Saturday, January 12, 2008

ഇങ്ങനെയും ചിലര്‍

ഒരു ഫെബ്രുവരി മാസത്തിലായിരുന്നുവെന്നു തോന്നുന്നു. ഡിഗ്രി അവസാനവര്‍ഷത്തെ പരീക്ഷക്കു മുമ്പുള്ള സ്റ്റഡി ഹോളിഡേയ്സില്‍ പറമ്പിലെ ഒരു മരത്തണലില്‍ പ്ലാസ്റ്റിക് കസേരയിലിരുന്ന് ഞാന്‍ മൈക്രോ ഇക്കണോമിക്സ് പഠിക്കുകയായിരുന്നു. കണാരന്‍ ചേട്ടന്‍ തൊട്ടപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പില്‍ കല്ലുവെട്ടുന്നുണ്ടായിരുന്നു. കണാരന്‍ ചേട്ടന് ഏകദേശം 50 വയസ്സുണ്ടാവും. ഉറച്ച ശരീരം. അല്പം നരച്ച കുറ്റിത്തലമുടിയും പൂര്‍ണ്ണമായും നരച്ച കനമുള്ള നീളന്‍ മീശയും. മീശയുടെ അറ്റം ചുരുട്ടി മുകളിലേക്ക് വെച്ചിരിക്കുന്നു. ചുവന്നിരിക്കുന്ന കണ്ണുകള്‍. കാലത്തും, ഉച്ചക്കും, വൈകീട്ടും മിനുങ്ങുന്ന സ്വഭാവം പണ്ടേ അദ്ദേഹത്തിനുണ്ടായിരുന്നു. വെറുമൊരു തോര്‍ത്തുമുണ്ടാണ് കല്ലുവെട്ടുമ്പോള്‍ യൂണിഫോം. പിന്നെ ചെവിയില്‍ തിരുകിയിരിക്കുന്ന ബീഡി, തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്ത്. കല്ലുവെട്ടുന്നതിനിടയില്‍ വടക്കന്‍ പാട്ടു പാടുകയും, കുറച്ച് വെള്ളം അധികം അകത്തുണ്ടെങ്കില്‍ ദേഷ്യമുള്ളവരുടെ പേരെടുത്ത് പറഞ്ഞുള്ള ഭരണിപ്പാട്ടും ഉണ്ടായിരിക്കും.തല്ല് എരന്നു വാങ്ങാന്‍ ഒരു പ്രത്യേക മിടുക്കു തന്നെ കണാരേട്ടനുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല.


കണാരേട്ടന്‍ പാട്ടുപാടി കല്ലുവെട്ടിക്കൊണ്ടിരിക്കുമ്പോഴാണ്, അദ്ദേഹത്തിന്റെ പാ‍ട്ടിന് ശ്രുതിഭംഗം വരുത്തിക്കൊണ്ട് മറ്റൊരു ഈണം അലയടിച്ചത്, “പായേ പായം, പാ‍യേ പായം”. ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ആ പുതിയ ശബ്ദത്തിനുടമയെ നോക്കി. നല്ല ഭംഗിയുള്ള തഴപ്പായകള്‍ ചുമന്നുകൊണ്ടൊരു മദ്ധ്യവയസ്കന്‍ നടന്നു വരുന്നു. പായയുടെ വക്കുകളില്‍ ചുവന്നതും നീലയും നിറങ്ങള്‍ ചാര്‍ത്തിയിരിക്കുന്നത് അകലെ നിന്നു തന്നെ കാണാം. പായകളുടെ കെട്ടിനു നല്ല കനമുണ്ടെന്ന് അയാളുടെ മുഖഭാവം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. അയാള്‍ ഓരോ വീട്ടിലേക്കും നോക്കി വിളിച്ചു പറഞ്ഞു, “പായേ പായം”.


