Tuesday, January 01, 2008

യെന്തൊരോ മഹാനു ഭാവലു!


പേര് സുശീലന്‍ എന്നായിരുന്നെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അറിഞ്ഞോ അറിയാതെയോ പലപ്പോഴും ദുശ്ശീലങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ടൌണില്‍ ചെറിയൊരു ഹോട്ടല്‍ നടത്തിവരുന്ന അവന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക് അവനെ നേര്‍ക്കു നേരെ കാണുന്നതു തന്നെ ചതുര്‍ത്ഥിയായിരുന്നു. ബി.എസ്.സി മാത്തമാറ്റിക്സ് ഫസ്റ്റ് ക്ലാസ്സോടെ പാസാകാന്‍ പഠിച്ച സുശീലന് സെക്കന്റ് ക്ലാസ്സെങ്കിലും കിട്ടുമെന്ന് അവനെ കുറിച്ച് ശരിക്ക് അറിയാത്തവര്‍ വിചാരിച്ചിരുന്നു. ആള്‍ കേമനായതുകൊണ്ട് കഷ്ടിച്ച് പാസായി പേരുദോഷം കേള്‍പ്പിച്ചില്ല. പക്ഷെ കണക്കുകളുടെ കളിയില്‍ സുശീലന്‍ അഗ്രഗണ്യനായിരുന്നു. എത്ര വിഷമം പിടിച്ച കണക്കും ശരിയാക്കിയെടുക്കാന്‍ കുട്ടികള്‍ സുശീലനെയാണ് ആശ്രയിച്ചിരുന്നത്. എല്ലാം വളരെ നിഷ്പ്രയാസം അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ സുശീലന് പ്രത്യേക മിടുക്കായിരുന്നു. പക്ഷെ തന്നെ പരീക്ഷിക്കാന്‍ ഒരുങ്ങുന്ന കോളേജിന്റെ സമ്പ്രദായത്തോട് തികഞ്ഞ അതൃപ്തിയായിരുന്നു സുശീലന്. അതുകൊണ്ട് കൂട്ടുകാര്‍ നല്ല മാര്‍ക്ക് വാങ്ങി പാസായപ്പോഴും സുശീലന്‍ കഷ്ടിച്ച് പാസായതേ ഉള്ളു.


ഡിഗ്രി കഴിഞ്ഞ് ഇനിയെന്ത് എന്ന നിലയില്‍ തേരാ പാരാ നടന്നപ്പോള്‍ അച്ഛന്‍ അമ്മ വഴി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ ആസ്വദിച്ച് കരിമ്പടത്തിനടിയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന സുശീലന്‍ കേട്ടു.


“എടീ, ഇനിയെങ്കിലും അവനോട് പറയ്, ആ ഹോട്ടലില്‍ വന്നിരുന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍, എനിക്കൊന്ന് വിശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇനി ഇവനൊരു ഉദ്യോഗം കിട്ടിയിട്ട് വിശ്രമിക്കാമെന്ന് വെച്ചാല്‍ അത് അന്ത്യവിശ്രമമാകുന്ന ലക്ഷണമായതോണ്ട് പറയാന്ന് കൂട്ടിക്കോ”.

അമ്മയുടെ മറുമൊഴിയൊന്നും കേട്ടില്ല. അച്ഛന്റെ ശബ്ദവും കേള്‍ക്കാത്തതുകൊണ്ട് അച്ഛന്‍ ഹോട്ടലിലേക്ക് പോയിരിക്കുമെന്നൂഹിച്ചു. മണ്ടികളായ പെണ്‍കുട്ടികളെ കണക്കു ട്യൂഷന്‍ കൊടുത്തുകൊണ്ടിരുന്നപ്പോള്‍ നല്ലവണ്ണം കാശു കിട്ടിക്കൊണ്ടിരുന്നതാണ്. പക്ഷെ സ്ഥലം മാറി വന്ന സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്ററുടെ മോള്‍ക്ക് തന്നോട് പ്രേമം തോന്നിയതാ തനിക്കൊരു പാരയായത്. അത് പറഞ്ഞ് കേട്ട അന്ന് തന്നെ കൂട്ടുകാരോട് പോയി പറഞ്ഞ് ഷൈന്‍ ചെയ്യാന്ന് കരുതിയപ്പോഴല്ലേ കാര്യത്തിന്റെ ഗൌരവം പിടി കിട്ടിയത്. ഇതിനു മുമ്പ് താമസിച്ച സ്ഥലത്ത് ഇതുപോലെ ഒരു ട്യൂഷന്‍ മാഷോട് പ്രണയം അറിയിക്കുകയും ആ പാവം മനുഷ്യന്‍ അവളെ ആത്മാര്‍ത്ഥമായ് സ്നേഹിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്റര്‍ രണ്ടുപേരേയും വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുകയും പെണ്ണ് നിന്ന് കരയുകയും ഇന്‍‌സ്പെക്റ്റര്‍ ട്യൂഷന്‍ മാഷുടെ കൂമ്പിടിച്ച് വാട്ടുകയും ചെയ്തുവത്രെ. അപ്പോ തന്നെ ഇനി മുതല്‍ ആര്‍ക്കും ട്യൂഷന്‍ വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.


