Wednesday, July 19, 2006

എം.പി.നാരായണപ്പിള്ള എന്റ്റേയും സുഹൃത്തായിരുന്നു(4)

ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഒരു സാഹിത്യവിദ്യാര്‍ത്‌ഥിയുടെ മനസ്സുമാ‍യാണ് ഞാനവിടെ ചെന്നതെങ്കിലും ഒന്നും പറയാന്‍ കഴിയാതെ സ്വീകരണമുറിയുടെ മൂലയില്‍ കുന്നുകൂടി കിടക്കുന്ന ദിനപത്രങ്ങളിലും, മാസികകളിലും നോക്കിയിരുന്നു. അപ്പോഴൊക്കെ കാകദൃഷ്ടിയില്‍ഊടെ അദ്ദേഹം തന്നെ വീക്ഷിക്കുകയാണെന്നറിഞ്ഞ് എന്റെ നാവ് ഒന്നു കൂടി ഉള്‍വലിഞ്ഞു. "അല്ലാ, മുരളി ഏതൊക്കെ പത്രങ്ങളിലാണ് എഴുതുന്നത്". അദ്ദേഹം എനിക്കു സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി. "ധനം, ബിസിനസ്സ് ദീപിക, കലാകൌമുദി എന്നിവയില്‍ എഴുതുന്നുണ്ട്", ഞാന്‍ പറഞ്ഞു. ധനത്തിലും, കലാകൌമുദിയിലും അദ്ദേഹവും എഴുതുന്നുണ്ടായിരുന്നു. പലപ്പോഴും പത്രക്കാര്‍ കാശുതരാതെ പറ്റിയ്ക്കാറുണ്ടെന്നും, ചിലര്‍ മാന്യരാണെന്നും ഞാന്‍ പറഞ്ഞു. അതിനുമറുപടിയായ് അദ്ദേഹം പറഞ്ഞു, "ഇടതുകയ്യില്‍ നിന്നും ലേഖനങ്ങള്‍ വാങ്ങുമ്പോള്‍ വലതുകയ്യില്‍ കാശു കിട്ടിയിരിക്കണം എന്നാണ് എന്റെ രീതി". ഏതൊക്കെ പത്രങ്ങളും, മാസികകളുമാണ് എഴുതാന്‍ തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, "ലേഖനം എഴുതിയാല്‍ ഏതിലച്ചടിക്കുമെന്നല്ല നോക്കുന്നത്, ആര്‍ക്കും നല്‍കും, കാശും വാങ്ങും, അത്ര തന്നെ".സ്ഥിരം പംക്തികള്‍ക്കിതൊന്നും ബാധകമല്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ധ്യ ഇനിയും വരാനിരിക്കുന്ന സന്ധ്യകളുടേയും, കൂടിക്കാഴ്ചകളുടേയും വെറുമൊരു തുടക്കം മാത്രമായിരുന്നു. സാറേ എന്നു വിളിച്ചു തുടങ്ങിയ ഞാന്‍ അതിനകം ആ കുടുംബത്തിലെ ഒരംഗമായ് കഴിഞ്ഞിരുന്നു. അജിത്തിനെപ്പോലെ ആ വീട്ടില്‍ വരാനും, പെരുമാറാനുമുള്ള ഒരു സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ അജിത്തിനെപ്പോലെ എനിക്കും അവര്‍ നാണപ്പേട്ടനും, പ്രഭേടത്തിയുമായി.അവര്‍ എന്നെ ഒരു അനുജനെപ്പോലെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ചകളിലെ സായാഹ്നങ്ങള്‍ പ്രസന്നപ്രഭയില്‍ ഫ്ലാറ്റ് നമ്പര്‍ 58ല്‍ സൂര്യനു താഴെയുള്ള എന്തിനെ പറ്റിയും ചര്‍ച്ച നടത്തുക പതിവായി. ജീവിതത്തില്‍ എനിക്ക് അന്നുവരെ ചിന്തിക്കാന്‍ കഴിയാതെ പോയ വീക്ഷണ കോണുകളിലേക്ക് അദ്ദേഹം എന്റെ ചിന്തയെ തിരിച്ചുവിട്ടു. നാണപ്പേട്ടന്റെ കാഴ്ച്ചപ്പാട് മറ്റൊരാള്‍ക്കും ഒരിക്കലും ദര്‍ശിക്കാനാവാത്തവിധം സൂക്ഷ്മമായിരുന്നു. വളരെ നിസ്സാരമെന്നു നാം കരുതിയേക്കാവുന്ന ഒരു സംഗതി അദ്ദേഹത്തിന്റെ ചിന്തയിലൂടെ പുറത്തു വരുമ്പോള്‍ നമുക്ക് പുതിയൊരനുഭവമായ് മാറുന്നു. ചിലപ്പോള്‍ ചില വാദഗതികളോട് സമരസപ്പെടാതെ വരുമ്പോള്‍ അദ്ദേഹം പറയുന്ന ഒരു പ്രത്യേക ശൈലിയുണ്ട്. "ശ്ശെടാ, ഞാന്‍ പറഞ്ഞത് മുരളിക്ക് പിടികിട്ടിയില്ല" എന്നു തുടങ്ങുന്ന ഒരു ശൈലി. ശരിയാണ്. എന്നെപ്പോലെ ഒരു സാധാരണക്കാരന് പിടിതരുന്ന വിധം ചെറിയ കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരുന്നത്. വീണ്ടും ഞാന്‍ വാദിച്ചിരുന്നുവെന്ന് വയ്ക്കുക, അപ്പോള്‍ ശൈലിയില്‍ കുറച്ചുകൂടി മാറ്റം വരും. അതിങ്ങനെ, "ശ്ശെടാ അപ്പനേ", എന്നു തുടങ്ങി, ഇടയ്ക്കിടെ പ്രയോഗിക്കുന്ന "നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍" എന്നവസാനിക്കുന്നതില്‍ എത്തി നില്‍ക്കുന്ന സംഭാഷണങ്ങള്‍. പിന്നെ ഹൃദയം തുറന്ന ചിരി.
(തുടരും)

1 comment:

സാക്ഷി said...

ഇത്ര കൊച്ചുകൊച്ചു അദ്ധ്യായങ്ങളാക്കണോ?
കാത്തിരിക്കാന്‍ ക്ഷമയില്ല.