Monday, October 02, 2006

കൂടോത്രം

മാറാല മൂടിക്കിടക്കുന്ന തട്ടിന്‍പുറത്തേക്ക്‌ ഗോവിന്ദന്‍കുട്ടി പതുങ്ങി പതുങ്ങി ഗോവണിപ്പടികള്‍ കയറി. ഗോവണിപ്പടികള്‍ അവസാനിക്കുന്നിടത്ത്‌ ഒരു കൊച്ചുവാതിലാണ്‌. വാതില്‍ തുറക്കുന്നത്‌ വിശാലമായ തട്ടിന്‍പുറത്തേക്കാണ്‌. സിമന്റിട്ട തറ അവിടവിടെയായി പൊട്ടിപൊളിഞ്ഞാണു കിടന്നിരുന്നത്‌. കൂട്ടുകുടുംബമായിരുന്ന കാലത്ത്‌ ഇവിടം കിടന്നുറങ്ങാന്‍ ഉപയോഗിച്ചിരുന്നുവത്രെ. വര്‍ഷങ്ങളുടെ പഴക്കമുള്ള വീടായതുകൊണ്ടാവാം വീട്ടിനുള്ളിലെ ഏതു ചലനങ്ങളും അത്‌ പിടിച്ചെടുക്കുകയും, പ്രതികരിക്കുകയും ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ തന്റെ ഓരോ ചലനവും ഗോവിന്ദന്‍കുട്ടി വളരെ കരുതലോടെയാണ്‌ നടത്തിയത്‌. രഹസ്യങ്ങള്‍ കൂടുമ്പോള്‍ മനുഷ്യന്‍ ഒറ്റപ്പെട്ടുപോകുന്നുവെന്ന്‌ എവിടെയൊ വായിച്ചതായ്‌ അയാളോര്‍ത്തു. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ ഇങ്ങനെ പതുങ്ങി പതുങ്ങി നടക്കേണ്ടി വരുമായിരുന്നില്ലല്ലൊ. മനഃപൂര്‍വ്വം തട്ടിന്‍പുറത്തുള്ള ലൈറ്റിട്ടില്ല. താനിവിടെയുണ്ടെന്ന്‌ സുമതി അറിയരുത്‌. അറിഞ്ഞാല്‍ എല്ലാം വെളിച്ചത്താവും. പിന്നെ സുമതിയുടെ മുമ്പില്‍ താനൊരു മൂന്നാകിട മനുഷ്യനാവും. അവളുണരാന്‍ ഇനിയും സമയമുണ്ട്‌. രാത്രി പത്തുമണിക്കു കിടന്നാല്‍ വെളുപ്പിന്‌ അഞ്ചുമണിവരെ ഒറ്റകിടപ്പാണ്‌. അതിനിടയില്‍ തിരിയലും മറിയലുമൊന്നുമില്ല. തനിക്കാണെങ്കില്‍ ഇടയ്ക്കിടെ തിരിഞ്ഞും, മറിഞ്ഞും കിടന്നാലെ ഒരു സുഖം കിട്ടുകയുള്ളു. വിവാഹം കഴിഞ്ഞ്‌ ഒന്നുരണ്ടു വര്‍ഷത്തേക്ക്‌ ഒന്നു തിരിയാന്‍ പോലും അവള്‍ സമ്മതിച്ചിട്ടില്ല. തന്നെ കെട്ടിവരിഞ്ഞു കിടക്കുന്ന അവളുടെ കയ്യെടുത്തുമാറ്റാന്‍ അത്ര എളുപ്പമായിരുന്നില്ല. പിന്നീട്‌ എപ്പോഴൊ മുറുകെ പുണര്‍ന്നിരുന്ന അവളുടെ കൈകള്‍ അയഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോള്‍ പത്തിരുപത്‌ വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ അവള്‍ മിക്കവാറും ചുമരിനോടു ചേര്‍ന്നുകിടന്നാണുറങ്ങുന്നത്‌. പാവം അവളെ പറഞ്ഞീട്ടും കാര്യമില്ല. ദാമ്പത്യം അരക്കിട്ടുറപ്പിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കാന്‍ തനിക്കായില്ല. തന്റെ ആ ദൌര്‍ബ്ബല്ല്യത്തിന്‍മേല്‍, ആ ഒരേയൊരു ആത്മനൊമ്പരത്തിന്‍മേലാണ്‌ നാട്ടുകാരുടെ മുമ്പില്‍ വെച്ച്‌ ജയരാമന്‍ ആഞ്ഞു കുത്തിയത്‌. അല്ലെങ്കിലും അങ്ങനെന്യാണല്ലൊ. ചങ്ങാതി കുത്തിയാല്‍ ചങ്കിലെന്നാണല്ലൊ പ്രമാണം. അയാള്‍ക്കു നന്നായി കിതപ്പനുഭവപ്പെട്ടു.


ഗോവിന്ദന്‍കുട്ടി കയ്യിലുണ്ടായിരുന്ന കൊച്ചു ടോര്‍ച്ചടിച്ച്‌ തട്ടിന്‍പുറം വീക്ഷിച്ചു. ഉണങ്ങിയ ചകിരികളും, ചിരട്ടകളും പലയിടത്തായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. വര്‍ഷക്കാലത്തെ അതിജീവിക്കാനുള്ള സുമതിയുടെ തയ്യാറെടുപ്പാണ്‌. ഒരിക്കല്‍മാത്രം അവള്‍ പറഞ്ഞു, തെക്കേതിലെ നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍ ഗ്യാസും, ഫ്രിഡ്ജും, വാഷിംഗ്‌ മെഷിനും ഒക്കെയുണ്ട്‌. നിങ്ങള്‍ രണ്ടുപേരും ഒരേ കമ്പനിയില്‍ ഒരേ പണിചെയ്‌തീട്ടും ഈ വീട്ടിലേക്കുമാത്രം ഒന്നുമില്ല. അന്നു താനവളെ ഒന്നു തറപ്പിച്ചുനോക്കി. പിന്നീടിന്നുവരെ അവളങ്ങനെയൊന്നും സൂചിപ്പിക്കുകയുണ്ടായിട്ടില്ല. ചകിരിയും, ചിരട്ടയുമൊക്കെ ചവിട്ടാതെ അയാള്‍ സൂക്ഷിച്ചു നടന്നു. ഇടക്കിടെ മുഖത്തു മാറാല തടഞ്ഞപ്പോള്‍ അയാള്‍ വെറുപ്പോടെ മുഖം തുടച്ചു. എങ്ങാനും ഉറക്കെ തുമ്മിപ്പോകുമോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ഒരു കൈ മുന്നോട്ടു പിടിച്ച്‌ മാറാല നീക്കികൊണ്ട്‌ തെക്കുഭാഗത്തുള്ള ജനലിനരികില്‍ ചെന്നു നിന്നു. കുറച്ചു ചകിരികള്‍ ജനലിന്നടുത്തായി അടുക്കിവെച്ച്‌ ഇരിപ്പിടമുണ്ടാക്കിയെടുത്തു. പിന്നെ ജനല്‍ മെല്ലെ തുറന്നു. നിലാവില്‍ എല്ലാം നന്നായി കാണാം. വീടിന്റെ നിഴല്‍ തെളിയുന്ന തെക്കേപ്പുറവും, ഗന്ധര്‍വ്വന്‍ പാലയും, പിന്നെ കുറച്ചകലെ വേലിക്കപ്പുറത്തായി ജയരാമന്റെ വീടും തട്ടിന്‍പുറത്തു നിന്നു കാണാന്‍ നല്ല രസമുണ്ടെന്ന്‌ ഉദ്വേഗം പൂണ്ടിരുന്ന ആ സമയത്തും ഗോവിന്ദന്‍കുട്ടി മനസ്സില്‍ പറഞ്ഞു.


