Monday, January 28, 2008

മൂകദൂതന്‍

മുംബൈയില്‍ നിന്ന് കാഠ്മാണ്ഡുവിലേക്കുള്ള വിമാനത്തിലിരിക്കുമ്പോള്‍ എന്റെ മനസ്സു മുഴുവന്‍ വീര്‍ ബഹാദൂര്‍ പലപ്പോഴായ് ഒരതിഭാവുകത്തോടെ വര്‍ണ്ണിച്ചീട്ടുള്ള അവന്റെ ഗ്രാമമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ അവനോടൊപ്പം ആ ഗ്രാമം കാണാന്‍ ചെല്ലുമെന്ന് ഞാനവന് വാക്കുകൊടുത്തിരുന്നു. പക്ഷെ അതിങ്ങനെ ഒരു യാത്രയാവുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്. ഒരു ബാങ്കിന്റെ സാമ്പത്തികോപദേഷ്ടാവ് എന്ന നിലയില്‍ അതിന്റെ ബാലന്‍സ് ഷീറ്റുകള്‍ എത്ര പൂര്‍ണ്ണതയോടെയാണ് തയ്യാറാവേണ്ടത് എന്ന് നിഷ്ക്കര്‍ശിച്ചിരുന്ന എന്റെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റുകള്‍ പലപ്പോഴും ടാലിയാവാതെ, പാളീച്ചകള്‍ തിരിച്ചറിയാതെ എന്തൊക്കെയോ ആയിത്തീരുന്നത് ഒരു നിസംഗതയോടെ മാത്രം ഞാന്‍ കണ്ടു.


ഐ.ടി ഹെഡ് അതുല്‍ കുല്‍ക്കര്‍ണിയാണ് ഒരു ദിവസം കാലത്ത് വീര്‍ ബഹാദൂറിനെ എന്റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. നല്ല വെളുത്ത്, പാകത്തിന് ഉയരമുള്ള, നനുത്ത മീശയുള്ള, ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍ ഭവ്യതയോടെ കൈ കൂപ്പി നിന്നു. അതുല്‍ കുല്‍ക്കര്‍ണി ആദ്യം എന്നെ വീര്‍ ബഹാദൂറിന് ഇങ്ങനെ പരിചയപ്പെടുത്തി.
“മീറ്റ് മിസ്റ്റര്‍ യദുനന്ദന്‍, ഇക്കണോമിക് അഡ്വവൈസര്‍, യു ഹാവ് ടു ഡെവലപ് മെനി പ്രോഗ്രാംസ് ആസ് റിക്വയേര്‍ഡ് ബൈ ഹിം ഫ്രെം ടൈം ടു ടൈം”
പിന്നെ എനിക്കവനെ പരിചയപ്പെടുത്തി,

“സാര്‍, ഔര്‍ ന്യൂ അപ്പോയിന്റ്മെന്റ് മിസ്റ്റര്‍ വീര്‍ ബഹാദൂര്‍ കഡ്ക്ക, പ്രോഗ്രാമര്‍, എസ്പെഷലി അപ്പോയിന്റഡ് ടു ടേക് കെയര്‍ ഓഫ് യുവര്‍ പ്രോജക്റ്റ്സ്”.


തൊഴുതു നിന്ന അവന്റെ നേരെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ കൈ നീട്ടി. സദാ പുഞ്ചിരി തൂകി നില്‍ക്കുന്ന അവന്റെ മുഖം ഒന്നു കൂടി സന്തോഷം കൊണ്ട് വിടര്‍ന്നുവെന്ന് തോന്നി. ഷേക് ഹാന്‍ഡ് നല്കിയപ്പോള്‍ മുതല്‍ തനിക്കൊരു അനുജനെ കിട്ടിയ പ്രതീതിയായിരുന്നു മനസ്സില്‍. അന്ന് മുതല്‍ അവന്‍ എന്നെ യദു ഭായ് എന്നേ വിളിച്ചീട്ടുള്ളു. എനിക്കവന്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ബഹദൂറായിരുന്നു. ഞാനവനെ ബഹദൂറേ എന്ന് നീട്ടിവിളിക്കുന്നത് ഓഫീസില്‍ ചിരിയുണര്‍ത്തിയിരുന്നുവെങ്കിലും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമായിരുന്നു. ബഹാദൂര്‍ ഒരു നേപ്പാളിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ കണ്ടീട്ടുള്ള നേപ്പാളികളുടെ മട്ടും മാതിരിയുമൊന്നും അവനില്‍ ലേശം പോലും ഏശിയിരുന്നില്ല. അഞ്ചുമണി ആകുമ്പോഴേക്കും ഓഫീസ് പടിയിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരിക്കലും ബഹാദൂര്‍ ഉണ്ടായിരുന്നില്ല. എന്റെ സങ്കല്പത്തിനേക്കാള്‍ ഒരു പിടി മുന്നിലായിരുന്നു എല്ലാ പ്രോജക്റ്റിലും അവന്റെ കയ്യൊപ്പുകള്‍. ജോയിന്‍ ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആദ്യമായ് അവന്‍ സ്വന്തം ഗ്രാമത്തിലേക്ക് പോയത്. തന്റെ ഗ്രാമത്തിലേക്ക് വരുന്നോ എന്നവന്‍ പോകുമ്പോള്‍ എന്നോട് അന്വേഷിച്ചിരുന്നു. ഇനിയൊരിക്കലാവട്ടെ എന്ന് പറഞ്ഞൊഴിഞ്ഞു. വര്‍ഷങ്ങള്‍ക്കപ്പുറം പിന്നീടവന്‍ ക്ഷണിച്ചത് രജിസ്ട്രാറുടെ ഓഫീസിലേക്കായിരുന്നു. വിവാഹ രജിസ്ട്രേഷനില്‍ സാക്ഷിയുടെ സ്ഥാനത്ത് എന്റെ ഒരു കയ്യൊപ്പിടാനായിരുന്നു അത്. ‘വീര്‍ ബഹാദൂര്‍ വെഡ്സ് രുക്സാന.’ എവിടെയോ കേട്ടു പരിചയമുള്ള ഈ പേരിന്റെ ഉടമയെ ഞാന്‍ സാകൂതം നോക്കിയപ്പോള്‍ നാണത്താല്‍ സാരി കൊണ്ട് മുഖം മറച്ചവള്‍ നിന്നു. ‘അമ്പടീ, നീയായിരുന്നോ‘ എന്നാണ് പൊടുന്നനെ മനസ്സിലേക്ക് വന്നത്. ബാങ്കിന്റെ ഏതോ ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ ഞാനവളെ പലപ്പോഴും കണ്ടീട്ടുണ്ട്. ഞാന്‍ കാണുന്ന കണ്ണുകളോടെയല്ലല്ലോ ബഹാദൂര്‍ അവളെ കണ്ടത്. അങ്ങനെ ഒരനുജന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍.


അന്ന് പതിവില്ലാതെ ഞാനല്പം കൂടുതല്‍ കുടിച്ചിരുന്നുവെന്ന് തോന്നുന്നു. ഒരു പക്ഷെ എനിക്ക് ബന്ധുവിന്റെ എണ്ണം ഒന്നില്‍ നിന്ന് രണ്ടായ് വര്‍ദ്ധിച്ചതിന്റെ സന്തോഷമായിരിക്കാം. ബഹാദൂറിന്റെ വീട്ടില്‍ ഞാന്‍ ചെല്ലുന്നതും രുക്സാന വെച്ചു വിളമ്പിയ ആഹാരം കഴിക്കുന്നതുമൊക്കെ ആലോചിച്ച് പുതിയ ബന്ധങ്ങളുടെ മറ്റൊരു തരം ലഹരിയില്‍ ഞാന്‍ മയങ്ങി. എനിക്ക് ബന്ധങ്ങള്‍ വിധിച്ചീട്ടില്യാത്തതുകൊണ്ടാവും അവരുടെ മധുവിധുനാളുകള്‍ തീരും മുമ്പേ ഹിന്ദു മുസ്ലീം ലഹളയില്‍ ബഹാദൂറിനേയും, രുക്സാനയേയും മതഭ്രാന്തന്മാര്‍ തിരഞ്ഞുപിടിച്ചു കൊന്നത്. അന്നായിരുന്നു ഞാന്‍ രണ്ടാമതും സ്വയം മറന്ന് മദ്യപിച്ചത്.കാഠ്മാണ്ഡു വിമാനത്താവളത്തിലിറങ്ങുമ്പോള്‍ നട്ടുച്ചയായിരുന്നു. സൂര്യന്‍ നെറുകയില്‍ കത്തി നിന്നീട്ടും എന്തോ എനിക്ക് നല്ല കുളിര്‍മ്മയാണനുഭവപ്പെട്ടത്. വടക്ക് പര്‍വ്വതസാനുക്കളില്‍ മഞ്ഞുപാളികള്‍ മൂടിക്കിടന്നു. ദേവന്മാരുടെ നാട് ഒരുപക്ഷെ ഇവിടെ നിന്നാവാം ആരംഭിക്കുന്നതെന്ന് എനിക്ക് തോന്നി. ബഹാദൂര്‍ ഒരിക്കല്‍ വിവരിച്ച വഴികള്‍ മനസ്സില്‍ നിന്നും ചികഞ്ഞെടുത്ത് ഞാന്‍ അവന്റെ ഗ്രാമത്തിലേക്കുള്ള യാത്ര തുടര്‍ന്നു. അടച്ചുപൂട്ടിയ വാഗണ്‍ പോലെ തോന്നിയ ഒരു ബസ്സില്‍ വിരാട് നഗറിലേക്ക്. ബസ്സിന്റെ പുറമേ മോശമായ് തോന്നിയെങ്കിലും അകം വിശാലമായതും വൃത്തിയുള്ളതും ആയിരുന്നു. വൈകുന്നേരമായപ്പോഴാണ് വിരാട് നഗറിലെത്തിയത്. ഇനിയങ്ങോട്ടുള്ള യാത്രയെക്കുറിച്ച് ഒരവ്യക്തമായ ചിത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. നേപ്പാളിന്റെ അതിര്‍ത്തിയില്‍ ഹിമാലയസാനുക്കളിലെവിടെയോ ആണവന്റെ ‘ബാവുലിയ’ ഗ്രാമം. അല്ലെങ്കില്‍ നേപ്പാളിനും ചൈനക്കുമിടയിലെവിടെയെങ്കിലും ആയിരിക്കണം. വിരാട് നഗറില്‍ നിന്ന് പിന്നേയും മൈലുകള്‍ താണ്ടി നേപ്പാളിന്റെ അതിര്‍ത്തി പ്രദേശത്ത് ചെന്ന് അവിടെ നിന്ന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും നടന്നാലേ ഗ്രാമത്തിലെത്തുകയുള്ളുവെന്നാണവന്‍ പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. വിരാട് നഗറില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ വന്ന ബസ്സൊഴിച്ച് മറ്റൊരു വാഹനവും അവിടെ കണ്ടില്ല. കുറച്ച് കഴുതകള്‍ ഭാണ്ഡങ്ങള്‍ പേറി അവിടവിടെ മേയുന്നുണ്ടായിരുന്നു. വഴിയോരങ്ങളിലെ ഡാബകളില്‍ നിന്ന് ഹിന്ദി ഗാനങ്ങളും, പഞ്ചാബി ഗാനങ്ങളും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അതിനിടയില്‍ നേപ്പാളികളുടെ കലമ്പലും കലര്‍ന്ന് പാട്ടുകള്‍ പലപ്പോഴും അപശബ്ദങ്ങളായ് പുറത്തേക്കൊഴുകി. ഇനിയെങ്ങോട്ട് എന്ന മട്ടില്‍ വഴിവക്കില്‍ നിന്നിരുന്ന എന്നോട് ആരും ഒന്നും തന്നെ ചോദിച്ചില്ല. ഡാബകളിലേക്ക് എവിടെ നിന്നോ ചിലര്‍ വരുന്നതു കാണാം. അതുപോലെ ചിലര്‍ പുറത്തേക്ക് പോകുന്നതും കാണാം. പിന്നെ അവര്‍ എവിടെ അപ്രത്യക്ഷരാവുന്നുവെന്ന് കുറച്ച് നേരം ഞാന്‍ അത്ഭുതപ്പെട്ടു നോക്കി നിന്നു.
എയര്‍ ബാഗും തൂക്കി പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്ണിളകിയ റോഡിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ പുറകില്‍ ഒരു കുതിരവണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നിന്നു. ഹിന്ദി കലര്‍ന്ന നേപ്പാളിയില്‍ കുതിരവണ്ടിക്കാരന്‍ എനിക്ക് പോകേണ്ട ഇടം തിരക്കി. അതിര്‍ത്തിയിലെത്തിച്ചു തരാന്‍ പറയുന്നതിനായ് ഞാന്‍ കിട്ടാവുന്ന ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. രാത്രിയിലെപ്പോഴോ ആണ് നേപ്പാളിന്റെ അതിര്‍ത്തിയിലെത്തിയത്. മയക്കത്തിലാണ്ടുപോയ എന്നെ കുതിരവണ്ടിക്കാരന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു. ഞാനെഴുന്നേറ്റ് ചുറ്റും നോക്കി. വന്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടാണു ചുറ്റും. കുതിരവണ്ടിക്കാരനെ കാശുകൊടുത്ത് സന്തോഷിപ്പിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. റോഡെന്ന് പറയാവുന്നതിന്റെ അവസാന ഞെരമ്പില്‍ നിന്നും കുതിരയെ അയാള്‍ പുറകോട്ട് നടത്തി. പിന്നെ കുതിരവണ്ടി അകന്നകന്ന് പോകുന്ന ശബ്ദം രാത്രിയുടെ നിശബ്ദതയില്‍ പേടി മാറ്റാന്‍ സഹായിക്കുന്ന സംഗീതമായ് എനിക്ക് തോന്നി. മുന്നോട്ടുള്ളത് മനുഷ്യര്‍ ചവിട്ടി മെതിച്ചിട്ടിരിക്കുന്ന നടവഴികള്‍ മാത്രം.

