Wednesday, September 06, 2006

തീവ്രവാദിയുടെ മകന്‍ (3)

പണമുണ്ടാക്കുന്ന യന്ത്രമാവാന്‍ തുടങ്ങിയപ്പോള്‍ കത്തുകളെഴുതുന്നത്‌ ബോറായി തോന്നാന്‍ തുടങ്ങിയിരുന്നു. മാസിലൊരിക്കല്‍ പണം കിട്ടുന്ന വിവരത്തിനു ചിലപ്പോള്‍ ഓപ്പോള്‍ എഴുതിയിരുന്നതൊഴിച്ചാല്‍ മറ്റു കത്തുകളൊന്നും നാട്ടില്‍ നിന്നും കിട്ടിയിരുന്നില്ല. പിന്നീടൊരിക്കല്‍ പതിവു തെറ്റിച്ചുകൊണ്ട്‌ വന്ന കത്ത്‌ അപ്പ്വേട്ടണ്റ്റേതായിരുന്നു. വായിക്കാന്‍ ഒരുതരം ആര്‍ത്തിയായിരുന്നു. എന്തായിരിക്കും അപ്പ്വേട്ടന്‍ എഴുതിയിരിക്കുക. ബാലൂ, നിന്നെ കണാന്‍ ധൃതിയുണ്ടെന്നോ, ഇനി ഒരിക്കലും നിന്നെ ഞാന്‍ തല്ലില്ലെന്നോ, അതോ ഇനി വേറെ എന്തെങ്കിലും. കത്തു പൊട്ടിക്കാതെയിരുന്നു വെറുതെ കുറെ ചിന്തിച്ചുകൂട്ടി. പക്ഷെ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല കത്തില്‍. കത്തിണ്റ്റെ ഉള്ളടക്കം ഓപ്പോളുടെ വിവാഹത്തെക്കുറിച്ചായിരുന്നു, അതു നടത്തിക്കൊടുക്കാനുള്ള സഹോദരന്‍മാരുടെ ഉത്തരവദിത്വത്തെക്കുറിച്ചും, അപ്പ്വേട്ടണ്റ്റെ നിവൃത്തികേടുകളെക്കുറിച്ചുമായിരുന്നു. എല്ലാറ്റിനുമൊടുവില്‍ 'നിനക്കു സുഖമല്ലേ ബാലൂ' എന്ന വരികളില്‍ എണ്റ്റെ കണ്ണുടക്കിനിന്നു. ലാളനയോടെ അപ്പ്വേട്ടന്‍ എണ്റ്റെ തോളില്‍ കൈവെച്ചുകൊണ്ടാണങ്ങനെ ചോദിച്ചതെന്നു തോന്നിപ്പോയി. കണ്ണുകള്‍ ഞാനറിയാതെതന്നെ നിറഞ്ഞൊഴുകി കത്തിലെ വരികള്‍ നനഞ്ഞു പരന്നു. അപ്പ്വേട്ടന്‌ സുഖമല്ലേ എന്നു ചോദിക്കാന്‍ എനിക്കെന്നാണു കഴിയുക. മനസ്സു മുഴുവന്‍ അന്ന്‌ അപ്പ്വേട്ടന്‍ മാത്രമായിരുന്നു. പിറ്റെ ദിവസം തന്നെ അതുവരെ സമ്പാദിച്ചതില്‍ നിന്നും നല്ലൊരു സംഖ്യ നാട്ടിലേക്കയച്ചു. വളരെക്കാലത്തിനുശേഷം ഒരു നീണ്ടകത്തും നാട്ടിലേക്കെഴുതി. ആശംസകളോടൊപ്പം, അപ്പ്വേട്ടനും, ഓപ്പോളും ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഒന്നിനും ബുദ്ധിമുട്ടേണ്ടിവരില്ലെന്ന്‌ പ്രത്യേകം എഴുതിയിരുന്നു. മനസ്സ്‌ വീണ്ടും പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി. കിട്ടുന്നതില്‍ ഭൂരിഭാഗവും നാട്ടിലേക്കയച്ചുകൊണ്ടിരുന്നു. നാടുവിട്ട്‌ നീണ്ട മുപ്പതു വര്‍ഷം പിന്നിട്ടപ്പോള്‍ പെട്ടന്നൊരു ദിവസം ജീവിതം മുഷിഞ്ഞു പോയതായി തോന്നി. മണ്ണിണ്റ്റെ വാദവുമായി തമിഴുപുലികള്‍ ആക്രമണം ആരംഭിച്ചിരുന്നു. എവിടെയും വെറുപ്പിണ്റ്റെ മുഖങ്ങള്‍, മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളികള്‍, കളിത്തോക്കിനു പകരം യന്ത്രത്തോക്കുകളേന്തുന്ന കുഞ്ഞുങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒഴുക്കിക്കളഞ്ഞ പുസ്തകങ്ങള്‍ തിരികെ ലഭിച്ചിരുന്നെങ്കിലെന്ന്‌ വെറുതെ ആശിച്ചു. തോട്ടുവക്കത്തുകൂടെ ആ പഴയ എട്ടാം ക്ളാസുകാരന്‍ തിരികെ ഓപ്പോളുടെ അടുത്തേക്കു പോകുന്നതായി സങ്കല്‍പിച്ചു നോക്കി. എന്നെ കാണുമ്പോള്‍
ഓപ്പോളുടെ മുഖം സന്തോഷം കൊണ്ടു വിടരുന്നതും, ഓടി വന്ന്‌ കെട്ടിപ്പിടിച്ച്‌ എണ്റ്റെ കുട്ടാ എന്നുപറഞ്ഞ്‌ നെറുകയില്‍ ഉമ്മ വെയ്ക്കുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു. തമിഴുപുലികള്‍ എല്ലാ മാസവും വലിയൊരു സംഖ്യ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എല്ലാം വിറ്റു പെറുക്കി നാട്ടിലേക്ക്‌ മടങ്ങണം, തനിച്ചായ അപ്പ്വേട്ടനോടൊപ്പം ഒരു സഹായമായി ഞാന്‍ കൂടെ ഉണ്ടാവണം. പക്ഷെ സമ്പാദ്യവും കൊണ്ട്‌ തമിഴുപുലികളുടെ കണ്ണു വെട്ടിച്ച്‌ രക്ഷപ്പെടുക അത്ര എളുപ്പമല്ല. പക്ഷെ ദൈവം എണ്റ്റെ ആഗ്രഹം മറ്റൊരു രീതിയില്‍ നിര്‍വ്വഹിച്ചു തന്നു. ഒരു ദിവസം കട തുറക്കാന്‍ വന്നപ്പോള്‍ കണ്ടത്‌ കടയുടെ സ്ഥാനത്ത്‌ ഒരുപിടി ചാരം മാത്രമാണ്‌. അവരുടെ വര്‍ദ്ധിപ്പിച്ച മാസ വരിസംഖ്യ നിരസിച്ചതിനുള്ള മറുപടിയായിരുന്നു അത്‌. എല്ലാം ശുഭം. വര്‍ഷങ്ങള്‍ക്കു മുമ്പ്‌
തൂത്തുക്കുടിയില്‍ നിന്ന്‌ സിലോണിലേക്ക്‌ കപ്പല്‍ കയറിയതു പോലെ വെറും കയ്യോടെ ഒരു തിരിച്ചുപോക്ക്‌. എന്നെങ്കിലുമൊരിക്കല്‍ നാട്ടില്‍ പോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോഴെല്ലാം ഞാന്‍ കണ്ടിരുന്ന സ്വപ്നം...... ഇല്ല. ആ നായകണ്റ്റെ മുഖം പോലും ഇന്നെണ്റ്റെ മനസ്സിലില്ല. എങ്ങനെയെങ്കിലും ചേട്ടണ്റ്റെയടുത്തെത്തണമെന്നായിരുന്നു അപ്പോള്‍ മനസ്സിലെ മോഹം. കിട്ടിയ ആദ്യത്തെ കപ്പല്‍, കിട്ടിയ ആദ്യത്തെ ട്രെയിന്‍. ഭാരമുള്ള പെട്ടികള്‍ ട്രെയിനില്‍ നിന്നിറക്കുന്നതും, അവ ഏറ്റുവാങ്ങാന്‍ ബന്ധുക്കളും, പോര്‍ട്ടര്‍മാരും മത്സരിക്കുന്നതും നോക്കി ഞാന്‍ ട്രെയിനില്‍ നിന്നും മെല്ലെ ഇറങ്ങി റെയില്‍വെസ്റ്റേഷനു വെളിയിലേക്കു നടന്നു. റെയില്‍വെസ്റ്റേഷനുമാത്രം കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ബാധിച്ചിരുന്നില്ല. ഗ്രാമത്തിനു