Sunday, July 16, 2006

എം.പി.നാരായണപ്പിള്ള എന്റ്റേയും സുഹൃത്തായിരുന്നു

അനുസ്മരണം
എം.പി.നാരായണപ്പിള്ള എന്റ്റേയും സുഹൃത്തായിരുന്നു.
- ധ്വനി,ജൂണ്‍ -1998
(1‌)
മരണവും,മരണാനന്തര ചടങുകളും ആഘോഷങ്ങളാക്കി മാറ്റുന്ന ഒരു കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിയ്ക്കുന്നത്. പക്ഷെ എഴുത്തുകൊണ്ടു മാത്രം ജീവിയ്ക്കാമെന്നു കരുതി എഴുതുന്നതെല്ലാം സാഹിതീരംഗത്ത് ചര്‍ച്ചചെയ്യപ്പെടുന്ന വിധത്തില്‍ മികവുറ്റതാക്കിത്തീര്‍ത്ത, അതിലുപരി ഒരു നല്ല മനുഷ്യസ്നേഹിയും കുടിയായിരുന്ന ശ്രീ എം.പി.നാരായണപ്പിള്ള ഈ ലോകത്തോട് യാത്ര പറഞ്ഞത് ആരുമറിയാതെയാണ്. ഇതൊക്കെ വെറുമൊരു കലാപരിപാടിയാണെന്നു പറഞ്ഞ് ആദ്യം ശബ്ദം ത്യജിച്ചും, പിന്നീട് ജീവന്‍ ത്യജിച്ചും നമ്മളെ പറ്റിച്ചുകളഞ്ഞ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരനെ മലയാളം എക്കാലവും ഓര്‍മ്മിക്കും. സുഖിപ്പിക്കുന്ന വാക്കുകളില്‍ മയങ്ങുകയോ വിമര്‍ശനങളില്‍ പതറുകയോ ചെയ്യാതെ തനിക്കു ശരിയെന്നു തോന്നിയ കാര്യങള്‍ തന്റേതുമാത്രമായ ഒരു വീക്ഷണകോണിലൂടെ അവതരിപ്പിച്ച ശ്രീ എം.പി.നാരായണപ്പിള്ള ഇന്നു നമ്മോടൊപ്പമില്ല. ഇതിനകം അനുശോചനക്കുറിപ്പുകളും, ചരമക്കുറിപ്പുകളും എഴുതിവെച്ച് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍.
ഒരു ചരമക്കുറിപ്പോ, അനുശോചനക്കുറിപ്പോ എഴുതാന്‍ ഞാന്‍ പ്രാപ്തനല്ല. പക്ഷെ യുവജനതയുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന ശ്രീ എം.പി.നാരായണപ്പിള്ളയെക്കുറിച്ച്, അദ്ദേഹത്തിന്റെ കൃതികളിലൂടെ ചൂഴ്ന്നിറങ്ങി അതിനനുസൃതമായി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുകയും, അങ്ങനെ വ്യക്തിപരമായി അകല്‍ച്ച സൂക്ഷിക്കുകയും, ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത് ഹൃദയങ്ങളോട് സംവദിക്കാനായ് മാത്രം ഞാനീ താളുകള്‍ ഉപയോഗിക്കട്ടെ. എല്ലാ സാഹിതീ തല്പരരേയും പോലെ ശ്രീ എം.പി.നാരയണപ്പിള്ളയെ അദ്ദേഹത്തിന്റെ കൃതികളില്‍ഊടെ അറിയുകയും, ഇഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണു ഞാന്‍. അതിനപ്പുറം അദ്ദേഹത്തെ കാണാനും, അടുത്തിടപഴകാനും ആഗ്രഹിച്ചിരുന്നുവെങ്കിലും സൌകര്യപ്പെട്ടില്ലതാനും. ഉദ്ദേശം രണ്ടു വര്‍ഷം മുമ്പ് ഒരു ഞായറാഴ്ച സന്ധ്യയ്ക്ക് എന്റെ സുഹൃത്തായ അജിത്കുമാറിന്റെ വീട്ടില്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. അന്ന് ഞാനായിരുന്നു ആദ്യം എത്തിച്ചേര്‍ന്ന വിരുന്നുകാരന്‍. ഒരഞ്ചു മിനിട്ടു കഴിഞ്ഞുകാണും ഡോര്‍ ബെല്‍ ശബ്ദിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അകത്തേക്കു കടന്നു വന്നത് ശ്രീ എം.പി. നാരായണപ്പിള്ളയും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാവതിയുമായിരുന്നു.
(തുടരും)

9 comments:

കല്യാണി said...

നാണപ്പജിയുടെ ലേഖനങ്ങള്‍ പോലെ ഞാന്‍ ആസ്വദിച്ച്‌ വായിച്ചിട്ടുള്ള കുറിപ്പുകള്‍ വളരെ കുറവ്‌. വേറെയും നാണപ്പന്‍ ഫാന്‍സ്‌ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ബാക്കി ഭാഗം പോരട്ടേ വേഗം....

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

നാണപ്പന്‍ പുലിക്ക്‌ ഫാന്‍സ്‌ അസോസിയേഷനുണ്ടോ? ന്നാ ഞാന്‍ ആജീവനാന്ത മേമ്പ്രയാകാന്‍ ഒരു ചീട്ട്‌ മുറിച്ചു തരണേ.

സാധാരണ മലയാളം സാഹിത്യമെഴുതുന്നവര്‍ക്ക്‌ (വി കെ എന്‍ എല്ലാത്തിലുമെന്ന പോലെ ഇതിലും എക്സപ്ഷന്‍) ഇല്ലാത്ത ചിലതെല്ലാം നാരായണപിള്ളയെ ശ്രദ്ധേയനാക്കുന്നു

1. അനാലിറ്റിക്കല്‍ സ്കില്‍ - ഈ trait വളരെയേറെ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പരിണാമം അടക്കം സാഹിത്യ സൃഷ്ടികളിലും മണര്‍കാട്‌ പാപ്പനെക്കുറിച്ചോ ഈ എം എസ്സിനെ കുറിച്ചോ എക്കണോമിക്‌ ഫിലോസഫിയോ അപ്ലൈഡ്‌ ഫിസിക്സിനെക്കുറിച്ചോ എഴുതുമ്പോഴും പ്രകടമായിരുന്നു .

2.അടിത്തറയില്‍ മുട്ടുരയാതെ രസിച്ച്‌ നീന്താന്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ എന്നും അവസരമൊരുക്കിയിരുന്നു, that always shone in sharp contrast with shallowness of vision and deficiency of erudition of contemporary as well as preceding generation's Malayalam literary personnel


3. തോന്നുന്നതെന്തും തോന്നുന്നതുപോലെ പറയാന്‍ കഴിവും അറിവും തന്റേടവുമുള്ള അദ്ദേഹം എന്നും സാധാരണകാരനായി ജാഡകളും ബീഡികളും താടികളും ഇല്ലാതെ സത്യസന്ധമായ ഒരു പൊതു ജീവിതം (സ്വകാര്യജീവിതത്തെക്കുറിച്ച്‌ ഒന്നുമറിയില്ല, അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല) നയിച്ചിരുന്നു.

എനിക്ക്‌ മതിപ്പു തോന്നാന്‍ ഇതൊക്കെ ധാരാളം മതി.

മുരളി മേനോന്‍ said...

നാണപ്പേട്ടന്റെ കൃതികളിലൂടെ നാണപ്പേട്ടനെ ഇഷ്ടപ്പെടുന്ന നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്കേറെ സന്തോഷം നല്‍കുന്നു. നന്ദി കല്യാണിക്കും, ദേവരാഗത്തിനും.

സിദ്ധാര്‍ത്ഥന്‍ said...

അക്കൂട്ടരില്‍ ഞാനുമുണ്ടു്.
ആറാം കണ്ണാല്‍ അനുഗ്രഹീതനായ നാണപ്പനുമായി ബന്ധമുള്ളയാള്‍ എന്നനിലയില്‍ മുരളിയോടും അളവറ്റ ബഹുമാനം. തമിഴര്‍ പറയുമ്പോലെ അവര്‍ വാങ്കിവിട്ട മൂച്ചൈയാവുതു് വാങ്കിവിട മുടിഞ്ചുതേ.

തുടരനാവുന്നതിലുള്ള വിഷമമേയുള്ളൂ.

സന്തോഷ് said...

അതിലെന്നേയും കൂട്ടേണമേ! (നാരായണപിള്ളയുടെ ഫാന്‍സ് അസ്സോസിയേഷനില്‍).

നാരായണപ്പിള്ള എന്ന് പ കാരം ഇരട്ടിപ്പിച്ച് എഴുതുന്നത് മനപ്പൂര്‍വമാണോ? അതോ അങ്ങനെയാണോ അദ്ദേഹത്തെ വിളിച്ചിരുന്നത്? ഞാന്‍ ‘നാരായണപിള്ള’ എന്നേ കേട്ടിട്ടുള്ളൂ.

Adithyan said...

ഈ ഉച്ചിയില്‍ മറുകില്ലാത്ത ഉച്ചക്കിറുക്കനും ഉണ്ടേയ്യ്...

വഴിപോക്കന്‍ said...

പരിണാമം വായിച്ച്‌ ഫേനായ ഞാനും ...

മുരളി മേനോന്‍ said...

സിദ്ധാര്‍ത്ഥന്‍ പറഞ്ഞതു ശരിയാണ്. അല്പാല്പമായ് ഇങനെ എഴുതുന്നത്, അതുപോലെ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നത് പണ്ടേ ഇഷ്ടപ്പെടാത്തവനാണു ഞാന്‍. സ്ഥല പരിമിതിയും ആളുകളുടെ നേരമില്ലായ്മയും ഒക്കെ കണക്കിലെടുത്താണങ്ങനെ ചെയ്തത്. എന്തായാലും, ഞാനും ഒരു കോണ്‍ഫറന്‍സിനായ് ബാംഗ്ലൂര്‍ക്ക് പോകുന്നു. ഞായറാഴ്ചയേ തിരിച്ചെത്തൂ. അതുകൊണ്ട് ബാക്കിയുള്ളതെല്ലാം പോസ്റ്റ് ചെയ്യുന്നു.

സന്തോഷ്, നാ‍രായണ പിള്ള എന്നെഴുതാം. നാരായണപ്പിള്ള എന്നെഴുതാം. വ്യത്യാസം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കൂടുതല്‍ അഭിപ്രായത്തിനായ് ഉമേഷിനു വിടുന്നു.

സിദ്ധാര്‍ത്ഥനും, സന്തോഷിനും, ആദിത്യനും, വഴിപോക്കനും എന്റെ നന്ദി.