Saturday, November 25, 2006

അഭിനവ കാളിദാസന്‍

അയാള്‍ വീടിന്റെ പടിഞ്ഞാറുവശത്ത് ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന നാട്ടുമാവില്‍ അള്ളിപ്പിടിച്ചു കയറുകയായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് ചില കുട്ടികള്‍ മാവിന്‍‌ചുവട്ടിലിരുന്നു കല്ല് കളിച്ചു കൊണ്ടിരുന്നു. ചിലരാകട്ടെ അയാള്‍ മാവില്‍ കയറുന്നത് കണ്ടു രസിച്ചു നില്‍ക്കുകയാണ്‍്. അവരിലാരോ ഇടയ്ക്ക് വിളിച്ചു പറഞ്ഞു, “ദേ, ഈ അച്ചുവേട്ടന്‍ മാവുമ്മേ കേറ്ണേ... “അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ കൂടുതല്‍ ഉയരത്തിലേക്ക് കയറുകയാണ്‍്. അയാള്‍ മാവിന്റെ ഉച്ചിയിലെത്തിയപ്പോള്‍ കുട്ടികളുടെ ശ്രദ്ധ അയാളില്‍ നിന്നും വാടിവീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ ശേഖരിക്കുന്നതിലായി.


സൂര്യന്‍ ഇപ്പോഴയാളുടെ തലക്കുമുകളില്‍ കത്തി ജ്വലിക്കുകയാണ്. അയാള്‍ വീതികൂടിയ ഒരു ശിഖരത്തില്‍ ചാരിക്കിടന്നു. കഴിഞ്ഞ കുറേനാളുകളായി ഇതാണയാളുടെ വിശ്രമസങ്കേതവും ലൈബ്രറിയും ചിന്താകേന്ദ്രവും എല്ലാം. ശിഖരത്തില്‍ വളരെ ഭദ്രമായ് കെട്ടിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഒന്നൊന്നായ് എടുത്ത് അയാള്‍ വായിക്കാന്‍ തുടങ്ങി. ആദ്യം കൈവച്ചത് അനാട്ടമിക് സയന്‍സിലായിരുന്നു. ആദ്യത്തെ രണ്ടുമൂന്നു പേജുകള്‍ വായിച്ചതിനുശേഷം കുറെ പേജുകള്‍ മറിച്ച് അവിടെയും ഇവിടെയുമൊക്കെയായി വായിച്ചു.


താഴെ ചില കുട്ടികള്‍ കളിച്ചും, കണ്ണിമാങ്ങകള്‍ പെറുക്കിയും പോയിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലരാവട്ടെ ഹി-മാനും സൂപ്പര്‍മാനുമൊക്കെയായി ഇല്ലാത്ത കഥകള്‍ പറഞ്ഞും വീമ്പു പറഞ്ഞും രസിച്ചു. ശരീരത്തിന്റെ ഓരോ ഘടനകള്‍, അവയ്ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, അയാള്‍ക്കു ചിരി പൊട്ടി. ആ പുസ്തകം മടക്കി മടിയില്‍ വെച്ച് അയാള്‍ മറ്റൊന്നെടുത്തു. അത് സൈക്കോളജി ആയിരുന്നു. കുറച്ചധികം പേജുകള്‍ അയാള്‍ ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.
സൂര്യനിപ്പോള്‍ അയാളെ ചെരിഞ്ഞുനിന്നു വീക്ഷിക്കുകയാണ്. ഓരോ മനസ്സിന്റേയും വൈചിത്ര്യങ്ങളോര്‍ത്ത് അയാള്‍ അത്ഭുതപ്പെട്ടു. 


ശിഖരങ്ങളിളക്കി ഒരു ചുടുകാറ്റടിച്ചു. വീഴാതിരിക്കാന്‍ ഒരു ചെറുചില്ലയില്‍ അയാള്‍ മുറുകെപിടിച്ചു. കുറെ വാടിയ മാമ്പൂക്കള്‍ അയാളുടെ പുസ്തകത്തില്‍ ചിതറിവീണു. അയാള്‍ ആ പൂക്കളെ കയ്യിലെടുത്തു. ഇത്രയും നാള്‍ വിരിഞ്ഞുനിന്നീട്ടും കാര്യമായി സുഗന്ധം പരത്താനോ, ഫലം നല്കാനോ കഴിയാതെപോയ പൂക്കളെയോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു. പിന്നെ അവ ഒരു മാവിലയില്‍ പൊതിഞ്ഞ് ശിഖരത്തിനിടയില്‍ തിരുകി.
അയാള്‍ പിന്നീട് വായിക്കാനെടുത്തത് കെനീഷ്യന്‍ തിയറി ഓഫ് അണ്‍‌എം‌പ്ലോയ്മെന്റ് ആയിരുന്നു. പുറംചട്ടയിലെ വലിയ അക്ഷരങ്ങള്‍ വായിച്ച് അയാള്‍ അസ്വസ്ഥചിത്തനായി. ബിരുദങ്ങളുടെ കൂമ്പാരമുണ്ടായിട്ടും ഇതുവരെ തനിക്കൊരു ജോലി കിട്ടിയില്ലല്ലോ. മുന്‍പരിചയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന എഴുതപ്പെടാത്ത തിയറിയില്‍ താന്‍ തികച്ചും അജ്ഞനാണല്ലോ. വായിച്ചു തീര്‍ന്ന കുറെ പേജുകള്‍ അയാള്‍ കാറ്റില്‍ പറത്തി. നിലത്തുവീണ പേജുകള്‍ പെറുക്കിയെടുത്ത് കുട്ടികള്‍ ബോട്ടുകളും, വിമാനങ്ങളും ഉണ്ടാക്കിക്കളിച്ചു. പിന്നീടവര്‍ സാങ്കല്പിക നദികളും, വിമാനത്താവളങ്ങളും സൃഷ്ടിച്ച് ആ ബോട്ടുകളിലും, വിമാനങ്ങളിലും സഞ്ചരിച്ചു.


വിരസമായ പഠനങ്ങളുടെ ആവര്‍ത്തങ്ങളില്‍ നിന്നും മോചനം നേടാനായി അപ്പോള്‍ അയാള്‍ തിരഞ്ഞെടുത്ത പുസ്തകം അഭിജ്ഞാനശാകുന്തളമായിരുന്നു. മുഖവുരയില്‍ കാളിദാസന്റെ ജീവിതരീതിയുടേയും, കാലഘട്ടത്തിന്റേയുമൊക്കെ സാങ്കല്പിക കഥകള്‍. പല പണ്ഡിതന്മാരുടേയും നിഗമനങ്ങള്‍. മുഖവുര വായിച്ചുതീര്‍ന്ന അയാള്‍ പുസ്തകമടച്ചുവെച്ച് കണ്ണുകള്‍ പൂട്ടി ചിന്തയിലാണ്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അയാള്‍ മാവില്‍ നിന്നും ധൃതിയില്‍ താഴോട്ടിറങ്ങി. വീടിന്റെ പടിഞ്ഞാറെ തിണ്ണയിലിരുന്ന വെട്ടുകത്തിയെടുത്ത് മാവിനടുത്തേക്കു നടക്കുമ്പോള്‍ അയാള്‍ ചുറ്റും നോക്കി, ആരുമില്ല. എല്ലാവരും വീടിന്റെ മുന്‍‌വശത്തിരുന്നു സംസാരിക്കുകയോ അല്ലെങ്കില്‍ അകത്തളത്തില്‍ കിടന്നു മയങ്ങുകയോ ആവാം. വീണ്ടും മാവില്‍ വലിഞ്ഞുകയറുമ്പോള്‍ അയാള്‍ അറിയാതെതന്നെ കണ്ണുകള്‍ തറഞ്ഞുനിന്നത് മാവിഞ്ചുവട്ടിലെ പൂഴിമണ്ണില്‍ വാടി വീണുകിടന്ന കണ്ണിമാങ്ങകളിലായിരുന്നു.


