Tuesday, July 18, 2006

എം.പി.നാരായണപ്പിള്ള എന്റ്റേയും സുഹൃത്തായിരുന്നു (3)

എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ആ സന്തോഷം ഞാന്‍ പ്രകടിപ്പിച്ചത് കണ്ണില്‍ കണ്ട പരിചയക്കാരോടൊക്കെ എം.പി. നാരായണപ്പിള്ള എന്നെ വീട്ടിലേക്കു ക്ഷണിച്ചു എന്നറിയിച്ചുകൊണ്ടാണ്. എന്റെ പ്രൌഢി ലോകമറിയട്ടെ എന്നൊരു മട്ട്. അല്ലെങ്കില്‍, നിങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ ഏഴയലത്ത് നില്‍ക്കാന്‍ സാധിക്കാത്തപ്പോള്‍ ഞാനിതാ അദ്ദേഹത്തിന്റെ സുഹൃത്താ‍വാന്‍ പോകുന്നു എന്നൊക്കെയുള്ള എന്റെ അപക്വമനസ്സിന്റെ ആന്ദോളനം. ഇതിനകം ശ്രീ പവനന്റെ മകന്‍ സി.പി.സുരേന്ദ്രനും (ടൈംസ് ഓഫ് ഇന്ത്യ, റസിഡന്റ് എഡിറ്റര്‍, പൂനെ) അവിടെ എത്തിയിരുന്നു. വീണ്ടും കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഊണു കഴിഞ്ഞു രാത്രിയില്‍ യാത്രയില്ലെന്നു പറഞ്ഞു പിരിയുമ്പോള്‍, അടുത്ത ശനിയാഴ്ച കാണാമെന്നു പ്രത്യേകം പറയാന്‍ അദ്ദേഹം മറന്നില്ല.
ശനിയാഴ്ച എത്രയും പെട്ടെന്നായെങ്കില്‍ എന്ന കൊതിയായിരുന്നു മനസ്സില്‍. അങ്ങനെ ആ ദിവസവും വന്നു ചേര്‍ന്നു. സന്ധ്യക്ക്, ഞാനും അജിത്തും കൂടി ബോറിവലിയിലെ ഞങ്ങളുടെ വാസസ്ഥലമായ യോഗിനഗറില്‍ നിന്ന് ശാന്തി ആശ്രമത്തിലേക്കു നടന്നു.പത്തുമിനിറ്റിനകം ഞങ്ങള്‍ എം.പി.നാരായണപ്പിള്ള താമസിക്കുന്ന പ്രസന്നപ്രഭ എന്ന ബില്‍ഡിംഗിലെത്തി. ഞങ്ങള്‍ ചെന്ന സമയം അദ്ദേഹം നടക്കാന്‍ പോയിരിക്കുകയായിരുന്നു. ദീര്‍ഘദൂരം നടക്കുക, കമ്പ്യൂട്ടറിനുമുന്നില്‍ പലതും പയറ്റിക്കൊണ്ട് ലോകം മറക്കുക, ഇടവിട്ട് ബീഡിവലിക്കുക, അതുപോലെ മധുരമില്ലാത്ത ചായ കുടിക്കുക ഇതെല്ലാം അദ്ദേഹത്തിനു പ്രിയങ്കരങ്ങളായിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു കാലന്‍ കുടയും താങ്ങിപ്പിടിച്ച് അദ്ദേഹം കയറിവന്നു. "ങാ, മുരളി വന്നോ, ചായ കുടിച്ചോ?" അദ്ദേഹം ചോദിച്ചു. അതിനകം അജിത്തിന്റെ ചേച്ചി (പ്രഭാ പിള്ള) ഞങ്ങള്‍ക്ക് ചായ നല്‍കിയിരുന്നു. ഞാനതു പറയുകയും ചെയ്തു. "അതു സാരമില്ല ഒന്നുകൂടിയാവാം", അദ്ദേഹം പറഞ്ഞു. പിന്നീടൊക്കെ ചായ വേണ്ടേ എന്നു ചോദിച്ചാല്‍ ഞാന്‍ മൂളുക പതിവാക്കിയിരുന്നു. കാരണം ആ ലേബലില്‍ ഒരു ചായ കൂടി അകത്താക്കുക എന്ന ഒരു നമ്പറായിരുന്നു അദ്ദേഹത്തിന്. സോഫയുടെ അരികില്‍ ബീഡിക്കുറ്റി നിറഞ്ഞ ആഷ്ട്രേയും, വക്കു പൊട്ടിയ ചായ കപ്പും എന്റെ കണ്ണില്‍ പെട്ടു.
(തുടരും)

No comments: