Saturday, November 11, 2006

ഒരു വേതാള കഥ

സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരുന്നു. ചാറ്റല്‍ മഴയും, ഇടിമിന്നലുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാവാം കടപ്പുറത്ത് യാതൊരു തിരക്കുമുണ്ടായിരുന്നില്ല. തിരയെത്തി ത്തൊടാത്ത ഒരിടത്ത് കയറ്റിയിട്ടിരുന്ന ഉപയോഗശൂന്യമായ ഒരു വഞ്ചിയില്‍ ചാരിയിരുന്ന് വിക്രമാദിത്യന്‍ കടലിന്റെ താളം ശ്രവിച്ചു. രണ്ടു നാള്‍ മുമ്പ് വാവുബലിക്ക് പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടാനെത്തിയവരുടെ തിരക്കായിരുന്നു ഇവിടം. ചിലയിടത്തെങ്കിലും ബലിയിട്ടതിന്റെ അവശിഷ്ടങ്ങള്‍ ഇനിയും കാക്ക കൊത്താതെ ചിതറിക്കിടന്നിരുന്നു.ഭൂതകാലത്തില്‍ ജീവിച്ചു കൊതിതീരാത്തവരുടെ ആത്മാക്കളുടെ സാന്നിദ്ധ്യം അവിടെയുണ്ടോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. അഭ്യസ്തവിദ്യനും, തൊഴില്‍‌രഹിതനുമായ തന്റെ ഒരു ദിവസം കൂടി ഒടുങ്ങിയിരിക്കുന്നു, അയാള്‍ മനസ്സില്‍ പറഞ്ഞു.


കടലോരത്ത് മെല്ലെ മെല്ലെ ഇരുള്‍ പരക്കാന്‍ തുടങ്ങി. ക്രമേണ ആ ഇരുട്ട് തന്റെ മനസ്സിലേക്കും വ്യാപിക്കുന്നതായ് വിക്രമാദിത്യനു തോന്നി. വഞ്ചിയില്‍ നിന്നും മെല്ലെ പൂഴിമണ്ണിലേക്കിറങ്ങി, ഇനിയെങ്ങോട്ടു പോകണം എന്ന് ഒരു നിമിഷം ആലോചിച്ചു. എന്തായാലും വീട്ടിലെത്തുന്നത് എല്ലാവരുടേയും അത്താഴം കഴിഞ്ഞതിനുശേഷമായിരിക്കണം. വിളമ്പി വെച്ച ഭക്ഷണത്തിനുമുന്‍പില്‍ തന്റെ നിഴലെങ്ങാന്‍ കണ്ടുപോയാല്‍ അച്ഛന്‍ തുടങ്ങുകയായി.


“എത്ര കഷ്ടപ്പെട്ടു പഠിപ്പിച്ചതാ - വയസ്സുകാലത്തെങ്കിലും മനസ്സമാധാനത്തോടെ വീട്ടിലിരിക്കാമെന്നു കരുതി. ഇവനെയൊക്കെ പഠിപ്പിച്ച നേരം.............“ അച്ഛന്‍ ഉള്ളില്‍ ശപിക്കാന്‍ തുടങ്ങിയിരുന്നുവെന്നുപോലും അയാള്‍ക്ക് തോന്നി. കുറച്ചുകാലമായ് കടപ്പാടിന്റെ ഇത്തരം കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നത് അത്താഴത്തിനിരിക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ മിക്കവാറും നേരം വൈകി വീട്ടിലെത്താറാണ് പതിവ്. വിക്രമാദിത്യന് കൂട്ടുകാര്‍ ഇല്ലെന്നു തന്നെ പറയാം. എന്തുകൊണ്ടോ കുട്ടിക്കാലം മുതല്‍ക്കേ കൂട്ടുകാര്‍ പരിഹസിക്കുകയും, ഉപദ്രവിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു. തന്റെ പേരില്‍ തുടങ്ങി വേതാളത്തിലേക്കു നീങ്ങുന്ന പരിഹാസങ്ങള്‍. ഒരു വേതാള കഥ പറയൂ എന്റെ ഇഷ്ടാ എന്നായിരിക്കും കൂട്ടുകാര്‍ പരസ്പരം ഒളിക്കണ്ണിട്ടു പറയുക. അതുകൊണ്ടു തന്നെ അവരുടെ ഇടയില്‍ അന്നേ താനൊരു അന്യനായിരുന്നു. അന്നൊക്കെ വിക്രമാദിത്യന്‍ എന്ന തന്റെ പേരിനോട് കടുത്ത വെറുപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ തന്റെ പേരും താന്‍ സ്വയം സൃഷ്ടിച്ചെടുത്ത ഏകാന്തതയും എല്ലാം തനിക്കു പ്രിയങ്കരങ്ങളായിരിക്കുന്നു, അയാളോര്‍ത്തു.