ജയരാമന്റെ വീട്ടില്‍ സംഭവിക്കാനിരിക്കുന്ന കോലാഹലങ്ങള്‍ക്കായ്‌ കാതുകൂര്‍പ്പിച്ചുകൊണ്ട്‌ ആ വീട്ടില്‍ വെളിച്ചം തെളിയുന്നതും കാത്ത്‌ അയാള്‍ ജനലഴികളില്‍ പിടിച്ച്‌ ചകിരികൂട്ടത്തിന്‍മേല്‍ അമര്‍ന്നിരുന്നു. ഇനി സുമതി എഴുന്നേറ്റാല്‍തന്നെയും ഏഴുമണിവരെ തന്നെക്കുറിച്ചൊരു അന്വേഷണവുമുണ്ടാവില്ല. കാരണം കുറച്ചുകാലമായി പുലര്‍ച്ചെ എഴുന്നേറ്റുനടക്കാന്‍ പോകുക ഒരു പതിവാക്കിയിരുന്നു. മഞ്ഞായാലും, മഴയായാലും ആ പതിവ്‌ മുടക്കാറില്ലെന്ന്‌ അവള്‍ക്കറിയാം. ഒരുകാലത്ത്‌ മഞ്ഞുകാലത്തേയും, മഴക്കാലത്തേയുമൊക്കെ വരവേല്‍ക്കുവാനായ്‌ കൊതിച്ചിരുന്നു. വെളുപ്പാന്‍കാലത്ത്‌ പുതപ്പ്‌ മാറ്റി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവളെ അതിനനുവദിക്കാതെ താന്‍ ഇറുകെ പുണര്‍ന്നു കിടക്കുമായിരുന്നു. ഇപ്പോള്‍ താനും, സുമതിയും കാലങ്ങളെ കുറിച്ചല്ല സംസാരിക്കാറുള്ളത്‌. എന്തിന്‌, ദിവസങ്ങളെക്കുറിച്ചു പോലുമല്ല, വെറും അതാതു ദിവസത്തെക്കുറിച്ചുമാത്രം. അയാള്‍ വേദനയോടെ ഓര്‍ത്തു.


അധികനേരം കൂനിക്കൂടിയിരുന്നതുകൊണ്ടാവണം ഗോവിന്ദന്‍കുട്ടിക്ക്‌ സന്ധികളിലൊക്കെ വേദന പടരുന്നതുപോലെ തോന്നി. അല്ലെങ്കിലും വെറുതെയിരിക്കുന്നവരെയാണ്‌ പ്രായം കടന്നാക്രമിക്കുന്നതെന്ന്‌ അയാള്‍ക്കു തോന്നി.


അതാ ജയരാമന്റെ വീട്ടില്‍ ലൈറ്റുകളൊക്കെ തെളിഞ്ഞു. ജയരാമന്റെ ഭാര്യയുടെ നിലവിളിയും കേട്ടു. അതോ എല്ലാം തന്റെ വെറും തോന്നലുകള്‍ മാത്രമാണോയെന്ന്‌ ഒരു നിമിഷത്തേക്കയാള്‍ ശങ്കിച്ചു. അല്ല. ഇതാ, അവന്റെ രണ്ടു കുട്ടികളുടെ കരച്ചിലും ഇപ്പോള്‍ വ്യക്‌തമായി കേള്‍ക്കാം. ഹൊ, കിട്ടുപണിക്കര്‍ ഞാന്‍ വിചാരിച്ചമാതിരിയല്ല.


ഗോവിന്ദന്‍കുട്ടിക്ക്‌ വല്ലാത്ത ഉന്‍മേഷം തോന്നി. ഇനി തന്നോട്‌ പരുഷമായി സംസാരിക്കാന്‍ അവന്റെ നാക്കു വഴങ്ങരുത്‌. അതാ ഒരു ടോര്‍ച്ചു മിന്നിച്ചു കൊണ്ട്‌ മുള്ളുവേലിയുടെ കഴ തുറന്നുകൊണ്ട്‌ ആരോ തന്റെ വീട്ടിലേക്ക്‌ ഓടിവരുന്നുണ്ട്‌. ജയരാമന്റെ മൂത്ത മകനാണോടി വരുന്നതെന്നയാള്‍ക്കു മനസ്സിലായി. ഓടുന്നതിന്നിടയിലും അവന്‍ തേങ്ങിക്കരയുന്നുണ്ട്‌. ആറാം ക്ളാസ്സിലെത്തിയ അവന്‍ പഠിക്കാന്‍ മിടുക്കനാണത്രെ. തനിക്കൊരു മകനുണ്ടെങ്കില്‍ അവനും ഇവന്റെ പ്രായമാകുമായിരുന്നു. ജയരാമന്‌ അവന്റെ ആഗ്രഹം പോലെ രണ്ടാമത്തെ കുട്ടി പെണ്ണായിരുന്നു. തനിക്കും അതുതന്നെയായിരുന്നു ആഗ്രഹം.


അവനിതാ വീടിന്റെ വരാന്തയില്‍ കയറി കാളിംഗ് ബെല്ലമര്‍ത്തിയിരിക്കുന്നു. അയാള്‍ കാതോര്‍ത്തിരുന്നു. സുമതി എഴുന്നേറ്റ്‌ വാതില്‍ തുറക്കുന്ന ശബ്ദം. അവന്റെ കരച്ചിലും വിക്കിവിക്കിയുള്ള സംസാരവും വ്യക്‌തമായി കേള്‍ക്കുന്നുണ്ട്‌.


"അച്ഛന്‌ പെട്ടെന്നൊരു നെഞ്ചുവേദന. വല്ല്യച്ഛനോട്‌ ഒന്നു വേഗം വരാന്‍ അമ്മ പറഞ്ഞു."


ജയരാമനും താനും ഒരേ പ്രായമാണെങ്കിലും അവന്റെ കുട്ടികളെന്നെ വല്ല്യച്ഛനെന്നാണു വിളിക്കുന്നത്‌. അങ്ങനെ അവര്‍ വിളിക്കുന്നതായിരുന്നു എനിക്കിഷ്ടവും. എന്തോ, ചെറിയച്ഛനെന്നുള്ള വിളികേള്‍ക്കാന്‍ തനിക്കൊട്ടും താല്‍പര്യമില്ലായിരുന്നു.


"വല്ല്യച്ഛനിവിടില്ല്ള മോനെ. കാലത്തുള്ള നടത്തത്തിനു പോയിരിയ്ക്ക്യാ. നീ നില്‍ക്ക്‌. ഞാന്‍ കൂടെ വരാം." സുമതി വാതിലടയ്ക്കുന്ന ശബ്ദം, അതാ അവനോടൊപ്പം സുമതി ധൃതിയില്‍ ജയരാമന്റെ വീട്ടിലേക്ക്‌ പോകുന്നു. ഇപ്പോള്‍ മറ്റു വീടുകളില്‍ നിന്നും ചിലരങ്ങോട്ട്‌ ഓടിപ്പോകുന്നുണ്ട്‌. അവരില്‍ ഒന്നുരണ്ടു പേര്‍ പോയ അതേ വേഗത്തില്‍ തിരിച്ച്‌ പുറത്തേക്ക്‌ ഓടുന്നുണ്ട്‌. കവലയില്‍ പോയി കാറു വിളിക്കാനാവും. കുറെ സ്ത്രീകളുടെ കലമ്പല്‍ കേള്‍ക്കുന്നതുകൊണ്ടാവണം ജയരാമന്റെ ഭാര്യയുടെ കരച്ചില്‍ കേള്‍ക്കാനാവുന്നില്ല. കിട്ടുപണിക്കരുമായി ഒരു സൌഹൃദം ശരീരബലം കുറഞ്ഞ എന്നെപോലെയുള്ളവര്‍ക്ക്‌ എന്തുകൊണ്ടും നല്ലതാണെന്ന്‌ ഗോവിന്ദന്‍കുട്ടി അപ്പോള്‍ തീരുമാനിച്ചു.