എയര്‍ബാഗില്‍ നിന്നും ഞാന്‍ ടോര്‍ച്ച് തപ്പിയെടുത്തു. അകലെയെവിടെയോ തീയിട്ടു കായുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. അസമയങ്ങളില്‍ കരയുന്ന ചില പക്ഷികളുടെ ശബ്ദവും കേട്ട് ടോര്‍ച്ച് തെളിയിച്ച് ഞാന്‍ മുന്നോട്ടു നടന്നു. തീയിട്ടു കായുന്നവരുടെ സങ്കേതമായിരുന്നു എന്റെ ലക്ഷ്യം. നടപ്പാതകള്‍ ക്രമേണ തെളിയാതെയായി. മുന്നില്‍ ചെറിയ മലകളുടെ ഏറ്റിറക്കങ്ങള്‍ മാത്രം. കുറേ നടന്നപ്പോള്‍ വെളിച്ചം കണ്ടത് അത്രയൊന്നും അടുത്തല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു പക്ഷെ മലയുടെ രണ്ടാമത്തെ മടക്കിലായിരിക്കും ആളുകള്‍ തമ്പടിച്ചിരിക്കുന്നത്. ശക്തമായ തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ വിറയ്കാന്‍ തുടങ്ങി. എയര്‍ ബാഗില്‍ നിന്നും ഒരു സ്വെറ്റര്‍ എടുത്തിട്ടു. നൈക്കിന്റെ ചെവി മൂടുന്ന തൊപ്പിയും കൂടി ധരിച്ചപ്പോള്‍ തണുപ്പില്‍ നിന്നും നല്ല ആശ്വാസം കിട്ടി. ഞാനെത്തുമ്പോഴേക്കും തീ അണയാന്‍ തുടങ്ങിയിരുന്നു. ആകെ അഞ്ചുപേരുണ്ടായിരുന്നു അവിടെ. പിന്നെ കുറേ കഴുതകളും, ചുമടുകളും. തീയ്യിട്ടതിന്റെ അരികെ മൂന്നുപേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേര്‍ എന്തോ ചുരുട്ടിക്കത്തിച്ച് അതിന്റെ പുക വലിച്ചു കയറ്റുന്നുണ്ടായിരുന്നു. എന്നെ കണ്ടീട്ടാവണം ഉറങ്ങിക്കിടക്കുന്നവരെ അവര്‍ വിളിച്ചുണര്‍ത്തിയത്. കേട്ടറിഞ്ഞ ബഹാദൂറിന്റെ ഗ്രാമത്തെ കുറിച്ച് ഞാനവരോട് ഹിന്ദിയില്‍ പറഞ്ഞു. മനസ്സിലായെന്നതുപോലെ അവര്‍ തലകുലുക്കി. പുകവലിച്ചുകൊണ്ടിരുന്ന ഒരാള്‍ ആ ചുരുട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ സ്നേഹത്തോടെ അത് നിരസിച്ചു. തീ നാളം അണയാന്‍ പോകുന്നതു കണ്ടപ്പോള്‍ ഒരാള്‍ പോയി ഒരു ചെറിയ മരക്കൊമ്പു മുറിച്ചുകൊണ്ടു വന്നു തീയില്‍ കാട്ടിയതും അത് ആളിക്കത്താന്‍ തുടങ്ങിയത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒന്ന് പുകയുക പോലും ചെയ്യാതെ ഇത്ര ഭംഗിയായ് കത്തുവാന്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ആ മരത്തിന്റെ പേര്‍ ‘ദുപ്പി’ എന്നാണെന്നവര്‍ പറഞ്ഞു.


നേരം പുലരാന്‍ തുടങ്ങുമ്പോള്‍ അവര്‍ എന്നെ വിളിച്ചെഴുന്നേല്പിച്ചു. വീണ്ടും യാത്ര തുടര്‍ന്നു, കുറേ കയറ്റവും, ഇറക്കവുമൊക്കെ കഴിഞ്ഞപ്പോള്‍ ചെന്നു നിന്നത് ഒരു ചെറിയ നദിക്കരയിലാണ്. മഞ്ഞുപടലങ്ങളിലൂടെ സൂര്യന്റെ നേരിയ പ്രകാശം ചില പ്രത്യേക നിറങ്ങളില്‍ നദിയിലേക്ക് ചിതറി വീഴുന്നു. കൂടെയുള്ള അഞ്ചുപേരും നദിയില്‍ നിന്ന് വെള്ളം കോരിയെടുത്ത് കുടിക്കുകയും, മുഖം കഴുകുകയുമൊക്കെ ചെയ്യുന്നതുകണ്ടപ്പോള്‍ ഞാനും അവരോടൊപ്പം ചേര്‍ന്നു. കഴുതകള്‍ നദിയിലേക്ക് അധികം ഇറങ്ങാതെ മുഖം മാത്രം നീട്ടി വെള്ളം കുടിക്കുന്നുണ്ടായിരുന്നു. നദിക്കരികിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു ചെറിയ തോണി കിടന്നിരുന്നു. അതിലൊരാള്‍ മൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. കൂടെ വന്നവരിലൊരാള്‍ അയാളെ വിളിച്ചുണര്‍ത്തി. യാതൊരു ഈര്‍ഷ്യയും പ്രകടിപ്പിക്കാതെ ആ മനുഷ്യന്‍ എഴുന്നേറ്റ് തോണി എല്ലാവര്‍ക്കും കയറാവുന്ന ഒരു സ്ഥലത്തേക്ക് അടുപ്പിച്ചു. ആദ്യം ഒരാള്‍ തോണിയില്‍ കയറി. മറ്റുള്ളവര്‍ ചുമടെടുത്ത രണ്ടു കഴുതകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ചു. ഇങ്ങനെ ആ ചെറിയ നദിയുടെ കുറുകെ തോണി പലവട്ടം സഞ്ചരിച്ചു. ഒടുവിലെ ഊഴമായിരുന്നു എനിക്ക്. അവരെന്തോ ചില്ലറയെണ്ണി കടത്തുകാരനു നല്‍കി. അയാളതു വാങ്ങി എളിയില്‍ തിരുകിയ ഒരു കൊച്ചു സഞ്ചിയിലിട്ട് പിന്നെ ആകാംഷയോടെ എന്നെ നോക്കി. കൂടെയുള്ളവരെ മുഷിപ്പിക്കാതിരിക്കാന്‍ കുറച്ച് നാണയങ്ങള്‍ മാത്രം ഞാനും അയാള്‍ക്ക് നല്‍കി. വീണ്ടും ഞങ്ങളെല്ലാവരും മല കയറാന്‍ തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അവര്‍ വിശാലമായ ഒരു സ്ഥലത്ത് വിശ്രമിച്ചു. പക്ഷെ എനിക്ക് ഒട്ടും ക്ഷീണം തോന്നിയിരുന്നില്ല. ഭാണ്ഡങ്ങളഴിച്ച് അവര്‍ ചപ്പാത്തിയും ഉരുളക്കിഴങ്ങ് സബ്ജിയും കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ദുപ്പി മരങ്ങളെ തലോടി നിന്നു. പക്ഷെ സല്‍ക്കാരപ്രിയരായിരുന്ന അവര്‍ കൊണ്ടുവന്നതില്‍ ഒരു പങ്ക് എന്നെയും നിര്‍ബ്ബിന്ധിച്ച് കഴിപ്പിച്ചു. വെള്ളം മാത്രം അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതിനു പകരം അവര്‍ കുറച്ച് ഇലകള്‍ പൊട്ടിച്ചുകൊണ്ടു വന്ന് തിന്നു. ഒന്നു രണ്ടെണ്ണം ഞാനും കഴിച്ചു. അതോടെ ദാഹം മാറുകയും ചെയ്തു.


ബഹാദൂര്‍ പറഞ്ഞീട്ടുള്ളത് നദി കഴിഞ്ഞ് മല കയറി വൈകുന്നേരത്തോടെ ഒരു ബുദ്ധക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ്. നടന്നും, വിശ്രമിച്ചും, മലയിടുക്കള്‍ താണ്ടി സന്ധ്യ മയങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്തോത്രങ്ങളും മണിയൊച്ചയുമെല്ലാം അടുത്തടുത്തായ് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ കൂടെയുള്ള അഞ്ചുപേരും നിന്നു. ഒരാള്‍ എന്നോടു പറഞ്ഞു, ഞങ്ങള്‍ മറ്റൊരു വഴിക്കാണ്. താങ്കള്‍ ഇന്നിവിടെ തങ്ങുക. ഭക്ഷണവും താമസവും എല്ലാം ക്ഷേത്രത്തില്‍ സൌജന്യമാണ്. നാളെ മലയിറങ്ങുക. ഉച്ചയാവുമ്പോള്‍ അടിവാരത്ത് കുറേ ഗ്രാമങ്ങള്‍ കാണാം. അവിടെ നിന്ന് ഒരു ചെറിയ മല കയറിയാല്‍ താങ്കള്‍ പറഞ്ഞ ബാവുലിയ ഗ്രാമത്തിലെത്തും. ഹിന്ദിയും, ബോജ്‌പുരിയും, നേപ്പാളിയുമൊക്കെ കലര്‍ത്തിയാണവര്‍ എന്നോട് സംസാരിച്ചത്. ബഹാദൂറിന്റെ വിവരണങ്ങളെ തൊട്ടുണര്‍ത്താന്‍ അവരുടെ ഭാഷക്ക് കഴിയുന്നുണ്ടെന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു. അവര്‍ക്ക് നന്ദി പറഞ്ഞ് ഞാന്‍ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. മുണ്ഡിത ശിരസ്കനായ, കാഷായവും, രുദ്രാക്ഷവുമണിഞ്ഞ ഒരു ബുദ്ധസന്ന്യാസി എന്നെ ക്ഷേത്ര കവാടത്തില്‍ എതിരേറ്റു. പണ്ടെപ്പോഴോ കണ്ട ബ്രൂസിലി സിനിമകളിലെ ഷാവ്‌ലിന്‍ മാതൃകയായിരുന്നു ക്ഷേത്രത്തിന്. അതിന്റെ വിചിത്രമായ ചിത്രത്തൂണുകളും, കൊത്തുപണികളുള്ള വാ‍തിലുകളും, വാതിലുകളില്‍ തൂങ്ങിക്കിടക്കുന്ന കൊച്ചു കൊച്ചു മണികളും ഞാന്‍ കൌതുകത്തോടെ നോക്കി നടന്നു. സന്ന്യാസി എന്നെ ഇടനാഴികകളിലൂടെ നടത്തി പിന്നെ വിശാലമായ അകത്തളത്തിലെത്തിച്ചു. അവിടെ കിടന്നിരുന്ന ഭംഗിയുള്ള ഒരു പീഠത്തിലിരിക്കാന്‍ അപേക്ഷിച്ച് തല കുനിച്ച് വന്ദിച്ച് അദ്ദേഹം വന്ന വഴിയെ തിരിച്ചുപോയി.

ക്ഷേത്രത്തിലെ മണിനാദവും, സ്തോത്രങ്ങളും നിലച്ചപ്പോള്‍ അവിടം പരിപൂര്‍ണ്ണ നിശബ്ദതയിലമരുന്നത് ഞാന്‍ ഭക്തിയുടെ നിറവോടെ തിരിച്ചറിഞ്ഞു. ഇവിടെ ഒരുപാട് ബുദ്ധഭിക്ഷുക്കള്‍ ഉണ്ടെന്നാണല്ലോ ബഹാദൂര്‍ പറഞ്ഞിരിക്കുന്നത്. അവരൊക്കെ മൌനവ്രതത്തിലായിരിക്കുമോ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. അവര്‍ സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് ഇന്നൊരു രാത്രി കഴിച്ചു കൂട്ടണം. അത്ര തന്നെ. ആരെയെങ്കിലും കണ്ടാല്‍ കുളിക്കാനുള്ള സൌകര്യങ്ങള്‍ തിരക്കാമായിരുന്നുവെന്ന് വിചാരിക്കുമ്പോഴാണ് മറ്റൊരു ഭിക്ഷു കടന്നുവന്നത്. എന്റെ മനസ്സറിഞ്ഞതുപോലെ കുളിക്കാന്‍ സൌകര്യം ഒരുക്കിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരം ഇരുട്ടിയതുകൊണ്ട് തടാകത്തിലേക്ക് പോകുന്നത് പന്തിയല്ലെന്നും തത്ക്കാലം കുളിമുറിയില്‍ കുളിക്കാമെന്നും അദ്ദേഹം വിനയത്തോടെ അറിയിച്ചു. നല്ല ഹിന്ദിയിലായിരുന്നു ഭിക്ഷു സംസാരിച്ചത്. അദ്ദേഹത്തോടൊപ്പം ഇടനാഴി താണ്ടി കെട്ടിടത്തിന്റെ ഒരു മൂലയിലെത്തി. അവിടെ കോണ്‍ക്രീറ്റ്കൊണ്ടുള്ള വലിയൊരു തറയുണ്ടായിരുന്നു. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും സൌകര്യങ്ങളുണ്ടായിരുന്നു. പച്ചമരുന്നിട്ട് തിളപ്പിച്ച വെള്ളം ഒരു ചെമ്പുകലം നിറയെ വെച്ചിരുന്നു. സ്വെറ്റര്‍ ഊരിയപ്പോള്‍ ശരീരം തണുത്തുറഞ്ഞുപോകുമെന്ന് കരുതി. പക്ഷെ പച്ചമരുന്നിന്റെ മണമുള്ള ചൂടുവെള്ളം ശരീരത്തില്‍ വീണപ്പോള്‍ എല്ലാ ക്ഷീണവും മാറി കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്തു. കുളിക്കാന്‍ എന്നെ കൊണ്ടുപോയതുപോലെ മറ്റൊരു സന്ന്യാസി വന്ന് ഭക്ഷണത്തിനും എന്നെ കൊണ്ടുപോയി. അപ്പോഴാണ് ബഹാദൂര്‍ പറഞ്ഞിരുന്നത് ശരിയാണെന്ന് ബോധ്യമായത്. നിരവധി ബുദ്ധ സന്ന്യാസിമാര്‍ വരിവരിയായി ചമ്രം പടിഞ്ഞ് ഭക്ഷണത്തിനായ് ഇരിക്കുന്നു. അതിലൊരുവനായ് ഞാനും ഇരുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. എങ്ങോട്ട്, എന്തിന് എന്നൊക്കെയുള്ള അനാവശ്യ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുക എന്നത് എന്റെ ആവശ്യമാണ്. ഭക്ഷണം കഴിഞ്ഞപ്പോള്‍ കിടക്കാനുള്ള മുറിയിലേക്ക് മറ്റൊരു സന്ന്യാസി കൊണ്ടുപോയി.


കട്ടിയുള്ള തറയില്‍ കമ്പിളിയും വെള്ളയും വിരിച്ചിട്ടിരുന്നു. ശുഭരാത്രി പറഞ്ഞ് അദ്ദേഹം പോയി. കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. നാളെ ഉച്ചയോടെ ഞാന്‍ ബഹാദൂറിന്റെ ഗ്രാമത്തിലെത്തും. അവന്റെ വയസ്സായ അച്ഛനേയും, അമ്മയേയും, കൊച്ചു സഹോദരിയേയും ഞാന്‍ കാണും. അവന്റേതെന്ന് പറയാന്‍ മാത്രം പോലീസുകാര്‍ എന്നെ ഏല്പിച്ച വാച്ചും, മോതിരവും ബാങ്കിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത പണവും എനിക്കവരെ ഏല്പിക്കണം. മകന്റെ അകാലമരണത്തില്‍ എനിക്കാവുന്നതുപോലെ അവരെ ആശ്വസിപ്പിക്കണം. പറ്റുമെങ്കില്‍ അവരോടൊപ്പം കുറച്ചുനാള്‍ ഒരു മകന്റെ സ്നേഹം പകര്‍ന്ന് കൊടുത്ത് അതുപോലെ ഒരച്ഛന്റേയും, അമ്മയുടേയും, സഹോദരിയുടേയും സ്നേഹം നുകര്‍ന്ന് കഴിയുക. അവള്‍ ഓടി വന്ന് എന്നെ ചേട്ടാ എന്ന് വിളിക്കുന്നതും, അവന്റെ അമ്മ എന്നെ സ്നേഹത്തോടെ മോനേ എന്നു വിളിക്കുന്നതും, അവന്റെ അച്ഛന്‍ എന്റെ തോളില്‍ കയ്യിട്ട് തൊടിയിലൂടെ നടന്ന് ജീവിത സായാഹ്നങ്ങളിലേക്ക് നടന്ന് കയറിയതിന്റെ കഥ പറയുന്നതും ഞാന്‍ മനസ്സില്‍ കണ്ടു. മെല്ലെ മെല്ലെ വീര്‍ ബഹാദൂറിന്റെ വര്‍ണ്ണപകിട്ടുള്ള കഥകള്‍ നിറഞ്ഞ ഗ്രാമം അവന്റെ വാക്കുകളിലൂടെ സ്വപ്നത്തില്‍ തെളിഞ്ഞുവന്നു.

********

വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോഴായിരുന്നു ബഹാദൂര്‍ എന്നെ വീട്ടിലേക്ക് അത്താഴത്തിനു വിളിച്ചത്. രുക്സാന അത്താഴം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നെ ബഹാദൂര്‍ ടെറസ്സിന്റെ മുകളിലേക്ക് കൊണ്ടു പോയി. അവിടെ വിസ്കിയുടെ കുപ്പിയും, ഗ്ലാസും, കപ്പലണ്ടിയുമൊക്കെ അവന്‍ ആരും കാണാതെ എനിക്ക് വേണ്ടി ഒളിപ്പിച്ചു വെച്ചിരുന്നു. ഹേയ്, വേണ്ടിയിരുന്നില്ല, ഞാന്‍ പറഞ്ഞു. പക്ഷെ അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. അനുജന്‍ ചേട്ടനുവേണ്ടി ഗ്ലാസില്‍ വിസ്കി പകര്‍ന്ന് തന്നു. ഞാനത് നുണഞ്ഞുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ വീര്‍ ബഹാദൂര്‍ ഏറെ സന്തോഷത്തോടെ തന്റെ ഗ്രാമത്തെ പറ്റി പറയാന്‍ തുടങ്ങി. ഗ്രാമത്തിലെ പല സംഭവങ്ങളും പലപ്പോഴായി എന്നോട് പറഞ്ഞീട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ അവന്‍ ഒരടുക്കും ചിട്ടയോടും കൂടിയാണ് ഗ്രാമത്തിന്റെ കഥ പറയുന്നത്. അതുകൊണ്ടു തന്നെ കേള്‍ക്കുവാന്‍ എനിക്ക് നല്ല മൂഡുണ്ടായിരുന്നു. ഞാന്‍ എന്നോ വായിച്ചീട്ടുള്ള ഇര്‍വിംഗ് വാലസ്സിന്റെ ഏതോ ഒരു നോവലിലെ ഗ്രാമത്തെ പറ്റിയാണോ അവന്‍ പറയുന്നതെന്നു പോലും ഞാന്‍ സംശയിച്ചു. അവന്‍ ആയിരം നാവോടെ പറയുകയാണ്.