ഇരുട്ടിനു കനം വച്ചിരിക്കുന്നു. തിരകള്‍ പുണര്‍ന്ന് കുതിര്‍ന്ന പൂഴി മണലിലൂടെ വിക്രമാദിത്യന്‍ നടന്നു. പൊടുന്നനെ അയാള്‍ക്കൊരാശയം തോന്നി. ഒരിക്കല്‍ കൂട്ടുകാര്‍ കളിയാക്കി പറഞ്ഞിരുന്ന ആ വേതാളത്തെ ഒന്നു വിളിച്ചുനോക്കിയാലോ! ഒരുപക്ഷെ തന്റെ മുജ്ജന്മത്തില്‍ താന്‍ വിക്രമാദിത്യന്‍ തന്നെയായിരുന്നുവെങ്കിലോ! ക്ഷണനേരം അയാളുടെ മനസ്സ് ജനിമൃതികളുടെ നിതാന്ത രഹസ്യങ്ങളിലേക്ക് ഊര്‍ന്നുപോയി. ജന്മാന്തരങ്ങള്‍ തമ്മിലുള്ള ദൂരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നത് അയാളറിഞ്ഞു. പ്രപഞ്ചത്തിന്റെ ഭ്രമണപഥങ്ങളിലൂടെ അയാളുടെ മനസ്സ് യാത്ര ചെയ്തു. പാപ പുണ്യങ്ങളുടെ അനന്തമായ വീഥിയില്‍ ഇപ്പോള്‍ താനൊറ്റയ്ക്കാണ്. ചില തിരകള്‍ അയാളുടെ നഗ്ന പാദങ്ങളെ ഇക്കിളിപ്പെടുത്തുകയും, മറ്റു ചില തിരകള്‍ പാദങ്ങളെ മൃദുവായി പിടിച്ചുലക്കുകയും ചെയ്തു. അദൃശ്യമായൊരു ശക്തിയില്‍ അയാള്‍ കടലിന്റെ അനന്തതയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.


“വേതാളം..... വേതാളം.... യുഗയുഗാന്തരങ്ങളായി താങ്കളുടെ കഥ കേള്‍ക്കാന്‍ ഞാന്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു. എന്റെ ബലിഷ്ഠമായ ചുമലിലേക്ക് ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു, വന്നാലും, വന്നാലും. “


കടലിന്റെ ഇരമ്പല്‍ കൂടി കൂടി വന്നു. പൊടുന്നനെയുണ്ടായ ഒരു ഇടിമിന്നലില്‍ അയാള്‍ ഞെട്ടുകയും പരിസരബോധം വീണ്ടെടുക്കുകയും ചെയ്തു. കടല്‍ക്കാറ്റിന്റെ ശക്തിയില്‍ അയാളുടെ ശരീരം വിറപൂണ്ടു. വിക്രമാദിത്യാന്‍ തീരം വിട്ട് വീട് ലക്‍ഷ്യമാക്കി നടന്നു. അകലെയെവിടെയോ ഉള്ള മണിവിളക്കില്‍ നിന്നും ഒരു വെള്ളി വെളിച്ചം പൂഴി മണലില്‍ തൊട്ട് അകന്നുപോയി. പൊടുന്നനെ എവിടെ നിന്നോ ഒരു വെളുത്ത പക്ഷി അയാളുടെ തോളില്‍ വന്നിരുന്നു. അയാള്‍ ഭയന്ന് ഓടാന്‍ തുടങ്ങി. തോളിലെ ഭാരം കൂടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഓട്ടം നിര്‍ത്തി. പക്ഷി വലുതാവുകയും രൂപം മാറുകയും വേതാളമായി തോളില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. 

“മഹാരാജന്‍, അങ്ങ് എന്നെ വിളിച്ചു അല്ലേ?“ 

ആ വാക്കുകള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം നല്‍കി. ഭയം അയാളില്‍ നിന്നും കടലിലെ തിരമാലകളോടൊപ്പം ഒലിച്ചുപോയി. ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം ചൊരിഞ്ഞ് കടപ്പുറം മനോഹരമാക്കിയിരിക്കുന്നു. നിഴലും നിലാവും ഇണചേരുന്ന മണല്‍ പരപ്പിലൂടെ വേതാളത്തേയും തോളിലേറ്റി വിക്രമാദിത്യ മഹാരാജനെപ്പോലെ അയാള്‍ നടന്നു. അപ്പോള്‍ ഒരു ജേതാവിന്റെ മുഖഭാവമായിരുന്നു അയാള്‍ക്ക്. പൊടുന്നനെ വേതാളം കഥ പറയാന്‍ തുടങ്ങി.


