മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ലക്കങ്ങളെല്ലാം തപ്പിയെടുത്ത് കലാമണ്ഡലം ഗോപിയുടെ ‘ഓര്‍മ്മയിലെ പച്ചകള്‍’ എന്ന പരമ്പര വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരോ ഗേറ്റിന്റെ കൊളുത്ത് തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോള്‍ കുമാരേട്ടനാണ്. എഴുന്നേറ്റ് ഓടാനാണ് ആദ്യം തോന്നിയത്. പക്ഷെ ഇനി രക്ഷയില്ല. റോട്ടില് കൂടി പോകുമ്പോള്‍ ഞാനിവിടെ ഇരിക്കുന്നത് കണ്ടീട്ടാവും ഇങ്ങോട്ട് കയറിയത്. പണ്ട് പറമ്പില്‍ കിളക്കാനും, തേങ്ങ പൊതിക്കാനുമൊക്കെ വന്നിരുന്ന ആളാണ്. ഇപ്പോള്‍ പ്രായം 65 ലും 70 ലും ഇടയില്‍ ഏതെങ്കിലും ഒരു സംഖ്യയായിരിക്കണം. പണിയെടുത്തിരുന്ന അന്നും സ്വന്തം ആര്ഭാടങ്ങളൊക്കെ കഴിഞ്ഞ് മിച്ചം വല്ലതും ഉണ്ടെങ്കിലേ വീട്ടില്‍ കൊടുത്തിരുന്നുള്ളു. അടുപ്പ് പുകയണമെങ്കില്‍ മറ്റു വല്ലവരും പണിയെടുക്കണം എന്ന നില വന്നപ്പോള്‍ ആണ്‍കുട്ടികള്‍ രണ്ടും പഠിപ്പ് നിര്‍ത്തി പല പണിക്കും പോയി. അതുകൊണ്ട് എല്ലാവരും മൂന്നുനേരം ഭക്ഷണം കഴിച്ച് ജീവിച്ചു. കുമാരേട്ടന്റെ ആഹ്ലാദം പതിവില്‍ കൂടുകയും ചെയ്തു. എന്തെങ്കിലും കൊടുത്താല്‍ പുള്ളി സ്ഥലം വിടുമെങ്കിലും അതൊരു ശീലമാക്കുന്നതിലൊന്നും കുമാരേട്ടന് ഒട്ടും ലജ്ജയില്ല. ലജ്ജിക്കാനും പിണങ്ങാനൊന്നും എന്നെക്കിട്ടില്ല എന്നൊരു മട്ട്.
ഞാനധികം സ്നേഹപ്രകടനത്തിനൊന്നും നില്‍ക്കാതെ വായനയില്‍ മുഴുകിയിരിക്കുന്നതായ് അഭിനയിച്ചു. പക്ഷെ ഗേറ്റിനും വീടിനും തമ്മില്‍ വലിയ അകലമൊന്നും ഇല്ലാത്ത സ്ഥിതിക്ക് കുമാരേട്ടന് എന്റെ മുന്നില്‍ എത്തേണ്ട സമയം അതിക്രമിച്ചിരുന്നു. ഇനിയെങ്ങാന്‍ തിരിച്ചുപോയിരിക്കുമോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഒളിക്കണ്ണിട്ട് മുറ്റത്തേക്ക് നോക്കി. അപ്പോള്‍ കുമാരേട്ടന് എന്റെ ബൈക്കിന്റെ സൈഡ് മിററില്‍ നോക്കി മീശ ഉഴിയുകയും മുഖം തുടയ്ക്കുകയുമൊക്കെ ചെയ്തുകൊണ്ട് പ്രായത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ്. എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. ചിലപ്പോള്‍ വീട്ടില്‍ നിന്നും ശരിക്ക് കണ്ണാടി നോക്കാന്‍ പറ്റാത്തതുകൊണ്ട് ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി ഭംഗി നോക്കി പോയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍, കുമാരേട്ടന് ചോദിച്ചു, “ഡാ മൊരളിയേ, ഈ ബൈക്ക് പുതീതാ?” ഒരു നിസംഗതയോടെ ഞാന്‍ പറഞ്ഞു, “അല്ല, പഴേത് തന്ന്യാ”.
