Sunday, September 10, 2006

തീവ്രവാദിയുടെ മകന്‍

വീടിന്റെ പടിഞ്ഞാറുവശത്തുള്ള കശുമാവിന്‍ തോപ്പില്‍ ഓപ്പോളുടെ കുട്ടികളുമായി നേരമ്പോക്കു പറഞ്ഞിരിക്കുകയായിരുന്നു അയാള്‍. വീട്ടുമുറ്റത്ത്‌ ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ കുട്ടികളില്‍ ഇളയവന്‍ പറഞ്ഞു, "അച്ഛന്‍ വന്നൂന്നാ തോന്നണേ". പക്ഷെ പെട്ടന്നു കടന്നുവന്ന പോലീസുകാരെ കണ്ടപ്പോഴാണ്‌ വീട്ടുമുറ്റത്തുവന്ന വണ്ടി ഒരു പോലീസ്‌ ജീപ്പായിരുന്നുവെന്നറിഞ്ഞത്‌.


"നീയ്യാണോടാ ബാലകൃഷ്ണന്‍?, തീവ്രവാദിയുടെ മകന്‍?"

സബ്‌ ഇന്‍സ്പെകടര്‍ അയാളുടെ കോളറില്‍ കുത്തിപ്പിടിച്ചണതു ചോദിച്ചത്‌. ചോദ്യത്തിന്റെ ആദ്യഭാഗത്തിന്‌ "അതെ" എന്നും രണ്ടാംഭാഗത്തിന്‌ "അല്ല" എന്നും ഉത്തരം നല്‍കേണ്ടിയിരുന്നതിനാല്‍ അയാള്‍ പെട്ടന്നു പറഞ്ഞതിങ്ങനെയായിരുന്നു.

"അതെ സാര്‍. അല്ല സാര്‍".

പറഞ്ഞുതീരുന്നതിന്നുമുമ്പായി സബ്‌ ഇന്‍സ്പെക്ടറുടെ കൈ അയാളുടെ ചെകിട്ടത്തു പതിച്ചിരുന്നു. കുട്ടികള്‍ മൂവരും പോലീസുകാരെ കണ്ട്‌ ഭയന്ന്‌ അല്‍പം മാറി നിന്നിരുന്നു. അമ്മാവനെ തല്ലിയതുകണ്ട്‌ ഇളയകുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. ഇന്‍സ്പെക്ടര്‍ കുട്ടികളോട്‌ വീട്ടിലേക്ക്‌ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും, അവര്‍ കുറെക്കൂടി ദൂരെ മാറി നിന്നതേയുള്ളു. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന്‌ അയള്‍ക്കറിഞ്ഞുകൂടായിരുന്നു. അയാളുടെ മനസ്സ്‌ വേദനയും, നാണക്കേടുമൊക്കെ കൂടിക്കുഴഞ്ഞ്‌ മരവിച്ച ഒരവസ്ഥയിലായിക്കഴിഞ്ഞിരുന്നു എന്തിനാണ്‌ പോലീസുകാര്‍ വന്നതെന്നോ, തന്നെ ചെകിട്ടത്തടിക്കാന്‍ മാത്രം എന്തപരാധമാണു താന്‍ ചെയ്‌തതെന്നോ അറിയാതെ അയാള്‍ സ്തംഭിച്ചു നിന്നു.


"നാരായണമേനോന്‍ സൂചിപ്പിച്ചതിനേക്കാള്‍ ഭീകരനാണിവന്‍. "


ഒരു പോലീസുകാരന്‍ പറഞ്ഞു. തന്നെ ഭീകരനാക്കാന്‍ ശ്രമിച്ചത്‌ അളിയനാണെന്നറിഞ്ഞപ്പോള്‍ അയാളുടെ ഉള്ളം നീറുകയായിരുന്നു. എന്തു ദ്രോഹമാണ്‌ താന്‍ അളിയനോടും, ഓപ്പോളോടും ചെയ്‌തതെന്ന്‌ എത്ര ചിന്തിച്ചീട്ടും അയാള്‍ക്ക്‌ പിടികിട്ടിയില്ല.


“തൂക്കിയെടുത്ത്‌ ജീപ്പിലിട്‌". ഇന്‍സ്പെക്ടര്‍ പോലീസുകാര്‍ക്ക്‌ ആജ്ഞ നല്‍കി.

"എന്തിനാണ്‌ നിങ്ങളെന്നെ കൊണ്ടുപോകുന്നത്‌? ഞാന്‍ ചെയ്‌ത കുറ്റമെന്താണ്‌?"
അയാള്‍ ചോദിച്ചു. മറുപടിയായി തോക്കിന്റെ പാത്തി അയാളുടെ മുതുകത്തു പതിച്ചു. കമിഴ്ന്നു വീണ അയാളെ രണ്ടു പോലീസുകാര്‍ എഴുന്നേല്‍പിച്ചു നിര്‍ത്തി. ഇന്‍സ്പെക്ടര്‍ കവിളില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു.


"നീ കശുമാവിന്തോപ്പിലിരുന്ന്‌ കുട്ടികളെ "മാവോയിസം" പഠിപ്പിക്കുന്നുണ്ടെന്ന്‌ ഈ കുട്ടികളുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്‌. മാത്രവുമല്ല, ശ്രീലങ്കയില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചതിനുശേഷം പെട്ടന്നുള്ള നിന്റെ വരവില്‍ ഞങ്ങള്‍ക്കു ചില സംശയങ്ങളുമുണ്ട്‌. "


അയാള്‍ക്ക്‌ സംഭവങ്ങളുടെ കിടപ്പ്‌ ഏതാണ്ടു വ്യക്‌തമായി. ഈ നിമിഷം ഇവിടെ മരിച്ചു വീഴാന്‍ കഴിഞ്ഞെങ്കിലെന്ന്‌ അയാള്‍ ആശിച്ചുപോയി. അയാളെ നടക്കാനനുവദിക്കാതെ പോലീസുകാര്‍ രണ്ടു കൈകളിലും പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ടുപോയി.. കുട്ടികള്‍ ആ കാഴ്ച്‌ കണ്ടു ഉറക്കെ കരയാന്‍ തുടങ്ങി. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍. തന്റെ അവസ്ഥയെക്കാള്‍ കുട്ടികളുടെ അപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചാണ്‌ അയാള്‍ ചിന്തിച്ചത്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിരുന്ന ജീപ്പിലേക്കു കയറുമ്പോള്‍ അയാള്‍ ഉമ്മറവാതില്‍ക്കലേക്കു കണ്ണയച്ചു. പാതി ചാരിയിട്ട വാതിലിന്നപ്പുറം ഓപ്പോളുടെ നിഴല്‍. പക്ഷെ പെട്ടന്ന്‌ വാതില്‍ പൂര്‍ണ്ണമായും അടഞ്ഞു. തന്നെ ഒറ്റിക്കൊടുത്ത്‌ തൊടിയിലെവിടെയെങ്കിലും അളിയന്‍ മറഞ്ഞുനില്‍പുണ്ടാവും. ഇന്നലെവരെ അവരുടെ സുഖകരമായ ജീവിതത്തില്‍ ഒരു കട്ടുറുമ്പായിക്കഴിഞ്ഞ ഒരുത്തന്‍ ഒഴിഞ്ഞുകിട്ടിയതിന്റെ സന്തോഷം കൂട്ടുകാരുമായി ആഘോഷിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരിക്കും. നാട്ടുകാര്‍ ഗെയ്റ്റിനു പുറത്ത്‌ കാഴ്ച്ചക്കാരായി തിങ്ങിക്കൂടി നിന്നു. പാഞ്ഞു പോകുന്ന ജീപ്പിലിരുന്നയാള്‍ കശുമാവിന്തോപ്പിലേക്കു നോക്കി. അപ്പോഴും ഭയത്തോടെ നില്‍ക്കുന്ന ഓപ്പോളുടെ കുട്ടികള്‍ ഒരു നിശ്ചല ചിത്രം പോലെ മനസ്സിലങ്ങനെ കിടന്നു.. പോലീസ്സിന്റെ ഉപചാരങ്ങള്‍ കഴിഞ്ഞ്‌ അയാളെ ഇരുമ്പഴിക്കുള്ളിലാക്കി. തനിക്കായ്‌ ഓപ്പോള്‍ സ്നേഹത്തിന്റെ പുതിയ ഭാഷ്യം ചമച്ചുവെന്നു മനസ്സിലാക്കിക്കഴിഞ്ഞ അയാള്‍ പോലീസ്സുകാര്‍ അടിച്ചേല്‍പിച്ച എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങി തീവ്രവാദി ബാലകൃഷ്ണനായി.


എങ്കിലും തീവ്രവാദിയുടെ മകനല്ല താന്‍ എന്നയാള്‍ മനസ്സിലുരുവിട്ടുകൊണ്ടേയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും കോടതിയില്‍ അയാള്‍ മൌനം അവലംബിച്ചതിനാല്‍ ജഡ്ജിക്ക്‌ വിധി പ്രസ്താവിക്കുന്നതിന്‌ കൂടുതല്‍ സൌകര്യമുണ്ടായി. ബാലകൃഷ്ണന്‌ കോടതി ഏഴുവര്‍ഷം കഠിനതടവു വിധിച്ചു. ആരുടേയും പരിഭവമേറ്റു വാങ്ങാതെ ഏഴുവര്‍ഷം താമസവും, ഭക്ഷണവും തരപ്പെട്ടുവെന്നു ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക്‌ അയാള്‍ എത്തിപ്പെട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ദിനരാത്രങ്ങളില്‍ പുറംലോകം പൂര്‍ണ്ണമായി മറക്കാന്‍ ബാലകൃഷ്ണന്‍ ആശിച്ചുവെങ്കിലും അയാള്‍ക്കതിനു കഴിഞ്ഞില്ല. കൂറ്റന്‍ മതില്‍ക്കകത്ത്‌ രാത്രി നിറയുമ്പോള്‍ കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവര്‍ കുഞ്ഞുങ്ങളെപ്പോലെ ചുരുണ്ടുകൂടി കുടുംബാംഗങ്ങളെ സ്വപ്നം കണ്ട്‌ സെല്ലുകളില്‍ മയങ്ങിക്കിടന്നു.


ഉറക്കമില്ലാത്ത നീണ്ട രാത്രികള്‍ ബാലകൃഷ്ണനു സുപരിചിതമായിക്കഴിഞ്ഞിരുന്നു. വെറുതെ തിരിഞ്ഞും, മറിഞ്ഞും ഇരുമ്പഴികളിലേക്കും കനത്ത കരിങ്കല്‍ ഭിത്തികളിലേക്കും നോക്കി കിടക്കുമ്പോള്‍ അയാള്‍ തന്റെ പിന്നിട്ടുപോയ ജീവിതത്തെക്കുറിച്ചോര്‍ക്കും. "സ്നേഹത്തിന്‍ ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം" എന്നു പഠിച്ചതൊക്കെ തെറ്റാണെന്നയാള്‍ക്കു തോന്നി. ഈ പരുപരുത്ത സിമന്റു തറ തനിക്ക്‌ ഉറക്കറയായിതീര്‍ത്തത്‌ തന്റെ ജീവിതത്തിന്റെ മുക്കാലും ഹോമിച്ച്‌ താന്‍ ഏറ്റവുമധികം സ്നേഹിച്ച തന്റെ ഓപ്പോളായിരുന്നുവെന്നോര്‍ത്തപ്പോള്‍ ബാലകൃഷ്ണന്‌ മനസ്സിനെ നിയന്ത്രിക്കാനായില്ല. അയാള്‍ സിമന്റു തറയില്‍ കമിഴ്ന്നടിച്ചു കിടന്നു തേങ്ങി. സാന്ത്വനമായി സിമന്റു തറ ഒരു തൊട്ടില്‍ പോലെ ആടുന്നതായി അയാള്‍ക്കു തോന്നി.


പഴയ കാലങ്ങള്‍ അയാളുടെ മുന്നില്‍ ഒന്നൊന്നായി നിരന്നുവന്നു. കുട്ടിക്കാലത്ത്‌ അമ്മ എന്നെ തൊട്ടിലാട്ടിയിരിക്കാം. അച്ഛന്‍ താളം പിടിച്ച്‌ തൊട്ടടുത്ത്‌ ചാരുകസാലയില്‍ കിടന്നിട്ടുണ്ടാവാം. പക്ഷെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കണ്ടത്‌ സദാ ഗര്‍വ്വിഷ്ടനായിരുന്ന അപ്പ്വേട്ടനെയായിരുന്നു. മറ്റൊരു മുഖം വീട്ടിനകത്ത് മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഓപ്പോളുടേതായിരുന്നു. അമ്മ, അച്ഛന്‍, അവര്‍ ഞാന്‍ ഏകാന്തതയില്‍ മനസ്സില്‍ വരഞ്ഞിട്ട അവ്യക്‌ത ചിത്രങ്ങള്‍ മാത്രം. പിന്നീടൊരിക്കല്‍ ഓപ്പോളെല്ലാം എനിക്കു പറഞ്ഞുതന്നു. ശരിയായ സ്വാതന്ത്ര്യത്തിനും, തൊഴിലാളിവര്‍ഗ്ഗ ക്ഷേമത്തിനും വേണ്ടി കമ്മൂണിസ്റ്റുകള്‍ പോരാടിയിരുന്ന കാലം. അന്ന്‌ കമ്മൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിച്ചിരുന്നുവത്രെ. എന്നിരുന്നാലും ഒളിവിലിരുന്നുകൊണ്ട്‌ അവര്‍ വര്‍ഗ്ഗസമരങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുകയും, മുതലാളിത്തത്തിനെതിരെ പടവെട്ടുകയും ചെയ്‌തു. കുഞ്ഞായിരുന്ന എന്നെ കാണുവാനുള്ള മോഹത്തില്‍ ഒരു രാത്രിയില്‍ ഒളിച്ചും, പതുങ്ങിയും വീട്ടിലെത്തിയ അച്ഛനെ പോലീസുകാര്‍ പിടികൂടി കൊണ്ടുപോകുകയായിരുന്നുവത്രെ.. പിന്നീടാരും അച്ഛനെ കണ്ടിട്ടില്ല. പോലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ അച്ഛന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വരാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ആ വാര്‍ത്ത മനസ്സിനേല്‍പിച്ച ആഘാതത്തിലാണത്രെ അമ്മയും മരിച്ചത്‌.പിന്നീടുള്ള ജീവിതത്തില്‍ ഓപ്പോള്‍ എനിക്ക്‌ അമ്മയാവുകയായിരുന്നു. അപ്പ്വേട്ടനെ എനിക്കും, ഓപ്പോള്‍ക്കും ഒരുപോലെ ഭയമായിരുന്നു. അപ്പ്വേട്ടന്‍ ചിരിച്ചു കണ്ടതായി ഞാന്‍ ഓര്‍ക്കുന്നേയില്ല. ഒരു പക്ഷെ കൌമാരത്തില്‍ തന്നെ പ്രാരാബ്ധങ്ങളേല്‍ക്കേണ്ടി വന്നതുകൊണ്ട്‌ അപ്പ്വേട്ടന്റെ സ്വഭാവം മാറിപ്പോയതാവാം. ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്‌, അച്ഛനെന്തിനാണ്‌ സ്വാതന്ത്ര്യസമരത്തിനൊക്കെ പോയതെന്ന്‌. സ്വന്തം ജീവന്‍ നഷ്ടപ്പെട്ടുവെന്നല്ലാതെ ആര്‍ക്ക്‌ എന്തു സ്വാതന്ത്ര്യമാണു കിട്ടിയത്‌. അല്ലെങ്കില്‍തന്നെ എന്തിനെയാണ്‌ സ്വാതന്ത്ര്യമെന്ന് വിളിക്കേണ്ടതെന്ന്‌ ഇപ്പോഴും എനിക്കറിയില്ലല്ലോ. മൂന്നുനേരവും വിശപ്പടക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും, മുടങ്ങാതെ എന്തെങ്കിലും കാരണം കണ്ടുപിടിച്ച്‌ മൂന്നുനേരവും അപ്പ്വേട്ടന്‍ എന്നെ തല്ലുമായിരുന്നു. വിശപ്പുമാറ്റാത്ത ഒരു സ്വാതന്ത്ര്യത്തേയും ഞാന്‍ സ്വാതന്ത്ര്യമായി അംഗീകരിക്കുന്നില്ലെന്ന്‌ വിളിച്ചു പറയാന്‍ തോന്നിയ പ്രായത്തില്‍ ആരുമറിയാതെ നാടുവിട്ടു. പാവം ഓപ്പോള്‍ ഇടയ്ക്കിടെ എന്നെ ഓര്‍മ്മിപ്പിയ്ക്കുമായിരുന്നു,


"കുട്ടാ, നീ എട്ടിലാണു പഠിയ്ക്കണേന്ന്‌ ഓര്‍മ്മിണ്ടാവണം. എട്ടിലൊരു ചൊട്ട്ണ്ടെന്നാ വെപ്പ്‌. മനസ്സിരുത്തി പഠിച്ചോളൂട്ടോ, ഇല്ലെങ്കില്‍ അപ്പ്വേട്ടന്റെ സ്വഭാവം കുട്ടനറിയാലോ".


നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന തോട്ടില്‍ പുസ്തകം വലിച്ചെറിഞ്ഞ്‌, അങ്ങനെ ഭാരമൊഴിഞ്ഞ കയ്യും വീശി ഒട്ടിയ വയറുമായി പാടങ്ങള്‍ പിന്നിടുമ്പോള്‍ 'എട്ടിലെ ചൊട്ട്‌' തോട്ടിലൂടെ ഒഴുകുന്നതോര്‍ത്ത്‌ ഞാന്‍ ചിരിച്ചു. പിന്നെ ഓപ്പോളെ ഓര്‍ത്തപ്പോള്‍, ഈ കുട്ടനോടു ക്ഷമിക്കൂ ഓപ്പോളേ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ തിടുക്കത്തില്‍ നടന്നു. എട്ടാം ക്ളാസ്സു പൂര്‍ത്തിയാക്കാത്ത ആ പതിമൂന്നുകാരനെ പഴനിയിലേയും, മധുരയിലേയും, തൂത്തുക്കുടിയിലേയുമൊക്കെ ഹോട്ടലുകള്‍ മാറി മാറി സ്വീകരിക്കുകയായിരുന്നു. മറ്റുള്ളവരുടെ എച്ചില്‍ പാത്രങ്ങള്‍ കഴുകി വിറങ്ങലിച്ച കൈകള്‍ സ്വന്തം എച്ചില്‍ പാത്രം കഴുകാനായി അര്‍ദ്ധരാത്രിവരെ കാത്തിരുന്നു. പഴനിയിലെ ഹോട്ടല്‍ ജീവിതം തുടങ്ങിയ ദിവസം രാത്രിയില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഓര്‍മ്മകള്‍ ചെന്നു നിന്നത്‌ നാട്ടിലെ ചാണകം തേച്ച വീടിനകത്തളത്തിലാണ്‌. ഓപ്പോളും, അപ്പ്വേട്ടനും ഭക്ഷണം കഴിച്ചുറങ്ങിക്കഴിഞ്ഞീട്ടുണ്ടാകുമോ. ഇല്ല, ഓപ്പോള്‍ ഒന്നും കഴിച്ചീട്ടുണ്ടാവില്ല. പിഞ്ഞാണത്തിലെ കഞ്ഞി പ്ളാവില കൊണ്ടിളക്കി കുറെ നേരമങ്ങിനെ ഇരുന്നീട്ടുണ്ടാവും. ഒടുവില്‍ കണ്ണുനീര്‍ ഇറ്റു വീണ കഞ്ഞി അടച്ചുവെച്ച്‌ ദുഃഖമടക്കി കിടന്നീട്ടുണ്ടാവും. ഒന്നും വേണ്ടായിരുന്നുവെന്ന മട്ടില്‍ അപ്പ്വേട്ടന്‍ ചാരുകസാലയില്‍ കിടന്ന്‌ ബീഡി വലിയ്ക്കുന്നുണ്ടാവും. ആ മനസ്സിലും ദുഃഖം ഉമിത്തീപോലെ നീറിപ്പിടിപ്പിയ്ക്കുന്നുണ്ടാവുമോ. അതോ, നിന്റെ പുന്നാരം കൊണ്ടാ ചെക്കനിത്ര വഷളായതെന്നും പറഞ്ഞ്‌ ഓപ്പോളെ ശകാരിക്കുന്നൂണ്ടാകുമോ. അറിഞ്ഞുകൂടാ. വേണ്ട. ഒന്നും ചിന്തിക്കരുത്‌. പണം നേടാനുള്ള വഴികള്‍ മാത്രമായിരിക്കണം ലക്ഷ്യം. ഓപ്പോളോടൊപ്പം ഒരിക്കല്‍ മാത്രം കണ്ട സിനിമയിലെ നായകനെപ്പോലെ ഒരു പണക്കാരനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുക. ആ സുന്ദരസ്വപ്നത്തെ തലോലിച്ച്‌ ഞാന്‍ കൂടുതല്‍ കൂടുതല്‍ ജോലികളിലേര്‍പ്പെട്ടു.


തൂത്തുക്കുടിയിലെ ചില ബന്ധങ്ങളിലൂടെ പിന്നീട്‌ സിലോണിലെത്തുകയായിരുന്നു. എല്ലാ മാസവും നല്ലൊരു തുക നാട്ടിലേക്കയക്കാന്‍ ഞാന്‍ മറന്നില്ല. പക്ഷെ കത്തുകളയക്കുന്ന ശീലം കുറേശ്ശെയായി കുറഞ്ഞു വന്നു. ഓപ്പോളുടെ ആദ്യത്തെ കത്ത്‌ വായിച്ച്‌ ഞാന്‍ സന്തോഷം കൊണ്ട്‌ കരഞ്ഞത്‌ ഇന്നെലെയാണെന്നു തോന്നി. "എന്റെ കുട്ടന്‌" എന്ന സംബോധനയില്‍ കണ്ണുകളുടക്കി നിന്നപ്പോള്‍ മിഴികള്‍ നിറഞ്ഞു തുളുമ്പിപ്പോയി. ഓപ്പോള്‍ക്കിപ്പോള്‍ ഒരു വിഷമവുമില്ലെന്നും, എന്റെ കുട്ടന്‍ വലിയ ആളായതില്‍ സന്തോഷമുണ്ടെന്നും എഴുതിയിരുന്നു. ഓപ്പോളോടൊപ്പം കുളക്കടവിലേക്കും, അമ്പലത്തിലേക്കുമൊക്കെ പോകുന്ന ഒരു ചെറിയ കുട്ടിയായി ഞാന്‍ പെട്ടെന്നു മാറിയതുപോലെ. ഊണു വിളമ്പിതന്ന്‌ ഞാന്‍ ഉണ്ണുന്നതുംനോക്കി അടുത്തിരിക്കുന്ന ഓപ്പോള്‍. ഓപ്പോളേ.........., ഞാനറിയാതെ പെട്ടെന്നു വിളിച്ചുപോയി. കടയിലുണ്ടായിരുന്ന ഒന്നു രണ്ടു ശിങ്കളന്‍മാര്‍ ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കിയെങ്കിലും, പരിസര ബോധം വീണ്ടെടുത്ത്‌ ഞാന്‍ കത്തു വായിച്ചുതുടങ്ങിയപ്പോള്‍, ഒരു പരിഹാസച്ചിരിയോടെ അവര്‍ എന്നില്‍ നിന്നും ശ്രദ്ധ തിരിച്ചു. ഞാന്‍ വായന തുടര്‍ന്നു., കുട്ടാ, നിനക്കറിയാമോ, നീ പോയിക്കഴിഞ്ഞതിനുശേഷമുള്ള എല്ലാ രാത്രികളിലും നിന്റെ പങ്ക്‌ ഭക്ഷണം മാറ്റിവെച്ച്‌ ഞാന്‍ കാത്തിരുന്നു. ഒരു ദിവസം നീ മടങ്ങി വരുമെന്നും, അപ്പ്വേട്ടന്‍ കേള്‍ക്കാതെ, അടുക്കള വാതില്‍ക്കല്‍ വന്ന്‌ നീ ഓപ്പോളേന്നു വിളിക്കുമെന്നും എനിക്കു തോന്നിയിരുന്നു. നിന്റെ കത്തു വരുന്നതുവരെ ഞാന്‍ അടുക്കളയിലായിരുന്ന്‌ കിടന്നിരുന്നത്‌. ഇന്നു നീ സ്വതന്ത്രനായി, ആരുടേയും ശകാരം കേള്‍ക്കാതെ ജീവിക്കുന്നു. നിന്റെ കത്തും, കാശും വന്നപ്പോള്‍ അപ്പ്വേട്ടന്‍ എന്താ പറഞ്ഞേന്നറിയോ നിനക്ക്‌, "അവന്‍ വല്ല്യ ആളാവൂന്ന്‌ എനിക്കറിയായിരുന്നൂന്ന്‌. " കുട്ടന്‌ ഓപ്പോളും, ഓപ്പോള്‍ക്ക്‌ കുട്ടനും എന്നുമുണ്ടാവുമെന്നും മറ്റൊ എഴുതിയിട്ടാണ്‌ ആ കത്തവസാനിപ്പിച്ചിരുന്നതെന്നോര്‍മ്മയുണ്ട്‌.


പണമുണ്ടാക്കുന്ന യന്ത്രമാവാന്‍ തുടങ്ങിയപ്പോള്‍ കത്തുകളെഴുതുന്നത്‌ ബോറായി തോന്നാന്‍ തുടങ്ങിയിരുന്നു. മാസിലൊരിക്കല്‍ പണം കിട്ടുന്ന വിവരത്തിനു ചിലപ്പോള്‍ ഓപ്പോള്‍ എഴുതിയിരുന്നതൊഴിച്ചാല്‍ മറ്റു കത്തുകളൊന്നും നാട്ടില്‍ നിന്നും കിട്ടിയിരുന്നില്ല. പിന്നീടൊരിക്കല്‍ പതിവു തെറ്റിച്ചുകൊണ്ട്‌ വന്ന കത്ത്‌ അപ്പ്വേട്ടന്റേതായിരുന്നു. വായിക്കാന്‍ ഒരുതരം ആര്‍ത്തിയായിരുന്നു. എന്തായിരിക്കും അപ്പ്വേട്ടന്‍ എഴുതിയിരിക്കുക. ബാലൂ, നിന്നെ കണാന്‍ ധൃതിയുണ്ടെന്നോ, ഇനി ഒരിക്കലും നിന്നെ ഞാന്‍ തല്ലില്ലെന്നോ, അതോ ഇനി വേറെ എന്തെങ്കിലും. കത്തു പൊട്ടിക്കാതെയിരുന്നു വെറുതെ കുറെ ചിന്തിച്ചുകൂട്ടി. പക്ഷെ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല കത്തില്‍. കത്തിന്റെ ഉള്ളടക്കം ഓപ്പോളുടെ വിവാഹത്തെക്കുറിച്ചായിരുന്നു, അതു നടത്തിക്കൊടുക്കാനുള്ള സഹോദരന്‍മാരുടെ ഉത്തരവദിത്വത്തെക്കുറിച്ചും, അപ്പ്വേട്ടന്റെ നിവൃത്തികേടുകളെക്കുറിച്ചുമായിരുന്നു. എല്ലാറ്റിനുമൊടുവില്‍ 'നിനക്കു സുഖമല്ലേ ബാലൂ' എന്ന വരികളില്‍ എന്റെ കണ്ണുടക്കിനിന്നു. ലാളനയോടെ അപ്പ്വേട്ടന്‍ എന്റെ തോളില്‍ കൈവെച്ചുകൊണ്ടാണങ്ങനെ ചോദിച്ചതെന്നു തോന്നിപ്പോയി. കണ്ണുകള്‍ ഞാനറിയാതെതന്നെ നിറഞ്ഞൊഴുകി കത്തിലെ വരികള്‍ നനഞ്ഞു പരന്നു. അപ്പ്വേട്ടന്‌ സുഖമല്ലേ എന്നു ചോദിക്കാന്‍ എനിക്കെന്നാണു കഴിയുക. മനസ്സു മുഴുവന്‍ അന്ന്‌ അപ്പ്വേട്ടന്‍ മാത്രമായിരുന്നു.