ധാരാളം കഴുതകളും അവയെ ഭരിക്കുന്ന കുറച്ചു കിഴവന്മാരും ഉള്ള ഒരു ഗ്രാമമാണ് സിന്ധുപുരം ഗ്രാമം. കഴുതകള്‍ ബുദ്ധിശക്തിയിലും, സഹന ശക്തിയിലും പെരുമാറ്റത്തിലും അവയുടെ പൂര്‍വ്വികരേക്കാള്‍ മികച്ചു നിന്നു. അവശ്യഘട്ടങ്ങളില്‍ ഈ കഴുതകള്‍ സംസാരിക്കുകപോലും ചെയ്തിരുന്നു. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് പരിണാമങ്ങളുണ്ടാകുമെന്ന് തത്ക്കാലം മനസിലാക്കിയാല്‍ മതി. 

ഉം. വിക്രമാദിത്യന്‍ മൂളി. 

ഈ കഴുതകള്‍ ആരുടേയും സ്വന്തമായിരുന്നില്ല. പക്ഷെ ഗ്രാമത്തിലെ എല്ലാ കിഴവന്മാരും അവര്‍ക്കവകാശപ്പെട്ടതെന്നപോലെ ഇവയെ യഥേഷ്ടം ഉപയോഗിച്ചുപോന്നു. മുന്‍‌കാലങ്ങളെ പോലെ എതിര്‍ക്കാതെ എല്ലാം സഹിക്കുകയും അനുസരിക്കുകയും ചെയ്യുക ഇപ്പോഴും കഴുതകളുടെ സ്വഭാവമാണ്. കഴുതകള്‍ കിഴവന്മാരുടേതല്ലെങ്കിലും അവയില്ലാതെ കിഴവന്മാര്‍ക്ക് നിലനില്പില്ലെന്ന സത്യം ചില കഴുതകളെങ്കിലും ധരിച്ചു വെച്ചിരുന്നു.എന്നാല്‍ യജമാനഭക്തിയും തുടര്‍ച്ചയായുള്ള സേവയും കാരണം കഴുതകള്‍ക്കിടയില്‍ ഒരു ബോധവത്ക്കരണത്തിന് അവയ്ക്ക് സമയം ലഭിച്ചില്ല.


വിക്രമാദിത്യന്‍ മൂളാതെ വേതാളത്തെ നോക്കി. അതിഷ്ടപ്പെടാതെ വേതാളം തുടര്‍ന്നു.


കിഴവന്മാര്‍ സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ കഴുതകള്‍ പട്ടിണിയിലായിരുന്നു. ചില കിഴവന്മാര്‍ കൊട്ടാരങ്ങള്‍ പണിയാന്‍ കഴുതകളെ ഉപയോഗിക്കുകയും, മറ്റു ചില കിഴവന്മാര്‍ ആ കൊട്ടാരങ്ങള്‍ തകര്‍ക്കാനായ് ഇവയെ പ്രയോജനപ്പെടുത്തുകയും ചെയ്തു. കൊട്ടാരങ്ങള്‍ പണിയുകയും, തകര്‍ക്കുകയും ചെയ്യുക ഇവര്‍ക്കിടയിലെ പ്രധാന നേരമ്പോക്കായി. ഓരോ തവണയും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിശബ്ദമായ് കഴുതകള്‍ ഒരു നിയോഗം പോലെ അനുഷ്ഠിച്ചുവന്നു. പണ്ടൊക്കെ ഇത്തരം വിനോദങ്ങള്‍ വളരെ വര്‍ഷങ്ങള്‍ കൂടുമ്പോഴേ ഉണ്ടായിരുന്നുള്ളുവെന്ന് പ്രായത്തില്‍ മുതിര്‍ന്ന കഴുതകള്‍ വ്യസനത്തോടെ ഓര്‍ത്തു. അദ്ധ്വാനിക്കുന്നിതിനും, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനിമെല്ലാം സാവകാശം ലഭിച്ചിരുന്നു. ഇന്നിപ്പോള്‍ വയ്യാതായിരിക്കുന്നു. അതുകൊണ്ടു തന്നെ പുതിയ കൊട്ടാരം പണിയുന്നതിനുവേണ്ടി ഭാരം ചുമക്കാന്‍ കഴുതകളെ തേടി വന്ന കിഴവന്മാരെ കണ്ട് കഴുതകളൊക്കെ മുഖം തിരിച്ചു. അവശ്യ സന്ദര്‍ഭങ്ങളില്‍ സംസാരിക്കേണ്ടതിന്റെ ഔചിത്യം മനസ്സിലാക്കിയ ചില കഴുതകള്‍ ഇങ്ങനെ പറഞ്ഞു. 