കൈവന്നിരിക്കാവുന്ന പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയായിരിക്കുമെന്ന്‌ വെറുതെ മനസ്സില്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. അമ്പതു സെണ്റ്റ്‌ സ്ഥലത്തിലെ ഒരു കൊച്ചോലപ്പുരയും, അതിണ്റ്റെ ചാണകം തേച്ച്‌ പരുപരുത്ത തറയും ഇപ്പോഴും എണ്റ്റെ മനസ്സിലുണ്ട്‌. ഒരു പക്ഷെ ഓലപ്പുര ഓടുമേഞ്ഞിരിക്കും. അത്രയും മാറ്റമൊക്കെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. വടക്കെ തൊടിയിലെ പാമ്പിന്‍ കാവും, കല്‍വിളക്കും മാത്രം മതിയല്ലൊ എണ്റ്റെ ബാല്യം തൊട്ടുണര്‍ത്താന്‍. ഉമ്മറത്തെ തണല്‍ വിരിച്ചു നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവ്‌ ഇപ്പോഴും ഉണ്ടാവുമോ എന്തോ. ഒറ്റമുണ്ട്‌ മടക്കി കുത്തി, തോര്‍ത്തുമുണ്ട്‌ തലയില്‍ കെട്ടി, ചുണ്ടിലെരിയുന്ന ബീഡിയുമായി പറമ്പിലെവിടെയെങ്കിലും അപ്പ്വേട്ടനുണ്ടാവും. ഇനിയിപ്പോള്‍ അപ്പ്വേട്ടണ്റ്റെ വിവാഹം കഴിഞ്ഞിരിക്കുമോ? ഏയ്‌. എന്നെ അറിയിക്കാതെ അപ്പ്വേട്ടന്‍ വിവാഹിതനാവില്ല. എങ്കിലും അപ്പ്വേട്ടണ്റ്റെ വിവാഹം കഴിഞ്ഞതായും രണ്ടു മൂന്നു കുട്ടികളുമൊക്കെയായി ചേട്ടത്തിയമ്മയുടെ വാക്കുകളൊക്കെ ശ്രദ്ധയോടെ കേട്ട്‌ ദേഷ്യപ്പെടാതെ ചാരുകസേരയില്‍ കിടക്കുന്ന അപ്പ്വേട്ടനെ വെറുതെ സങ്കല്‍പിച്ചു നോക്കി. പക്ഷെ അതൊക്കെ അപ്പ്വേട്ടനു ചേരുന്ന വേഷങ്ങളായി തോന്നിയതേയില്ല. എന്തുകൊണ്ടൊ അപ്പോള്‍ ഒരു നിമിഷത്തേക്കു പോലും ഓപ്പോള്‍ മനസ്സിലേക്കു കടന്നു വന്നില്ല. ഓട്ടോറിക്ഷയില്‍ കയറി അമ്പലമുക്കിലേക്ക്‌ വിടാനാവശ്യപ്പെട്ടു. 'പതിനഞ്ചു രൂപയാവും' ഡ്രൈവര്‍ പറഞ്ഞു. ഉം. ശരിയായ നിരക്ക്‌ അറിയാത്ത ഞാന്‍ മൂളുകയല്ലാതെ എന്തു ചെയ്യാന്‍. വഴി നീളെ എണ്റ്റെ മുപ്പതു വര്‍ഷം മുമ്പുള്ള ഗ്രാമം തിരയുകയായിരുന്നു ഞാന്‍. ഇതാ എല്ലാം ഒരര്‍ദ്ധനഗരമായി മാറിയിരിക്കുന്നു. ഈ ചെമ്മണ്ണു പാതയൊക്കെ ടാറിട്ടീട്ട്‌ അധിക കാലമായോ? ഞാന്‍ വെറുതെ മൌനം ഭഞ്ജിക്കാനായി ചോദിച്ചു. അതിനുത്തരമായി ഒരു മറുചോദ്യമാണയാള്‍ തന്നത്‌. ഇതിനുമുമ്പ്‌ ഇതു ചെമ്മണ്ണു പാതയായിരുന്നോ? ആ ചോദ്യത്തില്‍ തന്നെ ഡ്രൈവര്‍ വളരെ ചെറുപ്പമാണെന്നു ഞാന്‍ മനസ്സിലാക്കി. അമ്പലമുക്കില്‍ ഏതു വീട്ടിലേക്കാ സാറേ? അയാള്‍ വീണ്ടും ചോദിച്ചു. മേലേടത്തു വീട്‌ എന്നു പറയും.

(തുടരും)

No comments: