍ അനൌദ്യോഗിക സ്ഥിരീകരണം നടന്നുകഴിഞ്ഞിരുന്നു. പിന്നെ ഒരു ചെറുപ്പക്കാരി. എന്റെ ചേച്ചിയേക്കാള്‍ രണ്ടുമൂന്നു വയസ്സ്‌ കൂടുതലാകാനേ തരമുള്ളുവെന്ന്‌ അമ്മ പറഞ്ഞതു കേട്ടിരുന്നു. അത്തരം ചര്‍ച്ചകളുടെ ആവശ്യമെന്തെന്ന്‌ അന്നെനിക്കറിയാമായിരുന്നില്ല. പിന്നീടെപ്പോഴോ ഞാനറിഞ്ഞു അമ്പത്തഞ്ചുകാരന്റെ ഭാര്യ ചെറുപ്പമായതുകൊണ്ടാണ്‌ നാടിന്റെ മുറുമുറുപ്പുയരുന്നതെന്ന്‌. കൂടെ രണ്ടു കുട്ടികള്‍, ഒരു കൊച്ചു സുന്ദരി, അവള്‍ ആ ചെറുപ്പക്കാരിയുടെ അതേ ഛായയായിരുന്നു. പിന്നെ മെലിഞ്ഞ അനുസരണയില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തലമുടിയുള്ള ഒരു ചെക്കന്‍. അവള്‍ അവനെ ചെക്കനെന്നു വിളിച്ചു. ചേട്ടനെന്നു കേള്‍ക്കാനായിരുന്നു അവനിഷ്ടം. അവന്‌ അവന്റേതുമാത്രമായ ഒരു പ്രത്യേക ഛായയായിരുന്നു. നിനക്ക്‌ അമ്മയുടേയോ അച്ഛന്റേയോ ഛായയില്ലെന്ന്‌ പറഞ്ഞവരോട്‌ അവന്‍ പറഞ്ഞത്‌, അവന്‌ യേശുക്രിസ്തുവിന്റെ ഛായയാണെന്നാണ്‌. ഒരു പക്ഷെ ആ മറുപടിയില്‍ തുടങ്ങിയതാവാം അവന്റെ നിഷേധാത്മക ഭാവം.(തുടരും)

4 comments:

Murali Menon (മുരളി മേനോന്‍) said...

നിഷേധി -2 നെ പുറത്ത് വിട്ടീട്ടുണ്ട്. കിട്ടിയിടത്തിട്ട് പെരുമാറുക, അവനെ സൃഷ്ടിച്ചവനെ ഒന്നും ചെയ്യണ്ട, പാവല്ലേ...

വേണു venu said...

പുറത്തു വിട്ട നിഷേധിയെ ഒന്നു കണ്ടു. നിഷേധം അറിയാന്‍ കാത്തിരിക്കുന്നു, ഒരു സ്ഥിരം പ്രോത്സാഹന കമ്മിറ്റി അംഗം.:)

അരവിശിവ. said...

നിഷേധി എങ്ങനെ നിഷേധിയായെന്ന് അടുത്ത പോസ്റ്റിലറിയാനാവുമെന്നു കരുതുന്നു....

തുടരട്ടേയ്....

എന്റെ ഉപാസന said...

ആരാണാവോ നിഷേധി.
:)
ഉപാസന