“ഞങ്ങള്‍ക്കു തീരെ ശക്തിയില്ല. ഞങ്ങള്‍ അര്‍ദ്ധപട്ടിണിയിലാണ്. അതുകൊണ്ട് കൊട്ടാരങ്ങള്‍ പണിതുടയ്ക്കുന്നതിന്റെ കാലയളവ് ദീര്‍ഘിപ്പിക്കുവാന്‍ കനിവുണ്ടാവണം. ഇതിനിടയില്‍ ഭാരം ചുമക്കാനുള്ള കരുത്ത് ഞങ്ങള്‍ എങ്ങനെയെങ്കിലും നേടാം“, 


ഇതുകേട്ട് കിഴവന്മാര്‍ പൊട്ടിച്ചിരിച്ചു. പിന്നെ കഴുതകളോടായ് പറഞ്ഞു, 

“ഞങ്ങള്‍ക്കു സന്തോഷമുണ്ട്. കാരണം നിങ്ങളാരും മുഴു പട്ടിണിയിലല്ലല്ലോ. ഇപ്പോള്‍ നിങ്ങളിലവശേഷിക്കുന്ന ശക്തിയില്‍ ഞങ്ങള്‍ക്കു കൊട്ടാരം പണിയാനാകും. അതിനുശേഷം നിങ്ങള്‍ക്ക് പുല്ലും, വെള്ളവും ഇഷ്ടം പോലെ.“ 

അതുകേട്ടതും കഴുതകള്‍ ഉച്ചത്തില്‍ കരഞ്ഞു.


വിക്രമാദിത്യനില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. വേതാളം അതു കാര്യമായെടുക്കാതെ കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.


കിഴവന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആദ്യമായ് കഴുതകള്‍ പരസ്പരം സംസാരിച്ചു. കൂടുതല്‍ ബുദ്ധിയുള്ള കഴുതകള്‍ മറ്റുള്ളവയോടിങ്ങനെ ചോദിച്ചു. 

“ഓരോ പ്രാവശ്യവും കൊട്ടാരം പണിയുകയും തകര്‍ക്കുകയും ചെയ്യുന്നതിനു തൊട്ടുമുന്‍പല്ലാതെ ഈ കിഴവ്ന്മാരെ നിങ്ങള്‍ കണ്ടീട്ടുണ്ടോ?“ 

അവ ഇല്ലെന്ന് തലയാട്ടി. 

“അപ്പോള്‍ പിന്നെ ഇപ്രാവശ്യവും അങ്ങനെ സംഭവിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്താ‍നാവും?“ 

അതിനു മറുപടിയെന്നോണം പ്രായം കൂടിയ ഒരു കഴുത പറഞ്ഞു, “കര്‍മ്മം ചെയ്യുകയാണു നമ്മുടെ ധര്‍മ്മം. ഫലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമുക്കവകാശമില്ല.“ 

ഒരുപാടുകാലം കൊട്ടാരം പണിതുടച്ച് തളര്‍ന്ന ഒരു കിഴവന്‍ അവസാന നാളുകളില്‍ സ്ഥിരമായ് പാരായണം ചെയ്തിരുന്ന ഗീതയിലെ വരികള്‍ ഓര്‍മ്മിച്ചുവെച്ച് പറയുകയായിരുന്നു. കിഴവന്റെ സ്ഥിരം ആശ്രിതനായിരുന്നു ആ മുതിര്‍ന്ന കഴുത. വീണ്ടും എല്ലാം മറന്ന് കഴുതകള്‍ ഭാരം ചുമന്നു. ഉത്തരവാദിത്വങ്ങള്‍ ശരിയാം വണ്ണം നിര്‍വ്വഹിച്ചു. പുതുതായ് പണിതീര്‍ത്ത കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ കിഴവന്മാര്‍ ഒളിച്ചുകളിച്ചു. കൊട്ടാരത്തിനുവെളിയില്‍ കിഴവന്മാരെ കാത്തു നിന്ന് തളര്‍ന്ന കഴുതകള്‍ എന്നത്തേയും പോലെ പുല്ലും വെള്ളവും തേടിയലഞ്ഞു.


വേതാളം കഥ പറഞ്ഞു നിര്‍ത്തി. വിക്രമാദിത്യന്‍ നടത്തം നിര്‍ത്തി ചോദ്യങ്ങള്‍ക്കായ് കാതോര്‍ത്തു. വേതാളം ചോദിച്ചു.