കണാരേട്ടന്‍ കല്ലുവെട്ടുന്നത് നിര്‍ത്തി, നിവര്‍ന്ന് പായ വില്പനക്കാരനെ നോക്കി. കല്ലുവെട്ടു സാമഗ്രികള്‍ തറയിലിട്ട് കൈ തോര്‍ത്തുമുണ്ടില്‍ തന്നെ തുടച്ച്, തലയിലെ തോര്‍ത്തഴിച്ച് മുഖം തുടച്ച് വീണ്ടും തോര്‍ത്ത് തലയില്‍ കെട്ടി ബീഡി കത്തിച്ച് കല്ലുവെട്ടാം കുഴിയില്‍ നിന്നും പുറത്ത് വന്ന് പായ വില്പനക്കാരനെ വിളിച്ചു. “ഡോ, അവടെ നിന്നേ, ഒരു കാര്യം പറയട്ടെ”പായ വില്പനക്കാരന്‍ ഒരു കസ്റ്റമറെ കിട്ടിയ ആശ്വാസത്തോടെ നിന്നു. കണാരേട്ടന്‍ പായ വില്പനക്കാരന്റെ അടുത്തേക്ക് നടന്നു. അടുത്തെത്തിയപ്പോള്‍ പായവില്പനക്കാരന്‍ തലച്ചുമടിറക്കാനായ് ഒന്നു കുനിഞ്ഞു. കണാരേട്ടന്‍ ബീഡി ഒന്നാഞ്ഞുവലിച്ച് കൈ കൊടുത്ത് സഹായിച്ച് പായക്കെട്ട് ഇറക്കി ഇടവഴിയിലെ വേലിക്കരികിലായ് വെച്ചു. പായവില്പനക്കാരന്‍ പൊടുന്നനെ കെട്ടഴിച്ച് പായകള്‍ ഒന്നൊന്നായ് നിവര്‍ത്തിയിട്ട് കാണിച്ചു കൊടുക്കുന്നതും അതിന്റെ ഇഴകളെക്കുറിച്ചും, പായ് നെയ്ത്തിനെക്കുറിച്ചും വിശദമായ് സംസാരിക്കുന്നതും ഒരു തരം നിര്‍വ്വികാരതയോടെ കണാരേട്ടന്‍ നോക്കി നിന്നു. സത്യത്തില്‍ എന്തിനാണ് കണാരേട്ടന്‍ തന്റെ ജോലി നിര്‍ത്തി അങ്ങോട്ടു വന്നതെന്നു പോലും മറന്നുപോയിരുന്നുവെന്ന് തോന്നും ആ നില്പ് കണ്ടാല്‍. അതിനിടയില്‍ പായ് വില്പനക്കാരന്‍ അകലേക്ക് നോക്കി വിളിച്ചു പറഞ്ഞു, “പായേ പായം”. അതു കേട്ടതും കണാരേട്ടന് താന്‍ എന്തിനാണ് പായ വില്പനക്കാരനെ വിളിച്ചു നിര്‍ത്തിയതെന്ന് ഓര്‍മ്മ വന്നു. കണാരേട്ടന്‍ പറഞ്ഞു,“എടോ, താനെന്തൂട്ടായീ വിളിച്ച് പറയണേ, പായേ പായം ന്നോ?”പായ വില്പനക്കാരന്‍ അന്താളിച്ച് നിന്നു. ഞാന്‍ മൈക്രോ ഇക്കണോമിക്സ് തെങ്ങിന്‍ ചോട്ടിലിട്ട് എഴുന്നേറ്റ് നിന്നു. കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയ പായ വില്പനക്കാരന്‍ മെല്ലെ നിവര്‍ത്തിയിട്ട പായകള്‍ ചുരുട്ടി. അപ്പോള്‍ വീണ്ടും കണാരേട്ടന്‍ ചോദിച്ചു, “ഡോ, തന്നോടാ ഞാന്‍ ചോദിച്ചേ, എന്തൂട്ടാ തന്റെ ഈ പായേ പായം? ‘പായ, പായ’ എന്ന് ക്ലീന്‍ ക്ലീനായിട്ട് പറയണം, മനസ്സിലായാ?”


കച്ചവടക്കാരന്‍ തന്റെ നഷ്ടപ്പെട്ട സമയത്തില്‍ വിഷണ്ണനായ് ഒന്നും മിണ്ടാതെ പായ അടുക്കി കെട്ടാന്‍ തുടങ്ങുമ്പോള്‍ ചോദിച്ചു, “അല്ലാ, അപ്പോള്‍ ചേട്ടന് പായ വേണ്ടേ?”തന്റെ ചോദ്യത്തിനുത്തരം നല്‍കാതെ അവഗണിക്കുന്നത് സഹിക്കാന്‍ കണാരേട്ടനാകുമായിരുന്നില്ല. അല്പം ദേഷ്യത്തോടെ കണാരേട്ടന്‍ പറഞ്ഞു,


“ഞാന്‍ പായ വാങ്ങണോ വേണ്ടേന്നൊള്ളത് പിന്നത്തെ കാര്യം. നീ ആദ്യം ശരിക്ക് വിളിച്ച് പറയ്, ‘പായ, പായ, പായ, പായേ....’ അങ്ങനെ പറയണം മനസ്സിലായാ.” കച്ചവടക്കാരന്‍ അതിനുത്തരമൊന്നും പറഞ്ഞില്ല. അയാളുടെ മുഖത്ത് സങ്കടവും ദേഷ്യവും കൂടിച്ചേര്‍ന്ന ഒരു ഭാവമായിരുന്നു അപ്പോള്‍. ഇത് പായക്കച്ചവടക്കാരന്റെ തല്ലു കൊണ്ടേ കണാരേട്ടന്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു. കാരണം ഇതിനു മുമ്പ് ഒരു പഴം വില്പനക്കാരനെ ഇതേ ഇടവഴിയില്‍ തന്നെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതിന് അയാളുടെ കയ്യില്‍ നിന്നും തരക്കേടില്ലാതെ തല്ലു വാങ്ങിയിരുന്നു. അയാള്‍ അന്ന് ‘പഴേ പഴം’ എന്ന് വിളിച്ചാണ് കച്ചവടം നടത്തിയിരുന്നത്, അതിഷ്ടപ്പെടാതെ കണാരേട്ടന്‍ പറഞ്ഞു, “പഴേ പഴം ഇവിടെ വിക്കാന്‍ പറ്റില്ല, പുത്യേ പഴം മാത്രം വിറ്റാ മതി. അതോണ്ട് ഒന്നില്ലെങ്കില്‍, ‘പഴം, പഴം’ എന്ന് വിളിച്ച് പറയാ, അല്ലെങ്കില്‍ പുത്യേ പഴം എന്ന് വിളിച്ച് പറയാ...” ആ തര്‍ക്കത്തിന്റെ ഒടുവില്‍ അല്ല തടിമിടുക്കുള്ള പഴം വില്പനക്കാരന്‍ കാണാരേട്ടനെ പഴം ചവിട്ടിയ മട്ടിലാക്കിക്കളഞ്ഞു. ഇന്ന് ഇതിനി എവിടെ ചെന്ന് അവസാനിക്കും എന്ന ആകാംഷയില്‍ ഞാന്‍ ഇക്കണോമിക്സ് മറന്ന് ഇടവഴിയിലേക്ക് നോക്കി നിന്നു.


തോര്‍ത്തുമുണ്ടുടുത്ത് മുറിബീഡി വലിച്ച് ചുവന്ന കണ്ണുകളോടെ തന്റെ മുന്നില്‍ തന്നെ ചോദ്യം ചെയ്ത് നില്‍ക്കുന്ന ആളോട് പായക്കെട്ട് തലയിലേറ്റാന്‍ സഹായിക്കാമോ എന്ന് ചോദിക്കുന്നത് അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കിയാലോ എന്ന് ശങ്കിച്ച് പായക്കെട്ട് തലയിലേറ്റാനായ് ഒന്ന് കൈ വെക്കാന്‍ ഇനി ആരോട് പറയും എന്ന മട്ടില്‍ ചുറ്റിനും നോക്കി. അപ്പോഴാണ് കാഴ്ച കാണുന്ന എന്നെ കണ്ടത്. കച്ചവടക്കാരന്‍ എന്നെ നോക്കി വിളറിയ ചിരിയോടെ ചോദിച്ചു, “ഒരു കൈ തന്ന് സഹായിക്ക് മോനെ”. ഇത് കേട്ടതും കണാരേട്ടന്റെ രക്തം തിളച്ചു. തന്റെ ചോദ്യത്തിനുത്തരം പറയുന്നില്ലെന്നു മാത്രമല്ല, പായക്കെട്ട് പിടിച്ചിറക്കാന്‍ സഹായിച്ച തന്നെ തീര്‍ത്തും അവഗണിക്കുന്ന ഇയാളെ അങ്ങനെ വിടാന്‍ പറ്റില്ലാ എന്ന തീരുമാനത്തില്‍ കണാരേട്ടന്‍ അയാളെ തടഞ്ഞു നിര്‍ത്തി പറഞ്ഞു,“അതേ, ഈ നാട്ടില് പായ വിക്കണങ്ങിലേ, ‘പായ, പായ, പായ’ എന്നു വിളിച്ച് പറഞ്ഞേ തനിക്ക് വിക്കാന്‍ പറ്റുള്ളു ട്ടാ...പിന്നെ തന്റെ ഈ ചുമട് ഇവിടെ എറക്കാന്‍ എനിക്ക് സഹായിക്കാംന്നിണ്ടെങ്കിലേ അത് തന്റെ തലേല് കേറ്റി വെച്ചു തരാനും എനിക്ക് പറ്റും. കെട്ടു പോയ ബീഡിക്കുറ്റി ചെവിയില്‍ തിരുകി, അയാള്‍ പായക്കെട്ടില്‍ കൈ വെച്ചു. കച്ചവടക്കാരന്‍ ഉടനെ കണാരേട്ടനെ അനുസരിച്ചു. പായക്കെട്ട് തലയിലേറ്റിയതും അയാള്‍ ശീലം കൊണ്ട്പഴയതുപോലെ വിളിച്ചു പറഞ്ഞു, 

“പായേ, പായം”.


അതു കേട്ടതും കണാരേട്ടന്‍ അയാളുടെ മുന്നിലേക്ക് ഓടിക്കയറി കൈ വിരിച്ച് പിടിച്ച് അയാള്‍ക്കു തടസ്സമായ് നിന്നു, എന്നീട്ടൊരു ചോദ്യം.


“അമ്പടാ, നീയെന്താ ആളെ കളിയാക്ക്വാ?, ‘പായ, പായ പായ’ എന്ന് പറഞ്ഞട്ട് ഇവടന്ന് പോയാ മതി.” കച്ചവടക്കാരന്റെ ക്ഷമ നശിച്ചെന്ന് തോന്നി. അയാള്‍ പായക്കെട്ട് തലയില്‍ വെച്ച് തന്നെ കണാരേട്ടനെ പിടിച്ചൊരു തള്ളുകൊടുത്തു. അപ്രതീക്ഷിതമായ ആ തള്ളലില്‍ കണാരേട്ടന്‍ വേലിയുടെ മുകളിലൂടെ കല്ലുവെട്ടാം കുഴിയിലേക്ക് വീണു. വേണ്ടത്ര തൊലി പോകുകയും അവിടവിടെ അത്യാവശ്യം മുറിവേല്‍ക്കുകയും ചെയ്ത കണാരേട്ടന് അത്ര പെട്ടെന്ന് ആ കുഴിയില്‍ നിന്ന് കയറാന്‍ പറ്റിയില്ല.


“പായേ, പായം” കുറച്ചകലെയായ് പായക്കച്ചവടക്കാരന്റെ ശബ്ദം മുഴങ്ങി. അപ്പോള്‍ കല്ലുവെട്ടാം കുഴിയില്‍ നിന്ന് പുതിയൊരു ഭരണിപ്പാട്ട് കേള്‍ക്കാറായി. ആ പാട്ടിലെ കഥാപാത്രം സ്വാഭാവികമായും ആ പായക്കച്ചവടക്കാരനായിരുന്നു. ഞാന്‍ തെങ്ങിന്‍ ചോട്ടിലുപേക്ഷിച്ച മൈക്രോ ഇക്കണോമിക്സിന്റെ പേജുകള്‍ ഇളം കാറ്റില്‍ മറിഞ്ഞുകൊണ്ടിരുന്നു.

- 0 -

40 comments:

മുരളി മേനോന്‍ (Murali Menon) said...

ഞാന്‍ വീടിന്നുമ്മറത്തിരിക്കുന്നതു കണ്ട് വെറുതെ റോട്ടിലൂടെ നടന്നുപോയിരുന്ന കണാരേട്ടന്‍ കയറി വന്ന് അദ്ദേഹത്തെ ഞാന്‍ നാട്ടിലില്ലാത്ത സമയത്ത് ഒരു ബൈക്കിടിച്ചുവെന്നും വണ്ടി കൊണ്ടിടിച്ച ചെക്കന്‍ പാവമായിരുന്നെന്നും അതുകൊണ്ട് ഞാന്‍ കുറച്ച് കാശു തന്ന് സഹായിക്കണമെന്നും പറഞ്ഞു. കാലൊരടി മുന്നോട്ട് വെക്കാന്‍ പറ്റുന്നില്ലെന്നും തുടര്‍ ചികിത്സക്ക് തൃശൂരു പോകാന്‍ കാശില്ലെന്നുമാണ് പറഞ്ഞത്. പക്ഷെ കാല്‍ മുന്നോട്ടെന്നല്ല, പിന്നോട്ടും വെക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ള കണാരേട്ടന്‍ കാശു കിട്ടാതെ പോകില്ലെന്നറിയാമായിരുന്നതുകൊണ്ട് കാശുകൊടുത്തുവിട്ടു. വേച്ച് വേച്ച് പോകുന്ന കണാരേട്ടന്‍ എന്റെ ഓര്‍മ്മകളേയും പുറകോട്ട് പിടിച്ചു വലിച്ചു. അപ്പോള്‍ ഓര്‍മ്മ വന്ന ഒരു കാര്യമാണിവിടെ എഴുതിയത്....

ക്രിസ്‌വിന്‍ said...

മുരളിയേട്ടാ...
ഈ കണാരേട്ടന്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്‌ ഷാജു എന്ന പേരില്‍
:)
ആശംസകള്‍

ഗോപന്‍ - Gopan said...

കണാരേട്ടനും പായയും കലക്കി..
മുരളി മാഷ്‌ ഇതു വളരെ രസകരമായി എഴുതിയിരിക്കുന്നു..നാടും തെങ്ങുംതോപ്പും പിന്നെ ഇകണോമിക്സും പിന്നെ കണാരനെ പോലെ
ഗാനമാലപിക്കുന്ന നാച്ചുറല്‍ ഗായക ഗായിക മാരും മനസിലോടിയെത്തി...വളരെ നന്നായിരിക്കുന്നു..
സ്നേഹത്തോടെ
ഗോപന്‍

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ശരിയാ...തല്ലു ഇരന്നു വേടിക്കാന് ചിലര്ക്ക് ഒരു പ്രത്യേക കഴിവാ...:)

അനില്‍ശ്രീ... said...

ഞാന്‍ കരുതി "പായേം...." എന്ന് വിളിക്കുന്നതിന്റെ "സംഗതി" ശരിയാകാഞ്ഞിട്ടാണ് വിളിച്ച് നിര്‍ത്തിയത് എന്നാണ്.

ഇത് തന്നെ അല്ലേ നമ്മുടെ ശരതും എം.ജി യും ഏഷ്യാനെറ്റില്‍ ചെയ്യുന്നതും. അടി കൊടുക്കാന്‍ പറ്റാത്തത് കൊണ്ട് ആ കുട്ടികള്‍ ഇതൊക്കെ സഹിക്കുന്നു എന്ന് മാത്രം. കൂടെ നമ്മളൂം സഹിക്കുന്നു.. ..

ശ്രീ said...

മുരളിയേട്ടാ...

ഇതിലിപ്പോ പാവം പായ വില്‍പ്പനക്കാരനോടാണോ അതോ നമ്മുടെ കണാരേട്ടനോടാണോ സഹതാപം തോന്നേണ്ടത് എന്നാണു സംശയം.
:)

വേണു venu said...

കണാരേട്ടന്‍റെ ബ്ലാക്കാന്‍റ് വൈറ്റ് ചിത്രമാണെനിക്കിഷ്ടപ്പെ ട്ടത്. നാട്ടിലെ ദിവസങ്ങളില്‍ ഇനിയും ഓര്‍മ്മകളുടെ ചിത്രങ്ങളുമായി കണാരേട്ടന്മാര്‍ കടന്നു വരട്ടെ..:)

അലി said...

“രണ്ടു കണ്ണും കാണാത്ത ഈ അന്ധനു വല്ലതും തരണേ”യെന്ന് പറഞ്ഞു ബസ്സുകള്‍ തോറും കയറിയിറങ്ങി യാചകനെ വിളിച്ചു വരുത്തി ഒരു മലയാളം അധ്യാപകന്‍ “രണ്ടുകണ്ണും കാണാത്തവനെന്നു പറയുക അല്ലെങ്കില്‍ അന്ധനെന്നു പറ” രണ്ടുകണ്ണും കാണാത്ത അന്ധനെന്നു പറയുന്നത് വ്യാകരണപ്പിശകാണെന്നു പറഞ്ഞ കഥ കേട്ടിട്ടുണ്ട്.
അയാളുടെ ശിഷ്യനാവും നമ്മുടെ കണാരേട്ടന്‍!

മുരളിയേട്ടാ
ഭാവുകങ്ങള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കണാരേട്ടനും പായയും ദേ ഇതിലൂടെ പൊയ പോലെ...

നന്നായിരിക്കുന്നു.

മൂര്‍ത്തി said...

:)
ജോലി കഴിഞ്ഞ് കൂലിയായി 100 രൂപ നോട്ട് കൊടുത്താലും തൃപ്തി ആവാത്ത, എന്നാല്‍ ഇരുപതോ ഇരുപത്തി അഞ്ചോ രൂപ ചില്ലറയായി കൊടുത്താല്‍ ഹാപ്പി ആകുന്ന ഒരാളെ എനിക്കറിയാം. കൈ നിറച്ച് കൂലി കിട്ടണം എന്നതാണ് പുള്ളിയുടെ പ്രമാണം...

ചന്ദ്രകാന്തം said...

ശ്ശൊ... ഇത്തിരി മൈക്രോ ഇക്കണോമിക്സ് പഠിയ്ക്കണേനിടയില്‍...
ഇത്രേം സംഭവങ്ങളുണ്ടായെങ്കില്‍, ആ സ്റ്റഡിലീവ്‌ കഴിയുമ്പോളേയ്ക്കും... !!!

വാല്‍മീകി said...

പഴേ പഴം... സോറി, പുത്യേ പഴം...
നല്ലരസ്യന്‍ കുറിപ്പ് കേട്ടോ...
അങ്ങനെ നാടിന്റെ സുഖം ഒക്കെ ആസ്വദിച്ചു ജീവിക്കുകയാണല്ലേ...
നടക്കട്ട്.. നടക്കട്ട്....

kaithamullu : കൈതമുള്ള് said...

മുരളി,
കണാരേട്ടന്മാര്‍ ഏറെയുണ്ടായിരുന്നു, ഞങ്ങടെ നാട്ടില്‍: നാടിന്റെ പേര് തന്നെ കല്ലംകുന്ന് എന്നാണ്. ഇപ്പോ കല്ലുവെട്ടി വെട്ടി കല്ലുമില്ല, കുന്നുമില്ല എന്ന ഗതിയായിരിക്യാ.

ഇവര്‍ക്കോക്കെ വളരേ ഏറെ കാര്യങ്ങളില്‍ സമാനതയുണ്ടെന്നതാണ് അതിശയകരം!

-ഓര്‍മ്മകള്‍ ഉണ്ടായിക്കോണ്ടിരിക്കട്ടേ!

മുരളി മേനോന്‍ (Murali Menon) said...

ക്രിസ്‌വിന്‍, ഗോപന്‍, ജിഹേഷ്, അനില്‍ശ്രീ (റിയാലിറ്റി ഷോയിലെ സംഗതി കലക്കി), ശ്രീ, അലി, വേണു, പ്രിയ, മൂര്‍ത്തി, ചന്ദ്രകാന്തം, വാല്‍മീകി - അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദിയുണ്ട്.

അലി: രണ്ടു കണ്ണും കാണാത്ത അന്ധന്റെ കഥയില്‍ പണ്ടു കേട്ട ഒരു കോമഡി കൂടി ഉണ്ട്. (ചിലപ്പോള്‍ വടക്കുനോക്കിയന്ത്രത്തില്‍ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രം പറഞ്ഞതുപോലെയാവും, ക്ഷമിക്കുക)

അന്ധന്‍: എന്റെ രണ്ടു കണ്ണിനും കാഴ്ചയില്ല ഒരു രൂപ തന്ന് സഹായിക്കണേ
യാത്രക്കാരന്‍: തന്റെ ഒരു കണ്ണിനു നല്ല കാഴ്ചയുണ്ടല്ലോ!
അന്ധന്‍: എന്നാല്‍ 50 പൈസ തന്നാല്‍ മതി.

അരവിശിവ. said...

ഹ ഹ..

ഇത്തരം കണാരേട്ടന്മാരില്ലാത്ത നാട്ടിന്‍പുറമുണ്ടാവില്ല...

പരിചയമുള്ള ചില മുഖങ്ങളങ്ങനോര്‍ത്തു...ഇത്തരം ഓര്‍മ്മ പുതുക്കലുകളില്‍ തെളിയുന്ന കഥാപാത്രങ്ങള്‍ നല്ല നേരമ്പോക്കു തന്നെ...

സ്നേഹപൂര്‍വ്വം

ഉപാസന | Upasana said...

നല്ല അനുഭവം മാഷെ.
ഇങ്ങിനത്തെ ചിലര്‍ എന്റെ നാട്ടിലുമുണ്ട്.

പിള്ളേച്ചന്‍ ബാംഗ്ലൂരല്ലേ..? എന്നും ചോദിച്ച് എന്തെങ്കിലിനുമായി കൈ നീട്ടുന്നവര്‍.
കൊടുക്കണമെന്നുണ്ട്, കൈയില്‍ എന്തേലും വേണ്ടെ..?
അതൊക്കെ ഓര്‍ത്തു
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഭൂമിപുത്രി said...

ഞാനും മൈക്രോഇക്കണോമിക്സ് പഠിച്ചതാണല്ലോ മുരളി..പക്ഷെ ഒരിയ്ക്കലും ഇത്രയും രസിയ്ക്കാനുള്ള ഭാഗ്യമുണ്ടാ‍യിട്ടില്ല.

ഞാന്‍ ഇരിങ്ങല്‍ said...