ആ ചോദ്യത്തോടൊപ്പം കുമാരേട്ടന് എന്റെ മുന്നില്‍ വന്നു നിന്നു. സംഭാഷണവും ആരംഭിച്ചു.
കുമാരേട്ടന്: ഡാ, മൊരളിയേ, നീയപ്പോ എന്നാ വന്നേ?
ഞാന്‍: ഒരാഴ്ചയായി
കുമാരേട്ടന്: ഇതെന്തൂട്ട് കോലാ നിന്റെ. നീ ഒന്നും തിന്നാറും കുടിക്കാറൊന്നും ഇല്ല്യേ?
ഞാന്‍: ഹേയ്, അതല്ല, വയസ്സായി വര്വല്ലേ, അപ്പോ ശരീരം തടിക്കണതൊന്നും അത്ര നല്ലതല്ല.
കുമാരേട്ടന്: ഇതാപ്പ നന്നായേ..നെനക്ക് വയസ്സായി, ഞങ്ങളൊക്കെ ചെറുപ്പോം. ഇവടെ മസിലും പിടിച്ച് നടന്നാര്‍ന്ന ഒരു ചെക്കന്റെ കോലം കണ്ടട്ട് കുമാരേട്ടന് നല്ല വെഷമം ഇണ്ട് അതോണ്ട് ചോദിച്ചതാ.
[കുമാരേട്ടന്റെ ഉള്ളിലെ ദ്രാവകം സൂര്യന്റെ ചൂടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുമാരേട്ടന് വികാരം കൊള്ളുവാന്‍ തുടങ്ങിയിരിക്കുന്നു.]
ഞാന്‍: ഹേയ്. അതൊന്നും അല്ല എന്റെ കുമാരേട്ടാ, ഞാന്‍ യോഗ ചെയ്യണോണ്ട് ശരീരം അധികം തടിക്കാതിരിക്കണതാ.
കുമാരേട്ടന്: നിന്റെ ഒരു യോഗം അല്ലാണ്ടെന്താ പറയാ.. അതല്ലാ, നീയെവിടിക്ക്യാ പോയാര്‍ന്നേ?
ഞാന്‍: ആഫ്രിക്കേല്
കുമാരേട്ടന്: ങാ, ഇമ്മടെ ലോഹീം അവടന്ന്യാ.
[ആറുമാസം മുമ്പ് നാട്ടില്‍ ലോറി ഓടിച്ചു നടന്നിരുന്ന കുമാരേട്ടന്റെ താഴെയുള്ള ചെക്കനാണ് ലോഹിയെന്നു വിളിക്കുന്ന ലോഹിതാക്ഷന്. അവന് ആഫ്രിക്കയില്‍ പോയെന്ന് കേട്ടപ്പോള്‍ സ്വാഭാവികമായും അവന് ആഫ്രിക്കയില്‍ എവിടെയാണെന്നറിയാന്‍ എനിക്കാകാംഷയുണ്ടായി ]
ഞാന്‍: ആഫ്രിക്കയില്‍ എവട്യാ?
കുമാരേട്ടന്: അവന് ഇമ്മടെ .... ഹെയ്, എന്തൂട്ടണ്
പറയാൻ ശ്രമിക്കുന്നതിനിടക്ക് കയറി ചോദിച്ചു. കെനിയാ?
കുമാരേട്ടന് എന്തോ അനാവശ്യം കേട്ടതു പോലെ തല വെട്ടിച്ചു. ഞാന്‍ വീണ്ടും ചോദിച്ചു.
ഞാന്‍: ടാന്‍സാനിയാ? കുമാരേട്ടന്റെ ചിന്തകള്‍ക്ക് ഞാന്‍ തടസ്സം നിന്നെന്നപോലെ തല കുടഞ്ഞ് എന്നെ ദേഷ്യത്തോടെ നോക്കിയപ്പോള്‍ ഞാന്‍ ഒരെണ്ണം കൂടി ചോദിച്ചവസാനിപ്പിച്ചു. ഉഗാണ്ടാ?
കുമാരേട്ടന് തലകുടഞ്ഞ് പറഞ്ഞു: ഹയ്, കേനും ഉണ്ടേം ഒന്നും അല്ല, ഇമ്മടെ ഹൈദ്രാ....ബ്ദ്.
ഞാന്‍: ഹൈദരാബാദോ?
കുമാരേട്ടന്: അതന്നെ, ഹൈദ്രാ..ബ്ദ്. അതും ഇമ്മടെ നീ പറഞ്ഞ ആന്ധ്രേല് തന്ന്യല്ലേ?
ഞാന്‍ ഒന്നും മിണ്ടിയില്ല, ഇനി കുമാരേട്ടനെ ലോകമാപ്പിന്റെ മുന്നില്‍ കുത്തിയിരുത്താനുള്ള ശേഷി എനിക്കില്ല. അതൊക്കെ താങ്ങാനുള്ള ശേഷി കുമാരേട്ടനും. അതുകൊണ്ട് തന്നെ ഞാന്‍ മാതൃഭൂമിയുടെ മറ്റൊരു ലക്കം കയ്യിലെടുത്തു.
എന്റെ ശ്രദ്ധ മാറിപ്പോകുന്നതിനു മുമ്പ് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് കുമാരേട്ടനെ ആരും പഠിപ്പിക്കണ്ട ആവശ്യമില്ലാത്തതോണ്ട് കുമാരേട്ടന് എന്റെ അടുത്തേക്ക് വന്ന് മുഖം കുനിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.
“ദേ, നീ, കുമാരേട്ടന് ഒരു 200 ഉറുപ്പിക താട്ട്, ഇമ്മടെ ലോഹീടെ ഭാര്യേടെ പാപ്പന് കള്ളുഷാപ്പീന്ന് സൈക്കിള്മ്മെ വരുമ്പോ സൈക്കിളടക്കം കൊളത്തില് വീണൂന്ന്. ഇതറിഞ്ഞട്ട് ഇമ്മള് പോയി കണ്ടില്ലെങ്ങ്യേ മോശല്ലേ..”
ഞാന്‍: (ഒരു മോശോം ഇല്യ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും): അതിപ്പോ 200 രൂപാന്നൊക്കെ പറഞ്ഞാ.
കുമാരേട്ടന്: മൊരളിയേ, വെറുതെ വേണ്ടാന്ന്, ഇമ്മടെ ലോഹി അടുത്ത മാസം വണ്ടി കൊണ്ട് വരുമ്പോ നീ നേരിട്ടാ വേടിച്ചോ എന്ത്യേ..
എന്തെങ്കിലും പറഞ്ഞ് കാശു വാങ്ങി കള്ളു കുടിക്കാനാണെന്ന് അറിയാവുന്നതുകൊണ്ടും ഒന്നും കൊടുക്കാതെ വിട്ടാല്‍ വീണ്ടും വീണ്ടും വന്ന് ശല്യപ്പെടുത്തുമെന്നുള്ളതുകൊണ്ടും ഞാനകത്തുപോയി ഒരു 50 രൂപ ചുരുട്ടി പിടിച്ചു കൊണ്ടു വന്ന് കുമാരേട്ടന്റെ കയ്യില്‍ വച്ചുകൊടുത്ത് പറഞ്ഞു.
“അതേ, 50 രൂപേ ഉള്ളു. ഇതെനിക്ക് കുമാരേട്ടന് തിരിച്ച് തരണ്ട.”
കുമാരേട്ടന്: ഹയ്, ഡാ നീ കുമാരേട്ടനെ വെഷമിപ്പിക്ക്യാ.... എനിക്ക് വെര്‍തെ വേണ്ടാന്ന്...ഞാന്‍ തിരിച്ചു തരും. ഇമ്മടെ ലോഹി..
ഞാന്‍: അത് സാരല്ല്യാ, കുമാരേട്ടന് ചെല്ല്..
കുമാരേട്ടന്: അപ്പോ ശരി, ഞാന്‍ പോയിട്ട് പിന്നെ വരാം...
