Friday, October 13, 2006

മാറിയ മോഹങ്ങള്‍ (2)

അവനിപ്പോള്‍ പതിമൂന്നു വയസ്സാണ്. അവന്‍ കുറച്ചു കീറത്തുണിയും, പേനാക്കത്തിയുമെടുത്ത് ഒരു കശുമാവിന്റെ കൊമ്പിലിരുന്ന് പച്ച കശുവണ്ടി പൊട്ടിച്ചെടുത്ത്, കീറി, അതിന്റെ പശയെല്ലാം തുടച്ച് നല്ല സ്വാദോടെ തിന്നുകയാണ്. അവിടെയിരുന്നവന്‍ ഒരു കാഴ്ച കണ്ടു. നിരന്നു കിടക്കുന്ന അടയ്ക്കാമരത്തില്‍ (കവുങ്ങില്‍) കുരങ്ങനെപോലെ പകര്‍ന്നു മറിയുന്ന വേലായുധന്‍. അവന്‍ ഒരു കവുങ്ങില്‍ മാത്രമേ കയറുന്നുള്ളു. പക്ഷെ അവിടെ നിന്ന് തുടര്‍ച്ചയായി മറ്റൊന്നിലേക്ക് പകര്‍ന്നു മറിയുന്ന കാഴ്ച അവന്‍ അത്ഭുതാദരങ്ങളോടെ നോക്കിയിരുന്നു. അവന്‍ ഉടനെ കശുമാവില്‍ നിന്നിറങ്ങി. വേലായുധന്റെ ഓരോ ചലനങ്ങളും വളരെ കൃത്യമായ് വീക്ഷിച്ചു. അതൊക്കെ സ്വയം ചെയ്യുന്നതായ് മനസ്സില്‍ വിചാരിച്ച് ആത്മനിര്‍വൃതി നേടി. ഉടനെ തീരുമാനിക്കുകയും ചെയ്തു. വലുതാവുമ്പോള്‍ കവുങ്ങില്‍ കയറിമറയാന്‍ കഴിയുന്ന ഒരാളാവണം. കുറച്ചു കഴിഞ്ഞപ്പോള്‍ വേലായുധന്‍ ഉപേക്ഷിച്ചുപോയ തളപ്പ് കണ്ട് മനസ്സിലെ നായകന്‍ സടകുടഞ്ഞെഴുന്നേറ്റു. ചുറ്റുപാടും പരതി നോക്കി. പങ്ങ പറിച്ച് വേലായുധന്‍ സ്ഥലം വിട്ടിരിക്കുന്നു. അതൊക്കെ അയാളിപ്പോള്‍ ഉമ്മറത്തെവിടെയെങ്കിലും കൂട്ടിയിട്ടിരിക്കും. ചേച്ചിയും, അമ്മയും ഉച്ചമയക്കത്തിലായിരിക്കും. അച്ഛനാണെങ്കില്‍ വൈകുന്നേരമാകും വരുമ്പോള്‍. ഇനിയും വലുതാവാന്‍ കാത്തുനില്‍ക്കണോ, ഇനിയിപ്പോ‍ള്‍ പഠിക്കാന്‍ ബാക്കിയെന്താണുള്ളത്. കയറുക തന്നെ. അവന്‍ തളപ്പിട്ട് ഒരു കവുങ്ങില്‍ വലിഞ്ഞ് കയറി. പകുതി എത്തിയപ്പോള്‍ ഒരു വിധം ക്ഷീണിച്ചിരുന്നു. വലിഞ്ഞു കയറിയതുകൊണ്ട് നെഞ്ചിന് അല്പം വേദനയും ഉണ്ടായിരുന്നു. വേലായുധന്‍ കവുങ്ങിനെ ആട്ടിയപൊലെ വൃഥാ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പകുതി കയറി