Tuesday, September 05, 2006

തീവ്രവാദിയുടെ മകന്‍ (2)

എങ്കിലും തീവ്രവാദിയുടെ മകനല്ല താന്‍ എന്നയാള്‍ മനസ്സിലുരുവിട്ടുകൊണ്ടേയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും കോടതിയില്‍ അയാള്‍ മൌനം അവലംബിച്ചതിനാല്‍ ജഡ്ജിക്ക്‌ വിധി പ്രസ്താവിക്കുന്നതിന്‌ കൂടുതല്‍ സൌകര്യമുണ്ടായി. ബാലകൃഷ്ണന്‌ കോടതി ഏഴുവര്‍ഷം കഠിനതടവു വിധിച്ചു. ആരുടേയും പരിഭവമേറ്റു വാങ്ങാതെ ഏഴുവര്‍ഷം താമസവും, ഭക്ഷണവും തരപ്പെട്ടുവെന്നു ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക്‌ അയാള്‍ എത്തിപ്പെട്ടിരുന്നു. കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലിലെ ദിനരാത്രങ്ങളില്‍ പുറംലോകം പൂര്‍ണ്ണമായി മറക്കാന്‍ ബാലകൃഷ്ണന്‍ ആശിച്ചുവെങ്കിലും അയാള്‍ക്കതിനു കഴിഞ്ഞില്ല. കൂറ്റന്‍ മതില്‍ക്കകത്ത്‌ രാത്രി നിറയുമ്പോള്‍ കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവര്‍ കുഞ്ഞുങ്ങളെപ്പോലെ ചുരുണ്ടുകൂടി കുടുംബാംഗങ്ങളെ സ്വപ്നം കണ്ട്‌ സെല്ലുകളില്‍ മയങ്ങിക്കിടന്നു. ഉറക്കമില്ലാത്ത നീണ്ട രാത്രികള്‍ ബാലകൃഷ്ണനു സുപരിചിതമായിക്കഴിഞ്ഞിരുന്നു. വെറുതെ തിരിഞ്ഞും, മറിഞ്ഞും ഇരുമ്പഴികളിലേക്കും കനത്ത കരിങ്കല്‍ ഭിത്തികളിലേക്കും നോക്കി കിടക്കുമ്പോള്‍ അയാള്‍ തണ്റ്റെ പിന്നിട്ടുപോയ ജീവിതത്തെക്കുറിച്ചോര്‍ക്കും. "സ്നേഹത്തിന്‍ ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം" എന്നു പഠിച്ചതൊക്കെ തെറ്റാണെന്നയാള്‍ക്കു തോന്നി. ഈ പരുപരുത്ത സിമണ്റ്റുതറ തനിക്ക്‌ ഉറക്കറയായിതീര്‍ത്തത്‌ തണ്റ്റെ ജീവിതത്തിണ്റ്റെ മുക്കാലും ഹോമിച്ച്‌ താന്‍ ഏറ്റവുമധികം സ്നേഹിച്ച തണ്റ്റെ ഓപ്പോളായിരുന്നുവെന്നോര്‍ത്തപ്പോള്‍ ബാലകൃഷ്ണന്‌ മനസ്സിനെ നിയന്ത്രിക്കാനായില്ല. അയാള്‍ സിമണ്റ്റുതറയില്‍ കമിഴ്ന്നടിച്ചു കിടന്നു തേങ്ങി. സാന്ത്വനമായി സിമണ്റ്റുതറ ഒരു തൊട്ടില്‍ പോലെ ആടുന്നതായി അയാള്‍ക്കു തോന്നി. പഴയ കാലങ്ങള്‍ അയാളുടെ മുന്നില്‍ ഒന്നൊന്നായി നിരന്നുവന്നു. കുട്ടിക്കാലത്ത്‌ അമ്മ എന്നെ തൊട്ടിലാട്ടിയിരിക്കാം. അച്ഛന്‍ താളം പിടിച്ച്‌ തൊട്ടടുത്ത്‌ ചാരുകസാലയില്‍ കിടന്നിട്ടുണ്ടാവാം. പക്ഷെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കണ്ടത്‌ സദാ ഗര്‍വ്വിഷ്ഠനായിരുന്ന