Monday, April 02, 2007

മഞ്ഞുരുകും കാലം

ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ അകലെയുള്ള മഞ്ഞുമലയില്‍ തട്ടി ശാന്തി ആശ്രമത്തിനു മുകളില്‍ വര്‍ണ്ണപ്രഭ ചൊരിഞ്ഞു. കുളി കഴിഞ്ഞ്‌ പതിവു മുടക്കാതിരിക്കാനെന്നപോലെ സ്വാമി സുകൃഷന്‍ ആശ്രമത്തിനു തൊട്ടടുത്തുള്ള കുന്നിന്‍ മുകളിലേക്ക്‌ നടക്കും. പിന്നെ അവിടെ നിന്ന്‌ തെക്കുഭാഗത്തെ മലമുകളിലേക്ക്‌ നോക്കിയങ്ങനെ നില്‍ക്കും. ചിലപ്പോള്‍ പെട്ടെന്ന്‌ തിരിഞ്ഞു നടക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ അങ്ങനെ നിര്‍ന്നിമേഷനായ്‌ നില്‍ക്കും. എന്തായാലും പിന്തിരിഞ്ഞു നടക്കുമ്പോള്‍ സ്വാമിജിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കും.


സ്വാമി സുകൃഷന്‍ ശാന്തി ആശ്രമത്തിന്റെ എല്ലാമാണ്‌. ഏതാണ്ട്‌ അമ്പത്തഞ്ചു വയസ്സു പ്രായം വരുന്ന സ്വാമിജി മറ്റു സന്ന്യാസിമാരെപ്പോലെ ദീക്ഷ വളര്‍ത്തിയിരുന്നില്ല. മറിച്ച്‌ എന്നും വൃത്തിയായി ഷേവ്‌ ചെയ്ത്‌ വെള്ള മുണ്ടും, വെള്ള മേല്‍മുണ്ടും ധരിച്ച്‌ ആശ്രമത്തില്‍ മറ്റുള്ളവരോടൊപ്പം അദ്ധ്വാനിച്ച്‌, ഒഴിവുസമയങ്ങളില്‍ എഴുത്തും വായനയും പിന്നെ സന്ദേഹങ്ങളുമായ്‌ വരുന്നവരുമായ്‌ കൂടിക്കാഴ്ചയും സാന്ത്വനവും. ഇതൊക്കെയാണ്‌ ദിനചര്യകള്‍. സ്വാമിജിയെ അനുകരിക്കുന്ന ശിഷ്യന്‍മാരും മുഖം ഷേവ്‌ ചെയ്ത്‌ മിനുക്കിയിരുന്നു.. ഏതാണ്ട്‌ നാല്‍പ്പതോളം അന്തേവാസികള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശിയായ സ്വാമിജി ആരുടേയും ഏതു പ്രശ്നങ്ങള്‍ക്കും സാന്ത്വനവും, സമാധാനവും പകരുന്നത്‌ അത്ഭുതാദരങ്ങളോടെ വീക്ഷിക്കാനേ കഴിയൂ.. എന്നീട്ടും ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ എന്നും കാലത്ത്‌ സ്വാമിജിയെ കാണാറുള്ളു. ശിഷ്യന്‍മാര്‍ പലവട്ടം കൂടിയാലോചിച്ചു. എന്തായിരിക്കും സ്വാമിജിയെ അലട്ടുന്നത്‌? എങ്ങനെയാണ്‌ സ്വാമിജിയോട്‌ സങ്കടത്തിന്റെ കാരണം തിരക്കുക. അല്ലെങ്കില്‍ തന്നെ സങ്കടം കൊണ്ടാണ്‌ കണ്ണു നിറയുന്നതെന്ന്‌ എങ്ങനെയാണ്‌ തീര്‍ച്ചപ്പെടുത്തുക. ചിലപ്പോള്‍ സൂര്യന്റെ ആദ്യകിരണങ്ങളെ നഗ്ന നേത്രങ്ങളിലൂടെ ആവാഹിച്ച്‌ ഊര്‍ജ്ജം സംഭരിക്കുന്നതാണെങ്കിലോ. അതുമല്ലെങ്കില്‍ ആനന്ദാശ്രുവാണെങ്കിലോ. ഒടുവില്‍ കരച്ചിലും സുഖത്തിന്റെ ഭാഗമായിരിക്കുമെന്ന്‌ ശിഷ്യഗണങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ആരും അതിനെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചില്ല. പ്രഭാത പൂജയ്ക്കുള്ള ഒരുക്കങ്ങളുമായ്‌ ശിഷ്യന്‍മാര്‍ എന്നും കാത്തുനിന്നിരുന്നത്‌ കണ്ണുനീര്‍ തുടച്ച്‌ കലങ്ങിയ കണ്ണുകളുമായ്‌ വരുന്ന സ്വാമിജിയെ ആയിരുന്നു.


കുളിരുള്ള ഒരു പ്രഭാതത്തില്‍ രണ്ടുപേര്‍ സ്വാമിജിയെ കാണാന്‍ ആശ്രമത്തിലെത്തി. അവര്‍ വളരെ പരിഭ്രാന്തരായിരുന്നു. ഓരോ ശിഷ്യന്‍മാര്‍ക്കും അതാതു ദിവസങ്ങളില്‍ പ്രത്യേകം പ്രത്യേകം ഉത്തരവാദിത്വങ്ങളുണ്ടാകും. അതിഥികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഒരുക്കാനും അന്നത്തെ ഉത്തരവാദിത്വം കൃഷ്ണാനന്ദയ്ക്കായിരുന്നു. അദ്ദേഹം അവരെ നടുത്തളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ വിരിച്ചിരുന്ന പുല്‍പ്പായയില്‍ അവരോട്‌ ഇരിക്കുവാന്‍ പറഞ്ഞു. ഇരിക്കുമ്പോഴും, നടക്കുമ്പോഴും അവര്‍ ചുറ്റുപാടും വീക്ഷിക്കുന്നുണ്ടായിരുന്നു. ആരെയോ ഭയക്കുന്നതുപോലെ. പ്രഭാതത്തിന്റെ കുളിര്‍മ്മയൊന്നും അവരെ ഏശിയിട്ടില്ല. അവര്‍ നന്നായ്‌ വിയര്‍ത്തിരുന്നു. സ്വാമി സുകൃഷന്റെ ആശ്രമത്തില്‍ അവര്‍ സുരക്ഷിതരാണെന്നൊക്കെ പറഞ്ഞീട്ടും അവരുടെ ഭയത്തിന്‌ ഒട്ടും കുറവുണ്ടായില്ല. മാത്രവുമല്ല സ്വാമിജിയെ എത്രയും പെട്ടെന്ന്‌ കാണാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.