കവുങ്ങിനെ ആട്ടാന്‍ പറ്റില്ലെന്ന തിരിച്ചറിവില്‍ വീണ്ടും മുകളിലേക്ക് കയറി. തുഞ്ചത്ത് എത്തിയെന്നുറപ്പായപ്പോള്‍ വീണ്ടും ആഞ്ഞു ശ്രമിച്ചു, കവുങ്ങ് ആടാന്‍ തുടങ്ങി. അവന്റെ സന്തോഷത്തിനതിരില്ലായിരുന്നു. തൊട്ടടുത്തുള്ള കവുങ്ങില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കവുങ്ങ് വന്നപ്പോള്‍, അടുത്ത വേലായുധന്റെ ആയുധമെന്തായിരുന്നുവെന്ന് ചിന്തിച്ചു. തൊട്ടടുത്തുള്ള കവുങ്ങില്‍ ഒരു കൈ കൊണ്ടു പിടിക്കണം എന്ന ഓര്‍മ്മയില്‍ അതും ചെയ്തു. പക്ഷെ സങ്കല്‍പ്പത്തിലെപോലെ അത്ര എളുപ്പമായിരുന്നില്ല അത്. കൈകാലുകള്‍ കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. രണ്ടു കവുങ്ങുകളും ഇപ്പോള്‍ അവന്റെ കൈകളിലാണ്. പക്ഷെ കാല്‍ ഒരേ ഒരു കവുങ്ങില്‍. ആ കവുങ്ങില്‍ നിന്നും കാലുകള്‍ വലിച്ച് മറ്റൊരു കവുങ്ങില്‍ വയ്ക്കണം. അതിനുള്ള മനക്കരുത്തുവേണം. ഒരുനിമിഷം നിലത്തു വീണുപോകുമെന്നു തന്നെ അവന്‍ വിചാരിച്ചു. അതുവരെ കേട്ടു പരിചയിച്ച എല്ലാ ദൈവങ്ങളേയും അവന്‍ വിളിച്ചു കഴിഞ്ഞിരുന്നു. ഇതൊന്നും വേണ്ടായിരുന്നുവെന്ന് ഒരുനിമിഷം അവന്റെ മനസ്സിലേക്ക് കടന്നുവന്നു. ഇനിയിപ്പോള്‍ തിരിച്ചുപോകാനാവില്ലെന്ന തിരിച്ചറിവില്‍, ജീവിന്മരണ പോരാട്ടമാണെന്ന തിരിച്ചറിവില്‍ രണ്ടും കല്പിച്ച് കാലുകള്‍ അടര്‍ത്തിമാറ്റി മറ്റേ കവുങ്ങില്‍ പിടുത്തമിട്ടു. പരീക്ഷണം വിജയിച്ചതുകൊണ്ട് വിജയശ്രീ ലാളിതനായ് ഊര്‍ന്നിറങ്ങി. നിലത്തു കാലു കുത്തിയത് ചന്ദ്രനില്‍ പോയി തിരിച്ചു വന്ന നീല്‍ ആംസ്ട്രോങ്ങിന്റെ ഭാവത്തിലായിരുന്നു. പക്ഷെ എതിരേറ്റത്, മുതുകത്ത് പതിഞ്ഞ മുല്ല വള്ളി കൊണ്ടുള്ള അടിയായിരുന്നു. അച്ഛന്‍ എല്ലാം കണ്ട് സമ്മാനം തരാന്‍ കാത്തുനില്‍ക്കുകയായിരുന്നു. അങ്ങനെ മുല്ലവള്ളിയുടെ ആഘാതത്തില്‍ നീറിയ മനസ്സില്‍ നിന്ന് ആ മോഹം മാഞ്ഞുപോയി.

