Saturday, October 14, 2006

മാറിയ മോഹങ്ങള്‍ (3)

അവന്‍ ഒമ്പതാം ക്ലാസ്സിലെത്തിയിരിക്കുന്നു. വീടിനു തൊട്ടടുത്തുള്ള ചില പാടങ്ങള്‍ ഉഴുതു മറിച്ചിട്ടിരിക്കുന്നു. മഴ പെയ്ത് ഉഴവു ചാലില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആ കലങ്ങിയ വെള്ളത്തില്‍ കൊച്ചു തവളകള്‍ പൊന്തിക്കിടന്നു കരഞ്ഞു. പകല്‍ സമയത്തും കരയുന്ന തവളകള്‍ അന്നുണ്ടായിരുന്നു, (ഇന്ന് പകല്‍ കരയാത്തത് തവളകള്‍ ഇല്ലാത്തതുകൊണ്ടാവാം). അവന്‍ പരന്നു വിശാലമായി കിടക്കുന്ന പാടത്തേക്ക് നോക്കി നിന്നു. ഏതാണ്ട് വൈകീട്ട് മൂന്നു മണിയായിക്കാണും. കുറച്ചകലെ ഒരാള്‍ മുട്ടിയിട്ട് അതില്‍ കയറി നിന്ന് കാളകളെ തെളിക്കുന്നതു കണ്ട് അങ്ങോട്ടു നടന്നു. ഹായ് എന്തു രസമായിരിക്കും, ആ മുട്ടിയില്‍ കയറിയിരുന്നാല്‍, കാളകള്‍ അതിവേഗത്തില്‍ വലിച്ചുകൊണ്ടു പോകുമ്പോള്‍ ഒരു കുതിര സവാരി നടത്തുന്നതിനു തുല്യമോ, അല്ലെങ്കില്‍ ഇറക്കത്ത് സൈക്കിളില്‍ ഇരുന്നു പോകുന്നതിനു തുല്യമോ ആയി അവനു തോന്നി. വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ കവുങ്ങിന്‍ പാളയിലിരുത്തി കൂട്ടുകാര്‍ വലിച്ചു കളിച്ചിരുന്നതിന്റെ ഓര്‍മ്മ കൂടി വന്നപ്പോള്‍, അവനു മോഹം അടക്കാനായില്ല. ഉഴുതുകൊണ്ടിരിക്കുന്ന ആളോട് അതിലൊന്നിരുത്താമോ എന്ന് ചോദിച്ചു. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല, “പോട ചെക്കാ” എന്നാണ് പ്രതീക്ഷിച്ചത്... പക്ഷെ പ്രതീക്ഷക്കു വിപരീതമായി അയാള്‍ കാളകളെ “ബോ.......ബോ.....” എന്ന് ശബ്ദമുണ്ടാക്കി നിര്‍ത്തി. അവനെ മുട്ടിയില്‍ ഇരിക്കാന്‍ ക്ഷണിച്ചു. അവന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അഞ്ചോ, ആറോ തവണ പാടം കറങ്ങിയപ്പോള്‍ ആദ്യം അനുഭവിച്ച സുഖം വേദനക്കു വഴിമാറി. ഇരുന്നിടത്ത് നിന്ന് ഞെരിപിരി കൊള്ളാന്‍ തുടങ്ങി. “മതി, മതി, വീട്ടില്‍ പോണം” അവന്‍ പറഞ്ഞു, അയാള്‍ കേള്‍ക്കാത്ത പോലെ ഒന്നു രണ്ടു റൌണ്ട് കൂടി കാളകളെ തെളിച്ചു. അവിടെ നിന്നും വീട്ടിലേക്ക് നടക്കുമ്പോള്‍ കാലും നടുവും എല്ലാം വേദനിക്കുന്നുണ്ടായിരുന്നു... വേദനയുടെ വിശ്വരൂപം കാലത്ത് കക്കൂസിലിരുന്നപ്പോഴാണ് അനുഭവിക്കാനായത്..... മതിയായി.......