കൃഷ്ണാനന്ദ അവരുടെ പേരും ഊരും ചോദിച്ചെങ്കിലും അതൊന്നും ഇയാളിപ്പോള്‍ അറിയേണ്ട എന്ന മട്ടില്‍ അവര്‍ സ്വാമിജിയെ കാണാന്‍ വാശി പിടിക്കുകയാണുണ്ടായത്‌. നാളെ സ്വാമിയുടെ സ്ഥാനത്തു വരേണ്ട തന്നോട്‌ അങ്ങനെ പെരുമാറിയതില്‍ കൃഷ്ണാനന്ദയ്ക്കല്‍പം അതൃപ്തി തോന്നാതിരുന്നില്ല. എങ്കിലും പ്രശ്നത്തിന്റെ ഗൌരവമാവാം അവരുടെ അസഹിഷ്ണുതയ്ക്ക്‌ കാരണമെന്നൂഹിച്ച്‌ അവരോട്‌ നടുത്തളത്തില്‍ വിശ്രമിക്കാന്‍ പറഞ്ഞുകൊണ്ട്‌ കൃഷ്ണാനന്ദ കുന്നിന്‍ മുകളിലേക്കു പോയി പോയി. സ്വാമിജി അപ്പോഴും മലമുകളിലേക്ക്‌ നോക്കി ചിന്തയിലാണ്ട്‌ നില്‍ക്കുകയാണ്‌. എങ്ങനെയാണ്‌ സ്വാമിജിയുടെ ശ്രദ്ധ തിരിക്കുക. താന്‍ സ്വാമിജിയുടെ ചിന്തകള്‍ക്കൊരു ശല്ല്യമാവുമോ എന്നൊക്കെയുള്ള മനസ്സുമായ്‌ കൃഷ്ണാനന്ദ അല്‍പ്പനേരം അവിടെ നിന്നു.


എവിടേയും അറച്ചു നില്‍ക്കരുതെന്ന്‌ സ്വാമിജി തന്നെയാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌. പറയുക തന്നെ. കാര്യം പറയുന്നതിനു മുമ്പേ, തന്റെ നേര്‍ക്ക്‌ നോക്കാതെ തന്നെ സ്വാമിജി പറഞ്ഞു, 

"ഇപ്പോള്‍ വന്നവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരിക".


തലയാട്ടി കൃഷ്ണാനന്ദ തിരിഞ്ഞു നടന്നു. പിന്നെയാണ്‌ ഓര്‍ത്തത്‌. അങ്ങോട്ടു തിരിഞ്ഞു നില്‍ക്കുന്ന സ്വാമിജി തന്റെ തലയാട്ടല്‍ കണ്ടിട്ടുണ്ടാവില്ല. 

"ശരി സ്വാമി"യെന്നോ, 'ജയ്‌ ഗുരുദേവ്‌' എന്നോ പറയേണ്ടതായിരുന്നു. ഓ, അല്ലെങ്കില്‍ത്തന്നെ സ്വാമിജി എല്ലാം കാണുന്നുണ്ടല്ലോ, ദാ, ഇപ്പോള്‍ അവര്‍ വന്ന വിവരം പറയുന്നതിനുമുമ്പേ അദ്ദേഹം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ദിവ്യദൃഷ്ടിയില്‍ എല്ലാം കാണാന്‍ കഴിയുന്നുണ്ടാവണം. അങ്ങനെയാണെങ്കില്‍ താനൊന്നും ഒരിക്കലും സ്വാമിജിയുടെ സ്ഥാനത്തെത്താന്‍ പോകുന്നില്ല. ഓ, അങ്ങനെ നിരാശപ്പെടേണ്ട കാര്യമുണ്ടോ, അവര്‍ വരുന്നത്‌ കുന്നിന്‍പുറത്ത്‌ നിന്ന സ്വാമി കണ്ടുകാണും. അത്രയേയുള്ളു. തിരിച്ചു നടക്കുന്നതിനിടയില്‍ സ്വയം സമാധാനിക്കാന്‍ കൃഷ്ണാനന്ദ. ഒരു ശ്രമം നടത്തി.


നടുത്തളത്തിലിരിക്കാന്‍ പറഞ്ഞീട്ടും, അവര്‍ ജനല്‍ കര്‍ട്ടനിടയില്‍ കൂടി പുറത്തേക്കു നോക്കി നില്‍ക്കുകയാണ്‌. ഇങ്ങനെയും പേടിത്തൊണ്ടന്‍മാരുണ്ടാവുമോ എന്ന്‌ കൃഷ്ണാനന്ദക്ക്‌ അത്ഭുതം തോന്നാതിരുന്നില്ല കൃഷ്ണാനന്ദയെ കണ്ടതും അവര്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു. രണ്ടുപേരേയും കൂട്ടി അദ്ദേഹം വീണ്ടും കുന്നില്‍ മുകളിലേക്കു പോയി. സ്വാമിജി അപ്പോള്‍ കുന്നിന്റെ നെറുകയില്‍ നിന്ന്‌ പകുതിയോളം ഇറങ്ങി നല്ലവണ്ണം പുല്ലു വിരിഞ്ഞുകിടക്കുന്ന സ്ഥലത്ത്‌ സൂര്യനഭിമുഖമായ്‌ പത്മാസനത്തിലിരിക്കുകയായിരുന്നു.. വടക്കുഭാഗത്തു നിന്നും പ്രവേശിച്ച അവര്‍ സ്വാമിജിയുടെ ഇടതുഭാഗത്തായ്‌ നിന്നു. സ്വാമിജി കണ്ണുതുറന്ന്‌ അവരെ നോക്കി പുഞ്ചിരിച്ചു. അവര്‍ രണ്ടുപേരും സ്വാമിജിയെ തൊഴുതു. കൃഷ്ണാനന്ദയെ നോക്കി സ്വാമിജി പറഞ്ഞു, 