ജയരാമനെ ഒന്നു പേടിപ്പിക്കണമെന്നുമാത്രമേ തനിക്കുള്ളു. അത്‌ താന്‍ പണിക്കരോട്‌ പ്രത്യേകം പറയുകയും ചെയ്‌തിരുന്നല്ലൊ. ഒരു സന്ധ്യക്ക്‌ കിട്ടുപണിക്കരുടെ വീട്ടിലേക്കു ചെന്നപ്പോള്‍ പതിവിനു വിപരീതമായി പുറമെ നിന്നും ആരും ഇല്ലായിരുന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനുശേഷം കിട്ടുപണിക്കര്‍ ഉമ്മറത്തേക്കു വന്നു. സന്ധ്യാവന്ദനം കഴിഞ്ഞുള്ള വരവാണെന്ന്‌ നെറ്റിയിലും, നെഞ്ചത്തും, കൈകളിലും, പുറത്തുമൊക്കെ വാരിപൂശിയ ഭസ്മക്കുറിയില്‍ നിന്നും മനസ്സിലായി.


"എന്താ ഗോവിന്ദന്‍കുട്ടി പതിവില്ലാതെ ഈ വഴിയൊക്കെ" പണിക്കരുടെ ചോദ്യം കേട്ട്‌ അയാള്‍ക്ക്‌ ജാള്യതയൊന്നും തോന്നിയില്ല. അയാള്‍ കാര്യം പറഞ്ഞു.

"ഒരു കൂടോത്രം നടത്തിക്കിട്ടണം"

കിട്ടുപണിക്കര്‍ ഒരു കൃത്രിമ ചിരി പാസ്സാക്കിയതായി അയാള്‍ക്കു തോന്നി.പണിക്കര്‍ വീണ്ടും ചോദിച്ചു.


"അതിന്‌ ഗോവിന്ദന്‍കുട്ടിക്കാരാ ശത്രുക്കളെന്നു പറയാന്‍ മാത്രം?"


അയാളൊന്നും മിണ്ടാതെ വടക്കേ തൊടിയിലെ പാമ്പിന്‍കാവിലേക്ക്‌ നോക്കിയിരുന്നു. കിട്ടുപണിക്കര്‍ സ്വന്തം ചോദ്യത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയിട്ടെന്നവണ്ണം ഉടന്‍ ചോദിച്ചു.


"ശരി. എന്നാണു കൂടോത്രം നടത്തേണ്ടത്‌?"
"എത്രയും വേഗം".

ഗോവിന്ദന്‍കുട്ടി പറഞ്ഞു.

"ശത്രുവിനെ പൂര്‍ണ്ണമായും നശിപ്പിക്കണോ?"

കിട്ടുപണിക്കര്‍ ബിസ്സിനസ്സിലേക്ക്‌ കടക്കുന്നതറിഞ്ഞ്‌ ഗോവിന്ദന്‍കുട്ടി തന്റെ മനസ്സിലിരിപ്പ്‌ പറഞ്ഞു.

"അധികം വേദനിപ്പിക്കാതെ നന്നായി പേടിപ്പിക്കുന്ന എന്തെങ്കിലും.... "
കഥകളിയിലെ ചില കഥാപാത്രങ്ങളെപ്പോലെയാണപ്പോള്‍ കിട്ടുപണിക്കര്‍ ശബ്ദമുണ്ടാക്കിയത്‌. അത്‌ ചിരിയോ, കരച്ചിലോ, അമറലോ എന്ന്‌ വേര്‍തിരിക്കാന്‍ ഗോവിന്ദന്‍കുട്ടിക്കായില്ല.


"ശത്രുവിനെ സ്നേഹിക്കാനാണെങ്കില്‍ പിന്നെ കൂടോത്രമെന്തിനാ ഗോവിന്ദാ"?


പരിഹാസ്യമായ ഒരു ചിരിയോടെ അയാള്‍ ഗോവിന്ദന്‍കുട്ടിയോട്‌ ഇരിക്കാന്‍ ആംഗ്യം കാണിച്ചു, പിന്നെ പണിക്കര്‍ അകത്തു പോയി. പൂജാമുറിയില്‍ നിന്ന്‌ മണിയൊച്ചയും, അവ്യക്തമായ മന്ത്രോച്ചാരണവും കേള്‍ക്കാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ വെളുത്ത കുപ്പിയുമായി പണിക്കര്‍ ഉമ്മറത്തേക്കു വന്നു. കുപ്പി ഒരു കോര്‍ക്കു വെച്ച്‌ ഭദ്രമായി അടച്ചിരുന്നു.


"ദക്ഷിണ വെച്ച്‌ ഈ കുപ്പി അങ്ങട്ട്‌ വാങ്ങിച്ചോളു". കിട്ടുപണിക്കര്‍ പറഞ്ഞു.


കൂടോത്രത്തിനുവേണ്ടി മാത്രം മാറ്റിവെച്ച നൂറുരൂപാ നോട്ടെടുത്ത്‌ ദക്ഷിണ വെയ്ക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടി മനസ്സില്‍ പറഞ്ഞു, അമ്പതു രൂപാ നോട്ടുണ്ടായിരുന്നെങ്കില്‍ അതിലൊതുക്കാമായിരുന്നു. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എളുപ്പത്തിലാണല്ലൊ കിട്ടുപണിക്കര്‍ കാര്യം നടത്തിയത്‌. ദക്ഷിണ കൊടുത്ത്‌ കുപ്പി വാങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ക്കായ്‌ കാതോര്‍ത്തു.


പണിക്കര്‍ പറഞ്ഞു.
"വെളുത്ത വാവുദിവസം രാത്രി പന്ത്രണ്ടു മണിക്കും, വെളുപ്പിന്‌ നാലുമണിക്കുമിടയിലുള്ള ഏതെങ്കിലും സമയത്ത്‌ ആരും കാണാതെ ഈ കുപ്പി ശത്രുവിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിടണം. നേരം വെളുക്കുമ്പോഴേക്കും നിങ്ങളുടെ ആഗ്രഹം നിറവേറിയിരിക്കും. പിന്നെ മറ്റൊരു കാര്യം. യാതൊരു കാരണവശാലും കുപ്പി തുറക്കരുത്‌. "


കുപ്പി ഭദ്രമായി കീശയില്‍ തിരുകി ഗോവിന്ദന്‍കുട്ടി നടന്നു. അയാളാകെ ഒരു ഉന്‍മാദാവസ്ഥയിലായിരുന്നു. അയാളെന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. എടാ ജയരാമാ, നിന്റെ ദിവസം അടുത്തു കഴിഞ്ഞു. നീയെന്താ അന്ന്‌ കവലയില്‍ വെച്ച്‌ പറഞ്ഞത്‌, ഞാനാണത്തമില്ലാത്തവനാണെന്ന്‌ അല്ലേ, എന്റെ ഭാര്യ എന്നെ സഹിക്കുകയാണെന്ന്‌ അല്ലേ, ഞാനവളുടെ ജീവിതം നശിപ്പിച്ചുവെന്ന്‌ അല്ലേ. നിന്റെ കരണക്കുറ്റി അടിച്ചു തെറിപ്പിക്കാനുള്ള ആവേശത്തില്‍ നിന്റെ മടിക്കുത്തിനു ഞാന്‍ പിടിച്ചുവെങ്കിലും നീ കുതറി മാറി. നിനക്കെന്നേക്കാള്‍ ശരീരബലം കൂടുതലുണ്ടെന്നറിയാം. പക്ഷെ എന്റെ മനോബലം നിനക്കില്ലെടാ ജയരാമാ. നിന്റെ ഷര്‍ട്ടും, ബനിയനും ഞാന്‍ വലിച്ചു കീറിയപ്പോഴും നിനക്കെന്നെ തൊടാന്‍ കഴിയാഞ്ഞത്‌ നിന്റെ
കുറ്റബോധം കൊണ്ടാണ്‌. അല്ലാതെ നീ പറഞ്ഞു നടക്കുന്നതുപോലെ നിന്റെ ഉറ്റ ചങ്ങാതിയാണെന്നുള്ള പരിഗണന കൊണ്ടൊന്നുമല്ല.


