Saturday, September 15, 2007

നിഷേധി (5) - അവസാനിച്ചു

"നീ പറഞ്ഞുവല്ലോ പൂജ്യരായ മാതാപിതാക്കളെപ്പറ്റി. അതൊക്കെ എന്റേയും സ്വപ്നങ്ങളാണ്‌. ഇന്നലെ ഞാന്‍ മൌനിയായിരുന്നത്‌ വാക്കുകളുടെ ദാരിദ്ര്യം കൊണ്ടല്ല. എന്റെ ദു:ഖങ്ങള്‍ എന്റേതുമാത്രമാകട്ടെയെന്നു കരുതി. പക്ഷെ ഞാനെന്തുകൊണ്ടാണ്‌ അങ്ങനെ എഴുതിയതെന്ന്‌ നീയെങ്കിലും അറിയണം."

അയാളിപ്പോള്‍ ഒരാവേശത്തോടെയാണ്‌ പറയുന്നത്‌. എല്ലാ ദു:ഖങ്ങളും ഇറക്കിവെക്കാന്‍ അയാള്‍ക്കു കിട്ടിയിരിക്കുന്ന ഒരത്താണിയായിരിക്കുന്നു ഞാന്‍. അയാള്‍ തുടര്‍ന്നു.

"അച്ഛനെന്നു ഞാന്‍ വിളിച്ചിരുന്ന മനുഷ്യന്റെ ഔദ്യോഗിക ഉയര്‍ച്ചക്കുള്ള ഒരു ഉപകരണമായിരുന്നു അമ്മ. ആ മനുഷ്യന്റെ സ്ഥാനക്കയറ്റങ്ങള്‍ക്കിടയിലെപ്പോഴോ ആണ്‌ എന്റെ ജന്‍മം. ആരും എന്റെ വരവിനെ പ്രതീക്ഷിച്ചിരുന്നില്ലത്രെ. നശിപ്പിക്കാന്‍ തോന്നിയിട്ടുണ്ടാവില്ല. അത്രക്കു ഭാഗ്യം കെട്ടവനാണു ഞാന്‍. ഇതൊക്കെ ഞാനറിയുന്നത്‌ ആ മനുഷ്യന്റെ കുത്തുവാക്കുകളിലൂടെത്തന്നെയാണ്‌. എനിക്കിപ്പോള്‍ അറിഞ്ഞുകൂടാത്തത്‌ ഒന്നു മാത്രമാണ്‌. ഞാന്‍ വെറുക്കേണ്ടത്‌ ആ മനുഷ്യനെയോ അതോ എന്നെ പ്രസവിച്ചു എന്നതുകൊണ്ടുമാത്രം അമ്മയായ ആ സ്ത്രീയെയോ? ആ വീട്ടില്‍ ഞാനൊറ്റയായിരുന്നു. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍. ആ മനുഷ്യന്റെ മരണശേഷം അമ്മ മറ്റൊരു ജീവിതം തേടിയിരിക്കുന്നു. എന്നെപ്പോലുള്ള ഒരു സഹോദരന്റെ കീഴിലെ സുരക്ഷിതത്വത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം സഹോദരിയും എങ്ങോ താവളങ്ങള്‍ തേടി. ഇവരില്‍ ആരെയാണ്‌ ഞാന്‍ പൂജിക്കേണ്ടത്‌? പറയൂ. ഉപദേശിക്കാന്‍ വളരെ എളുപ്പമാണു സുഹൃത്തേ. പക്ഷെ അനുഭവങ്ങള്‍ തീ പോലെ പൊള്ളുന്നതാവുമ്പോള്‍, ഉപദേശങ്ങളോടെനിക്കു പുച്ഛമാണ്‌. "