"നോക്കൂ ഇവര്‍ നമ്മുടെ അതിഥികളാണ്‌. താമസിക്കാനും ഭക്ഷണത്തിനുമുള്ള സൌകര്യങ്ങളൊരുക്കുക." 

കൃഷ്ണാനന്ദ തല കുമ്പിട്ട്‌ വണങ്ങി തിരിച്ചുപോയി.

സ്വാമി സുകൃഷന്‍ അതിഥികളോട്‌ തനിക്കു മുന്നിലായ്‌ വന്നിരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ചുറ്റുപാടും കണ്ണോടിച്ച്‌ ആരുമില്ലെന്നുറപ്പു വരുത്തി സ്വാമിജിയുടെ മുന്നില്‍ വന്നിരുന്നു. തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരെ കുറച്ചുനേരം സ്വാമിജി കണ്ണെടുക്കാതെ നോക്കിയിരുന്നു. ഏതാണ്ട്‌ 25നും 30നും ഇടയില്‍ പ്രായമുള്ളവര്‍. ഒരാള്‍ താടി വളര്‍ത്തിയിരിക്കുന്നു. മറ്റെയാള്‍ തന്നെപ്പോലെ ക്ളീന്‍ ഷേവ്‌ ചെയ്തിരിക്കുന്നു, ചന്ദനക്കുറി തൊട്ടിരിക്കുന്നു. ഒന്നും മിണ്ടാതെ തങ്ങളെത്തന്നെ നോക്കിയിരിക്കുന്ന സ്വാമിജിയോട്‌ താടിക്കാരന്‍ പറഞ്ഞു, 

"ഞാന്‍ റഫീക്ക്‌" ഉടനെ മറ്റെയാള്‍ അയാളുടെ പേരും പറഞ്ഞു, "ഞാന്‍ വിവേക്‌." റഫീക്ക്‌ തുടര്‍ന്നു, "ഞങ്ങള്‍ ഗാന്ധിനഗറില്‍ നിന്നാണ്‌ വരുന്നത്‌, ഞങ്ങളെ സ്വാമിജി രക്ഷിക്കണം, ഞങ്ങള്‍ക്കു വിശ്വസിച്ച്‌ പോകാന്‍ മറ്റൊരിടമില്ല, ഞങ്ങളെ കൈവിടരുത്‌" അതൊരുതരം ദയനീയമായ അപേക്ഷയായിരുന്നു.


സ്വാമിജി പത്മാസനത്തില്‍ നിന്നും പാദങ്ങളെ മോചിപ്പിച്ച്‌ സുഖാസനത്തിലിരുന്നു. വളരെ സുസ്മേരവദനനായ്‌ പറഞ്ഞു,

"ശിക്ഷിക്കുമെന്നുള്ള ഭയത്തില്‍ നിന്നാണ്‌ രക്ഷിക്കുവാനുള്ള കെഞ്ചലുണ്ടാവുന്നത്‌. ഇവിടെ ശിക്ഷിക്കാനാരുമില്ല. അതുകൊണ്ടുതന്നെ രക്ഷിക്കാനുള്ള കെഞ്ചലിനിവിടെ യാതൊരു പ്രസക്തിയുമില്ല".


സ്വാമിജിയുടെ ലാഘവത്തോടെയും പുഞ്ചിരിച്ചുമുള്ള സംസാരമാവാം റഫീക്കിനും വിവേകിനും ഭയം അല്‍പ്പം കുറഞ്ഞതുപോലെ അനുഭവപ്പെട്ടു. എങ്കിലും അവര്‍ പൂര്‍ണ്ണമായും ഭയമുക്തരല്ലെന്നു മനസ്സിലാക്കിയ സ്വാമിജി പറഞ്ഞു,


"സ്ഥല നാമങ്ങള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കാറില്ല. അല്ലെങ്കിലും സ്ഥലങ്ങള്‍ക്കെന്തു പ്രസക്തിയാണുള്ളത്‌. ഏതു നാട്ടുകാരനായാലും അവന്റെ പ്രശ്നങ്ങള്‍ക്കുള്ള പോംവഴിയാണാവശ്യം. പറയൂ എന്ത്‌ പ്രശ്നത്തില്‍ നിന്നാണ്‌ നിങ്ങള്‍ രക്ഷതേടുന്നത്‌?"


അവര്‍ ചുറ്റും കണ്ണോടിച്ച്‌ പിന്നെ പരസ്പരം ഒന്നു നോക്കി. അല്‍പ്പനേരത്തേക്ക്‌ ആരും ഒന്നും പറഞ്ഞില്ല. എങ്ങനെ തുടങ്ങണമെന്ന അവരുടെ ആശങ്ക മനസ്സിലാക്കി സ്വാമിജി പറഞ്ഞു,

"നോക്കൂ, പ്രശ്നങ്ങളില്ലാത്ത ആരുമുണ്ടാവില്ല. അതിന്റെ വലിപ്പചെറുപ്പങ്ങള്‍ നമ്മുടെ സൃഷ്ടികളും, കാഴ്ച്ചപ്പാടുമാണ്‌. ഒരഭയം തേടിയാണ്‌ നിങ്ങളിവിടെ വന്നതെങ്കില്‍ കുറച്ചു ദിവസത്തേക്ക്‌ തങ്ങാനുള്ള സൌകര്യങ്ങളേര്‍പ്പെടുത്താന്‍ എനിക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല". 