സന്ധ്യ കഴിഞ്ഞാലേ കൂട്ടുകാര്‍ ഫ്രീ ആകുകയുള്ളു. താനൊഴിച്ച് എല്ലാവര്‍ക്കും എന്തെങ്കിലും കൈത്തൊഴിലൊക്കെയുണ്ട്. സന്ധ്യക്ക് ഒത്തുകൂടി പുളുവടിച്ച് ഇരിക്കുക, ചീട്ടുകളിക്കുക, രാത്രി റോട്ടുവക്കിലെ തെങ്ങില്‍ കയറി കരിക്ക് ഇട്ടു കുടിക്കുക, ഏതെങ്കിലും പറമ്പില്‍ കയറി കപ്പ മാന്തിയെടുത്ത് പുറത്ത് എവിടെയെങ്കിലും അടുപ്പു കൂട്ടി അതൊക്കെ ചുട്ടു തിന്നുക എന്നതൊക്കെ ഒരു ഹരമായ് മാറിക്കഴിഞ്ഞിരുന്നു.


കൂട്ടുകാരന്‍ സുഗുണന്‍ ഇന്നലെ ചോദിച്ചത് കാര്യമായെടുക്കാന്‍ പറ്റുന്ന കേസ് തന്നെയായിരുന്നു. വല്ല്യച്ഛനെ പോലെ അല്പം ജ്യോതിഷവും,മന്ത്രവാദവും വശത്താക്കിയാല്‍ പിന്നെ കാശിന്റെ ഒരു കളിയായിരിക്കുമെന്ന്. പക്ഷെ വല്ല്യച്ഛന്‍ ദേശാടനത്തിലാണ്. ഹൈദരാബാദിലാണെന്നാ കേള്‍വി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വന്നാലായി. വന്നു കഴിഞ്ഞാല്‍ പിന്നെ പൂജയും, മന്ത്രവാദവും ജ്യോതിഷവുമൊക്കെയായ് നല്ല കോളായിരിക്കും. അച്ഛന്റെ മുന്നില്‍ ചെന്നു പെടാതിരിക്കാനും, നേരം പോകാനും വല്ല്യച്ഛന്റെ സഹായിയായി കൂടുന്നത് പതിവായിരുന്നു. നല്ല ശാപ്പാടും, ഇടക്കൊക്കെ കിട്ടുന്ന പൂജിച്ച ചാരായവും വല്ല്യച്ഛന്റെ സഹായിയാവാന്‍ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. ഇനി വരുമ്പോള്‍ വല്ല്യച്ഛന്റെ കയ്യില്‍ നിന്ന് പൂജാവിധികളും മന്ത്രങ്ങളും ജ്യോതിഷവുമൊക്കെ പഠിച്ചെടുക്കണം എന്ന് സുശീലന്‍ നിശ്ചയിച്ചു. ഉച്ചയൂണു കഴിഞ്ഞ് കുറച്ച് നേരം പത്രം വായിച്ചിരുന്നപ്പോള്‍ ഉറക്കം വന്നു. പിന്നെ എഴുന്നേറ്റത് നാലുമണിക്കാണ്. മുഖം കഴുകി ചായ കുടിച്ച് ഷേര്‍ട്ടും മുണ്ടും മാറ്റി പുറത്തേക്കിറങ്ങി. കൂട്ടുകാര്‍ വരാന്‍ ഇനിയും സമയം ഏറെയുണ്ട്. കനാല്‍ വക്കത്ത് പോയിരുന്ന് അതിലൂടെ വരുന്നവരേയും പോകുന്നവരേയും നിരീക്ഷിക്കാം എന്ന് കരുതി നടന്നു. കനാല്‍ വക്കത്ത് എത്തിയപ്പോള്‍ കൂനന്‍ മാണിക്യന്‍ ഇരുന്ന് ചൂണ്ടയിടുന്നു. വെറുതെ ഒരു കുശലാന്വേഷണമാവാം എന്ന് കരുതി മാണിക്യനോട് ചോദിച്ചു,


“എന്തൊക്കെയുണ്ട് മാണിക്യാ, നല്ലവണ്ണം കൊത്തുന്നുണ്ടോ?”


അതിഷ്ടപ്പെടാതെ മാണിക്യന്‍ പറഞ്ഞു,
“വേണെങ്കിലിരുന്ന് ചൂണ്ടിക്കോ, നീയൊക്കെ ചൂണ്ടിയാലേ ചില മീനുകള്‍ കൊത്തൂ”.


മാണിക്യന്‍ തന്നോട് കൊരുക്കാനുള്ള പരിപാടിയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറി. ഒന്നും പറയാതെ മാണിക്യന്‍ ഇരിക്കുന്നതിന്റെ കുറച്ച് ദൂരെയായി വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്നയുടെ തണലില്‍ പോയി ഇരുന്നു. ഇടക്കിടെ മാണിക്യന്‍ സുശീലനെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. മാണിക്യന് മീനൊന്നും കിട്ടാത്തതിന്റെ ദേഷ്യമായിരിക്കും എന്ന് സുശീലനു തോന്നി. ചൂണ്ടയും, ഒഴിഞ്ഞ കൂടയുമായ് മാണിക്യന്‍ എഴുന്നേറ്റ് കൂനിക്കൂടി സുശീലന്റെ അടുത്തേക്ക് വന്നു. അടുത്തെത്തിയതും സുശീലനെ ചീത്ത പറയാന്‍ തുടങ്ങി,