മുരളി..,

ആദ്യമായിട്ടാണിവിടെ
നന്നായിട്ടുണ്ട്.
അനുഭവങ്ങള്‍ ജീവിതത്തില്‍ പാഠമാകുമ്പോഴാണല്ലൊ പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നത്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

maheshcheruthana/മഹേഷ്‌ ചെറുതന said...

മുരളിയേട്ടാ,
കണാരേട്ടന്‍ കലക്കി! എല്ലാ നാട്ടിന്‍പുറങ്ങളിലും ഇത്തരം കണാരേട്ടന്മാര്‍ ഉണ്ടായിരുന്നു!
നാട്ടിലെ കണാരേട്ടന്മാര്‍ മനസിലോടിയെത്തി!ആശംസകള്‍....

സി. കെ. ബാബു said...

രസകരം. നന്നായി എഴുതി.

മുരളി മേനോന്‍ (Murali Menon) said...

ഞാന്‍ ഇരിങ്ങലിന് കോമരം ബ്ലോഗിലേക്ക് സുസ്വാഗതം.
കൈതമുള്‍, ഉപാസന, അരവി, ഭൂമിപുത്രി, മഹേഷ്, സി.കെ.ബാബു: വായനക്കും അഭിപ്രായത്തിനും നന്ദി.

ഭൂമിപുത്രി: മൈക്രോ ഇക്കണോമിക്സ് പഠിച്ചാലെങ്ങനെ രസിക്കാന്‍ പറ്റും. ഞാനത് പഠിക്കാതെ വായ് നോക്കി നിന്നതോണ്ടല്ലേ ആ കാഴ്ച കാണാന്‍ പറ്റിയത്. അതുകൊണ്ട് ബുക്ക് പഠിക്കരുത്, ചുറ്റുമുള്ളത് മാത്രം കാണുക. ഹ ഹ ഹ

ഗീതാഗീതികള്‍ said...

ആ ‘പഴേ പഴം‘ കൊള്ളാം.
ഇതൊക്കെ വെറും ഭാവനയിലുദിക്കുന്ന നര്‍മ്മമെന്നാണ് കരുതിയിരുന്നത്‌.
ഇതൊക്കെ നിഷ്കളങ്കമായി പ്രയോഗത്തില്‍ വരുത്തുന്നവരുണ്ടല്ലോ!

കണാരേട്ടന്മാര്‍ നീണാള്‍ വാഴട്ടേ........

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാലും മൈക്രോ ഇക്കണോമിക്സ് അവിടെ ഉപേക്ഷിച്ച് മുങ്ങിയത് മോശമായിപ്പോയി.

കൊച്ചു മുതലാളി said...

നല്ല അനുഭവം.
നല്ല കഥ. :)

മന്‍സുര്‍ said...

മുരളിഭായ്‌....


ഞാനിവിടെയുണ്ട്‌ കേട്ടോ...

ഇതു പോലെയൊരു കണാരേട്ടനെ ഞാനും കണ്ടിട്ടുണ്ട്‌

കഥ...മികച്ചത്‌...അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

താരാപഥം said...

കോമരം, കലക്കീട്ട്ണ്ട്‌.
പഴേ പഴം ഇവിടെ വിക്കാന്‍ പറ്റില്ല, പുത്യേ പഴം ഇണ്ടങ്ങെ ഇവടെ വിറ്റാല്‍ മതി, എന്ന ത്രാട്ട്‌ ഇഷ്ടായി. ഒരു ഇന്നസന്റ്‌ സ്റ്റയില്‍.

മുരളി മേനോന്‍ (Murali Menon) said...

ഗീതാ, കുട്ടിച്ചാത്തന്‍, കൊച്ചുമുതലാളി, മന്‍സൂര്‍, താരാപഥം :- വായനക്കും അഭിപ്രായത്തിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഏറനാടന്‍ said...

കണാരേട്ടന്റെ കദനകഥ മനസ്സില്‍ നിന്നും മായില്ല..

ആഗ്നേയ said...

ഭാംഗിയായി പരഞ്ഞിരിക്കുന്നു :-)

kilukkampetty said...

2008 മുഴുവനും ചിരിപ്പിക്കാന്‍ ആണോ‍ തീരുമാനം. നന്നായിട്ടുണ്ട് ട്ടോ.

സാക്ഷരന്‍ said...

“പഴേ പഴം ഇവിടെ വിക്കാന്‍ പറ്റില്ല, പുത്യേ പഴം മാത്രം വിറ്റാ മതി.

കൊള്ളാം നന്നായിരിക്കുന്നൂ

മുരളി മേനോന്‍ (Murali Menon) said...