ഒരു മഴ പെയ്തുതോര്‍ന്നതുപോലെ അയാള്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അമ്പുകള്‍ എന്നിലേറ്റു കഴിഞ്ഞിരുന്നു. അയാളുടെ മുഖത്തേക്കു നോക്കാന്‍പോലും ഞാന്‍ അശക്തനായിരുന്നു. കനം തൂങ്ങിയ ശിരസ്സുമായ്‌ ഞാന്‍ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു നടന്നു. തിരിഞ്ഞുനോക്കാന്‍ ആഗ്രഹിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. അയാള്‍ ആകാശത്ത്‌ കണ്ണും നട്ട്‌ ആ മണല്‍പ്പുറത്ത്‌ കിടക്കുകയായിരിക്കും എന്ന്‌ ഞാനൂഹിച്ചു. അയാളുടെ മനസ്സിലെരിയുന്ന നെരിപ്പോടിന്റെ ചൂട്‌ എന്റെ സിരകളിലാണ്‌ പതിച്ചത്‌. അയാളുടെ ചിന്താഗതികള്‍ പൂര്‍ണ്ണമായും ശരിയാണെന്നു തോന്നി. അയാളുടെ നിഷേധം അനിവാര്യമായ ഒന്നാണെന്ന്‌ ഞാനറിയുന്നു.

“സുഹൃത്തേ, സമൂഹത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഓരോ വാക്യവും ഞാന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ആര്‍ക്കു പൊള്ളുന്നുവെന്നത്‌ ഒരു പ്രശ്നമേയല്ല.“

മനസ്സില്‍ വിങ്ങിനിന്ന വാക്കുകള്‍ ഞാന്‍ ഇരുട്ടിലേക്ക്‌ തുറന്നുവിട്ടു. പിന്നീടവ പുഴയുടെ ഓളങ്ങളിലൂടെ പൊന്തിയും താഴ്ന്നും മുന്നോട്ടു പോയിരിക്കുമെന്നും അയാളത്‌ കേട്ടിരിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. അതുപോലെ തന്നെ ആ പുഴയുടെ ഇരുകരകളിലേക്കും ആ വാക്കുകള്‍ കയറിച്ചെല്ലുമെന്നും അവര്‍ക്കത്‌ ഒരു കുളിര്‍മ്മയായ്‌ മാറുമെന്നും ഞാന്‍ വെറുതെ സ്വപ്നം കണ്ടു നടന്നു. അല്ലെങ്കില്‍ അടുത്ത കലാസമിതി യോഗത്തില്‍ ഞാന്‍ ഉറക്കെ വിളിച്ചുപറയും,

"ഗ്രാമവാസികളേ, നിങ്ങള്‍ക്ക്‌ ഇനിമുതല്‍ ഒന്നില്‍ കൂടുതല്‍ നിഷേധികളെ നേരിടേണ്ടിവരും."

മാസങ്ങള്‍ക്കുശേഷം വീണ്ടും കലാസമിതിയുടെ യോഗം ആരംഭിക്കുകയായിരുന്നു. ഞാന്‍ പതിവുപോലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒരരികു പറ്റിയിരുന്നു. സമിതി സെക്രട്ടറി എഴുന്നേറ്റ്‌ നിന്ന്‌ തന്റെ ശൈലിയില്‍ പറഞ്ഞുതുടങ്ങി. എന്റെ ശ്രദ്ധ പുറത്തേക്കുള്ള വാതിലിലായിരുന്നു. അപ്പോഴതാ അയാളെത്തുന്നു. തലയുയര്‍ത്തിപ്പിടിച്ചാണയാള്‍ നടക്കുന്നത്‌. തലമുടി ഒരു വശത്തേക്ക്‌ ചീകിയൊതുക്കിയിരിക്കുന്നു. വൃത്തിയായി ഷേവ്‌ ചെയ്ത മുഖം കൂടുതല്‍ ആര്‍ദ്രമായി തോന്നി. വാതിലില്‍ ചാരി അല്‍പനേരം അയാള്‍ നിന്നു. ഞാന്‍ കൈ വീശി അയാളുടെ ശ്രദ്ധ ക്ഷണിച്ചു. പക്ഷെ അയാളതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട്‌ മുന്‍നിരയിലെ ബഞ്ചില്‍ ചെന്നിരുന്നു. അഭിപ്രായ പ്രകടനങ്ങളില്‍ പങ്കെടുത്ത്‌ അയാള്‍ സംസാരിച്ചത്‌ എനിക്കു മനസ്സിലാകാത്ത ഏതോ ഭാഷയിലാണെന്നു തോന്നി. അയാള്‍ പറഞ്ഞു,