പിറ്റെ ദിവസം തന്നെ അതുവരെ സമ്പാദിച്ചതില്‍ നിന്നും നല്ലൊരു സംഖ്യ നാട്ടിലേക്കയച്ചു. വളരെക്കാലത്തിനുശേഷം ഒരു നീണ്ട കത്തും നാട്ടിലേക്കെഴുതി. ആശംസകളോടൊപ്പം, അപ്പ്വേട്ടനും, ഓപ്പോളും ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഒന്നിനും ബുദ്ധിമുട്ടേണ്ടിവരില്ലെന്ന്‌ പ്രത്യേകം എഴുതിയിരുന്നു. മനസ്സ്‌ വീണ്ടും പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി. കിട്ടുന്നതില്‍ ഭൂരിഭാഗവും നാട്ടിലേക്കയച്ചുകൊണ്ടിരുന്നു. നാടുവിട്ട്‌ നീണ്ട മുപ്പതു വര്‍ഷം പിന്നിട്ടപ്പോള്‍ പെട്ടന്നൊരു ദിവസം ജീവിതം മുഷിഞ്ഞു പോയതായി തോന്നി. മണ്ണിന്റെ വാദവുമായി തമിഴുപുലികള്‍ ആക്രമണം ആരംഭിച്ചിരുന്നു. എവിടെയും വെറുപ്പിന്റെ മുഖങ്ങള്‍, മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളികള്‍, കളിത്തോക്കിനു പകരം യന്ത്രത്തോക്കുകളേന്തുന്ന കുഞ്ഞുങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒഴുക്കിക്കളഞ്ഞ പുസ്തകങ്ങള്‍ തിരികെ ലഭിച്ചിരുന്നെങ്കിലെന്ന്‌ വെറുതെ ആശിച്ചു. തോട്ടുവക്കത്തുകൂടെ ആ പഴയ എട്ടാം ക്ളാസുകാരന്‍ തിരികെ ഓപ്പോളുടെ അടുത്തേക്കു പോകുന്നതായി സങ്കല്‍പിച്ചു നോക്കി. എന്നെ കാണുമ്പോള്‍ ഓപ്പോളുടെ മുഖം സന്തോഷം കൊണ്ടു വിടരുന്നതും, ഓടി വന്ന്‌ കെട്ടിപ്പിടിച്ച്‌ എന്റെ കുട്ടാ എന്നുപറഞ്ഞ്‌ നെറുകയില്‍ ഉമ്മ വെയ്ക്കുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു. തമിഴുപുലികള്‍ എല്ലാ മാസവും വലിയൊരു സംഖ്യ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എല്ലാം വിറ്റു പെറുക്കി നാട്ടിലേക്ക്‌ മടങ്ങണം, തനിച്ചായ അപ്പ്വേട്ടനോടൊപ്പം ഒരു സഹായമായി ഞാന്‍ കൂടെ ഉണ്ടാവണം. പക്ഷെ സമ്പാദ്യവും കൊണ്ട്‌ തമിഴുപുലികളുടെ കണ്ണു വെട്ടിച്ച്‌ രക്ഷപ്പെടുക അത്ര എളുപ്പമല്ല. പക്ഷെ ദൈവം എന്റെ ആഗ്രഹം മറ്റൊരു രീതിയില്‍ നിര്‍വ്വഹിച്ചു തന്നു. ഒരു ദിവസം കട തുറക്കാന്‍ വന്നപ്പോള്‍ കണ്ടത്‌ കടയുടെ സ്ഥാനത്ത്‌ ഒരുപിടി ചാരം മാത്രമാണ്‌. അവരുടെ വര്‍ദ്ധിപ്പിച്ച മാസ വരിസംഖ്യ നിരസിച്ചതിനുള്ള മറുപടിയായിരുന്നു അത്‌. എല്ലാം ശുഭം.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തൂത്തുക്കുടിയില്‍ നിന്ന്‌ സിലോണിലേക്ക്‌ കപ്പല്‍ കയറിയതു പോലെ വെറും കയ്യോടെ ഒരു തിരിച്ചുപോക്ക്‌. എന്നെങ്കിലുമൊരിക്കല്‍ നാട്ടില്‍ പോകുന്നതിനെക്കുറിച്ചോര്‍ത്തപ്പോഴെല്ലാം ഞാന്‍ കണ്ടിരുന്ന സ്വപ്നം...... ഇല്ല. ആ നായകന്റെ മുഖം പോലും ഇന്നെന്റെ മനസ്സിലില്ല. എങ്ങനെയെങ്കിലും ചേട്ടന്റെയടുത്തെത്തണമെന്നായിരുന്നു അപ്പോള്‍ മനസ്സിലെ മോഹം. കിട്ടിയ ആദ്യത്തെ കപ്പല്‍, കിട്ടിയ ആദ്യത്തെ ട്രെയിന്‍. ഭാരമുള്ള പെട്ടികള്‍ ട്രെയിനില്‍ നിന്നിറക്കുന്നതും, അവ ഏറ്റുവാങ്ങാന്‍ ബന്ധുക്കളും, പോര്‍ട്ടര്‍മാരും മത്സരിക്കുന്നതും നോക്കി ഞാന്‍ ട്രെയിനില്‍ നിന്നും മെല്ലെ ഇറങ്ങി റെയില്‍വെസ്റ്റേഷനു വെളിയിലേക്കു നടന്നു. റെയില്‍വെസ്റ്റേഷനുമാത്രം കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ബാധിച്ചിരുന്നില്ല. ഗ്രാമത്തിനു കൈവന്നിരിക്കാവുന്ന പരിഷ്ക്കാരങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന്‌ വെറുതെ മനസ്സില്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. അമ്പതു സെന്റെ സ്ഥലത്തിലെ ഒരു കൊച്ചോലപ്പുരയും, അതിന്റെ ചാണകം തേച്ച്‌ പരുപരുത്ത തറയും ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. ഒരു പക്ഷെ ഓലപ്പുര ഓടുമേഞ്ഞിരിക്കും. അത്രയും മാറ്റമൊക്കെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. വടക്കെ തൊടിയിലെ പാമ്പിന്‍ കാവും, കല്‍വിളക്കും മാത്രം മതിയല്ലൊ എന്റെ ബാല്യം തൊട്ടുണര്‍ത്താന്‍. ഉമ്മറത്തെ തണല്‍ വിരിച്ചു നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവ്‌ ഇപ്പോഴും ഉണ്ടാവുമോ എന്തോ. ഒറ്റമുണ്ട്‌ മടക്കി കുത്തി, തോര്‍ത്തുമുണ്ട്‌ തലയില്‍ കെട്ടി, ചുണ്ടിലെരിയുന്ന ബീഡിയുമായി പറമ്പിലെവിടെയെങ്കിലും അപ്പ്വേട്ടനുണ്ടാവും. ഇനിയിപ്പോള്‍ അപ്പ്വേട്ടന്റെ വിവാഹം കഴിഞ്ഞിരിക്കുമോ? ഏയ്‌. എന്നെ അറിയിക്കാതെ അപ്പ്വേട്ടന്‍ വിവാഹിതനാവില്ല. എങ്കിലും അപ്പ്വേട്ടന്റെ വിവാഹം കഴിഞ്ഞതായും രണ്ടു മൂന്നു കുട്ടികളുമൊക്കെയായി ചേട്ടത്തിയമ്മയുടെ വാക്കുകളൊക്കെ ശ്രദ്ധയോടെ കേട്ട്‌ ദേഷ്യപ്പെടാതെ ചാരുകസേരയില്‍ കിടക്കുന്ന അപ്പ്വേട്ടനെ വെറുതെ സങ്കല്‍പിച്ചു നോക്കി. പക്ഷെ അതൊക്കെ അപ്പ്വേട്ടനു ചേരുന്ന വേഷങ്ങളായി തോന്നിയതേയില്ല. എന്തുകൊണ്ടൊ അപ്പോള്‍ ഒരു നിമിഷത്തേക്കു പോലും ഓപ്പോള്‍ മനസ്സിലേക്കു കടന്നു വന്നില്ല. ഓട്ടോറിക്ഷയില്‍ കയറി അമ്പലമുക്കിലേക്ക്‌ വിടാനാവശ്യപ്പെട്ടു. 'പതിനഞ്ചു രൂപയാവും' ഡ്രൈവര്‍ പറഞ്ഞു. ഉം. ശരിയായ നിരക്ക്‌ അറിയാത്ത ഞാന്‍ മൂളുകയല്ലാതെ എന്തു ചെയ്യാന്‍. വഴി നീളെ എന്റെ മുപ്പതു വര്‍ഷം മുമ്പുള്ള ഗ്രാമം തിരയുകയായിരുന്നു ഞാന്‍. ഇതാ എല്ലാം ഒരര്‍ദ്ധനഗരമായി മാറിയിരിക്കുന്നു.


“ഈ ചെമ്മണ്ണു പാതയൊക്കെ ടാറിട്ടീട്ട്‌ അധിക കാലമായോ?“ 

ഞാന്‍ വെറുതെ മൌനം ഭഞ്ജിക്കാനായി ചോദിച്ചു. അതിനുത്തരമായി ഒരു മറുചോദ്യമാണയാള്‍ തന്നത്‌. 

“ഇതിനുമുമ്പ്‌ ഇതു ചെമ്മണ്ണു പാതയായിരുന്നോ?” 

ആ ചോദ്യത്തില്‍ തന്നെ ഡ്രൈവര്‍ വളരെ ചെറുപ്പമാണെന്നു ഞാന്‍ മനസ്സിലാക്കി. 

“അമ്പലമുക്കില്‍ ഏതു വീട്ടിലേക്കാ സാറേ?” അയാള്‍ വീണ്ടും ചോദിച്ചു. 

മേലേടത്തു വീട്‌ എന്നു പറയും. റോഡിനിരുവശവും ഉയര്‍ന്നു നില്‍ക്കുന്ന ഭംഗിയുള്ള ബംഗ്ളാവുകള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു. 

അപ്പോള്‍ നമ്മുടെ നേതാവിന്റെ ആരാ? ഡ്രൈവര്‍ക്കാകാംഷയുണ്ടെന്നു തോന്നി കൂടുതല്‍ അറിയാന്‍. 

ഏതു നേതാവ്‌?, ആരുടെ നേതാവ്‌? എന്നൊക്കെ ചോദിക്കണമെന്നു തോന്നിയെങ്കിലും ഒന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നു. 