അപ്പ്വേട്ടനെയായിരുന്നു. മറ്റൊരു മുഖം വീട്ടിനകത്ത്മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഓപ്പോളുടേതായിരുന്നു. അമ്മ, അച്ഛന്‍, അവര്‍ ഞാന്‍ ഏകാന്തതയില്‍ മനസ്സില്‍ വരഞ്ഞിട്ട അവ്യക്‌ത ചിത്രങ്ങള്‍ മാത്രം. പിന്നീടൊരിക്കല്‍ ഓപ്പോളെല്ലാം എനിക്കു പറഞ്ഞുതന്നു. ശരിയായ സ്വാതന്ത്യ്രത്തിനും, തൊഴിലാളിവര്‍ഗ്ഗ ക്ഷേമത്തിനും വേണ്ടി കമ്മൂണിസ്റ്റുകള്‍ പോരാടിയിരുന്ന കാലം. അന്ന്‌ കമ്മൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിച്ചിരുന്നുവത്രെ. എന്നിരുന്നാലും ഒളിവിലിരുന്നുകൊണ്ട്‌ അവര്‍ വര്‍ഗ്ഗസമരങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുകയും, മുതലാളിത്തത്തിനെതിരെ പടവെട്ടുകയും ചെയ്‌തു. കുഞ്ഞായിരുന്ന എന്നെ കാണുവാനുള്ള മോഹത്തില്‍ ഒരു രാത്രിയില്‍ ഒളിച്ചും, പതുങ്ങിയും വീട്ടിലെത്തിയ അച്ഛനെ പോലീസുകാര്‍ പിടികൂടി കൊണ്ടുപോകുകയായിരുന്നുവത്രെ.. പിന്നീടാരും അച്ഛനെ കണ്ടിട്ടില്ല. പോലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ അച്ഛന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വരാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ആ വാര്‍ത്ത മനസ്സിനേല്‍പിച്ച ആഘാതത്തിലാണത്രെ അമ്മയും മരിച്ചത്‌. പിന്നീടുള്ള ജീവിതത്തില്‍ ഓപ്പോള്‍ എനിക്ക്‌ അമ്മയാവുകയായിരുന്നു. അപ്പ്വേട്ടനെ എനിക്കും, ഓപ്പോള്‍ക്കും ഒരുപോലെ ഭയമായിരുന്നു. അപ്പ്വേട്ടന്‍ ചിരിച്ചു കണ്ടതായി ഞാന്‍ ഓര്‍ക്കുന്നേയില്ല. ഒരു പക്ഷെ കൌമാരത്തില്‍ തന്നെ പ്രാരാബ്ധങ്ങളേല്‍ക്കേണ്ടി വന്നതുകൊണ്ട്‌ അപ്പ്വേട്ടണ്റ്റെ സ്വഭാവം മാറിപ്പോയതാവാം. ഇത്തിരി കൂടി വളര്‍ന്നപ്പോള്‍ പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്‌, അച്ഛനെന്തിനാണ്‌ സ്വാതന്ത്യ്രസമരത്തിനൊക്കെ പോയതെന്ന്‌. സ്വന്തം ജീവന്‍ നഷ്ടപ്പെട്ടുവെന്നല്ലാതെ ആര്‍ക്ക്‌ എന്തു സ്വാതന്ത്യ്രമാണു കിട്ടിയത്‌. അല്ലെങ്കില്‍തന്നെ എന്തിനെയാണ്‌ സ്വാതന്ത്യ്രമെന്നു വിളിക്കേണ്ടതെന്ന്‌ ഇപ്പോഴും എനിക്കറിയില്ലല്ലോ. മൂന്നുനേരവും വിശപ്പടക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും, മുടങ്ങാതെ എന്തെങ്കിലും കാരണം കണ്ടുപിടിച്ച്‌ മൂന്നുനേരവും അപ്പ്വേട്ടന്‍ എന്നെ തല്ലുമായിരുന്നു. വിശപ്പുമാറ്റാത്ത ഒരു സ്വാതന്ത്യ്രത്തേയും