പുസ്തകങ്ങള്‍ അടുക്കിവെച്ച ശിഖരത്തിനടുത്ത് വെട്ടുകത്തി തറച്ചുവെച്ച് അയാള്‍ സൂര്യനെ വീക്ഷിച്ചു. സൂര്യന്റെ ക്ഷീണിച്ച മുഖം കാണാന്‍ ഇഷ്ടമില്ലാതിരുന്ന അയാള്‍ പുസ്തകങ്ങളില്‍ മുഖമമര്‍ത്തിക്കിടന്നു. പിന്നീട് ഒരു ഉള്‍വിളിയാലെന്നപോലെ വെട്ടുകത്തിയെടുത്ത് താന്‍ ഇരുന്നിരുന്ന ശിഖരത്തിന്റെ കടഭാഗം മുറിക്കാന്‍ തുടങ്ങി. അപ്പോളതുവഴി കടന്നുപോയ ഒരാള്‍ വിളിച്ചുചോദിച്ചു,


“എന്താ അച്ചു, താന്‍ ആരാന്നാ കരുതിയിരിക്കണേ, കാളിദാസനോ?“

അതിനയാള്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. “അതെ ഞാന്‍ കാളിദാസനാ...“ എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞ താങ്കള്‍ക്കു നന്ദി. അയാള്‍ വീണ്ടും ശിഖരത്തില്‍ വെട്ടുകത്തി ആഞ്ഞു വീശി. അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ കടന്നുപോയ വഴിപോക്കന്‍ ആരോടെന്നില്ലാതെ പറഞ്ഞു.


“ഇന്നത്തെ കാലത്ത് പഠിപ്പു കൂട്യാലും ദോഷം തന്ന്യാ“


ശിഖരത്തില്‍ പതിക്കുന്ന ഓരോ മുറിവും അയാള്‍ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. ആദ്യം തോന്നിയ വേദന പിന്നീട് അയാള്‍ക്ക് അനുഭൂതിയായി. അയാളുടെ കരങ്ങള്‍ക്ക് ശക്തി കൂടുന്തോറും ശിഖരത്തിന്റെ മുറിവിന് ആഴമേറിക്കൊണ്ടിരുന്നു. പൊടുന്നനെ താരാട്ടുപാട്ടിന്റെ ഈണവും അമ്മയുടെ ആര്‍ദ്രമായ കണ്ണുകളും മനസ്സില്‍ നിറഞ്ഞുനിന്നു. അയാളുടെ ചുണ്ടുകളെന്തോ മന്ത്രിക്കുകയായിരുന്നു. 


ഞാന്‍ മേലേടത്ത് അച്ചുതന്‍‌കുട്ടി അറിയുന്നു, ഓരോ വെട്ടിലും പിടയുന്നത് ഞാന്‍ മാത്രമല്ലെന്ന്, വയസ്സായ അച്ഛന്‍, അമ്മ, പോളിയോ ബാധിച്ച് ചേതനയറ്റ കൈ കാലുകളോടെ അനുജത്തി. വിവാഹക്കമ്പോളത്തിലെ ഏറ്റവും വിലകുറഞ്ഞ ചരക്കായി ചേച്ചി. അവരുടെ ശരീരങ്ങള്‍ മുറിവുകളേറ്റ് രക്തംവാര്‍ന്ന് നിശ്ചലമാകുന്നുവോ. പാദസരങ്ങളണിഞ്ഞ ഇന്ദുവിന്റെ പാദങ്ങള്‍ ആ രക്തത്തില്‍ ചവിട്ടിക്കടന്നു പോയതിന്റെ സ്വരം താന്‍ കേട്ടുവോ. തന്റേയും ഇന്ദുവിന്റേയും കുട്ടിക്കാലത്ത് കുടുംബങ്ങള്‍ തുലാസിന്റെ ഇരു തട്ടിലും ഒരേ തൂക്കത്തിലായിരുന്ന കാലത്ത് അമ്മാവന്‍ അമ്മയോട് പറഞ്ഞിരുന്നുവത്രേ, ഇന്ദു അച്ചുവിന്റേതാണെന്ന്. അമ്മാവന്റെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിത്തുടങ്ങുന്ന പ്രായത്തില്‍ ഞങ്ങള്‍ മനസ്സുകൊണ്ട് ഒന്നായ് കഴിഞ്ഞിരുന്നു. പടിപ്പുരയിലും നാലുകെട്ടിലും തൊടിയിലും തന്നോടൊപ്പം ഒരു നിഴല്‍‌പോലെ ഇന്ദു അനുഗമിച്ചിരുന്നു. തന്റെ കൊച്ചുകൊച്ചു കളിയാക്കലുകളും നാണം കൊണ്ടു ചെമന്നുതുടുത്ത അവളുടെ മുഖവും നിമിഷങ്ങളുടെ ദൈര്‍ഘ്യമുള്ള പിണക്കങ്ങളും എല്ലാം എന്നാണ് തനിക്ക് നഷ്ടപ്പെട്ടത്? താനെന്നാണ്  അവള്‍ക്ക് അനഭിമതനായത്? തുലാസിന്റെ ഒരു തട്ട് ഭാരംകൊണ്ട് താഴുമ്പോള്‍ താനും കുടുംബവും ഭാരമില്ലാതെ ശൂന്യതയില്‍ കിടന്നു തിരിഞ്ഞു. ഇന്ദുവിനെ താനെന്തിനു കുറ്റപ്പെടുത്തണം. ഗള്‍ഫിന്റെ ധാരാളിത്തവും, സുഗന്ധദ്രവ്യങ്ങളുമൊക്കെ ഏതു പെണ്ണിനെയാണ് കീഴ്പ്പെടുത്താത്തത്? അവളേയുംകൊണ്ട് വിമാനം ഈ മാവിന്‍‌മുകളിലൂടെ കടന്നുപോയപ്പോള്‍ താന്‍ ഇതേ ശിഖരത്തിലിരുന്ന് ഹ്യൂമന്‍ സൈക്കോളജിയുടെ പുതിയ പുസ്തകങ്ങള്‍ റഫര്‍ ചെയ്തു. പിന്നീട് കഴുത്തിലും ശിഖരത്തിലുമായ് ഇട്ടിരുന്ന കയറിന്റെ കുരുക്കുകള്‍ ഊരി വലിച്ചെറിഞ്ഞു. ആര്‍ക്കെങ്കിലും എഴുതാനായ് ഒരു സൈക്കോളജിയെങ്കിലും ബാക്കി വെയ്ക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ കൃതാര്‍ത്ഥനാകുകയായിരുന്നു. ആരേയും കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം. ഏക മകളുടെ ഭാവി ഭദ്രമാക്കേണ്ടത് ഒരച്ഛന്റെ കടമയായ് കണക്കാക്കുമ്പോള്‍ അമ്മാവനും, അമ്മായിയും കുറ്റക്കാരാകുന്നതേയില്ല. കുറ്റങ്ങളും കുറവുകളും തനിക്കുമാത്രം വിധിക്കപ്പെട്ടീട്ടുള്ളതാണ്. 


പണ്ടെങ്ങോ അച്ഛനോടൊപ്പം കണ്ടീട്ടുള്ള നിഴല്‍കുത്ത് കഥകളിയിലേതുപോലെ കണ്ണടച്ചാലും തുറന്നാലും കുറെ നിഴല്‍‌രൂപങ്ങള്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. താനും നിഴല്‍കുത്തിലെ കാട്ടാളനെപ്പോലെ ഈ രൂപങ്ങളെ കുത്തിമലര്‍ത്തേണ്ടിയിരിക്കുന്നു. തനിക്കതിനാവുന്നില്ലല്ലോ. നിഴലുകള്‍ക്കൊക്കെയും പരിചിത രൂപങ്ങള്‍, ഭാവങ്ങള്‍. ഇപ്പോഴയാളുടെ കയ്യിലെ വെട്ടുകത്തി ചെന്നു പതിച്ചത് ശിഖരത്തിന്റേയും മാവിന്റേയും അവസാനിക്കാന്‍ പോകുന്ന ബന്ധത്തിലായിരുന്നു. ശിഖരം ഒരു കാട്ടാളനെപ്പോലെ അലറിയില്ലെങ്കിലും ഒരു പ്രതിഷേധ പ്രകടനം പോലെ ചെറുതായി ഇടറിയ സ്വരം പുറപ്പെടുവിച്ചു. സുഖകരമായ തെന്നലില്‍ അയാള്‍ കണ്ണുകള്‍ പൂട്ടി. വെറും നിമിഷങ്ങളില്‍ എല്ലാ ചിന്തകളില്‍ നിന്നും മോചിതനാക്കി താഴെ മാമ്പൂക്കള്‍ വിരിച്ച് പ്രകൃതി അയാളെ ഉറക്കിക്കിടത്തി. ഒരു ശിശുവിനെപ്പോലെ അയാള്‍ മാവിന്‍‌ചുവട്ടില്‍ കമിഴ്ന്നടിച്ചുകിടന്നു. അറിവിന്റെ മുത്തുകള്‍ തേടാന്‍ അയാളെ സഹായിച്ച പുസ്തകങ്ങള്‍ അയാള്‍ക്കുചുറ്റും ചിതറിക്കിടന്നു. മാവിലയില്‍ പൊതിഞ്ഞ വാടിയ മാമ്പൂക്കള്‍ അയാളുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടന്നു.