നടക്കുമ്പോള്‍ തിരിഞ്ഞ് നിന്ന് സ്വകാര്യം പറയുന്ന പോലെ പറഞ്ഞു,
കുമാരേട്ടന്: നിന്റെ ചേച്ചീടെ കയ്യീന്ന് പറമ്പില്‍ വെള്ളം തിരിക്കാംന്ന് പറഞ്ഞ് ഒരു 100 രൂപ കൂടല്‍ വാങ്ങീട്ട്ണ്ട്. അത് നീ ഒന്ന് കൊടുത്ത് സെറ്റില്‍ ചെയ്തേക്ക് ട്ടാ. കാര്യങ്ങള്‍ കണിശായില്ലെങ്ങ്യേ, ചേച്ചീടെ മോത്തയ്ക്ക് നോക്കാന്‍ എനിക്കൊരു മട്യാ അതോണ്ടാ...പിന്നഡ്ജസ്റ്റ് ചെയ്യാം..
ഇനിയിപ്പോള്‍ അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ നിന്നാല്‍ വല്ല്യ ശല്യാവുന്ന് അറിയുന്നോണ്ട് ‘അങ്ങന്യാവട്ടെ’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കുമാരേട്ടന് ഗേറ്റിന്റെ കൊളുത്ത് അടയ്ക്കുമ്പോള്‍ ഉറക്കെ ചോദിച്ചു.
കുമാരേട്ടന്: അപ്പോ ഒരു കാര്യം ചോയ്ക്കാന്‍ വിട്ട്വോയി. നീ അവടെ ഇമ്മടെ ലോഹ്യേ കാണാറ്ണ്ടാ?
ഞാന്‍: ഇല്ല്യ
കുമാരേട്ടന്: നെന്റെ സ്ഥലത്ത്ന്ന് കൊറേ പോണോ ലോഹീടെ അബടക്ക്?
ഉം. ഞാനൊന്നു മൂളി.
[കുമാരേട്ടന് ഇപ്പോള്‍ നല്ലവണ്ണം നിന്നിടത്ത് നിന്ന് ആടുന്നുണ്ട്]
കുമാരേട്ടന്: ഇമ്മടെ മാപ്രാണത്ത്ന്ന് തൃശൂര്‍ക്ക് പോണ ദൂരംണ്ടാവ്വോ?
എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു. “എന്റെ കുമാരേട്ടാ ലോഹി ആന്ധ്രാപ്രദേശിലല്ലേ, ഞാന്‍ ആഫ്രിക്കേലായിരുന്നു.”
കുമാരേട്ടന്: (വേച്ച് വേച്ച് നടന്നുകൊണ്ട്, റോട്ടില് കൂടി പോകുന്നവരോടായി ഞാന്‍ പറഞ്ഞത് മനസ്സിലായെന്ന മട്ടില്‍) ഹയ് അപ്പ അതാണ് കാര്യം. സ്ഥലത്തിന്റെ ഓരോരൊ പേരോളേ, ഒക്കെ ഒന്നന്നെ...
- 0 -
37 comments:
എല്ലാം ഒന്നായി കാണാനുള്ള ഗ്രാമീണന്റെ മനസ്സ് മനസ്സിലാക്കിയത് ദാ, ഇന്നലെ കുമാരേട്ടനെ കണ്ട് സംസാരിച്ചപ്പോള്‍ - അതാണ് ഇന്നത്തെ പോസ്റ്റ് “ഓരോരോ പേരോളെ, ഒക്കെ ഒന്നന്നെ”. ബൂലോക സുഹൃത്തുക്കളുടെ വായനയിലേക്ക്...
ചാത്തനേറ്: കണ്ണൂരു തന്നെയുണ്ട് ഒരു ‘കോട്ടയവും’ ’ചൊവ്വയും‘, കുമാരേട്ടനു തെറ്റിക്കാണില്ല ഒന്നൂടൊന്നോര്ത്ത് നോക്കിക്കേ, ആഫ്രിക്കേലു വല്ല ഹൈദരാബാദും ഉണ്ടോന്ന് ;)
ഇമ്മടെ മാപ്രാണത്ത്ന്ന് തൃശൂര്‍ക്ക് പോണ ദൂരംണ്ടാവ്വോ?