"സുഹൃത്തുക്കളേ, ഞാന്‍ വിശ്വസിച്ചുപോരുന്ന പ്രത്യയശാസ്ത്രങ്ങള്‍ എനിക്കു നല്‍കിയത്‌ വിശപ്പുമാത്രമാണ്‌. എന്റെ സൃഷ്ടികളിലൂടെ അതിന്റെ ശക്തി ഇരട്ടിക്കുകയും, ഞാന്‍ ദുര്‍ബ്ബലനാവുകയും ചെയ്തു. നിങ്ങള്‍ പറയുന്നതാണ്‌ ശരിയെന്ന്‌ എനിക്കിപ്പോള്‍ ബോദ്ധ്യമായിരിക്കുന്നു. വിശപ്പിന്റെ ശമനത്തിനുശേഷമുള്ള ഒരു നേരമ്പോക്ക്‌ അങ്ങനെയാകണം കലയും സാഹിത്യവും. അപ്പോള്‍ നമുക്ക്‌ എന്തും സഹിക്കാനുള്ള ശക്തിയുണ്ടാവും. സമൂഹത്തിലെ തിന്‍മകള്‍ മറന്ന്‌ നന്‍മകള്‍ ആസ്വദിക്കാന്‍ മാത്രം നമ്മള്‍ പ്രാപ്തരാവും. എനിക്ക്‌ തെറ്റുപറ്റിയിരിക്കുന്നു. ഇനി മുതല്‍ ഞാനത്‌ തിരുത്തി മുന്നോട്ടുപോകുമെന്നറിയിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു."

അയാള്‍ പറഞ്ഞവസാനിപ്പിക്കുകയും, അംഗങ്ങള്‍ കയ്യടിച്ചു തിമര്‍ക്കുകയും ചെയ്തു. എന്റെ മനസ്സിലെ നായകന്റെ മുഖം സ്ഫടികപാത്രം വീണ്‌ തകര്‍ന്നപോലെ ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്ത വിധം തകര്‍ന്ന്‌ തരിപ്പണമായി. കയ്യടികള്‍ നിലക്കുമ്പോള്‍ ഒരിടിനാദം പോലെ ഞാന്‍ ഗര്‍ജ്ജിച്ചു.

"ഞാനതിനെ നിഷേധിക്കുന്നു"

ക്ഷോഭം എന്റെ കണ്ണുകളില്‍ ഇരുട്ട്‌ നിറയ്ക്കുകയും എല്ലവരും എനിക്കുമുന്നില്‍ വെറും ആള്‍‌രൂപങ്ങളായ്‌ മാറുകയും ചെയ്തു. സര്‍വ്വശക്തിയുമെടുത്ത്‌ ഞാനലറി,

"സഹനം നഷ്ടപ്പെട്ട ഒരു സാഹിത്യകാരനാണയാള്‍. നിങ്ങളതിനെ പ്രോത്സാഹിപ്പിക്കരുത്‌".

സമിതിയംഗങ്ങള്‍ നിശ്ചലരായി ഒരു ഭ്രാന്തനെ കാണുന്നപോലെ എന്നെ നോക്കിക്കൊണ്ടിരുന്നു. എന്റെ മനസ്സിലെ വെളിച്ചത്തില്‍ ഞാനയാളെ തിരഞ്ഞുകൊണ്ടിരുന്നു. ഒരു തണലിനുവേണ്ടി കൊതിക്കുന്ന പൊരിവെയിലിലെ സഞ്ചാരിയെ പോലെ അയാളപ്പോള്‍ എന്നെത്തന്നെ നോക്കുന്നതു ഞാന്‍ കണ്ടു. എനിക്കിപ്പോള്‍ അയാളോടു സഹതാപമാണ്‌, അയാള്‍ക്കത്‌ ഇഷ്ടമല്ലെങ്കിലും. പൊടുന്നനെ എല്ലാവരും എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ ആക്രോശിച്ചു.