ഗോവിന്ദന്‍കുട്ടി നല്ല പ്രകാശമുള്ള ഒരു തെരുവു വിളക്കിന്റെ ചുവട്ടിലെത്തിയപ്പോള്‍ കുപ്പിയിലെന്തെങ്കിലും കാണുന്നുണ്ടോയെന്നു നോക്കി. എന്തോ ഒരു പുക പോലെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. ജയരാമന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിടുന്ന കുപ്പിയില്‍ നിന്നും എന്തായിരിക്കും, എങ്ങനെയായിരിക്കും ജയരാമനെ ശിക്ഷിക്കുന്നത്‌. വേണ്ട, സംശയം പാടില്ല. ഗോവിന്ദന്‍കുട്ടി സ്വയം ശാസിച്ചു. സംശയിച്ച്‌ കൂടോത്രത്തിന്റെ ഫലസിദ്ധി നഷ്ടപ്പെടുത്തിക്കൂടാ. അല്ലെങ്കില്‍ത്തന്നെ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കുമെന്നാണല്ലൊ പ്രമാണം. എന്തായാലും വെറും ഏതാനും ദിവസങ്ങള്‍. പിന്നെ ഗോവിന്ദന്‍കുട്ടിയുടെ മുമ്പില്‍ ജയരാമന്‍ ഭവ്യതയോടെ നില്‍ക്കും. നില്‍ക്കണം. അയാള്‍ക്കെന്തൊ ഒരാവേശം തോന്നി.


ഒരുമിച്ചാണ്‌ സ്ക്കൂളില്‍ ചേര്‍ന്നത്‌, ഒരുമിച്ചാണ്‌ തോറ്റതും, ജയിച്ചതും, ഒരുമിച്ചാണ്‌ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്‌. പിന്നീട്‌ വലുതായപ്പോള്‍ ഒന്നിച്ച്‌ ഓട്ടുകമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. ഒരേ ദിവസമായിരുന്നു വിവാഹവും. എല്ലാവരും പറഞ്ഞു, ചങ്ങാതിമാരായാല്‍ ദേ ഇങ്ങനെ വേണം. നമ്മുടെ ഗോവിന്ദന്‍കുട്ടിയും, ജയരാമനും പോലെ. അവന്റെ ഭാര്യ പ്രസവിച്ചപ്പോള്‍ തന്റെ ഭാര്യ കുറെ നേരം കരഞ്ഞതായി ഗോവിന്ദന്‍കുട്ടി ഓര്‍ത്തു. അവന്റെ ഭാര്യ രണ്ടാമതും പ്രസവിച്ചപ്പോള്‍, സുമതി ചുമരിനോടു ചേര്‍ന്നു കിടന്നുറങ്ങാന്‍ തുടങ്ങി. പിന്നീടുള്ള ചില ദിവസങ്ങളില്‍ ജയരാമന്‍ കുട്ടിക്കാലത്ത്‌ ചെയ്ത കാര്യങ്ങള്‍ മനസ്സില്‍ തെളിയാന്‍ തുടങ്ങി. അവന്‍ തന്നെ വെള്ളത്തില്‍ മുക്കിപ്പിടിച്ചതും, സൈക്കിളില്‍ നിന്ന്‌ തട്ടിയിട്ടതും, ശര്‍ക്കര കാട്ടിക്കൊതിപ്പിച്ച്‌ തിന്നതുമൊക്കെ ഗോവിന്ദന്‍കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. എങ്കിലും എല്ലാം മനഃപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു.


ജയരാമന്‍ കവലയിലിരുന്ന്‌ തന്‍പ്രമാണിത്തം പറയാന്‍ തുടങ്ങുകയും, കേള്‍ക്കുന്നവരൊക്കെ ബഹുമാനപുരസ്സരം അയാളെ ഒട്ടിനില്‍ക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്‌ തന്റെ നിയന്ത്രണം വിട്ടത്‌.


"ഡാ, ഭാര്യേടെ വാക്കു കേട്ട്‌ ഗ്യാസും, ഫ്രിഡ്ജും, വാഷിംഗ്‌ മെഷ്യനും വാങ്ങിച്ച്‌ വീട്ടില്‌ വെച്ചാ വല്ല്യ ആളാവില്ല. കടം വാങ്ങാണ്ട്‌ കാര്യം കാണാന്‍ പഠിക്ക്‌. സ്വന്തം നെല മറന്ന്‌ കളിച്ചാ പിള്ളേര്‌ വഴ്യാധാരാവും, ആന മുക്കണ കണ്ടട്ട്‌ അണ്ണാന്‍ മുക്കിയാല്‍ പ്രശ്നാവും"


കവലയിലെല്ലാരും ചിരിച്ചു. ശരിയല്ലേ, താന്‍ പറഞ്ഞതിലെന്താണൊരു തെറ്റ്‌. സുമതി തന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ജയരാമന്റെ സ്വഭാവം കണ്ടുപഠിക്കാന്‍ പറയാറുള്ളതും തന്റെ ഉപബോധ മനസ്സിലുണ്ടായിരുന്നിരിക്കാം. പക്ഷെ മറുപടിയായി അവന്‍ കൈവെച്ചത്‌ തന്റെ ചങ്കിലാണ്‌. തന്റെ പുരുഷത്വത്തെയാണവന്‍ വെല്ലുവിളിച്ചത്‌. വിടില്ലവനെ, വിടില്ല. അയാള്‍ വീണ്ടും, വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു. ചായ്പ്പിലെ ഒഴിഞ്ഞ കുപ്പികള്‍ക്കിടയില്‍ സുമതി കാണാതെ കൂടോത്ര കുപ്പി ഒളിപ്പിച്ചു വെച്ചു. ഇത്‌ വിജയിച്ചാല്‍ താന്‍ കുട്ടിച്ചാത്തനൊരു തുള്ളലും, കലശവും വഴിപാടായി നടത്തുമെന്ന്‌ അയാള്‍ മനസ്സില്‍ നേര്‍ന്നു. പിന്നെയൊരു കാത്തിരിപ്പായിരുന്നു.


കലണ്ടറില്‍ വെളുത്തവാവ്‌ അടയാളപ്പെടുത്തി വെക്കുമ്പോള്‍ സുമതി ചോദിച്ചു.

"എന്താ വല്ല വിശേഷവുമുണ്ടോ?" "ഹേയ്‌ - ഒന്നുമില്ല. വെറുതെ". പറഞ്ഞൊഴിഞ്ഞു. 

ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ പണിക്കര്‍ പറഞ്ഞതോര്‍ത്തു. "രാത്രി പന്ത്രണ്ടു മണിക്കും, വെളുപ്പിന്‌ നാലു മണിക്കുമിടയില്‍...." പന്ത്രണ്ടു മണിക്കു പോയാല്‍ സെക്കണ്റ്റ്‌ ഷോ കഴിഞ്ഞു വരുന്നവരാരെങ്കിലും കാണും. വെളുപ്പിന്‍ മൂന്നു മണിക്കും നാലു മണിക്കുമിടയിലായിരിക്കും നല്ലത്‌, അയാള്‍ തീര്‍ച്ചപ്പെടുത്തി. ഗ്രാമം ഉറങ്ങിയപ്പോള്‍ അയാള്‍ മാത്രം ഉറങ്ങാതെ കിടന്നു. ജനലിന്റെ വിടവില്‍ കൂടി നിലാവിന്റെ നുറുങ്ങുവെട്ടം കിടപ്പുമുറിയിലേക്ക്‌ പാളി നോക്കുന്നുണ്ടായിരുന്നു. ക്ളോക്കിന്റെ ടിക്‌ ടിക്‌ ശബ്ദവും, അയാളുടെ നെഞ്ചിടിപ്പും പരസ്പരം മത്സരിക്കുന്നുണ്ടോ എന്നയാള്‍ക്കു തോന്നി. ക്ളോക്കില്‍ മൂന്നടിച്ചപ്പോള്‍ തലയിണക്കീഴില്‍ നിന്നും ടോര്‍ച്ചെടുത്ത്‌, ശബ്ദമുണ്ടാക്കാതെ ചായ്പ്പില്‍ നിന്നും കുപ്പിയെടുത്ത്‌ ജയരാമണ്റ്റെ വീട്ടിലേക്കു നടന്നു. ഇടക്കിടെ അയാള്‍ തിരിഞ്ഞു നോക്കി. ഇല്ല, താനും തണ്റ്റെ നിഴലും മാത്രം, വേറെയാരുമില്ല. വേലിയില്‍ നിന്നും ഒരു കുറ്റി ഊരിയെടുത്ത്‌ ജയരാമന്റെ വീട്ടിലേക്ക്‌ നടന്നു. തികച്ചും ശാന്തമാണവിടം. പ്രതികരിക്കാന്‍ പട്ടിയോ, ആടോ, മാടോ ഒന്നുമില്ലാത്തത്‌ ഒരനുഗ്രഹമായി. വീടിന്റെ ചവിട്ടുപടിക്കും, തുളസിത്തറക്കും നടുവിലായി അയാള്‍ കുഴിയുണ്ടാക്കി കുപ്പി കുഴിച്ചിട്ടു. പോയതിനേക്കാള്‍ വേഗത്തില്‍ അയാള്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.


ഗോവിന്ദന്‍കുട്ടി തട്ടിന്‍പുറത്തെ ജനല്‍ പൂര്‍ണ്ണമായും തുറന്നിട്ടു. കാറു വരുന്നതും, ജയരാമനെ താങ്ങിക്കൊണ്ടു പോകുന്നതും, അവണ്റ്റെ ഭാര്യ കരഞ്ഞുകൊണ്ടു കാറിലേക്കു കയറുന്നതും അയാള്‍ക്കു വ്യക്തമായി കാണാന്‍ കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ജയരാമന്റെ കുട്ടികളേയും കൂട്ടി വീട്ടിലേക്കു വരുന്ന സുമതിയെ അയാള്‍ കണ്ടു. രണ്ടു കുട്ടികളുടേയും നെറുകയില്‍ കൈവെച്ച്‌ ഒരമ്മയെപ്പോലെ അവള്‍ വരുന്നതു കണ്ടപ്പോള്‍ അയാള്‍ക്കുറക്കെ കരയണമെന്നു തോന്നി. ഈശ്വരാ - ജയരാമനെന്തെങ്കിലും സംഭവിക്കുമോ. കിട്ടുപണിക്കരും മനുഷ്യനല്ലേ. ജയരാമന്‍ മരിക്കാന്‍ തക്ക മന്ത്രമൊന്നും അയാള്‍ ഉരുവിടാന്‍ വഴിയില്ല. ഇനിയിപ്പോള്‍ കൂടോത്രം ഒരു കൈവിട്ട സൂത്രമാണോ - ഗോവിന്ദന്‍കുട്ടി അപ്പോള്‍ ഉറക്കെയുറക്കെ നാമം ചൊല്ലാന്‍ തുടങ്ങി. ആളുകള്‍ പിന്നെയും ജയരാമന്റെ വീട്ടില്‍ നില്‍ക്കുന്നതെന്തിനാണ്‌. അതാ ഒരാളുടെ കയ്യില്‍ താന്‍ ഇന്നലെ കുഴിക്കാനുപയോഗിച്ച കുറ്റി. അവര്‍ ഇപ്പോള്‍ കുഴി മാന്തി കുപ്പി പുറത്തെടുക്കുമോ? എല്ലാവരും തന്റെ വീടിനു നേരെയാണല്ലൊ നോക്കുന്നത്‌. ഗോവിന്ദന്‍കുട്ടിയുടെ ശ്വാസഗതിയുടെ താളം തെറ്റി. കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. പെട്ടന്നയാള്‍ക്കു സംശയം തോന്നി, ഇന്ന്‌ വെളുത്തവാവിനു പകരം കറുത്തവാവായിരുന്നുവോ. ഒരു പോലീസ്ജീപ്പിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ, ഒരു പോലീസ്നായ മണം പിടിച്ച്‌ തട്ടിന്‍പുറത്തേക്ക്‌ ഓടിക്കയറുന്ന ശബ്ദമല്ലേ കേള്‍ക്കുന്നത്‌. ആ തണുത്ത വെളുപ്പാന്‍കാലത്തും ഗോവിന്ദന്‍കുട്ടി വിയര്‍ത്തു. ജനലഴികളില്‍ പിടിച്ചിരുന്ന അയാളുടെ കൈകള്‍ അയഞ്ഞു. ഇരിപ്പിടമാക്കിയ ചകിരികള്‍ സ്ഥാനം തെറ്റി. ചുറ്റുമുള്ള ചിരട്ടകള്‍ ദൂരേക്കു തെറിച്ചു വീണു.


കുട്ടികളേയും കൊണ്ട്‌ വീട്ടിലേക്ക്‌ കയറാന്‍ തുടങ്ങിയ സുമതി തട്ടിന്‍പുറത്തെ ശബ്ദം കേട്ടു ഭയന്ന്‌ നിലവിളിച്ചു, കൂടെ കുട്ടികളും. ജയരാമന്റെ വീട്ടില്‍ കൂടി നിന്ന ആളുകള്‍ ഗോവിന്ദന്‍കുട്ടിയുടെ വീട്ടിലേക്കു പാഞ്ഞു. എല്ലാവരും ചേര്‍ന്ന്‌ തട്ടിന്‍പുറത്തു നിന്ന്‌ ഗോവിന്ദന്‍കുട്ടിയെ താഴെയിറക്കി ഉമ്മറത്തു കിടത്തി. കുട്ടികള്‍ വല്ല്യഛനെ വിളിച്ച്‌ കരയാന്‍ തുടങ്ങി. ഗോവിന്ദന്‍കുട്ടി മെല്ലെ കണ്ണു തുറന്നു. ജയരാമന്റെ മകന്‍ അയാളുടെ നെറ്റിയില്‍ തലോടി. ഗോവിന്ദന്‍കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ കൈകള്‍ മെല്ലെ ഉയര്‍ത്തി അവന്റെ കൈ മുറുകെ പിടിച്ചു. ആരോ പറഞ്ഞു, 

"ഉറ്റ ചങ്ങാതിയ്ക്ക്‌ അസുഖം വന്നപ്പോള്‍ സഹിക്കാന്‍ പറ്റീട്ടുണ്ടാവില്ല്യ.
ഇതിനെയാണ്‌ ശരിയായ സ്നേഹംന്ന്‌ പറയണത്‌."


ഒന്നും മനസ്സിലാവാതെ സുമതി ഭര്‍ത്താവിനേയും, കലണ്ടറിലേക്കും മാറി മാറി നോക്കി.

- 0 -

28 comments:

Murali K Menon said...

“ചങ്ങാതി കുത്തിയാല്‍ ചങ്കിലെന്നാണല്ലോ പ്രമാണം”
-ങേ, അങ്ങനെയൊന്നും നിങ്ങള്‍ കേട്ടീട്ടില്ലെന്നോ, എങ്കില്‍, എന്റെ ചെറുകഥ - കൂടോത്രം - പോസ്റ്റ് ചെയ്തിരിക്കുന്നത് വായിച്ചു നോക്കു. ഏതാണ്ട് 8 വര്‍ഷം മുമ്പ് മുംബൈയില്‍ നിന്നുള്ള കലാകൌമുദി പത്രത്തില്‍ അച്ചടിച്ചു വന്നതാണ്. ശ്രീ എം.ജി.രാധാകൃഷ്ണന്റെ ഒരു പഠനവും ഉണ്ടായിരുന്നു. പ്രമേയം പഴയതാണ്. പക്ഷെ ചങ്ങാതിമാര്‍ ഇല്ലാത്ത കാലഘട്ടമില്ലാത്തതുകൊണ്ട് പ്രസക്തി നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയോടെ, നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു.

Aravishiva said...

മാഷേ...എന്താപ്പോ പറയുക...മനോഹരം എന്നൊരു വാക്ക് തീരെ കുറഞ്ഞു പോകുമോന്നൊരു സംശയം...ഇന്നത്തെ ബ്ലോഗിങ്ങ് മതിയാക്കി പോകാന്‍ തുടങ്ങിയപ്പോഴാണ്‍ ഇതു കണ്ടത്...വായിച്ചതോടെ ഇന്നത്തെ ദിവസം സാര്‍ദ്ധകമായപോലെ...ഗോവിന്ദന്‍‌കുട്ടിയെന്ന കഥാപാത്രത്തിനെ ബ്ലോഗിന്‍ സമ്മനിച്ചതില്‍ ഞങ്ങള്‍ വായനക്കാര്‍ മുരളി മാഷിനോട് കടപ്പെട്ടിരിയ്ക്കുന്നു...ആഖ്യാനവും ഭാഷയും എന്നത്തേയും പോലെ അതി മനോഹരം..........ഇനിയും പോരട്ടെ.....

ലിഡിയ said...

അച്ചടിമഷി കണ്ട കഥയില്‍ “നല്ല കഥ” എന്ന് കമന്റിട്ട് ഞാന്‍ എന്റെ വില കളയുന്നില്ല,എന്നാലും കഥ എഴുത്ത് ഇഷ്ടമായി..കഥയിലെ കഥ എന്താ പറയുക.

-പാര്‍വതി.

asdfasdf asfdasdf said...

മുരളിമേനൊന്‍ ചേട്ടാ. നന്നായിട്ടുണ്ട്. എങ്കിലും തീവൃത അല്പം കുറഞ്ഞോയെന്ന് സംശയം. താങ്കളുടെ തീവ്രവാദിയുടെ മകന്‍ നാലുഭാഗവും ഒന്നിച്ചാക്കി open office writer ല്‍ എടുത്ത് വെച്ചിട്ടുണ്ട്. വായിച്ച് തീര്‍ന്ന് കമന്റാം. പിന്നെ കലാകൌമുദി പത്രം ഇപ്പൊഴും മുംബെയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ടോ ?

Rasheed Chalil said...

ഒറ്റവാക്ക് മനോഹരം.

Visala Manaskan said...

നല്ല ഫസ്റ്റ്ക്ലാസ്സ് കഥ.

അപ്പോ എന്നു തൊട്ടാ റ്റ്യൂഷന് തുടങ്ങണ്ടേന്ന് പറഞ്ഞാല്‍ തുടങ്ങായിരുന്നു, ദക്ഷിണ എങ്ങിനെയൊക്കെ എന്നൊക്കെ അറിഞ്ഞാല്‍ അങ്ങട് തരായിരുന്നു!

ഇവര്‍ക്കാര്‍ക്കെങ്കിലും അറിയുമോ? ഞാന്‍ എത്ര നാള് റിക്വസ്റ്റ് ചെയ്തിട്ടാ മുരളിച്ചേട്ടന്‍ ഇവിടെ എഴുതാന്‍ വന്നത് എന്ന്. അവസാനം, വിശ്വത്തിന്റെ ആ ഒരു പുഷിങ്ങിലാണ് മുരളി മേനോന്‍ ജി വീണത് ല്ലേ?

ബൂലോഗം സീരിയസ് എഴുത്തുകാരാല്‍ സമ്പുഷ്ടമാകട്ടേ. എം. എം. ആക്റ്റീവായതില്‍ വളരെ വളരെ സന്തോഷം ഗുരോ.

(നിങ്ങള്‍ വന്‍ പുലികള്‍ ഇവിടെ എസ്.ജി.യുടെ ബാറ്റും പാഡുമൊക്കെയായി മെയിന്‍ പിച്ചില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞങ്ങള്‍ കുറച്ച് പേര്‍ ശല്യമുണ്ടാക്കാതെ ഗ്രൌണ്ടിന് പുറത്ത് പട്ട ബാറ്റും തുണി ബോളും കൊണ്ട് കളിച്ചോളാം)

വല്യമ്മായി said...

ഗോവിന്ദന്‍ കുട്ടിയുടെ വേദനകളെ പകര്‍ത്തിയതിന് നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

8 വര്‍ഷം മുമ്പ് എഴുതിയ കഥ : ചേട്ടാ.. ഇന്നും ഇതിന് പ്രസക്തിയൊ വായനാതടച്ചിലോ സംഭവിച്ചിട്ടില്ല. മനോഹരം. എന്നും വായിക്കാവുന്ന ഒരു നല്ല കഥ. ആദ്യത്തെ രണ്ടു മൂന്ന് പാര അങ്ങിനെ മലരടുക്കുപോലെ... കോര്‍ത്തുവച്ച മാലപോലെ ന്താ പറ്യ്ക.. സുന്ദരം. ഇടയ്ക്ക് ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സൂപ്പര്‍.എന്നല്‍ ഒരിടത്തും കല്ലുകടിയൊന്നും ഉണ്ടായില്ല എന്നു ഉറപ്പിച്ച് പറയാം. ഒരു ചര്‍ച്ച തന്നെ വേണം വായനക്കാരില്‍ നിന്ന്. എല്ലാവരും സഹകരിച്ച് കഥയുടെ നെല്ലും പതിരും വേര്‍തിരിക്കണം ന്ന് എനിക്ക് തോന്നുന്നു. അടുത്തിടെ ബ്ലോഗില്‍ വായിച്ച ഒരു നല്ല കഥ.

അഡ്വ.സക്കീന said...

കൂടോത്രത്തിന്ടെ ഫലമറിയാനായി ഇലക്ഷന്ടെ റിസല്‍ ട്ടറിയാന്‍ കാത്തിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ മനസ്സുമായി തട്ടിന്‍ പുറത്തുനിന്നും തളര്‍ന്നുവീണ ഗോവിന്ദന്‍ കുട്ടിയെക്കുറിച്ചു വായിച്ചപ്പോളോര്‍മ്മവന്നത്, അമ്മായിയമ്മയെന്ന തന്നെ ഉന്മൂലനാശം ചെയ്യാനായി മരുമകള്‍ കുഴിച്ചിട്ട കൂടോത്രത്തിനായി പിക്കാസുമായി മുറ്റം മുഴുവനും കിളച്ചു മറിച്ച് തളര്‍ന്നിരുന്ന വെല്ലുമ്മച്ചിയേയും, തളര്‍ന്ന ഇത്താത്തക്ക് വെള്ളവുമായി വന്ന കൂടോത്രത്തില്‍ പി.എച്ച്.ഡിയുള്ള, പുള്ളിക്കാരിയുടെ നാത്തൂനെയുമാണ്.

വേണു venu said...

മാഷേ ഈ കഥയുടെ പ്രസക്തി എത്ര വര്‍ഷങ്ങ‍ള്‍‍ കഴിഞ്ഞാലും നഷ്ടപ്പെടുമെന്നു തോന്നുന്നില്ല. ഗോവിന്ദന്‍കുട്ടി കൂടോത്രത്തിലൂടെ പരിഹാരം കണ്ടതു്, ഉപബോധ മനസ്സിനുള്ളില്‍ ഒളിഞ്ഞിരുന്ന അമര്‍ത്തിവയ്ക്കപ്പെട്ട വ്യഥകള്‍ക്കായിരുന്നു.
ആ വ്യഥ അനുവാചകന്‍റെ മനസ്സിലെത്തിക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ടു്.നല്ല കഥ.

krish | കൃഷ് said...

കൂടോത്രത്തിന്റെ after effect ആണോ ഗോവിന്ദന്‍കുട്ടി വീഴാനുള്ള കാരണം. കലണ്ടറില്‍ കുറിച്ചിട്ട തിയതിയുടെ രഹസ്യം സുമിത്രക്ക്‌ പുടികിട്ടിയോ.. കിട്ടാഞ്ഞാല്‍ മതിയെന്ന്‌ ഗോവിന്ദന്‍കുട്ടി ആഗ്രഹിച്ചു കാണും.