ഞാന്‍ സ്വാതന്ത്യ്രമായി അംഗീകരിക്കുന്നില്ലെന്ന്‌ വിളിച്ചു പറയാന്‍ തോന്നിയ പ്രായത്തില്‍ ആരുമറിയാതെ നാടുവിട്ടു. പാവം ഓപ്പോള്‍ ഇടയ്ക്കിടെ എന്നെ ഓര്‍മ്മിപ്പിയ്ക്കുമായിരുന്നു, "കുട്ടാ, നീ എട്ടിലാണു പഠിയ്ക്കണേന്ന്‌ ഓര്‍മ്മിണ്ടാവണം. എട്ടിലൊരു ചൊട്ട്ണ്ടെന്നാ വെപ്പ്‌. മനസ്സിരുത്തി പഠിച്ചോളൂട്ടോ, ഇല്ലെങ്കില്‍ അപ്പ്വേട്ടണ്റ്റെ സ്വഭാവം കുട്ടനറിയാലോ". നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന തോട്ടില്‍ പുസ്തകം വലിച്ചെറിഞ്ഞ്‌, അങ്ങനെ ഭാരമൊഴിഞ്ഞ കയ്യും വീശി ഒട്ടിയ വയറുമായി പാടങ്ങള്‍ പിന്നിടുമ്പോള്‍ 'എട്ടിലെ ചൊട്ട്‌' തോട്ടിലൂടെ ഒഴുകുന്നതോര്‍ത്ത്‌ ഞാന്‍ ചിരിച്ചു. പിന്നെ ഓപ്പോളെ ഓര്‍ത്തപ്പോള്‍, ഈ കുട്ടനോടു ക്ഷമിക്കൂ ഓപ്പോളേ എന്നു മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ തിടുക്കത്തില്‍ നടന്നു. എട്ടാം ക്ളാസ്സു പൂര്‍ത്തിയാക്കാത്ത ആ പതിമൂന്നുകാരനെ പഴനിയിലേയും, മധുരയിലേയും, തൂത്തുക്കുടിയിലേയുമൊക്കെ ഹോട്ടലുകള്‍ മാറി മാറി സ്വീകരിക്കുകയായിരുന്നു. മറ്റുള്ളവരുടെ എച്ചില്‍ പാത്രങ്ങള്‍ കഴുകി വിറങ്ങലിച്ച കൈകള്‍ സ്വന്തം എച്ചില്‍ പാത്രം കഴുകാനായി അര്‍ദ്ധരാത്രിവരെ കാത്തിരുന്നു. പഴനിയിലെ ഹോട്ടല്‍ ജീവിതം തുടങ്ങിയ ദിവസം രാത്രിയില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഓര്‍മ്മകള്‍ ചെന്നു നിന്നത്‌ നാട്ടിലെ ചാണകം തേച്ച വീടിനകത്തളത്തിലാണ്‌. ഓപ്പോളും, അപ്പ്വേട്ടനും ഭക്ഷണം കഴിച്ചുറങ്ങിക്കഴിഞ്ഞീട്ടുണ്ടാകുമോ. ഇല്ല, ഓപ്പോള്‍ ഒന്നും കഴിച്ചീട്ടുണ്ടാവില്ല. പിഞ്ഞാണത്തിലെ കഞ്ഞി പ്ളാവില കൊണ്ടിളക്കി കുറെ നേരമങ്ങിനെ ഇരുന്നീട്ടുണ്ടാവും. ഒടുവില്‍ കണ്ണുനീര്‍ ഇറ്റു വീണ കഞ്ഞി അടച്ചുവെച്ച്‌ ദുഃഖമടക്കി കിടന്നീട്ടുണ്ടാവും. ഒന്നും വേണ്ടായിരുന്നുവെന്ന മട്ടില്‍ അപ്പ്വേട്ടന്‍ ചാരുകസാലയില്‍ കിടന്ന്‌ ബീഡി വലിയ്ക്കുന്നുണ്ടാവും. ആ മനസ്സിലും ദുഃഖം ഉമിത്തീപോലെ നീറിപ്പിടിപ്പിയ്ക്കുന്നുണ്ടാവുമോ. അതോ, നിണ്റ്റെ പുന്നാരം കൊണ്ടാ ചെക്കനിത്ര വഷളായതെന്നും പറഞ്ഞ്‌ ഓപ്പോളെ ശകരിക്കുന്നൂണ്ടാകുമോ. അറിഞ്ഞുകൂടാ. വേണ്ട. ഒന്നും ചിന്തിക്കരുത്‌. പണം നേടാനുള്ള വഴികള്‍ മാത്രമായിരിക്കണം ലക്ഷ്യം. ഓപ്പോളോടൊപ്പം ഒരിക്കല്‍ മാത്രം കണ്ട സിനിമയിലെ നായകനെപ്പോലെ ഒരു പണക്കാരനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുക. ആ സുന്ദരസ്വപ്നത്തെ തലോലിച്ച്‌ ഞാന്‍ കൂടുതല്‍ കൂടുതല്‍ ജോലികളിലേര്‍പ്പെട്ടു. തൂത്തുക്കുടിയിലെ ചില ബന്ധങ്ങളിലൂടെ പിന്നീട്‌ സിലോണിലെത്തുകയായിരുന്നു. എല്ലാ മാസവും നല്ലൊരു തുക നാട്ടിലേക്കയക്കാന്‍ ഞാന്‍ മറന്നില്ല. പക്ഷെ കത്തുകളയക്കുന്ന ശീലം കുറേശ്ശെയായി കുറഞ്ഞു വന്നു. ഓപ്പോളുടെ ആദ്യത്തെ കത്ത്‌ വായിച്ച്‌ ഞാന്‍ സന്തോഷം കൊണ്ട്‌ കരഞ്ഞത്‌ ഇന്നെലെയാണെന്നു തോന്നി. "എണ്റ്റെ കുട്ടന്‌" എന്ന സംബോധനയില്‍ കണ്ണുകളുടക്കി നിന്നപ്പോള്‍ മിഴികള്‍ നിറഞ്ഞു തുളുമ്പിപ്പോയി. ഓപ്പോള്‍ക്കിപ്പോള്‍ ഒരു വിഷമവുമില്ലെന്നും, എണ്റ്റെ കുട്ടന്‍ വലിയ ആളായതില്‍ സന്തോഷമുണ്ടെന്നും എഴുതിയിരുന്നു. ഓപ്പോളോടൊപ്പം കുളക്കടവിലേക്കും, അമ്പലത്തിലേക്കുമൊക്കെ പോകുന്ന ഒരു ചെറിയ കുട്ടിയായി ഞാന്‍ പെട്ടെന്നു മാറിയതുപോലെ. ഊണു വിളമ്പിതന്ന്‌ ഞാന്‍ ഉണ്ണുന്നതുംനോക്കി അടുത്തിരിക്കുന്ന ഓപ്പോള്‍. ഓപ്പോളേ.........., ഞാനറിയാതെ പെട്ടെന്നു വിളിച്ചുപോയി. കടയിലുണ്ടായിരുന്ന ഒന്നു രണ്ടു ശിങ്കളന്‍മാര്‍ ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കിയെങ്കിലും, പരിസര ബോധം വീണ്ടെടുത്ത്‌ ഞാന്‍ കത്തു വായിച്ചുതുടങ്ങിയപ്പോള്‍, ഒരു പരിഹാസച്ചിരിയോടെ അവര്‍ എന്നില്‍ നിന്നും ശ്രദ്ധ തിരിച്ചു. ഞാന്‍ വായന തുടര്‍ന്നു., കുട്ടാ, നിനക്കറിയാമോ, നീ പോയിക്കഴിഞ്ഞതിനുശേഷമുള്ള എല്ലാ രാത്രികളിലും നിണ്റ്റെ പങ്ക്‌ ഭക്ഷണം മാറ്റിവെച്ച്‌ ഞാന്‍ കാത്തിരുന്നു. ഒരു ദിവസം നീ മടങ്ങി വരുമെന്നും, അപ്പ്വേട്ടന്‍ കേള്‍ക്കാതെ, അടുക്കള വാതില്‍ക്കല്‍ വന്ന്‌ നീ ഓപ്പോളേന്നു വിളിക്കുമെന്നും എനിക്കു തോന്നിയിരുന്നു. നിണ്റ്റെ കത്തു വരുന്നതുവരെ ഞാന്‍ അടുക്കളയിലായിരുന്ന്‌ കിടന്നിരുന്നത്‌. ഇന്നു നീ സ്വതന്ത്രനായി, ആരുടേയും ശകാരം കേള്‍ക്കാതെ ജീവിക്കുന്നു. നിണ്റ്റെ കത്തും, കാശും വന്നപ്പോള്‍ അപ്പ്വേട്ടന്‍ എന്താ പറഞ്ഞേന്നറിയോ നിനക്ക്‌, "അവന്‍ വല്ല്യ ആളാവൂന്ന്‌ എനിക്കറിയായിരുന്നൂന്ന്‌. " കുട്ടന്‌ ഓപ്പോളും, ഓപ്പോള്‍ക്ക്‌ കുട്ടനും എന്നുമുണ്ടാവുമെന്നും മറ്റൊ എഴുതിയിട്ടാണ്‌ ആ കത്തവസാനിപ്പിച്ചിരുന്നതെന്നോര്‍മ്മയുണ്ട്‌.
(തുടരും)

No comments: