Monday, September 04, 2006

തീവ്രവാദിയുടെ മകന്‍

വീടിണ്റ്റെ പടിഞ്ഞാറുവശത്തുള്ള കശുമാവിന്‍ തോപ്പില്‍ ഓപ്പോളുടെ കുട്ടികളുമായി നേരമ്പോക്കു പറഞ്ഞിരിക്കുകയായിരുന്നു അയാള്‍. വീട്ടുമുറ്റത്ത്‌ ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ കുട്ടികളില്‍ ഇളയവന്‍ പറഞ്ഞു, "അച്ഛന്‍ വന്നൂന്നാ തോന്നണേ". പക്ഷെ പെട്ടന്നു കടന്നുവന്ന പോലീസുകാരെ കണ്ടപ്പോഴാണ്‌ വീട്ടുമുറ്റത്തുവന്ന വണ്ടി ഒരു പോലീസ്‌ ജീപ്പായിരുന്നുവെന്നറിഞ്ഞത്‌. "നീയ്യാണോടാ ബാലകൃഷ്ണന്‍?, തീവ്രവാദിയുടെ മകന്‍?" സബ്‌ ഇന്‍സ്പെകടര്‍ അയാളുടെ കോളറില്‍ കുത്തിപ്പിടിച്ചണതു ചോദിച്ചത്‌. ചോദ്യത്തിണ്റ്റെ ആദ്യഭാഗത്തിന്‌ "അതെ" എന്നും രണ്ടാംഭാഗത്തിന്‌ "അല്ല" എന്നും ഉത്തരം
നല്‍കേണ്ടിയിരുന്നതിനാല്‍ അയാള്‍ പെട്ടന്നു പറഞ്ഞതിങ്ങനെയായിരുന്നു. "അതെ സാര്‍. അല്ല സാര്‍". പറഞ്ഞു
തീരുന്നതിന്നുമുമ്പായി സബ്‌ ഇന്‍സ്പെക്ടറുടെ കൈ അയാളുടെ ചെകിട്ടത്തു പതിച്ചിരുന്നു. കുട്ടികള്‍ മൂവരും
പോലീസുകാരെ കണ്ട്‌ ഭയന്ന്‌ അല്‍പം മാറി നിന്നിരുന്നു. അമ്മാവനെ തല്ലിയതുകണ്ട്‌ ഇളയകുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. ഇന്‍സ്പെക്ടര്‍ കുട്ടികളോട്‌ വീട്ടിലേക്ക്‌ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും, അവര്‍ കുറെക്കൂടി ദൂരെ മാറി നിന്നതേയുള്ളു. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന്‌ അയള്‍ക്കറിഞ്ഞുകൂടായിരുന്നു. അയാളുടെ മനസ്സ്‌ വേദനയും, നാണക്കേടുമൊക്കെ കൂടിക്കുഴഞ്ഞ്‌ മരവിച്ച ഒരവസ്ഥയിലായിക്കഴിഞ്ഞിരുന്നു എന്തിനാണ്‌ പോലീസുകാര്‍ വന്നതെന്നോ, തന്നെ ചെകിട്ടത്തടിക്കാന്‍ മാത്രം എന്തപരാധമാണു താന്‍ ചെയ്‌തതെന്നോ അറിയാതെ അയാള്‍ സ്തംഭിച്ചു നിന്നു. "നാരായണമേനോന്‍ സൂചിപ്പിച്ചതിനേക്കാള്‍ ഭീകരനാണിവന്‍. " ഒരു പോലീസുകാരന്‍ പറഞ്ഞു. തന്നെ ഭീകരനാക്കാന്‍ ശ്രമിച്ചത്‌ അളിയനാണെന്നറിഞ്ഞപ്പോള്‍ അയാളുടെ ഉള്ളം നീറുകയായിരുന്നു. എന്തു ദ്രോഹമാണ്‌ താന്‍ അളിയനോടും, ഓപ്പോളോടും ചെയ്‌തതെന്ന്‌ എത്ര ചിന്തിച്ചീട്ടും അയാള്‍ക്ക്‌ പിടികിട്ടിയില്ല.

