Monday, July 17, 2006

എം.പി.നാരായണപ്പിള്ള എന്റ്റേയും സുഹൃത്തായിരുന്നു(2)

ഞാനെഴുന്നേറ്റ് കൈകൂപ്പി. അദ്ദേഹം തിരിച്ചും. പിന്നെ എന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു. അപ്പോള്‍ അജിത്കുമാര്‍ എന്നെ പരിചയപ്പെടുത്തികൊടുത്തതിങ്ങനെ, "ഇത് മുരളി മേനോന്‍, അറിയപ്പെടുന്ന യുവസാഹിത്യകാരനാണ്. ബോംബെയിലും, നാ‍ട്ടിലുമൊക്കെയായി പലതിലും എഴുതുന്നുണ്ട്." (ആരോടായാലും എന്നെ ഇങ്ങനെ പരിചയപ്പെടുത്തുക എന്നുള്ളത് അജിത്തിന്റെ സ്ഥിരം പരിപാടിയായിരുന്നു) ഒരു പ്രശസ്തനായ എഴുത്തുകാരന്റെ മുമ്പില്‍ എന്നെയിട്ടു വട്ടുതട്ടിയതിന് ഞാന്‍ അജിത്തിനെ രൂക്ഷമായ് ഒന്നു നോക്കി. പിന്നെ ഒരു ചമ്മലോടെ അദ്ദേഹത്തിനടുത്ത് തല കുമ്പിട്ടിരുന്നു. അല്പനേരത്തെ മൌനത്തിനുശേഷം ഞാന്‍ പറഞ്ഞു, "അജിത് പറഞ്ഞതില്‍ ഒരു തിരുത്തുണ്ട്. അറിയപ്പെടുന്ന യുവസാഹിത്യകാരനല്ല, അറിയപ്പെടാന്‍ അത്യാഗ്രഹമുള്ള യുവാവാണ്." അദ്ദേഹം എന്റെ കുടുംബത്തെക്കുറിച്ചും മറ്റും ചോദിച്ചു. അല്പനേരത്തെ സംഭാഷണത്തിനുശേഷമാണറിയാന്‍ കഴിഞ്ഞത് അജിത്കുമാര്‍ നാരായണപ്പിള്ളയുടെ ഭാര്യാസഹോദരനാണെന്ന്. അതെനിക്ക് അതിശയകരമായിതോന്നി. കഴിഞ്ഞ എട്ടുവര്‍ഷത്തെ സുഹൃത്ബന്ധത്തില്‍ അജിത് ഒരിക്കല്‍ പോലും നാരായണപ്പിള്ളയുമായുള്ള അയാളുടെ ബന്ധത്തെക്കുറിച്ച് എന്നോട് പരാമര്‍ശിക്കുകയുണ്ടായിട്ടില്ല. പരിണാമം നോവലിനെ ഞാന്‍ വിമര്‍ശിച്ചപ്പോഴും അജിത് അതിനെ പിന്താങ്ങുന്ന മറുപടിയാണ് പറഞ്ഞിരുന്നത്. ചെറിയ ചെറിയ ബന്ധങ്ങള്‍പോലും പൊലിപ്പിച്ചുപറയാന്‍ വെമ്പുന്നവരുടെ ഇടയില്‍ തികച്ചും വ്യത്യസ്ഥനായ ഒരാള്‍ എന്നു മാത്രമേ അജിത്തിനെക്കുറിച്ച് പറയാനാവൂ.

"ഇത്ര അടുത്ത് നമ്മള്‍ താമസിച്ചീട്ടും,(ഏകദേശം അര കിലോമീറ്റര്‍ ദൂര വ്യത്യാസമേ ഞങ്ങളുടെ താമസസ്ഥലങ്ങള്‍ തമ്മിലുള്ളു.) അജിത്തിന്റെ ചങ്ങാതിയായിരുന്നീട്ടും ഇതുവരെ എന്തുകൊണ്ടു നമ്മള്‍ പരിചയപ്പെടുകയുണ്ടായില്ല?". നാരായണപ്പിള്ള ചോദിച്ചു.
പെട്ടെന്ന് ഞാന്‍ മറുപടി പറഞ്ഞതിങ്ങനെയായിരുന്നു, "സാറിന്റെ വീട്ടില്‍ വരണമെന്നും, സാറിനെ പരിചയപ്പെടണമെന്നും വലിയ മോഹമുണ്ടായിരുന്നു എന്നുള്ളത് നേരാണ്. പക്ഷെ മറ്റുള്ളവര്‍ സാറിനെ പറ്റി പറഞ്ഞുകേട്ടതനുസരിച്ച് പരിചയമില്ലാത്തവര്‍ വീട്ടില്‍ വന്നാല്‍ ചിലപ്പോള്‍ പുറത്താക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു". ഞാനതു പറഞ്ഞു തീര്‍ന്നതും പ്രഭാ പിള്ള ഉറക്കെ ചിരിച്ചു. അദ്ദേഹവും മനസ്സു തുറന്നു ചിരിച്ചു. പിന്നെ കുറച്ചുനേരം അദ്ദേഹം നിലത്തു നോക്കിയിരുന്നു. പിന്നീടാണ് ഞാനതു മനസ്സിലാക്കിയത്, അദ്ദേഹം നിലത്തല്ല നോക്കിയിരുന്നത്, കാകദൃഷ്ടി എന്നൊക്കെ പറയുന്നതുപോലെ, തല അല്പം ചെരിച്ച് കുനിച്ചു പിടിച്ച് എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.സംസാ‍രിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഒളിഞ്ഞു വീക്ഷണം. തല ചെരിച്ചു പിടിച്ച് ഒന്നു പാളി നോക്കുന്ന ശൈലി. കണ്ടാല്‍ ആരും ചിരിച്ചുപോകും. തലയുയര്‍ത്തി അദ്ദേഹം എന്നോടു പറഞ്ഞു, "മുരളിക്ക് എപ്പോള്‍ വേണമെങ്കില്‍ എന്നെ കാണാന്‍ വീട്ടില്‍ വരാം.കെട്ടോ."