കുട്ടികള്‍ കലപില കൂട്ടിക്കൊണ്ട് വീണ്ടും കളിക്കാനെത്തിയിരിക്കുന്നു. ചിലര്‍ അയാള്‍ക്കു ചുറ്റും കൂടിന്നിന്നു ചിരിച്ചു. മറ്റു ചിലര്‍ വീണുകിടന്ന ശിഖരത്തില്‍ കണ്ണിമാങ്ങകള്‍ തിരയാന്‍ തുടങ്ങി.

- 0 -

18 comments:

മുരളി മേനോന്‍ said...

ബ്ലോഗ് വായനക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ എന്റെ “അഭിനവ കാളിദാസന്‍” എന്ന കഥ പോസ്റ്റ് ചെയ്തീട്ടുണ്ട്. വിമര്‍ശനങ്ങള്‍ (ഏതു രീതിയിലുള്ളതും) സ്വാഗതാര്‍ഹം
സസ്നേഹം മുരളി

മുരളി വാളൂര്‍ said...

ജീവിത വിജയങ്ങളും പരാജയങ്ങളും ഓരോ വ്യക്തികളിലും എത്ര വ്യത്യസ്തം അല്ലേ? വിജയങ്ങളെന്നു കരുതുന്ന പലതും ഉണ്ടെങ്കിലും എങ്ങും എത്താത്ത ഒരു അവസ്ഥ എത്രയോപേര്‍ക്ക്‌... നഷ്ടപ്പെടലിന്റെ നൊമ്പരങ്ങളില്‍ അലയുന്നവര്‍. നിസ്സഹായതയെ അനുഭവിപ്പിക്കുന്ന എഴുത്ത്‌....

വേണു venu said...

അഭിനവ കാളിദാസന്‍, അതിന്‍റെ എല്ലാ ഉള്‍ക്കാഴ്‍ച്ചകളോടും കൂടി വായിച്ചു. വിജയം പരാജയം എന്നൊക്കെ പറ്യുന്നതിന്‍റെ പരിഭാഷ തന്നെ വ്യത്യസ്തം ആണു്. മനോഹരമായിരിക്കുന്നു.
ഓ.ടോ
“ഇന്നത്തെ കാലത്ത് പഠിപ്പു കൂട്യാലും ദോഷം തന്ന്യാ“

ഇതു വായിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ആത്മഹത്യ നടത്തിയ കാണ്‍പൂര്‍ IIT മലയാളി വിദ്യാര്‍ഥിയെ പറ്റി വീണ്ടും ആലോചിച്ചു.ഈ വര്‍ഷം മൂന്നാമത്തെ സംഭവമായിരുന്നു അതു്.‍‍

വല്യമ്മായി said...

കൊഴിഞ്ഞ മാമ്പൂക്കളെ പോലെ അയാളും അല്ലേ,നല്ല കഥ

സു | Su said...

അയാളുടെ വിചാരങ്ങളും കണ്ടെത്തലുകളും, അന്ത്യവും ഒക്കെപ്പറഞ്ഞ കഥ നന്നായിട്ടുണ്ട്.

വിശാല മനസ്കന്‍ said...

പ്രിയ എം. എം. വളരെ നന്നായിരിക്കുന്നു.

അവസാന പാരഗ്രാഫ് ഒത്തിരി ഇഷ്ടപ്പെട്ടു (പാര തിരിച്ചില്ല എങ്കിലും ഊഹിച്ചെടുത്തു. നല്ല വര്‍ക്ക്.

മരത്തില്‍ ഇരുന്നുള്ള വായന! അത് എന്റെ പൊയ്പ്പോയ ഓര്‍മ്മകളെ കാന്തത്തേപ്പോലെ ആകര്‍ഷിച്ചെടുത്തു.

‘പഠിപ്പ് കൂടിയാലും പ്രശ്നമാണ്‘ എന്ന പൊതുവാദം ന്യായീകരിക്കുകയാണോ എം.എം.?

തന്മാത്ര സിനിമ കണ്ട് എന്നോട് ഒരു സുഹൃത്ത് പറഞ്ഞു ‘വെറുതെയല്ലാ, മോഹന്‍ലാലിന് ഓര്‍മ്മ കമ്പ്ലീറ്റ് അടിച്ചുപോയേ.. ഇത്രക്കും അറിവും വിവരോം സാധാരണ തലച്ചോറിന് താങ്ങില്ല’ എന്ന്. :)

കുട്ടന്മേനൊന്‍::KM said...

ഒരു ശിശുവിനെപ്പോലെ അയാള്‍ മാവിന്‍‌ചുവട്ടില്‍ കമിഴ്ന്നടിച്ചുകിടന്നു. അറിവിന്റെ മുത്തുകള്‍ തേടാന്‍ അയാളെ സഹായിച്ച പുസ്തകങ്ങള്‍ അയാള്‍ക്കുചുറ്റും ചിതറിക്കിടന്നു...അഭിനവ കാളിദാസന്‍ മനോഹരമായിരിക്കുന്നു.

മുരളി മേനോന്‍ said...

കഥ വായിക്കാനും, അഭിപ്രായം പറയുവാനും സമയം കണ്ടെത്തിയതിന് മുരളിക്കും, വേണുവിനും, വല്യമ്മായിക്കും, സു വിനും, വിശാലനും, കുട്ടന്മേനോനും എന്റ് നന്ദിയും സ്നേഹവും അറിയിക്കട്ടെ. “കൊടുക്കല്‍-വാങ്ങലുകളുടെ ഒരു വലിയ കെട്ടുപാടാണു ജീവിതം.. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ പല രീതിയില്‍ പല ജീവിതങ്ങളിലും പ്രതിഫലിക്കുന്നു. തനിക്കു നല്‍കിയതിനു പകരം നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത ചിലരെ ആത്മഹത്യകളിലെത്തിക്കുന്നു. മറ്റു ചിലര്‍ വേദനയെ വേദാന്തമാക്കി ജീവിതം തള്ളിനീക്കുന്നു. അങ്ങനെ അങ്ങനെ ജീവിതം, ജീവിക്കുവാന്‍ വേണ്ടി... നമ്മള്‍....എവിടെയൊക്കെയോ... എങ്ങിനെയൊക്കെയോ.... എന്തൊക്കെയോ.. ആയി....

അരവിശിവ. said...

‘കൊടുക്കല്‍-വാങ്ങലുകളുടെ ഒരു വലിയ കെട്ടുപാടാണു ജീവിതം....‘കഥയുടെ ആത്മാവ് ഈ നിരീക്ഷണത്തിലാവാഹിയ്ക്കാം....ഇത്തരമവസ്ഥകളിലുടെ കടന്നുപോകാത്ത ചെറുപ്പക്കാര്‍ നമ്മുടെ നാട്ടില്‍ വിശേഷിച്ചും കുറവാണ്,ഈ ഞാനുള്‍പ്പടെ...

കഥകള്‍ വെറുമൊരു വായനയ്ക്കപ്പുറം മനസ്സില്‍ എന്തെങ്കിലുമൊക്കെ അവശേഷിപ്പിയ്ക്കാന്‍ കഴിയണം...അതിനു തീര്‍ത്തും സാധിച്ചിട്ടുണ്ട്..

ഫിലിം ഫെസ്റ്റിവലൈന്റെ തിരക്കുകളിലായിരിയ്ക്കും എന്നു കരുതുന്നു..ദൃഷ്ടാന്തം പ്രദര്‍ശിപ്പിയ്ക്കുന്നുണ്ടല്ലോ..ഉത്ഘാടന ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു..ആ മായിക പ്രപഞ്ചത്തില്‍ നിന്ന് പോരുവാന്‍ മനസ്സില്ലായിരുന്നിട്ടും പോരേണ്ടി വന്നു...അടുത്ത തവണയെങ്കിലും കാണണമെന്നാണാഗ്രഹം..

സ്നേഹപൂര്‍വ്വം...

മുരളി മേനോന്‍ said...