കുറുമാന്‍ said...

ചങ്ങാതി കുത്തിയാല്‍ ചങ്കിലെന്നാണല്ലോ പ്രമാണം”

Muraliyetta,

After one and half month, I'm back to blogs and read your story. Excellent narration. Cant write in malayalam now, so writing in englih. Have to read your old posts as well other tigers.

Will call you and talk to you later.

I'm upset as my colleagues met with an accident last night here in dubai. One died on the sport,one of my close friend got paralised and other friend broken his legs, hands and Severe bleeding from nose.

Thougt to start writing again from today (vijaya dhashami day), but can't as the mood dosen't allow.

Hi to bloggers once again. Will come back soon.

Regards
Kurman

Murali K Menon said...

അരവിശിവയുടെ അഭിപ്രായത്തിനു നന്ദി. കൂടോത്രം ഒരു ടെലിഫിലിം ആക്കാമെന്ന് സംവിധായകന്‍ കെ.ജെ.ബോസ് സമ്മതിച്ചീട്ടുണ്ട്. അതിന്റ്റെ തിരക്കഥ തയ്യാറാക്കാനും ഏല്പിച്ചീട്ടുണ്ട് എന്നുള്ള സന്തോഷ വിവരം എല്ലാവരേയും അറിയിക്കട്ടെ. അത് എന്ന്, എപ്പോള്‍ എന്നൊന്നും ഇപ്പോളെനിക്ക് പറയാന്‍ കഴിയില്ല. വഴിയേ അറിയിക്കാം.
കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായം പറഞ്ഞതിനും പാര്‍വ്വതി, കുട്ടന്മേനോന്‍ (5 വര്‍ഷമായി മുംബൈ നഗരം വിട്ടീട്ട്. കലാകൌമുദി ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.), ഇത്തിരിവെട്ടം, വല്ല്യമ്മായി, ഇരിങ്ങല്‍, നിയാല, ക്രിഷ്, വേണു എന്നിവര്‍ക്ക് എന്റെ സ്നേഹപൂര്‍വ്വമായ ഒരു പുഞ്ചിരി പകരമായി.
വിശാല്‍ജി, എന്റെ ആദ്യ പോസ്റ്റിംഗില്‍ തന്നെ ബ്ലോഗിലേക്കുള്ള എന്റെ വരവിന്റെ പ്രധാന കാരണക്കാരന്‍ താങ്കളായിരുന്നുവെന്ന വിവരം ഞാന്‍ അറിയിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നെ റ്റൂഷന്‍, മുതലക്കുഞ്ഞിനെ ആരെങ്കിലും നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമോ, അണ്ണാറക്കണ്ണനെ ആരെങ്കിലും മരം കയറാന്‍ പഠിപ്പിക്കുമോ, വിശാലനെ ആരെങ്കിലും എഴുതാന്‍ പഠിപ്പിക്കുമോ... താങ്കള്‍ മൈതാനത്തിനു പുറത്തല്ല, അകത്ത് നിര്‍ണ്ണായക ഘട്ടത്തിലെ ബാറ്റ്സ്മാനായ് ബ്ലോഗിന്റെ മാന്‍ ഓഫ് ദ മാച് ആയി നിലകൊള്ളും. സംശയമില്ല.
കുറുമാന്റെ സുഹൃത്തുക്കളുടെ അവസ്ഥയില്‍ അതിയായ ദു:ഖം അറിയിക്കട്ടെ, ദൈവം എല്ലാം സഹിക്കാന്‍ താങ്കള്‍ക്കും, അവരുടെ കുടുംബാഗംങ്ങള്‍ക്കും ശക്തി നല്‍കട്ടെ. മരണപ്പെട്ട സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, വീണ്ടും സന്ധിക്കാം എന പ്രതീക്ഷയോടെ,

ഇടിവാള്‍ said...

മുരളിച്ചേട്ടാ..

വരാനും വായിക്കാനും ലേറ്റായി.
ഇതിവിടെ പ്രസിദ്ധീകരിച്ചതിനു നന്ദി !

എല്ലാ ഭാവുകങ്ങളും ! ടെലിഫിലിം ആയാല്‍ അറിയിക്കണേ

ഇടിവാള്‍ said...

മുരളിച്ചേട്ടാ, കഴിഞ്ഞ കമന്റില്‍ കഥയേപ്പറ്റി പറഞ്ഞില്ല..

അല്ല, ഈ കഥയേപ്പറ്റി ഒരു അഭിപ്രായം പറയാന്‍ ഞാനായിട്ടില്ല..

എന്നാലും, ഞാനീയിടക്കു വായിച്ച ഏറ്റവും നല്ലത്‌ എന്നെനിക്കു തോന്നി..

ഈ വരികള്‍ ശരിക്കും തട്ടി കേട്ടോ..
" ഇപ്പോള്‍ താനും, സുമതിയും കാലങ്ങളെ കുറിച്ചല്ല സംസാരിക്കാറുള്ളത്‌. എന്തിന്‌, ദിവസങ്ങളെക്കുറിച്ചു പോലുമല്ല, വെറും അതാതു ദിവസത്തെക്കുറിച്ചുമാത്രം. "

വാളൂരാന്‍ said...

മുരളീമേനോന്‍,
കഥയുടെ സൂക്ഷ്മമായ അംശങ്ങളില്‍ പോലും കണ്ണുകളെത്തുന്നത്‌ പ്രത്യേകം പ്രസ്താവ്യം. ഉദാഹരണത്തിന്‌ ജയരാമന്റെ ഭാര്യ രണ്ടാമതും പ്രസവിച്ചപ്പോള്‍ മുതല്‍ സുമതി ചുമരിനോടു ചേര്‍ന്നതും, അതു വരെ നല്ലവനായിരുന്ന ജയരാമന്റെ ചെറുപ്പത്തിലെ പലേ കുറ്റങ്ങളൂം മനസ്സില്‍ വരുന്നതും മറ്റും. ദാമ്പത്യത്തിലുണ്ടാകുന്ന പൊരുത്തക്കേടുകളും മാനസിക വിക്ഷോഭങ്ങളും വളരെ കയ്യടക്കത്തോടെ പറഞ്ഞിരിക്കുന്നു. പക്ഷെ കഥയുടെ വലുപ്പം മുന്‍കഥകളേപ്പോലെത്തന്നെ അല്‍പം കൂടിപ്പോയി എന്നൊരു പക്ഷമുണ്ട്‌. എങ്കിലും വായനക്കാരുടെ രസച്ചരട്‌ മുറിയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ മുരളിക്കു കഴിഞ്ഞിരിക്കുന്നു. വിശദമായി കീറിമുറിച്ചാല്‍ ഒരുപാടെഴുതാനുണ്ട്‌. അഭിനന്ദനങ്ങള്‍....

ബിന്ദു said...

ഇത്രയും നല്ല കഥയ്ക്കൊക്കെ വെറുതെ നന്നായി എന്നു മാത്രം എഴുതിയാല്‍ ഒന്നുമാവില്ല. എന്താ എഴുതേണ്ടതെന്ന് എനിക്കറിയുകയുമില്ല.:)

റീനി said...

മുരളി, കാലത്തെ അതിജീവിക്കുന്ന കഥാതന്തുവും ശൈലിയും. ഗൗരവസാഹിത്യസൃഷ്ട്ടികള്‍ ഇനിയും പോരട്ടെ.

Murali K Menon said...

കൂടോത്രം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. കഥയുടെ വലിപ്പത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരോടു പറയട്ടെ, ചുരുക്കാനായിരിക്കും ഏതൊരു കാഥികന്റേയും മോഹം. പക്ഷെ പലപ്പൊഴും അങ്ങനെ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാതെ നില്‍ക്കും ചില കാര്യങ്ങള്‍. ഒരിക്കല്‍ കൂടി നന്ദി, നമസ്ക്കാരം. നോക്കട്ടെ, പഴയ കൃതികള്‍ ഏതെങ്കിലും പകര്‍ത്താന്‍ സമയം കിട്ടുമോ എന്ന്.