“കൊറച്ച് കാലം കോളേജില്‍ പോയ് പഠിച്ചൂന്ന് കരുതി ഇത്തിരി മേലനങ്ങി പണിയെടുത്താ കൊറച്ചലൊന്നും വരില്ലട ചെക്കാ. നിന്റെ അച്ഛനും അമ്മേം രാവും പകലും കഷ്ടപ്പെട്ടുണ്ടാക്കുന്നത് ചെന്ന് വെട്ടി വിഴുങ്ങി ഇങ്ങനെ വായ് നോക്കി നടന്നോ, എന്റെ അനിയനെങ്ങാനുമായിരുന്നെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ തല്ലിയൊടിച്ചേനെ”


സുശീലന്റെ സര്‍വ്വ നിയന്ത്രണവും പോയി. മാണിക്യന്‍ പറഞ്ഞ് തീര്‍ന്നതും, വികലാംഗനാണെന്ന പരിഗണന പോലുമില്ലാതെ മാണിക്യനെ ഒറ്റ ചവിട്ടു കൊടുത്തു. മാണിക്യന്‍ കനാലിന്റെ ഓരത്ത് ചരലില്‍ മൂക്കും കുത്തി വീണു.


“അയ്യോ” എന്ന മാണിക്യന്റെ ദീനരോദനം കേള്‍ക്കാന്‍ നില്‍ക്കാതെ സുശീലന്‍ അവിടെ നിന്നും എഴുന്നേറ്റ് ഓടി. മാണിക്യനെ കാര്യമായ് ഉപദ്രവിക്കണമെന്നൊന്നും താന്‍ കരുതിയിരുന്നതല്ല, പക്ഷെ ചവിട്ട് നല്ല ഊക്കിലായെന്ന് ചവിട്ടിയ തന്റെ കാലിന്റെ വേദനയും, അവന്റെ ചോരയിറ്റ് വീഴുന്ന മൂക്കും ദയനീയമായ നിലവിളിയും ഒക്കെ ബോദ്ധ്യപ്പെടുത്തുന്നു. ഈശ്വരാ ഇനിയിപ്പോള്‍ വല്ല പോലീസ് കേസും ആവുമോ എന്തോ. ഈ നാട്ടില്‍ നിന്ന് ഓടിപ്പോയാലോ എന്ന് വരെ സുശീലന്‍ ചിന്തിച്ചു. വല്ല്യച്ഛന്റെ ഹൈദ്രാബാദിലെ അഡ്രസ്സ് ഒന്ന് കിട്ടിയിരുന്നെങ്കില്‍ ഇവിടെ നിന്നും രക്ഷപ്പെടാമായിരുന്നു. പക്ഷെ അദ്ദേഹം ഇനിയിപ്പോള്‍ ഹൈദ്രാബാദില്‍ തന്നെയാണോ എന്നൊന്നും ആര്‍ക്കും ഒരു പിടിയുമില്ല. വൈകീട്ട് കൂട്ടുകാരെ കണ്ടപ്പോള്‍ അവരും തന്റെ മൂഡൌട്ടിന്റെ കാരണം തിരക്കി, പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല. ഒരാഴ്ച ഒരു പ്രശ്നവുമില്ലാതെ കടന്നുപോയപ്പോള്‍ സുശീലന്‍ എല്ലാം മറന്ന് പഴയ പടിയായി.
വെളുപ്പാന്‍ കാലത്ത് തലവഴി മൂടിപ്പുതച്ച് കിടന്ന് നല്ല നല്ല സ്വപ്നങ്ങള്‍ കണ്ടു കൊണ്ടിരുന്നപ്പോഴാണ് മുറ്റത്ത് കുറച്ചാളുകളുടെ ബഹളം കേട്ടത്. സ്വപ്നത്തില്‍ നിന്നുണര്‍ന്ന് പുതപ്പ് കഴുത്തോളം താഴ്ത്തി ഉമ്മറത്തെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തു. ശബ്ദം കേട്ടീട്ട് കുറച്ചധികം ആളുകളുണ്ടാവണം. ഇടക്ക് അച്ഛന്‍ എന്തോ പറയുന്നുണ്ട്. ഒന്നും വ്യക്തമല്ല, വല്ല പഴയ വടയോ, ബോണ്ടയോ കഴിച്ച് വയറിളക്കം പിടിച്ചവര്‍ അച്ഛനെ ചീത്ത പറയാന്‍ വന്നതാവും. അപ്പോള്‍ അവിടെ ചെന്ന് നാണം കെടേണ്ടതില്ല എന്ന് കരുതി വീണ്ടും പുതപ്പ് തലവഴി മൂടിപ്പുതച്ച് കിടന്നു. അപ്പോള്‍ അച്ഛന്റെ ശബ്ദം ശരിക്കും കേട്ടു, “എടീ സുഭദ്രേ, അവനോട് എഴുന്നേറ്റ് വരാന്‍ പറയടീ, മാണിക്യനും ബന്ധുക്കളും കാണാന്‍ വന്ന് നിക്കണൂന്ന് പറയ്”അതുകേട്ട സുശീലന്റെ സപ്തനാഡികളും തളര്‍ന്നു പോയതുപോലെ, കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറകിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ആഗ്രഹിച്ചെങ്കിലും അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്തതുപോലെ. അപ്പോഴേക്കും അമ്മ അങ്ങോട്ട് കടന്ന് വന്നു.


“ആ ഹാ, നീ എല്ലാം കേട്ട് കണ്ണു തുറന്നിങ്ങനെ കെടക്ക്വാ, നിന്നെ ആ മാണിക്യനും വീട്ടുകാര്‍ക്കും ഒന്ന് കാണണംന്ന്. അവരെന്തൊക്കെയോ പൊതിഞ്ഞ് കെട്ടി കൊണ്ടു വന്നിരിക്കുന്നു. നിനക്ക് തരാനാണെന്ന്. നീ ഒന്ന് വേഗം എഴുന്നേറ്റ് ചെല്ല്. കുറേ നേരമായ് പാവങ്ങള്‍ കാത്ത് നിക്കണൂ”.