പറഞ്ഞുതുടങ്ങാനുള്ള ഒരു വിഷമം മാറിയതുകൊണ്ടാവാം വിവേക്‌ പറഞ്ഞു, 

"താത്ക്കാലികമായ ഒരഭയം തേടിയല്ല ഞങ്ങള്‍ സ്വാമിജിയെ കാണാന്‍ വന്നത്‌". അതിന്റെ തുടര്‍ച്ചയെന്നോണം സംസാരിച്ചത്‌ റഫീക്ക്‌ ആയിരുന്നു, "മരിക്കാന്‍ ഞങ്ങള്‍ക്ക്‌ ഒട്ടും ഭയമില്ല സ്വാമിജി". 

സ്വാമി എഴുന്നേറ്റ്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ റഫീക്കും, വിവേകും സ്വാമിജിയുടെ ഇരുവശങ്ങളിലുമായ്‌ നടന്നു. അദ്ദേഹം കുന്നിന്‍നെറുകയിലേക്ക്‌ നടന്നുകൊണ്ട്‌ പറഞ്ഞു,


"നിങ്ങള്‍ രണ്ടുപേരും പറഞ്ഞത്‌ ഒന്നു തന്നെയാണ്‌. അഭയമല്ല കാര്യം - മരിക്കാനൊട്ടും ഭയമില്ല -അപ്പോള്‍ രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുത്ത കര്‍മ്മമേലയും ഒന്നുതന്നെ ആയിരിക്കുമെന്ന്‌ ഞാന്‍ കരുതുന്നു"

റഫീക്കും വിവേകും ആ വാക്കുകള്‍ കേട്ട്‌ മുഖത്തോടു മുഖം നോക്കി. തങ്ങള്‍ക്ക്‌ തെറ്റുപറ്റിയിട്ടില്ലെന്ന ബോദ്ധ്യം അവരില്‍ കൂടുതല്‍ ഉണര്‍വ്വുണ്ടാക്കി. വിവേക്‌ പറഞ്ഞു,

"രാഷ്ട്രീയത്തിനും, മതത്തിനുമൊക്കെ അതീതമായ്‌ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും, കഷ്ടപ്പെടുന്നവരെ തങ്ങളാല്‍ കഴിയും വിധം സഹായിക്കുകയും ചെയ്തു. പരസ്പരം സ്നേഹിച്ചും സഹായിച്ചും കൊണ്ടുള്ള ഒത്തൊരുമ വിഭാവനം ചെയ്തുകൊണ്ടാണ്‌ ഞങ്ങള്‍ രണ്ടുപേരും മുന്‍കയ്യെടുത്ത്‌ ചെറുപ്പക്കാരെ സംഘടിപ്പിച്ചത്‌." വിവേക്‌ ഒന്നു നിര്‍ത്തി റഫീക്കിനെ നോക്കി, അപ്പോള്‍ റഫീക്ക്‌ പറഞ്ഞു,

"എല്ലാ കൊടിക്കീഴിലും പെട്ട ചെറുപ്പക്കാര്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ക്രമേണ അവര്‍ക്കു കൊടികളും, നിറങ്ങളുമില്ലാതായി. മനുഷ്യത്വമെന്ന ആശയം മാത്രമായി ഞങ്ങളുടെ പ്രത്യയശാസ്ത്രം. " വിവേക്‌ തുടര്‍ന്നു,


"സ്വാര്‍ത്ഥ താല്‍പര്യത്തിനായുള്ള നേതാക്കന്‍മാരുടെ ബന്ദാഹ്വാനങ്ങളും, ഹര്‍ത്താലുകളും ഗാന്ധിനഗറില്‍ വിജയിക്കാതായി. പോലീസിനെ കല്ലെറിയാനും, പൊതുമുതല്‍ നശിപ്പിക്കാനും ചെറുപ്പക്കാരെ കിട്ടാതായി. നേതാക്കള്‍ പ്രകോപിതരായി. അവരുടെ അന്വേഷണത്തില്‍ അവര്‍ കണ്ടെത്തിയ പ്രശ്നത്തിണ്റ്റെ ഉറവിടം ഞങ്ങളായിരുന്നു." അപ്പോള്‍ മൂന്നുപേരും കുന്നിന്‍ നെറുകയിലെത്തിയിരുന്നു.


സ്വാമിജി തെക്ക്‌ മലഞ്ചെരിവിലേക്ക്‌ നോക്കി അല്‍പ്പനേരം നിന്നു. അവര്‍ ഒന്നും തുടര്‍ന്നു പറയുന്നില്ലെന്നു കണ്ടപ്പോള്‍ തിരിഞ്ഞുനോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിലെ അതിനുമുമ്പുണ്ടായിരുന്ന തിളക്കം മങ്ങിയതുപോലെ അവര്‍ക്കു തോന്നി. തുടര്‍ന്നു പറയണോ എന്ന്‌ ഒരു നിമിഷം അവര്‍ ചിന്തിച്ചു നിന്നു. അപ്പോള്‍ സ്വാമിജി ചിരിച്ചുകൊണ്ട്‌ ചോദിച്ചു, 

"ഇനിയല്ലേ ശരിക്കും കഥ ആരംഭിക്കുന്നത്‌? പിന്നെന്താണ്‌ നിര്‍ത്തിയത്‌?" ഉടനെ റഫീക്ക്‌ പറഞ്ഞു, 

"അതിന്റെ ആദ്യ പടിയായി മതത്തിന്റെ പേരില്‍ എന്നേയും, വിവേകിനേയും അകറ്റാനൊരു ശ്രമം നടത്തി". വിവേക്‌ തുടര്‍ന്നു, 