9 comments:

Murali K Menon said...

വീണ്ടും മോഹങ്ങള്‍ മാറിയിരിക്കുന്നു... തികച്ചും ഗ്രാമീണമായ മറ്റൊരു മോഹം... ഡോക്ടറോ, എഞ്ചിനീയറോ ആകാന്‍ കൊതിക്കുന്ന കുട്ടികളില്‍ നിന്നും വളരെ അകലെ മറ്റാരും കാണാത്ത സ്വപ്നവുമായ് വീണ്ടും.....

ബിന്ദു said...

താഴേക്കു വീണു എന്നു തന്നെയാ അവസാനം വരെ ഞാന്‍ കരുതിയത്. ഒരോരോ മോഹങ്ങളെ.. :)

sreeni sreedharan said...

എന്‍റ ദൈവമേ...

വേണു venu said...

എന്‍റെ മുരളി മാഷേ,ഞാന്‍ ആ അടക്കാമരത്തില്‍ ഇരിക്കാ.ഇങ്ങന്നെ. പക്ഷെ കാല്‍ ഒരേ ഒരു കവുങ്ങില്‍. ആ കവുങ്ങില്‍ നിന്നും കാലുകള്‍ വലിച്ച് മറ്റൊരു കവുങ്ങില്‍ വയ്ക്കണം. അതിനുള്ള മനക്കരുത്തുവേണം. ഒരുനിമിഷം നിലത്തു വീണുപോകുമെന്നു തന്നെ അവന്‍ വിചാരിച്ചു.
ഞാന്‍ വീണില്ലെന്നു പിന്നെ മനസ്സിലായി.അടിവാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ അമ്മയും പെങ്ങന്മാരും മൂക്കതു് വിരലും വച്ചു്.
മാഷേ .....

വല്യമ്മായി said...

http://rehnaliyu.blogspot.com/2006/08/blog-post.html എന്റെ വീട്ടിലും വേലായുധന്‍ തന്നെ യായിരുന്നു അട്യ്ക്കാ പറിച്ചിരുന്നത്.മനസ്സില്‍ തട്ടുന്ന വിധത്തില്‍ എഴുതിയിരിക്കുന്നു.ഇതു പോലെ സമ്പന്നമായ ബാല്യത്തിന്റെ കുറച്ചോര്മ്മകളാണ് എന്റെ ബ്ളോഗിലും.

ലിഡിയ said...

ഡോക്റ്ററാവാനും മറ്റും ഉള്ള മോഹം കുഞ്ഞുങ്ങളുടെയല്ലല്ലോ അവരെ മെഷീനറി ആക്കുന്ന സമൂഹത്തിന്റെ അല്ലേ..

ഇതേ രീതിയില്‍ പേരയ്ക്കാ മാവില്‍ കയറി ഞാന്‍ തല്ല് വാങ്ങിയിട്ടുണ്ട്..അതിരോര്‍മ്മയാണ്.

-പാര്‍വതി.

Murali K Menon said...

വേലായുധചരിതം അവസാനഭാഗം ഇപ്പോള്‍ വായിച്ചു. ഇഷ്ടപ്പെട്ടു. മരം കയറുന്നവര്‍ക്ക് സംസ്ഥാനടിസ്ഥാനത്തില്‍ വേലായുധന്‍ എന്ന പേരാണോ എന്ന് ഞാന്‍ സംശയിക്കുന്നു.

P Das said...

അടക്ക മരത്തിന്റെ മുകളിലിരിക്കുമ്പൊ, അതും സര്‍ക്കസ്സ് കാണിക്കുമ്പൊ, താഴേന്ന് വിളിച്ച് പേടിപ്പിച്ചാല്‍ ചിലപ്പൊ തലയും തല്ലി വീണാലോ എന്നു കരുതിയാവും അച്ഛന്‍ മിണ്ടാതെ താഴെ സമ്മാനവുമായി കാത്ത് നിന്നത്?.. ബെസ്റ്റ് മോഹങ്ങളിലൊന്ന്..:)

വാളൂരാന്‍ said...

ഈ അടയ്ക്ക പറിക്കാന്‍ വരുന്നവരെല്ലാം എല്ലാ ദിക്കിലും വേലായുധന്മാരാണെന്നാ തോന്നണേ..! എന്തായാലും ഞങ്ങളുടെ വീട്ടില്‍ കൃഷ്ണനും മാധവനും ആയിരുന്നു. ഒരു അടയ്ക്കാമരത്തില്‍ നിന്നും മറ്റൊന്നിലേക്കു പകരുന്ന കാഴ്ച ഞാനും പലപ്പോഴും നോക്കിനിന്നിട്ടുണ്ട്‌, അതൊരു ഗംഭീര കാഴ്ചതന്നെയാണ്‌, ജിമ്നാസ്റ്റിക്സിന്റെയൊക്കെ ഒരു മുന്‍കാലരൂപം. ഓര്‍മകള്‍ ഉണര്‍ത്തിയതിന്‌ നന്ദി.