“ഉം. പൊതിഞ്ഞ് കെട്ടി കൊണ്ടു വന്നിരിക്കുന്നത് വല്ല വടിവാളോ വെട്ടുകത്തിയോ ആവും. ഞാന്‍ ചെന്നതും അതെടുത്ത് വെട്ടും ഉറപ്പാ. ഇനിയിപ്പോള്‍ പുറകിലെ വാതിലൂടെ രക്ഷപ്പെടുകയേ നിവര്‍ത്തിയുള്ളു”.
സുശീലന്‍ ആത്മഗതത്തോടെ കിടക്ക വിട്ട് എഴുന്നേറ്റു. പുറകിലെ വാതില്‍ കടക്കുമ്പോള്‍ അച്ഛന്‍ പുറകില്‍ നിന്ന് കോളറില്‍ പിടിച്ച് വലിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇങ്ങനെ പറഞ്ഞു,


“നിന്റെ സമയത്തിനു വിലയില്ലെന്ന് കരുതി ആ പാവങ്ങളുടെ സമയത്തിനു വിലയില്ലാന്ന് ധരിക്കരുത്. എന്താ കാര്യം എന്ന് തിരക്കിയിട്ടവരൊന്നും പറയുന്നുമില്ല, നിന്നോട് തന്നെ പറയണംത്രെ”


“അതിന് ഞാനൊന്നും ചെയ്തില്ല അച്ഛാ, അവരെന്തോ തെറ്റിദ്ധരിച്ചതാ”, സുശീലന്‍ പറഞ്ഞു.

ഉമ്മറത്തെത്തിയതും മാണിക്യന്‍ വന്ന് കാലില്‍ വീണു. സുശീലന്‍ അത്ഭുതപ്പെട്ട് നിന്നു. മാണിക്യന്റെ കൂനെല്ലാം പോയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഒരു സാധാരണ മനുഷ്യനായിരിക്കുന്നു. മാണിക്യനെ അനുകരിച്ച് എല്ലാവരും സുശീലനെ സാഷ്ടാംഗം പ്രണമിച്ചു. “സ്വാമീ അവിടുത്തെ അറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു, അവിടുന്ന് അടിയനോട് ക്ഷമിക്കണം”, മാണിക്യന്‍ കാലില്‍ പിടിച്ച് കിടന്ന് കരഞ്ഞു. “ഓ, രക്ഷപ്പെട്ടു, അപ്പോള്‍ മാണിക്യന്‍ തന്നെ ഉപദ്രവിക്കാന്‍ വന്നതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ സുശീലനു സമാധാനമായ്. അയാള്‍ മാണിക്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു, പിന്നെ പല്ലു തേക്കാത്ത വായകൊണ്ട് അപ്പോള്‍ തോന്നിയത് പറഞ്ഞു,


“മാണിക്യന്‍, സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കാനിരിക്കുന്നതും നല്ലതിന്”. വന്നവരെല്ലാം എഴുന്നേറ്റ് കയ്യിലെ പൊതികള്‍ സുശീലനു കാണിക്കയായ് സമര്‍പ്പിച്ച്, സുശീലന്‍ സ്വാമികള്‍ക്ക് ജയഭേരി മുഴക്കി നടന്നുപോയ്. കൃഷ്ണന്‍ നായര്‍ ഒന്നും വിശ്വസിക്കാനാവാതെ തൂണും ചാരി നിന്നു. സുശീലന്റെ അമ്മയും അനുജത്തിയും ഉമ്മറവാതില്‍ മറഞ്ഞ് നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. മാണിക്യനും ബന്ധുക്കളും പോയപ്പോള്‍ അവര്‍ വന്ന് കാണിക്ക സമര്‍പ്പിച്ചിരിക്കുന്നത് തുറന്ന് നോക്കി. അടക്കയും, വെറ്റിലയും, പുകയിലയും, നൂറിന്റെ നോട്ടുകളും എല്ലാ പൊതികളിലും ഉണ്ടായിരുന്നു. അവര്‍ അത്ഭുതത്തോടെ സുശീലനെ നോക്കി. ഇതൊക്കെ എത്ര നിസാരം എന്ന മട്ടില്‍ സുശീലന്‍ അവരെ നോക്കി പിന്നെ അമ്മയോട് കാപ്പിയെടുത്തു വെക്കാന്‍ പറഞ്ഞ് പല്ലുതേക്കാന്‍ പോയി. അന്ന് സുശീലനു വീട്ടില്‍ നല്ല സല്‍ക്കാരം ലഭിച്ചു. അച്ഛന്‍ പതിവിനു വിപരീതമായ് ഊണുകഴിക്കുമ്പോള്‍ അവനെ ചീത്ത പറഞ്ഞില്ല. ഊണിനുശേഷം കഴിക്കാന്‍ അമ്മ ഓറഞ്ചും ആപ്പിളും, മുന്തിരിയും അവനു കൊടുത്തു. ഇതെല്ലാം കഴിച്ച് സുഖമായ് കിടന്നുറങ്ങി. വൈകീട്ടെഴുന്നേറ്റപ്പോള്‍ മാണിക്യന്‍ ഉമ്മറത്ത് നില്‍ക്കുന്നു.കൂടെ കൂനുള്ള രണ്ടുപേരെ കൂടി കൊണ്ടുവന്നിരിക്കുന്നു. മാണിക്യന്‍ സുശീലനെ കണ്ട് തൊഴുതു, മറ്റു കൂനന്മാരും സുശീലനെ തൊഴുതു. മാണിക്യന്‍ പറഞ്ഞു, സ്വാമി, അങ്ങ് എന്റെ കൂനു ഭേദമാക്കിയതുപോലെ ഇവരുടെ കൂനും മാറ്റിക്കൊടുക്കണം.” അവര്‍ കൊണ്ടു വന്ന കാണിക്ക പൊതി സുശീലന്റെ മുന്നില്‍ വെച്ചു. സുശീലന്റെ കയ്യും കാലും വിറച്ചു. അയാള്‍ പറഞ്ഞു,