"അതു വിജയിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി ഞങ്ങളുടെ ചുറുചുറുക്കുള്ള ഒരു അംഗത്തെ വക വരുത്തി. അതിനു പകരം വീട്ടിയെന്നു വരുത്തുവാന്‍ അവര്‍ വേറൊരാളേയും കൊന്നു. മരിച്ചവരില്‍ ഒരാള്‍ ഹിന്ദുവും, മറ്റെയാള്‍ മുസല്‍മാനും ആയിരുന്നു. എല്ലാം വളരെ ആസൂത്രിതമായിരുന്നു. ആയുധങ്ങള്‍ പള്ളികളിലും, അമ്പലങ്ങളിലും ഒളിപ്പിച്ചു. വര്‍ഗ്ഗീതയുടെ തീനാളങ്ങള്‍ ആളികത്തിച്ച്‌ അവര്‍ ആനന്ദ നൃത്തം ചവിട്ടി. അപ്പോഴും ഞങ്ങളൊരുമിച്ചുനിന്ന്‌ ഇതെങ്ങനെ ഫലപ്രദമായ്‌ തടയാം എന്ന്‌ ആലോചിച്ചു. പക്ഷെ എല്ലാം ഞങ്ങളുടെ നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപ്പോയിരുന്നു. കാരണം അവര്‍ ഞങ്ങളിലെ ഹിന്ദുക്കളേയും, മുസ്ളീങ്ങളേയും വേര്‍തിരിച്ച്‌ ശത്രുതക്ക്‌ ആക്കം കൂട്ടാവുന്ന രീതിയിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒടുവില്‍ ഞങ്ങള്‍ രണ്ടുപേരും ഗാന്ധിനഗര്‍ ഗ്രാമത്തിലെ ഹിന്ദുവും മുസ്ളീമും മാത്രമായി മാറി. ഞങ്ങളുടെ പേരുകള്‍ പോലും അവര്‍ മറന്നുപോയി." അയാളുടെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.


റഫീക്ക്‌ പറഞ്ഞു, "ഞങ്ങളെ സംരക്ഷിച്ചവര്‍ പോലും സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അവരുടെ അവസാന ലക്ഷ്യം ഞങ്ങള്‍ രണ്ടുപേരുമാണ്‌. ഇപ്പോള്‍ കൊലപാതകികളെ പോലീസ്‌ തിരയുന്നില്ല, കാരണം അവര്‍ അത്‌ സ്ഥിരീകരിക്കുന്നത്‌ ഇങ്ങനെയാണ്‌. “കൊല്ലപ്പെട്ടത്‌ ഹിന്ദുവാണെങ്കില്‍ കൊന്നത്‌ മുസ്ലീം, മറിച്ചാണെങ്കില്‍ ഹിന്ദു. മതങ്ങള്‍ക്കെതിരെ എന്തു കേസെടുക്കാന്‍. നാളത്തെ പത്രത്തില്‍ പരസ്പരം ഏറ്റുമുട്ടി മരിച്ച റഫീക്കും, വിവേകും എന്ന പത്രത്തിലെ തലക്കെട്ടു കാണാന്‍ കൊതിച്ചിരുന്ന നേതാക്കളെ നിരാശപ്പെടുത്തിയാണ്‌ ഞങ്ങളിവിടെ എത്തിയത്‌. "


വിവേക്‌ അപ്പോള്‍ പറഞ്ഞു, "വീണ്ടും പറയട്ടെ സ്വാമിജി, മരിക്കാന്‍ ഭയന്നീട്ടല്ല, പക്ഷെ അങ്ങനെ സംഭവിച്ചാല്‍ ഈ നാട്ടിലെ പാവങ്ങളെ ചവിട്ടി മെതിക്കാന്‍, അവരെ ചട്ടുകങ്ങളാക്കാന്‍ രാഷ്ട്രീയത്തിലെ കപടനായകന്‍മാര്‍ ഒരുമ്പെടുമെന്ന ഭയമാണ്‌ ഞങ്ങളെ ഇങ്ങോട്ടെത്തിച്ചത്‌". റഫീക്ക്‌ പറഞ്ഞു, "ഞങ്ങള്‍ സ്വാമിജിയുടെ പുസ്തകങ്ങള്‍ ഒരുപാടു വായിച്ചീട്ടുണ്ട്‌. അതിലെ മനുഷ്യത്വത്തോടുള്ള മഹത്വം ഞങ്ങള്‍ തൊട്ടറിയുന്നതുപോലെ അനുഭവവേദ്യമാണ്‌.' അവര്‍ പറഞ്ഞുനിര്‍ത്തി സ്വാമിജിയുടെ പ്രതികരണത്തിനായ്‌ കാത്തുനിന്നു.


മുഴുവന്‍ കഥയും സ്വാമിജി കണ്ണടച്ച്‌ നിന്നാണ്‌ കേട്ടത്‌. അദ്ദേഹം അതെല്ലാം ഒരു പക്ഷെ മനസ്സില്‍ കാണുകയായിരുന്നിരിക്കണം എന്നവര്‍ക്കു തോന്നി. സ്വാമിജി കണ്ണുതുറന്ന്‌ സുസ്മേരവദനനായി റഫീക്കിനോടും, വിവേകിനോടും ചോദിച്ചു. "നിങ്ങളെ ഞാന്‍ എങ്ങനെ സഹായിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌? നിങ്ങളുടെ കര്‍മ്മങ്ങള്‍ക്ക്‌ ഈശ്വരന്‍ നല്‍കാനിരിക്കുന്ന ഫലം നന്നായിരിക്കുമെന്നാണെന്റെ വിശ്വാസം." റഫീക്ക്‌ ഒന്നും മിണ്ടാതെ മഞ്ഞുമൂടിക്കിടക്കുന്ന മലയിലേക്കു നോക്കി നിന്നു. വിവേക്‌ പറഞ്ഞു, 

"സമാധാനകാലത്ത്‌ ഓര്‍ക്കാന്‍ പറ്റിയ ആപ്തവാക്യമാണ്‍ സ്വാമിജി ഇപ്പോള്‍ പറഞ്ഞത്‌. ഗ്രാമത്തെ ഒന്നാകെ മതഭ്രാന്തന്‍മാരും രാഷ്ട്രീയ രാക്ഷസന്‍മാരും കയ്യടക്കി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രമേ കൊടികളുടേയും ജാതി-മത വര്‍ണ്ണങ്ങളുടേയും കെട്ടുപാടുകളില്‍ നിന്ന്‌ നിഷ്ക്കളങ്കരായ പാവം ജനങ്ങളെ മോചിപ്പിക്കാനാവൂ.സ്വാമിജി മനുഷ്യത്വത്തിനുവേണ്ടി നിലകൊള്ളുന്ന മഹാനാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.“


സ്വാമിജി പൊടുന്നനെ അല്‍പ്പം ശബ്ദത്തോടെ ചിരിച്ചു. ആ കണ്ണുകള്‍ തിളങ്ങി. റഫീക്കും, വിവേകും അല്‍പ്പം ഭയന്നു. ഇനി സ്വാമിജിയും അവരുടെ ആളായിരിക്കുമോ? അമ്പലത്തില്‍ വാളുകള്‍ സൂക്ഷിക്കാന്‍ ഉത്തരവിട്ടത്‌ ഈ സ്വാമിജി ആയിരിക്കുമോ? അവര്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു വിയര്‍ത്തു. സ്വാമിജി സ്വരം താഴ്ത്തി പറഞ്ഞു, "എല്ലാം നിയോഗങ്ങളാണ്‌ കുട്ടികളേ, നിങ്ങള്‍ വഴി വെട്ടിത്തെളിച്ച്‌ പിന്‍പേ വരുന്നവര്‍ക്ക്‌ മുന്നേറാന്‍ ആഹ്വാനം ചെയ്തു. ആ വഴിയുടെ അറ്റത്തു കാണുന്ന സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും വെളിച്ചം നേരിട്ട്‌ കാണാന്‍ ഗ്രാമവാസികളെ നിങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി. പക്ഷെ ഇടയ്ക്കിടെ കല്ലും മണ്ണും ഇടിഞ്ഞ്‌ നിങ്ങള്‍ വെട്ടിയ വഴികള്‍ പലതും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി ആ പാത വെട്ടിത്തെളിക്കേണ്ടത്‌ നിങ്ങളുടെ പിന്‍തലമുറക്കാരാണ്‌" സ്വാമിജി സംസാരം നിര്‍ത്തി മലമുകളിലേക്ക്‌ നോക്കി നിന്നു.


റഫീക്ക്‌ മുഖം പൊത്തി നിലത്ത്‌ കുനിഞ്ഞിരുന്നു. വിവേക്‌ അവന്റെ തോളില്‍ കൈവെച്ച്‌ ആശ്വസിപ്പിച്ചു. പിന്നെ മെല്ലെ അവനെ എഴുന്നേല്‍പ്പിച്ചു. സ്വാമിജിയുടെ അടുത്തേക്ക്‌ കുറച്ചുകൂടി നീങ്ങിനിന്നുകൊണ്ട്‌ അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു, 

"അപ്പോള്‍ ഞങ്ങള്‍ക്കു തിരിച്ചുപോകാന്‍....... "ചോദ്യം അവസാനിക്കും മുമ്പേ സ്വാമിജി മറുചോദ്യമുന്നയിച്ചു. 

"എങ്ങോട്ട്‌?" അവര്‍ ഒരേ സ്വരത്തില്‍: 

"ഞങ്ങളുടെ ഗാന്ധിനഗര്‍ ഗ്രാമത്തിലേക്ക്‌" 

ഒരു വിദേശിയുടെ മനോഭാവത്തോടെ സ്വാമിജി ചോദിച്ചു, 

"നിങ്ങള്‍ പറയുന്ന ഈ ഗ്രാമം എവിടെയാണ്‌?" 

അവര്‍ തെക്കുഭാഗത്തേക്ക്‌ കൈ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു, 

"ആ മലകള്‍ക്കപ്പുറം" 

സ്വാമിജി: "അതിന്‌ ഞാനവിടെ മലകളൊന്നും കാണുന്നില്ലല്ലോ കുട്ടികളേ?" 

അവര്‍: അത്‌ മഞ്ഞുമൂടി കിടക്കുന്നതിനാലാണ്‌ സ്വാമിജി. 

സ്വാമിജി: "ഓഹോ, അങ്ങനെയെങ്കില്‍ മഞ്ഞുരുകി മലകള്‍ ദൃശ്യമാവട്ടെ, അപ്പോള്‍ നിങ്ങള്‍ക്കു ചൂണ്ടിക്കാട്ടാനാവും, അതാ, അവിടെയാണ്‌ ഞങ്ങളുടെ ഗ്രാമം. അവിടേക്കാണ്‌ ഞങ്ങള്‍ക്കു പോകേണ്ടത്‌ എന്ന്‌. അപ്പോള്‍ പോകുന്നതാവും ഉചിതം. "


സ്വാമി സുകൃഷന്‍ കുന്നിറങ്ങാന്‍ തുടങ്ങി. റഫീക്കും, വിവേകും മഞ്ഞുമൂടിയ മലയിലേക്ക്‌ ഒന്നുകൂടി നോക്കി പിന്നെ സ്വാമിജിക്കൊപ്പം എത്താന്‍ ഓടിയിറങ്ങി. അവര്‍ക്കൊന്നും മനസ്സിലായില്ല. അവരുടെ ആശങ്കകള്‍ അവര്‍ മറച്ചുവെച്ചില്ല. അവര്‍ പറഞ്ഞു, "ഞങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സ്വാമിജി? എന്താണ്‌ അങ്ങ്‌ അര്‍ത്ഥമാക്കുന്നത്‌?"സ്വാമിജി റഫീക്കിനേയും വിവേകിനേയും ഇടത്തും വലത്തും ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു, "ആ മലകള്‍ക്കപ്പുറം ഗാന്ധിജിയുടെ പേരിട്ടു വിളിക്കുന്നതിനുമുമ്പ്‌ മറ്റേതോ അപ്രശസ്തമായ പേരില്‍ വിളിച്ചിരുന്ന എന്റെ ഒരു ഗ്രാമമുണ്ട്‌. നിങ്ങളുടെ പൂര്‍വ്വികനായ്‌ ഞാനിവിടെ വന്നപ്പോഴും എന്റെ ഗുരുജി എന്നോടു പറഞ്ഞത്‌ മഞ്ഞുരുകി മലകള്‍ ദൃശ്യമാകുമ്പോള്‍ സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചുപോകാം എന്നാണ്‌. അതുകൊണ്ട്‌ നമുക്കു പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം".


പ്രഭാതഭക്ഷണം തയ്യാറായെന്നറിയിക്കാന്‍ കൃഷ്ണാനന്ദ കുന്നിന്‍മുകളിലേക്ക്‌ പുറപ്പെടാന്‍ തൂടങ്ങുമ്പോള്‍ സ്വാമിജിയും അതിഥികളും വരുന്നതു കണ്ട്‌ ഉടനെ തിരിച്ചു ചെന്ന്‌ ഭക്ഷണം ടേബിളില്‍ നിരത്തി ശിഷ്യന്‍മാരെല്ലാവരും കൂടി അതിഥികളേയും സ്വാമിജിയേയും ആനയിച്ചിരുത്തി. പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന സ്വാമിജിയുടേയും അതിഥികളുടേയും ഈറനണിഞ്ഞ കണ്ണുകള്‍ കണ്ട ശിഷ്യന്‍മാര്‍ അമ്പരന്നു നിന്നു. 

- 0 -

12 comments:

Murali K Menon said...

വളരെ കാലത്തിനുശേഷം ഞാനിന്ന് ഒരു കഥ - മഞ്ഞുരുകും കാലം - പോസ്റ്റ് ചെയ്തിട്ടുണ്ട്. മാറാട് സംഭവത്തിനുശേഷം ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ നടത്തിയ സൃഷ്ടിയാണ്. ഇതുവരെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്താന്‍ കഴിയാത്തതിനാല്‍ പോസ്റ്റിംഗ് നടന്നില്ല. ഇന്ന് ധാരാളം സമയം കിട്ടിയതിനാല്‍ പോസ്റ്റിംഗ് നടത്തി. നിങ്ങളുടെ വായനക്കും, വിമര്‍ശനത്തിനുമായ് സമര്‍പ്പിക്കുന്നു. സസ്നേഹം, മുരളി

Rasheed Chalil said...

പരസ്പരം കഴുത്ത് മുറിക്കാന്‍ പാട് പെടുന്നവര്‍ ആര്‍ക്ക് വേണ്ടി എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കില്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര്‍ക്കോ വേണ്ടി ആരെയോ ശത്രുക്കളായി സ്വീകരിച്ചവര്‍.

മുരളി മേനോന്‍... കഥ വായിച്ചു. ഒത്തിരി ഇഷ്ടമായി...

G.MANU said...

:)

സു | Su said...

കഥ വായിച്ചു. ഇഷ്ടമായി. അതിഥികളെപ്പോലെ ഒരു തിരിച്ചുപോക്ക് നടത്താന്‍ കാത്തിരിക്കുന്ന ഗുരുജിയുടെ കഥ നന്നായിട്ടുണ്ട്. എന്തിനുവേണ്ടി എന്നൊരു ചോദ്യം ഉണ്ടായിരുന്നെങ്കില്‍, പരസ്പരം വെട്ടിമാറ്റല്‍ ഉണ്ടാവുമായിരുന്നില്ല.

Anonymous said...

നല്ല കഥ

അപ്പു ആദ്യാക്ഷരി said...

“ഒടുവില്‍ ഞങ്ങള്‍ രണ്ടുപേരും ഗാന്ധിനഗര്‍ ഗ്രാമത്തിലെ ഹിന്ദുവും മുസ്ളീമും മാത്രമായി മാറി. ഞങ്ങളുടെ പേരുകള്‍ പോലും അവര്‍ മറന്നുപോയി."

മുരളീ ... നല്ല കഥ. പക്ഷേ ഈ മഞ്ഞ് ഒരിക്കലും ഉരുകാത്ത വിധം നമ്മുടെ കേരളം ഒരു ഭ്രാന്താലയമായി മാറിക്കഴിഞ്ഞില്ലേ?

Aravishiva said...

മുരളിയേട്ടാ,

ഉടനടി ഒരു സൃഷ്ടിയ്ക്ക് സാധ്യതയില്ല എന്ന മുന്‍ ധാരണയോടെയാണ് ഇവിടെ വന്നെത്തിനോക്കിയത്...പ്രതീക്ഷ്യക്കു വിരുദ്ധമായി ഒരു കഥ കണ്ടതിന്റെ സന്തോഷം പങ്കു വച്ചോട്ടെ...

കഥ വളരെയേറെയിഷ്ടപ്പെട്ടു...കഥയുടെ പശ്ചാത്തലമൊരുക്കുന്ന ആശ്രമവും പരിസരവുമൊരുക്കിയ ശാന്തത പ്രത്യോകിച്ചും ആസ്വാദ്യമായി തോന്നി..വിഷയം സീരിയസായിരുന്നുവെങ്കിലും ഇടയ്ക്കു വന്നുപോയ നര്‍മ്മവും(ശിഷ്യന്‍ ഗുരു തിരിഞ്ഞു നോക്കിയിരിയ്ക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്ന ഭാഗം)നന്നായാസ്വദിച്ചു.