“..........ഓരോ മലയിടുക്കുകളിലും പത്തിരുപത് വീടുകളുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. മഞ്ഞു പുതച്ചു കിടക്കുന്ന സുന്ദരിയായ ബാവുലിയാ ഗ്രാമം. യദുഭായ്, ഞങ്ങളുടെ ഗ്രാമത്തിലെ ആചാരങ്ങളും, ആഘോഷങ്ങളും മനോഹരങ്ങളായിരുന്നു. പരസ്പരം അറിയാത്ത, സംസാരിക്കാത്ത ആരുമുണ്ടായിരുന്നില്ല ആ ഗ്രാമത്തില്‍. ഉരുളന്‍ കിഴങ്ങ് പുഴുങ്ങിയതും, പച്ചിലക്കറികളും, ആട്ടിറച്ചിയുമൊക്കെയാണ് പ്രധാന ഭക്ഷണം. ആര്‍ക്കും പട്ടിണിയൊന്നും ഇല്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ഗവണ്മെന്റ് വക ഒരു സ്കൂള്‍. അതും വെറും രണ്ടാം ക്ലാസ് വരെ മാത്രം. ആടുമേച്ച് നടക്കാനായിരുന്നു ഗ്രാമങ്ങളിലെ കുട്ടികള്‍ക്കിഷ്ടം. മിക്കവാറും ചെറുപ്പക്കാരെ അതിര്‍ത്തി കാവലിനായ് പട്ടാളത്തിലേക്കെടുക്കുന്നു. മറ്റു ചിലര്‍ ഷേര്‍പ്പകളായ് എവറസ്റ്റ് കയറുന്നവര്‍ക്ക് കൂട്ടായ് തീരുന്നു. പട്ടാളത്തില്‍ പോയവരും, എവറസ്റ്റ് കയറിയവരും തിരിച്ചുവരുന്നതും കാത്തിരിക്കുന്നവരുടെ എണ്ണം ഏറെയാണ് ഗ്രാമത്തില്‍. ചിലരൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം വന്നുവെന്നു വരും. എന്റെ ഓര്‍മ്മയില്‍ തിരിച്ചുവരാത്തവര്‍ ഒരുപാടുണ്ട്. പക്ഷെ അവരൊക്കെ വരുമെന്നുള്ള ഉറച്ച വിശ്വാസം ഞങ്ങളുടെ ഗ്രാമീണര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സന്തോഷത്തോടെ, സ്നേഹത്തോടെ, സഹകരണത്തോടെ ജീവിച്ചു. ഞാന്‍ സ്കൂള്‍ മാസ്റ്ററായ സാംബുദേവ് മാസ്റ്ററുടെ നിഴല്‍ പറ്റി നടക്കാനാണ് ഏറെ ഇഷ്ടപ്പെട്ടത്. ആ ഗ്രാമത്തിലേക്ക് വരുന്ന കത്തുകള്‍ വായിക്കാന്‍ എല്ലാവരും ആശ്രയിച്ചത് സാംബുദേവ് മാസ്റ്ററെ ആയിരുന്നു. മാസിലൊരിക്കല്‍ പലവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നതിനായ് വിരാട് നഗറില്‍ പോകുന്നവരാണ് കത്തുകള്‍ കൊണ്ടുപോകുകയും, കൊണ്ടുവരികയും ചെയ്യുന്നത്. സ്കൂളിന്റെ തിണ്ണയിലിരുന്ന് മാസ്റ്റര്‍ കത്തുകള്‍ ഉറക്കെ വായിക്കും.അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് ഓരോ വീട്ടിലേയും കാര്യങ്ങള്‍ ഹൃദ്യസ്ഥമാണ്. വായിച്ച കത്തുകള്‍ ഗ്രാമവാസികളെ ഏല്പിക്കുമ്പോള്‍ അവര്‍ പറയും. അതിന് മാഷ് തന്നെ എല്ലാ കാര്യങ്ങളും കാണിച്ച് ഒരു മറുപടിയും എഴുതണം. അങ്ങനെ മാസ്റ്റര്‍ക്ക് രാവും, പകലും തിരക്കോടു തിരക്കായിരുന്നു. ആടുമേയ്ക്കാതെ, വെയില്‍ കൊള്ളാതെ സ്കൂളിനകത്തിരുന്ന് മാസ്റ്റര്‍ ഗ്രാമവാസികളുടെ സ്നേഹവും, പരിചരണവും കൊണ്ട് തടിച്ചു കൊഴുത്തിരുന്നു. ഏതാണ്ട് മദ്ധ്യവയസ്കനായിരുന്ന സാംബുദേവ് മാസ്റ്റര്‍ ആ ഗ്രാമത്തിലെ യുവതികളുടെ ആരാധനാപാത്രമായിരുന്നു. നല്ല പ്രായത്തില്‍ തന്നെ മാസ്റ്റരുടെ ഭാര്യ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം ചെയ്യാനൊന്നും മാസ്റ്റര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കല്ല്യാ‍ണം കഴിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മാസ്റ്റര്‍ക്ക് ചുറ്റും എപ്പോഴും യുവതികളുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു മോളുണ്ടായിരുന്നു. മാസ്റ്റര്‍ യുവതികളെ സഹായിക്കുന്നതുകൊണ്ട് മോളുടെ കാര്യം നോക്കാന്‍ യുവതികള്‍ തമ്മില്‍ മത്സരമായിരുന്നു. ഒരുപക്ഷെ മാസ്റ്ററെ പോലെയാവാനുള്ള എന്റെ ഉള്ളിന്റെ ഉള്ളിലെ മോഹമാവാം കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ അകലെയുള്ള വിരാട് നഗറിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് പഠിപ്പു തുടര്‍ന്നു. അവിടെ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. മാസിലൊരിക്കല്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ എന്റെ മുഴുവന്‍ ജീവിതവും പുറം നാട്ടിലായിരുന്നു. പിന്നീട് ജോലി തേടി മുംബൈ നഗരത്തില്‍ വന്നതും, ഹോട്ടല്‍ ജോലി ചെയ്ത് നൈറ്റ് സ്കൂളില്‍ പഠിച്ചതും, ഗോള്‍ഡ് മെഡലോടെ ഡിഗ്രിയെടുത്തതുമൊക്കെ ദാ ഇന്നലത്തെ പോലെ തോന്നുന്നു. യദുഭായ്‌ക്കറിയാമോ, ഒരു പക്ഷെ മഞ്ഞുമലയില്‍ നിന്നുള്ള ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ഞാനായിരിക്കും ഓരോ തവണയും ഗ്രാമത്തിലെത്തുമ്പോള്‍ യുവതികള്‍ ഒരു വീരപുരുഷനെ സ്വീകരിക്കുന്ന മട്ടിലായിരുന്നു എന്നെ സ്വീകരിച്ചിരുന്നത്. സാംബുദേവ് മാസ്റ്ററെ മറന്ന പെണ്‍കുട്ടികളുടെ ദിവാസ്വപ്നങ്ങളില്‍ ഇപ്പോള്‍ ഞാനൊരു ഗന്ധര്‍വ്വനായ് നിറഞ്ഞു നില്‍ക്കുകയാണോന്നൊരു സംശയം. എന്റെ സന്ദര്‍ശനങ്ങള്‍ ഗ്രാമവാസികള്‍ക്കുത്സവമായി. അവരുടെ നിറവേറാന്‍ ബുദ്ധിമുട്ടുള്ള ആശകളൊക്കെയായിരുന്നു ഞാന്‍ കൊടുക്കുന്ന വിദേശ മദ്യത്തിലും, സുഗന്ധദ്രവ്യങ്ങളിലുമൊക്കെയായി അലിഞ്ഞു ചേര്‍ന്നത്. പഠിപ്പും, ജോലിയുമായ് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന എനിക്ക് സാംബുമാസ്റ്ററുടെ വിറയാര്‍ന്ന കൈപ്പടകളിലൂടെയാണ് ഗ്രാമവിശേഷങ്ങളെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങളോളം ഗ്രാമത്തിലെ വിശേഷങ്ങളൊന്നും അറിയാതിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായ് പെട്ടെന്ന് ഗ്രാമത്തിലെത്തി.

സാംബുമാസ്റ്റര്‍ തളര്‍വാതം പിടിച്ച് കിടപ്പിലായെന്നും അതുകൊണ്ടിനി ഞാന്‍ ഗ്രാമത്തില്‍ നിന്ന് പോകരുതെന്നും ഗ്രാമവാസികള്‍ അപേക്ഷിച്ചു. വസന്തോത്സവത്തിനു തുടക്കമാവാന്‍ വെറും രണ്ടു ദിവസമുള്ളപ്പോഴായിരുന്നു ഞാന്‍ അന്ന് ഗ്രാമത്തിലെത്തിയത്. കുറ്റിക്കാടുകള്‍ വെടുപ്പാക്കി ദേവിമാതായുടെ വിഗ്രഹത്തില്‍ ചെമ്മരിയാടിനെ ബലിയര്‍പ്പിച്ച് ആ ചോരകൊണ്ട് വിഗ്രഹം കഴുകി, ചെമന്ന കാട്ടുപൂക്കളണിയിക്കുന്നതോടെ ആഹ്ലാദത്തിന്റെ ദിവസം ആരംഭിക്കുന്നു. ബലിയര്‍പ്പിച്ച ചെമ്മരിയാടിന്റെ മാംസം അവിടെ തന്നെ പാകം ചെയ്ത് പ്രസാദമായ് എല്ലാവരും ഭക്ഷിച്ചുകൊണ്ട് കലാ പരിപാടികളിലേക്ക് കടക്കുക എന്നതാണ് ഉത്സവം. ഓരോ വര്‍ഷവും ദേവിമാതയ്ക്ക് ബലിയര്‍പ്പിക്കാനുള്ള അവകാശം ഗ്രാമത്തിലെ ഏത് വീട്ടുകാര്‍ക്കാണ് എന്നത് ദേവി സ്വപ്നദര്‍ശനത്തിലൂടെ ഗ്രാമത്തലവന് വെളിപ്പെടുത്തുമത്രെ. അതുകൊണ്ടു തന്നെ ദേവിക്കു ബലിയര്‍പ്പിക്കാനുള്ള അവകാശത്തിനുവേണ്ടി ഓരോ വീട്ടുകാരും ആശയോടെ കാത്തിരിക്കും. മാനിറച്ചിയും, കഞ്ചാവും കാഴ്ച വെക്കുന്നവര്‍ പിന്നീട് ഗ്രാമത്തലവന്റെ സ്വപ്നദര്‍ശനത്തില്‍ ബലിയര്‍പ്പിക്കാന്‍ യോഗ്യരായ് തീരുന്ന വിവരം പിന്നീടെപ്പോഴോ ഞാന്‍ മനസ്സിലാക്കിയിരുന്നു. സാംബുമാസ്റ്റര്‍ കിടപ്പിലായതോടെ പട്ടാളത്തിലും, എവറസ്റ്റിലും പോയ മക്കളുടെ വിശേഷങ്ങളറിയാതെ അമ്മമാരും, ഭാര്യമാരും മനം നൊന്തു ജീവിച്ചു. അതുകൊണ്ടുതന്നെ എനിക്ക് മുംബൈയിലേക്കാള്‍ തിരക്കേറി. കത്തുകള്‍ വായിക്കുകയും, മറുപടി എഴുതുകയുമൊക്കെ എനിക്ക്ഏറ്റെടുക്കേണ്ടി വന്നു. ഭര്‍തൃവിരഹത്തില്‍ പലരും എന്റെ നെഞ്ചിലും, പുറത്തും ചാരി നിന്നു വിതുമ്പി. നിയന്ത്രിക്കാനാവാത്ത വിധം മാംസളതയുടെ സ്പര്‍ശനവും, ചുടുനിശ്വാസങ്ങളുമൊക്കെ ഏറ്റുവാങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന് ഗ്രാമം വിടാന്‍ ഞാന്‍ നിശ്ചയിക്കുകയായിരുന്നു. പാവങ്ങളായ സ്ത്രീകളെ മയക്കിയെടുത്ത് ഒരു കാമദേവനായ് വേണമെങ്കില്‍ എനിക്കു കഴിയാമായിരുന്നീട്ടും ഞാനതിനു തയ്യാറായില്ല.


പിറ്റേന്ന് തിരിച്ചുപോകാനായ് വസ്ത്രങ്ങള്‍ എയര്‍ബാഗിലൊതുക്കുമ്പോള്‍ തൊട്ടടുത്തായ് കുപ്പിവളകള്‍ ചിരിച്ചു. വിരഹാതുരയായ ഏതെങ്കിലും തരുണി ഒരു കത്തെഴുതാന്‍ എന്നോട് പറയാന്‍ വന്നതായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. അതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ വസ്ത്രങ്ങളെല്ലാം അടുക്കി വെക്കുന്നതുവരെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയതേയില്ല. പിന്നെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ പോയിരിക്കും എന്ന് കരുതി. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ യൌവനയുക്തയായ ഒരു സുന്ദരി. കണ്ണാടി കഷ്ണങ്ങള്‍ വെച്ചു തുന്നിയ ചോളിയും തുട മറയ്ക്കുന്ന ജംബറുമിട്ട് ഇടതു കയ്യിലെ കുപ്പി വളകള്‍ കിലുക്കി പാതി മിഴികള്‍ വളകളിലും പാതി എന്നിലുമര്‍പ്പിച്ച് അവള്‍ നിന്നു. ജനലില്‍ കൂടി അകത്തു കടന്ന സൂര്യപ്രകാശം അവളുടെ ചോളിയില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ചിമ്മി. എനിക്ക് വിശ്വസിക്കാനായില്ല. അവള്‍ സാംബുദേവ് മാസ്റ്റരുടെ മകള്‍ ബാബുനി തന്നെയാണോ. കുട്ടിക്കാലത്ത് മാസ്റ്റരോടൊപ്പം നടന്നപ്പോള്‍ മറ്റൊരു കൂട്ടായ് ബാബുനിയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിനടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടു നിന്ന അവളെ കെട്ടിപ്പിടിച്ച് ചുംബിച്ചത് ഞാനെന്തേ ഇത്ര പെട്ടെന്ന് മറന്നു പോയതെന്നാലോചിച്ച് കുറ്റബോധം തോന്നി. ബാബുനി എന്നേയും, വസ്ത്രങ്ങള്‍ നിറച്ച എയര്‍ബാഗിലും മാറി മാറി നോക്കി നിന്നു. ഞാനപ്പോള്‍ രുക്സാനയെകുറിച്ചോര്‍ത്തു. പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോന്നീട്ട് നാളേറെയായി. അവള്‍ക്ക് ഒരു കത്തു പോലും അയച്ചീട്ടില്ല.


“എന്താ വീര്‍ സാഹബ് ആലോചിക്കുന്നത്? ഞാന്‍ വന്നതിഷ്ടമായില്ലേ”
അവള്‍ ഗദ്ഗദത്തോടെയാണത് ചോദിച്ചത്. എനിക്ക് വേദന കലര്‍ന്ന ഒരു ചിരി സമ്മാനിക്കാനേ കഴിഞ്ഞുള്ളു. അച്ഛന്‍ കിടപ്പിലായതിനുശേഷം ആരും അങ്ങോട്ട് വരാറില്ലെന്നും, വീട്ടില്‍ നിന്ന് പോന്നീട്ട് അധിക നേരമായെന്നും അതുകൊണ്ട് തിരിച്ചുപോകുന്നെന്നും പറഞ്ഞ് അവള്‍ നടന്നകന്നു. എന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു. ബാബുനി എനിക്കു വേണ്ടിയാണോ കാത്തിരിക്കുന്നത്. വീട്ടുകാരും ഒരു പക്ഷെ അതു തന്നെ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ എന്റെ വീട്ടില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ കടന്നു വരില്ലായിരുന്നു. പക്ഷെ ഞാന്‍ അവളോട് അങ്ങനെയൊന്നും ഇതുവരെ പറഞ്ഞീട്ടില്ല. അതേ സമയം ഞാന്‍ വാക്കുകൊടുത്തു കഴിഞ്ഞൊരു പെണ്ണ് എനിക്കുവേണ്ടി മുംബൈയില്‍ കാത്തിരിപ്പുണ്ട്. ഈ ഗ്രാമം കാത്തിരിപ്പിന്റെ ഗ്രാമമായതിനാല്‍ ബാബുനിയും കുറച്ചു നാള്‍ എന്നെ കാത്തിരുന്ന് പിന്നെ ക്രമേണ എല്ലാംമറക്കുകയും ഏതെങ്കിലും പട്ടാളക്കാരനൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ആശ്വസിച്ച് ഞാന്‍ ഗ്രാമത്തോട് യാത്രപറഞ്ഞ്, മലയും താഴ്വാരങ്ങളും താണ്ടി മുംബൈ നഗരത്തിലെത്തി. അപ്പോഴാണ് രുക്സാനയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. എന്റെ യദുഭായ് അത് ഭംഗിയായ് നടത്തി തരികയും ചെയ്തു. ശരി, യദുഭായ്ക്ക് കുറേ ദൂരം പോണ്ടതല്ലേ, ഇനി നമുക്ക് ഭക്ഷണം കഴിക്കാം.

************
ക്ഷേത്രത്തില്‍ നിന്നുള്ള മണിനാദവും, പ്രാര്‍ത്ഥനയും കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. സ്വപ്നം കണ്ട് കിടന്നതുകൊണ്ട് ഉറക്കം തീരെ ശരിയായില്ല. നേരത്തേ ഇവിടെ നിന്ന് മലയിറങ്ങിയാലേ ഉച്ചതിരിയുമ്പോഴേക്കും ബഹാദൂറിന്റെ ഗ്രാമത്തിലെത്തുകയുള്ളു. പക്ഷെ ഒന്നിനും ഒരുന്മേഷമില്ലാത്തതുപോലെ. വാതില്‍ക്കല്‍ ഒരു സന്ന്യാ‍സി പ്രത്യക്ഷപ്പെട്ടു. ഓരോ സമയത്തും വേറെ വേറെ സന്ന്യാസിമാര്‍ വരുന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. വന്നവരോടൊക്കെ ഒന്നോ രണ്ടോ വാക്ക് മാത്രമേ സംസാരിച്ചീട്ടുള്ളുവെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. സന്ന്യാസി ശിരസ്സ് കുനിച്ച് വന്ദിച്ച് പറഞ്ഞു, “അങ്ങയെ കാണാന്‍ ഗുരുജിക്ക് താത്പര്യമുണ്ട്. എന്റെ കൂടെ വന്നാലും.” “പക്ഷെ ഞാന്‍ പ്രഭാതകര്‍മ്മങ്ങളൊന്നും ചെയ്തീട്ടില്ല, അതുകഴിഞ്ഞ് വന്നാല്‍ പോരേ?” ഞാന്‍ ചോദിച്ചു.ഗുരുജിക്ക് മറ്റു ചില ചടങ്ങുകളുണ്ടെന്നും ഇവിടെ വരുന്നവരെ കാലത്ത് തന്നെ കാണുക പതിവാണെന്നും അറിയിച്ച അദ്ദേഹം എന്നേയും കൂട്ടി ഗുരുജിയുടെ മന്ദിരത്തിലേക്ക് പോയി. നിലത്ത് കരിമ്പടം വിരിച്ച് അതില്‍ പത്മാസനത്തില്‍ ഇരിക്കുന്ന ഗുരുജിയെ സന്ന്യാസി വണങ്ങിയപ്പോള്‍ ഞാനും അതുപോലെ വണങ്ങി. സന്ന്യാസി തിരിച്ചുപോയി. ഗുരുജി എന്നോട് ഉപവിഷ്ടനാവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.


ഗുരുജി മനോഹരമായ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇന്ന് വിരാട്നഗറിലേക്ക് തിരിച്ച് കാട്ടിലൂടെ ഒറ്റക്ക് പോകുന്നത് ഉചിതമല്ല. ഇനി രണ്ടുനാള്‍ കഴിഞ്ഞാല്‍ ബാവുലിയായില്‍ നിന്നും യാത്രക്കാരുണ്ടാവും. അവരുടെ കൂടെ പോകാം. അതുവരെ ഇവിടെ വിശ്രമിക്കാം.”
ഞാന്‍ എന്റെ ആഗമനോദ്ദേശ്യം ഗുരുജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുറേ നേരം ഒന്നും മിണ്ടാതെ കണ്ണടച്ച് ധ്യാനിച്ചിരുന്നു. പിന്നെ മെല്ലെ കണ്ണു തുറന്നു. വളരെ ശാന്തമായ ആ മുഖത്ത് നോക്കിയപ്പോള്‍ എന്റെ മനസ്സും തിരകളടങ്ങിയ കടലിന്റെ ശാന്തതയായി അനുഭവപ്പെട്ടു. എങ്കിലും ബഹാദൂറിന്റെ മരണത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും ചോദിക്കുമോയെന്നും വീണ്ടും കഥകളോരോന്നായ് പറയുമ്പോള്‍ അതുവരെ പിടിച്ചു നിന്ന എന്റെ നിയന്ത്രണം വിട്ടു പോകുമോ എന്നും ഞാന്‍ ഭയന്നു.

പക്ഷെ ഗുരുജി ചോദിച്ചത് എന്നെക്കുറിച്ചായിരുന്നു, “യദുനന്ദനന്റെ അച്ഛനും, അമ്മയും എവിടെയാണ്?”

പ്രതീക്ഷിച്ച ചോദ്യമല്ലാത്തതിനാല്‍ പൊടുന്നനെ ഉത്തരം പറയാനായില്ല. തെല്ലിട മൌനത്തിനുശേഷം ഞാന്‍ പറഞ്ഞു,

“അച്ഛനും, അമ്മയും ഇല്ല” എന്റെ ശബ്ദത്തിനു വിറയലുള്ളതായ് തോന്നി.
“രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണോ ഉദ്ദേശിച്ചത്?” ഗുരുജി വീണ്ടും ചോദിച്ചു.

“അച്ഛന്‍ മരിച്ചുപോയി. അമ്മയെ ഞാന്‍ മറന്നുപോയി.” വായില്‍ വന്നത് അതുപോലെ പറയുകയായിരുന്നു. മറുപടി കേട്ട് ഗുരുജിയുടെ മുഖം മങ്ങിയതുപോലെ തോന്നി. ചിലപ്പോള്‍ എന്റെ വെറും തോന്നലാകാം എന്നാശ്വസിച്ചു.

“മരിച്ചതിന്റെ കാരണം പറഞ്ഞില്ലെങ്കിലും, മറന്നതിന്റെ കാരണം പറയുന്നത് യദുവിന് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ നല്ലതാണ്.” ഗുരുജി ഉപദേശരൂപേണയാണത് പറഞ്ഞത്.

എന്റെ മനസ്സിനെ ഗുരുജി വര്‍ഷങ്ങള്‍ പുറകിലേക്ക് കൊണ്ടുപോകുകയായിരുന്നു. വലിയ വലിയ സ്ഥാനമാനങ്ങളില്‍ തിരക്കിലായിരുന്ന അച്ഛന്റെ മകനായിരുന്നു ഞാന്‍. എന്തിനും നിറയെ പരിചാരകര്‍. പക്ഷെ അമ്മയെ മാത്രം ഞാന്‍ അടുത്തു കണ്ടില്ല. പലപ്പോഴും പാര്‍ട്ടിയില്‍ ആരുടെയെങ്കിലും കൈകളില്‍ തൂങ്ങി, അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും തോളില്‍ തൂങ്ങി.... എന്നെ ഒന്നു തൊടുകയോ, എന്നോട് ചിരിക്കുകയോ ചെയ്തില്ല. അമ്മയുടെ ഇഷ്ടമില്ലാതെ എന്നെ സൃഷ്ടിച്ചുവെന്ന കുറ്റമായിരുന്നു അച്ഛനും ഞാനും ജീവിതകാലം പേറിയത്. അതിന്റെ പ്രതികാരം എന്നേക്കാള്‍ അച്ഛനെയാണ് തകര്‍ത്തതെന്ന് തോന്നി. പക്ഷെ അച്ഛന്‍ സമയം കിട്ടുമ്പോഴൊക്കെ എന്നോടൊപ്പം കൂടി. ഒരു ചങ്ങാതിയെപോലെ ആയിരുന്നു അച്ഛന്‍. സ്വന്തം അനുഭവങ്ങളില്‍ നിന്ന് നല്ലത് മാത്രം എനിക്ക് പകര്‍ന്നു തന്നു.. പലതും പറയുമ്പോള്‍ അച്ഛന്റെ കണ്ണു നിറയുന്നത് ഞാന്‍ നോക്കി നിന്നു. അപ്പോള്‍ ഞാനും കൂടെ കരഞ്ഞു. മനസ്സ് പിടയുമ്പോള്‍ അദ്ദേഹം ഒന്നിനു പുറകെ ഒന്നായ് ചുരുട്ട് വലിച്ച് തള്ളുന്നത് ഞാന്‍ കണ്ടീട്ടുണ്ട്. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സര്‍ വന്ന് ഭക്ഷണമെല്ലാം ദ്രാവകരൂപത്തില്‍ കൊടുക്കുമ്പോഴും കഴുത്തിലെ ദ്വാരത്തിലൂടെ അവയൊക്കെ പുറത്തേക്കൊഴുകുമായിരുന്നു. ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞ അമ്മ ഞങ്ങളെ തനിച്ചാക്കി ആരുടെ കൂടെയോ പോയി. പരിചാരകരുടെ തിരക്ക് കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ വീട്ടില്‍ അച്ഛനും, ഞാനും തനിച്ചായി. അച്ഛന്റെ കുഴിഞ്ഞ കണ്ണുകളും, ശോഷിച്ച ശരീരവും, വിറയാര്‍ന്ന ശബ്ദവും എന്റെ മനസ്സില്‍ എന്നും പച്ച പിടിച്ച് നില്‍ക്കും. എന്റെ പഠിപ്പിനൊരു കുറവും വരുത്താതിരിക്കാന്‍ അച്ഛന്‍ വേണ്ടതൊക്കെ ചെയ്തുവെച്ചിരുന്നു. അച്ഛന്റെ മകനായ് എല്ലാ ക്ലാസിലും ഒന്നാമനായ് ചെല്ലുമ്പോള്‍ കെട്ടിപ്പിടിച്ചുകൊണ്ടച്ഛന്‍ പറയും, “മോനേ യദൂ, ഓരോ വിജയത്തിലും ആഹ്ലാദിക്കുമ്പോള്‍, പരാജയത്തിന്റെ മുന്നിലൂടെ കടന്നാണ് വിജയത്തിലെത്തിയതെന്ന് നീ എപ്പോഴും മനസ്സില്‍ കരുതണം. കാരണംഎന്നെങ്കിലുമൊരിക്കല്‍ പരാജയത്തിനപ്പുറം പോകാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെ മനസ്സ് പതറാതിരിക്കാന്‍ വേണ്ടിയാണ് അച്ഛനിത് പറയുന്നത്”. അത് പറഞ്ഞ് തീര്‍ന്നപ്പോള്‍ ആ കുഴിഞ്ഞ കണ്ണുകളില്‍ കണ്ണീരിന്റെ നനവ് ഞാന്‍ കണ്ടു. അച്ഛന്റെ ഉപദേശം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനും അതില്‍ അഹങ്കരിക്കാതിരിക്കാനും എന്നെ പഠിപ്പിച്ചു.


എന്റെ കഥ തുടരാതിരിക്കാനാവാം ഗുരുജി പെട്ടെന്ന് പറഞ്ഞു തുടങ്ങി, “ബാവുലിയ ഗ്രാമത്തില്‍ മകന്റെ വരവിനായ് കാത്തിരിക്കുന്ന ഒരു കുടുംബമല്ല, മക്കള്‍ക്കായ് കാത്തിരിക്കുന്ന അനേകം കുടുംബങ്ങളുണ്ട്. അതില്‍ അവര്‍ക്ക് പുതുമകളില്ല. ബഹാദൂറിന്റെ മാതാപിതാക്കളുടെ ആ പ്രതീക്ഷ നില നില്‍ക്കുകയാണ് വേണ്ടത്. ഒരു മരണ ദൂതനായ് യദുനന്ദന്‍ അവിടെ കടന്നു ചെല്ലരുതെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ക്കതുകൊണ്ട് ഒന്നും നേടാനില്ല. കഴിയുമെങ്കില്‍ അവന്റെ ആനുകൂല്യങ്ങള്‍ മാസാമാസങ്ങളില്‍ അവര്‍ക്ക് കിട്ടത്തക്ക വിധത്തില്‍ എന്തെങ്കിലും ചെയ്യൂ. അതും അവര്‍ക്ക് ഇനിയെത്ര നാള്‍”ഗുരുജി പറഞ്ഞവസാനിപ്പിച്ചതും പെട്ടെന്നായിരുന്നു. അദ്ദേഹം എഴുന്നേറ്റപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഞാനും എഴുന്നേറ്റു. “എല്ലാം മംഗളകരമാവാന്‍ ദൈവം തുണയ്ക്കട്ടെ” അദ്ദേഹം എന്നെ അനുഗ്രഹിച്ചു അവിടെ നിന്നും പുറത്തേക്ക് പോയി.


പ്രായം കൂടിയ ഒരു സന്ന്യാസി വന്ന് പ്രഭാത കര്‍മ്മങ്ങള്‍ക്കായ് എന്നെ കൂട്ടിക്കൊണ്ടുപോയി. മലയിടുക്കിലെ തടാക കരയില്‍ ഞാനാവശ്യപ്പെടാതെ തന്നെ ഒരാള്‍ വന്നെന്റെ തല മുണ്ഡനം ചെയ്തു. കുളിച്ച് കയറുമ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു സുഖം തോന്നി. തടാകത്തിനരികില്‍ കുറച്ചധികം സന്ന്യാസിമാര്‍ എന്നെ മാത്രം നോക്കി കൊണ്ടു നിന്നിരുന്നു. സന്ന്യാസിമാര്‍ക്കിടയില്‍ നിന്ന് ഗുരുജി മുന്നോട്ട് വന്ന് എന്നോട് കൈനീട്ടുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൈ നീട്ടി. മുണ്ഡിതശിര്‍സ്കനായ എന്റെ കയ്യിലേക്ക് കാഷായ വസ്ത്രവും, രുദ്രാക്ഷമാലയും നല്‍കി ഗുരുജി മന്ത്രങ്ങളുരുവിടുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. താഴ്വാരങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നു. ഇപ്പോള്‍ താഴ്വാരങ്ങള്‍ക്കപ്പുറം മലമടക്കുകളില്‍ വസന്തോത്സവമായിരിക്കുമോ! എന്റെ മുണ്ഡനം ചെയ്ത തലയില്‍ സൂര്യന്റെ ആദ്യ  കിരണങ്ങള്‍ തഴുകി.
- 0 -

71 comments:

മുരളി മേനോന്‍ (Murali Menon) said...

മൂകദൂതന്‍ എന്ന എന്റെ ഈ കഥ ഞാനെഴുതിയതില്‍ വച്ച് ഏറ്റവും വലിയ കഥയാണ്. ഓണ്‍ലൈനില്‍ വായിക്കുവാന്‍ എല്ലാവര്‍ക്കും സാവകാശം ഉണ്ടായി എന്നു വരില്ല എന്നെനിക്കറിയാം. pdf ഫയല്‍ ആക്കി ലിങ്ക് ചെയ്യുവാന്‍ എന്റെ കയ്യില്‍ സാദ്ധ്യത ഇല്ലാത്തതിനാല്‍ ആര്‍ക്കെങ്കിലും ഈ കഥയുടെ word doc ഫയല്‍ വേണമെങ്കില്‍ അറിയിച്ചാല്‍ അയച്ചു തരാം. ഇതൊരു നോവലാക്കി എഴുതണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോള്‍ നോവലെറ്റ് ആയി മാറ്റിയതാണ്. ക്ഷമയുള്ളവര്‍ വായിക്കുമെന്നുള്ള വിശ്വാസത്തോടെ
സസ്നേഹം

മന്‍സുര്‍ said...

മുരളിഭായ്‌...

ഒരു വലിയ എഴുത്ത്‌....എത്ര ഭംഗിയായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്‌...
കഥയുടെ ഒഴുക്‌...അതിന്റെ വിജയം..തീര്‍ചയായും എഴുത്തുകാരന്‌ സ്വന്തം... തുടക്കം തന്നെ ഓര്‍മ്മകളിലേക്ക്‌...അലിഞ്ഞിറങ്ങുന്ന....പഴയകാല കൂട്ടുകാരന്റെ നിനവിലേക്ക്‌.........

ഒരുപ്പാടിഷടമായി എന്ന്‌ പറയാന്‍...സമയമുണ്ട്‌...ജോലി കഴിഞ്ഞു ഒന്നു കൂടി വായിക്കട്ടെ....ലൈനില്‍ തുടരുക
ഞാന്‍ തിരിച്ചു വരാം

ഒരെണ്ണം ഇങ്ങോട്ട്‌ അയകൂ ട്ടോ...

നന്‍മകള്‍ നേരുന്നു

ശ്രീ said...

മുരളിയേട്ടാ...

വായിച്ചു തീരുന്നതു വരെ ഞാനും മറ്റേതോ ലോകത്തായിരുന്നു. യദു നന്ദനന്റെ കൂടെ...

“ഓരോ വിജയത്തിലും ആഹ്ലാദിക്കുമ്പോള്‍, പരാജയത്തിന്റെ മുന്നിലൂടെ കടന്നാണ് വിജയത്തിലെത്തിയതെന്ന് നീ എപ്പോഴും മനസ്സില്‍ കരുതണം. കാരണംഎന്നെങ്കിലുമൊരിക്കല്‍ പരാജയത്തിനപ്പുറം പോകാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെ മനസ്സ് പതറാതിരിക്കാന്‍ വേണ്ടിയാണ് അച്ഛനിത്
പറയുന്നത്”


ഈ ഉപദേശം എല്ലാവര്‍‌ക്കും സ്വീകാര്യമാണ്‍ അല്ലേ?
വളരെ നല്ല എഴുത്ത്.
:)

Gopan (ഗോപന്‍) said...

മുരളി മാഷേ..
വളരെ ഇഷ്ടപെട്ടു ഈ കഥ..
അഭിനന്ദനങ്ങള്‍

മൂര്‍ത്തി said...

നീളക്കൂടുതലുണ്ടെങ്കിലും വായിക്കുമ്പോള്‍ അറിയില്ല..ഇനിയും എഴുതുക..

sivakumar ശിവകുമാര്‍ said...

മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഒരുപാട്‌ നന്ദി...

ചന്ദ്രകാന്തം said...

ഉള്ളിലെ ചിന്തകളുടെ പൊള്ളലും, പുറത്തെ മഞ്ഞിന്റെ തണുപ്പും അനുഭവിപ്പിയ്ക്കുന്നുണ്ട്‌ വരികള്‍.
നന്നായിരിയ്ക്കുന്നു.

പ്രയാസി said...

ക്ഷമയോടെ തന്നെ വായിച്ചു..!

നല്ല കഥ ..:)

shams said...

മുരളിഭായ്...,
ചുറ്റുവട്ടങ്ങളൊക്കെ മറന്ന് യദു കൃഷ്ണനൊപ്പം കുറച്ചു സമയം ഞാനും യാത്ര ചെയ്തു .
നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി.
അഭിനന്ദനങ്ങള്‍.

ജിഹേഷ്/ഏടാകൂടം said...

മുരളിയേട്ടാ...എന്താ പറയാ...മനോഹരം എന്നു വെച്ചാല്‍ അതി മനോഹരം...കഥയില്‍ ശരിക്കും മുഴുകി പോയി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യദുനന്ദന്റെ കൂടെയുള്ളൊരു യാത്ര പോലെ...

ക്ഷമയോടെ വായിച്ചു ആദ്യാവസാനം.

വാല്‍മീകി said...

മുരളിയേട്ടാ,

വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല. അത്രക്ക് കഥയില്‍ മുഴുകി പോയിരുന്നു. ഒരു യാത്ര പോലെ തോന്നി. വളരെ നന്നായിരിക്കുന്നു.

kaithamullu : കൈതമുള്ള് said...

:-)

ഇനി വായിച്ചിട്ട്!

അപ്പു said...

മുരളിയേട്ടാ... ഹിമാലയസാനുക്കളില്‍ വച്ച് പൂര്‍ണ്ണമായും ഷൂട്ട് ചെയ്ത ഒരു സിനിമ കണ്ടപോലെ തോന്നി വായിച്ചുകഴിഞ്ഞപ്പോള്‍. ഫ്രെയിമുകളോരോന്നും സുന്ദരം, വ്യക്തം, നല്ല അവതരണവും. അഭിനന്ദനങ്ങള്‍.

ഓ.ടോ. ഇതങ്ങ് തിരക്കതയാക്കിക്കൂടേ?

ഉപാസന | Upasana said...

മാഷ് പറഞ്ഞത് ശരിയാണ്. ഇത് ഒരു നോവലാക്കി വികസിപ്പിക്കാന്‍ പറ്റിയ സബ്ജക്ട് ആണ്.
മുംബൈ, നേപ്പാള്‍...
കോള്ളാം

നീളക്കൂടുതല്‍ പ്രശ്നമല്ല.
ബ്ലോഗേഴ്സ് നീളക്കുറവുള്ളതാണ് ഇഷ്ടപ്പെടുന്നതെന്ന് സത്യം, വായിക്കാന്‍ എളുപ്പമുള്ളത് കൊണ്ട്.

പക്ഷേ നീട്ടി എഴുതേണ്ടത് അഗ്ങിനെ തന്നെ വേണം.
പ്രത്യേകിച്ചും ഭാവിയില്‍ നോവലോ മറ്റോ ആക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍.
സംരംഭത്തിന് ഉപാസനയുടെ എല്ലാ ആശംസകളും
:)
എന്നും സ്നേഹത്തോടെ
ഉപാസന

മുരളി മേനോന്‍ (Murali Menon) said...

മന്‍സൂര്‍, ശ്രീ, ഗോപന്‍, മൂര്‍ത്തി,ശിവകുമാര്‍, ചന്ദ്രകാന്തം, പ്രയാസി, ഷാംസ്, ജിഹേഷ്, പ്രിയ, വാല്‍മീകി, കൈതമുള്‍, അപ്പു, ഉപാസന: നിങ്ങളുടെ ക്ഷമയോടെയുള്ള വായനക്കും, അഭിപ്രായത്തിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇതൊരു നോവലാക്കാന്‍ വേണ്ടി മനസില്‍ വെച്ചിരുന്നതാണ്. പിന്നെ അടിസ്ഥാനപരമായി ഞാന്‍ ഒരു മടിയനായതുകൊണ്ട് തട്ടിവിട്ടു എന്നുള്ളതാണ് സത്യം.

ഷാംസ്, ശിവകുമാര്‍: കോമരം ബ്ലോഗിലേക്ക് സ്വാഗതം - നന്ദി.

Maheshcheruthana/മഹി said...

മുരളിയേട്ടാ,
ക്ഷമയോടെ യദുനന്ദന്റെIപ്പം ഞാനും യാത്ര ചെയ്തു!വളരെ ഇഷ്ടമായി ഈ കഥ!എല്ലാ ആശംസകളും!

സാരംഗി said...

മൂകദൂതന്റെ കഥ‍ ഭംഗിയായി എഴുതിയിരിക്കുന്നു. ടെലിഫിലിമിന്‌ പറ്റിയ തീം.

..::വഴിപോക്കന്‍[Vazhipokkan] said...