തൂക്കിയെടുത്ത്‌ ജീപ്പിലിട്‌". ഇന്‍സ്പെക്ടര്‍ പോലീസുകാര്‍ക്ക്‌ ആജ്ഞ നല്‍കി. "എന്തിനാണ്‌ നിങ്ങളെന്നെ കൊണ്ടുപോകുന്നത്‌? ഞാന്‍ ചെയ്‌ത കുറ്റമെന്താണ്‌?" അയാള്‍ ചോദിച്ചു. മറുപടിയായി തോക്കിണ്റ്റെ പാത്തി അയാളുടെ മുതുകത്തു പതിച്ചു. കമിഴ്ന്നു വീണ അയാളെ രണ്ടു പോലീസുകാര്‍ എഴുന്നേല്‍പിച്ചു നിര്‍ത്തി. ഇന്‍സ്പെക്ടര്‍ കവിളില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു. "നീ കശുമാവിന്തോപ്പിലിരുന്ന്‌ കുട്ടികളെ "മാവോയിസം" പഠിപ്പിക്കുന്നുണ്ടെന്ന്‌ ഈ കുട്ടികളുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്‌. മാത്രവുമല്ല, ശ്രീലങ്കയില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചതിനുശേഷം പെട്ടന്നുള്ള നിണ്റ്റെ വരവില്‍ ഞങ്ങള്‍ക്കു ചില സംശയങ്ങളുമുണ്ട്‌. " അയാള്‍ക്ക്‌ സംഭവങ്ങളുടെ കിടപ്പ്‌ ഏതാണ്ടു വ്യക്‌തമായി. ഈ നിമിഷം ഇവിടെ മരിച്ചു വീഴാന്‍ കഴിഞ്ഞെങ്കിലെന്ന്‌ അയാള്‍ ആശിച്ചുപോയി. അയാളെ നടക്കാനനുവദിക്കാതെ പോലീസുകാര്‍ രണ്ടു കൈകളിലും പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ടുപോയി.. കുട്ടികള്‍ ആ കാഴ്ച്‌ കണ്ടു ഉറക്കെ കരയാന്‍ തുടങ്ങി. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍. തണ്റ്റെ അവസ്ഥയെക്കാള്‍ കുട്ടികളുടെ അപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചാണ്‌ അയാള്‍ ചിന്തിച്ചത്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിരുന്ന ജീപ്പിലേക്കു കയറുമ്പോള്‍ അയാള്‍ ഉമ്മറവാതില്‍ക്കലേക്കു കണ്ണയച്ചു. പാതി ചാരിയിട്ട വാതിലിന്നപ്പുറം ഓപ്പോളുടെ നിഴല്‍. പക്ഷെ പെട്ടന്ന്‌ വാതില്‍ പൂര്‍ണ്ണമായും അടഞ്ഞു. തന്നെ ഒറ്റിക്കൊടുത്ത്‌ തൊടിയിലെവിടെയെങ്കിലും അളിയന്‍ മറഞ്ഞുനില്‍പുണ്ടാവും. ഇന്നലെവരെ അവരുടെ സുഖകരമായ ജീവിതത്തില്‍ ഒരു കട്ടുറുമ്പായിക്കഴിഞ്ഞ ഒരുത്തന്‍ ഒഴിഞ്ഞുകിട്ടിയതിണ്റ്റെ സന്തോഷം കൂട്ടുകാരുമായി ആഘോഷിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയായിരിക്കും. നാട്ടുകാര്‍ ഗെയ്റ്റിനു പുറത്ത്‌ കാഴ്ച്ചക്കാരായി തിങ്ങിക്കൂടി നിന്നു. പാഞ്ഞു പോകുന്ന ജീപ്പിലിരുന്നയാള്‍ കശുമാവിന്തോപ്പിലേക്കു നോക്കി. അപ്പോഴും ഭയത്തോടെ നില്‍ക്കുന്ന ഓപ്പോളുടെ കുട്ടികള്‍ ഒരു നിശ്ചല ചിത്രം പോലെ മനസ്സിലങ്ങനെ കിടന്നു.. പോലീസ്സിണ്റ്റെ ഉപചാരങ്ങള്‍ കഴിഞ്ഞ്‌ അയാളെ ഇരുമ്പഴിക്കുള്ളിലാക്കി. തനിക്കായ്‌ ഓപ്പോള്‍ സ്നേഹത്തിണ്റ്റെ പുതിയ ഭാഷ്യം ചമച്ചുവെന്നു മനസ്സിലാക്കിക്കഴിഞ്ഞ അയാള്‍ പോലീസ്സുകാര്‍ അടിച്ചേല്‍പിച്ച എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങി തീവ്രവാദി ബാലകൃഷ്ണനായി.

7 comments:

അഗ്രജന്‍ said...

കൊള്ളാം.. വിത്യസ്ഥതയുള്ളൊരു കഥ

മുരളി മേനോന്‍ said...

നന്ദി അഗ്രജന്‍. തുടര്‍ന്നു വായിക്കുമല്ലോ?

കുട്ടന്മേനൊന്‍::KM said...

വളരെ വ്യത്യസ്തമായ ഒരു കഥ. എങ്കിലും താങ്കളില്‍ നിന്നും കുറച്ചു കൂടി ശക്തമായ ഒരു കഥയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

വേണു venu said...

ബാലക്രിഷ്ണനേ പ്പോലെ തീവ്രവാദിയായവര്‍ ഒത്തിരി.
ഒരു വറ്ഗ്ഗീസ്സും കെ.വേണുവും അജിതയും പുൽപ്പള്ളിയും കുമിളും ചെഗ്വേരയിലൂടെ നക്സല്‍ബാരിയിലൂടെ ഒന്നുമാകാതെ പോയവര്‍ ഒത്തിരി ഒത്തിരി.
നന്നായെഴുതി സുഹ്രുത്തേ.
വേണു.‍

മുരളി മേനോന്‍ said...

കഥ തീര്‍ന്നീട്ടില്ല. 5 ഭാഗങ്ങളായ് പൂര്‍ത്തിയാക്കും. അതിനുശേഷം കുട്ടന്‍ മേനോന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കരുത്. വേണുവിനും, കുട്ടന്‍ മേനോനും വായിച്ച ഉടന്‍ അഭിപ്രായം പറയുവാന്‍ തോന്നിയതില്‍ സന്തോഷം, നന്ദി.

ദില്‍ബാസുരന്‍ said...

മുരളി മേനോന്‍ ചേട്ടാ,
നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

മുരളി മേനോന്‍ said...

നന്ദി ദില്‍ബാസുരാ.. ദൈവത്തിന്റെ ആത്മകഥ താങ്കളെ പ്രകോപിപ്പിച്ചതുകൊണ്ട് അതൊക്കെ ഒഴിവാക്കി ഒരു നേരേ വാ നേരേ പോ ലൈനില്‍ എഴുതുന്ന കഥയാണിത്. 5 ഭാ‍ാങ്ങളില്‍ അവസാനിപ്പിക്കുന്നതാണ്. ഒറ്റ പോസ്റ്റിംഗില്‍ തീര്‍ത്താല്‍ മുഴുവന്‍ വായിക്കാനുള്ള നേരം ആര്‍ക്കും ഉണ്ടായില്ലെന്നു വരാം. സത്യത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരീക്കുവാന്‍ വൈമനസ്യമുള്ള ഒരാളാണു ഞാന്‍. സ്നേഹപൂര്‍വ്വം.