പിന്നീട് പാടത്തേക്ക് ആടിയാടി വന്നത് മുന്നില്‍ ചെറിയ ചക്രങ്ങളും, പിറകില്‍ വലിയ ചക്രങ്ങളുമുള്ള വിചിത്ര വാഹനം -ട്രാക്ടര്‍ - ആയിരുന്നു. അത് ഓടിക്കുന്ന ആള്‍ അവന്റെ ഹീറോ ആയിരുന്നു. അതുകൊണ്ടു തന്നെ തീരുമാനം ഉറച്ചതായിരുന്നു, “വലുതാവുമ്പോള്‍ ട്രാക്ടര്‍ ഓടിക്കുന്ന ആളാവണം” അങ്ങനെ ഒരുപാടു മോഹങ്ങള്‍ മാറി മറഞ്ഞുപോയി. ട്രെയിനില്‍ ആദ്യമായ് കയറാന്‍ കഴിഞ്ഞതിനുശേഷം അവന്റെ മോഹം ട്രെയിനില്‍ ടി.ടി.ഇ. ആവണമെന്നായിരുന്നു, കാരണം മറ്റൊന്നുമല്ല, ട്രെയിനില്‍ ഒരുപാടു യാത്രകള്‍ ചെയ്യാമെന്ന മോഹം..... പിന്നീട് സിനിമകളില്‍ നസീറും, സുകുമാരനുമൊക്കെ ഓഫീസില്‍ വരുമ്പോള്‍ ജോലിക്കാര്‍ എഴുന്നേറ്റു നിന്ന് ഗുഡ്മോര്‍ണിംഗ് പറയുന്നത് കണ്ട്, അത്തരം ഒരു മാനേജര്‍ ആകാന്‍ മോഹിച്ചു...... കാര്യമായ വായനയും, എഴുത്തും തുടങ്ങിയതിനുശേഷം മോഹിക്കാന്‍ പറ്റിയ ഒന്നുമില്ലാതായി. എങ്കിലും ഇപ്പോള്‍ ചെയ്യുന്ന ജോലി ഏതാണ്ട് അവന്റെ അവസാനം കണ്ട മോഹത്തിന്റെ സാക്ഷാത്ക്കാരമാണ്.

“പണ്ടയലത്തെ തൊടിയില്‍ കയറി
ഒരത്തി പഴം ഞാനെടുത്തു തിന്നു
ചൂരല്‍ പഴത്തിന്റെ കൈപ്പുനീരും
കണ്ണുനീരും അതിനെത്ര മോന്തീലാ
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലതു
പിഞ്ചിലേ നുള്ളി എറിയുന്നു.....”

ഓ.എന്‍.വി. യുടെ “കോതമ്പുമണികള്‍” എന്ന കവിതയിലെ വരികള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് എഴുതിയതാണ്. കുട്ടിക്കാലത്ത് പലതും ആഗ്രഹിക്കുന്നു. ചിലത് സ്വയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, വിജയിക്കുന്നു, ചിലപ്പോള്‍ പരാജയപ്പെടുന്നു, ശിക്ഷ ഏറ്റുവാങ്ങുന്നു. വീണ്ടും ആഗ്രഹം തോന്നുമ്പോള്‍, ശിക്ഷയും ഓര്‍മ്മ വരുന്നു, അതോടെ അവ മനസ്സില്‍ നിന്നും ഉപേക്ഷിക്കുന്നു.

6 comments:

Murali K Menon said...

ഓര്‍മ്മകളെ, മോഹങ്ങളെ തത്ക്കാലം ഞാന്‍ ഈ പോസ്റ്റിംഗിലൂടെ അവസാനിപ്പിച്ചിരിക്കുന്നു. ഇനി മറ്റാരെങ്കിലും രസകരമായ അവരുടെ മോഹങ്ങള്‍ പകര്‍ത്തട്ടെ. ഞാന്‍ എന്റെ പഴയ കഥകള്‍ പൊടി തട്ടിയെടുത്ത്, പോസ്റ്റിംഗ് ആരംഭിക്കാം.

sreeni sreedharan said...

എനിക്ക് ബസ്സിലെ കിളിയാവാനായിരുന്നു ആഗ്രഹം;
ഒററ്റ കൈകൊണ്ട് ബസ്സില്‍ തൂങ്ങിക്കിടക്കാം, ചാടിക്കേറാം, എപ്പോഴും ബെല്ലടിക്കാം...ആഹാ!

പഴയ കഥകള്‍ പോരട്ടെ;
അന്നാലും ആ കമുങ്ങില്‍ കയറിയത്..ഹൊ!
:)

P Das said...

ട്രാക്ടറോടിക്കുവാനുള്ള എന്റെ പെരുത്ത മോഹം സാക്ഷാത്കരിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ച്ച..വലിയ രസമൊന്നുമില്ല!! ഓരോ മോഹങ്ങളെ? :)

Rasheed Chalil said...

കോമരമേ അസ്സലായിരിക്കുന്നു കെട്ടോ... ഇനിയും വരട്ടേ

സുല്‍ |Sul said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....
എന്നാത്മാവിന്‍ നഷ്ട സുഗന്ധം....

നന്നായി.

thoufi | തൗഫി said...

നന്നായിരിക്കുന്നു,
ഓര്‍മ്മകള്‍ എന്നും കൂട്ടിനുണ്ടായിരിക്കട്ടെ.
മാറാത്ത മോഹങ്ങളും