"നിഷേധി"

ആക്രോശങ്ങളുടെ തിരതല്ലലില്‍പെട്ട്‌ പൊങ്ങുകയും താഴുകയും ചെയ്യുന്ന ഒരു ചിലമ്പിച്ച സ്വരം ഞാന്‍ തിരിച്ചറിഞ്ഞു. അവ്യക്തമായ ആ സ്വരം അയാളുടേതായിരുന്നു. ഒരുപക്ഷെ എനിക്കനുകൂലമായിരിക്കുമോ ആ ശബ്ദം? മറിച്ചാണെങ്കിലോ? വേണ്ട. ഇനിയും പ്രതീക്ഷകളോടെ കാത്തിരിക്കേണ്ടതില്ല. അല്ലെങ്കില്‍ അവശേഷിക്കുന്ന സ്വപ്നങ്ങള്‍ക്കുവേണ്ടിയുള്ള ശവക്കുഴി തോണ്ടേ‌ണ്ടതായ് വരാം. ഞാന്‍ എഴുന്നേറ്റ്‌ നെഞ്ചുവിരിച്ച്‌ വാതിലിനുനേരെ നടന്നു. തല താഴ്ത്തി   അയാള്‍ ഇരുന്നു. ഞാന്‍ പുറത്തുകടന്നു. എനിക്കു പിന്നാലെ ആക്രോശങ്ങള്‍ ആര്‍ത്തലച്ചുവന്നു.

നിഷേധി, നിഷേധി.....

ഒരു ഗ്രാമം മുഴുവനും അതേറ്റു പറയുന്നതുപോലെ തോന്നി. നിലാവിന്റെ വെളിച്ചത്തില്‍ ഞാന്‍ വേഗം നടന്നു. കുറുമാലി പുഴയുടെ തീരത്ത്‌ എത്തുന്നതുവരെ ഏതെങ്കിലും നിഴല്‍ എന്നെ പിന്തുടരുമെന്ന്‌ ഞാന്‍ ആശിച്ചു. പുഴയുടെ തീരത്ത്‌ മറുകരയിലേക്ക്‌ നോക്കി ഞാന്‍ നിന്നു. എനിക്കുപിന്നില്‍ മണലില്‍ അമരുന്ന കാലടിയൊച്ചയും, കുറ്റബോധം പേറിയ മുഖവും, ആര്‍ദ്രമായ മിഴികളും ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അയാള്‍ വന്നില്ല. ഒരു നിഴല്‍ പോലും എന്നെ പിന്തുടര്‍ന്നില്ല. അപ്പോള്‍ അയാളുടെ ഇഷ്ടപ്പെട്ട ചന്ദ്രബിംബം വെള്ളത്തില്‍ തെളിഞ്ഞുകിടക്കുകയായിരുന്നു. ഒരു വലിയ കല്ലെടുത്ത്‌ അതു ഞാനെറിഞ്ഞുടച്ചു. പിന്നെ മണലില്‍ പ്രഭാത സൂര്യന്റെവരവും കാത്ത്‌ മലര്‍ന്നടിച്ചുകിടന്നു.


[അവസാനിച്ചു]

7 comments:

Murali K Menon said...

പറഞ്ഞതുപോലെ ഞാന്‍ ഒരു നിഷേധിയുടെ കഥ കഴിച്ചു.

(എന്റെ കഥ കഴിഞ്ഞീട്ടില്ല-അതിങ്ങനെ തുടര്‍ന്നേക്കാം)

Aravishiva said...

നിഷേധിയുടെ അനിഷേധ്യമായ പരിണാമം...നന്നായിരിയ്ക്കുന്നു.

അല്ലെങ്കില്‍ അയാള്‍ അവതാര പുരുഷനായിരിയ്ക്കണം...എങ്കിലേ ഈ കൂട്ട ആക്രമത്തെ ഒടുവില്‍ വരെ ചെറുത്തു നില്‍ക്കാന്‍ കഴിയൂ...

വേണു venu said...

കഥയുടെ അന്ത്യം സ്ഥലകാലങ്ങള്‍ക്കു് അതീതം. അതിനാല്‍ തന്നെ.കഥ അവസാനിക്കുന്നില്ല. നിഷേധം ഇഷ്ടപ്പെട്ടെന്നറിയിക്കട്ടെ. അവസാനത്തെ(5) പാര്‍ട്ടിലെ കെട്ടുറപ്പും കഥാകഥന സൌന്ദര്യവും മറ്റു പാര്‍ട്ടുകളെക്കാള്‍ മികച്ചതായി തോന്നി.:)

Murali K Menon said...

സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി അരവിക്കും വേണുവിനും

മന്‍സുര്‍ said...

മുരളി ഭായ്‌...

കണ്ടതിനൊപ്പം കാണാത്ത കുറെ കാര്യങ്ങളുടെ ആകാംഷ നിറഞ നിമിഷങ്ങളും,രസകരവുമായ....മുഹൂര്‍ത്തങ്ങളിലൂടെ...കടന്ന്‌ പോയ നിമിഷങ്ങള്‍ അറിഞതില്ലാ.......
നിഷേധിയുടെ അന്ത്യം അല്‌പ്പം വൈകിയാണെലും അറിഞെത്തി...
ഇനിയും മറ്റൊരു പരവതാനിയുടെ ചുരുളഴിയും സര്‍ഗ്ഗ നിമിഷങ്ങള്‍ക്കായ്‌ കാത്തിരിക്കാം ...
നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

myexperimentsandme said...

നിഷേധി മൊത്തം വായിച്ചു. നന്നായിരിക്കുന്നു. ഒറ്റയടിക്ക് വായിച്ചതുകൊണ്ട് ഒരു പ്രത്യേക വായനാസുഖവും കിട്ടി.

ഒരു ഗ്രാമം മുഴുവന്‍ അയാളെ നിഷേധിയെന്ന് വിളിക്കാനുള്ള കാരണങ്ങളുടെ വിവരണം കുറഞ്ഞുപോയോ എന്നൊരു സംശയം.

പിന്നെ കഥ മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോഴും സിനിമയുടെയും മറ്റ് കഥകളുടെയും സ്വാധീനം മൂലമായിരിക്കാം, ചായക്കടയും ബാര്‍ബര്‍ ഷാപ്പും പാടങ്ങളും പുഴയും അമ്പലവും മൈതാനവുമൊക്കെയുള്ള “ആ” ഗ്രാമമായിരുന്നു മനസ്സില്‍. ചായക്കട പരാമര്‍ശിച്ചിട്ടുമുണ്ട്. ഗ്രാമാന്തരീക്ഷവും ടാറിട്ട റോഡുകളും മണിമന്ദിരങ്ങളുമൊക്കെയുള്ള ഒരു ഗ്രാമത്തിന്റെ ഫീല്‍ കിട്ടിയില്ല. നേരത്തെ പറഞ്ഞതുപോലെ സത്യന്‍ അന്തിക്കാട് സിനിമകളുടെയൊക്കെ സ്വാധീനമായിരിക്കാം :)

പുസ്തകസഞ്ചി പുറത്ത് തൂക്കിയാണെങ്കില്‍ രണ്ട് കൈയ്യും വീശി ഓടാന്‍ എളുപ്പമാണെന്ന് അനുഭവസാക്ഷ്യം-പുസ്തകം കൈയ്യില്‍ പിടിച്ച് ഓടുന്നതിനെക്കാള്‍ :)

Murali K Menon said...

മന്‍സൂര്‍, വക്കാരി അഭിപ്രായങ്ങള്‍ക്കൊരുപാടു നന്ദി. ഇവിടെയൊക്കെതന്നെ കാണൂലോ അല്ലേ? കാരണം ഞാനിവിടെയൊക്കെ ഉണ്ടാവും അതോണ്ടാ.