ഹ ഹ...കലക്കി മാഷേ
ഇതാണ് ശുദ്ധ നര്‍മ്മം..നന്നായാസ്വദിച്ചു..
ഹഹ.. നാട്ടില്‍ ചെന്നാല്‍ ഇതുപോലുള്ള കുമാരേട്ടന്മാര്‍ പരുങ്ങിവരുമ്പഴേ കാര്യം പിടികിട്ടും. എന്തെങ്കിലും ഒരു അത്യാവശ്യം. അത് ഷാപ്പില് തന്നെയായിരിക്കും ഡിപ്പോസിറ്റ്.
ഈ ഉഗാണ്ടയും കെനിയയും അപ്പോ ആന്ധ്രയിലാ അല്ലേ!!! ഓരോരോ പേരോളെ.!!
ഹ ഹ...
മുരളിയേട്ടാ...
കുമാരേട്ടനെ പരിചയപ്പെടുത്തിയതിനു നന്ദി.
ആന്ധ്രേം ആഫ്രിക്കേം... ഒക്കെ ഒന്നന്നേ...
;)
മുരളിയേട്ടന്,
ലളിതം. മനോഹരം. നൂതനം.
(ഇന്ന് ഇപ്പോള്‍ എനിയ്ക്കു ചുറ്റുമുള്ളാതാണെന്റെ ലോകം എന്നിരിയ്ക്കെ, ലോകം ചുറ്റിയാലെന്ത് ഇല്ലെങ്കിലെന്ത്.. ഒരായുസ്സ് ഒടുങ്ങുന്നതുവരെ ഞാന്‍ കണ്ടതു കേട്ടതും മാത്രമായിരിയ്ക്കില്ലേ എന്റെ ലോകം.അപ്പൊ കുമാരേട്ടന് ആ പറഞ്ഞതെത്ര നേര്... “ഒക്കെ ഒന്നന്നെ!“)
:)
മുരളി സാര്‍,
ഹയ് അപ്പ അതാണ് കാര്യം....
സ്ഥലത്തിന്റെ ഓരോരൊ പേരോളേ....
ഒക്കെ ഒന്നന്നെ...
കുമാരേട്ടനെ മറക്കാനാവില്ല...
നന്നായി പറഞ്ഞിരിക്കുന്നു.......
മുരളിയേട്ടാ,
മനോഹരം കുമാരേട്ടനെ വാക്കുകള്‍ കൊണ്ട് വരച്ചു വെച്ചിരിയ്ക്കുന്നു.
ചിരിച്ചിട്ടേ...... :)
ഹ,ഹ നല്ല കുമാരേട്ടന്..:)
മുരളി,
വളരെ നന്നായി എഴുതിയിരിക്കുന്നു...ആശംസകള്‍!
കൊള്ളാം. നല്ല ഒഴുക്കുള്ള ശൈലി.
ഹ ഹ ഹ ആ കുമാരേട്ടന്റടുത്തൂന്ന് ഒരു ഓട്ടോഗ്രാഫ് വാങ്ങണം...
മുരളിയേട്ടാ, നാമാവശേഷമായികൊണ്ടിരിക്കുന്ന ജനുസില്‍ പെട്ടവരില്‍ ഒന്നാണ് കുമാരേട്ടന്.
ഇങ്ങനെയുള്ള ആളോളേ ഇനീം കാണാന്‍ പറ്റുമോ?..
ആഹഹാ.. ഇതു മ്മടെ കുമാരേട്ടനല്ലേ...
എല്ലാ ഗ്രാമങ്ങളിലും ഉണ്ടാവും ഇങ്ങനെയുള്ള കുമാരേട്ടന്മാര്‍. പക്ഷെ എന്റെ സ്ഥലത്ത് പതിനഞ്ച് പേരുണ്ട്. ഒന്നു രണ്ടു പേര്‍ക്ക് രൂപ വേണ്ട, ദിര്‍ഹംസ് മതി.
നല്ല കലക്കിപ്പൊളിച്ച എഴുത്ത് കുമാരേട്ടാ... അല്ല മുരളിയേട്ടാ...
ഹ ഹ ഹ !! ഓരോരോ പേരോളേ... എനിക്കിത്തരം കുമാരേട്ടന്മാരെ ഭയങ്കര ഇഷ്ടമാണ്. സൊറ കേള്‍ക്കാനും മറ്റുമെല്ലാമായി നാട്ടില്‍ പോകുമ്പോ ഇവരുടടുത്തേക്കു ഞാന്‍ നേരിട്ടിടിച്ചു കേറാറുണ്ട്! ഇഷ്ടമായി! :)
എല്ലാം ഒന്നായി കാണാനുള്ള ഗ്രാമീണന്റെ മനസ്സ് .
പിന്നെ രണ്ടായ നിന്നെയിഹ ഒന്നായി കാണിക്കുന്ന ദ്രാവകം, വെയിലു് മൂക്കുന്നതിനനുസരിച്ച് മൂത്ത് എല്ലാം ഒന്നാക്കുന്ന അവസ്ഥയും. ചിരിപ്പിച്ചു മാഷേ..:)
ഒന്നായാല്‍ നന്നായി അത്ര തന്നെ പിന്നല്ലാതെ
കുട്ടിച്ചാത്തന്, അരവി, കൃഷ്, ശ്രീ, സുമേഷ്, ബാജി, നിഷ്ക്കളങ്കന്‍, പ്രയാസി, ശ്രീവല്ലഭന്, ഹരിത്, പ്രിയാ, ജിഹേഷ്, വാല്മീകി, പപ്പൂസ്, വേണു: എല്ലാവര്ക്കും വായനക്കും, കമന്റിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഹരിത്, പപ്പൂസ്:- എന്റെ ബ്ലോഗിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിന് (അതോ ആദ്യമായ് കമന്റിട്ടതിനോ?) ഒരുപാട് നന്ദി.
മുരളി മാഷേ..
കുമാരേട്ടനെ കുറിച്ചുള്ള ഈ പോസ്റ്റ് വളരെ ഇഷ്ടായി..
വളരെ നല്ല എഴുത്ത്, വാല്മീകി പറഞ്ഞത് പോലെ എല്ലായിടത്തും കാണും ഇത്തരം കുമാരേട്ടന്മാര്‍..നിഷ്കളങ്കരായ കുമാരേട്ടന്മാര്‍, നമ്മുടെ മനസില്‍ അല്പം നീരസവും പിണക്കവും ഒക്കെ തോന്നിയാലും അവര്‍ക്ക് അതറിയില്ല. കാരണം അവര്‍ക്കിടയില്‍ അതൊന്നും ഇല്ലല്ലോ...
നമ്മടെ അംബുജാക്ഷന് ചോദിച്ച പോലെ, ഈ അമ്പതു രൂപ എന്നും കൊടുക്കുന്നുണ്ടോ ആവോ? :-)
കൊസ്രാക്കൊള്ളി, ഗോപന്, നജീം, കുതിരവട്ടന്‍: കമന്റിനു നന്ദി.
കുതിരവട്ടന്‍: വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വീട്ടിലെത്തിച്ചാല്‍ പോരേ! (വര്‍ഗ്ഗീസ് - കൊച്ചിന് ഹനീഫ)
കൊള്ളാം, വളരെ ഇഷ്ടപ്പെട്ടു. ന്
ഐ ലൌ ആ കുമാരേട്ടന്!
:) ഇഷ്ടായിട്ടാ എക്സ് മിസ്റ്റര്‍. തൃശ്ശൂരേ..
ഒക്കെ വിശ്വസിച്ചു. പക്ഷെ, ആ അമ്പത് രൂപ ഫ്രീ കൊടുത്തൂന്ന് പറഞ്ഞത്.... ഉം ഉം ഉം.. എന്തെങ്കിലും കുറയുമോ??
:) എസ്.എം. എസ്. കിട്ടി!
എന്റെ മാഷേ ങ്ങള് 2008 മുഴുവനും ചിരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കയാ?
ഗ്ലൊബലൈസേഷന് എന്താന്നു കുമാരേട്ടനു അറിയാ.