പിടിച്ചിരുത്തുന്ന എഴുത്ത്, നല്ല ഒഴുക്കും.
മാഷെ, അസ്സലായി . ഭാവുകങ്ങള്‍ !

കൃഷ്‌ | krish said...

ഇന്നലെയും ഇന്നുമായാണ് വായിച്ച് തീര്‍ത്തത്.
നല്ല ഒഴുക്കുള്ള കഥ. അവസാനത്തെ 4 പാരഗ്രാഫ് വരെയും ഞാന്‍ വിചാരിച്ചത് എഴുത്തുകാരന്റെ സ്വന്തം ജീ‍വിതത്തിലെ അനുഭവക്കുറിപ്പില്‍ നിന്നുള്ള കഥയെന്നാണ്.

നേപ്പാല്‍ ഗ്രാമ പാശ്ചാത്തലം ഭംഗിയായി എഴുതിയിരിക്കുന്നു.

G.manu said...

വിശദമായി വായിക്കാന്‍ പ്രിന്റെടുത്തു...
അഭിപ്രായം പിന്നെ പറയാം മാഷെ

മുരളി മേനോന്‍ (Murali Menon) said...

മഹി, സാരംഗി, വഴിപോക്കന്‍, കൃഷ്, ജി.മനു - വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.

താരാപഥം said...

അതെയ്‌, കലക്കീട്ട്ണ്ടല്ലോ.
സന്ന്യാസം ഇത്ര പെട്ടെന്ന് സ്വീകരിക്കണമായിരുന്നോ. മനസ്സിനെ വിഷമിപ്പിക്കുന്ന സത്യം പറയാതിരിക്കുക, അത്‌ ആര്‍ക്കും ദോഷം ചെയ്യുന്നില്ലെങ്കില്‍.
***********
സ്ഥല കാല വിവരണം അസ്സലായിട്ടുണ്ട്‌. കുറച്ചുകൂടി പോയിരുന്നെങ്കില്‍ കൈലാസം കണ്ടു മടങ്ങാമായിരുന്നു.

കുട്ടന്‍മേനൊന്‍ said...

കഥ നന്നായി. പക്ഷേ, വളരെ ചുരുങ്ങിപ്പോയി. മൂന്നോ നാലോ ഭാഗങ്ങളായി വളരെ വിശദീകരിച്ചെഴുതേണ്ടതായിരുന്നു.

Ambi said...

ഇത് ഇതില്‍ ഒതുക്കേണ്ടതല്ല.നോവലായിത്തന്നെ എഴുതേണ്ടിയിരിയ്ക്കുന്നു.അല്ല , അതിനിനി ചെറുകഥയെന്നോനോവലെന്നോ ഒന്നും വകഭേദമില്ലാതെ എഴുതാനുള്ളത് മുഴുവന്‍ എഴുതണം. ഗംഭീരമായിരിയ്ക്കും. എന്നാലും ഇതും നല്ല വായനാനുഭവം. നന്ദി

Anonymous said...

മുരളിയേട്ടാ ഒരു നോവെല്ലയുടെ ത്രെഡ്. ഒരു ആറേഴായിട്ടു വിട്ടാല്‍ ഒരുപാട് നന്നായിരുന്നേനേ. നല്ല തീം.

സ്നേഹതീരം said...

മൂകദൂതന്‍ വളരെ നന്നായിരിക്കുന്നു. നോവലാക്കാമായിരുന്നു എന്നു തന്നെയാണ് എനിക്കും തോന്നിയത്.
ആശംസകള്‍..

മുരളി മേനോന്‍ (Murali Menon) said...

താരാപഥം, കുട്ടന്മേനോന്‍, അംബി, ഗുപ്തന്‍, സ്നേഹതീരം - ക്ഷമയോടെയുള്ള വായനക്കും അഭിപ്രായത്തിനും നന്ദി.

അരവിശിവ. said...

മുരളിമാഷിന്റെ സിഗ്നേച്ചര്‍ ടച്ചുള്ള ഒരു സൃഷ്ടി വളരെക്കാലമായി പ്രതീക്ഷിയ്ക്കുന്നുണ്ടായിരുന്നു...അതു തന്നതിന് നന്ദി...വായിച്ചു തുടങ്ങിയതിനു ശേഷം തീരും വരെ മറ്റൊന്നും ഞാനറിഞ്ഞില്ല..

ഗീതാഗീതികള്‍ said...

ക്ഷമയോടെ തന്നെ കഥ മുഴുവനും വായിച്ചു.ഇതൊരു കഥയാണോ അതോ യാഥാര്‍ത്ഥ്യം ചിത്രീകരിച്ചതാണോ?

എന്തായാലും വളരെ നന്നായിരിക്കുന്നു.

ചെറുകഥകള്‍ വായിയ്ക്കാന്‍ കിട്ടുന്നത് വളരെ അപൂര്‍വമായ ഈ സാഹചര്യത്തില്‍ ഇത്തരം ബൂലോക കഥകള്‍ വായിയ്ക്കാന്‍ പറ്റുന്നത് വളരെ സന്തോഷം.
ഇഷ്ടമായി,ശ്രീ. മുരളി.

മുരളി മേനോന്‍ (Murali Menon) said...

അരവിക്കും, ഗീതക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

കുറുമാന്‍ said...

മുരളിയേട്ടാ, ഈ കഥ മനോഹരം. വലുപ്പമേറി എന്ന് മുരളിയേട്ടന്‍ പറയാന്‍ കാരണം? എനിക്ക് തോന്നിയത് കഥ വളരെ ചെറുതായി പോയി എന്നാണ്. കുട്ടന്മേനോന്‍ പറഞ്ഞത് പോലെ മൂന്നാല് ഭാഗങ്ങളായി വിസ്തരിച്ചെഴുതാനുള്ള സ്കോപ്പുള്ള ത്രെഡ്. അത് മിസ്സ് ചെയ്തു. രുക്സാനയെകുറിച്ചും, വീര്‍ ബഹാദുറിന്റെ കുടുംബത്തെ കുറിച്ചും, ഹിമാലയ സാനുക്കളിലെ മറ്റു മനുഷ്യരുടെ ജീവിത രീതിയേയും , നേപ്പാളിലെ സാധാരണക്കാരുടെ ഉപജീവനമാര്‍ഗമായ കൃഷിയെകുറിച്ചും(കാഠ്മണ്ടു ഒഴിച്ച് മറ്റെല്ലാവരും കൃഷി തന്നെ മുഖ്യ ജീവിത മാര്‍ഗം - ബാര്‍ട്ടര്‍ സമ്പ്രാദായം ഇപ്പോഴുംനില നില്‍ക്കുന്നു ചില ഗ്രാമങ്ങളില്‍)........ഇതിന്റെ രണ്ടാം ഭാഗം ഇറക്കൂ പ്ലീസ്.

കുറുമാന്‍ said...

മുരളിയേട്ടാ, ഈ കഥ മനോഹരം. വലുപ്പമേറി എന്ന് മുരളിയേട്ടന്‍ പറയാന്‍ കാരണം? എനിക്ക് തോന്നിയത് കഥ വളരെ ചെറുതായി പോയി എന്നാണ്. കുട്ടന്മേനോന്‍ പറഞ്ഞത് പോലെ മൂന്നാല് ഭാഗങ്ങളായി വിസ്തരിച്ചെഴുതാനുള്ള സ്കോപ്പുള്ള ത്രെഡ്. അത് മിസ്സ് ചെയ്തു. രുക്സാനയെകുറിച്ചും, വീര്‍ ബഹാദുറിന്റെ കുടുംബത്തെ കുറിച്ചും, ഹിമാലയ സാനുക്കളിലെ മറ്റു മനുഷ്യരുടെ ജീവിത രീതിയേയും , നേപ്പാളിലെ സാധാരണക്കാരുടെ ഉപജീവനമാര്‍ഗമായ കൃഷിയെകുറിച്ചും(കാഠ്മണ്ടു ഒഴിച്ച് മറ്റെല്ലാവരും കൃഷി തന്നെ മുഖ്യ ജീവിത മാര്‍ഗം - ബാര്‍ട്ടര്‍ സമ്പ്രാദായം ഇപ്പോഴുംനില നില്‍ക്കുന്നു ചില ഗ്രാമങ്ങളില്‍)........ഇതിന്റെ രണ്ടാം ഭാഗം ഇറക്കൂ പ്ലീസ്.

കിനാവ് said...

മേന്‍‌നേ യദുവിനോടൊപ്പമുള്ള യാത്രയും കാഴ്ചകളുമൊക്കെ ഹൃദ്യമായി.

മുരളി മേനോന്‍ (Murali Menon) said...

കുറുമാന്‍, കിനാവ്: അഭിപ്രായം സസന്തോഷം സ്വീകരിക്കുന്നു. നന്ദി.

കുറുമാന്‍: രണ്ടാം ഭാഗം എഴുതാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം. പക്ഷെ സംഭവിക്കുമോ? ഞാനൊരു സൂപ്പര്‍ മടിയനല്ലേ...എനിക്കു നല്ല പ്രതീക്ഷയില്ല.

ഓ:ടോ: തിരിച്ച് ദുബായിലെത്തിയോ? നാട്ടിലൊന്ന് കൂടാന്‍ കഴിഞ്ഞില്ല അല്ലേ?

kilukkampetty said...

മാഷേ....... ഗംഭീരം... അതി മനോഹരം...............കൂടുതല്‍ ഒന്നും പറയാന്‍ കഴിയുന്നില്ല.മനസ്സു കൊണ് എടുത്ത സന്യാസം ജീവിതത്തില്‍ എല്ലാവരും എടുത്തിരുന്നങ്കില്‍ എത്ര നന്നായിരുന്നു എന്നു തോന്നുന്നു ഇതു വയിച്ചു തീര്‍ന്നപ്പോള്‍.മൂക സന്യാസം എത്രയോ ജീവിതങ്ങളില്‍ ഒരു വെളിച്ചമായി നില്‍ക്കും അല്ലെ മാഷേ?

kaithamullu : കൈതമുള്ള് said...

ദാ, ഇന്നേ വായിച്ച് തീര്‍ക്കാന്‍ പറ്റിയുള്ളൂ.

-നന്നായിരിക്കുന്നൂ. വായനക്കാരെ ഒരു പ്രത്യേക പ്രതലത്തിലേക്ക് നയിച്ചതിന് അഭിനന്ദനങ്ങള്‍!

ഒരു ചെറുകഥയുടെ ഭാഷയല്ല മുരളി ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു നോവ്‌ലെറ്റ് ആക്കാമായിരുന്നു എന്ന് തോന്നി.

സസ്നേഹം
ശശി

മുരളി മേനോന്‍ (Murali Menon) said...

കിലുക്കാം‌പെട്ടി: കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു. അങ്ങനെ ഒടുവില്‍ കമന്റിട്ടതില്‍ പെരുത്ത് സന്തോഷം, നന്ദി.
ശശിയേട്ടന്റെ വിശദമായ കമന്റിന് നന്ദിയുണ്ട്.

Typist | എഴുത്തുകാരി said...

കുറച്ചു വലുതാണല്ലോ എന്നു വിചാരിച്ചാണ് തുടങ്ങിയതു്. പക്ഷേ അവസാനിപ്പിച്ചിട്ടേ നിര്‍ത്താന്‍ കഴിഞ്ഞുള്ളൂ എന്നതാണ് സത്യം.

സാക്ഷരന്‍ said...

നന്നായിരിക്കുന്നു. വളരെ നല്ല അവതരണം. ആശംസകള്

പൊറാടത്ത് said...

നേപ്പാളിനെ കുറിച്ചും, അവിടുത്തെ അമൂല്യങളായ പലതിനെക്കുറിച്ചും മനസ്സിലാക്കി തന്നു ഈ വിവരണം.

മാത്രവുമല്ല, ഇത്രയധികം ഗൂറ്ഖകളും നല്ല പെണ്‍കിടാങ്ങളും ‘ജോലി’യ്ക്ക് വേണ്ടി നമ്മുടെ നാട്ടില്‍ വരാനുള്ളതിന്റെ ഒരു കാരണം കൂടി ഇതിലില്ലേ!