സ്ഥിരം അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ അരവിശിവയെ കണ്ടില്ലല്ലോ എന്നു വിചാരിച്ചു. കമന്റിനു നന്ദി. മാത്രവുമല്ല അരവിശിവയുടെ ബ്ലോഗ് എനിക്ക് ശരിക്കും കിട്ടുന്നുമുണ്ടായിരുന്നില്ല. കാരണം അറിയില്ല. ഞാന്‍ രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. ഇന്ന് തിരിച്ചെത്തി. ദൃഷ്ടാന്തം കാണാന്‍ നിന്നില്ല. കാരണം പ്രിവ്യൂ ഷോ മുന്‍പ് ഞാന്‍ കണ്ടിരുന്നു. ഇപ്രാവശ്യം വളരെ മോശമായ രീതിയിലാണ് സംഘാടകര്‍ ഫിലിം ഫെസ്റ്റിവല്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഡെലിഗേറ്റ് പാസ്സിനും, കിറ്റിനും വേണ്ടി ശനിയാഴ്ച 10 മണി വരെ കലാഭവന്‍ തിയ്യറ്ററിനുമുമ്പില്‍ ഒട്ടനവധി പേര്‍ കാത്തു നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. അതുപോലെ ഇത്തവണ കൊണ്ടുവന്നിരിക്കുന്ന പല സിനിമകളും കഴിഞ്ഞ തവണത്തേതുപോലെ നല്ല നിലവാരം പുലര്‍ത്തുന്നവയാണെന്ന് എനിക്കു തോന്നുന്നില്ല. തിരുവനന്തപുരത്തു വരുമ്പോള്‍ എന്റെ ഫോണില്‍ ഒരു വിളിയോ, മെസേജോ തരിക. നമ്പര്‍ 9447488684

മുരളി മേനോന്‍ said...

സ്ഥിരം അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ അരവിശിവയെ കണ്ടില്ലല്ലോ എന്നു വിചാരിച്ചു. കമന്റിനു നന്ദി. മാത്രവുമല്ല അരവിശിവയുടെ ബ്ലോഗ് എനിക്ക് ശരിക്കും കിട്ടുന്നുമുണ്ടായിരുന്നില്ല. കാരണം അറിയില്ല. ഞാന്‍ രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. ഇന്ന് തിരിച്ചെത്തി. ദൃഷ്ടാന്തം കാണാന്‍ നിന്നില്ല. കാരണം പ്രിവ്യൂ ഷോ മുന്‍പ് ഞാന്‍ കണ്ടിരുന്നു. ഇപ്രാവശ്യം വളരെ മോശമായ രീതിയിലാണ് സംഘാടകര്‍ ഫിലിം ഫെസ്റ്റിവല്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഡെലിഗേറ്റ് പാസ്സിനും, കിറ്റിനും വേണ്ടി ശനിയാഴ്ച 10 മണി വരെ കലാഭവന്‍ തിയ്യറ്ററിനുമുമ്പില്‍ ഒട്ടനവധി പേര്‍ കാത്തു നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. അതുപോലെ ഇത്തവണ കൊണ്ടുവന്നിരിക്കുന്ന പല സിനിമകളും കഴിഞ്ഞ തവണത്തേതുപോലെ നല്ല നിലവാരം പുലര്‍ത്തുന്നവയാണെന്ന് എനിക്കു തോന്നുന്നില്ല. തിരുവനന്തപുരത്തു വരുമ്പോള്‍ എന്റെ ഫോണില്‍ ഒരു വിളിയോ, മെസേജോ തരിക. നമ്പര്‍ 9447488684

ദില്‍ബാസുരന്‍ said...

മുരളിയേട്ടാ,
മനോഹരമായിരിക്കുന്നു. പ്രത്യേകിച്ചും പലര്‍ക്കും പിടിവിട്ട് പോകുമായിരുന്ന അവസാന ഭാഗം. ശരിയും തെറ്റും രണ്ടല്ലല്ലോ.ഒരു വസ്തുവിനെ നമ്മള്‍ എങ്ങനെ കാണുന്നു എന്നല്ലേ. ആസ്വദിച്ച് വായിച്ചു. :-)

മുരളി മേനോന്‍ said...

ദില്‍ബു വായിച്ചതോടെ എന്റെ വായനക്കാരുടെ എണ്ണം അവസാനിച്ചു. ഇപ്രാവശ്യം വളരെ വൈകിയാണ് ദില്‍ബു വായിച്ചത്. അല്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ കമന്റ് വരാറുണ്ട്. തിരക്കുകള്‍ക്കിടയ്ക്കും എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും, അഭിപ്രായപ്പെട്ടതിനും സ്നേഹവും, സന്തോഷവും അറിയിക്കുന്നു.

അരവിശിവ. said...