നമിക്കുന്നു കുമാരേട്ടനേയും കുമാരേട്ടന്റെ മൊരളിയേയും.
ചേച്ചിടേ 100 രുപ മറക്കാതെ കൊടുക്കണേ.
കുമാരേട്ടനെപോലുള്ളവര് എല്ലായിടത്തുമുണ്ട് .കുറിപ്പ് ഇഷ്ടപ്പെട്ടു.
വിശാല മനസ്ക്കന് പറഞ്ഞപോലെ, 50 ല്‍ നിന്ന് എന്തെങ്കിലും ഒന്ന് കുറയ്ക്കൂ..ഹി ഹി ഹി
അഭിനന്ദനങ്ങള്‍..
ഒരാഫ്രിക്കന്‍...ആന്ധ്രയല്ല..
മുരളിയേട്ടാ..
ഇന്ന് റിപ്പബ്ലിക്ക് ഡേ പ്രമാണിച്ച് കള്ളം പറയാന്‍ പാടില്ല...
പാപം കിട്ടും!!
ശരി.. തല്കാലം ഒരു 25 ല്‍ ഉറപ്പിക്ക്...!!!
0 യിലും 50 ന്റെയും ഒത്ത സെന്ററിലെ ഒരു ഫിഗറല്ലേ അത്?
പകുതിപാപമല്ലേ കിട്ടൂ.. :-)
പിന്നെ, ഇതു പോലുള്ള ‘കുമാരേട്ടന്മാരെ‘ എല്ലാ നാട്ടിലും കാണാം എന്ന് ഉറപ്പാണ്. ഇത് വായിക്കുന്ന ഒരോ വായനക്കാരനും അവരുടെ നാട്ടിലെ ഒരു ‘കുമാരേട്ടനെ’ ഓര്‍ക്കാതിരിക്കില്ല...
കുമാന്, വിശാലന്, കിലുക്കാംപെട്ടി, പൈങ്ങോടന്‍, അഭിലാഷങ്ങള്‍: അഭിപ്രായങ്ങള്‍ക്ക് നന്ദി.
പിന്നെ 50 ല്‍ നിന്ന് കുറയ്ക്കണമെന്നുള്ള ബഹുഭൂരിപക്ഷത്തിന്റെ അപേക്ഷ മാനിച്ച് ഞാനൊരു സത്യം പറയട്ടെ, പേഴ്സില്‍ നിന്ന് എടുത്തപ്പോള്‍ 50 രൂപ പോലെ തോന്നി. എന്തേ, തൃപ്തിയായല്ലോ? :))
കുമാരേട്ടനറിയാം നാടുവിടുന്നവരെല്ലാം ഒരിടത്താണ് എത്തിച്ചേരുന്നത്: വിദേശത്ത്. അത് ആഫ്രിക്കയായാലും ഹൈദരാബാദായാലും ഗല്ഫായാലും അമെരിക്കയായാലും സ്വന്തം സ്ഥലത്തു നിന്നും ദൂരെ, ദൂരെ.
ഹയ് അപ്പ അതാണ് കാര്യം.. കുമാരേട്ടനെ ഇഷ്ടമായി.
എതിരവന് കതിരവന്‍, കുട്ടന്മേനോന്: നന്ദി
രസായി മാഷേ.
നാട്ടില്‍ അച്ഛന്റെയടുത്ത് കാശു വാങ്ങാന്‍ വരുന്ന ഒരു കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു ഈ കുമാരേട്ടന്.
Thanks Satheesh & Asha for reading the old post
Hi,
Dear Murali Menon,
Balithavicharathil kandittu kure kaalamaayallo.Enthu patti?
Yukthivaadhi
dear balithavichaaram,
chila projectukaLumaayi thirakkilaayathinaal njaan blogging (reading & writing) thathkkaalam nirththi vechchirikkukayaaNu. athukondaanu balithavichaaraththilum kaaNaathirikkunnathu. veeNtum sandhikkum vare vaNakkam.
"ഹയ് അപ്പ അതാണ് കാര്യം. സ്ഥലത്തിന്റെ ഓരോരൊ പേരോളേ, ഒക്കെ ഒന്നന്നെ..." :)
Post a Comment