“മാണിക്യന്‍ അന്നതു സംഭവിച്ചുവെന്ന് കരുതി, എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. ഇതൊക്കെ എടുത്തുപോക്കോളു”. സുശീലന്‍ അകത്തേക്ക് നടക്കുമ്പോള്‍ മാണിക്യന്‍ കാലില്‍ വീണു തൊഴുതുകൊണ്ട് പറഞ്ഞു, “അങ്ങയുടെ പാദസ്പര്‍ശം ഏറ്റാല്‍ മാത്രം മതി, ഈ കൂനുകള്‍ നേരെയാവും. ഓരോ ചവിട്ട് കൊടുത്തീട്ട് പോകൂ, അങ്ങയെ ദേഷ്യം പിടിപ്പിച്ചീട്ടണെങ്കിലും ചവിട്ടാതെ ഞാന്‍ വിടില്ല.” മാണിക്യന്‍ കാലില്‍ തൂങ്ങി. “ഉം. ശരി, ശരി, ചവിട്ട് കിട്ടിയാലേ പോകൂ എന്നാണെങ്കില്‍ ചവിട്ടാം. രണ്ടു പേരും പിന്തിരിഞ്ഞു നിന്നോളു, പിന്നെ അതും പറഞ്ഞ് എന്നെ ശല്യപ്പെടുത്തരുത്.” സുശീലന്‍ ദേഷ്യത്തോടെ പറഞ്ഞു. അവര്‍ രണ്ടുപേരും തിരിഞ്ഞു നിന്നു. സുശീലന്‍ രണ്ടുപേരുടെ കൂനിലും ആഞ്ഞു ചവിട്ടി. സുശീലന്റെ കാല്‍ നന്നായ് വേദനിച്ചു. രണ്ടു കൂനന്മാരും മുറ്റത്ത് മൂക്കു കുത്തി വീണു. മാണിക്യന്‍ രണ്ടിനേയും കാറിലിട്ട് ആശുപത്രിയില്‍ കൊണ്ടുപോയ്.


കൃഷ്ണന്‍ നായര്‍ ഹോട്ടല്‍ വിറ്റ് വീട്ടുവളപ്പില്‍ ആശ്രമം പണിതു. കാവിമുണ്ടും, കാവി ജുബ്ബയും അണിഞ്ഞ സുശീലന്റെ താടി നീണ്ടു വളരാന്‍ തുടങ്ങിയിരുന്നു. മാണിക്യന്‍ സുശീലന്റെ സഹായിയും പരസ്യക്കമ്പനിയും ആയി. ആയിടക്ക് വല്ല്യച്ഛന്‍ നാട്ടില്‍ വന്നു. ചാരായം മണക്കുന്ന വല്ല്യച്ഛന്‍ സുശീലനെ കെട്ടിപ്പിടിച്ച് പറഞ്ഞു,


“ഇനി സ്വാമിയെ വിട്ട് ഞാനെങ്ങും പോണില്ല. യെന്തൊരോ മഹാനു ഭാവലു!”

41 comments:

Murali K Menon said...

പുതുവര്‍ഷത്തിലെ ആദ്യ ദിവസം എന്തെങ്കിലും എഴുതാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം മുഴുവന്‍ എഴുതാനുള്ള ഭാഗ്യം ഉണ്ടാവും എന്നൊക്കെ ആലോചിച്ച് ഇരുന്നപ്പോള്‍ തോന്നിയത് ആള്‍ദൈവത്തെക്കുറിച്ച് എന്തെങ്കിലും എഴുതാമെന്നാണ്. അങ്ങനെ ഒരുമണിക്കൂര്‍ കുത്തിക്കുറിച്ച് വന്നപ്പോള്‍ രുപപ്പെട്ടത് “എന്തൊരു മഹാനുഭാവലു” എന്ന ഒരു കഥപോലത്തെ എന്തോ ആണ്. പുതുവര്‍ഷത്തിലെ എന്റെ ആദ്യ പോസ്റ്റ് ബൂലോക സുഹൃത്തുക്കളുടെ വായനക്കും, വിമര്‍ശനത്തിനുമായ് സമര്‍പ്പിക്കുന്നു.

ക്രിസ്‌വിന്‍ said...

മുരളിയേട്ടാ...
സുശീലനെ ഇഷ്ടായി

ആദ്യകയ്യടി എന്റെ വക

അങ്കിള്‍ said...

സൂശീലനും മുരളിയും ഒന്നാണോന്നൊരു സംശയം. വെറും സംശയമായിരിക്കാം. എന്നാലും.....

മന്‍സുര്‍ said...

മുരളി ഭായ്‌...