യാതൊരു നേട്ടവും ഇല്ലെന്നറിഞ്ഞീട്ടും ബുദ്ധിയുള്ള കഴുതകള്‍ കിഴവന്മാര്‍ക്കുവേണ്ടി കഷ്ടപ്പെട്ടതെന്തുകൊണ്ട്? കിഴവന്മാര്‍ പുല്ലും വെള്ളവും വാഗ്ദാനം ചെയ്തപ്പോള്‍ കഴുതകള്‍ ഉറക്കെ കരഞ്ഞതെന്തുകൊണ്ട്? കൊട്ടാരം പണിഞ്ഞുടയ്ക്കുന്നതാര്‍ക്കുവേണ്ടി? ഈ ചോദ്യങ്ങള്‍ക്കുത്തരം തൃപ്തികരമാം വിധം നല്കാതിരുന്നാല്‍ നിന്റെ തല ഛിന്നഭിന്നമായ് പോകുമെന്ന് ഓര്‍മ്മയിരിക്കട്ടെ.


വിക്രമാദിത്യന് ഈ കഥകേട്ട് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. അതുകൊണ്ടുതന്നെ ഉത്തരം പറയാനായ് ഒരു മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. വിക്രമാദിത്യന്‍ നടന്നുകൊണ്ട് ഉത്തരം പറയാന്‍ തുടങ്ങി.


അദ്ധ്വാനിച്ചതിനു പ്രതിഫലമില്ലെന്നു മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും കഴുതകള്‍ അദ്ധ്വാനിച്ചിരുന്നത് നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവ ഉള്ളില്‍ സൂക്ഷിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ്. മോഹന വാഗ്ദാനങ്ങള്‍ കേട്ടപ്പോള്‍ കഴുതകള്‍ കരഞ്ഞത് ഒന്നുകില്‍ ചിരിക്കാനുള്ള സിദ്ധി ഇല്ലാത്തതുകൊണ്ടോ, അല്ലെങ്കില്‍ അവയുടെ ജനനമരണത്തിന്റെ ഹ്രസ്വകാലയളവില്‍ അവ കരയാന്‍ മാത്രം വിധിക്കപ്പെട്ടവയെന്ന തിരിച്ചറിവുകൊണ്ടോ ആവാം. അല്ലാതെ കിഴവന്മാര്‍ വാഗ്ദാനം ചെയ്തതിന്റെ പൊരുള്‍ മനസ്സിലാവാത്തതുകൊണ്ടല്ല. പിന്നെ, കൊട്ടാരം പണിഞ്ഞുടയ്ക്കുന്നതിനെക്കുറിച്ചാണെങ്കില്‍, അതാണ് ജനാധിപത്യത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ ഇളക്കി ഉറപ്പിക്കേണ്ടത് ഓരോ കിഴവന്റേയും സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പരാതിയില്ലാത്ത കഴുതകള്‍ ഭാരം ചുമക്കാനും, കാവല്‍ നായയുടെ സ്ഥാനത്തും ഉള്ളിടത്തോളം ജനാധിപത്യം കൂടുതല്‍ ഉറപ്പുള്ളതായിത്തീരും. വിക്രമാദിത്യന്റെ വിശദമായ മറുപടികേട്ട് സന്തുഷ്ടനായ വേതാളം പതുക്കെ തോളില്‍ നിന്നും ഊര്‍ന്നിറങ്ങി അപ്രത്യക്ഷനാകാന്‍ പോകുകയായിരുന്നു. അതു മനസ്സിലാക്കിയ വിക്രമാദിത്യന്‍ വേതാളത്തെ തടഞ്ഞു. അപ്രതീക്ഷിതമായ ആ പ്രവര്‍ത്തിയില്‍ വേതാളം അത്ഭുതം പൂണ്ടു നിന്നു. വിക്രമാദിത്യന്‍ വേതാളത്തോടു ചോദിച്ചു. ഈ കഥയില്‍ കൊട്ടാരം പൊളിക്കുന്നതിനും പണിയുന്നതിനുമിടയില്‍ കിഴവന്മാര്‍ നടത്തിയ തിരിമറികളെ കുറിച്ച് എന്തുകൊണ്ട് പ്രതിപാദിച്ചില്ല? വേതാളം പറഞ്ഞു, വിക്രമാദിത്യന്‍, ഞാന്‍ കഥ പറയുകയും, താങ്കള്‍ കേള്‍ക്കുകയും പിന്നീട് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും താങ്കള്‍ അതിനു മറുപടി പറയുകയും ചെയ്യുക എന്നതായിരുന്നു കീഴ്വഴക്കം. ഇതാ താങ്കളിപ്പോള്‍ മറുചോദ്യങ്ങള്‍ തൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. നമുക്കിവിടെ വെച്ച് നിര്‍ത്താം രാജന്‍. ഇല്ലെങ്കില്‍ ഇനി ഛിന്നഭിന്നമാകാന്‍ പോകുന്നത് ഈ വേതാളത്തിന്റെ തലയായിരിക്കും.


