Thursday, October 12, 2006

മാറിക്കൊണ്ടിരിക്കുന്ന മോഹങ്ങള്‍

അവനന്ന് 11 വയസ്സ്. ഓര്‍മ്മയില്‍ ആദ്യമായാണ് രാത്രിയില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നത്. പിന്നീടൊന്നും രാത്രി മുഹൂര്‍ത്തമുള്ള ഒരു വിവാഹം നടന്നതായ് അവന്‍ ഓര്‍ക്കുന്നുമില്ല. അന്നൊക്കെ വീട്ടില്‍ വച്ചു തന്നെയായിരുന്നു കല്യാണവും സദ്യയും. ഇന്നത്തെപോലെ കല്യാണം ഹാളിലേക്ക് മാ‍റിയിരുന്നില്ലെന്നു സാരം. അന്നൊന്നും മഴ അനവസരത്തില്‍ പെയ്തിരുന്നില്ല, എന്നിരുന്നാലും ഒരു കൂറ്റന്‍ പന്തലായിരുന്നു അവിടെ എന്നവന്‍ ഓര്‍ക്കുന്നു. ദീപാലങ്കാരങ്ങളൊന്നുമുണ്ടായിരുന്നില്ല. കാശില്ലാത്തതുകൊണ്ടായിരുന്നില്ല, വൈദ്യുതി കണക്ഷനൊന്നും ഇല്ലാത്തതുകൊണ്ടായിരുന്നു. മൂന്നു നാലു പെട്രോമാക്സുകള്‍ സൂര്യപ്രഭ പരത്തി അവിടം ഒരു പ്രത്യേക കാന്തി ഉണ്ടാക്കിയിരുന്നു. ഒരു വിധം തിരക്കുണ്ടായിരുന്നു അവിടെ. ഉമ്മറത്തിണ്ണയില്‍ കത്തിക്കാതെ വച്ചിരുന്ന ഒരു പെട്രോമാക്സ് അവന്റെ ശ്രദ്ധയില്‍ പെട്ടു. എന്നും പെട്രോമാക്സിനെ ആരാധനയോടെ നോക്കിയിരുന്ന അവന്‍ അതിന്റെ അടുത്തുപോയി നിന്നു. അവിടുത്തെ ഒരു കാരണവര്‍ ആരെയോ പേരു വിളിച്ച് ചീത്ത പറയുന്നുണ്ടായിരുന്നു. “ഇവനിതെവടെപ്പോയി കെടക്ക്വാ... വാടക കൊടുത്ത് വാങ്ങിച്ചു വെച്ചട്ട്
കത്തിക്കാണ്ടിരിക്ക്വേ.. എടാ കേശവാ.....ഇവനെ കേശവന്‍‌ന്നല്ലാ വിളിക്കണ്ടേ...“ അപ്പോഴേക്കും കേശവനെവിടുന്നോ ഓടിക്കിതച്ചെത്തി.. അയാളെത്തിയപ്പോള്‍ ഒരു പ്രത്യേക മണം അവിടെ വ്യാപിച്ചു. കാരണവര്‍ വീണ്ടും ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.“ ങാ ഹാ... അതിനിടക്ക് മോന്താന്‍ പോയോ കൊശവാ നീ.... ഇത് കത്തിക്കാനും കൂടി നേരംണ്ടായില്യ... “ കേശവന്‍ അതൊന്നും കേള്‍ക്കാതെ പെട്രോമാക്സിനെ ജ്വലിപ്പിക്കാനുള്ള സൂത്രപ്പണികള്‍ തുടങ്ങി. റോക്കറ്റ് ലോഞ്ചിങ്ങ് കാണുന്ന ആകാംഷയോടെ അവന്‍ കേശവന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു.
ഒരു വെള്ളയപ്പത്തിന്റെ കഷ്ണം പോലെ ഞാണ്ടു കിടക്കുന്നത് എങ്ങനെയാണ് തൂവെള്ള പ്രകാശം പരത്തുന്നത് എന്നു കാണാനുള്ള അവന്റെ ജിജ്ഞാസ കണ്ട് കേശവന്‍ കൂടുതല്‍ ഉഷാറായി. അവനെ പിടിച്ച് കുറച്ചകലേക്ക് നീക്കി നിര്‍ത്തിയിട്ട് പറഞ്ഞു, “ഇത് തൊട്ടാല്‍ കൊഴിഞ്ഞുപോണ സാധനാ, അകലെ നിന്നു കണ്ടാല്‍ മതി“. ഒന്നു രണ്ടു കുട്ടികള്‍ കൂടി കേശവന്റെ ചുറ്റും കൂടി. കാണികളെ കിട്ടിയപ്പോള്‍ കളിക്കാരന്‍ ഉഷാറായപോലെ അതാ കേശവന്‍ അവന്റെ കഴിവുകള്‍ മികവോടെ പ്രകടിപ്പിച്ചുകൊണ്ട് മണ്ണെണ്ണ ഫൌണ്ടന്‍ പോലെ തെറുപ്പിച്ചുകൊണ്ട് തീ കൊളുത്തുന്നു,
ഒരാളലോടെ വെള്ളയപ്പത്തിന്റെ കഷ്ണം കത്തി മഞ്ഞ തീ നാളങ്ങള്‍ പൊന്തുന്നു. കേശവന്‍ തന്റെ മിടുക്ക് പുറത്തെടുക്കുന്നു, അങ്ങനെ മഞ്ഞ തീ നാളങ്ങളെ ആറ്റിക്കുറുക്കി സൂര്യപ്രകാശമാക്കി മാറ്റുന്നു. അതു കണടു നിന്ന അവന്റെ മനസ്സിലും സൂര്യനുദിക്കുന്നു. കേശവനെന്ന മാന്ത്രികനെ അവന്‍ ആരാധനയോടെ വീക്ഷിക്കുന്നു. കല്യാണം അതിനിടക്കെപ്പോഴോ നടന്നു കഴിഞ്ഞിരുന്നു. അവന്റെ മനസ്സില്‍ ഒറ്റ മോഹമേ ഉണ്ടായിരുന്നുള്ളു, വലുതാവുമ്പോള്‍ പെട്രോമാക്സ് കത്തിക്കുന്ന ആളാവണം. അവന്‍ അവിടെ നിന്നും ഭക്ഷണം കഴിക്കാനായ് നടക്കുമ്പോള്‍ കാരണവര്‍ വന്ന് കേശവനോട് തിരക്കുന്നത് അവ്യക്തമായ് കേട്ടു, “സാധനം മുഴുവന്‍ ഒറ്റയ്ക്ക് മോന്തിയോ, ബാക്കി വല്ലതും
കാണ്വോ?“ ഉത്തരം എന്തായിരുന്നോ എന്തോ, അവന്റെ മനസ്സില്‍ പെട്രോമാക്സ് നിന്നു കത്തുകയായിരുന്നല്ലോ...