നല്ല എഴുത്ത്‌....സുശീലന്‍ കൊള്ളാം പേരിലെ മാറ്റമുള്ളു ബാക്കിയൊക്കെ കോമരം തന്നെ ഹഹാഹഹാ...
പ്രത്യേകിച്ച്‌ ഈ ഡയലോഗ്‌ പറയുബോല്‍....

വേണെങ്കിലിരുന്ന് ചൂണ്ടിക്കോ, നീയൊക്കെ ചൂണ്ടിയാലേ ചില മീനുകള്‍ കൊത്തൂ”.

കൊത്തട്ടെ....അങ്ങിനെ ഈ പുതുവര്‍ഷത്തില്‍ കൊത്തി കൊത്തി ബ്ലോഗ്ഗില്‍ കയറട്ടെ.....


പുതുവല്‍സരാശംസകള്‍

നന്‍മകള്‍ നേരുന്നു

മനോജ് കുമാർ വട്ടക്കാട്ട് said...

സ്വാമിമാര്‍ ഉണ്ടാകുന്നത് ഇങ്ങിനെയാണല്ലേ!

( വായന തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ആത്മകഥയാണെന്ന് :)

Gopan | ഗോപന്‍ said...

സുശീലന്‍ കലക്കി..
ആശംസകള്‍
ഗോപന്‍

Sherlock said...

മുരളിയേട്ടാ... പുതുവര്ഷത്തിലെ ആദ്യ പോസ്റ്റു തന്നെ വിജ്ഞാനപ്രദം :)

"എന്തൊരു മഹാനുഭാവലു" എന്നതിനേക്കാള് "സ്വാമിമാര് ഉണ്ടാകുന്നത്" എന്ന തലക്കെട്ടാ(കടപ്പാട് പടിപ്പുര)യിരുന്നു നല്ലത്........(ഈ മരുഭൂമികള് ഉണ്ടാകുന്നത് എന്നൊക്കെ പോലെ)

അലി said...

മുരളിയേട്ടാ...
എന്തൊരു മഹാനുഭാവലു”
പുതുവര്‍ഷസമ്മാനമായി...

അഭിനന്ദനങ്ങള്‍!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിട്ടുണ്ട്,പുതുവത്സരാശംസകള്‍‌!

ഉപാസന || Upasana said...

Menne,
Everyone is thinking that this is your own story. We can't hesitate them. It is written in that manner...

Good one as like your other stories
:)
upaasana

ദിലീപ് വിശ്വനാഥ് said...

സുശീലന്‍ സ്വാമി കീ ജയ്.
മുരളീയേട്ടാ... നന്നായി പുതിയ കഥ. ഇതൊക്കെത്തന്നെ ഇപ്പോള്‍ എല്ലായിടത്തും നടക്കുന്നത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പേരുമാറ്റി എഴുത്യാലും മനസ്സിലാവും ട്ടാ...

ആശംസകള്‍

വേണു venu said...

കാവി ജുബ്ബയും അണിഞ്ഞ സുശീലന്റെ താടി നീണ്ടു വളരാന്‍ തുടങ്ങിയിരുന്നു.
ആ താടി പറയുന്നുണ്ണ്ടായിരുന്നു. എല്ലാം മായാജാലം.!
മേനോനെ, പുതുവര്‍ഷാശംസകള്‍.!

Mahesh Cheruthana/മഹി said...

മുരളിയേട്ടാ,
സുശീലന്‍ സ്വാമി കലക്കി!!
"പുതുവല്‍സരാശംസകള്‍"

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നിന്റെ സമയത്തിനു വിലയില്ലെന്ന് കരുതി ആ പാവങ്ങളുടെ സമയത്തിനു വിലയില്ലാന്ന് ധരിക്കരുത്.

പുതുവത്സര സമ്മാനം ഉഗ്രന്‍. കുറേ ചിരിച്ചു മാഷേ.
പുതിയ തൊഴില്‍ കണ്ടെത്താന്‍ പലര്‍ക്കും ഒരു പ്രചോദനം കൂടെ ആണു ഈ പോസ്റ്റ്.

പുതുവര്‍ഷത്തിലെ ആദ്യ ദിവസം എന്തെങ്കിലും എഴുതാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം മുഴുവന്‍ എഴുതാനുള്ള ഭാഗ്യം ഉണ്ടാവും .
ഒരുപാട് എഴുതുക.......നന്മ്കള്‍ നേരുന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പുതുവത്സരപ്പോസ്റ്റ് കലക്കി.

ചവിട്ട് സാമീ കീ‍.....

മൊത്തം സ്വന്തം അനുഭവമല്ല എന്നത് ഓകെ.
അവസാനത്തെ എന്തരോ മഹാനുഭാവലു കഥയില്‍ ചേരാതെ മുഴച്ചു നില്‍ക്കുന്നതു പോലെ തോ‍ന്നി(എനിക്ക്). ആ ‘പോണില്ല‘ വരെ മതിയായിരുന്നു.

ശ്രീ said...

ഹ ഹ... മുരളിയേട്ടാ...
ഇതു കലക്കി, കേട്ടോ.

"എന്തൊരു മഹാനു ഭാവലു!"
:)

Murali K Menon said...