നാരായണമേനോന്റെ ബന്ധുവാണോന്നറിയാന്‍ ചോദിച്ചതാ. ഇതിനുമുമ്പ്‌ ചോദിച്ചതിനുത്തരം ലഭിക്കാത്തതുകൊണ്ടാവാം അയാള്‍ ചോദ്യമൊന്നു മാറ്റി ചോദിച്ചത്‌. പെട്ടെന്നൊരു മറുപടി പറയാന്‍ എനിക്കു കഴിയുമായിരുന്നില്ല. നാരായണമേനോന്‍ എന്ന പേര്‍ മനസ്സിലെവിടെയും കുറിക്കപ്പെട്ടിട്ടില്ല. പക്ഷെ ഇനിയും ചോദ്യം കേട്ടില്ലെന്നു നടിക്കുന്നതും മര്യാദയല്ല. അതുകൊണ്ട്‌ ഞാന്‍ പറഞ്ഞു. അവിടെ എല്ലാവരും എനിക്കു വേണ്ടപ്പെട്ടവരാണ്‌. എന്തായാലും പിന്നീട്‌ അയാളില്‍ നിന്നും ചോദ്യങ്ങളൊന്നുമുണ്ടായില്ല. ഇളം നീല ഓയില്‍പെയിന്റ് ചെയ്‌ത മനോഹരമായ ഒരു ബംഗ്ളാവിന്റെ ഗെയ്റ്റിനുമുമ്പില്‍ റിക്ഷ നിര്‍ത്തി, ഡ്രൈവര്‍ പറഞ്ഞു,


“അതാണു സാര്‍ മേലേടത്തു ബംഗ്ളാവ്‌.”


റിക്ഷ തിരിച്ചു പോയതിനുശേഷവും കുറെ നേരമെങ്കിലും ഞാനന്തം വിട്ട്‌ റിക്ഷ ഇറങ്ങിയിടത്തുതന്നെ നിന്നു കാണണം. പിന്നീട്‌ ഗെയ്റ്റിനോടു ചേര്‍ന്നുള്ള മാര്‍ബിള്‍ തൂണില്‍ കൊത്തിവെച്ചിരിക്കുന്ന പേരു കണ്ടു. ഗെയ്റ്റില്‍ കൈവെച്ച്‌ ശങ്കിച്ച്‌ ഞാന്‍ കുറച്ചു നേരം നിന്നു. കുട്ടിക്കാലത്തു പഠിച്ച പദ്യത്തിലെ കൃഷ്ണനെ കണ്ടുവന്ന കുചേലന്റെ ഭാവമായിരുന്നു എനിക്ക്‌. ബാലകൃഷ്ണന്‍ എന്ന കുചേലനിതാ സഞ്ചിയും തൂക്കി സ്വന്തം വീട്‌ തിരിച്ചറിയാനാവാതെ ഒരു ഭംഗിയുള്ള ബംഗ്ളാവിന്റെ മുന്നില്‍ നില്‍ക്കുന്നു. ഞാന്‍ സാവധാനം ഗെയ്റ്റ്‌ കടന്ന്‌ ബംഗ്ളാവിലേക്കു നടന്നു. ഗെയ്റ്റ്‌ മുതല്‍ വീടുവരെ മണല്‍ വിരിച്ച പാതയായിരുന്നു. പാതക്കിരുവശത്തും ചെടിച്ചട്ടികളില്‍ വിവിധതരത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. മണലില്‍ ചവിട്ടി നടന്നപ്പോള്‍ എന്റെ സ്ലിപ്പറുകള്‍ കരകരാ ശബ്ദമുണ്ടാക്കി. പണ്ടിവിടം മുഴുവന്‍ പൂഴിമണ്ണായിരുന്നു. വടക്കേതൊടിയിലേക്ക്‌ ഞാന്‍ ആകാംഷയോടെ നോക്കി. ഇല്ല. പാമ്പിന്‍കാവോ, കല്‍വിളക്കോ, ഒന്നും തന്നെ കാണാനായില്ല. പകരം അവിടെ കൊക്കോയും, ജാതിക്കയും മറ്റും വളര്‍ന്നു നിന്നിരുന്നു. ഗെയ്റ്റിനും, വീടിനുമിടക്ക്‌ വല്ലാത്ത ദൂരമുള്ളതായി തോന്നി. വെളുത്തു മെലിഞ്ഞ ഓപ്പോള്‍ പഴയതുപോലെ കരിയും, മഞ്ഞള്‍ക്കറയും പുരണ്ട ഒരൊറ്റമുണ്ടു ധരിച്ച്‌ അടുക്കള പരിസരത്തിലെവിടെയെങ്കിലുമുണ്ടായിരിക്കും.


ഉമ്മറത്തെത്തിയപ്പോഴേക്കും ക്ഷീണിച്ചുപോയിരുന്നു. കോളിംഗ്‌ ബെല്ലമര്‍ത്തി കാത്തുനിന്നു. അകത്തളത്തിലെവിടെയൊ ഒരു കിളി മനോഹരമായി ചിലച്ചു. ഒരുപാടു കൊത്തുപണികളുള്ള ഉമ്മറവാതില്‍ തുറക്കുന്നതും കാത്ത്‌ ഞാന്‍ നിന്നു. വേണ്ടതിലധികം സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ ഒരു സ്ത്രീയായിരുന്നു വാതില്‍ തുറന്നത്‌. വീടു തെറ്റിപ്പോയെന്നു കരുതി ഞാന്‍ പറഞ്ഞു, 

ക്ഷമിക്കണം, എനിക്കു വീടു തെറ്റിയതാണ്‌. 

തിരികെ പോകാനായും മുമ്പ്‌ ആ സ്ത്രീ പറഞ്ഞു, നേതാവു വരുമ്പോള്‍ വളരെ വൈകും. എന്തെങ്കിലും ശുപാര്‍ശക്കാണെങ്കില്‍ കവര്‍ എന്നെ ഏല്‍പിച്ചാല്‍ മതി. ഞാന്‍ കൊടുത്തോളാം. 

മുമ്പിവിടെ താമസിച്ചിരുന്നവരെയായിരുന്ന്‌ എനിക്ക്‌ കാണേണ്ടിയിരുന്നത്‌. ഞാന്‍ ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു. 

ആ സ്ത്രീ അല്‍പനേരം എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.പിന്നെ കണ്ണടയൂരി സന്തോഷത്തോടെ എന്റെയടുത്തേക്കു വന്നു ചോദിച്ചു. 

എടാ ബാലൂ, നീ ആളാകെ മാറിപ്പോയല്ലോ. നിന്റെ ഓപ്പോളെ നിനക്കു മനസ്സിലായില്ലേ. 

എന്തൊ ഒരശരീരി കേട്ട പ്രതീതിയാണുണ്ടായത്‌. ശബ്ദം കൊണ്ടവര്‍ എന്റെ ഓപ്പോളാണെന്ന്‌ ഞാന്‍ തിരിച്ചറിയുന്നുണ്ട്‌. പക്ഷെ ഓപ്പോളുടെ കുട്ടനില്‍ നിന്നും ഞാന്‍ ബാലുവിലേക്ക്‌ എന്നാണ്‌ മാറിയതെന്ന്‌ ഉള്‍ക്കൊള്ളാന്‍ എനിക്കാവുന്നില്ല. അല്ലെങ്കില്‍ എല്ലാം മാറ്റങ്ങളുടെ ഭാഗമാണെന്നു കരുതി ആശ്വസിക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.


“എടാ വിഷ്ണൂ, അനന്താ, മധൂ, ഇതാരാ വന്നിരിക്കണേന്നു നോക്ക്‌.”


ഓപ്പോള്‍ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു. ഞാനപ്പോഴും യാഥാര്‍ത്ഥ്യത്തിന്റേയും, സങ്കല്‍പത്തിന്റേയും ഇടക്കുള്ള ഏതോ ലോകത്തായിരുന്നു. ഓപ്പോള്‍ നിര്‍ബ്ബന്ധിച്ച്‌ എന്നെ അകത്തേക്കു കൊണ്ടുപോയി സോഫയിലിരുത്തി. ഇതിനകം മൂന്നു കുട്ടികള്‍ വന്ന്‌ കാഴ്ച്ചക്കാരെപ്പോലെ ദൂരെ മാറി നിന്ന്‌ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. എല്ലാവര്‍ക്കും പ്രായത്തേക്കാള്‍ വളര്‍ച്ചയുള്ളതായി തോന്നി.


“അമ്മ പറഞ്ഞീട്ടില്ലേ, നിങ്ങളുടെ ഓടിപ്പോയ ഒരമ്മാവനെപ്പറ്റി. അവനാണിവന്‍.”

എന്നെ ചൂണ്ടിക്കാണിച്ച്‌ ഓപ്പോള്‍ മക്കള്‍ക്ക്‌ പരിചയപ്പെടുത്തി കൊടുത്തു. ഓടിപ്പോയ ഒരമ്മാവന്‍. ആദ്യമായ്‌ കിട്ടിയ ആ വിശേഷണ പദത്തെ ഞാന്‍ മനസ്സില്‍ ഒന്നുരണ്ടു പ്രാവശ്യം ഉരുവിട്ടു. ആര്‍ക്ക്‌ എന്തിൽ  നിന്നാണ്‌ ഓടിപ്പോകാന്‍ കഴിയുക. അതൊക്കെ വെറും പ്രയോഗങ്ങള്‍ മാത്രമാണു കുട്ടികളെ എന്നു പറയാനാഗ്രഹിച്ചെങ്കിലും ഒന്നും മിണ്ടാതിരുന്നു. നീ ഒട്ടും നന്നായില്ല്യാലോ ബാലൂ, ഓപ്പോള്‍ സഹതപിച്ചു. അതിനൊന്നും സമയം കിട്ടിയില്ല ഓപ്പോളെ എന്നു മനസ്സില്‍ പറഞ്ഞ്‌ വെറുതെ ചിരിച്ചു. അപ്പോഴേക്കും കുട്ടികള്‍ കുറെക്കൂടി അടുത്തുകൂടിയിരുന്നു. കുറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ ചങ്ങാതിമാരെപ്പോലെ ഞാനവരോട്‌ കുശലപ്രശ്നങ്ങള്‍ ചെയ്‌തു. ആ സമയമൊക്കെ ഓപ്പോള്‍ വിദൂരതയിലേക്കു നോക്കി ചിന്തയിലാണ്ടിരുന്നു. അപ്പ്വേട്ടനെ കണ്ടില്ലല്ലൊ ഓപ്പോളെ, ഞാന്‍ ചോദിച്ചു. അതിനു മറുപടിയായി കുറെ കണ്ണീരും മൂക്കു പിഴിച്ചിലുമുണ്ടായതല്ലാതെ ഓപ്പോളൊന്നും പറഞ്ഞില്ല. കുട്ടികള്‍ അമ്മയെ ആശ്വസിപ്പിക്കാനെന്നവണ്ണം ഓപ്പോളുടെ അടുത്തേക്കു നീങ്ങി.