പൊടുന്നനെ വേതാളം എങ്ങോട്ടോ മറഞ്ഞു. അപ്പോള്‍ ആകാശത്ത് ചന്ദ്രനോ, നക്ഷത്രങ്ങളോ പ്രഭ ചൊരിയുന്നുണ്ടായിരുന്നില്ല. കനത്ത ഇരുട്ടില്‍ ചാറ്റല്‍ മഴ വീണ്ടും തുടങ്ങിയിരുന്നു. വിക്രമാദിത്യന്‍ ആദ്യം കരയുകയും, പിന്നെ നിര്‍ത്താതെ ചിരിക്കുകയും ചെയ്തു.

- 0 -

14 comments:

മുരളി മേനോന്‍ said...

ഇതാ ഒരു കഥ കൂടി ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. കഥയുടെ പേര് -‌= ഒരു വേതാളകഥ = ജനാധിപത്യത്തിന്റെ പ്രഹസനങ്ങളിലേക്ക് ഒന്നെത്തിനോക്കാ‍ന്‍ നടത്തിയ ശ്രമം മാത്രമാണ് ഈ കഥ..... അത് എത്രമാത്രം സാധിച്ചുവെന്ന് നിങ്ങള്‍ തീരുമാനിക്കുക. സസ്നേഹം, മുരളി മേനോന്‍

റ്റെഡിച്ചായന്‍ | Tedy said...

:-) ഇഷ്ടപ്പെട്ടൂ, മുരളീ. നന്നായിട്ടുണ്ട്.

അരവിശിവ. said...

മുരളി മേനോന്‍ ചേട്ടാ :-) ‘ഒരു വേതാള കഥ‘ വളരെയധികം ഇഷ്ടപ്പെട്ടു...ജനാധിപത്യത്തിന്റെ പ്രഹസനങ്ങളിലേക്കുള്ളൊരെത്തിനോട്ടം ഭലവത്തായിട്ടുണ്ട്..രാജഭരണത്തേക്കാള്‍ ഭേദമാണ് ജനാധിപത്യം എന്ന് കണ്ടു പിടിച്ച കഴുതകള്‍ക്ക് ആ വ്യവസ്ഥിതിയിലെ പാളിച്ചകളെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെടാനല്ലാതെ ഒരു പരിഹാരം കണ്ടെത്താനിയിട്ടില്ല...എന്നെങ്കിലും ഒരു പാരിഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ തന്നെ അതിന്റെ കാലയളവ് വളരെ ചെറുതായിരിയ്ക്കും...ജീര്‍ണ്ണനം അവിടെയുമുണ്ടാവും.ജീര്‍ണ്ണനം അതിന്റെ പരിധി വിടുമ്പോള്‍ ലോകാരാധ്യനായ ഒരു നേതാവ് മുന്നിട്ടിറങ്ങുകയും വലിയൊരു വിപ്ലവത്തിലൂടെ മൂല്യച്ച്യുതിയെ ഒരു പരിധി വരെ പിടിച്ചു കെട്ടുന്നു.ചെറിയൊരിടവേളയ്ക്കു ശേഷം അതു വീണ്ടും തലപൊക്കുന്നു.അപ്പോള്‍ എവിടെയും പരാതിയും അസംതൃപ്തിയും മാത്രം..കാര്യങ്ങള്‍ പരിധി വിടുമ്പോള്‍ മുകളില്‍ വിവരിച്ച സൈക്കിള്‍ വീണ്ടുമുണ്ടാകുന്നു.

ഗീതയിലും അത്രയുമേ പറഞ്ഞിട്ടുള്ളൂ...കാര്യങ്ങളുടെ നിസ്സാരത മനസ്സിലാക്കാനെ ഗീത പറയുന്നുള്ളൂ..വിപ്ലവങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഗീത ആവശ്യപ്പെടുന്നില്ല...

പൂര്‍ണ്ണമായൊരു പരിഹാരം ഒരിയ്ക്കലുമുണ്ടാവുമെന്നു എനിയ്ക്കു തോന്നുന്നില്ല...നമുക്ക് നമ്മുടെ നിയോഗമെന്തെന്നറിയാന്‍ ശ്രമിയ്ക്കാം,അത്ര തന്നെ.

വിഷ്ണു പ്രസാദ് said...

സുഹൃത്തേ,കഥ വായിച്ചു.ഇത്ര ലളിതമായ സത്യങ്ങള്‍ എന്തിനാണ് പ്രതീകവല്‍ക്കരിച്ചു പറഞ്ഞിരിക്കുന്നത്?കഥാകാരന്‍ തന്നെ 'പരാതിയില്ലാത്ത കഴുതകള്‍ ഭാരം ചുമക്കാനും, കാവല്‍ നായയുടെ സ്ഥാനത്തും ഉള്ളിടത്തോളം ജനാധിപത്യം കൂടുതല്‍ ഉറപ്പുള്ളതായിത്തീരും'എന്ന ഒറ്റ വക്യത്തിലൂടെ ഈ പ്രതീകവല്‍ക്കരണത്തെ പൊളിച്ചു കയ്യില്‍ തരുന്നുമുണ്ട്.താങ്കളുടെ കമന്റും(കഥയുടെ പേര് -‌= ഒരു വേതാളകഥ = ജനാധിപത്യത്തിന്റെ പ്രഹസനങ്ങളിലേക്ക് ഒന്നെത്തിനോക്കാ‍ന്‍ )ഇതു തന്നെയാണ് ചെയ്യുന്നത്.എന്തായാലും ആ ആന്റിക്ലൈമാക്സ് കലക്കി.

വിഷ്ണു പ്രസാദ് said...

ശ്ശോ... അക്ഷരത്തെറ്റ്...വക്യമല്ല ,വാക്യം.ക്ഷമി...

അരവിശിവ. said...

ഇതിനു മുന്‍പ് പോസ്റ്റു ചെയ്ത കവിതാപോസ്റ്റ് എടുത്തു മാറ്റിയതെന്തേ..വായിച്ചിരുന്നു..പക്ഷേ കമന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എറര്‍ പേജ് വരുന്നതു കാരണം കമന്റു ചെയ്യാന്‍ കഴിഞ്ഞില്ല..അത്തരം സംരാംഭങ്ങള്‍ ഭാവിയിലും പ്രതീക്ഷിയ്ക്കുന്നു...

indiaheritage said...

ഐന്‍സ്റ്റൈന്‍മാരും, വിക്രമാദിത്യന്‍മാരും, വിവേകാനന്ദന്‍മാരും, വേഡ്സ്വര്‍ത്‌ മാരും മറ്റും ധാരാളമുണ്ടാകില്ല വല്ലപ്പോഴും ഒരിക്കലേ ഉണ്ടാകൂ. ധാരാളം മുളക്കുന്നത്‌ പാഴ്മരങ്ങളാണ്‌ ----- എഴുത്ത്‌ നന്നായിരുന്നു, തുടരുമല്ലൊ

മുരളി മേനോന്‍ said...

റ്റെഡി, അരവിശിവ, വിഷ്ണുപ്രസാദ്, ഇന്‍ഡ്യ ഹെറിട്ടേജ് എന്നിവര്‍ക്ക് കഥ വായിച്ചതിനും കമന്റിട്ടതിനും നന്ദി.
അരവി: കവിതയുടെ പോസ്റ്റ് ഞാന്‍ രണ്ടു പ്രാവശ്യം ഇട്ടെങ്കിലും പിന്നീട് കാണുകയുണ്ടായില്ല. ഞാന്‍ എന്റെ ബ്ലോഗില്‍ നിന്ന് നീക്കിയിട്ടില്ല. രണ്ടാമതും ഞാന്‍ പോസ്റ്റ് ചെയ്തത് തനിമലയാളത്തില്‍ പോയി പഴയ പോസ്റ്റ് കട്ട് ആന്റ് പേസ്റ്റ് ചെയ്താണ്. എന്താണ് സംഭവിച്ചതെന്ന് പിടിയില്ല. ആ പോസ്റ്റ് മാത്രമേ കാണാതുള്ളു.

മുരളി വാളൂര്‍ said...

മുരളീമേനോന്‍,
കഥയുടെ ആദ്യഭാഗം എന്നെ എംടിയുടെ ജാനകിക്കുട്ടിയെ ഓര്‍മ്മിപ്പിച്ചു.
"കര്‍മ്മം ചെയ്യുകയാണ്‌ നമ്മുടെ ധര്‍മ്മം" എന്ന്‌ പറയാന്‍ ഓരോരുത്തരും നിര്‍ബ്ബന്ധിക്കപ്പെടുകയല്ലേ, മറ്റൊരു പോംവഴിയും ഇല്ലാത്തതുകൊണ്ട്‌. അതോ പോംവഴികളെ തേടിപ്പോകാത്തതോ, അതൊ പോംവഴികളെ സ്വീകരിക്കാത്തതോ, അറിയില്ല. മറുചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതായ ഒരു വേതാളമായിപ്പോവുന്നു കഥ വായിച്ചുകഴിയുമ്പോള്‍. കൗതുകമുള്ള അവതരണരീതിയും, കാലികമായ സബ്ജക്റ്റും. വേതാളത്തെയല്ലാതെ, ധര്‍മ്മം പുനസ്ഥാപിക്കാനായി ഒരു പുതിയ അവതാരത്തെത്തന്നെ അവതരിപ്പിക്കാഞ്ഞതെന്തേ? ഈ നനുത്ത പേനക്കുപകരം വാളായാലോ, ഒരു വയലാര്‍ സ്റ്റയിലില്‍...