4 comments:

ചക്കര said...

ഓരൊ ആഗ്രഹങ്ങളേ! ചെറുതായിരുന്നപ്പൊ വീട്ടില്‍ കൊപ്ര കൊണ്ട്പോകാന്‍ ഒരു ലോറി വന്നു. ആദ്യമായി ലോറിക്കകത്ത് കയറുന്നതന്നാണ്. അതിനു ശേഷം വലുതാകുമ്പൊ ലോറി ഡ്രൈവറാകാനായിരുന്നു ആഗ്രഹം!

പാര്‍വതി said...

ഒരു കുന്ന് ബുക്കും ഒരു കുന്ന് മുന്തിരിപഴവും പിന്നെ ആരും ഇല്ലാത്ത ഒരു സ്ഥലവും ആയിരുന്നു ആഗ്രഹം.പിന്നെ നേവിയില്‍ ചേരാനാഗ്രഹം,പിന്നെ കണ്ണ് ഡോക്റ്ററാവാന്‍ ആഗ്രഹം..

ഒക്കെ കഴിഞ്ഞ് ഇന്ന് എന്താവാനാഗ്രഹമെന്ന് ചോദിച്ചാല്‍ വന്നിടത്ത് തിരിച്ച് പോവാന്‍ മാത്രം ആഗ്രഹം.

-പാര്‍വതി

വേണു venu said...

വലുതാവുമ്പോള്‍ പെട്രോമാക്സ് കത്തിക്കുന്ന ആളാവണം.
മാഷേ എല്ലാരും ഇതേ പോലെ പലതും ആകണമെന്നു സ്വപ്നം കണ്ടു വളരും.ഓരോരോ സ്വപ്നങ്ങള്‍ കത്തിയെരിഞ്ഞു് ശവമായി കിടക്കുന്നതു കാണാതെ വീണ്ടും സ്വപ്നങ്ങള്‍.മാഷേ ഇതു തന്നെയല്ലെ ജീവിതം.
നന്നായിരിക്കുന്നു,മനസ്സില്‍ നിന്നും ഗോവിന്ദന്‍‍ കുട്ടി മാറിയിട്ടില്ല.

മുരളി മേനോന്‍ said...

കാലങ്ങള്‍ മാറുന്നതനുസരിച്ച് മോഹങ്ങള്‍ മാറാത്ത മനുഷ്യരുണ്ടോ? ഞാന്‍ എന്നെ മാറി നിന്ന് വീക്ഷിച്ചപ്പോള്‍ എന്റെ

മാറിക്കൊണ്ടിരിക്കുന്ന മോഹങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. അപ്പോഴെക്കെ ഞാന്‍ സന്തോഷിച്ചത്, എന്റെ

മോഹങ്ങള്‍ വെറും നാട്ടിന്‍പുറത്ത് ഒതുങ്ങി നില്‍ക്കുന്നവയായിരുന്നു എന്നതിലാണ്. അത് എന്റെ അസ്തിത്വത്തെ

പ്രതിഫലിപ്പിക്കുന്നു, അതെ ഞാന്‍ വെറും നാടനാണ് എന്ന തിരിച്ചറിവ് എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നു.

എനിക്ക് തോന്നുന്നു നിങ്ങളിലോരോരുത്തര്‍ക്കും ഇത്തരം മോഹങ്ങളുടെ വളര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടാകാം. എങ്കില്‍

പിന്നെ അതൊക്കെ ഒന്നു പകര്‍ത്തുന്നത് രസകരമല്ലേ, ബ്ലോഗ് ചങ്ങാതിമാരില്‍ നിന്നും അത്തരം സത്യസന്ധമായ

പോസ്റ്റിംഗ്സ് പ്രതീകക്ഷിച്ചുകൊണ്ട്, (ഉദാഹരണത്തിന് ചക്കരയുടെ മാറിയ മോഹങ്ങള്‍, പാര്‍വ്വതിയുടെ മോഹങ്ങള്‍, വേണുവും പല പല സ്വപ്നങ്ങള്‍ നെയ്തീട്ടുണ്ടാവാം. പക്ഷെ അതിന്റെ പ്രസക്തിക്ക് ഒരു കുറവുമില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്)