“എന്താണ്ടായേ?” ഞാന്‍ ആകാഷയോടെ ചോദിച്ചു. “അപ്പോള്‍ നീ വിവരമൊന്നും അറിഞ്ഞില്ല്യാന്നാണോ ബാലൂ പറഞ്ഞുവരണത്‌. നിനക്ക്‌ വിവരത്തിനു കത്തയച്ചിരുന്നല്ലൊ. ചൊമയായിട്ടാ തൊടങ്ങ്യത്‌. പിന്നെ ഒടുവിലായപ്പൊ ചോര തുപ്പ്വാണ്ടായെ. ഏതാണ്ടൊരു മാസത്തിനുള്ളില്‍ എല്ലാം തീര്‍ന്നു. അവസാനായപ്പൊ നിന്നെ കാണണന്ന്‌ ഏട്ടന്‍ കൂടെ കൂടെ പറയുമായിരുന്നു.” 

ഓപ്പോള്‍ അവസാന വാചകം പൂര്‍ത്തിയാക്കിയപ്പോള്‍ സിലോണില്‍ പൊട്ടുന്നതിനേക്കാള്‍ വലിയൊരു ബോംബ്‌ എന്റെ ഹൃദയത്തില്‍ പൊട്ടിത്തെറിച്ചതായി എനിക്കു തോന്നി. എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതുപോലെ തോന്നി. പിന്നെ നിയന്ത്രണം വിട്ട ഞാന്‍ ഓപ്പോളോടു ആദ്യമായ് കയര്‍ത്തു സംസാരിച്ചു. 

കൂടപ്പിറപ്പ്‌ മരിക്കാന്‍ കിടക്കുമ്പോള്‍ വിവരത്തിനു കത്തെഴുതി പോലും. വിവരമറിയിക്കാന്‍ ഈ രാജ്യത്തു വേറെന്തെല്ലാം സംവിധാനങ്ങളുണ്ടായിരുന്നു. ശബ്ദത്തിലെ ഉയര്‍ച്ചയും, കാര്‍ക്കശ്യവും കാരണമാവാം കുട്ടികള്‍ മൂവരും അമ്മയെ പൊതിഞ്ഞു നിന്നു. ഓപ്പോള്‍ അപ്പോഴും ആര്‍ക്കു വേണ്ടിയെന്നറിയാതെ തേങ്ങികൊണ്ടിരുന്നു. ഞാന്‍ കുട്ടികളേയും കൂട്ടി അപ്പ്വേട്ടനെ ദഹിപ്പിച്ച സ്ഥലത്തു ചെന്ന്‌ ആ മണ്ണില്‍ നമസ്ക്കരിച്ച്‌ പ്രാര്‍ത്ഥിച്ചു.

“മാപ്പ്‌, അപ്പ്വേട്ടാ, മാപ്പ്‌. അപ്പ്വേട്ടനു സുഖമാണോ എന്നു ചോദിക്കാന്‍ എനിക്കായില്ല. അപ്പ്വേട്ടന്‍ ആഗ്രഹിച്ചപോലെ ഒരു വലിയ ആളാവാനും എനിക്ക്‌ കഴിഞ്ഞില്ല.”

കുറെനേരം കരഞ്ഞപ്പോള്‍ മനസ്സിന്റെ ഭാരം കുറഞ്ഞു. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ അവരുടെ അച്ഛനെക്കുറിച്ച്‌ ഞാന്‍ തിരക്കി. അച്ഛന്‍ ഭരണകക്ഷിയുടെ പ്രാദേശിക നേതാവാണെന്നും, അതുകൊണ്ടുതന്നെ എപ്പോഴും തിരക്കാണെന്നും, കുട്ടികള്‍പോലും ഒന്നുരണ്ടു ദിവസങ്ങള്‍ കൂടുമ്പോഴെ കാണാറുള്ളുവെന്നുമൊക്കെയുള്ള അറിവുകള്‍ പകര്‍ന്നു. വെളുപ്പാന്‍ കാലത്തായിരിക്കണം കാറിന്റെ ഡോര്‍ തുറന്നടക്കുന്ന ശബ്ദം കേട്ടു. കുറച്ചു സമയത്തിനുശേഷം അവരുടെ കിടപ്പുമുറിയില്‍ നിന്ന്‌ ശബ്ദം താഴ്ത്തിയുള്ള സംസാരവും കേട്ടു.


കാലത്തെണീറ്റ്‌ കിണറ്റിന്‍വക്കത്തിരുന്ന്‌ പല്ലു തേക്കുമ്പോള്‍ ആദ്യമായ്‌ അളിയനെ നേര്‍ക്കുനേരെ കണ്ടു. വെളുത്തു തടിച്ച അദ്ദേഹത്തിന്‌ അല്‍പം കഷണ്ടിയുണ്ടായിരുന്നു. കൃതാവ്‌ ഇറക്കി നിറുത്തിയിരുന്നെങ്കിലും മീശയുണ്ടായിരുന്നില്ല. ഒരു നേതാവിന്റേതായ എല്ലാ കൃത്രിമ ഭാവങ്ങളും സംസാരത്തിലും, പെരുമാറ്റത്തിലും പ്രതിഫലിച്ചു കണ്ടു. വെളുക്കെ ചിരിച്ചുകൊണ്ട്‌ അളിയന്‍ സംസാരിക്കാന്‍ തുടങ്ങി. ഇങ്ങനെ ഒരാളുണ്ടെന്ന്‌ നിന്റെ ഓപ്പോള്‍ ഇടയ്ക്കൊക്കെ എന്നെ ഓര്‍മ്മിപ്പിക്കുമായിരുന്നു. നൂറുകൂട്ടം നാട്ടുകാര്യങ്ങളുടെയിടക്ക്‌ സത്യം പറഞ്ഞാല്‍ വീട്ടുകാരെയൊന്നും ഓര്‍മ്മ വരില്ല. എന്തായാലും ബാലു ഇപ്പോള്‍ വന്നതു നന്നായി. ഇലക്ഷന്‍ സമയാണേ. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നു നോക്കിക്കോളൂ. അല്ല, ഇനിയിപ്പൊ പേരില്ലാന്നുവെച്ചാലും അളിയന്‍ വോട്ടു ചെയ്‌തിരിക്കും. അല്ലെങ്കില്‍ പിന്നെ ഈ നാരായണമേനോനെന്തിനാ നേതാവാണെന്നും പറഞ്ഞ്‌ നടക്കണെ. ഏത്‌?


അളിയന്റെ സംസാരത്തിന്റെ പോക്കു കണ്ടപ്പോഴെ മനസ്സിലായി അതു വെറുമൊരു തുടക്കം മാത്രമാണെന്ന്‌. ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ പേസ്റ്റ്‌ തുടച്ച്‌ ഞാന്‍ പല്ലുതേപ്പ്‌ തുടര്‍ന്നു. ശ്രോതാവിനെ കിട്ടിയ സന്തോഷത്തില്‍ അളിയന്‍ തുടര്‍ന്നു. ഞാന്‍ നിന്റെ ഓപ്പോള്‍ക്ക്‌ പുടവ കൊടുത്ത്‌ ഇവിടെ വന്ന കാലത്ത്‌ ഇപ്രദേശം മുഴുവന്‍ മറ്റോരായിരുന്നു. ഏത്‌. ചോപ്പേ. ഞാന്‍ പണം വാരിയെറിഞ്ഞു. പലരും ചോപ്പു വിട്ട്‌ നമ്മുടെ കൂടെ കൂടി. വല്ലവന്റെയും വിയര്‍പ്പിന്റെ വില വാരിയെറിയാന്‍ ആര്‍ക്കും മടിയുണ്ടാവില്ല. ഞാന്‍ മനസ്സില്‍ പറഞ്ഞു. അളിയന്റെ ഇടയ്ക്കിടെയുള്ള 'ഏത്‌' എന്ന പ്രയോഗവും, സംസാരത്തിലുള്ള അധികാരസ്വരവുമെല്ലാം എനിക്ക്‌ എന്തെന്നില്ലാത്ത വെറുപ്പാണുളവാക്കിയത്‌. 'നമ്മുടെകൂടെ' എന്നൊക്കെയുള്ള പ്രയോഗത്തെ എതിര്‍ക്കണമെന്നും, ഞാനിപ്പോഴും ഒറ്റയ്ക്കാണെന്നുമൊക്കെ പറയാനാഗ്രഹിച്ചെങ്കിലും, ശബ്ദം തൊണ്ടയില്‍ കുടുങ്ങി, നിശബ്ദനായി, നേതാവിന്റെ മുമ്പില്‍ വോട്ടവകാശമില്ലാത്ത ഒരു പൌരനായി ഞാന്‍ നിലകൊണ്ടു. മറുപടിയൊന്നും പറയാത്തത്‌ ബഹുമാനം കൊണ്ടാണെന്നു കരുതി അളിയന്‍ കൂടുതല്‍ സന്തോഷം പ്രകടിപ്പിച്ചു. പിന്നെ ഏതൊരു നേതാവിന്റേയും പോലെ, ഇല്ലാത്ത ധൃതി അഭിനയിച്ചു. നമ്മുടെ പഞ്ചായത്തു റോഡിന്റെ പേരുമാറ്റമാണ്‌ കാലത്തു പത്തു മണിക്ക്‌. ഇനി മുതല്‍ 'നാരായണമേനോന്‍ റോഡ്‌' എന്ന പേരിലായിരിക്കും അറിയപ്പെടുക. എല്ലാം വലിയ ചെലവാണന്നേ. ഞാന്‍ സമയത്തിനവിടെ ഉണ്ടായില്ലെങ്കില്‍ മന്ത്രി പരിഭവിക്കും. രാത്രി വന്നീട്ട്‌ വിശദമായി സംസാരിക്കാം. അളിയന്‍ പോയപ്പോള്‍, ഞാന്‍ നിന്നുപോയ പല്ലുതേപ്പ്‌ കുറച്ചു നേരം കൂടി തുടര്‍ന്നു.


സ്ക്കൂള്‍ ഒഴിവുകാലമായിരുന്നതുകൊണ്ട്‌ കുട്ടികള്‍ എപ്പോഴും എനിക്കു കൂട്ടായി നടന്നു. അവരുടെ കൂടെ നടക്കുമ്പോഴും, സംസാരിക്കുമ്പോഴുമെല്ലാം നഷ്ടപ്പെട്ട എന്റെ ബാല്യവും, കൌമാരവും തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു. ഞങ്ങള്‍ കശുമാവിന്തോപ്പിലിരുന്ന്‌ സമകാലീന്‍ രാഷ്ട്രീയ സംഭവങ്ങളും, കലയും, സാഹിത്യവുമൊക്കെ ചര്‍ച്ച ചെയ്‌തു. പുതിയ സിനിമകളെക്കുറിച്ചു പറയാനായിരുന്നു അവര്‍ക്കേറെയിഷ്ടം. ഒരു ദിവസം ഉച്ചയ്ക്ക്‌ ഉണ്ണാനിരുന്നപ്പോള്‍ ഓപ്പോള്‍ ചോദിച്ചു. ഇനി എന്നാ ബാലൂ നീ തിരിച്ചു പോണേ". ഈ ചോദ്യം ഞാന്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നതിനാല്‍ വളരെ ശാന്തമായി പറഞ്ഞു. ഇനി ഞാനെങ്ങോട്ടും പോണില്ല ഓപ്പോളെ. അതുകേട്ട്‌ ഓപ്പോള്‍ ഞെട്ടിയെന്നു തോന്നി. ഞാന്‍ തുടര്‍ന്നു പറഞ്ഞു, ഓപ്പോളെ, ഇവിടെ വെറുതെയിങ്ങനെ മടിപിടിച്ചിരിക്കാന്‍ എനിക്കാവില്ല. കുറച്ചു സ്ഥലം കിട്ടിയാല്‍ അവിടെ കൃഷിയും മറ്റും ചെയ്‌ത്‌ ഞാന്‍ മാറി താമസിച്ചോളാം. ഓപ്പോള്‍ ഒന്നുകൂടി ഞെട്ടിയെന്നുതോന്നി. നേതാവിന്റെ ഭാര്യയായതു കൊണ്ട്‌ കാപട്യങ്ങള്‍ ഓപ്പോളിലേക്കു പകര്‍ന്നു കിട്ടിയെന്ന്‌ വര്‍ത്തമാനത്തിന്റെ രീതിയില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഓപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു.


"അതിനിപ്പൊ, നിനക്കിവിടെ ഓഹരിയായിട്ടൊന്നും ഇല്ല്യാലൊ ബാലു. നീ വരില്ല്യാന്നാ കരുത്യേ. എല്ലാം അപ്പ്വേട്ടന്‍ എന്റെ പേര്‍ക്കെഴുതി വെച്ചീട്ടാ കണ്ണടച്ചത്‌. ഇനിപ്പൊ, നിന്റെ കാര്യത്തില്‍ എന്താ വേണ്ടേന്ന്വ്‌ച്ചാ കുട്ടികള്‍ടെ അച്ഛനോടാലോചിക്കട്ടെ." ഞാനറിയാത്ത, കേള്‍ക്കാത്ത ഏതോ ഭാഷയിലാണ്‌ ഓപ്പോള്‍ സംസാരിക്കുന്നതെന്നു തോന്നി. എങ്കിലും ഉള്ളടക്കം മനസ്സിലാക്കാന്‍ ഒരു പരിഭാഷകന്റേയും സഹായം വേണ്ടിവന്നില്ല. രാത്രിയിലെപ്പൊഴൊ നേതാവു വന്നു. അവരുടെ കിടപ്പുമുറിയിലെ പതിഞ്ഞ ശബ്ദങ്ങള്‍ കേട്ട്‌ ഞാന്‍ ഉറക്കം നഷ്ടപ്പെട്ട്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇതാ ബാലകൃഷ്ണന്‍ പ്രശ്നങ്ങളുമായി അവതരിച്ചിരിക്കുന്നു. ഇനി മുതല്‍ അവരുടെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി എന്നതാവുമോ അവരെ ഇപ്പോള്‍ അലട്ടുന്നത്‌. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ഞാന്‍ മയങ്ങിപ്പോയിരിക്കണം. കുറച്ചു വൈകിയാണു പിറ്റേന്നുണര്‍ന്നത്‌. ദിനചര്യകള്‍ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ചുറ്റും കൂടി. പിന്നെ അവരുടെ കൂടെ കശുമാവിന്തോപ്പില്‍ പതിവു പോലെ കഥകള്‍, തമാശകള്‍.... അതാ ഉമ്മറത്ത്‌ വന്നു നില്‍ക്കുന്ന വണ്ടിയുടെ ശബ്ദം. കശുമാവിന്തോപ്പിലേക്ക്‌ പാഞ്ഞുവന്ന പോലീസുകാര്‍. നീയാണോടാ ബാലകൃഷ്ണന്‍? തീവ്രവാദിയുടെ മകന്‍?......


സിമന്റു തറയില്‍ ഒരുവശം ചെരിഞ്ഞു കിടന്ന്‌ ഉറങ്ങാതെ കടന്നുപോയ രാത്രികളില്‍ വെറുതെ പിന്നിട്ട ജീവിതത്തിലേക്കു സഞ്ചരിക്കുക എന്നത്‌ ബാലകൃഷ്ണന്‍ ഒരു സ്വഭാവമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ഇരുമ്പഴി തുറന്ന്‌ ഒരു പോലീസുകാരന്‍ കടന്നുവന്നു. ഉണര്‍ന്നീട്ടും കണ്ണുതുറക്കാതെ കിടന്നിരുന്ന ബാലകൃഷ്ണനെ അയാള്‍ തൊട്ടു വിളിച്ചു. ബാലകൃഷ്ണന്‍ പാതിമയക്കത്തിലെന്നപോലെ എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുകയും വീണ്ടും സിമന്റു തറയിലിരിക്കുകയും ചെയ്‌തു. പോലീസുകാരന്‍ അയാളെനോക്കി ചിരിച്ചു. പതിവില്ലാതെ പോലീസുകാരന്‍ ചിരിക്കുന്നതുകണ്ട്‌ ബാലകൃഷ്ണനും ചിരിച്ചു. പോലീസുകാരനോടൊപ്പം ചിരിക്കാന്‍ ഇനിയെപ്പോഴാണു കഴിയുകയെന്നറിയാത്തതുകൊണ്ടു തന്നെ തന്റെ ചിരി മായ്ക്കാതിരിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിച്ചു. 

“എന്താ ബാലകൃഷ്ണാ, ഇന്നു തനിക്കു പൂറംലോകം കാണണ്ടേ? ഇവിടം തനിക്കു പിടിച്ച ലക്ഷണമുണ്ടല്ലൊ. ഇന്നു തന്റെ മോചനമാണ്‌. ബാക്കിയുറക്കം നേരെ വീട്ടില്‍ ചെന്നീട്ടായിക്കോളൂ. ഉം. എഴുന്നേറ്റു വാ.” പോലീസുകാരന്‍ വളരെ സൌമ്യമായാണതു പറഞ്ഞതെങ്കിലും അതൊരാജ്ഞയായി സ്വീകരിച്ച്‌ ബാലകൃഷ്ണന്‍ അയാളുടെ കൂടെ നടന്നു. സിമന്റു തറയില്‍ കിടന്ന്‌ സ്വപ്നങ്ങള്‍ കണ്ട്‌ വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. അനുഭവങ്ങള്‍ നല്ലതാണ്‌. പക്ഷെ അതില്‍നിന്നും പാഠങ്ങള്‍ പഠിച്ച്‌ ജീവിക്കാനുള്ള സമയം തികയാറില്ലെന്നു മാത്രം, ബാലകൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ മുമ്പില്‍ രജിസ്റ്ററില്‍ ഒപ്പുവെച്ച്‌ പുറത്തേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ പോലീസുകാരന്‍ പഴയ ഡ്രസ്സിനോടൊപ്പം പുതിയൊരു ലുങ്കിയും, ഷേര്‍ട്ടും സമ്മാനിച്ചു. നന്ദി പറഞ്ഞ്‌ ജയിലിനു പുറത്തു കടന്നു. വിശാലമായ റോഡ്‌ അയാള്‍ക്കുമുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്നു. തന്റെ പ്രായം വെറും പതിമൂന്നു വയസ്സാണെന്ന്‌ ബാലകൃഷ്ണനു തോന്നി. മെലിഞ്ഞു നീണ്ട കയ്യും വീശി ഒട്ടിയ വയറുമായി ധൃതിയില്‍ നടക്കുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു, പഴനി, മധുര, തൂത്തുക്കുടി............... 

- 0 -

8 comments:

മുരളി വാളൂര്‍ said...

ഈ തുടര്‍ പോസ്റ്റുകള്‍ക്ക്‌ കിട്ടിയ കമന്റുകളില്‍ നിന്നും (ആദ്യത്തെ പോസ്റ്റിനു കിട്ടിയ 7 എണ്ണം മാത്രം) തെളിയുന്നത്‌ ഗൗരവമുള്ള വായനയ്ക്ക്‌ ബൂലോഗത്തിലുള്ള അവഗണനയാണ്‌. ഞാനടക്കം പലേ ബൂലോഗരും,വെറും സോപ്പുകുമിള ബ്ലോഗുകള്‍ക്കും പോസ്റ്റുകള്‍ക്കും പുറകേയാണെന്നത്‌ അംഗീകരിക്കുന്നു. എന്തീ ഈ പോസ്റ്റ്‌ നേരത്തേ വയിക്കാന്‍ കഴിഞ്ഞില്ല എന്ന്‌ അതിശയപ്പെടുന്നു. വളരെ കയ്യടക്കത്തോടെയാണ്‌ കഥ പറഞ്ഞിരിക്കുന്നത്‌. സ്വന്തം വീട്ടില്‍ സാമ്പത്തികമായി പുറകിലെങ്കിലും വൈകാരികവും മാനസികവുമായ ഉന്നതങ്ങളില്‍ നിന്നും സാമ്പത്തിക പുരോഗതിയിലേക്കും മാനസികമായ അധോഗതിയിലേക്കും വ്യക്തികള്‍ പതിക്കുന്നത്‌ നന്നായിട്ടുതന്നെ അവതരിപ്പിച്ചിരിക്കുന്നു. കമന്റുകള്‍ കൃതിയുടെ അളവുകോലായി സ്വീകരിക്കാതെ വീണ്ടും വീണ്ടും എഴുതുക. കുറചെങ്കിലും അസ്വാദകര്‍ കാത്തിരിക്കുന്നുണ്ട്‌.

ദില്‍ബാസുരന്‍ said...

മുരളിമേനോഞ്ചേട്ടാ,
മുഴുവന്‍ വായിച്ചു. നന്നായിരിക്കുന്നു.

എന്താണ് ഇത് കാണാതിരിക്കാന്‍ കാരണം എന്ന് മനസ്സിലായില്ല. ഖണ്ഡിക തിരിക്കുന്നത് ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ വായനാസുഖം കൂടും എന്ന് എനിക്ക് തോന്നുന്നു.

മുരളി മേനോന്‍ said...

ഔദ്യോഗികമായി തിരക്കിലായതുകൊണ്ട് ഏതെങ്കിലും ചില ഞായറാഴ്ചകളിലാണ് ബ്ലോഗിലൂടെ കടന്നുപോകുന്നത്. മലയാളം ബ്ലോഗിലൂടെ കണ്ണോടിച്ച് പുതിയ പോസ്റ്റിംഗുകളുടെ സ്വഭാവം കണ്ടറിഞ്ഞ് വായിച്ച് കഴിഞ്ഞാല്‍ സമയം കിട്ടുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ചവയില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം പകര്‍ത്തുന്നു. അത്രമാത്രം. മുരളിയുടെ അഭിപ്രായത്തിനു നന്ദി. ആ ചിന്തകളില്‍ തെളിഞ്ഞു നില്‍ക്കുന്ന നല്ല വായനക്കാരനേയും, ഉള്ളിന്റെ ഉള്ളിലെ എഴുത്തുകാരനേയും എനിക്കു കാണാം. ഞാന്‍ പല നല്ല പോസ്റ്റിംഗുകളും വായിക്കാറുണ്ട്. പക്ഷെ വളരെ അപൂര്‍വ്വമായേ അഭിപ്രായം രേഖപ്പെടുത്താറുള്ളു. അത്രയും നേരം വേറെ ഏതെങ്കിലും പോസ്റ്റിംഗുകളിലൂടെ കടന്നു പോകാമല്ലോ? അതുകൊണ്ടു തന്നെ കമന്റുകള്‍ വായനക്കാരന്റെ എണ്ണവുമായ് ബന്ധമുണ്ടെന്ന് ചിന്തിക്കേണ്ടതില്ല. ഇങ്ങനെ ഒരു ബ്ലോഗ് ഉള്ളതുകൊണ്ട് ഇഷ്ടമുള്ളവര്‍ക്ക് വിവിധ തരത്തിലുള്ള, തലത്തിലുള്ള കാര്യങ്ങളിലൂടെ കടന്നുപോകാമെന്നുള്ള സൌകര്യവുമുണ്ട്. സ്നേഹത്തോടെ, ഇനിയും വരാമെന്ന ആഗ്രഹത്തോടെ തത്ക്കാലം നിര്‍ത്തട്ടെ.

അരവിശിവ. said...

മലയാളം ബ്ലോഗിങ്ങ് ഗൌരവമുള്ള വായനയിലേക്കും ആസ്വാദനത്തിലേക്കും നീങ്ങുകയാണെന്നും നാളത്തെ സാഹിത്യത്തിന്റെ മുഖമെന്നും മലയാളത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം പറഞ്ഞിരുന്നു.ബെന്യാമിന്റേയും,ലാപുടയുടേയും പിന്നെയിപ്പോള്‍ മുരളി മേനോന്റേയും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ അതു ബോധ്യമായി.ഇതിനു മുന്‍പ് ഇതു വിട്ടു പോയതിനു ക്ഷമ ചോദിയ്ക്കുന്നു.ഗൌരവമുള്ള വായന ഇഷ്ടപ്പെടുന്നവര്‍ മുരളിയുടെ വരവ് ഒരല്പം വൈകിയാണെങ്കിലും ആഘോഷിയ്ക്കുകയാണ്.....

വിഷയത്തില്‍ പുതുമ ഒരല്പം കുറഞ്ഞുവെങ്കിലും കയ്യൊതുക്കത്തോടെ മനോഹരമായ ഭാഷയില്‍ തീവ്രവാദിയുടെ മകന്‍ അവതരിപ്പിച്ചതില്‍ പ്രശംസ തീര്‍ത്തുമര്‍ഹിയ്ക്കുന്നു.ഇടയ്ക്ക് സത്യേട്ടന്റെ വരവേല്‍പ്പ് എന്ന സിനിമയേയും ഓര്‍മ്മിപ്പിച്ചു.എങ്കിലും പണം എത്ര ആര്‍ദ്ര ഹൃദയ്നേയും കഠിന ഹൃദയനാക്കുമെന്ന് ഓപ്പോളുടെ കഥാപാത്രത്തിലൂടെ നന്നായി പറഞ്ഞിരിയ്ക്കുന്നു.ബുദ്ധിജീവി ജാടയേക്കാള്‍ ഹൃദയസ്പര്‍ശിയായി ലളിതമായി വിവരിച്ചിരിയ്ക്കുന്നു.ഇനിയുള്ള പോസ്റ്റുകള്‍ മുടങ്ങാതെ വായിച്ചു കൊള്ളാം.

പിന്നെ വായന്‍ക്കാരെ കിട്ടാത്തതിനെക്കുറിച്ച്.പൊതുവേ എല്ലാവരും ചെയ്യുന്നതു പോലെ പോസ്റ്റിട്ടതിനു ശേഷം പോസ്റ്റിയിട്ടുണ്ട് എന്നറിയിച്ചു കൊണ്ട് ആദ്യത്തെ കമന്റ് എഴുത്തുകാരന്റെ തന്നെയാണെങ്കില്‍ വായിക്കാന്‍ ധാരാളം പേരുണ്ടാവും.പിന്‍ മൊഴിയിലെ കമന്റ് കണ്ട് എല്ലാവരും വന്നുകൊള്ളും.ആസ്വാദന ശേഷിയുള്ളവര്‍ മലയാള ബ്ലോഗിലുള്ളതുപോലെ മറ്റെവിടേയുമുണ്ടെന്നു തോന്നുന്നില്ല...

ബാബു said...

മുരളി, കഥ വളരെ ഇഷ്ടപ്പെട്ടു. താങ്കള്‍ കഥയുടെ മര്‍മ്മം അറിഞ്ഞവന്‍.

റീനി said...

മുരളി മേനോന്‍, നല്ല കഥ. ഞാന്‍ ഗൗരവസാഹിത്യസൃഷ്ട്ടികളുടെ ഒരു ആരാധികയാണ്‌. ബൂലോകത്തില്‍ അത്തരം സൃഷ്ട്ടികള്‍ വിരളമാണ്‌. വീണ്ടും പോസ്റ്റുക.

മുരളി മേനോന്‍ said...

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു, നിങ്ങളോടല്ലാതെ... എങ്കില്‍ ഉടനെ തന്നെ എന്റെ ഒരു ചെറുകഥ - കൂടോത്രം - പോസ്റ്റ് ചെയ്യുന്നതാണ്. നാളെ ഓഫീസ് മുടക്കമായതിനാല്‍ (ഗാന്ധി ജയന്തി)നാളെത്തന്നെ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട്, സസ്നേഹം

വിശാല മനസ്കന്‍ said...

മുരളിയേട്ടാ..

കമന്റാത്തതില്‍ എന്നോട് ദേഷ്യം തോന്നരുതേ..

അങ്ങ് എത്രയെത്ര കഥകള്‍ എഴുതിയവന്‍! എത്രയെത്ര തിരക്കഥകള്‍ എഴുതിയവന്‍! ആ ഒരു പേടി, ബഹുമാനം എന്നിവ കൊണ്ട് കമന്റാത്തതാണ്.

പിന്നെ, സിനിമ ഇതുവരെ റിലീസായില്ലേ???

കൂടുതല്‍ വിശേഷങ്ങള്‍ക്ക് ഞാന്‍ മെയില്‍ അയക്കാം.