Murali K Menon said...

പിന്മൊഴികളില്‍ സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കളെയും, തൃശൂര്‍ ഭാഷയേയും കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഏതാണ്ട് 5 മാസം മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു. ശ്രീ എം.പി.സുകുമാരന്‍ നായര്‍ എന്റെ വീട്ടില്‍ വന്ന് ഒരു ദിവസം താ‍മസിക്കുന്നു. കാലത്ത് എണീറ്റ് എന്നോടു പറയുന്നു, നമുക്ക് പത്തുമണിക്ക് സാറാജോസഫിന്റെ വീട്ടിലെത്തണം. അങ്ങനെ ഞാന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും മുളങ്കുന്നത്തുകാവിലെ സാറാ ജോസഫിന്റെ വീട്ടിലെത്തുന്നു. സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്റെ തിരക്കഥ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, ശയനം എന്ന തിരക്കഥക്ക് സാറാജോസഫ് അവതാരിക എഴുതണമെന്നും ആവശ്യപ്പെടുന്നു. (സാറാ ജോസഫിന്റെ “ഒരു വിശുദ്ധ റങ്കൂണ്‍ പുണ്യവാളന്‍” എന്ന കഥയാണ് സുകുമാരന്‍ നായരുടെ ശയനം എന്ന സിനിമ). സാറാ ജോസഫ് സന്തോഷത്തോടെ അതു സമ്മതിക്കുന്നു. അദ്ദേഹം സാറാ ജോസഫിന് എന്നെ പരിചയപ്പെടുത്തുന്നു. അവതാരിക എഴുതിക്കഴിഞ്ഞാല്‍ മുരളി വന്നു വാങ്ങിച്ചോളും എന്നും ഇടക്ക് അയാള്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ തിരക്കിക്കോളുമെന്നും പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അവര്‍ സമ്മതിച്ചു. ഇതിനിടെ തൊട്ടടുത്തു താമസിക്കുന്ന കഥാകൃത്ത് വൈശാഖനും വന്നു ചേര്‍ന്നു. സാഹിത്യതത്പരനായ എനിക്ക് ഇതില്പരം സന്തോഷം അനുഭവിക്കാനുണ്ടോ!!! ഞാന്‍ ആദ്യം ആലാഹയുടെ പെണ്മക്കളേയും, പിന്നെ മാറ്റാത്തിയേയും കുറിച്ച് എനിക്ക് തോന്നിയ കാര്യങ്ങള്‍ അവതരിപ്പിച്ചു. സാറാ ജോസഫ് അതിനൊക്കെ വളരെ മനോഹരമായ് മറുപടി പറഞ്ഞു. വൈശാഖനും ഓരോ ഘട്ടത്തിലും യോജിച്ചും വിയോജിച്ചും സംസാരിച്ചു. പിന്നീട് വൈശാഖന്റെ റെയില്‍‌വേ ജീവിതത്തിനെ കുറിച്ച് പണു വായിച്ച കാര്യങ്ങള്‍ പറഞ്ഞ് നേരം ഒരുപാട് ചെലവഴിച്ചു. എം.പി.സുകുമാരന്‍ നായര്‍ ഒടുവില്‍ പോകാന്‍ വേണ്ടി ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ സംഭാഷണം കട്ട് ചെയ്ത് യാത്ര പറഞ്ഞിറങ്ങി. പിന്നീട് പല വട്ടം ഞാനും സാറാ ജോസഫും ഫോണിലൂടെ സംസാരിച്ചു. നേരിട്ട് രണ്ടു വട്ടം കണ്ടു. പക്ഷെ അവതാരിക മാത്രം കിട്ടിയില്ല. അതിനിടെ ഡി.സി.ബുക്സ്, കഴകത്തിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചു. ശ്രി. എം. സുകുമാരന്‍ വളരെ പെട്ടെന്നു തന്നെ അവതാരിക എഴുതി കൊടുക്കുകയും ചെയ്തു. ഇനിയും അവതാരികക്കുവേണ്ടി ഞാന്‍ സാറാ ജോസഫിനെ കാണില്ലെന്ന് സുകുമാരന്‍ നായരെ അറിയിച്ചു. അദ്ദേഹവും അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. അവതാരിക ഇല്ലാതെ ശയനം ഡി.സി. ബുക്സ് അടുത്തു തന്നെ പുറത്തിറക്കുന്നതായിരിക്കും.

അമല്‍ | Amal (വാവക്കാടന്‍) said...

മുരളിയേട്ടന്‌,

ഒരു ചെറിയ ഗോവിന്ദന്‍ കുട്ടി നമ്മുടെയൊക്കെ മനസ്സിന്റെ തട്ടിന്‍പുറത്ത്‌ പതുങ്ങിയിരിക്കുന്നില്ലേ?

ഗോവിന്ദന്‍ കുട്ടിയെ ഉണര്‍ത്താതിരിക്കുക!

വിശാലേട്ടന്‍ കീ ജയ്‌
(ഇത്‌ അനുഭവിക്കാന്‍ നിമിത്തമായതിന്‌)

ഈ നീറ്റലിന്‌ നന്ദി..

Unknown said...

മുരളിയേട്ടാ,
മനോഹരം. അതി മനോഹരം. ആ ആഖ്യാനത്തിന്റെ ഫ്ലോ അപാരം.ബൂലോഗത്ത് ഞാന്‍ ഇത്ര ആസ്വദിച്ച് വായിച്ച പോസ്റ്റുകള്‍ അപൂര്‍വ്വം.

ഓടോ: ടെലിഫിലിം തയ്യാറായാല്‍ അറിയിക്കുമല്ലോ.

Unknown said...

മാഷേ വൈകി എത്തിയ വയനക്കരി ആണ് ഞാന്‍.രഹസ്യങല്‍ കൂടും തോറും ഒറ്റ്പ്പെടുമെന്നു പറഞ്ഞ്ത് സത്യം.എവിടെ ഒക്കെയോ കണ്ടു മറന്ന കുറെ ആളുകളെ വിണ്ടും കണ്ടുമുട്ടിയ പോലെ.വളരെ നന്നായിരിക്കുന്നു.മാഷേ എല്ലാ പോസ്റ്റും വായിക്കാന്‍ പ്രചോദനം ആയി ഈ പോസ്റ്റ്.

Murali K Menon said...

ഞാന്‍ വളരെ കാലങ്ങള്‍ക്കു ശേഷം പഴയ കൃതികളിലൂടെ കണ്ണോടിച്ചപ്പോഴാണു വാവക്കാടന്‍, ദില്‍ബു, ഉഷ എന്നിവരുടെ കമന്റുകള്‍ കണ്ടത്. അന്നൊക്കെ തിരക്കുപിടിച്ച കുറച്ചു ജീവിതമായിരുന്നതിനാല്‍ വീണ്ടും വീണ്ടും എത്തിനോക്കുക കുറവായിരുന്നു. അതുകൊണ്ടാണു പ്രതികരണം മോശമായത്. പലര്‍ക്കും അതിനാല്‍ ഞാനെന്തോ റിസര്‍വ്ഡ് ടൈപ് ആണെന്നു വരെ തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ആ അഭിപ്രായത്തിനു മാറ്റം വന്നീട്ടുണ്ടെന്നു തോന്നുന്നു. വളരെ വൈകിയാണെങ്കിലും, വാവക്കാടനും, ദില്‍ബുവിനും, ഉഷക്കും എന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.

JEOMOAN KURIAN said...

നന്ദി.“കുട്ടിച്ചാത്തനു തുള്ളലും കലശവും” നടത്തിയൊ?

Murali K Menon said...

പഴയ താളുകളിലൂടെ കടന്നുപോയതിനു നന്ദി ജോ.

Anonymous said...

valare nalla kadha
keep writing
best wishes

Murali K Menon said...

thanks angel for your reading and giving comments