ക്രിസ്‌വിന്‍, അങ്കിള്‍, മന്‍സൂര്‍, പടിപ്പുര, ഗോപന്‍, ജിഹേഷ്, അലി, മുഹമ്മദ് സഗീര്‍, ഉപാസന, വാല്‍മീകി, പ്രിയ, വേണു, മഹേഷ്, കിലുക്കാം‌പെട്ടി, കുട്ടിച്ചാത്തന്‍, ശ്രീ:
വായനക്കും അഭിപ്രായത്തിനും നന്ദി.
പിന്നെ, ഇതില്‍ കഥാപാത്രസ്വഭാവം കൊണ്ടോ, ജീവിത പശ്ചാത്തലം കൊണ്ടോ ആത്മകഥാംശം ഒട്ടും തീണ്ടിയിട്ടില്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. പിന്നെ കഥ വായിക്കുമ്പോള്‍ നിങ്ങളും സുശീലന്റെ ഭാഗത്ത് നിന്ന് വായിക്കട്ടെ എന്ന ചിന്തയിലാണ് അങ്ങനെ ഒരു ശൈലിയില്‍ എഴുതിയത്. എന്തൊരു മഹാനുഭാവലു എന്ന തലക്കെട്ട് തീര്‍ച്ചയായും മലയാള കഥയില്‍ മുഴച്ചു നില്‍ക്കുമെന്നറിയാം. പക്ഷെ ഹൈദരാബാദില്‍ പോയ വല്ല്യച്ഛന്റെ കമന്റ് (ചിലര്‍ കുറച്ചുകാലം മാറി നില്‍ക്കുമ്പോഴേക്കും പോയ നാട്ടിലെ ഭാഷ പ്രയോഗിക്കുന്നത് കണ്ടീട്ടില്ലേ) കഥയുടെ പേരാക്കി മാറ്റിയെന്നേ ഉള്ളു. അല്ലെങ്കില്‍ തന്നെ പേരിലെന്തിരിക്കുന്നു? [ഈ കഥയിലും!)

(ഞാന്‍ ആത്മകഥയെഴുതിയാല്‍ അതൊരു കണ്ണീര്‍ സീരിയലായ് മാറുമെന്നുറപ്പുള്ളതിനാലും, മറ്റുള്ളവരെ മാനസികമായ് വിഷമിപ്പിക്കുന്ന രചനകള്‍ വായിക്കാന്‍ ബ്ലോഗില്‍ പലര്‍ക്കും മടിയുണ്ടെന്ന് എനിക്ക് നേരിട്ടറിവുള്ളതിനാലും ആത്മകഥയില്‍ നിന്ന് വിട്ടു നില്ക്കാനാണിഷ്ടം)

krish | കൃഷ് said...

ഹോ.. എന്തര് മഹാനുഭാവലുലുലു..

ചവിട്ട് മാറികിട്ടിയ മണമടിക്കുന്നുണ്ടല്ലോ.

ചവിട്ട് സ്വാമി സിന്ദാബാദ്.

ഹരിശ്രീ said...

മുരളിയേട്ടാ,

സുശീലനെ ഇഷ്ടമായിട്ടോ,

പുതുവത്സരത്തിലെ ആദ്യ ദിവസം പോസ്റ്റ് ചെയ്ത ഈ കഥയും ഉഗ്രന്‍...

പുതുവത്സരാശംസകള്‍

Kaithamullu said...

“സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കാനിരിക്കുന്നതും നല്ലതിന്”.

-ഇതിലും നല്ല ഒരു കമെന്റ് ഞാനെങ്ങിനെയാ മുരളിയുടെ പോസ്റ്റില്‍ പൂശുക?

‘എന്തൊരു മഹാനുഭാവലു!”
(ആള്‍ ദൈവത്തിന്റെ റോള്‍ ആര്‍ക്കാ? അശോകനായാ കസറും!)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹ്മം ഹ്മം നടക്കട്ടെ നടക്കട്ടെ സുശീലന്‍
മുഖമൊന്നു തിരിഞ്ഞാന്‍ കുമാരേട്ടന്‍ ആകില്ലയൊ..ഒരു സംശയം ഹഹ..
പുതുവല്‍സരാശംസകള്‍

കുറുമാന്‍ said...

ഇത് കലക്കി മുരളിയേട്ടാ....

പുതുവര്‍ഷത്തിലെ പുതുപോസ്റ്റിനു ഫുള്‍ മാര്‍ക്ക്

പൈങ്ങോടന്‍ said...

മാപ്രാണത്തെ സുശീലാനന്ദതിരുവടികള്‍ക്ക് പ്രണാമം :)
കഥ ഇഷ്ടപ്പെട്ടു.

Sethunath UN said...

മുര‌ളിയേട്ടാ,
മാണിക്യന്റെ പരിണാമം ചിരിപ്പിച്ചു. പണമില്ലാത്തവന്‍ പിണമാണ് ഇന്ന്. അത് സ്വന്തം അച്ഛനും അമ്മയും ആയാല്‍ക്കൂടി. ആള്‍ദൈവമായാല്‍ക്കൂടി കാശു വരുമ്പോ‌ള്‍ അത് മണത്തിട്ടുള്ള സ്നേഹമുണ്ടല്ലോ. അതു കാണുന്നത് ഒരു തമാശയും.
ന‌ല്ല പോസ്റ്റ്. കൈ പൊലിയ്ക്കട്ടെ. 2008 കോമരം പോസ്റ്റ് കൊണ്ട് നിറയട്ടെ. അത് വായിച്ച് ഞങ്ങ‌ളുടെ മനസ്സും.
പുതുവത്സരാശംസക‌ള്‍!

ഏറനാടന്‍ said...

പുതുവര്‍‌ഷത്തില്‍ വായിക്കാന്‍ ലഭിച്ച നല്ലൊരു പോസ്റ്റ് (കഥ).. മുരളിയേട്ടാ ആശംസകള്‍...

asdfasdf asfdasdf said...

ഹ ഹ സുശീലനും മാണിക്യനും കലക്കി.

Murali K Menon said...

കൃഷ്, ഹരിശ്രീ, കൈതമുള്‍, Friendz4ever, കുറുമാന്‍, പൈങ്ങോടന്‍, നിഷ്ക്കളങ്കന്‍, ഏറനാടന്‍, കുട്ടന്മേനോന്‍: വായനക്കും, അഭിപ്രായത്തിനും നന്ദി - 2008ല്‍ എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

Aravishiva said...

ഹ ഹ...തെണ്ടിത്തിരിഞ്ഞു നടന്ന പല തല്ലുകൊള്ളികളും തലേവരയുടെ ഒറ്റ ബലത്തില്‍ നമ്മളതിശയിയ്ക്കുന്ന ചില സ്ഥാനങ്ങളിലൊക്കെയെത്തി കണ്ടിട്ടുണ്ട്..അവരെ എല്ലാവരേയും ഓര്‍ത്തൊന്നു ചിരിച്ചു..കൊട്ടുകയാണെങ്കില്‍ ഇങ്ങനെ വേണം :-) പിന്നെ എത്ര ഉയരത്തിലെത്തിയാലും ചെന്നായക്കൂട്ടത്തിലെ കുറുക്കനെപ്പോലെ ആ അലവലാതി സ്വഭാവം വെളിയില്‍ വരാറുണ്ട്..പിന്നാണ്‍ തമാശ..നല്ല പോസ്റ്റ് മാഷേ..ഇഷ്ടായി

Mr. K# said...

ഇമ്മാതിരി ആള്‍ദൈവങ്ങള്‍(അനുഗ്രഹം ചവിട്ടും തുപ്പുമായി നല്‍കുന്നവര്‍) ശരിക്കും ഉണ്ട്. :-)

ഹാപ്പി ന്യൂ‍ഇഅയര്‍.

ചന്ദ്രകാന്തം said...

വര്‍ഷത്തിന്റെ തുടക്കം കസറീ..ട്ടൊ.
ഇതുപൊലെയുള്ള സുശീലന്മാര്‍ ധാരാളം.

ഉദരനിമിത്തം....!!!

Murali K Menon said...

അരവിശിവ, കുതിരവട്ടന്‍, ചന്ദ്രകാന്തം: വായനക്കും അഭിപ്രായത്തിനും നന്ദി. എല്ലാവര്‍ക്കും ഭാവുകങ്ങള്‍!

Typist | എഴുത്തുകാരി said...

ഇതുപോലെ നമുക്കു ചുറ്റും എത്ര എത്ര സുശീലന്മാര്‍. അല്ലേ?
നവവത്സരാശംസകള്‍.

Murali K Menon said...

എഴുത്തുകാരിക്ക് നന്ദിയോടെ നവവത്സരാശംസകള്‍!

സാരംഗി said...

നവവത്സരാശംസകള്‍..

സ്നേഹതീരം said...

ഇതു വായിച്ചാല്‍ എങ്ങനാ, ചിരിക്കാതിരിക്കുന്നേ :) സുശീലന്റെ ഒരു കാലം !(അല്ല, കാല് !) എല്ലാരും സംശയിക്കുന്നത് പോലെ കഥാനായകന്റെ പേരു മാറ്റി എഴുതിയതാണെന്ന് ഞാന്‍ പറയില്ലാ, ട്ടോ. ഒരു സംശയം ചോദിച്ചോട്ടെ ? വീട്ടിലെ ചെല്ലപ്പേര് സുശീലനെന്നാണോ? :)

Murali K Menon said...

സാരംഗിക്കും, സ്നേഹതീരത്തിനും നന്ദി. ഐശ്വര്യപൂര്‍ണ്ണമായ വര്‍ഷമായിരിക്കട്ടെ 2008 എന്ന് ആശംസിക്കുന്നു.

Sathees Makkoth | Asha Revamma said...

ഒരു സ്വാമിജിയുടെ ജനനം:)

പട്ടേപ്പാടം റാംജി said...

“അങ്ങയുടെ പാദസ്പര്‍ശം ഏറ്റാല്‍ മാത്രം മതി, ഈ കൂനുകള്‍ നേരെയാവും."

ഫെയ്സ് ബുക്കുകാര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്ന വര്‍ഗങ്ങളുടെ വാക്കുകള്‍ അല്ലെ? പ്രസക്തി ഇനിയും നഷ്ടമാകാത്ത സംഭവങ്ങള്‍ ഇനിയും ഏറെ നാള്‍ തുടര്‍ന്നേക്കാം അല്ലെ മുരളിയേട്ടാ. സുന്ദരമായ അവതരണം.

നിരക്ഷരൻ said...

കൂന് നിവർന്നില്ലെങ്കിലും സ്വാമിയുടെ ചവിട്ട് കിട്ടിയാൽ മതി. ഇതിനുള്ളിലുണ്ട് ആൾദൈവങ്ങൾക്ക് വെള്ളവും വളവും ഇടുന്ന ജനങ്ങളുടെ മനസ്സ്.

Murali K Menon said...

സതീശ്, റാംജി, മനോജ്:
വായിച്ചതിലും, അഭിപ്രായം കുറിച്ചിട്ടതിലും പെരുത്ത് സന്തോയം.