ഉത്തറ്പ്രദേശ് ബോറ്ഡറിലുള്ള എന്റെ ഒരു സുഹൃത്ത് കുറച്ചെല്ലാം നേപ്പാളിനെക്കുറിച്ച് പറഞ്ഞ് കേട്ടുള്ള എന്റെ മുന്നറിവ് എത്ര നിസ്സാരം..!

നന്ദി, അയല്‍ക്കാരാ.

മുരളി മേനോന്‍ (Murali Menon) said...

എഴുത്തുകാരി, സാക്ഷരന്‍, പൊറാടത്ത് : വായനക്കും അഭിപ്രായത്തിനും നന്ദി

വേണു venu said...

മുരളിമാഷേ,
അല്പം വലിയതായിരുന്നതിനാല്‍ ഓണ്‍ ലൈന്‍ വായനയ്ക്ക് സമയമില്ലായിരുന്നു. പ്രിന്‍റെടുത്ത് വണ്ടിയിലിരിന്നാണു് വായിച്ചു തീര്‍ത്തത്.
വായിച്ച്ഭിപ്രായം എഴുതണമെന്ന ആഗ്രഹവും. അതിനാല്‍ സമയമെടുത്തു.
ഒരു വലിയ ക്യാന്വാസ്സിനു വേണ്ടിയുള്ള സംഭവങ്ങളും ആശകളും നിരാശകളും ഒക്കെ ഒരു ചെറിയ കഥയായി താങ്കള്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നു. ഒത്തിരി കഥാപാത്രങ്ങള്‍. കുല്‍ക്കര്ണിയില്‍ ആരംഭിച്ച് ബഹാദൂറും രുക്സാനയും, ബുദ്ധ ഭിക്ഷുക്കളും, സാബു മാസ്റ്ററും ബാബുനിയും ഗുരുജിയും പിന്നേയും നിരവധി. ബഹാദുറിന്‍റെ കഥയിലൂടെ ഒരു ഗ്രാമത്തിന്‍റെ കഥയും, സ്വന്തം കഥയും ചുരുളഴിയുന്നു.
വളരെ നല്ല രീതിയില്‍ പറയാന്‍ കഴിഞ്ഞിരിക്കുന്നു. ഭാഷയും കഥാ കഥനവും ഇഷ്ടമായി.

ഒരു നോവലിന്‍റെ ക്യാന്വാസ്സിനുള്ള സംഭവങ്ങളും ചിതീകരണങ്ങളും , ഒരു കഥയിലൊതുക്കി പറയാന്‍ ശ്രമിച്ചതില്‍ പലപ്പോഴും എന്തൊക്കെയോ ഭാവങ്ങള്‍ നഷ്ടപ്പെടുന്നതായി തോന്നി.
മുണ്ഡനം ചെയ്യപ്പെട്ട തലയില്‍ സൂര്യന്‍റെ തണുത്ത കിരണങ്ങള്‍ തഴുകി എന്നെഴുതി അവസാനിപ്പിക്കുമ്പോള്‍ മൂകദൂതന്‍ വാചാലമാകുക ആയിരുന്നു. ആശംസകള്‍.:)

മുരളി മേനോന്‍ (Murali Menon) said...

വേണുജിയുടെ വിശദമായ കമന്റിന് നന്ദി.

സപ്ന അനു ബി. ജോര്‍ജ്ജ് said...

Great story, i copied to PDF file and will read in detail and sent comments, great effort Murali the few wods i read impressed me at par....?? wow

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഈ കഥകാണാന്‍ അല്പം വൈകിപ്പോയല്ലൊ എന്നേ ഉള്ളൂ..ഇത്തിരി വലുപ്പം കൂടിയെങ്കിലെന്താ വായനക്കാരനെ പിടിച്ചിരുത്താനുള്ള മാഷിന്റെ കഴിവ് സമ്മതിച്ചിരിക്കുന്നൂ.. ആശംസകള്‍ നേരുന്നൂ.

മുരളി മേനോന്‍ (Murali Menon) said...

സപ്നയ്ക്കും, മിന്നാമിനുങ്ങിനും നന്ദി

ഹരിയണ്ണന്‍@Hariyannan said...

നല്ല കഥയായതുകൊണ്ട് ഒറ്റയിരുപ്പില്‍ വായിച്ചു.
ഭംഗിയുള്ള ശൈലി!!

ഹരിയണ്ണന്‍@Hariyannan said...

50...........:)

ഹരിശ്രീ said...

മുരളിയേട്ടാ...


വളരെ ഇഷ്ടപെട്ടു ഈ കഥ..

അഭിനന്ദനങ്ങള്‍.

മുരളി മേനോന്‍ (Murali Menon) said...

ഹരിയണ്ണനും, ഹരിശ്രീക്കും നന്ദി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരാറുള്ള ഇതുപോലെ നേപ്പാളീ ടച്ചുള്ള ഒരുപാട് നോവലുകളുടെ ആരാധകനായിരുന്നു ഞാന്‍. അതേ വരകള്‍ മനസ്സില്‍ കാണാം.

നിഷ്ക്കളങ്കന്‍ said...

മുര‌ളിയേട്ടാ,
വായിച്ചു. ഹൃദ‌യത്തെ വ‌‌ള‌രെ സ്പര്‍ശിച്ച ന‌ല്ല എഴുത്ത്.

മുരളി മേനോന്‍ (Murali Menon) said...

ചാത്തനേറിനും, നിഷ്ക്കളങ്കന്റെ കളങ്കമില്ലാത്ത കമന്റിനും ഹൃദയം നിറഞ്ഞ നന്ദി.

Rajeend U R said...

വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നു... തുടര്‍ന്നും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു..

മുരളി മേനോന്‍ (Murali Menon) said...

Thank you rajeend for your comment. As I am busy in an important project, no chance for further posting/reading in/of blogs soon.

സതീശ് മാക്കോത്ത് | sathees makkoth said...

കുറച്ച് നേരം യദുനന്ദനന്റെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം.അതിനിടയാക്കിയ മുരളിജിയ്ക് നന്ദി.

ആഷ | Asha said...

ഇതു വായിച്ചപ്പോ മറ്റൊരു ലോകത്തില്‍ എത്തിപ്പെട്ടതു പോലെ തോന്നി.
അത്രയ്ക്ക് മനോഹരമായി എഴുതിയിരിക്കുന്നു.

മുരളി മേനോന്‍ (Murali Menon) said...

Thanks Satheesh & Asha for your reading and comments

മുരളി മേനോന്‍ (Murali Menon) said...

ബൂലോഗ ചങ്ങാതിമാരേ, എനിക്ക് കിട്ടിയ ഒടുവിലത്തെ കമന്റ് കണ്ടോ.. അരങ്ങ് തൂക്കിയിട്ടിരിക്കുന്നതുപോലെ മനോഹരമായ ചിത്രപണികള്‍. മലയാളം കണ്ട് സഹികെട്ട ജപ്പാന്‍ മലയാളിയോ, കൊറിയ മലയാളിയോ അതോ ഇനി ചീന മലയാളിയോ പറ്റിച്ചതാണോ! പുകഴ്ത്തലായാലും ഇകഴ്ത്തലായാലും അറിവുള്ളവര്‍ തര്‍ജ്ജമ ചെയ്തു തന്നാല്‍ ഉപകാരമായിരിക്കും. ഇനി എഴുതാന്‍ കൊള്ളാത്തവണ്ണം ചീത്ത പറഞ്ഞതാണെങ്കില്‍ എന്നെ മെയിലില്‍ അറിയിച്ചാല്‍ മതി.. മൊത്തം ബൂലോഗം വായിച്ച് വിയര്‍ക്കണ്ട...
എന്തെല്ലാം പ്രശ്നങ്ങള്‍! :))

ഗീതാഗീതികള്‍ said...

പുതിയ പോസ്റ്റ് ഒന്നുമില്ലേ? അടുത്ത കഥ വേഗം പോസ്റ്റ് ചെയ്യൂ പ്ലീസ്...

ഓ.ടോ. ഈ ‘അഗ്ലോകോ’ വിശ്വസിക്കാവുന്ന ഇടം തന്നെയോ. ഞാന്‍ ഇതില്‍ ചേര്‍ന്നിരുന്നു. ലാഞ്ച് ചെയ്ത സമയത്ത്. പിന്നെ നമ്മുടെ ഡീറ്റയിത്സ് എന്തൊക്കെയോ കളക്റ്റ് ചെയ്യുമെന്നു എഴുതിയതിനാല്‍ പിന്നെ അതു തുടര്‍ന്നില്ല. മറ്റെ ബ്ലോഗില്‍ അതിന്റെ പരസ്യം കണ്ടിട്ടാണ് ചോദിക്കുന്നത്.

ഭൂമിപുത്രി said...

ആ യാത്രയുടെ പ്രതീക്ഷയും അനുഭവവും
ഒക്കെ പകറ്ന്നുകിട്ടി,ശരിയ്ക്കും.
ഇതില്‍പ്പറഞ്ഞ പ്രദേശങ്ങളൊക്കെ മുരളിയ്ക്ക് പരിചിതമാകും,അല്ലെ?

മുരളി മേനോന്‍ (Murali Menon) said...

വായനക്ക് നന്ദി ഭൂമിപുത്രി. പിന്നെ സ്ഥലപരിചയം, എവടെ? ഇന്ത്യാ മഹാരാജ്യത്ത് കേരളം വിട്ട് ആകെ കണ്ടീട്ടുള്ളത് തമിഴ്നാട്, മഹാരാഷ്ട്ര, ബാംഗ്ലൂര്‍, ഗോവ എന്നീ സ്ഥലങ്ങളാണ്. കഥയിലെ സ്ഥലങ്ങളെ വിവരിച്ചത് ഒരു ഗൂര്‍ഖയോട് സംസാരിച്ച് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ നാട്ടുകാര്യങ്ങള്‍ കേട്ടപ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയെഴുതിയാ‍ലോ എന്ന് ചിന്തിച്ചത് 1990ലാണ്. പിന്നെ അതൊക്കെ മനസ്സിലെങ്ങോ ഉറങ്ങിക്കിടന്നു. അതിനെ ഒന്നുണര്‍ത്തി എഴുതാന്‍ പറ്റിയത് 2008ലാണെന്നു മാത്രം.

ഭൂമിപുത്രി said...

അതേയൊ??
എങ്കില്‍ ഇതാ ആ ഭാവനയ്ക്കൊരു സല്യൂട്ട് കൂടി!

മുരളി മേനോന്‍ (Murali Menon) said...

സല്യൂട്ട് സ്വീകരിച്ച് മറുസല്യൂട്ട് അടിച്ചിരിക്കുന്നു.

maramaakri said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

നന്ദന said...

ഒരു കഥയും ഇത്ര ക്ഷമയോടെ വായിച്ചു തീര്‍ത്തിട്ടില്ല. അത്രയ്ക്ക് മനോഹരമായിരിക്കുന്നു.

Sharu.... said...

ആദ്യമായിട്ടാണ് ഇവിടെ. വായിച്ചു; അത്ര നേരവും മറ്റേതോ ലോകത്ത് എത്തിയതു പോലെ. കഥയില്‍ വിവരിച്ച ഓരോ സംഭവങ്ങളിലൂടെയും വഴികളിലൂടെയും മനസ്സും കൂടെ സഞ്ചരിച്ചു. ആത്മാര്‍ത്ഥമായി തന്നെ പറയുന്നു. വളരെ ഇഷ്ടമായി..

തസ്കരവീരന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

Anurag Dureha said...

Very Good. Please keep it up.

sathees makkoth said...

വളരെക്കാലം മുന്നേ വായിച്ച് കമന്റ് ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ എന്തോ ഈ കഥ ഒന്നു കൂടി വായിക്കണമെന്ന് തോന്നി. സത്യത്തിൽ ആരാണ് ഇതിന്റെ കഥാകൃത്ത് എന്ന് തന്നെ മറന്നുപോയിരുന്നു. കഥയുടെ സബ്ജക്റ്റ് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. കുറച്ച് പണിപ്പെട്ടു വീണ്ടും കണ്ടുപിടിക്കുന്നതിന്. എന്തായാലും ശ്രമം പാഴായില്ല. നീണ്ട കഥയാണെങ്കിലും കഥാതന്തുവിനെ വായനക്കാരന്റെ മനസ്സിൽ നിലനിർത്താൻ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.