വേണു venu said...

മുരളി മാഷേ, വേതാളം വായിച്ചു് മടക്കി വച്ചതിലൊരു മയില്പീലി ഓര്‍ക്കാനായി വച്ചിട്ടെഴുനേറ്റുപോയി.
ജീവിക്കണമെങ്കില്‍ രാവിലെ അല്പം നടക്കണമെന്നും,നടക്കുമ്പോള്‍ ആലോചിക്കാന്‍ സമയവും സന്ദര്‍ഭവുമൊക്കെ കിട്ടുമെന്നും പുസ്തകങ്ങള്‍ എനിക്കു പറഞ്ഞു തന്നതു് പലപ്പോഴും ഓര്‍ക്കാറില്ല എന്നതു് സത്യം.
സഹജീവികളൊടോരോന്നു ചോദിച്ചുത്തരങ്ങള്‍ പറഞ്ഞു പോകുമ്പോഴേയ്ക്കും എനിക്കൊത്തിരി സ്വകാര്യങ്ങള്‍ നഷ്ടപ്പെടുന്നു.വായിച്ച കഥകളോ തലേന്നു നടന്ന ഏതെങ്കിലും സംഭവമോ ഒരു പക്ഷേ നാട്ടില്‍ ഒരു മറവിയായിക്കൊണ്ടിരിക്കുന്ന അമ്മയോ ആരെങ്കിലുമൊക്കെ എന്‍റെ നിലവിളക്കില്‍ ദീപം തെളിക്കും.
വേതാളമെന്‍റെ നിലവിളക്കിന്‍ തിരിയില്‍ എത്തിയപ്പോള്‍....
തിരയെത്തി ത്തൊടാത്ത ഒരിടത്ത് കയറ്റിയിട്ടിരുന്ന ഉപയോഗശൂന്യമായ ഒരു വഞ്ചിയില്‍ ചാരിയിരുന്ന് ഞാനിത്രയുമാലോചിച്ചു പോയി..

ജനാധിപത്യത്തിനെ അരക്കെട്ടുറപ്പിക്കാന്‍ സിന്ധു പുരം ഗ്രാമത്തിലെ കഴുതകള്‍ കൊട്ടാരങ്ങള്‍ പണിയുകയും ആ കൊട്ടാരങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ഏതോ തെരഞ്ഞെടുപ്പിനു് വോട്ടു ചെയ്യാന്‍,പരിചയ പത്രവുമായി നില്‍ക്കുന്ന ഈ കഴുതയുടെ ചിത്രം മനസ്സിലൂടെ ഓടി മറഞ്ഞപ്പോള്‍ എന്‍റെ മനസ്സിലെ വിക്രമാദിത്യന്‍ ആദ്യം കരയുകയും,പിന്നെ നിര്‍ത്താതെ ചിരിക്കുകയും ചെയ്തു.
പണ്ടു് ഈ.എം.എസ്.പറഞ്ഞതോര്‍ത്തു.
വളരാനായി പടവലങ്ങയുടെ അറ്റത്തു കെട്ടിയിടപ്പെട്ട കല്ലിന്‍റെ ചിന്ത.
നന്നയെഴുതിയിട്ടുണ്ടു്.ഉത്തരമില്ലാത്ത ചോദ്യത്തിനു് അനുമോദനങ്ങള്‍.

CJ said...

kollam!
Check out the malayalam feed at http://www.onkerala.com/kerala_feeds

മുരളി മേനോന്‍ said...

മുരളി, വേണു, വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം.

മുരളി മേനോന്‍ said...

thanks CJ. I will go through the URL that you mentioned

കുട്ടമ്മേനൊന്‍| KM said...

മുരളി ചേട്ടാ, കഥ വായിക്കാന്‍ വൈകി.
പുതുമയുള്ള കഥ. ജനാധിപത്യത്തിന്റെ പ്രഹസനങ്ങളിലേക്ക് എത്തിനോക്കാന്‍ നടത്തിയ ശ്രമം വിജയിച്ചിട്ടുണ്ട്. വായനക്കാരനോട് സംവദിക്കുന്ന കഥ .