മുരളിച്ചേട്ടാ...ചില തിരക്കുകളില്‍ പെട്ടുപോയതുകൊണ്ടാണ്‍ ഇത്തവണ കാണാന്‍ വൈകിയത്....തിരുവനന്തപുരത്തു നിന്ന് ഉത്ഘാടന ദിവസം തന്നെ പോന്നു...ഇനി വരുമ്പോള്‍ ഉറപ്പായും വിളിയ്ക്കാം..ഗോവ മേളയെ അപേക്ഷിച്ച് നോക്കുമ്പോള്‍ തിരുവനന്തപുരം മേളയില്‍കേട്ട ആക്ഷേപങ്ങള്‍ ഒന്നുമല്ലെന്നു കരുതാം.സ്ഥിരം വായനക്കാര്‍ എഴുത്തുകാരനെ സംബന്ധിച്ച് ഒരു പ്രചോദനവും സന്തോഷവുമാണ്‍ നല്‍കുന്നതെന്ന് എനിയ്ക്കു തോന്നുന്നു..അടുത്ത പോസ്റ്റ് ഉടനെ ഉണ്ടാവുമെന്നു വിശ്വസിയ്ക്കുന്നു...

സ്നേഹപൂര്‍വ്വം

ബിന്ദു said...

നന്നായിട്ടുണ്ട്‌. ഞാനും ഒരു പതിവു വായനക്കാരിയാണേ.:)

മുരളി മേനോന്‍ said...

അരവി: ഗോവ മേളയില്‍ ഒരുപാട് അപാകതകള്‍ ഉണ്ടായിരുന്നുവെന്ന് എം.പി.സുകുമാരന്‍ നായര്‍ പറഞ്ഞു. അതുപോലെ പത്രങ്ങള്‍ വഴിയും അറിയാന്‍ കഴിഞ്ഞു. പക്ഷെ അവിടെ വീമ്പു പറഞ്ഞ ടി.വി.ചന്ദ്രന്‍ തിരുവനന്തപുരത്ത് നിസ്സഹായനായി നോക്കി നില്‍ക്കുന്നതു കണ്ടു.
എന്റെ അടുത്ത പോസ്റ്റിംഗ് കുറച്ചു വൈകും. ഔദ്യോഗികമായ് ചില വെട്ടും തടയും നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അവസാനത്തില്‍ എന്റെ രാജി വരെ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് പിന്നീട് മനസ്സമാധാനമായ് എന്തെങ്കിലും എഴുതാം.

ബിന്ദു: ശരിയാണ്, ബിന്ദുവും സ്ഥിരമായി എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട്. സോറി. ഞാന്‍ പേരു ചേര്‍ക്കുമ്പോള്‍ വിട്ടുപോയി. ഓരൊ പുതിയ പോസ്റ്റിംഗുകളിലും പുതിയ വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. വിമര്‍ശനം എഴുത്തുകാരനെ വളര്‍ത്തുവാന്‍ ഉപകരിക്കുന്നു. തളര്‍ത്തുന്ന വിമര്‍ശനങ്ങളും ഉണ്ടാവാറുണ്ട്. പക്ഷെ അതില്‍ തളരാതെ മുന്നോട്ടുപോകാന്‍ എഴുത്തുകാരനു കഴിയണം. അതൊരു വെല്ലുവിളിയായ് കണ്ട് മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ നല്ല കൃതികള്‍ ഉണ്ടാവും.

അരവിശിവ. said...

മുരളിച്ചേട്ടാ :-)തിരക്കുകളൊഴിഞ്ഞിട്ടുണ്ടാവില്ല എന്നു കരുതുന്നു....സുഖമായിരിയ്ക്കുന്നു എന്നു വിശ്വസിയ്ക്കുന്നു.

സ്നേഹപൂര്‍വ്വം

അരവിശിവ

അരവിശിവ. said...

മുരളിച്ചേട്ടാ,

ഇവിടെ ആളനക്കം ഇല്ലാതായിട്ട് കുറേയായല്ലോ...

ഇപ്പോഴും തിരക്കുകളുടെ നടുവിലാണോ...?

എന്തെങ്കിലുമെഴുതി സജീവമാകുമെന്നു പ്രതീക്ഷിയ്ക്കുന്നു.

സുഖമെന്ന വിശ്വാസത്തോടെ.

അരവിന്ദ്