ഏറനാടന്‍, ആഗ്നേയ, കിലുക്കാം‌പെട്ടി, സാക്ഷരന്‍ :- വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

പ്രയാസി said...

വളരെ വൈകിപ്പോയല്ലൊ ഇവിടെയെത്താന്‍..!

മുരളിയേട്ടാ നന്നായി വിവരണം..:)

സാരംഗി said...

ഓര്‍‌മ്മകളില്‍ നിന്നൊരേട് നന്നായി പകര്‍ത്തിയിരിക്കുന്നു .

( മൈക്രോ എകണോമിക്‌സിന്‌ തോറ്റോ ആവോ?) :)

മുരളി മേനോന്‍ (Murali Menon) said...

പ്രയാസി, സാരംഗി നന്ദി.

സാരംഗി: യൂണിവേഴ്സിറ്റിയിലെ മിക്ക കോളേജുകളിലും ഇക്കണോമിക്സിന് ആ കൊല്ലം (1984) ഫസ്റ്റ് ക്ലാസ് ചുരുക്കമായിരുന്നു. ഞാന്‍ പഠിച്ച കേരളവര്‍മ്മ കോളേജില്‍ 4 സെക്കന്റ് ക്ലാസ് മാത്രമായിരുന്നു കൂടുതലായ മാര്‍ക്ക്. ആ 4 എണ്ണത്തില്‍ ഒരാളായ് മാറിയതിനാല്‍ വീട്ടില്‍ നിന്നും അധികം പ്രശ്നം ഉണ്ടായില്ല.

സ്നേഹതീരം said...

എന്നാലും... മൈക്രൊഇക്കണോമിക്‍സ്‌-ന്റെ പുസ്തകം തെങ്ങിന്‍ ചോട്ടില്‍ ഇടേണ്ടായിരുന്നു :(

:) ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ രേവതിയുടെ 'കല്ലുകൊത്താനുണ്ടോ, കല്ല്...' ഓര്‍മ്മ വന്നു.:)

എന്തായാലും,കണാരേട്ടനോട്‌ മലയാളഭാഷ കടപ്പെട്ടിരിക്കുന്നു.. ഇനി കണാരേട്ടനെപ്പറ്റി ഞാനൊരു ഡയലോഗ്‌ പറയട്ടെ, 'ഇതാ.. കരിക്കിന്‍വെള്ളം പോലെ, കലര്‍പ്പില്ലാത്ത, നിഷ്കളങ്കനായ ഒരു മലയാള ഭാഷാസ്നേഹി'...

ഒരുപാടു വൈകിയതു കൊണ്ട്‌ ഇത്‌ വായിക്കാതിരിക്കുമോ?.. :(

കുട്ടന്‍മേനൊന്‍ said...

പായയുടെ ഇക്കണോമിക്സ് നന്നായി. ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒരു കഥാപാത്രമുണ്ടായിരുന്നു. ‘കൊള്ളി കൊള്ള്യേ.. തീക്കൊള്ളി’ എന്നു പറഞ്ഞ് വരുന്ന കൊള്ളിയമ്മായിയെ ‘കൊള്ളി കൊള്ളി തേക്കൊള്ളി ..’ എന്ന് തിരുത്താന്‍ പോയ ബാര്‍ബര്‍ രാമേട്ടന് എന്നും ആ തള്ള ഭരണിപ്പാട്ടുക്കൊണ്ട് അഭിഷേകം നടത്തും. ഓര്‍മ്മകള്‍..

മുരളി മേനോന്‍ (Murali Menon) said...

ഓര്‍മ്മകള്‍ പങ്കുവെച്ച കുട്ടന്മേനോനും, കണാരേട്ടനിലെ ഭാഷാസ്നേഹിയെ കണ്ടെടുത്ത സ്നേഹതീരത്തിനും നന്ദി.

Typist | എഴുത്തുകാരി said...

വിളിച്ചു പറഞ്ഞുപോകുന്ന എല്ലാ വില്പനക്കാര്‍ക്കുമുണ്ട്‌ അവരുടേതായ ചില ശൈലികള്‍. പലപ്പോഴും അതു നമുക്കു മന‍സ്സിലാകാറുമില്ല, പോയി നോക്കേണ്ടി വരും‍

സതീശ് മാക്കോത്ത് | sathees makkoth said...

കണാരേട്ടന്‍ കീ ജയ്.
കുമാരേട്ടനും കണാരേട്ടനും രണ്ട് പേരാണല്ലോ അല്ലേ? ജഗജില്ലന്മാര്‍!