Tuesday, March 13, 2007

ഞാന്‍ ജോലി രാജിവെച്ചു.

അരവിശിവയ്ക്കും, മറ്റുള്ള സ്നേഹിതന്‍മാര്‍ക്കും, ബ്ളോഗ്‌ വായനക്കാര്‍ക്കൂം, ഞാന്‍ ബ്ളോഗ്‌ വായിച്ചിട്ടും എഴുതിയിട്ടും മാസങ്ങളായി. കാരണം ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ ബാങ്ക്‌ മാനേജ്മെണ്റ്റുമായുള്ള കുരിശുയുദ്ധം കാരണമാണ്‌. അതിണ്റ്റെ അന്ത്യത്തില്‍ സംഭവിക്കേണ്ടതു സംഭവിച്ചു. ഞാന്‍ ജോലി രാജിവെച്ചു. അഹന്തയുടെ കൂട്ടായ്മയെ തോല്‍പ്പിക്കാന്‍ മാത്രമുള്ള അഹന്ത എന്നില്‍ അവശേഷിച്ചിട്ടില്ലെന്ന സത്യം തിരിച്ചറിയുകയും, തല നിവര്‍ത്തിപ്പിടിച്ച്‌ ഇറങ്ങിപ്പോരുകയും ചെയ്തു. ഇനിമുതല്‍, ടാര്‍ജറ്റുകളോ, പ്രഷറുകളോ, ശമ്പളമോ ഇല്ല എന്ന സമാധാനം ഉണ്ട്‌. ജനുവരി പതിനഞ്ചിന്‌ ബാങ്കുമായുള്ള ബന്ധത്തിനു വിടപറഞ്ഞുകൊണ്ട്‌ പൂര്‍ണ്ണമായും എഴുത്തിണ്റ്റെ ലോകത്ത്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ ഒരു അര്‍ദ്ധസമ്മതവും തത്ക്കാലം കൂട്ടിനുണ്ട്‌. പുതിയ സിനിമയുടെ തിരക്കഥ രചിക്കുന്നതിനായ്‌ അജ്ഞാത കേന്ദ്രത്തിലേക്ക്‌ നീങ്ങുന്നതിനു മുമ്പ്‌ ഒരു പോസ്റ്റിംഗ്‌ ആകട്ടെ എന്നു കരുതി. അതുപോലെ എണ്റ്റെ ഇതുവരെയുള്ള ചെറുകഥകള്‍ പുസ്തകരൂപത്തിലാക്കാനും ആലോചനയുണ്ട്‌. നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്കായ്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ വീണ്ടും സന്ധിക്കും വരെ വിട........ എന്ന്‌ മുരളിമേനോന്‍

17 comments:

മുരളി മേനോന്‍ said...

Dear Blog friends,
I have not severed the relationship with the blog. Due to certain reasons, I could not continue here which I have mentioned in my today's posting.
All the best

Sul | സുല്‍ said...

മുരളി,

താങ്കളുടെ പുതിയ സംരഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

മനസ്സമാധാനത്തോടെ മുന്നോട്ട് പോകുക കൂട്ടുകാരാ.

-സുല്‍

ikkaas|ഇക്കാസ് said...

ആശംസകള്‍ മുരളിജീ.

വേണു venu said...

ശ്രീ. മുരളീ മേനോന്‍‍,
ബൂലോകത്തു് കാണാതിരുന്നതു ശ്രദ്ധിച്ചിരുന്നു. ബ്ലോഗിലൊരു കമന്‍റെഴുതാതെ ഞാന്‍ ഒരു ഇ മെയില്‍‍ അയച്ചിരുന്നു. അതിനും മറുപടി കാണാതിരുന്നപ്പോള്‍‍ എന്തു പറ്റി എന്നു് ഞാന്‍ വ്യാകുലനായിരുന്നു.
ഈ നിഴല്‍‍ക്കുത്തിലെ സാദൃശ്യ തോണിയില്‍ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടു പരിചയപ്പെട്ട താങ്കളുടെ മാനസിക സംഘര്‍ഷങ്ങള്‍‍ ഇന്നു മനസ്സിലായിരിക്കുന്നു. എല്ലാം നല്ലതിനാണെന്നും നന്മകള്‍‍ ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു.
ഭാവുകങ്ങള്‍‍ നേരുന്നു.
സസ്നേഹം,
വേണു.