മതപരമായ അസഹിഷ്ണുത വളരെ തീവ്രമായൊരു വിഷയമാണ്..മനുഷ്യര്‍ പരസ്പരം ചേരി തിരിഞ്ഞ് പോരാടുന്ന കാര്യത്തില്‍ കാലാകാലങ്ങളില്‍ ഓരോ കാരണങ്ങള്‍ കണ്ടെത്താറുണ്ട്...അതില്‍ ഏറ്റവും ഭീകരം മതമായിരിയ്ക്കണം,വളരെ തീവ്രമായൊരു വിഷയം അതിന്റെ തീവ്രത ചോരാതെ തന്നെ അവതരിപ്പിച്ചു...

മതഭീകരതയെ ചെറുത്തു തോല്‍പ്പിയ്ക്കുക പ്രയാസമാണെന്നും പ്രതീക്ഷകളോടെ കാത്തിരിയ്ക്കുക മാത്രമേ നിവൃത്തിയുള്ളു എന്ന ആശയത്തോടു പൂര്‍ണ്ണമായി യോജിയ്ക്കുന്നു..ഒരു മതഭ്രാന്തനെ നേരെയാക്കിയെടുക്കാന്‍ ശ്രമിയ്ക്കുന്നത് അപകടമാണെന്നണെന്റെ പക്ഷം.ഭാഗ്യമുണ്ടെങ്കില്‍ ആ മനുഷ്യന്‍ ആ ഭ്രാന്തില്‍ നിന്ന് വിമുക്തനാവുമെന്നു കരുതാം.ആ നിസ്സഹായാവസ്ഥ നന്നായി പറഞ്ഞിരിയ്ക്കുന്നു.

തിരിച്ചുവരവിന്റെ സന്തോഷം ഒരിയ്ക്കല്‍ക്കൂടി അറിയിച്ചുകൊണ്ട്

സ്നേഹപൂര്‍വ്വം

(അരവിശിവ)

Murali K Menon said...

ഇത്തിരിവെട്ടം, സൂ, കാളിയന്‍, അപ്പു, അരവിശിവ - നിങ്ങള്‍ക്കെല്ലാവര്‍ക്കും കഥ വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി - വീണ്ടും കാണുംവരെ വിട.

തറവാടി said...

നല്ല കഥ

:)

Murali K Menon said...

എല്ലാ ബ്ലോഗേഴ്സിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
സസ്നേഹം മുരളി

വേണു venu said...

മുരളിജീ. കഥ വായിച്ചു.
അളന്നു മൂറിച്ച സംഭാഷണങ്ങളും സ്വത സിദ്ധ ശൈലിയും കഥയെ വേര്‍‍തിരിച്ചു നിര്‍‍ത്തുന്നു. കുന്നിന്‍ ചരുവും, കണ്ണീരും, മഞ്ഞു്രുകാത്ത കുന്നുമൊക്കെ കഥാപാത്രങ്ങളായി മാറുന്ന മുഹൂര്‍ത്തങ്ങളും നന്നായി. നല്ലൊരു കഥ തന്നെ.
കഥയില്‍‍ കൂടെ കൂടെ പറയുന്ന അവര്‍‍ എങ്ങനെ രൂപപ്പെടുന്നു.
ഈ സമൂഹ ത്തിനെ രക്ത പങ്കിലമാക്കി , അതില്‍ മണിമാളിക പണിയുന്ന അവരെ നോക്കി നില്‍‍ക്കാന്‍‍ വിധിക്കപ്പെടുകയാണോ പുതിയ തലമുറ.
വെട്ടിയിട്ട വഴികളുടെ അസ്ഥികൂടം നോക്കി നെടുവീര്‍പ്പിടുന്നതു് ഭീരുത്വമല്ലേ.
മഞ്ഞുരുകാന്‍ കാത്തു് മലമുകളിലിരുന്നാല്‍ സ്വാമി സുകൃഷനു് മഞ്ഞുരുകുന്നതു് കാണാന്‍‍ കഴിയുമോ,?
മുരളിജി, പ്രഭാതഭക്ഷണം കഴിക്കാനിരിക്കുന്ന സ്വാമിജിയുടേയും അതിഥികളുടേയും ഈറനണിഞ്ഞ കണ്ണുകള്‍ കണ്ട ശിഷ്യന്‍മാര്‍ അമ്പരന്നു നിന്നു.
പുതിയ തലമുറ അമ്പരന്നു് നില്‍ക്കുന്നു.
തിരിച്ചു വരവില്‍‍ സന്തോഷം.
ആശംസകള്‍.:)

Murali K Menon said...

തറവാടിയ്ക്കും, വേണുവിനും കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി അറിയിച്ചുകൊള്ളുന്നു. വേണൂ, കാത്തിരിക്കാന്‍ വിധിക്കപ്പെടുന്നത്‌, ഒരുപാട്‌ കുരിശുയുദ്ധത്തിനുശേഷമാണ്‌. അവരാരും തന്നെ തുടക്കത്തിലേ കയ്യും കെട്ടി നല്ലൊരു കാലത്തെ വരവേല്‍ക്കാന്‍ കാത്തിരുന്നവരല്ല. മാറ്റത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ താത്ക്കാലികമായി പരാജയപ്പെട്ടവരാണവര്‍. ദുഷ്ടന്‍മാര്‍ പന പോലെ വളരുമ്പോള്‍ മാനുഷികമായ ഭയം അവരെ പതുങ്ങി നിന്ന്‌ വീക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരാക്കി. ഒരു പക്ഷെ വരും തലമുറ പൂര്‍വ്വികരില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ അവരുടെ പരിമിതികളെ മറികടന്നുകൊണ്ട്‌ പ്രവര്‍ത്തിച്ചേക്കാം. ടണലിനപ്പുറം വെളിച്ചമുണ്ടെന്ന്‌ വിശ്വസിക്കാന്‍ തന്നെയാണെനിക്കിഷ്ടം. ഒരിക്കല്‍ കൂടി എല്ലാ വായനക്കാര്‍ക്കും നന്ദി സസ്നേഹം മുരളി