Wednesday, June 06, 2007

വിശാലമനസ്കന്‍ കേരളത്തില്‍

പ്രിയ ബ്ലോഗന്മാരേ,

വിശാലമനസ്കന്‍ സ്വന്തം സിറ്റിയായ കൊടകരയിലെത്തിയിട്ട് ശ്ശി നാളായെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത് ഈ അടുത്തകാലത്താണ്. ജൂണ്‍ 2 ന് ഭാര്യയേയും മക്കളേയും കൂട്ടി വിശാലന്‍ എന്റെ വീട്ടിലേക്ക് ആഗതനാവുകയും, പണിയൊന്നുമില്ലാത്ത ഞാന്‍ വീട്ടിലൊറ്റയ്ക്കായതിന്റെ പേരില്‍ വലിയ സത്ക്കാരമൊന്നും നല്‍കാതെ കുറേ നേരം ലാത്തിയടിച്ച് അവശരാക്കി അവരെ തിരിച്ചയക്കുകയും ചെയ്ത വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പോകാന്‍ നേരം നടന്ന ഫോട്ടോ എടുപ്പ് പരിപാടിയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുകയും, ഫോക്കസ് ചെയ്യാന്‍ വൈകുന്തോറും ഇയാളുടെ മോന്ത ഫ്രെയിമില്‍ വൃത്തികേടായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നറിഞ്ഞ വിശാലന്‍ വളരെ വേഗം പറ്റാവുന്നത്ര ഫോട്ടോകള്‍ എടുത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്നും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പിറ്റേ ദിവസം ഞാന്‍ വിശാലന്റെ വീട് തിരക്കി പോകുകയും പുതിയ വീടിന്റെ മുമ്പില്‍ ചെന്ന് ഫോണ്‍ ചെയ്ത് ഉള്ളില്‍ മലര്‍ന്നടിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന വിശാലനെ പുറത്തേക്ക് വിളിച്ച് ഒരു മണിക്കൂറിലധികം വധിക്കുകയുമുണ്ടായി. അതിനകം കൊടകരപുരാണം വായിച്ച് ഹാലിളകിയ മൂന്നു ചെറുപ്പക്കാര്‍ വിശാലനെ കണ്ട് മനസ്സ് നിറയ്ക്കാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. അവരിലൊരാള്‍ ആയുര്‍വ്വേദ ഡോക്ടര്‍ ആയിരുന്നു. എല്ലാവരും കൂടി പറ്റാവുന്നത്ര തമാശകള്‍ (“ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്“ എന്ന മാതിരി തമാശയല്ല, മറിച്ച് അതിനേക്കാള്‍ തറയായതോ മുന്തിയതോ ആയ തമാശകള്‍) ‍പറഞ്ഞ് പിരിഞ്ഞു.

കൊടകരപുരാണം ചൂടപ്പം പോലെ കേരളത്തില്‍ വിറ്റു തീര്‍ന്ന വിവരം ഞാന്‍ സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു. ഇനിയെല്ലാം വിശാലന്റെ തിരിച്ചു വരവില്‍ നിങ്ങള്‍ക്ക് വിശാലമായ് തന്നെ കേള്‍ക്കാം.

സസ്നേഹം
മുരളി

6 comments:

മുരളി മേനോന്‍ said...

വിശാലനും ഞാനും നേരില്‍ കണ്ടതിന്റെ സന്തോഷം പോസ്റ്റ് ചെയ്തീട്ടുണ്ട്. ഏതാനും ദിവസങള്‍ക്കുള്ളില്‍ വിശാലന്‍ തിരിച്ചു വന്ന് നിങ്ങളെ അഭിസംബോധന ചെയ്യുന്നതായിരിക്കും
എന്ന് മുരളി

കുട്ടമ്മേനൊന്‍::KM said...

മുരളിയേട്ടാ, എവിടെ ? പടം പിടുത്തമൊക്കെയായി മഞ്ഞുരുകും കാലത്ത് മുങ്ങിയിട്ടിപ്പോഴാണോ പൊങ്ങുന്നത് :) പുതിയ പോസ്റ്റുകളൊക്കെ വരട്ടെ.

kaithamullu : കൈതമുള്ള് said...

അതു തന്നാ ഞാനും ചോദിക്കുന്നേ- പടം എവിടെവരെയായി?

മുരളി മേനോന്‍ said...

കുട്ടന്മേനോന്‍,കൈതമുള്ള്,
പടത്തിന്റെ സ്ക്രിപ്റ്റ് പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ അതിനിടയില്‍ തത്ക്കാലം എന്നെ വശീകരിക്കുന്ന ഒരു ഓഫര്‍ ടാന്‍സാനിയയിലെ ഒരു ബാങ്കില്‍ നിന്ന് ലഭിച്ചതുകൊണ്ട് ഒരു 6 മാസത്തേക്ക് പ്രോജക്റ്റ് കണ്‍സല്‍ട്ടന്റ് - ഐ.ടി. ആയി പോകുന്നു. എന്റെ ജോലി അവര്‍ക്ക് എ.ടി.എം. സ്ഥാപിക്കുകയും അതിന്റെ നെറ്റ് വര്‍ക്ക് ഉണ്ടാക്കി കൊടുക്കുകയും, പിന്നെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്.എം.എസ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് മാനേജ്മെന്റ് സെല്‍, റിലേഷന്‍ഷിപ്പ് വിത്ത് വിസാ ഇന്റര്‍നാഷണല്‍, പിന്നെ സമയമുണ്ടെങ്കില്‍ മാര്‍ക്കറ്റിംഗ് ട്രെയിനിംഗ് ടു ബ്രാഞ്ച് സ്റ്റാഫ്. ഡാര്‍ എസ് സലാമിലാണ് പോസ്റ്റിംഗ്. പക്ഷെ നൈറോബിയിലാണ് ഐ.ടി. സെന്റര്‍ അതുകൊണ്ട് ഫ്രീക്വന്റ് ട്രാവലിംഗ് വേണ്ടി വരും എന്നറിയുന്നു അപ്പോള്‍ ടാന്‍സാനിയയിലെ രാത്രികളില്‍ ബ്ലോഗിംഗ് കം സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു അര്‍ദ്ധ സമ്മതം എം2ബി2 മൂവി മേക്കേഴ്സിന്റെ ഭാരവാഹികള്‍ തന്നീട്ടുമുണ്ട്.

kaithamullu : കൈതമുള്ള് said...

സുഖകരമായ താമസവും ജോലിയും ആശംസിക്കുന്നു.
- ബ്ലോഗ്ഗിംഗും സ്ക്രിപ്റ്റിംഗും നടത്താനുള്ള സമയം കൂടി കിട്ടട്ടെ!
All the best!

അരവിശിവ. said...

മുരളിയേട്ടാ.

ബ്ലോഗിങ്ങിനും,സ്ക്രിപ്റ്റിങ്ങിനും പിന്നെ പുതിയ ജോലിയ്ക്കും എല്ലാ ആശംസകളും നേരുന്നു...

പുതിയ സ്ക്രിപ്റ്റില്‍ വളരെയേറെ പ്രതീക്ഷയുണ്ടുന്ന് അറിയിച്ചുകൊള്ളുന്നു.

സ്നേഹപൂര്‍വ്വം..