G.manu said...

Murali ji

my wishes...talent cannot be sacked....but beware of socalled cliques and paras in literature..

pls inform me about new book release..i can take care in delhi operation

നന്ദു said...

ടെന്‍ഷന്‍ കൂടാതെയിനി കഥ എഴുതാമല്ലോ!.
പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു.

സു | Su said...

ജോലി വേണ്ട എന്ന് വെക്കുന്നത് വിഷമം ഉണ്ടാവുന്ന ഒരു കാര്യമാണെങ്കിലും, താങ്കള്‍, സ്വയമെടുത്ത തീരുമാനം ആയതുകൊണ്ട് പ്രശ്നം വരില്ലെന്ന് കരുതുന്നു. പുതിയ മേഖലയില്‍ താങ്കള്‍ക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു. :)

Satheesh :: സതീഷ് said...

എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

നിര്‍മ്മല said...

അതി കഠിനമായ അസൂയ അമര്‍ത്തിപ്പിടിച്ചുകൊണ്ട് വിജയങ്ങള്‍ നേരുന്നു. പിന്തിരിഞ്ഞു നോക്കാതെ ഉറച്ചകാല്‍ വെയ്പ്പോടെ മുന്നോട്ടു പോവുക.

ദില്‍ബാസുരന്‍ said...

മുരളിയേട്ടാ,
എല്ലാ ആശംസകളും. തലയുയര്‍ത്തിപ്പിടിച്ച് തന്നെ നടക്കൂ. എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല താങ്കള്‍ ചെയ്തത്.

ഒരിക്കല്‍ കൂടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ദിവ (diva) said...

wish you good luck

take care

:)

സങ്കുചിത മനസ്കന്‍ said...

മുരളിയേട്ടാ,
അറിഞ്ഞിടത്തോളം, ഈ രാജി ആദ്യത്തേതല്ലല്ലോ?
എം.പി സുകുമാരന്‍ നായരുടെ കഴകത്തില്‍ നിന്ന് വരെ റിസൈന്‍ ചെയ്ത് പോയിട്ടില്ലേ?

;) ഹാപ്പി റിസൈനിംഗ്!

-മണികണ്ഠന്‍

santhosh balakrishnan said...

എല്ലാ ആശംസകളും...

മുരളി മേനോന്‍ said...

എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന, എന്നെ സ്നേഹിക്കുന്ന എല്ലാ ബ്ളോഗ്‌ ചങ്ങാതിമാര്‍ക്കും എണ്റ്റെ ഒരായിരം നന്ദി. മണി പറഞ്ഞതുപോലെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ രാജിയൊന്നുമല്ലാത്തതുകൊണ്ട്‌ അതിനെക്കുറിച്ചോര്‍ത്ത്‌ യാതൊരു ദു:ഖവുമില്ല. അല്ലെങ്കിലെന്തിനു ദു:ഖിക്കണം. നാം കീ കൊടുത്തു വെച്ചതുകൊണ്ടു മാത്രം അലാറം അടിക്കുന്ന ടൈംപീസിനെ ദേഷ്യത്തോടെ തല്ലി ഓഫാക്കുന്നതുപോലെയാവും നാം എടുത്ത തീരുമാനത്തില്‍ ദു:ഖിച്ചുപോയാല്‍. ഇഷ്ടമില്ലാത്തത്‌ അധികകാലം കണ്ടുനില്‍ക്കാനോ പിന്‍പറ്റാനോ കഴിയാതിരിക്കുമ്പോള്‍ അവിടെ നിന്നും നിഷ്ക്രമിക്കുക എന്നത്‌ എണ്റ്റെ ഒരു ശീലം. പിന്നെ സംഭവാമി യുഗേ യുഗേ എന്ന്‌ ഭഗവാനും പറഞ്ഞുവെച്ചീട്ടുണ്ട്‌. എനിക്കത്‌ യു.കെ, യു.കെ എന്നായാലോ.... പറയാന്‍ പറ്റില്ല. എന്തും സംഭവിക്കാം. എന്തായാലും തത്ക്കാലം എഴുതി ജീവിക്കുക എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക്‌...... നിങ്ങളുടെ സ്നേഹത്തിനും, ആശിര്‍വ്വാദത്തിനും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചുകൊണ്ട്‌, വീണ്ടും സന്ധിക്കും വരെ വിട.....

ദേവന്‍ said...

നന്നായി വരും മാഷേ.
എല്ലാ ഭാവുകങ്ങളും...

qw_er_ty

കുറുമാന്‍ said...

മുരളിയേട്ടാ, ഞാന്‍ താങ്കളുടെ രാജിക്കാര്യം ഇപ്പോഴാ അറിയുന്നത്. ചെയ്യുന്ന ജോലിയില്‍ തൃപ്തി തോന്നുന്നില്ല എന്നുള്ള അവസ്ഥ വരുകയാണെങ്കില്‍ രാജി വക്കുക തന്നെയാണുത്തമം. പക്ഷെ പറയാന്‍ എളുപ്പമാണ് പ്രവര്‍ത്തിക്കാന്‍ വിഷമവും.

ഇരിങ്ങാലക്കുടയില്‍ നിന്നും ഞങ്ങള്‍ മാറി. ഇപ്പോള്‍ ചിയ്യാരത്താണ്. ഇനി ഇവിടെ സ്ഥിരമായുണ്ടാവും. ആഗസ്റ്റില്‍ നാട്ടില്‍ വരുമ്പോള്‍ കാണാം.

എല്ലാ വിധ ഭാവൂകങ്ങളും.

അരവിശിവ. said...

മുരളിയേട്ടാ,

ഇടയ്ക്കിടയ്ക്ക് കമന്റുകളില്‍ക്കൂടി അന്വേഷിയ്ക്കുകയും ഇവിടെ വന്നെത്തി നോക്കുകയും ചെയ്തിരുന്ന ഞാന്‍ ഈ പോസ്റ്റു കാണാന്‍ വൈകി...ക്ഷമിയ്ക്കൂ....

പിന്നെ...ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായും എഴുത്തിലേക്ക് തിരിയുക എന്നത് ഒരു നിയോഗമായിരുന്നിരിയ്ക്കണം...മുന്‍പോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..സാഹിത്യത്തിനും കലയ്ക്കും വേണ്ടി ഔദ്യോഗിക ജീവിതം വേണ്ടെന്ന് വയ്ക്കാന്‍ പോന്നത്ര അര്‍പ്പണബോധം ഇക്കാലത്ത് ആരും കാട്ടാറില്ല...ഈ നല്ല തീരുമാനത്തിന്റെ ശുഭഫലങ്ങള്‍ തീര്‍ച്ചയായും തേടി വരുമെന്ന് ഉറപ്പിച്ചു പറയുന്നു.

പിന്നെ...ജോലി രാജി വച്ചതില്‍ കൂട്ടിന് ഞാനുമുണ്ട്...പക്ഷേ എന്റെ കേസില്‍ സ്വന്തമായൊരു ബിസിനസ്സ് തുടങ്ങാനായിരുന്നു രാജിയെന്നു മാത്രം.ഇപ്പോള്‍ രണ്ടു മാസമാകുന്നു ജോലി രാജി വച്ചിട്ട്.

എല്ലാ നല്ല ഭാവുകങ്ങളും ഒരിയ്ക്കല്‍ക്കൂടി നേരുന്നു.

വായനയുടെ ഒരു വസന്തം പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹപൂര്‍വ്വം

അരവിന്ദ്.എസ്(അരവിശിവ)