(തുടരും)

4 comments:

രാജ് said...

നാരായണപ്പിള്ളയുടെ മുത്തച്ഛന്‍ ജ്ഞാനിയായ ഒരു ‘ജ്യോതിഷി’യെ കുറിച്ചു പി.ഗോവിന്ദപ്പിള്ള (സി.പി.എം) ഏതോ അഭിമുഖത്തില്‍ പരാമര്‍ശിച്ചതോര്‍ക്കുന്നു. പരിണാമത്തിലെ ‘ജ്യോത്സ്യനും’ നാരായണപ്പിള്ളയുടെ ജീവിതത്തില്‍ നിന്നുള്ള ഒരു കഥാപാത്രമാണെന്നു തോന്നുന്നു. അതീ മുത്തച്ഛന്‍ തന്നെയാണോ എന്തോ? എന്തെങ്കിലും രസകരമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പങ്കുവയ്ക്കണേ.

ഏറെക്കാലമായി ഞാന്‍ സ്വപ്നം കാണുന്ന ഒന്നാണു്, പരിണാമത്തിന്റെ ചലച്ചിത്രഭാഷ്യം. മുരളിയുടെ സിനിമാലോകത്തെ സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും അങ്ങിനെയൊരു ഉദ്ദേശമുണ്ടോ?

K.V Manikantan said...

പരിണാമത്തിന്റെ സീരിയല്‍ രൂപം വന്നിട്ടുള്ളതായിരുന്നല്ലോ പെരിങ്ങോടാ....

അതിലെ ആ സൂപ്പര്‍ വാര്‍ കമേന്ററി എങ്ങനെ ചലചിത്രത്തില്‍ കൊണ്ടുവരും?

Murali K Menon said...

ശരിയാണ് മണികണ്ഠന്‍ പറഞ്ഞത്. അതിന്റെ സീരിയല്‍ രൂപാന്തരം വന്നതിനുശേഷം, നാണപ്പേട്ടന്‍ തിരക്കഥയെക്കുറിച്ച് പറഞ്ഞത്, “സാഹിത്യത്തിനും, ആധാരമെഴുത്തിനും ഇടയിലുള്ള ഒന്നാണ് തിരക്കഥാ‍ രചന എന്നാണ്. അദ്ദേഹത്തിന്റെ കള്ളന്‍ എന്ന കഥ ഒരു ഷോര്‍ട്ട് ഫിലിം ആയി എടുത്താല്‍ നന്നായിരിക്കും. ഞങ്ങളുടെ അടുത്ത പ്രോജക്ട് “കൂടോത്രം” എന്ന എന്റെ ചെറുകഥ ഒരു ഷോര്‍ട്ട് ഫിലിം ആയി എടുക്കുവാനാണ്. സെപ്തംബറില്‍ വര്‍ക്ക് ആരംഭിക്കുവാനുള്ള ആലോചനയില്‍ ഇങ്ങനെ പോകുന്നു.പെരിങ്ങോടനും, മണികണ്ഠനും എന്റെ നന്ദി.

രാജ് said...

‘അയ്യേ’ സീരിയല്‍ വന്നോ എന്നാണു ചോദിക്കുവാന്‍ തോന്നുന്നതു്. എന്തായാലും ഞാനതു മിസ് ചെയ്തു, എപ്പോഴായിരുന്നു, എന്നായിരുന്നു, ആരായിരുന്നു, ഏതിലായിരുന്നു? ഉത്തരം തരൂ കൂട്ടരെ.